ജപ്പാനിൽ എല്ലാററനും ഒരു സമയം
ജപ്പാനിലെ ഉണരുക! ലേഖകൻ
ജപ്പാനിലെ ഗ്രാമത്തിൽനിന്നുള്ള ഒരു ചെറുപ്പക്കാരൻ കോളജ് പഠനത്തിനായി റേറാക്കിയോയിലേക്കു മാറിപ്പാർത്തു. അവിടെ അയാൾ സുന്ദരിയും ബുദ്ധിമതിയുമായ ഒരു പെൺകുട്ടിയെ കാണുകയും അവളെ വിവാഹംകഴിക്കാൻ തീരുമാനിക്കുകയുംചെയ്തു. എന്നാൽ അയാളുടെ കുടുംബം ഈ പ്രേമാഭ്യർത്ഥനയെ ശക്തമായി എതിർത്തതിനാൽ യുവാവ് തന്റെ പ്രേമം ഉപേക്ഷിക്കാൻ നിർബന്ധിതനായി. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ജപ്പാനിലെ പരമ്പരാഗത പഞ്ചാംഗമനുസരിച്ച് അയാളുടെ ജൻമവർഷവും അവളുടെ ജൻമവർഷവും തമ്മിൽ പൊരുത്തമില്ലെന്നു പരിഗണിക്കപ്പെട്ടു.
വാച്ച്ററവർ സൊസൈററിയുടെ ജാപ്പനീസ് ബ്രാഞ്ച് എബീനായിൽ ഒരു പുതിയ വസതിക്കുവേണ്ടി സ്ററീൽചട്ടത്തിന്റെ പണി തുടങ്ങാനാഗ്രഹിച്ചു. എന്നാൽ പരമ്പരാഗത ജാപ്പനീസ്പഞ്ചാംഗപ്രകാരം നിർദ്ദിഷ്ടദിവസം ഒരു “ഭാഗ്യമില്ലാഞ്ഞ ദിവസം” ആയിരുന്നതുകൊണ്ട് സ്ററീൽനിർമ്മാണക്കമ്പനി അന്നു പണിതുടങ്ങുന്നതിന് വിസമ്മതിച്ചു.
എന്നാൽ, എല്ലാ പ്രവർത്തനത്തിനും ഒരു മുഹൂർത്തം നിർദ്ദേശിക്കുന്ന ആഴത്തിൽ വേരൂന്നിയ ഒരു പാരമ്പര്യം അവിടെയുണ്ട്. ജപ്പാനിൽ സകലവും ചെയ്യുന്നതിന് അല്ലെങ്കിൽ ചെയ്യാതിരിക്കുന്നതിന് ഒരു സമയമുണ്ട്. സമയത്തെക്കുറിച്ചുള്ള അത്തരം വ്യവസ്ഥാപിതമായ, അന്ധവിശ്വാസപരമായ ധാരണ ഉൽഭവിച്ചതെങ്ങനെയാണ്? ആധുനിക ജാപ്പനീസ് സമുദായത്തിലെ ജീവിതം എത്രത്തോളം ബാധിക്കപ്പെട്ടിരിക്കുന്നു? സംഗതിയുടെ ഗ്രാഹ്യം നമ്മെ എങ്ങനെ ബാധിക്കും?
പരമ്പരാഗത ജാപ്പനീസ് കലണ്ടർ
ജപ്പാനിൽ പാശ്ചാത്യരീതിയിലുള്ള പഞ്ചാംഗം പൊതു ഉപയോഗത്തിലുണ്ടെങ്കിലും ക്രി. വ. 604-ൽ ചൈനയിൽനിന്ന് സ്വീകരിച്ച ഒരു പുരാതന ചാന്ദ്രപഞ്ചാംഗം മിക്കപ്പോഴും അതോടൊപ്പം ഉപയോഗിക്കപ്പെടുന്നു. സമയം കണക്കാക്കുന്ന ഈ പദ്ധതി ഒരു അറുപതുവർഷ ചക്രത്തിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു. അത് 10 ദിവ്യ കാണ്ഡങ്ങളും 12 ഭൗമ ശാഖകളും എന്നു വിളിക്കപ്പെടുന്ന പ്രതീകങ്ങളുടെ രണ്ടു കൂട്ടങ്ങളുടെ പരസ്പരമാററത്താലും സംയോജനത്താലും നിർമ്മിതമാണ്.
ജാപ്പനീസ് ഭാഷ്യത്തിൽ ആദ്യം പറഞ്ഞത് (പത്ത് കാണ്ഡങ്ങൾ) പ്രപഞ്ചത്തെ സംബന്ധിച്ച ജാപ്പനീസ് ധാരണയിൽ അധിഷ്ഠിതമാണ്. പ്രപഞ്ചം പഞ്ചമൂലകങ്ങൾചേർന്നുണ്ടായതാണെന്ന് പറയപ്പെടുന്നു—മരം, തീ, ഭൂമി, ലോഹം, വെള്ളം—ഓരോ മൂലകത്തിനും രണ്ടു വശങ്ങളുണ്ട്: യാംഗും (ആൺ അഥവാ ശോഭ, ചൂട്, വരൾച, പ്രവർത്തനം മുതലായ അധികഗുണവിശേഷങ്ങൾ) യിന്നും (പെൺ, അഥവാ ഇരുട്ട്, തണുപ്പ്, നനവ്, നിഷ്ക്രിയത്വം ). 12 ഭൗമ ശാഖകൾ 12 മൃഗങ്ങളുടെ ഒരു പരമ്പരയാൽ—എലി, കാള, കടുവാ, മാൻ, മഹാസർപ്പം, പാമ്പ്, കുതിര, ആട്, കുരങ്ങ്, പൂവൻകോഴി, പട്ടി, ആൺപന്നി—പ്രതിനിധാനംചെയ്യപ്പെടുന്നു.
ആദ്യത്തെ കാണ്ഡം ആദ്യശാഖയുമായി, അതായത് മര-യാംഗ് എലിയുമായി സംയോജിക്കുന്നതോടെ ചക്രം തുടങ്ങുന്നു. രണ്ടാമത്തെ കാണ്ഡം രണ്ടാമത്തെ ബ്രാഞ്ചുമായി അഥവാ മര-യിൻ കാളയുമായി സംയോജിക്കുന്നതാണ് അടുത്തത്. തുടർന്ന് തീ-യാംഗ് കടുവാ, തീ-യിൻ മാൻ, എന്നിവ പിന്തുടരുന്നു. ഈ രീതിയിലുള്ള മൊത്തം സംയോജനങ്ങൾ 60 ആണ്, അങ്ങനെയാണ് അറുപതുകളുടെ ചക്രം ഉണ്ടാകുന്നത്. ദിവസങ്ങളും മാസങ്ങളും വർഷങ്ങളും 60കളുടെ അതേ ചക്രത്താൽ എണ്ണപ്പെടുന്നു. ക്രി.വ. 604 എന്ന വർഷത്തിലാണ് ആദ്യചക്രം തടങ്ങിയത്. അതിനുശേഷം ഓരോ 60 വർഷവും കഴിയുമ്പോൾ പുതിയ ചക്രം തുടങ്ങുന്നു. ഇപ്പോഴത്തെ ചക്രം തുടങ്ങിയത് 1984ൽ ആയിരുന്നു. അതുകൊണ്ട് 1988 എന്തായിരിക്കും? അത് ചക്രത്തിലെ അഞ്ചാമത്തെ വർഷമായതുകൊണ്ട്, അത് ഒരു ഭൂ-യാംഗ്-മഹാസർപ്പ വർഷമാണ്.
“സമയങ്ങൾ നിശ്ചയിക്കുന്ന” പഞ്ചാംഗം
പ്രകടമായ ജ്യോതിഷ ബന്ധങ്ങൾ നിമിത്തം ചക്രത്തിലെ പ്രതീകങ്ങൾ പെട്ടെന്നുതന്നെ അന്ധവിശ്വാസപരമായ അർത്ഥങ്ങൾ വഹിക്കുന്നവയായിത്തീരാനിടയായി. ഈ വിവിധ അന്ധവിശ്വാസപരമായ ആശയങ്ങളും നിരീക്ഷണങ്ങളും ഒടുവിൽ ഒരു പഞ്ചാംഗത്തിൽ അച്ചടിക്കപ്പെട്ടു. ഇന്നുപോലും അനേകം ജപ്പാൻകാർ അനുദിനജീവിതത്തിലെ സകലതരം പ്രവർത്തനങ്ങളിലെയും ഭാഗ്യവും ദൗർഭാഗ്യവും വിജയവും പരാജയവും നിശ്ചയിക്കുന്നതിന് ഇപ്പോഴും ഈ പഞ്ചാംഗത്തിൽ നോക്കുന്നു.
ദൃഷ്ടാന്തമായി, ജപ്പാനിൽ ഒരു പ്രത്യേകവർഷത്തിൽ ജനിച്ച ഒരാൾ ആ വർഷത്തേക്കുള്ള സംയോജനത്തിൽ പ്രതിനിധാനംചെയ്യപ്പെടുന്ന മൃഗത്തിന്റെ സ്വഭാവങ്ങൾ ആർജ്ജിക്കുന്നുവെന്ന് ഇപ്പോഴും അനേകർ വിശ്വസിക്കുന്നു. പന്നിയുടെ അടയാളത്തിൽ ജനിച്ചവർ അസ്വസ്ഥരും പിശുക്കരുമാണെന്ന് പറയപ്പെടുന്നു; കാളയുടെ വർഷത്തിൽ ജനിച്ചവർ ക്ഷമയും സാവധാനതയുമുള്ളവരാണ്; കടുവാ, കർക്കശരും പരുഷരും; പാമ്പ്, സംശയമുള്ളവരും മററുള്ളവരോടൊത്ത് കഴിയാൻ പ്രയാസമുള്ളവരും. ‘ഓ, അവൾ പാമ്പിന്റെ വർഷത്തിൽ ജനിച്ചവളാണ്—അതുകൊണ്ടാണ് അവൾ അങ്ങനെയായിരിക്കുന്നത്!’ അത്തരം പ്രസ്താവനകൾ ഇപ്പോഴും ജപ്പാനിൽ സാധാരണയായി കേൾക്കപ്പെടുന്നുണ്ട്.
പഞ്ചാംഗമനുസരിച്ച്, തീ-യാംഗ്-കുതിര വർഷത്തിൽ (43-ാം ചക്രം) ജനിച്ച സ്ത്രീകൾ വിശേഷിച്ച് തങ്ങളുടെ ഭർത്താക്കൻമാരെ കൊല്ലാൻ ചായ്വുള്ള ധിക്കാരികളാണ് എന്ന് സങ്കൽപ്പിക്കപ്പെടുന്നു. തൽഫലമായി, ആളുകൾ വിശേഷാൽ ജപ്പാനിലെ ഗ്രാമങ്ങളിലുള്ളവർ, ആ വർഷം കുട്ടികളുണ്ടാകുന്നതൊഴിവാക്കുന്നു, ഇത് സ്കൂൾക്ലാസ്സുകളുടെ വലിപ്പത്തിൽ ഗണ്യമായ കുറവു വരുത്തുന്നു. അങ്ങനെ, 1985 ഒക്ടോബറിൽ ആഷി ഷിംബുൺ എന്ന വർത്തമാനപ്പത്രം “തിങ്ങിനിറഞ്ഞ സ്കൂളുകളുടെ പാപ്പരത്വം കുതിച്ചുയരുന്നു” എന്ന തലക്കെട്ടിൽ വിശദീകരിച്ചപ്രകാരം 1966ൽ (ഒരു തീ-യാംഗ് -കുതിര വർഷം) ജപ്പാനിലെ ജനനങ്ങൾ സാധാരണയിലും ഗണ്യമായി കുറവായിരുന്നു, ആ വർഷം ജനിച്ച കുട്ടികളാണ് സാധാരണഗതിയിൽ 1984ലും 1985ലും സ്കൂളുകളിലുണ്ടായിരുന്നത്.
ചക്രത്തിലെ ചില ദിവസങ്ങൾ ശുഭമാണെന്നും അല്ലെങ്കിൽ ഭാഗ്യകരമാണെന്നും മററു ചിലത് മറിച്ചാണെന്നും കരുതപ്പെടുന്നു. ഒടുവിൽ പറഞ്ഞതിൽപെട്ടതാണ് ഗോമുനിച്ചി അഥവാ അഞ്ച് കല്ലറദിവസങ്ങൾ. അന്ന് നിലത്തെ ശല്യപ്പെടുത്തുകയോ നീക്കുകയോ ചെയ്യരുത്. മിക്കയാളുകളും ജാഗ്രതയോടെ അങ്ങനെയുള്ള ദിവസങ്ങളിൽ ഒരു ശവസംസ്കാരം നടത്തുന്നത് ഒഴിവാക്കുന്നു, എന്തുകൊണ്ടെന്നാൽ ആരും അഞ്ച് കല്ലറകളിൽ വീഴാൻ ആഗ്രഹിക്കുന്നില്ല, അതായത് അഞ്ചുപേർ മരിക്കാനാഗ്രഹിക്കുന്നില്ല. ഏതു മുഖ്യകാര്യം നടത്തുന്നതിനു മുമ്പും ഒരുവൻ പഞ്ചാംഗം പരിശോധിച്ചു തിട്ടപ്പെടുത്തുന്നു.
കലണ്ടറും ആൽമനാക്കും വിവാഹങ്ങളിൽ വിശേഷാൽ പ്രാധാന്യമുള്ള ഒരു പങ്കു വഹിക്കുന്നു. ഇക്കാലത്ത് പത്ത് ഇണകളിൽ നാലും തങ്ങളുടേത് ഒരു “പ്രേമവിവാഹ”മാണെന്ന് പറയുന്നുവെങ്കിലും ക്രമീകരിക്കപ്പെടുന്ന വിവാഹങ്ങൾ ഇപ്പോഴും ജപ്പാനിൽ സാധാരണമാണ്. പൊരുത്തം മുൻകൂട്ടിപ്പറയൽ ഇപ്പോഴും കൗതുകകരമായ വിഷയമാണ്. ആൽമനാക്ക് വിവാഹത്തിന്റെ ശുഭമുഹൂർത്തം അറിയിക്കുകമാത്രമല്ല ആരൊക്കെ പൊരുത്തമുള്ളവരാണെന്നു പറയുകയുംചെയ്യുന്നു. ദൃഷ്ടാന്തമായി, എലിയുടെ വർഷത്തിൽ (1948, 1960, 1972) ജനിച്ച ഒരാൾക്ക് മഹാസർപ്പത്തിന്റെ വർഷത്തിൽ (1952, 1964, 1976) ജനിച്ച ഒരാളുമായി അഥവാ കുരങ്ങിന്റെ (1956, 1968, 1980) അല്ലെങ്കിൽ കാളയുടെ (1949, 1961, 1973) വർഷത്തിൽ ജനിച്ച ഒരാളുമായി വിശേഷാൽ പൊരുത്തമുണ്ടായിരിക്കും. “പ്രേമവിവാഹങ്ങളിൽ”പോലും “പൊരുത്തമുള്ള” ജൻമവർഷത്തിൽപെട്ട ഒരാളെ വിവാഹംചെയ്യാൻ ബന്ധുക്കൾ സമ്മർദ്ദംചെലുത്തുന്നു.
അത്തരമൊരു “നിശ്ചിത”വ്യവസ്ഥയുടെ ഫലം
പുരാതന ജാപ്പനീസ് സമുദായത്തിലെ ജീവിതത്തിൽ അറിയപ്പെടാത്തതിനെക്കുറിച്ചുള്ള ഭയവും ഭാഗ്യാന്വേഷണവും കർശനമായ സ്വാധീനംചെലുത്തുകയുണ്ടായി. മിക്കവാറും നൂറു ശതമാനം സാക്ഷരതയും പുരോഗമിച്ച സാങ്കേതികവിദ്യയുമുണ്ടായിട്ടും ആധുനികജപ്പാനിൽ അന്ധവിശ്വാസത്തിന്റെ ശക്തമായ പിടിക്ക് അശേഷവും കുറവുണ്ടായിട്ടില്ല.
വിദ്യാഭ്യാസമന്ത്രാലയം 1950-ൽ നടത്തിയ ഒരു സർവ്വേ, ഉത്തരംനൽകിയ 6373 പേരിൽ ശുഭവും അശുഭവുമായ ദിവസങ്ങളെക്കുറിച്ചുള്ള ആശയങ്ങൾ “തീർച്ചയായും സത്യ”മാണെന്ന് 33 ശതമാനവും “സത്യമായിരിക്കാൻ സാദ്ധ്യതയുണ്ടെന്ന്” 44 ശതമാനവും പറഞ്ഞു. വിവാഹപ്പൊരുത്തം മുൻകൂട്ടിപ്പറയുന്നതു സംബന്ധിച്ച് 23 ശതമാനം “തീർച്ചയായും സത്യ”മാണെന്നും 36 ശതമാനം “സത്യമായിരിക്കാൻ സാദ്ധ്യത”യുണ്ടെന്നും ഉത്തരം പറഞ്ഞു. ഒരു കഴിഞ്ഞകാല സംഗതിയായിരിക്കുന്നതിനു പകരം സർവേയിൽ ഉൾപ്പെട്ട ആളുകളുടെ പകുതി മുതൽ മുക്കാൽ വരെ ഭാഗം ഇപ്പോഴും അത്തരം അന്ധവിശ്വാസപരമായ ആശയങ്ങൾ വിശ്വസിക്കുന്നു. ജാപ്പനീസ് മതം പറയുന്നതുപോലെ, “അത് ജനങ്ങളുടെ ജീവിതരീതിയുടെ ഭാഗമാണ്.”
എന്നാൽ അങ്ങനെയുള്ള വിശ്വാസങ്ങൾ ആളുകളെ എങ്ങനെ ബാധിക്കുന്നു? ഒരു സംഗതി, അന്ധവിശ്വാസപരമായ ആശയങ്ങളുടെ സ്വേച്ഛാപരമായ ആജ്ഞകൾ യാന്ത്രികമായി പിൻതുടരുന്നതിനാൽ ഒരു വ്യക്തിക്ക് വ്യക്തിപരമായ കാര്യങ്ങൾ സംബന്ധിച്ച് ചിന്തിക്കുന്നതിനും ന്യായവാദംചെയ്യുന്നതിനുമുള്ള പ്രാപ്തി നഷ്ടപ്പെട്ടുതുടങ്ങിയേക്കാം. എത്ര ന്യായരഹിതവും യുക്തിരഹിതവുമായിരുന്നാലും ആൽമനാക്കിൽനിന്നുള്ള മൊഴികളും ഉപദേശവും നിർദ്ദേശങ്ങളും അയാൾ ജീവിതത്തിൽ എടുക്കേണ്ട തീരുമാനങ്ങളെ ഭരിക്കാനിടയാകുന്നു. പെട്ടെന്നുതന്നെ, അയാൾ ആൽമനാക്ക് പരിശോധിക്കാതെ യാതൊരു തീരുമാനവും എടുക്കാൻ പ്രാപ്തനല്ലാതായിത്തീർന്നേക്കാം.
“മുഹൂർത്ത”ങ്ങളിലും ഭാഗ്യത്തിലുമുള്ള വിശ്വാസം വിധിയിലുള്ള വിശ്വാസവും വളർത്തുന്നു. എന്തെങ്കിലും ഉദ്യമം പരാജയപ്പെടുകയോ തെററിപ്പോകുകയോ ചെയ്യുമ്പോൾ അത് ദൗർഭാഗ്യംകൊണ്ടോ മോശമായ കാലംകൊണ്ടോ ആണെന്ന് പറയുക എളുപ്പമാണ്. പരാജയത്തിന്റെ യഥാർത്ഥ കാരണം അന്വേഷിക്കുന്നതിനു പകരം, ഒരുവൻ മെച്ചപ്പെട്ട ഭാഗ്യത്തിനായി ആശിച്ചുകൊണ്ടു മുന്നോട്ടു പോകുന്നു. ഇത് കൂടുതൽ നിരാശയിൽ കലാശിക്കുമ്പോൾ ഒന്നാമതുതന്നെ വിജയം തനിക്കുള്ളതല്ലെന്നുള്ള വസ്തുതയിലേക്ക് വ്യക്തി കേവലം പിൻവലിഞ്ഞേക്കാം. അത്തരമൊരു വിഷമവൃത്തം ആളുകളെ കൂടുതൽ ആഴത്തിൽ അന്ധവിശ്വാസത്തിന്റെയും ഭയത്തിന്റെയും അടിമകളാക്കുകയേ ഉള്ളു.
എന്തെങ്കിലും പ്രത്യാശയുണ്ടോ? ഉണ്ട്, തീർച്ച. ഇപ്പോൾത്തന്നെ ജപ്പാനിലെ 1,25,000ൽപരം യഹോവയുടെ സാക്ഷികൾ, “നിങ്ങൾ സത്യമറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയുംചെയ്യും” എന്ന ബൈബിൾവാഗ്ദത്തം അനുഭവിച്ചറിഞ്ഞിരിക്കുന്നു (യോഹന്നാൻ 8:32) ഇതിൽ അന്ധവിശ്വാസത്തിന്റെ അടിമത്വത്തിൽനിന്നുള്ള സ്വാതന്ത്ര്യവും ഉൾപ്പെടുന്നു. ബൈബിൾപഠനം അവരെ വ്യക്തമായ ചിന്താപ്രാപ്തിയിലേക്ക് നയിച്ചിരിക്കുന്നു, ആത്മവിശ്വാസം മെച്ചപ്പെടുത്തിയിരിക്കുന്നു, ഒരു സന്തുഷ്ടഭാവിയിലുള്ള പ്രത്യാശയും തൽഫലമായുള്ള സന്തോഷവും വർദ്ധിപ്പിച്ചിരിക്കുന്നു. (g88 7/8)
[23-ാം പേജിലെ ചിത്രങ്ങൾ]
മിക്കപ്പോഴും വിവാഹപങ്കാളികളും വിവാഹദിനങ്ങളും പഞ്ചാംഗം പരിശോധിച്ചിട്ട് തെരഞ്ഞെടുക്കപ്പെടുന്നു