ലോകത്തെ വീക്ഷിക്കൽ
കുററകൃത്യത്തിന്റെ ചെലവുകൾ
ഐക്യനാടുകളിൽ ഒരു കുററവാളിയെ അഴികൾക്കുള്ളിലാക്കുന്നതിന് സംസ്ഥാനത്തിന്റെയോ ഫെഡറൽ ഭരണകൂടത്തിന്റെയോ ജയിലുകൾക്ക് ഒരു വർഷം ശരാശരി 12,000നും 24,000നും മദ്ധ്യേ ഡോളർ ചെലവ് വരുന്നു. “ആ വിധത്തിലുള്ള പണംകൊണ്ട് നിങ്ങൾക്ക് ഒരു കുട്ടിയെ ഹാർവാർഡിൽ അയക്കാം,” എന്ന് ഫോർബ്സ് മാസിക അറിയിക്കുന്നു. എന്നാൽ ന്യൂയോർക്കുപോലുള്ള നഗരങ്ങളിൽ ചെലവ് പ്രതിവർഷം 35,000 ഡോളറിനുമേൽ ഉയർന്നേക്കാം. അത്തരം ചെലവേറിയ തടവിൽവെക്കൽ സംബന്ധിച്ച ഉൽക്കണ്ഠ ഓരോ വർഷവും കൂടിവരുന്ന “തടവുകാരുടെ പ്രളയത്താൽ” വർദ്ധിക്കുന്നു. ലഭ്യമായ കണക്കുകൾ അനുസരിച്ച് ഐക്യനാടുകളിൽ മൊത്തം ഏകദേശം 5,50,000 സ്ത്രീപുരുഷൻമാർ ജയിലുകളിലുണ്ട്. “ഓരോ 450 അമേരിക്കക്കാരിൽ ഒരാൾ വീതം ജയിലിലാണ്,” എന്ന് ഫോർബ്സ് റിപ്പോർട്ട് ചെയ്യുന്നു, “പാശ്ചാത്യ ലോകത്തെ ഏററം ഉയർന്ന നിരക്ക്.” എന്നാൽ ഭാരം വർദ്ധിക്കത്തക്കവണ്ണം ഓരോ വർഷവും ഈ അണികളിലേക്ക് 35,000 മുതൽ 40,000 വരെ അന്തേവാസികൾ കൂട്ടപ്പെടുന്നു, അത് “ഓരോ നാലു ദിവസത്തിലും ഓരോ പുതിയ ജയിൽ വീതം” എന്നതിനു തുല്യമാണ്.
അസന്തുഷ്ടനായ വിജയി
ബഹുലക്ഷം ഡോളറിന്റെ ജാക്ക്പോട്ട് വിജയിയാവുക എന്നത് അനേകം തൊഴിൽരഹിതരുടെ സ്വപ്നമാണ്. ഒരു 27കാരനായ തൊഴിൽരഹിതന് ഭാഗ്യക്കുറിയിലൂടെ 64 ലക്ഷം ഡോളർ ലഭിച്ചപ്പോൾ അത്തരത്തിലുള്ള സ്വപ്നം സാക്ഷാത്കരിച്ചു. എന്നിരുന്നാലും, വിജയത്തിനുശേഷം ലക്ഷാധിപതിയായ ബോബ് കാംപെൽ ഇപ്രകാരം പ്രഖ്യാപിച്ചു: “ഞാൻ ഇതു മററാർക്കും ലഭിക്കാൻ ആശംസിക്കുന്നില്ല.” എന്തുകൊണ്ടില്ല? ടൊറോന്റോ സ്ററർ പറയുന്നതനുസരിച്ച്, ഭൗതികവസ്തുക്കൾ വാങ്ങുന്നത് അധികമായ സന്തോഷവും സംതൃപ്തിയും കൈവരുത്തിയില്ല. “ഞാൻ അതുകൂടാതെ അത്രതന്നേ സന്തുഷ്ടനായിരിക്കുമായിരുന്നു,” എന്ന് കാംപെൽ പ്രസ്താവിക്കുന്നു. ഇത് ഒരു ജോലി കണ്ടുപിടിക്കുന്നതിനുള്ള സമ്മർദ്ദം നീക്കിയെന്ന് സമ്മതിക്കുമ്പോൾതന്നേ, “അതു സംബന്ധിച്ച് അത്രമാത്രമേയുള്ളു,” അയാൾ വിശദീകരിക്കുന്നു. ഒരു വലിയ തുക നേടുന്നതിനോടനുബന്ധിച്ച് പെട്ടെന്നുള്ള സന്തോഷമില്ല എന്ന് അയാൾ മററുള്ളവരെ മുന്നറിയിക്കുന്നു.
സംശയം നിലനിൽക്കുന്നു
നിലവിലുള്ള ദശലക്ഷക്കണക്കിന് വംശങ്ങൾ (species) എങ്ങനെ ഉളവായി എന്നത് പരിണാമവാദികളെ അനേകകാലമായി പ്രയാസപ്പെടുത്തിയിരിക്കുന്ന ചോദ്യമാണ്. ഒരു വംശം ഒരു വംശമായിരിക്കുന്നതിന് അത് മററു വംശങ്ങളുമായി മിശ്രവംശവർദ്ധനവിന് സാധ്യതയുള്ളതായിരിക്കരുത്—അത് വികാസം പ്രാപിച്ചുവന്നതെന്ന് സങ്കൽപ്പിക്കുന്ന ഒന്നുമായിപ്പോലും. സന്താനോൽപ്പാദനം നടക്കുകതന്നേ ചെയ്യുന്നെങ്കിൽ അത് ഒന്നുകിൽ വന്ധ്യമാണ് (കോവർകഴുതയുടെ കാര്യത്തിലെന്നപോലെ)അല്ലെങ്കിൽ വളർച്ചപ്രാപിക്കുന്നതിനുമുമ്പ് ചാവുന്നു. ഡിസ്കവർ എന്ന സയൻസ്മാസിക പറയുന്നതനുസരിച്ച് തങ്ങൾ “ഒരു വിടുതൽ ജീൻ, വംശതടസ്സത്തിലെ ഒരു ചെറിയ പ്രമാദം,” കണ്ടുപിടിച്ചതായി ജനിതകശാസ്ത്രജ്ഞൻമാർ ഇപ്പോൾ പറയുന്നു. അത് വഹിച്ചിരുന്ന ഈച്ചകളെ അതു ദുർബലീകരിച്ചുവെന്നിരിക്കെ, ഒരു പഴ-ഈച്ച വംശത്തിൽപെട്ട ചില സങ്കര ആണീച്ചകളെ അതിജീവിക്കാൻ പ്രാപ്തമാക്കി. “എന്നിരുന്നാലും ജീൻ വംശതടസ്സത്തെ പൂർണ്ണമായി തരണം ചെയ്തില്ല; അതിന് ആണീച്ചകളെ സന്താനപുഷ്ടിയുള്ളവയാക്കാൻ കഴിഞ്ഞില്ല” എന്ന് ലേഖനം പ്രസ്താവിക്കുന്നു. ഇത് ഒരു “കുഴപ്പം പിടിച്ച ചോദ്യം” ഉയർത്തുന്നു എന്ന് ഡിസ്കവർ പറയുന്നു. “അതു വഹിക്കുന്ന മാതാപിതാക്കൾക്ക് അനിൽനിന്ന് പ്രയോജനം കിട്ടുന്നില്ലെങ്കിൽ, അതിനെ അവകാശപ്പെടുത്തുന്ന സന്താനങ്ങൾക്ക് അത് കൈമാറാൻ കഴിവില്ലെങ്കിൽ, ജീൻ പരിണമിച്ചിരിക്കാൻ എന്തു സാദ്ധ്യതയുണ്ട്?”
നിലനിൽക്കാൻ നിർമ്മിക്കപ്പെട്ടു
ഒക്കെയാമ യൂണിവേഴ്സിററിയിലെ ജാപ്പനീസ് ഗവേഷകർ ഒരു മനുഷ്യനോടുകൂടെ “വളരുന്ന” ഒരു കൃത്രിമ രക്തക്കുഴൽ വികസിപ്പിച്ചെടുത്തിരിക്കുന്നു എന്ന് ജപ്പാൻ ടൈംസ് റിപ്പോർട്ട്ചെയ്യുന്നു. പുതിയ കുഴലുകൾ ശസ്ത്രക്രിയാവേളയിൽ നീക്കം ചെയ്യപ്പെടുന്ന കേടുബാധിച്ച രക്തക്കുഴലുകളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന കൊലാജൻ എന്നറിയപ്പെടുന്ന ഒരു തരം പ്രോട്ടീനിൽനിന്നാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്. പുതിയ കുഴലുകൾ ഒരു കൃത്രിമ നാരുകൊണ്ടുള്ള ആവരണത്തിൽ വെച്ച് ഒരു പ്രത്യേക പശയാൽ ബലിഷ്ഠമാക്കപ്പെടുന്നു. രക്തംകട്ടിയാകൽ തടയുന്നതിന് ഈ പശ ഈ കൂട്ടിപ്പിടിപ്പിച്ച രക്തക്കുഴലിനകത്ത് ഒരു നേരിയ ജലപാളി ഉൽപ്പാദിപ്പിക്കുന്നു. അത് ആവശ്യമില്ലാത്ത ക്ലോട്ടിംഗ് എൻസൈമുകൾ പ്രത്യക്ഷപ്പെടാതെ സൂക്ഷിക്കുന്നു. രോഗിയോടൊത്ത് “വളരാ”നുള്ള അസാധാരണ പ്രാപ്തി ഈ രക്തക്കുഴലുകൾക്കുള്ളതുകൊണ്ട് വികലമായ ഹൃദയധമനികളോടും സിരകളോടും കൂടിയ ശിശുക്കൾക്ക് ഏററവുമധികം പ്രയോജനം കിട്ടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ഭാര്യാപ്രഹരം അംഗീകരിക്കപ്പെടുന്നു
ആസ്ത്രേലിയായിലുടനീളമുള്ള 1500 സ്ത്രീപുരുഷൻമാരിൽ ആകസ്മികമായി നടത്തിയ ഒരു സർവേയുടെ അതിശയിപ്പിക്കുന്ന ഫലം, സർവേയിൽ പങ്കുകൊണ്ടവരുടെ ശരാശരി 20 ശതമാനം (സ്ത്രീകൾ, 17 ശതമാനം; പുരുഷൻമാർ, 22 ശതമാനം) ഭാര്യാപ്രഹരത്തെ അംഗീകരിച്ചു. ഭാര്യ “ഭർത്താവിനെ അനുസരിക്കാതിരിക്കയും പണം പാഴാക്കുകയും വീട് വൃത്തിയാക്കുന്നതിൽ പരാജയപ്പെടുകയും തന്നോടുകൂടെ ഉറങ്ങാൻ വിസമ്മതിക്കയും അല്ലെങ്കിൽ മറെറാരു പുരുഷനോടുകൂടെ ഉറങ്ങുന്നതായി സമ്മതിക്കയും ചെയ്യുന്നെങ്കിൽ” അയാൾ ഭാര്യയെ ഉന്തുകയൊ തൊഴിക്കുകയൊ അടിക്കുകയൊ ചെയ്യുന്നതിനെ പുരുഷൻമാരും സ്ത്രീകളും അംഗീകരിച്ചു. എന്നാൽ ശാരീരിക ബലപ്രയോഗം എത്രത്തോളമാകാമെന്നുള്ളതിൽ വ്യത്യാസമുണ്ടായിരുന്നു എന്ന് ദി ഓസ്ട്രേലിയൻ റിപ്പോർട്ടുചെയ്യുന്നു. തങ്ങളുടെ അയൽക്കാർ തമ്മിൽ നടക്കുന്ന ഏതെങ്കിലും ഗാർഹികബലപ്രയോഗത്തെ പോലീസിനു റിപ്പോർട്ടുചെയ്യാനുള്ള ചിലരുടെ ഭാഗത്തെ വിമുഖതയെയും സർവേ വെളിപ്പെടുത്തി. സർവേ ചെയ്യപ്പെട്ടവരുടെ മൂന്നിലൊന്നെങ്കിലും ഗാർഹിക ബലപ്രയോഗത്തെ സ്വകാര്യസംഗതിയായി കരുതുന്നു.
സന്യാസിമാർക്കുവേണ്ടി എയ്ഡ്സ് പരിശോധന
മൗണ്ട് ആതോസിൽ (ഗ്രീസ്) സ്ഥിതിചെയ്യുന്ന 20 ഈസ്റേറൺ ഓർത്തഡോക്സ് മഠങ്ങളിലെ സന്യാസിമാർ “അത്യന്തം അസ്വസ്ഥമായ ഒരവസ്ഥയിൽ ജീവിക്കുന്നു” എന്ന് ഫ്രഞ്ച് ന്യൂസ് ഏജൻസിയായ ഏ എഫ് പി റിപ്പോർട്ടുചെയ്യുന്നു. കാരണം? അവരുടെ മുൻ മഠവാസികളിലൊരാൾ “ഒരു എയ്ഡ്സ് വൈറസ് വാഹി”യാണെന്ന് അവർ മനസ്സിലാക്കി. മഠാധിപൻമാർ 2000ത്തിലധികം വരുന്ന സന്യാസിമാർക്കും തപസ്വികൾക്കും വേണ്ടി ഒരു എയ്ഡ്സ് പരിശോധന നടത്തുന്നതിനെക്കുറിച്ച് പരിചിന്തിച്ചുകൊണ്ടിരിക്കയാണ്.
ഇഴഞ്ഞു കയറുന്ന ആരോഗ്യാപകടം
മനുഷ്യർ ഏററവും വെറുക്കുന്ന ജീവികളാണ് പാററാകളെന്ന് പഠനങ്ങൾ പ്രകടമാക്കുന്നുവെന്നിരിക്കെ, വാഷിംഗ്ടൺ ഡി.സി.യിൽ അടുത്ത കാലത്തു നടന്ന ഷട്പദവിജ്ഞാനീയ സെമിനാറിൽ പാററാകൾ ആരോഗ്യത്തിന് അപകടകാരികളുമാണെന്ന് ഗവേഷക ശാസ്ത്രജ്ഞനായ ഡോക്ടർ ബാൻ കാംഗ് വിശദീകരിക്കയുണ്ടായി. ന്യൂയോർക്ക് ടൈംസിലെ ഒരു റിപ്പോർട്ടനുസരിച്ച് പാററാകളിൽനിന്നുള്ള അലേർജികൾ വിചാരിച്ചിരുന്നതിനേക്കാൾ വളരെ സാധാരണമാണെന്ന് “അമേരിക്കയിലെ ഉൾപ്രദേശ നഗരങ്ങളിലെ ആസ്ത്മായുടെ ഉയർന്ന നിരക്കുകൾ ആ പ്രദേശത്തെ ഗുരുതരമായ തോതിലുള്ള പാററാബാധ നിമിത്തമായിരിക്കാമെന്നും” കാംഗ് പറയുകയുണ്ടായി. പൂപ്പൽ, പ്രോട്ടോസോവൻസ്, ബാക്ടീറിയ, വൈറസ് എന്നിവയെല്ലാം പാററാകൾ വഹിക്കുന്നതായി പറയപ്പെടുന്നു. ജനനിബിഡമായ നഗരപ്രദേശങ്ങളിലെ പാററായുടെ വർദ്ധനയെ സംബന്ധിച്ച് ന്യൂയോർക്ക് സ്റേറററ് ആരോഗ്യ വകുപ്പിന്റെ ഒരു ഗവേഷക ശാസ്ത്രജ്ഞനായ ഡോ. സ്ററിഫൻ സി. ഫ്രാണ്ട്സ് ഇങ്ങനെ പ്രസ്താവിച്ചു: “ഒരു വലിയ അളവിൽ നമുക്ക് ഈ പ്രശ്നങ്ങളുള്ളത് നമ്മോടുകൂടെ ജീവിക്കാൻ ഈ ജീവികളെ അനുവദിക്കുന്ന സാഹചര്യങ്ങൾ നാം സൃഷ്ടിക്കുന്നതുകൊണ്ടാണ്.
ഭാഗിക പരിഹാരങ്ങൾ മാത്രം
“ഒരുപക്ഷേ സാങ്കേതികശാസ്ത്രത്തിന് സ്വാഭാവിക അവയവങ്ങളുടെ സങ്കീർണ്ണ പ്രകൃതിയെ പൂർണ്ണമായി അനുകരിക്കുന്നതിന് ഒരിക്കലും കഴിയാതിരുന്നേക്കാ”മെന്ന് കൃത്രിമ അവയവങ്ങൾ സംബന്ധിച്ച മ്യൂണിച്ച് അന്താരാഷ്ട്ര സമ്മേളനത്തിൽ പറയപ്പെട്ടു. മ്യൂണിച്ചിലെ സുഡേഷി സീററഗിലെ റിപ്പോർട്ടനുസരിച്ച് “യാന്ത്രികാവയവങ്ങളുടെ പരാജയം സ്ഥിതിചെയ്യുന്നത്” മുഖ്യമൊ നിർണ്ണായകമൊ ആയിരിക്കാമെങ്കിലും ഒരു ഒററ ധർമ്മത്തിൽ അവയുടെ “ശാരിരിക പ്രവർത്തനം” പരിമിതപ്പെട്ടിരിക്കുന്നുവെന്നതിലാണ്. ഉദാഹരണത്തിന് മാനുഷ ഹൃദയം രക്തം പമ്പുചെയ്യുന്നതിലധികം ചെയ്യുന്നു, വൃക്കകൾ വിഷ വസ്തുക്കൾ അരിച്ചുമാററുന്നതിലധികം ചെയ്യുന്നു—ഹോർമോണുകളും ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഒരു കൃത്രിമ ഹൃദയം രക്തപരിസഞ്ചരണ വ്യവസ്ഥയിലൂടെ രക്തം പമ്പുചെയ്തേക്കാമെങ്കിലും അതിന് ഹോർമോണുകളിൽനിന്നോ നാഡികളിൽനിന്നോ വരുന്ന സിഗ്നലുകളോട് പ്രതികരിക്കാൻ കഴിയുകയില്ല. ‘അതിന് പരിസഞ്ചരണത്തെ സന്തുലിതമായി നിലനിർത്തുന്ന സങ്കീർണ്ണമായ നിയന്ത്രക വ്യവസ്ഥയെ സ്വാധീനിക്കാനും’ കഴിവില്ല എന്ന് ലേഖനം പ്രസ്താവിക്കുന്നു. മനുഷ്യ വൃക്കയിലെ “കോശസ്തരങ്ങളുടെ പരിഷ്കൃത സ്വാഭാവിക വ്യവസ്ഥയെ” മാററിസ്ഥാപിക്കുന്നതിൽ ഡയാലസിസും കുറവുള്ളതായിത്തീരുന്നു. “അവയവത്തിലെ വിഷബാധയെ തടയാൻ നിണനീരിൽനിന്ന് കൃത്യമായി ഏതു വസ്തുക്കൾ നീക്കേണ്ടതാണെന്ന് ഡോക്ടർമാർക്ക് ഇന്നോളം തിട്ടമില്ല.”
തേനീച്ച ഭീഷണി
“ഇപ്പോൾതന്നെ തേനീച്ചകളെ ഭീഷണിപ്പെടുത്തുന്ന ഏഷ്യൻ ചെള്ളുകളുടെ [varroa jacobsoni] ഒരു നിശബ്ദമായ ആക്രമണത്തെ ഭയന്നാണ് കാനഡായിലെ തേനീച്ചസൂക്ഷിപ്പുകാർ ജീവിക്കുന്നതെന്ന് ദി സൺഡേ സ്ററർ എന്ന ഒരു കനേഡിയൻ വർത്തമാനപ്പത്രം റിപ്പോർട്ടുചെയ്യുന്നു. തേനീച്ച പൂപ്പാസ്റേറജിൽ ആയിരിക്കുമ്പോൾ ചെള്ള് ആക്രമിക്കയും “തേനീച്ചകളിൽനിന്ന് നീർ കുടിക്കുകയും” തേനീച്ചയുടെ ആയുസ്സിനെ പകുതികണ്ട് കുറക്കുകയും ചെയ്യുന്നു. 300 വർഷങ്ങളിൽ തേനീച്ചസൂക്ഷിപ്പുകാർക്ക് നേരിട്ട “ഏററം ഗൗരവാവഹമായ” പ്രതിസന്ധി എന്നാണ് തേനീച്ചകളെ സംബന്ധിച്ച ഒരു പ്രാമാണികൻ ഏഷ്യൻ ചെള്ളിന്റെ ഭീഷണിയെ വർണ്ണിക്കുന്നത്. “ഐക്യനാടുകളിലെ ഓരോ തേനീച്ചക്കൂടും . . . അടുത്ത രണ്ടു വർഷങ്ങൾക്കുള്ളിൽ ആക്രമിക്കപ്പെടുമെന്നും കൃഷിയുടെ മേലുള്ള ആഘാതം വമ്പിച്ചതായിരിക്കുമെന്നും തേനീച്ച വിദഗ്ദ്ധർ മുൻകൂട്ടിപ്പറയുന്നതായി” സ്ററർ പ്രസ്താവിക്കുന്നു. തേനീച്ച സംഖ്യയിലെ ഗണ്യമായ ഒരു കുറവ് അത്യാവശ്യമായ വിളകളുടെ പരാഗ വിതരണത്തെ കുറക്കും.
വെടിയുണ്ടശസ്ത്രക്രിയ
“ദിവസവും നൂറുകണക്കിനു പ്രാവശ്യം കഴുകാനുള്ള ഒരു നിർബന്ധത്താൽ ബാധിക്കപ്പെട്ട” ഒരു 22 വയസ്സുകാരൻ ആത്മഹത്യക്ക് ശ്രമിക്കവേ “തന്റെമേൽ വിജയപ്രദമായ ന്യൂറോ സർജറ യാദൃച്ഛികമായി നടത്തി”യെന്ന് ന്യൂയോർക്ക് ഡെയ്ലി ന്യൂസ് റിപ്പോർട്ടുചെയ്യുന്നു. തന്റെ പീഡാകരമായ നിർബന്ധിത പെരുമാററത്താൽ ക്ലേശിതനായി അയാൾ “.22-വായ്വട്ടമുള്ള തോക്ക് തന്റെ വായിൽവെച്ച് വെടിപൊട്ടിച്ചു, അത് അയാളുടെ തലച്ചോറിന്റെ ഇടത്തെ മുൻഭാഗത്ത് തറച്ചു” എന്ന് ന്യൂസ് വിശദീകരിക്കുന്നു. ചെറുപ്പക്കാരൻ തന്നേത്തന്നെ കൊല്ലുന്നതിനു പകരം പീഡാകരമായ പെരുമാററത്തെ നിയന്ത്രിക്കുന്നതെന്നു വിശ്വസിക്കപ്പെടുന്ന മസ്തിഷ്കഭാഗത്തെ യഥാർത്ഥത്തിൽ നീക്കംചെയ്യുകയാണുണ്ടായത് എന്ന് ബ്രിട്ടീഷ് ജേണൽ ഓഫ് സൈക്കാട്രിയിൽ ഡോ. ലെസ്ലി സോളിയോൻ റിപ്പോർട്ടുചെയ്തു. തന്റെ നിർബന്ധിത പെരുമാററത്തിൽനിന്ന് വിമുക്തനായ ശേഷം ചെറുപ്പക്കാരൻ ഒരു പുതിയജോലി നേടി, ഇപ്പോൾ കോളജിൽ പഠിക്കുകയും ചെയ്യുന്നു.
ബോധമില്ലെങ്കിലും ഉണർവുള്ളവർ?
“ബോധംകെടുത്തപ്പെടുന്ന രോഗികൾക്ക് ബോധമില്ലെങ്കിലും അവശ്യം അവർക്ക് കേൾവി ഇല്ലാതിരിക്കുന്നില്ല” എന്ന് ജിയോ മാസിക റിപ്പോർട്ടുചെയ്യുന്നു. ശ്രവണചോദനത്തെ രേഖപ്പെടുത്തുന്നതിനുള്ള തലച്ചോറിന്റെ പ്രാപ്തി രോഗിയെ വേണ്ടത്ര ബോധംകെടുത്തുമ്പോൾപോലും നിർബാധം തുടരാൻ കഴിയും. ചില സന്ദർഭങ്ങളിൽ ബോധം കെടുത്തിയിരിക്കുന്ന രോഗികൾ ഓപ്പറേഷൻ മുറിയിൽ പറയപ്പെട്ട കാര്യങ്ങളെ ശ്രദ്ധിക്കയും പിന്നീട് ഓർക്കുകയും ചെയ്തിട്ടുള്ളതെന്തുകൊണ്ടെന്ന് ഇതിന് വിശദീകരിക്കാൻ കഴിയും. ഒരു മ്യൂണിച്ച് ഡോക്ടർ ഇങ്ങനെ വിശദീകരിക്കുന്നു: “ബോധം കെടുത്തപ്പെട്ട രോഗി ഉണർന്നിരിക്കുന്നുവെന്നതുപോലെ ഒരുവൻ അയാളോട് പെരുമാറേണ്ടതാണ്.” ഇതിൽ ശുഭാപ്തിവിശ്വാസത്തോടുകൂടിയ പ്രസ്താവനകൾ ചെയ്യുന്നതും രോഗിയേക്കുറിച്ച് നിന്ദകമൊ ദുഃഖമുണ്ടാക്കുന്നതോ ആയ അഭിപ്രായങ്ങൾ ഒഴിവാക്കുന്നതും ഉൾപ്പെടുന്നു. (g88 7/8)