പുതിയ ആശയങ്ങളെ സ്വാഗതം ചെയ്യേണ്ടതെന്തുകൊണ്ട്?
മൂടൽമഞ്ഞിന്റെ മറ ക്രമേണ ഉയർന്നപ്പോൾ അമേരിക്കൻ കമഡോറായ മാത്യൂ സി. പെറി തന്റെ ഫ്ളാഗ്ഷിപ്പായ സസക്വെഹന്നയിൽനിന്ന് ഫുജി പർവതം വീക്ഷിച്ചു. അദ്ദേഹം ജപ്പാൻ കാണാൻ കാംക്ഷിച്ചിരുന്നു. ഒടുവിൽ ഏഴു മാസത്തെ സമുദ്രയാത്രക്കുശേഷം 1853 ജൂലൈ 8-ന് അവിടെയെത്തി. ആ രാജ്യത്തെസംബന്ധിച്ചു ലഭ്യമായ സകല റിപ്പോർട്ടുകളും കമഡോർ പഠിച്ചിരുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഈ “സ്വയം ഒററപ്പെട്ടു കിടന്ന രാജ്യത്തെ” ലോകത്തിനു തുറന്നുകൊടുക്കാൻ അയാൾ ആശിച്ചു.
തീർച്ചയായും സ്വയം ഒററപ്പെട്ടതുതന്നെ! 200ൽപരം വർഷംമുമ്പ് ചൈന, കൊറിയ, ഹോളണ്ട് എന്നിവ ഒഴിച്ച് എല്ലാ രാജ്യങ്ങളുമായി ജപ്പാൻ വ്യാപാരപരവും സാംസ്ക്കാരികവുമായ ബന്ധങ്ങൾ വിച്ഛേദിച്ചിരുന്നു. അനന്തരം ആ ജനത ശല്യം കൂടാതെയുള്ള അലംഭാവത്തിൽ പിന്തിരിഞ്ഞിരുന്നു. ആ അവസ്ഥയിൽ അത് പുതിയ ആശയങ്ങളെ ചെറുത്തുനിൽക്കുകയും തങ്ങളുടെ സ്വന്തത്തിൽനിന്നു വ്യത്യാസപ്പെട്ട അഭിപ്രായങ്ങൾ ശ്രദ്ധിക്കാൻ വിസമ്മതിക്കുകയുംചെയ്യുന്ന അനേകം വ്യക്തികളേപ്പോലെയായിരുന്നു. ചില വിധങ്ങളിൽ ഇത് ആശ്വാസപ്രദമായിരിക്കാൻ കഴിയും, എന്തുകൊണ്ടെന്നാൽ പുതിയ ആശയങ്ങൾ ഉറക്കാത്തവയും ഭീതിപ്പെടുത്തുന്നതുപോലുമായിരിക്കാൻ കഴിയും. എന്നാൽ അത്തരമൊരു നിലപാട് ജ്ഞാനപൂർവകമാണോ? ശരി, ജപ്പാന്റെ ഒററപ്പെടൽനയത്തിന്റെ ഫലങ്ങൾ പരിചിന്തിക്കുക.
ജപ്പാന്റെ ഏകാന്തവാസത്തിലേക്കു നയിച്ചതെന്തായിരുന്നു?
കാരണം കൂടാതെയല്ല ജപ്പാൻ തന്നേത്തന്നെ ഒററപ്പെടുത്തിയത്. 1549-ൽ ജസ്യൂട്ട് മിഷനറിയായ ഫ്രാൻസിസ് സേവ്യർ തന്റെ മതം പ്രചരിപ്പിക്കാൻ ജപ്പാനിൽ വന്നെത്തി. ചുരുങ്ങിയ ഒരു കാലഘട്ടംകൊണ്ട് ആ ദേശത്ത് റോമൻ കത്തോലിക്കാ വിശ്വാസം പ്രമുഖമായിത്തീർന്നു. ആ കാലത്തെ ഭരണാധികാരികൾക്ക് ഒരു ബുദ്ധമതവിഭാഗത്താലുള്ള മതമത്സരം അനുഭവപ്പെട്ടിരുന്നു, കത്തോലിക്കരുടെ ഇടയിലും അതിനുള്ള സാദ്ധ്യത കാണുകയും ചെയ്തു. അതുകൊണ്ട്, കത്തോലിക്കാമതം നിരോധിക്കപ്പെട്ടു, എന്നാൽ നിരോധനം കർശനമായി നടപ്പിലാക്കപ്പെട്ടില്ല.
ജപ്പാൻ “ദിവ്യജനത”യാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഭരണാധികാരികൾ തങ്ങളുടെ വ്യവസ്ഥിതിയെ ഭീഷണിപ്പെടുത്താൻ ഒരു “ക്രിസ്തീയമത”ത്തെ അനുവദിക്കാൻ ഉദ്ദേശിച്ചില്ല. ആ സ്ഥിതിക്ക് അവർ കത്തോലിക്കാമതത്തിൻമേലുള്ള നിരോധനം കൂടുതൽ കർശനമായി നടപ്പിലാക്കാഞ്ഞതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ കത്തോലിക്കാ മിഷനറിമാർ പോർട്ടുഗീസ് കച്ചവടക്കപ്പലുകളിലാണ് വന്നത്. ഭരണകൂടം ആ കപ്പലുകൾ തങ്ങൾക്കു നേടിത്തരുന്ന ആദായങ്ങൾ കാംക്ഷിച്ചു. എന്നിരുന്നാലും, കത്തോലിക്കർ ജപ്പാൻകാരെ സ്വാധീനിക്കുമെന്നുള്ള ഭയം ക്രമേണ ഭരണാധികാരികളുടെ വ്യാപാരമോഹത്തെക്കാൾ മുൻതൂക്കമുള്ളതായിത്തീർന്നു. അങ്ങനെ, അവർ വിദേശവ്യാപാരത്തിൻമേലും കുടിയേററത്തിൻമേലും “ക്രിസ്ത്യാനികളുടെ”മേലുമുള്ള നിയന്ത്രണം മുറുക്കിക്കൊണ്ട് ശാസനങ്ങൾ പുറപ്പെടുവിച്ചു.
പീഡിപ്പിക്കപ്പെട്ടവരും ഞെരുക്കപ്പെട്ടവരുമായ “ക്രിസ്ത്യാനികൾ” ഒരു പ്രാദേശിക ഫ്യൂഡൽ പ്രഭുവിനോടു മത്സരിച്ചപ്പോൾ അത് അവസാനത്തെ ന്യായമായിത്തീർന്നു. വിപ്ലവത്തെ കത്തോലിക്കാ പ്രചരണത്തിന്റെ നേരിട്ടുള്ള ഒരു ഫലമായി വീക്ഷിച്ചുകൊണ്ട് കേന്ദ്ര ഷോഗുണററ് ഭരണകൂടം പോർട്ടുഗീസുകാരെ ബഹിഷ്ക്കരിക്കുകയും ജപ്പാൻകാർ വിദേശത്തുപോകുന്നതിനെ വിലക്കുകയുംചെയ്തു. 1639-ൽ ഈ ശാസനം പുറപ്പെടുവിച്ചതോടെ ജപ്പാന്റെ ഏകാന്തവാസം ഒരു യാഥാർത്ഥ്യമായിത്തീർന്നു.
ജപ്പാനുമായി വ്യാപാരം തുടരാൻ അനുവദിക്കപ്പെട്ട ഏക പാശ്ചാത്യർ ഡച്ചുകാരായിരുന്നു. അവർ അന്ന് നാഗസാക്കി തുറമുഖത്തെ ഒരു ചെറിയ ദ്വീപായിരുന്ന ഡജിമായിൽ ഒതുക്കിനിർത്തപ്പെട്ടു. 200 വർഷക്കാലം, ഇപ്പോൾ വീണ്ടെടുക്കപ്പെട്ട ഡജിമായിലൂടെ മാത്രം പാശ്ചാത്യസംസ്ക്കാരം ജപ്പാനിലേക്കു ചോർന്നുകൊണ്ടിരുന്നു. ഓരോ വർഷവും ദ്വീപിലെ വ്യാപാരഡയറക്ടർ “ഡച്ച് റിപ്പോർട്ട്” സമർപ്പിച്ചിരുന്നു. അത് പുറംലോകത്തിൽ എന്തു സംഭവിക്കുന്നുവെന്ന് അറിയാൻ ഭരണകൂടത്തെ അനുവദിച്ചു. എന്നാൽ മററാരും ഈ റിപ്പോർട്ടുകൾ കാണുന്നില്ലെന്ന് ഷോഗുണററ് ഭരണകൂടം ഉറപ്പുവരുത്തി. അങ്ങനെ കോമഡോർ പെറി 1853-ൽ അവരുടെ വാതിൽക്കൽ മുട്ടുന്നതുവരെ ജപ്പാൻകാർ ഒററപ്പെട്ടു ജീവിച്ചിരുന്നു.
ഏകാന്തവാസത്തിന്റെ അവസാനം
പെറിയുടെ വലിയ കരിംകപ്പലുകൾ ഇഡോ ഉൾക്കടലിലേക്ക് ആവിശക്തിയാൽ ഊററമായി പാഞ്ഞടുത്തപ്പോൾ അവ പുകതുപ്പിക്കൊണ്ട് തദ്ദേശീയ മീൻപിടുത്തക്കാരെ സ്തംഭിപ്പിച്ചു. അവ ചലിക്കുന്ന അഗ്നിപർവതങ്ങളാണെന്ന് അവർ വിചാരിച്ചു. ഇഡോയിലെ (ഇപ്പോൾ ടോക്യോ) പൗരൻമാർ അന്ധാളിച്ചു. അനേകർ തങ്ങളുടെ ഗൃഹോപകരണങ്ങളുമായി നഗരത്തിൽനിന്ന് ഓടിപ്പോയി. ഈ പുറപ്പാട് വളരെ വലുതായിരുന്നതിനാൽ ജനങ്ങളെ ശാന്തരാക്കാൻ ഭരണകൂടം ഒരു ഔദ്യോഗിക അറിയിപ്പു പുറപ്പെടുവിക്കേണ്ടിവന്നു.
കമഡോർ പെറിയുടെ നേതൃത്വത്തിലുള്ള ആവിക്കപ്പലുകൾമാത്രമല്ല അദ്ദേഹം കൊണ്ടുവന്ന സമ്മാനങ്ങളും ഒററപ്പെട്ടിരുന്ന ജനത്തെ സ്തംഭിപ്പിച്ചു. ഒരു കെട്ടിടത്തിൽനിന്ന് മറെറാന്നിലേക്ക് കമ്പിസന്ദേശങ്ങൾ അയക്കുന്നതിന്റെ ഒരു പ്രകടനം അവരെ അത്ഭുതപരതന്ത്രരാക്കി. പെറിയുടെ മേൽനോട്ടത്തിൽ സമാഹരിക്കപ്പെട്ട, ചൈനാസമുദ്രങ്ങളിലേക്കും ജപ്പാനിലേക്കുമുള്ള ഒരു അമേരിക്കൻ സേനാവിഭാഗത്തിന്റെ പര്യടനംസംബന്ധിച്ച വിവരണം “ആറു വയസ്സുള്ള ഒരു കുട്ടിയെപ്പോലും വഹിക്കാൻ കഴിയാത്ത” ഒരു ചെറിയ തീവണ്ടിയന്ത്രത്തിൻമേൽ ചാടിക്കയറുന്നതിൽനിന്ന് പിൻമാറാൻകഴിയാഞ്ഞ ജാപ്പനീസ്ഉദ്യോഗസ്ഥൻമാരെക്കുറിച്ചു പറയുന്നു. ഒരു മാന്യനായ ഉയർന്ന ഉദ്യോഗസ്ഥൻപോലും “തന്റെ കാററത്തുലയുന്ന അയഞ്ഞ അങ്കികളുമായി” അതിന്റെ മേൽപ്പുരയിൽ പററിപ്പിടിച്ചുനിന്നു.
പെറി അടുത്തവർഷം രണ്ടാമതു സന്ദർശിച്ചതോടെ ജപ്പാനിലേക്കുള്ള വാതിൽ പൂർണ്ണമായും തുറക്കപ്പെട്ടു. സമ്മർദ്ദത്തിനു വഴങ്ങി ഭരണകൂടം രാജ്യം തുറന്നുകൊടുത്തു. ജപ്പാന്റെ ഏകാന്തത സംരക്ഷിക്കാനാഗ്രഹിച്ച കടുത്ത ഏകാന്തവാസികൾ ഭീകരപ്രവർത്തനത്തെ ആശ്രയിക്കുകയും ഭരണകൂടത്തിലെ മുഖ്യമന്ത്രിയെ വധിക്കുകയും വിദേശികളെ ആക്രമിക്കുകയുംചെയ്തു. ഏകാന്തതല്പരരായ ചില പ്രഭുക്കൻമാർ വിദേശകപ്പലുകളുടെ നേരെ നിറയൊഴിച്ചു. എന്നിരുന്നാലും അവരുടെ ആക്രമണം ഒടുവിൽ ശമിച്ചു. ചക്രവർത്തി റേറാക്കുഗാവാ ഷോഗുണേററിൽനിന്ന് ഭരണം ഏറെറടുത്തു.
പെറി ജപ്പാനിലേക്കുള്ള വാതിൽ തുറന്ന സമയമായപ്പോഴേക്കും പാശ്ചാത്യരാഷ്ട്രങ്ങൾ വ്യാവസായികവിപ്ലവത്തിലൂടെ കടന്നിരുന്നു. ജപ്പാന്റെ എകാന്തവാസംനിമിത്തം അവൾ വളരെ പിമ്പിൽ വിടപ്പെട്ടിരുന്നു. വ്യാവസായിക രാഷ്ട്രങ്ങൾ ആവിയുടെ ശക്തിയെ ഉപയുക്തമാക്കിയിരുന്നു. 1830കളായതോടെ ആവി എൻജിനുകളും ആവിശക്തികൊണ്ടുള്ള യന്ത്രങ്ങളും പൊതു ഉപയോഗത്തിലായി. ജപ്പാന്റെ ഒററപ്പെടൽനയം വ്യവസായവൽക്കരണത്തിൽ അവൾ വളരെ പിന്നോക്കം പോകാനിടയാക്കി. ഇത് യൂറോപ്പിലേക്കുള്ള ആദ്യത്തെ ജാപ്പനീസ്പ്രതിനിധിസംഘത്തിന് അതിയായി അനുഭവവേദ്യമായി. 1862-ൽ ലണ്ടനിൽ നടന്ന ഒരു പ്രദർശനത്തിൽ ബുദ്ധിമുട്ടുതോന്നിയ ഒരു പ്രതിനിധി പറഞ്ഞപ്രകാരം ജപ്പാന്റെ പ്രദർശനവസ്തുക്കൾ ഒരു “പുരാതനകൗതുകവസ്തുക്കടയിൽ പ്രദർശിപ്പിക്കുന്നതുപോലെ” കടലാസും തടിയുംകൊണ്ടുള്ളവയായിരുന്നു.
യൂറോപ്പിലേക്കും ഐക്യനാടുകളിലേക്കുമുള്ള ജപ്പാന്റെ പ്രതിനിധികൾക്ക് തങ്ങളുടെ രാജ്യത്തെ വ്യവസായവൽക്കരിക്കേണ്ടതിന്റെ അത്യാവശ്യം ബോധ്യപ്പെടുകയും ആകാംക്ഷാപൂർവം ആധുനിക കണ്ടുപിടുത്തങ്ങളും ആശയങ്ങളും അവതരിപ്പിക്കുകയുംചെയ്തു. പെറിയുടെ ആദ്യത്തെ സന്ദർശനത്തിനുശേഷം അറുപത്തിനാലു വർഷം കഴിഞ്ഞ് അയാളുടെ സംഘത്തിൽ അവസാനം ജീവിച്ചിരുന്നയാൾ ജപ്പാൻ സന്ദർശിക്കുകയും ഇങ്ങനെ പറയുകയും ചെയ്തു: “വെറും അറുപതിൽപരം വർഷംകൊണ്ടുള്ള ജപ്പാന്റെ പുരോഗതി എന്നെ അമ്പരപ്പിച്ചു.”
അതുകൊണ്ട് ജപ്പാന്റെ ഏകാന്തവാസനയം അവളുടെ വളർച്ചക്കുള്ള സാദ്ധ്യതയെ അതിയായി പരിമിതപ്പെടുത്തി. പുതിയ ആശയങ്ങൾക്ക് അവളുടെ വാതിലുകൾ തുറന്നത് ജനതക്ക് പല പ്രകാരങ്ങളിൽ പ്രയോജനപ്രദമെന്നു തെളിഞ്ഞു. എന്നിരുന്നാലും, ഇന്ന്, ജപ്പാനിലെ ചിലർ വ്യക്തികളുടെ ഇടയിലെ “മനസ്സിന്റെ ഒരു ഒററപ്പെടലി”ലേക്കു വിരൽചൂണ്ടുകയും അതിനെ പരിഹരിക്കേണ്ട ഒരു പ്രശ്നമായി അവതരിപ്പിക്കുകയും ചെയ്യുന്നു. തീർച്ചയായും പുതിയ ആശയങ്ങളെ ചെറുത്തുനിൽക്കുന്നതിനുള്ള പ്രവണതയെ കീഴടക്കുകയെന്നത് ആധുനികജപ്പാൻകാർക്കു മാത്രമല്ല മുഴു മനുഷ്യർക്കും ഒരു വെല്ലുവിളിയാണ്. നിങ്ങളെയും “മനസ്സിന്റെ ഒററപ്പെടലി”ന്റെ സംഗതിയെയും സംബന്ധിച്ചെന്ത്? നിങ്ങൾ പണ്ട് 1850കളിൽ ജപ്പാൻ ചെയ്തതുപോലെ പുതിയ ആശയങ്ങൾ സംബന്ധിച്ച് നിങ്ങളുടെ മനസ്സുതുറക്കുന്നതിൽനിന്ന് പ്രയോജനമനുഭവിക്കുമോ? (w89 1⁄15)