കഠിനവേല സന്തുഷ്ടി കൈവരുത്തുന്നുവോ?
“ഏതായാലും ജോലി ഒരു മനുഷ്യനെസംബന്ധിച്ച് എല്ലാമാണ്, അല്ലേ?” ജാപ്പനീസ് ബിസിനസ് ലോകത്തിലെ ഒരു പ്രമുഖ മാടമ്പിയായ ബുമ്പി ഓററ്സുക്കി ചോദിച്ചു. താൻ ഒരു വേനൽഅവധി എടുക്കാനാഗ്രഹിക്കാത്തതെന്തുകൊണ്ടെന്ന് അയാൾ വിശദീകരിക്കുകയായിരുന്നു. അയാളുടെ വാക്കുകൾ രാജ്യത്തെ അതിന്റെ യുദ്ധാനന്തര കെടുതിയിൽനിന്ന് പുനർനിർമ്മിച്ച ജപ്പാൻകാരുടെ സംസാരമാതൃകയാണ്. ഐക്യനാടുകളിലെ കോമഡോർ പെറി ജപ്പാനെ അതിന്റെ ദീർഘമായ ഏകാന്തവാസത്തിൽനിന്ന് വിടർത്തിയശേഷം ജപ്പാൻകാർ ഒരു കർമ്മോൽസുകരായ ജനമായി വർണ്ണിക്കപ്പെട്ടിരിക്കുന്നു. അവർ കഠിനവേലക്കാരായിരിക്കുന്നതിൽ അഭിമാനപുളകിതരാണ്.
എന്നിരുന്നാലും, ജപ്പാൻ വളരെ കഠിനമായി ജോലിചെയ്യുന്നതിനു വിമർശിക്കപ്പെടുകയാണ്. വ്യവസായവൽകൃത രാഷ്ട്രങ്ങൾ എന്നു വിളിക്കപ്പെടുന്നവയിൽ ഏററവും നീണ്ട വാർഷിക പ്രവൃത്തിമണിക്കൂർ ഉള്ളത് അതിനാണ്. ജപ്പാൻഗവൺമെൻറ് ജോലിയാസക്തിയുടെ പ്രതിച്ഛായ തുടച്ചുമാററാൻ ശ്രമിക്കുകയാണ്. “‘ഇത്ര കഠിനമായ ജോലി നിർത്തുക’ എന്ന് തൊഴിൽമന്ത്രാലയം പറയുന്നു” എന്നായിരുന്നു ഒരു പത്ര തലക്കെട്ട്. ഈ മന്ത്രാലയം 1987-ലെ വേനൽഅവധിക്കാലത്തേക്കുള്ള അതിന്റെ പ്രസ്ഥാന ലക്ഷ്യത്തിൽ “ഒരു അവധിയെടുക്കുന്നത് നിങ്ങളുടെ യോഗ്യതയുടെ ഒരു തെളിവാണ്” എന്നു പറയാൻ പോലും മുതിർന്നു. മററു വാക്കുകളിൽ പറഞ്ഞാൽ ഗവൺമെൻറ് രാഷ്ട്രത്തോട് “എന്തിന് ഇത്ര കഠിനമായി ജോലിചെയ്യുന്നു”വെന്ന് ചോദിക്കുകയാണ്.
തീർച്ചയായും, ജപ്പാനിലെ എല്ലാവരും അർപ്പണബോധമുള്ള കഠിനജോലിക്കാരല്ല. അടുത്ത കാലത്ത് ജപ്പാൻ പ്രൊഡക്ററിവിററി സെൻറർ 7,000ൽപരം പുതിയ ജോലിക്കാരിൽ നടത്തിയ ഒരു സർവേയിൽ അവരുടെ 7 ശതമാനം മാത്രമേ സ്വകാര്യജീവിതത്തെ അപേക്ഷിച്ചു ജോലിക്കു മുൻഗണന കൊടുത്തുള്ളു. ഈ പ്രവണത മററു രാജ്യങ്ങളിലും കാണാൻ കഴിയും. തങ്ങൾ ശമ്പളം ഗണ്യമാക്കാതെ ജോലിക്കു പൂർണ്ണശ്രദ്ധ കൊടുക്കുന്നുവെന്ന് 18 മുതൽ 29 വരെ വയസ്സു പ്രായമുള്ള ജർമ്മൻകാരുടെ 19 ശതമാനമേ അവകാശപ്പെട്ടുള്ളുവെന്ന് ജർമ്മനിയിലെ അല്ലൻബാസ്ക്കർ ഇൻസ്ററിററ്യൂട്ട് ഫർ ഡമോസ്ക്കോപ്പി മനസ്സിലാക്കുകയുണ്ടായി.
അലസരായ യുവാക്കളെ അപേക്ഷിച്ച് ജപ്പാനിൽ പുറത്തുനിന്നുവന്നു ജോലിചെയ്യുന്നവർ വളരെയധികം കഠിനവേല ചെയ്യുന്നവരാണ്. കായികാദ്ധ്വാനംചെയ്യുന്ന തന്റെ അൽജീറിയൻ തൊഴിലാളിയെസംബന്ധിച്ച് ടോക്കിയോയിലെ ഒരു മുതലാളി പ്രശംസിച്ചുപറയുന്നു. അയാൾ ഇങ്ങനെ പറയുന്നു: “ജപ്പാൻകാർ ഇത്തരം ജോലിക്ക് അപേക്ഷിക്കുകയില്ല, അപേക്ഷിച്ചാൽപോലും അവർ പെട്ടെന്ന് നിർത്തിപ്പിരിയും.” അല്ല, കഠിനജോലി ചെയ്യുന്ന ജപ്പാൻകാർ പോലും ജൻമനാ ഉത്സാഹമുള്ളവരല്ല. ആളുകൾ കഠിനവേല ചെയ്യുമ്പോൾ ശക്തമായ പ്രേരകഘടകമുണ്ടായിരിക്കണം.
കഠിനജോലി ചെയ്യുന്നതിനുള്ള കാരണങ്ങൾ
“ധനം, സ്ഥിരത, സ്വത്തുക്കൾ, ലോകത്തിലെ പുരോഗമനം”—കഠിനജോലിക്കാരായ ജർമ്മൻകാർ ഇവയുടെ പിന്നാലെയാണു പോകുന്നതെന്ന് ജർമ്മൻവാരികയായ ഡെർ സപീജൽ പറയുന്നു. അതെ, അനേകർ ജീവിതത്തിൽ ഒരളവിൽ സ്ഥിരത ആസ്വദിക്കാൻ കഴിയത്തക്കവണ്ണം ഭൗതികധനം നേടാൻ കഠിനവേല ചെയ്യുന്നു. വേറെ ചിലർ “ലോകത്തിൽ പുരോഗമിക്കുന്നതിന്” അല്ലെങ്കിൽ ഉദ്യോഗക്കയററത്തിനായി കഠിനജോലി ചെയ്യുന്നു. അങ്ങനെയുള്ള ലക്ഷ്യങ്ങൾ പിന്തുടരാൻ മത്സരാത്മക വിദ്യാഭ്യാസവ്യവസ്ഥിതിയാൽ ശക്തമായി പ്രേരിപ്പിക്കപ്പെടുന്ന അനേകർ നിർഭാഗ്യവശാൽ വ്യാവസായികലോകത്തിൽ കഠിനദേഹാദ്ധ്വാനംചെയ്യുന്നതിൽ കലാശിക്കുന്നു—അവർ ക്ഷീണിതരാകുകയും എങ്ങും എത്തുപെടാതിരിക്കുകയും ചെയ്യുന്നു.
എന്നിരുന്നാലും, ആളുകൾ കഠിനജോലി ചെയ്യുന്നതിന്റെ കാരണങ്ങൾ പണവും അന്തസ്സും മാത്രമല്ല. ചിലർ ജോലിക്കുവേണ്ടി കഠിനജോലി ചെയ്യുന്നു. അവർക്ക് ജോലിയാണ് സർവസ്വവും. മററു ചിലർ ജോലി ആസ്വദിക്കുന്നു. “ഞാൻ എന്റെ പരീക്ഷണശാലയിൽ ചെയ്തുകൊണ്ടിരുന്നതിൽ എനിക്ക് ഹരമായി, തന്നിമിത്തം ആത്മീയലക്ഷ്യങ്ങൾ പുറന്തള്ളപ്പെട്ടു”വെന്ന് ഹാരുവോ സമ്മതിക്കുന്നു.
ഇനി മററുള്ളവരുടെ സേവനത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള പ്രയോജനകരമായ ആദർശലക്ഷ്യങ്ങൾക്ക് അർപ്പിതരായവരുണ്ട്. അവർ ജീവൻ രക്ഷിക്കാൻ കഠിനവേല ചെയ്യുന്നു. ഉദാഹരണത്തിന് ഒരു അഗ്നിശമനപ്രവർത്തകൻ തന്റെ ഉപകരണം സജ്ജമാക്കിനിർത്താൻ ദിവസവും കഠിനവേല ചെയ്യുന്നു.
എന്നാൽ ഇവയെല്ലാം കഠിനവേല ചെയ്യുന്നതിനുള്ള സാരവത്തായ കാരണങ്ങളാണോ? അവ സന്തുഷ്ടിയിലേക്കു നയിക്കുമോ? തീർച്ചയായും, ഏതു വേലക്ക് നിങ്ങളെ യഥാർത്ഥത്തിൽ സന്തുഷ്ടനാക്കാൻ കഴിയും? (w89 7/15)