എയ്ഡ്സ് കുട്ടികളുടെമേലുള്ള അതിന്റെ ദാരുണ മരണചുങ്കം
നിങ്ങൾ അവരുടെ ചിത്രങ്ങൾ കണ്ടിട്ടുണ്ടോ? അവരുടെ കഥകൾ നിങ്ങൾ കേൾക്കുകയോ വായിക്കുകയോ ചെയ്തിട്ടുണ്ടോ? അങ്ങനെയെങ്കിൽ, അവ നിങ്ങൾക്ക് നടുക്കത്തിന്റെ അലകൾ ഉളവാക്കിയിട്ടുണ്ടോ? നിങ്ങൾക്ക് കണ്ണുനീർ അടക്കുന്നതിനോ ഗദ്ഗദം അമർത്തുന്നതിനോ കഴിഞ്ഞിട്ടുണ്ടോ? നിങ്ങളുടെ ഹൃദയം അവർക്കുവേണ്ടി നൊമ്പരപ്പെട്ടിട്ടുണ്ടോ? ശ്രദ്ധിക്കപ്പെടാതെതന്നെ മരിക്കാൻ പോകുന്നവരുടെ മൗനരോദനം നിങ്ങൾക്ക് ഇനിയും കേൾക്കാൻ കഴിയുമോ? ഇപ്പോൾ പോലും മരിച്ചുകൊണ്ടിരിക്കുന്ന ശിശുക്കളുടെ ദയനീയരംഗങ്ങൾ—ഒരു കിടക്കയിൽ രണ്ടും മൂന്നും നാലും പേർ—നിങ്ങൾക്ക് തുടച്ചുമാററാൻ കഴിയുമോ? അവരിൽ മിക്കവരും ഉപേക്ഷിക്കപ്പെട്ടവരായിരുന്നു. അവരുടെ കഷ്ടപ്പാടും മരണവും ലോകത്തിൽ അലയടിച്ചുകൊണ്ടിരിക്കുന്ന ഈ അതിഭീകരമായ വ്യാധിയിൽനിന്നു വരുന്നു—എയ്ഡ്സ്!
ഒരു യൂറോപ്യൻ രാജ്യത്തുനിന്ന് 1990 ഫെബ്രുവരിയിൽ പ്രക്ഷേപണം ചെയ്ത റിപ്പോർട്ടുകളും സജീവചിത്രങ്ങളും, നിരീക്ഷിച്ചുകൊണ്ടിരുന്ന കോടിക്കണക്കിന് വരുന്ന ഒരു സദസ്സിനെ ഞെട്ടിച്ചുകളഞ്ഞു. ലോകമൊട്ടാകെ മററു കോടിക്കണക്കിനാളുകൾ ദിനപ്പത്രങ്ങളിൽനിന്നും മാസികകളിൽനിന്നും ഈ ദുരന്തം വായിച്ചു. ടൈം മാസിക ഇപ്രകാരം റിപ്പോർട്ടുചെയ്തു: “ആ കാഴ്ച വെറുപ്പിക്കുന്നതും ഭീതിജനകവും ആണ്. ഓരോ തൊട്ടിലിലും പ്രായമുള്ളവരെപ്പോലെ തോന്നിക്കുന്ന ശിശുക്കളും പിച്ചവെച്ചു നടക്കുന്നവരും കിടക്കുന്നു, അവരുടെ ത്വക്ക് ചുക്കിച്ചുളുങ്ങിയിരിക്കുന്നു, എല്ലുന്തിയ മുഖം മരണം ആസന്നമാണെന്നുള്ള സംശയാതീതമായ തെളിവു വഹിക്കുന്നു.” “അത് ഞാൻ കണ്ടിട്ടുള്ള എന്തിനേക്കാളും ഹീനമാണ്” എന്ന് ഒരു ഡോക്ടർ വിലപിച്ചു. “സ്പഷ്ടമായും ഇത് ചികിൽസാനടപടികളിലൂടെ പകർന്ന ഒരു മഹാമാരിയാണ്.”
ഇത് അപ്രകാരമായിരിക്കുന്നതെങ്ങനെ? എയ്ഡ്സ് ബാധിച്ച അമ്മമാരിൽനിന്ന് വൈറസ്സോടെ ജനിച്ച മിക്ക എയ്ഡ്സ് ശിശുക്കളെയുംപോലെ ഈ കുട്ടികൾ വൈറസ്സുമായി പിറന്നവരല്ല. ദുർബ്ബലരായിട്ടോ സമയത്തിനുമുമ്പോ ജനിച്ച നവജാതർക്ക്, ദുർബ്ബലശിശുക്കളെ അതു ശക്തീകരിക്കുമെന്ന വിശ്വാസത്തിൽ രക്തപ്പകർച്ചകൾ നൽകിയപ്പോൾ ജനനാനന്തരമാണ് ഈ ദുരന്തമുണ്ടായത്—വൈദ്യവൃത്തി പണ്ടേ തള്ളിക്കളഞ്ഞ ഒരു നടപടിതന്നെ. “ഒരു വൈറസ്സ് ബാധിത രക്തദാതാവിന് 10-ഓ 12-ഓ അതിലധികമോ കുട്ടികളെ രോഗബാധിതരാക്കാൻ കഴിയും,” എന്ന് ഒരു ഡോക്ടർ പറഞ്ഞു.
“എയ്ഡ്സിന്റെ ചരിത്രത്തിൽ ആദ്യമായി ഞങ്ങൾ കുട്ടികളിലെ എയ്ഡ്സുമായി ഏററുമുട്ടുകയാണ്. അതൊരു മഹാമാരിയാണ്,” എന്ന് പാരീസ് ആസ്ഥാനമായുള്ള വിശ്വസുഹൃദ് സംഘടനയായ ഡോക്ടേഴ്സ് ഓഫ് ദി വേൾഡിന്റെ പ്രസിഡൻറ് ഡോ. ഷാക് ലെബാ പറയുന്നു.
ദൃഷ്ടാന്തത്തിന്, 1990 സെപ്ററംബറിൽ ഇദംപ്രഥമമായി ലോകാരോഗ്യസംഘടന കുട്ടികളിലെ എയ്ഡ്സിന്റെ ലോകവ്യാപക മഹാമാരിയെക്കുറിച്ച് വെളിപ്പെടുത്തിയ ഞെട്ടിക്കുന്ന തെളിവ് പ്രസാധനം ചെയ്തു. 2000-ാമാണ്ടോടെ എയ്ഡ്സിനിടയാക്കുന്ന വൈറസ് ഒരു കോടി കുട്ടികളെ ബാധിക്കാനിടയുണ്ടെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ടു ചെയ്തു. “ഇവരിൽ ബഹുഭൂരിപക്ഷവും 2000-ാം ആണ്ടാകുമ്പോഴേക്കും എയ്ഡ്സ് മൂർദ്ധന്യത്തിലെത്തി മരിച്ചിരിക്കും” എന്ന് സംഘടനയുടെ എയ്ഡ്സ് സംബന്ധിച്ച ആഗോള പരിപാടിയുടെ ഡയറക്ടറായ ഡോ. മൈക്കൽ മേഴ്സൻ പറഞ്ഞു. 1990-ന്റെ അവസാനഭാഗത്ത് പൂർണ്ണമായും എയ്ഡ്സ് വികാസം പ്രാപിച്ചതായി കണക്കാക്കപ്പെട്ട 12 ലക്ഷം കേസുകളിൽ മൂന്നിലൊന്ന് അഞ്ചുവയസ്സിൽതാഴെയുള്ള കുട്ടികൾക്കു സംഭവിച്ചതായി വിശ്വസിക്കപ്പെടുന്നു.
എയ്ഡ്സ് ബാധയുടെ വ്യാപനത്തെ മഹാമാരി എന്നു വിളിക്കുന്നതിൽ എന്തെങ്കിലും അതിശയിക്കാനുണ്ടോ? 1992-ന്റെ അവസാനത്തോടെ ഏതാണ്ട് നാൽപതു ലക്ഷം ശിശുക്കൾ വൈറസ് ബാധിത മാതാക്കൾക്ക് ജനിച്ചിരിക്കും. വൈറസോടെ ജനിക്കുന്ന അഞ്ചു ശിശുക്കളിൽ നാലുപേർക്ക് അവരുടെ അഞ്ചാം പിറന്നാളാകുമ്പോഴേക്കും എയ്ഡ്സ് വികാസം പ്രാപിക്കുന്നു. ഒരിക്കൽ എയ്ഡ്സ് ബാധിച്ചാൽ അവർ സാധാരണയായി ഒന്നോ രണ്ടോ വർഷങ്ങൾക്കകം മരിക്കുന്നു, എന്ന് ഡോ. മേഴ്സൻ ജനീവയിലെ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.
ആഫ്രിക്കൻ സ്ത്രീകളിൽ മാത്രം 1992-ൽ 1,50,000 എയ്ഡ്സ് രോഗികളും അതിനുപുറമെ ആഫ്രിക്കൻ കുട്ടികളിൽ 1,30,000 രോഗികളും ഉണ്ടായിരിക്കുമെന്ന് വിദഗ്ദ്ധർ പ്രവചിക്കുന്നു. ഐക്യനാടുകളിൽ ഇന്നുവരെ 20,000 ശിശുക്കൾ വൈറസ് ബാധിതരായ അമ്മമാർക്ക് ജനിച്ചിട്ടുണ്ടാകാമെന്ന് ലോകാരോഗ്യസംഘടന റിപ്പോർട്ടുചെയ്തു. ബ്രസ്സീലിലെ ഏതാണ്ട് 1,40,000 ചെറുപ്പക്കാർ വൈറസ് വഹിക്കുന്നുവെന്ന് ന്യൂസിലണ്ടിലെ വെല്ലിംഗ്ടൻ ഈവനിങ് പോസ്ററ് അതിന്റെ 1989 ജൂലൈ 12-ലെ പതിപ്പിൽ റിപ്പോർട്ടുചെയ്തു. “എന്നാൽ ആ കണക്ക് കുറവായിരിക്കാമെന്ന് സജീവ പ്രവർത്തകർ ഭയപ്പെടുന്നു,” എന്ന് പത്രം റിപ്പോർട്ടു ചെയ്തു. “പ്രത്യേക ചികിത്സ നൽകാത്ത പക്ഷം ഈ സംഘം നഗരത്തിൽ ഇട്ട ഒരു അണുബോംബായിത്തീരും എന്ന് ഞാൻ വിശ്വസിക്കുന്നു,” എന്ന് ശിശുക്ഷേമത്തിനായുള്ള ദേശീയ സ്ഥാപനത്തിന്റെ മെഡിക്കൽ ഡയറക്ടർ പറഞ്ഞു. “അത് അങ്ങേയററം ഗുരുതരമായ ഒരു പ്രശ്നമാണ്,” എന്ന് പ്രശസ്തനായ ഒരു ബ്രസ്സീലിയൻ മനഃശാസ്ത്രജ്ഞൻ വിലപിച്ചു.
പ്രശ്നങ്ങൾ വളരുന്നു
ഈ മാരക വ്യാധിയാൽ കഷ്ടപ്പെടുന്ന നിരപരാധികളായ ഈ ഇരകളുടെ സങ്കടകരമായ അവസ്ഥയിൽ ആർക്കെങ്കിലും വൈകാരികമായി നിശ്ചേഷ്ടരായിരിക്കാൻ കഴിയുമോ? ദൃഷ്ടാന്തത്തിന്, ഈ റിപ്പോർട്ട് പരിഗണിക്കുക: “കുറഞ്ഞത് 50 കുട്ടികൾ മദ്ധ്യ ആഫ്രിക്കയിൽ കൊലചെയ്യപ്പെട്ടിരിക്കുന്നു—ചിലർ അവരുടെ സ്വന്തം മാതാപിതാക്കളാൽ തന്നെ—നോർവീജിയൻ റെഡ്ക്രോസ് പറയുന്നതനുസരിച്ച് അവർക്ക് എയ്ഡ്സുണ്ടായിരുന്നതിനാൽ തന്നെ.” കുഷ്ഠരോഗത്തേക്കാൾ ദുഷ്ക്കീർത്തിയുണ്ടാക്കുന്ന ഒരു വ്യാധിയുമായുള്ള ഏതു ബന്ധവും തുടച്ചുനീക്കുന്നതിന് എയ്ഡ്സ് ബാധിതരായ മററ് ആഫ്രിക്കൻ കുട്ടികളെ പരിഭ്രാന്തരായ അവരുടെ കുടുംബാംഗങ്ങൾ തങ്ങളുടെ ഭവനങ്ങളിൽനിന്നും ആട്ടിയോടിക്കുന്നുവെന്ന് ദക്ഷിണാഫ്രിക്കയിൽ ജൊഹാനസ്ബർഗ്ഗിലെ ഒരു വർത്തമാനപ്പത്രമായ സൺഡേ സ്ററാർ റിപ്പോർട്ടു ചെയ്തു. ചില പ്രദേശങ്ങളിൽ എയ്ഡ്സ് രോഗികളും കുടുംബാംഗങ്ങളും കിണറുകളിൽനിന്നും പള്ളികളിൽനിന്നും തടയപ്പെടുന്നു,” എന്ന് പത്രം പറഞ്ഞു.
മരവിപ്പിക്കുന്ന കൂടുതലായ സ്ഥിതിവിവരക്കണക്കുകൾ അലംഭാവത്തിന് ഇടം ശേഷിപ്പിക്കുന്നില്ല. എയ്ഡ്സ് മഹാമാരി മറെറാരു ദുരന്തത്തിന്റെ നേരിട്ടുള്ള കാരണമാണെന്ന് ലോകവ്യാപക റിപ്പോർട്ടുകൾ ആരോപിക്കുന്നു. എയ്ഡ്സ് വൈറസ് ബാധിച്ചിട്ടില്ലാത്ത ദശലക്ഷക്കണക്കിനു കുട്ടികൾ 1990-കളിൽ അനാഥരായിത്തീരാൻ വിധിക്കപ്പെട്ടിരിക്കുകയാണ്. എന്തുകൊണ്ട്? അവരുടെ മാതാപിതാക്കൾ എയ്ഡ്സ് നിമിത്തം മരിക്കും. 1992 ആകുമ്പോഴേക്കും ലോകവ്യാപകമായി 50 ലക്ഷം എയ്ഡ്സ് അനാഥർ ഉണ്ടായിരിക്കും എന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. “അത് സംഭവിക്കാൻ തുടങ്ങുന്ന ഒരു പ്രളയമാണ്. പരിപാലനത്തിനുവേണ്ടി ആസൂത്രണം ചെയ്യുന്നതിനുള്ള കാഴ്ചപ്പാട് നമുക്കില്ലാത്തപക്ഷം നാം വലിയ അനാഥാലയങ്ങൾ തുറക്കേണ്ടിവരും,” എന്ന് ഒരു ശിശുക്ഷേമ വിദഗ്ദ്ധൻ പറഞ്ഞു.
“വേദന മിക്കവാറും ദുർഗ്രഹമാണ്” എന്ന് ന്യൂയോർക്കിലെ ഒരു കുടുംബത്തെപ്പററി വിവരിക്കവെ ഒരു ആരോഗ്യപ്രവർത്തകൻ പറഞ്ഞു. “അമ്മ രോഗബാധിതയാണ്, അപ്പൻ രോഗബാധിതനാണ്, കുട്ടിക്കു സുഖമില്ല, മാതാപിതാക്കളും കുട്ടിയും മരിക്കാൻ പോവുകയാണ്, അവർ കുടുംബാംഗങ്ങളാരും ഇല്ലാതെ ഒരു 10 വയസ്സുകാരനായ ബാലനെ വിട്ടേച്ചുപോവുകയാണ്.”
അവസാനമായി, ന്യൂയോർക്കിൽ ആൽബർട്ട് ഐൻസ്ററീൻ കോളജ് ഓഫ് മെഡിസിനിലെ ഡോ. ഏണസ്ററ് ഡ്രക്കർ ഈ സമചിത്തതയുള്ള നിരീക്ഷണം നടത്തി: “ഒരു ജനയിതാവിന്റെ മരണത്തിന്റെ അനന്തരഫലങ്ങളിൽ, കുട്ടികൾ മിക്കപ്പോഴും രക്ഷാകർതൃ പോരാട്ടങ്ങളിൽ കുടുങ്ങിയവരായി തങ്ങളേത്തന്നെ കണ്ടെത്തുന്നു, തങ്ങളുടെ നഷ്ടവും എയ്ഡ്സിന്റെ ദുഷ്ക്കീർത്തിയും സംബന്ധിച്ച് പൊരുത്തപ്പെടാൻ പഠിക്കുന്നതിന് ശ്രമിക്കുമളവിൽ ഒരു കുടുംബാംഗത്തിൽനിന്ന് മറെറാരു കുടുംബാംഗത്തിലേക്ക് തള്ളിമാററപ്പെടുന്നവരായിത്തന്നെ.”
എയ്ഡ്സ് വളരെവേഗം കുട്ടികളുടെയും യൗവനക്കാരുടെയും മരണത്തിന്റെ പ്രമുഖ കാരണങ്ങളിൽ ഒന്നായിത്തീർന്നുകൊണ്ടിരിക്കുന്നു. ഒന്നു മുതൽ നാലു വയസ്സു വരെയുള്ള കുട്ടികളുടെയിടയിൽ അത് പ്രധാന മരണകാരണങ്ങളിൽ ഒമ്പതാംസ്ഥാനത്താണ്, കൗമാരപ്രായക്കാരുടെയും 25 വയസ്സിൽ താഴെയുള്ള യൗവനക്കാരുടെയും ഇടയിൽ ഏഴാമത്തെ പ്രധാനകാരണവും തന്നെ. 1990-കളുടെ പ്രാരംഭത്തോടെ എയ്ഡ്സ് അഞ്ചു പ്രമുഖ മരണഹേതുക്കളിൽ ഒന്നായിത്തീർന്നേക്കാം എന്ന് 1989 സെപ്ററംബറിലെ എയ്ഡ്സ്⁄എച്ച്ഐവി റെക്കോർഡ് റിപ്പോർട്ടു ചെയ്തു. എങ്കിലും, ലോകവ്യാപകമായി ഈ മാരക രോഗം പിടിപെടാൻ ഇടയുള്ള അനേകരുടെയിടയിലും ഒരു അലംഭാവം ഉണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഞെട്ടിക്കുന്ന ചില വസ്തുതകൾ അടുത്ത ലേഖനത്തിൽ പരിചിന്തിക്കുക. (g91 7/22)