എയ്ഡ്സ് മാതാപിതാക്കളും കുട്ടികളും അറിഞ്ഞിരിക്കേണ്ടത്
സന്ദർഭവശാൽ മിക്കപ്പോഴും എയ്ഡ്സ് ബാധിച്ച പല കൗമാരപ്രായക്കാർക്കും, എയ്ഡ്സ് സംബന്ധിച്ച് അറിവില്ലാത്ത അനേകം മുതിർന്നവരുടെ സമനിലയില്ലാത്ത ചിന്താഗതി നിമിത്തം പ്രശ്നങ്ങൾ വർദ്ധിക്കുന്നു. പല കേസുകളിലും മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ മനസ്സുകളെ ഈ രോഗമുള്ളവർക്കെതിരെ മുൻവിധിയുള്ളതാക്കിയിരിക്കുന്നു. അപകടമൊന്നും ഇല്ലെന്ന് ഡോക്ടർമാർ പറഞ്ഞശേഷം പോലും സ്കൂൾ സൂപ്രണ്ടുമാരും പ്രിൻസിപ്പൽമാരും എയ്ഡ്സ് വൈറസ് ബാധിച്ച വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാൻ വിസമ്മതിച്ചിട്ടുണ്ട്. അതുകൊണ്ട് വൈറസ് ബാധിച്ച മക്കളുള്ള പല മാതാപിതാക്കളും കാര്യം രഹസ്യമാക്കിവെക്കുന്നു. ചില കേസുകളിൽ മതിയായ കാരണത്തോടെ, തങ്ങളുടെ മക്കൾ സമുദായ ഭ്രഷ്ടരാക്കപ്പെടുമെന്നും അവമാനിക്കപ്പെടുമെന്നും അല്ലെങ്കിൽ അതിലധികവും അവർ ഭയപ്പെടുന്നു.
ദൃഷ്ടാന്തത്തിന്, എയ്ഡ്സ് ബാധിച്ച മകളുള്ള ഒരു അമ്മ തന്റെ അയൽക്കാരിൽനിന്നുള്ള ശല്യം വളരെയധികം ഭയപ്പെട്ടു, അതുകൊണ്ട് അവൾ തന്റെ കുട്ടിയെ അവരുടെ കുട്ടികളോടൊത്ത് കളിക്കാൻ അനുവദിച്ചില്ല. “നിങ്ങൾക്കു ചുററുപാടും താമസിക്കുന്ന ആളുകൾ നിങ്ങളുടെ കുട്ടിക്ക് എയ്ഡ്സാണെന്ന് അറിയാൻ നിങ്ങൾ ആഗ്രഹിക്കുകയില്ല, എന്തുകൊണ്ടെന്നാൽ ആളുകൾ അസ്വാഭാവിക കാര്യങ്ങൾ ചെയ്യുന്നു.” റിപ്പോർട്ടുകൾ അനുസരിച്ച് ഇത് അതിശയോക്തിയൊന്നുമല്ല. തങ്ങളുടെ ഉത്തമ സുഹൃത്തുക്കളാലും അയൽക്കാരാലും മാതാപിതാക്കൾ ഒഴിവാക്കപ്പെടുന്നു. അവരുടെ സാന്നിദ്ധ്യം അംഗീകരിക്കുകയോ കുശലം പറയുകയോ ചെയ്യാതെ തെരുവിലായിരിക്കുമ്പോൾ സുഹൃത്തുക്കൾ വഴുതിമാറുന്നു. എയ്ഡ്സ് ബാധിച്ച ഒരു കുട്ടിയുള്ള കുടുംബം റെസ്റേറാറൻറുകളിൽ പ്രവേശിക്കുമ്പോൾ അസഭ്യം പുലമ്പിക്കൊണ്ട് പതിവുകാർ പുറത്തുപോകത്തക്കവണ്ണം എയ്ഡ്സിന്റെ ദുഷ്ക്കീർത്തി അതിനോടുള്ള മുൻവിധിയിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്നു. പിതാക്കൻമാർക്ക് അവരുടെ ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. മററുള്ളവർക്ക് ബോംബ് ഭീഷണിയുണ്ടായിട്ടുണ്ട്. ഇനിയും മററുള്ളവരുടെ ഭവനങ്ങൾ തീവെച്ചു നശിപ്പിച്ചിട്ടുണ്ട്.
എയ്ഡ്സുള്ള കുട്ടികൾ സഹപാഠികളുടെ ക്രൂരഫലിതങ്ങൾക്കിരയായിട്ടുണ്ട്. രക്തപ്പകർച്ചയിലൂടെ രോഗം പിടിപെട്ട അത്തരത്തിലുള്ള ഒരു എയ്ഡ്സ് രോഗിയെ ഒരു സ്വവർഗ്ഗസംഭോഗിയായി സഹപാഠികൾ ആവർത്തിച്ച് കുററപ്പെടുത്തുകയുണ്ടായി. അവർ ഇങ്ങനെ നിന്ദിക്കുമായിരുന്നു: “നിനക്ക് യഥാർത്ഥത്തിൽ എങ്ങനെയാണ് എയ്ഡ്സ് കിട്ടിയതെന്ന് ഞങ്ങൾക്കറിയാം.” ആ കുടുംബത്തെ അവരുടെ സഭാംഗങ്ങളും ഒഴിവാക്കി. വൃത്തികെട്ട അജ്ഞാത കത്തുകൾ കിട്ടി. അവരുടെ പുൽത്തകിടിയിലേക്ക് ചപ്പുചവറു കൂമ്പാരം എറിയപ്പെട്ടു. മുമ്പിലുള്ള ജനാലയിലൂടെ ആരോ ഒരു വെടിയുണ്ടയും പായിച്ചു.
“അത് ഒരു പരമരഹസ്യമായ കാര്യമാണ്, അതുതന്നെയാണ് ഇത്രയധികം ഏകാന്തതയുളവാക്കുന്നതും,” എന്ന് എയ്ഡ്സ് ബാധിച്ച ഒരു കുട്ടിയുടെ അമ്മ പറഞ്ഞു. ന്യയോർക്ക് ടൈംസ് അതിന്റെ അഭിപ്രായം കൂട്ടിച്ചേർക്കുന്നു: “എയ്ഡ്സ് നിർണ്ണയിക്കപ്പെട്ട 13 വയസ്സിൽ താഴെയുള്ള 1,736 അമേരിക്കൻ കുട്ടികളിൽ അധികം പേരും അവരുടെ രോഗത്താൽ അവഗണിക്കപ്പെട്ടിരിക്കുന്നു, തങ്ങളെ ഒഴിവാക്കിയേക്കാവുന്ന ആരോഗ്യമുള്ള സ്നേഹിതരിൽനിന്നോ സഹപാഠികളിൽനിന്നോ തങ്ങളുടെ അവസ്ഥ മറച്ചുപിടിക്കാൻ നിർബ്ബന്ധിതരാക്കപ്പെട്ടിരിക്കുന്നു.” ഒടുവിൽ, ദ ടൊറോന്റോ സ്ററാർ നടത്തിയ ഈ നിരീക്ഷണവും ഉണ്ട്: “ഒരു ചെറുപ്പക്കാരൻ മരിച്ചതിനുശേഷം പോലും പല കുടുംബങ്ങളും സത്യം വെളിപ്പെടുത്താൻ ഭയപ്പെടുന്നു, കാരണം, ഏതു കുട്ടിയുടെയും നഷ്ടത്തേതുടർന്നു ഉണ്ടാകുന്ന വേദനയും ഏകാന്തതയും അതു വർദ്ധിപ്പിക്കുന്നു.”
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
എയ്ഡ്സ് വ്യക്തികളെ ആദരിക്കുന്നവനല്ലെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. അതിന് ധനികനെയും ദരിദ്രനെയും യൗവനക്കാരനെയും കൊച്ചുകുട്ടിയേയും പ്രായം ചെന്നയാളെയും ബാധിക്കാൻ കഴിയും. ചില രാജ്യങ്ങളിൽ ചെറുപ്പക്കാരുടെയിടയിൽ എയ്ഡ്സ് സംബന്ധിച്ച് തീരെ കുറഞ്ഞ ഒരു ഉപരിതല ഗ്രാഹ്യമേയുള്ളു. മിക്കയാളുകൾക്കും “എയ്ഡ്സ് കൗമാരപ്രായക്കാർക്ക് എത്ര വലിയൊരു അപകടമാണെന്ന് യാതൊരു ധാരണയുമില്ല,” എന്ന് ന്യൂയോർക്ക് നഗരത്തിലെ ഒരു എയ്ഡ്സ് വിദഗ്ദ്ധൻ പറഞ്ഞു.
ദൃഷ്ടാന്തത്തിന്, ഒരു വലിയ അമേരിക്കൻ നഗരത്തിൽ ചെറുപ്പക്കാരിൽ നടത്തിയ ഒരു പഠനം, തുടക്കത്തിലേ ചികിത്സിച്ചാൽ എയ്ഡ്സ് ഭേദമാക്കാൻ കഴിയുമെന്ന് സർവ്വെ ചെയ്യപ്പെട്ടവരിൽ 30 ശതമാനം വിശ്വസിച്ചിരുന്നതായി വെളിപ്പെടുത്തി. എയ്ഡ്സിന് ഇതുവരെ യാതൊരു പ്രതിവിധിയും കണ്ടെത്തിയിട്ടില്ല. രോഗമുള്ള ഒരാളെ വെറുതെ സ്പർശിക്കുന്നതുകൊണ്ടോ അയാളുടെ ചീപ്പ് ഉപയോഗിക്കുന്നതുകൊണ്ടോ ഒരുവന് എയ്ഡ്സ് പകരുകയില്ലെന്ന് മൂന്നിലൊരു ഭാഗത്തിനും അറിയില്ല. ഐക്യനാടുകളുടെ മറെറാരു ഭാഗത്ത് 16-നും 19-നും ഇടക്ക് പ്രായമുള്ള 860 കൗമാരപ്രായക്കാരിൽ നടത്തിയ കൂടുതലായ ഒരു സർവ്വെ, 22 ശതമാനത്തിന് ശുക്ലത്തിലൂടെ എയ്ഡ്സ് വൈറസുകൾ പകർന്നേക്കാമെന്ന് അറിയില്ലായിരുന്നുവെന്നും 29 ശതമാനം യോനീസ്രവങ്ങളിലൂടെ അതു പകർന്നേക്കാമെന്നതു സംബന്ധിച്ച് അജ്ഞരായിരുന്നുവെന്നും കണ്ടെത്തി.
മുഴു ഇൻക്യുബേഷൻ ഘട്ടത്തിലും അതുപോലെതന്നെ എയ്ഡ്സ് യഥാർത്ഥത്തിൽ പ്രത്യക്ഷപ്പെട്ട ശേഷവും അതിന് ഇരയായവർ രോഗവാഹികളാണ്, അവർക്ക് മററുള്ളവരിലേക്ക് എയ്ഡ്സ് വൈറസുകൾ പകരാനും കഴിയും. എന്നിരുന്നാലും, ഹസ്തദാനം ചെയ്യുന്നതിനാലോ ഒരു എയ്ഡ്സ് രോഗിയെ ആശ്ലേഷിക്കുന്നതിനാലോ അതു പകരുകയില്ല, എന്തെന്നാൽ ശരീരത്തിനു വെളിയിൽ വൈറസുകൾ പെട്ടെന്നു ചാകുന്നു. അതുപോലെതന്നെ, ചിലർ ഭയപ്പെടുന്നതുപോലെ വൈറസിന് കക്കൂസിലെ ഇരിപ്പിടങ്ങളിൽ ജീവിക്കാൻ കഴിയുകയില്ല. ഒരു എയ്ഡ്സ് രോഗി ഉപയോഗിച്ചുകഴിഞ്ഞ നീരുറവയിൽനിന്ന് കുടിക്കുന്നതിനാൽ എയ്ഡ്സില്ലാത്ത കുട്ടികൾക്ക് രോഗം പകർന്നേക്കാമെന്ന് സ്ക്കൂൾ പ്രിൻസിപ്പൽമാരും സൂപ്രണ്ടുമാരും ഭയപ്പെടുന്നുവോ? വൈറസിന് രോഗമില്ലാത്ത വ്യക്തിയുടെ രക്തത്തിൽ പ്രവേശിക്കാൻ യാതൊരു മാർഗ്ഗവുമില്ലാത്തതുകൊണ്ട് ഈ ഭയങ്ങൾ സാധുവല്ലെന്ന് വിദഗ്ദ്ധർ പറയുന്നു.
സൂചികൾ ഉപയോഗിക്കപ്പെടുന്നതുകൊണ്ട്, കാതു കുത്തുന്നതിന്റെ അപകടത്തെക്കുറിച്ച് പലപ്പോഴും ഡോക്ടർമാരോട് ചോദിച്ചിട്ടുണ്ട്. അണുബാധയുള്ള ഉപകരണമാണ് ഉപയോഗിക്കുന്നതെങ്കിൽ അത് എയ്ഡ്സ് വൈറസ് പിടിപെടാനുള്ള ഒരു മാർഗ്ഗമായിരിക്കാമെന്ന് വിദഗ്ദ്ധർ സമ്മതിക്കുന്നു. ചുംബനം സംബന്ധിച്ചെന്ത്? “എയ്ഡ്സുള്ള ആരെങ്കിലുമോ വൈറസ് ബാധിച്ച ഒരാളോ നിങ്ങളെ ചുംബിക്കുന്നെങ്കിൽ, നിങ്ങളുടെ ചുണ്ടിലൊ വായിലോ ഒരു മുറിവോ വ്രണമോ ഉണ്ടെങ്കിൽ അത് പകരാവുന്നതാണ്, എന്നാൽ അങ്ങേയററം സാദ്ധ്യത കുറവാണ്,” എന്ന് ഒരു വിദഗ്ദ്ധൻ പറഞ്ഞു. എന്നിരുന്നാലും, അത് സാദ്ധ്യമാണ്.
സംശയാസ്പദമായ ചില ലക്ഷണങ്ങൾ കണ്ടതിനുശേഷം പോലും നിങ്ങൾക്ക് രോഗബാധയുണ്ടോ എന്ന് അറിയാൻ കഴിയുന്നത് ഒരു ഡോക്ടറുടെ സമ്പൂർണ്ണ പരിശോധനയിലൂടെയും ഒരു രക്തപരിശോധനയിലൂടെയും മാത്രമാണ്.
ഒടുവിൽ, നിങ്ങൾ ഒരു കുട്ടിയാണെങ്കിൽ നിങ്ങളുടെ മാതാപിതാക്കളോട് സത്യം പറയുക. മറെറല്ലാവരും നിങ്ങളെ കൈവെടിയുമ്പോൾ നിങ്ങളോട് പററിനിൽക്കുന്നവരും നിങ്ങൾക്ക് ആവശ്യമുള്ള സഹായവും ആശ്വാസവും തരുന്നവരും അവരായിരുന്നേക്കാം. ജ്ഞാനമുള്ളവരായിരുന്നുകൊണ്ട് മയക്കുമരുന്നുകളോടും വിവാഹത്തിനുമുമ്പുള്ള ലൈംഗിക വേഴ്ചകളോടും ഇല്ല എന്ന് പറയുക. അതിന് നിങ്ങളുടെ ജീവിതത്തെ രക്ഷിക്കാൻ കഴിയും. ലൈംഗിക ബന്ധങ്ങളിലൂടെയൊ അണുബാധയുള്ള സൂചികളിലൂടെയൊ എയ്ഡ്സ് വൈറസ് പിടിപെട്ട അനേകം ചെറുപ്പക്കാർ തങ്ങൾ ചീത്ത സഹവാസത്താൽ സ്വാധീനിക്കപ്പെട്ടതായി സമ്മതിച്ചിരിക്കുന്നു. തീർച്ചയായും, അപ്പോസ്തലനായ പൗലോസിന്റെ വാക്കുകൾക്ക് അവരെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ഗാഢമായ അർത്ഥമുണ്ട്. “വഴിതെററിക്കപ്പെടരുത്. ചീത്ത സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു”—ചിലപ്പോൾ നിങ്ങളുടെ ജീവൻതന്നെ നഷ്ടപ്പെട്ടേക്കാം.—1 കൊരിന്ത്യർ 15:33, NW. (g91 7/22)