എയ്ഡ്സ് കൗമാരപ്രായക്കാർക്ക് ഒരു പ്രതിസന്ധി
എയ്ഡ്സ് വ്യാധി പ്രായവ്യത്യാസമോ തലമുറവിടവോ അറിയുന്നില്ല. “എയ്ഡ്സ് കൗമാരപ്രായക്കാരിൽ വ്യാപിക്കുകയാണ്, വിദഗ്ദ്ധരെ പരിഭ്രാന്തരാക്കുന്ന ഒരു പുതിയ പ്രവണത,” എന്ന എയ്ഡ്സ് സംബന്ധിച്ച ഒരു ന്യയോർക്ക് ടൈംസ് ലേഖനത്തിന്റെ തലക്കെട്ട് പ്രസ്താവിച്ചതുപോലെ ലോകവ്യാപക റിപ്പോർട്ടുകൾ ദാരുണമായ തെളിവു പ്രദാനം ചെയ്യുന്നു. കൗമാരപ്രായക്കാരുടെയിടയിലെ എയ്ഡ്സ് ബാധയുടെ വ്യാപ്തി “അടുത്ത പ്രതിസന്ധിയായിത്തീരാൻ പോകയാണ്,” എന്ന് ചിക്കാഗൊയിലെ ഒരു പ്രസിദ്ധ മെഡിക്കൽ സെൻററിൽ കൗമാര ചികിത്സയുടെ ഡയറക്ടറായ ഡോ. ഗാരി ആർ. സ്ട്രോകാഷ് പറഞ്ഞു. “അത് ഭീതിജനകമാണ്, അത് വിനാശകാരിയാകാൻ പോകയാണ്,” എന്ന് അയാൾ പറഞ്ഞു. “1990-കളിലെ എയ്ഡ്സ് ബാധ, മരുന്നു കണ്ടുപിടിക്കാത്തപക്ഷം, . . . കൗമാരപ്രായക്കാരിലായിരിക്കും എന്നതിന് ഒരു സംശയവുമില്ല,” എന്ന് സാൻഫ്രാൻസിസ്ക്കോയിലെ കെയ്സർ പെർമെനൻറി മെഡിക്കൽ സെൻററിലെ കൗമാര ക്ലിനിക്കിന്റെ തലവനായ ഡോ. ചാൾസ് വിബിൾസ്മാൻ ദു:ഖത്തോടെ പറഞ്ഞു. എയ്ഡ്സ് ബാധിച്ച കൗമാരപ്രായക്കാരെക്കുറിച്ച് സംസാരിക്കുകയിൽ ന്യൂയോർക്ക് നഗരത്തിലെ ഒരു പ്രസിദ്ധ എയ്ഡ്സ് പ്രബോധകന്റെ നിരീക്ഷണം ഇതായിരുന്നു: “ഞങ്ങൾ ഇതൊരു അടിയന്തിര പ്രതിസന്ധിയായി കരുതുന്നു.”
കാനഡായിലെ ദ ടൊറോന്റോ സ്ററാർ, എയ്ഡ്സ് കൗമാരപ്രായക്കാരുടെയിടയിൽ വ്യാപിക്കുമളവിൽ നടുക്കുന്ന ഈ വീക്ഷണം തലക്കെട്ടായി അവതരിപ്പിച്ചു. “ഇപ്പോൾ ഏതൊരാളും തിരിച്ചറിയുന്നതിനേക്കാൾ അത് കൂടുതൽ വഷളാണ്,” എന്ന് ഒരു ഡോക്ടർ പറഞ്ഞു. “നമുക്ക് കാര്യമായ പരിഹാരമൊന്നുമില്ലാത്ത ഭീകരമായ ഒരു പ്രശ്നമാണതെന്ന് ഞാൻ വിചാരിക്കുന്നു. ഒടുവിൽ അത് എത്ര ഹീനമാണെന്ന് നാം കണ്ടെത്താൻ പോകയാണ്.” എയ്ഡ്സ് ബാധ വർദ്ധിക്കുമളവിൽ ഡോക്ടർമാരുടെ ലളിതമായ വാക്കുകൾ ലോകത്തെമ്പാടുമുള്ള ആരോഗ്യാധികൃതരുടെയും ഭരണനായകൻമാരുടെയും ഏകകണ്ഠമായ അഭിപ്രായമായിത്തീരുന്നു.
അടുത്ത കാലംവരെ എയ്ഡ്സ് വരുത്തുന്ന എച്ച് ഐ വി (ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ്) ബാധയുടെ ഉയർന്ന അപകടസാദ്ധ്യതയുള്ളവർ എന്ന നിലയിൽ ചെറുപ്പക്കാരിൽ എയ്ഡ്സ് വിദഗ്ദ്ധർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല. “ഒരു വർഷം മുമ്പ് വെറും സിദ്ധാന്തപരമായ സാദ്ധ്യതയായിരുന്നതിനേക്കുറിച്ചാണ് നാം സംസാരിക്കുന്നത്,” എന്ന് ന്യൂയോർക്ക് നഗരത്തിലെ ഒരു ഡോക്ടർ പറഞ്ഞു. എന്നുവരികിലും, “വെറും ഒരു വർഷം മുമ്പ് കൗമാരപ്രായത്തിലുള്ള ഒരു രോഗിപോലും ഇല്ലാതിരുന്ന ഡോക്ടർമാർക്ക് ഇപ്പോൾ ഒരു ഡസനോ അധികമോ ഉണ്ട്,” എന്ന് ദ ന്യുയോർക്ക് ടൈംസ് റിപ്പോർട്ടുചെയ്തു.
എയ്ഡ്സ് വൈറസ് ബാധിച്ച കൗമാരപ്രായക്കാരെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്നിരിക്കെ അത് സമുദ്രത്തിൽ കിടക്കുന്ന ഒരു മഞ്ഞുമലയുടെ അവ്യക്തമായ ബാഹ്യകാഴ്ചമാത്രമാണെന്ന് ഗവേഷകർ കരുതുന്നു, അണുബാധക്കുശേഷം ശരാശരി ഏഴുമുതൽ പത്തു വർഷം വരെ മിക്കപ്പോഴും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നില്ലാത്തതുകൊണ്ടുതന്നെ. അതുകൊണ്ട് തങ്ങളുടെ കൗമാര ആരംഭത്തിൽ വൈറസ് അണു ബാധിച്ചവർ കൗമാര അവസാനം വരെ അഥവാ 20-കളുടെ ആരംഭം വരെ പൂർണ്ണമായ എയ്ഡ്സ് ലക്ഷണങ്ങൾ വികസിപ്പിക്കണമെന്നില്ല.
ദൃഷ്ടാന്തത്തിന്, 1987-നുശേഷം ന്യൂയോർക്ക് സംസ്ഥാനത്തുണ്ടായ എല്ലാ ജനനങ്ങളിലും ഈയിടെ നടത്തിയ ഒരു പഠനത്തിൽ, 15 വയസ്സുകാർക്കുണ്ടായ 1,000 ശിശുക്കളിൽ ഒന്നിന് എയ്ഡ്സ് വൈറസിന്റെ പ്രതിവസ്തുക്കൾ ഉണ്ടായിരുന്നതായി സംസ്ഥാന ആരോഗ്യവകുപ്പ് കണ്ടെത്തി, ശിശുവിന്റെ അമ്മക്ക് അണുബാധയുണ്ടായിരുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ടുതന്നെ. 19 വയസ്സുകാരികൾക്ക് ജനിച്ച 100 ശിശുക്കളിൽ ഒന്നിന് എയ്ഡ്സ് വൈറസിന്റെ പ്രതിവസ്തുക്കൾ ഉണ്ടായിരുന്നതായി അതേ പഠനം വെളിപ്പെടുത്തിയത് അമ്പരപ്പിക്കുന്നതായിരുന്നു. എയ്ഡ്സുള്ളതായി രോഗനിർണ്ണയം ചെയ്ത അമേരിക്കക്കാരിൽ 20 ശതമാനം പുരുഷൻമാരും 25 ശതമാനം സ്ത്രീകളും അവരുടെ 20-കളിലാണെന്ന് സിഡിസി (യു.എസ്. രോഗ നിയന്ത്രണ കേന്ദ്രങ്ങൾ) നടത്തിയ കൂടുതലായ ഒരു പഠനം വെളിപ്പെടുത്തി. മിക്ക കേസുകളിലും രോഗം പകർന്നത് കൗമാരത്തിലാണെന്ന് സിഡിസി പഠനം റിപ്പോർട്ടു ചെയ്യുന്നു.
എയ്ഡ്സ് വൈറസ് ബാധയോടെ ജനിക്കുന്ന ശിശുക്കൾ കൗമാരപ്രായക്കാരായിത്തീരുന്നതുവരെ ജീവിക്കുന്നതുതന്നെ വിരളമായിരിക്കെ ഇത് എങ്ങനെ സാധിക്കും? കാരണങ്ങൾ വിപുലമാണ്.
ഇന്നത്തെ കൗമാരപ്രായക്കാർ “അവരുടെയിടയിലെ ലൈംഗികമായി പകരുന്ന രോഗങ്ങളുടെ അളവ് സൂചിപ്പിക്കുന്ന പ്രകാരം അങ്ങേയററം ലൈംഗികനടപടികളിൽ ഏർപ്പെടുന്നവരാണ്” എന്നു സാക്ഷ്യപ്പെടുത്താൻ ഗവേഷകരും ഡോക്ടർമാരും തിടുക്കം കാണിക്കുന്നതായി ദ ന്യയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു. ഓരോ വർഷവും 6 കൗമാരപ്രായക്കാരിൽ ഒരാൾക്ക് ലൈംഗികമായി പകരുന്ന ഒരു രോഗം പിടിപെടുന്നുവെന്നും ലൈംഗിക നടപടികളിൽ ഏർപ്പെടുന്ന ഓരോ 6 ഹൈസ്ക്കൂൾ പെൺകുട്ടികളിലും ഒരാൾക്ക് ചുരുങ്ങിയത് നാലു വ്യത്യസ്ത പങ്കാളികളുണ്ടെന്നും സെൻറർ ഫോർ പോപ്പുലേഷൻ ഓപ്ഷൻസ് റിപ്പോർട്ടു ചെയ്യുന്നു.
“‘ഇല്ല എന്നു പറയുക’ എന്ന പ്രബോധനം ഉണ്ടായിരുന്നിട്ടും ശരാശരി അമേരിക്കൻ കൗമാരപ്രായക്കാർക്ക് 16-ാം വയസ്സിൽ കന്യകാത്വം നഷ്ടപ്പെടുന്നു,” എന്ന് യു.എസ്. ന്യൂസ് വേൾഡ് റിപ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു. “പരിശോധനക്ക് വിധേയരാകുന്ന കൗമാരപ്രായക്കാർ കുറവാകയാൽ രോഗബാധിതരായ അനേകർക്കും തങ്ങൾ എച്ച്ഐവി വൈറസ് വഹിക്കുന്നുവെന്ന് അറിയില്ല,” എന്ന് ആ മാസിക പറഞ്ഞു. കൊക്കെയ്ൻ ഉപയോഗത്തോടൊപ്പം ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെട്ടാലും ഇല്ലെങ്കിലും, അവർ നാടുവിട്ടലയുന്നവരായാലും അല്ലെങ്കിലും “അമേരിക്കൻ കൗമാരപ്രായക്കാർ എയ്ഡ്സിന്റെ പക്വമായ ഇരകളാണ്,” എന്ന് ഒരു എയ്ഡ്സ് വിദഗ്ദ്ധൻ എഴുതി. “അവർ ഓരോ വർഷവും ലൈംഗികമായി പകരുന്ന രോഗത്തിന്റെ 25 ലക്ഷം കേസുകൾ നേരിടുന്നു.” സിഡിസി-യിലെ ഡോ. ഗാരി നോബിൾ ഈ നിരീക്ഷണം നടത്തി: “അവരുടെ ലൈംഗിക നടപടി രോഗബാധയുടെ സുപ്രധാന അപകട സാദ്ധ്യതയിൽ കലാശിക്കുന്നു എന്ന് ഞങ്ങൾക്കറിയാം.”
എയ്ഡ്സ് വൈറസിന്റെ സംക്രമണത്തിനുള്ള ഇപ്പോൾത്തന്നെ അതിവേഗം വർദ്ധിച്ചുവരുന്ന ചാലുകളുടെ എണ്ണം കൂട്ടുന്നവരാണ് തെരുവുകുട്ടികൾ, അനേകരും കുട്ടികളെ ദ്രോഹിക്കുന്ന മാതാപിതാക്കളിൽനിന്ന് ഒളിച്ചോടുന്നവർ തന്നെ, ചിലർ ഇതുവരെ തങ്ങളുടെ കൗമാരത്തിലെത്തിയിട്ടില്ലതാനും. അവരുടെയിടയിൽ ഒന്നാംകിട കൊക്കെയ്ൻ ഉപയോഗത്തിലേക്കു തിരിയുന്നവരുടെ എണ്ണത്തിൽ ഒരു നാടകീയ വർദ്ധനവുണ്ടായിട്ടുണ്ട്. അവരുടെ ശീലം നിലനിർത്തുന്നതിനോ ഉറങ്ങാൻ ഒരിടം കിട്ടുന്നതിനോ വേണ്ടി അനേകരും വേശ്യാവൃത്തിയിലേക്കു തിരിഞ്ഞിരിക്കുന്നു. ദൃഷ്ടാന്തത്തിന്, തെക്കേ അമേരിക്കയിൽ “ഒമ്പതും പത്തും വയസ്സുള്ള കൊച്ചു പെൺകുട്ടികൾപോലും ചിലപ്പോൾ ഒരു നേരത്തെ ആഹാരത്തിനായി വേശ്യാവൃത്തി ചെയ്യുന്നു,” എന്ന് കുട്ടികൾക്ക് പ്രബോധനം നൽകുന്ന ഒരു ബ്രസ്സീൽകാരി പറഞ്ഞു. “പലർക്കും എയ്ഡ്സിനെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും ഒന്നും അറിയില്ല. എനിക്ക് ഗർഭിണികളായിത്തീർന്ന പെൺകുട്ടികളുണ്ട്, ജലദോഷം പോലെ ‘അത് പിടികൂടിയതായേ’ അവർ കരുതിയുള്ളു,” എന്ന് അവൾ പറഞ്ഞു.
ഒളിച്ചുപോയ കൗമാരപ്രായക്കാരിലെ വൈറസ് ബാധാനിരക്ക് എയ്ഡ്സ് വ്യാധിയെ സംബന്ധിച്ചിടത്തോളം ദുർവാർത്തയാണ്, എന്ന് നാഷനൽ കാൻസർ ഇൻസ്ററിററ്യൂട്ടിലെ ശിശുരോഗമേധാവിയും എയ്ഡ്സ് വിദഗ്ദ്ധനുമായ ഡോ. ഫിലിപ് പിസ്സൊ പറഞ്ഞു. “വേഴ്ചകളിലൂടെ ജീവിതമാർഗ്ഗം കണ്ടെത്തുന്ന പത്തു ലക്ഷത്തിലധികം ഒളിച്ചോട്ടക്കാർ ഉണ്ട്. അവരിൽ ഒട്ടനവധി പേർ സമൂഹത്തിലേക്ക് വീണ്ടും സംയോജിപ്പിക്കപ്പെടും എന്നതിന് സംശയമില്ല.”
ലോകവ്യാപകമായി കൗമാരപ്രായക്കാരുടെ ഇടയിൽ എയ്ഡ്സ് ബാധ അതിവേഗം കുതിച്ചുയരുന്നത് അതിശയമാണോ? അത് തടുക്കാനാവാത്ത ഒരു ഗതിയിലാണോ? എയ്ഡ്സ് വൈറസ് ബാധിച്ചവരും വിവാഹപൂർവ്വ ലൈഗികതയോട് ഇല്ല എന്നു പറയാൻ കഴിയാത്തവരും ഉദാസീനതയും അലക്ഷ്യഭാവവും പ്രത്യക്ഷമാക്കുന്നടത്തോളം കാലം അത് അങ്ങനെയായിരിക്കും. ദൃഷ്ടാന്തത്തിന് ദക്ഷിണാഫ്രിക്കയിൽ, ജൊഹാനസ്ബർഗ്ഗിലെ ദ സൺഡേ സ്ററാറിൽ നിന്നുള്ള ഈ റിപ്പോർട്ട് പരിചിന്തിക്കുക. ലൈംഗികമായി പകരുന്ന രോഗങ്ങളോടെ ആശുപത്രിയിൽ കഴിയുന്ന 1,142 രോഗികളിൽ ഈയിടെ നടത്തിയ ഒരു സർവ്വെയിൽ, 70 ശതമാനം പേരും ഒരു മാസം 3 മുതൽ 80 വരെ ലൈംഗിക പങ്കാളികൾ ഉണ്ടായിരുന്നതായി സമ്മതിച്ചു. ചിലർ ഇപ്പോഴും തൊഴിൽ തുടരുന്നവരും മററുള്ളവർക്ക് രോഗം പരത്തുന്നവരും ആയിരുന്നു.
നിർഭാഗ്യവശാൽ, പല കൗമാരപ്രായക്കാരും എയ്ഡ്സ് പിടിപെടുന്നതുസംബന്ധിച്ച് ഉൽക്കണ്ഠാകുലരല്ല. അവരെ സംബന്ധിച്ചിടത്തോളം ഓരോ ദിവസവും അതിജീവനത്തിനായുള്ള ഒരു പോരാട്ടമാണ്—തെരുവിൽ കിടന്നു മരിക്കാൻ അനവധി വഴികൾ ഉണ്ടല്ലോ—തന്നിമിത്തം പല വർഷങ്ങൾക്കുശേഷം തങ്ങളെ കൊന്നുകളഞ്ഞേക്കാവുന്ന എന്തിലെങ്കിലും ചിന്ത കേന്ദ്രീകരിക്കാൻ അവർക്കു കഴിയില്ല. അതിനിടക്ക് തങ്ങളെ രക്ഷിക്കാൻ തീർച്ചയായും ഒരു മരുന്നു കണ്ടുപിടിക്കുമെന്ന് അവർ കരുതുന്നു. “കൗമാരപ്രായക്കാർ 10 വർഷം മുമ്പോട്ടു നോക്കാത്ത ഒരു കൂട്ടത്തിന്റെ മകുടോദാഹരണമാണ്,” എന്ന് ഒരു എയ്ഡ്സ് വിദഗ്ദ്ധൻ പറഞ്ഞു.
അനേകരുടെയിടയിൽ, ലൈംഗിക പങ്കാളികൾ തങ്ങൾ എയ്ഡ്സ് വൈറസിൽനിന്ന് സ്വതന്ത്രരാണെന്ന് പറയുമ്പോൾ അവർ നുണപറയുകയല്ലെന്നുള്ള ഒരു ദ്രോഹകരമായ തെററിധാരണയും ഉണ്ട്. മിക്കപ്പോഴും വാസ്തവം അതല്ല. രോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ പോലും പല രോഗികളും കോപത്തിൽനിന്നോ പ്രതികാരദാഹത്തിൽനിന്നോ മനഃപൂർവ്വം മററുള്ളവരിലേക്ക് രോഗം സംക്രമിപ്പിക്കുന്നു.
മയക്കുമരുന്നുകൾ കുത്തിവെക്കാൻ ഉപയോഗിക്കുന്ന അഴുക്കുസൂചികളിലൂടെ വൈറസ് ബാധിച്ചവരെയും അവഗണിക്കാവുന്നതല്ല—ഇപ്പോൾതന്നെ വലിയ കഷ്ടം വരുത്തിക്കൂട്ടിയിരിക്കുന്ന ഒരു ചാലുതന്നെ. അവസാനമായി, രക്തപ്പകർച്ചയിലൂടെ എയ്ഡ്സ് പിടിപെടുന്നതിന്റെ എക്കാലവുമുള്ള ഭീഷണിയുമുണ്ട്. നിരപരാധികളായ അനേകം ഇരകൾ ഈ രോഗത്താൽ ഇപ്പോൾതന്നെ മരിച്ചുപോയിട്ടുണ്ട്, വൈറസ് കലർന്ന രക്തത്തിന്റെ ഫലമായി മററുള്ളവർ ഇനിയും മരിക്കും. എയ്ഡ്സ് വൈറസിനാൽ മലിനമായ സൂചികൾ തങ്ങളുടെ ദേഹത്തു കൊണ്ടേക്കുമോയെന്ന് അനേകം ഡോക്ടർമാരും നേഴ്സുമാരും ഭയപ്പെടുന്നു, അതിനു അവരുടെ ജീവിതത്തിനു തിരുത്താനാവാത്ത വിധം മാററം വരുത്താൻ കഴിയും. എയ്ഡ്സ് 90-കളിലെയും ഭാവിയിലെയും പ്രതിസന്ധിയാണെന്ന് പറയുന്നതിൽ അതിശയിക്കാനുണ്ടോ? (g91 7/22)