അധ്യായം 15
നിങ്ങളുടെ ജോലി ആസ്വദിക്കുക
‘ഓരോരുത്തരും . . . സകല കഠിനാധ്വാനത്തിലും ആസ്വാദനം കണ്ടെത്തണം.’—സഭാപ്രസംഗകൻ 3:13.
1-3. (എ) പലരും തങ്ങളുടെ ജോലിയെ എങ്ങനെയാണു കാണുന്നത്? (ബി) ജോലിയെക്കുറിച്ചുള്ള ബൈബിളിന്റെ വീക്ഷണം എന്താണ്, ഈ അധ്യായം ഏതു ചോദ്യങ്ങൾ വിശകലനം ചെയ്യും?
ആസ്വദിച്ച് ജോലി ചെയ്യാൻ ഇന്നു പലർക്കും കഴിയുന്നില്ല. താത്പര്യമില്ലാത്ത ജോലി മണിക്കൂറുകളോളം ചെയ്യേണ്ടിവരുന്ന അവർക്കു ജോലിക്കു പോകുന്നതിനെക്കുറിച്ച് ഓർക്കാൻപോലും ഇഷ്ടമില്ല. അത്തരക്കാർക്കു ജോലിയോടു താത്പര്യം വളർത്തിയെടുക്കാനും അതിൽ സംതൃപ്തി കണ്ടെത്താനും എങ്ങനെ സാധിക്കും?
2 കഠിനാധ്വാനത്തെക്കുറിച്ച് നല്ലൊരു വീക്ഷണമുണ്ടായിരിക്കാനാണു ബൈബിൾ പ്രോത്സാഹിപ്പിക്കുന്നത്. നമ്മുടെ ജോലിയും പ്രയത്നഫലങ്ങളും ഒരു അനുഗ്രഹമാണെന്ന് അതു പറയുന്നു. “ഓരോരുത്തരും തിന്നുകുടിച്ച് തന്റെ സകല കഠിനാധ്വാനത്തിലും ആസ്വാദനം കണ്ടെത്തുകയും വേണം. ഇതു ദൈവത്തിന്റെ ദാനമാണ്” എന്നു ശലോമോൻ എഴുതുകയുണ്ടായി. (സഭാപ്രസംഗകൻ 3:13) നമ്മളെ സ്നേഹിക്കുന്ന, നമ്മുടെ ക്ഷേമത്തിൽ തത്പരനായ യഹോവ ആഗ്രഹിക്കുന്നത്, നമ്മൾ ജോലിയിൽ സംതൃപ്തി കണ്ടെത്തണമെന്നും നമ്മുടെ പ്രയത്നഫലങ്ങൾ നമ്മൾ ആസ്വദിക്കണമെന്നും ആണ്. ദൈവസ്നേഹത്തിൽ നിലനിൽക്കണമെങ്കിൽ ജോലിയെക്കുറിച്ചുള്ള ദൈവത്തിന്റെ കാഴ്ചപ്പാടു മനസ്സിലാക്കി ദൈവികതത്ത്വങ്ങൾക്കു ചേർച്ചയിൽ നമ്മൾ ജീവിക്കണം.—സഭാപ്രസംഗകൻ 2:24; 5:18 വായിക്കുക.
3 ഈ അധ്യായം പിൻവരുന്ന ചോദ്യങ്ങൾ വിശകലനം ചെയ്യുന്നതായിരിക്കും: നമുക്ക് എങ്ങനെ ആസ്വദിച്ച് ജോലി ചെയ്യാം? ഏതുതരം ജോലികളാണു ക്രിസ്ത്യാനികൾക്കു സ്വീകാര്യമല്ലാത്തത്? ജോലിയും ആത്മീയപ്രവർത്തനങ്ങളും എങ്ങനെ സമനിലയിൽ കൊണ്ടുപോകാം? നമുക്കു ചെയ്യാനാകുന്ന ഏറ്റവും പ്രധാനപ്പെട്ട ജോലി ഏതാണ്? എന്നാൽ അതിനു മുമ്പ്, ഈ പ്രപഞ്ചത്തിലെ ഏറ്റവും നല്ല രണ്ടു ജോലിക്കാരെക്കുറിച്ച് നമുക്ക് ഇപ്പോൾ ചിന്തിക്കാം: ദൈവമായ യഹോവയും യേശുക്രിസ്തുവും.
കഠിനാധ്വാനത്തിന്റെ ഉത്തമമാതൃകകൾ
4, 5. കഠിനാധ്വാനത്തിന്റെ കാര്യത്തിൽ യഹോവ ഏറ്റവും നല്ല മാതൃകയാണെന്നു ബൈബിൾ സൂചിപ്പിക്കുന്നത് എങ്ങനെ?
4 കഠിനാധ്വാനത്തിന്റെ കാര്യത്തിൽ യഹോവയാണ് ഏറ്റവും നല്ല മാതൃക. “ആരംഭത്തിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” എന്ന് ഉൽപത്തി 1:1 പറയുന്നു. ഭൂമിയോടു ബന്ധപ്പെട്ട സൃഷ്ടിക്രിയകൾ പൂർത്തിയാക്കിയശേഷം, അതു “വളരെ നല്ലതെന്നു” ദൈവം പ്രസ്താവിച്ചു. (ഉൽപത്തി 1:31) മറ്റു വാക്കുകളിൽ പറഞ്ഞാൽ, താൻ ചെയ്ത എല്ലാ കാര്യങ്ങളിലും ദൈവം പൂർണമായും തൃപ്തനായിരുന്നു. ‘സന്തോഷമുള്ള ദൈവമായ’ യഹോവയ്ക്കു താൻ ചെയ്ത ജോലികളെക്കുറിച്ച് വലിയ സന്തോഷം തോന്നിയെന്നതിനു സംശയമില്ല.—1 തിമൊഥെയൊസ് 1:11.
5 കഠിനാധ്വാനിയായ നമ്മുടെ ദൈവം എപ്പോഴും കർമനിരതനാണ്. ഭൂമിയോടു ബന്ധപ്പെട്ട സൃഷ്ടിക്രിയകൾ കഴിഞ്ഞ് കുറെ കാലങ്ങൾക്കു ശേഷം യേശു പറഞ്ഞു: “എന്റെ പിതാവ് ഇപ്പോഴും കർമനിരതനാണ്.” (യോഹന്നാൻ 5:17) പിതാവ് എന്താണു ചെയ്തുകൊണ്ടിരിക്കുന്നത്? സ്വർഗത്തിലിരുന്നുകൊണ്ട് ദൈവം മനുഷ്യകുടുംബത്തെ വഴിനടത്തുകയും അവർക്കുവേണ്ടി കരുതുകയും ചെയ്യുന്നുണ്ട്. സ്വർഗത്തിൽ യേശുവിനോടൊപ്പം ഭരിക്കാനിരിക്കുന്ന ആത്മാഭിഷിക്തക്രിസ്ത്യാനികളാകുന്ന “ഒരു പുതിയ സൃഷ്ടി”യെ ദൈവം ഉളവാക്കിയിരിക്കുന്നു. (2 കൊരിന്ത്യർ 5:17) തന്നെ സ്നേഹിക്കുന്നവർ ഒരു പുതിയ ലോകത്തിൽ എന്നെന്നും ജീവിക്കണമെന്നതാണല്ലോ മനുഷ്യരെക്കുറിച്ചുള്ള ദൈവോദ്ദേശ്യം. ആ ഉദ്ദേശ്യം സാക്ഷാത്കരിക്കാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണു ദൈവം. (റോമർ 6:23) അതിന്റെ ഫലങ്ങൾ ദൈവത്തെ അങ്ങേയറ്റം സന്തോഷിപ്പിച്ചിരിക്കണം. ലോകമെമ്പാടുമുള്ള ദശലക്ഷങ്ങളാണു ദൈവരാജ്യസന്ദേശത്തോട് അനുകൂലമായി പ്രതികരിച്ചിരിക്കുന്നത്. ദൈവം ആകർഷിച്ച അവർ, ദൈവസ്നേഹത്തിൽ നിലനിൽക്കാൻ ആവശ്യമായ മാറ്റങ്ങൾ തങ്ങളുടെ ജീവിതത്തിൽ വരുത്തിയിരിക്കുന്നു.—യോഹന്നാൻ 6:44.
6, 7. കഠിനാധ്വാനത്തിന്റെ എന്തു ദീർഘകാലരേഖയാണു യേശുവിനുള്ളത്?
6 കഠിനാധ്വാനത്തിന്റെ ഒരു ദീർഘകാലരേഖയാണു യേശുവിനുള്ളത്. ഒരു മനുഷ്യനായിത്തീരുന്നതിനു മുമ്പ്, “സ്വർഗത്തിലും ഭൂമിയിലും ഉള്ള” സകലവും സൃഷ്ടിക്കുന്നതിൽ ഒരു “വിദഗ്ധജോലിക്കാരനായി” യഹോവയോടൊപ്പം യേശുവുമുണ്ടായിരുന്നു. (കൊലോസ്യർ 1:15-17; സുഭാഷിതങ്ങൾ 8:22-31) ഭൂമിയിൽ എത്തിയിട്ടും യേശു ഒരു കഠിനാധ്വാനിയായിരുന്നു. ചെറുപ്പത്തിൽത്തന്നെ ഒരു തൊഴിൽ പഠിച്ചെടുത്ത യേശു ഒരു ‘മരപ്പണിക്കാരൻ’ എന്ന് അറിയപ്പെട്ടു.a (മർക്കോസ് 6:3) കഠിനാധ്വാനവും നല്ല വൈദഗ്ധ്യവും ആവശ്യമുള്ള ഒരു തൊഴിലാണ് ഇത്. തടിമില്ലുകളോ യന്ത്രങ്ങളോ ഒന്നും ഇല്ലാതിരുന്ന ഒരു കാലത്ത് അത് എത്ര ബുദ്ധിമുട്ടായിരുന്നെന്നു പറയേണ്ടതില്ലല്ലോ. പണിക്കു വേണ്ട തടി അന്വേഷിച്ച് പോകുന്ന, ഒരുപക്ഷേ മരം വെട്ടിവീഴ്ത്തി പണിസ്ഥലത്തേക്കു വലിച്ചുകൊണ്ടുവരുന്ന യേശുവിനെ നിങ്ങൾക്കു ഭാവനയിൽ കാണാൻ കഴിയുന്നുണ്ടോ? യേശു വീടിന്റെ ഉത്തരം പണിത് അതു പുരമുകളിൽ ഉറപ്പിക്കുന്നതും വാതിലുകളും ജനലുകളും വീട്ടുപകരണങ്ങളും പണിയുന്നതും ഒന്നു സങ്കൽപ്പിച്ചുനോക്കൂ! കഠിനാധ്വാനവും വൈദഗ്ധ്യവും ഒത്തുചേരുന്നതിന്റെ സംതൃപ്തി യേശു നേരിട്ട് അനുഭവിച്ചറിഞ്ഞു എന്നതിനു സംശയമില്ല.
7 ശുശ്രൂഷയുടെ കാര്യത്തിലും യേശുവിന്റെ കഠിനാധ്വാനം ശ്രദ്ധേയമാണ്. മൂന്നരവർഷക്കാലം യേശു അത്യുത്സാഹത്തോടെ ഈ സുപ്രധാനജോലി ചെയ്തു. കഴിയുന്നത്ര ആളുകളെ കണ്ടുമുട്ടാനായി അതിരാവിലെമുതൽ രാത്രി വൈകുംവരെ പ്രവർത്തിച്ചുകൊണ്ട് യേശു തന്റെ ദിനങ്ങൾ പൂർണമായി വിനിയോഗിച്ചു. (ലൂക്കോസ് 21:37, 38; യോഹന്നാൻ 3:2) “ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയിച്ചുകൊണ്ട് . . . യേശു നഗരംതോറും ഗ്രാമംതോറും സഞ്ചരിച്ചു.” (ലൂക്കോസ് 8:1) അതെ, പൊടി നിറഞ്ഞ വഴികളിലൂടെ നൂറുകണക്കിനു കിലോമീറ്റർ നടന്നാണു യേശു ആളുകളുടെ അടുക്കൽ സന്തോഷവാർത്ത എത്തിച്ചത്.
8, 9. യേശു കഠിനാധ്വാനം ആസ്വദിച്ചത് എങ്ങനെ?
8 ശുശ്രൂഷയിലെ കഠിനാധ്വാനം യേശു ആസ്വദിച്ചോ? തീർച്ചയായും! താൻ ദൈവരാജ്യസത്യം വിതച്ച വയലുകൾ കൊയ്ത്തിനു പാകമായിത്തീരുന്നതു യേശു കണ്ടു. ദൈവം ഏൽപ്പിച്ച ജോലി ചെയ്തുതീർക്കാനായി ഭക്ഷണംപോലും വേണ്ടെന്നുവെക്കാൻ യേശു തയ്യാറായിരുന്നു, അത്രയ്ക്കു ശക്തിയും ഊർജവും ആണ് യേശുവിന് അതിൽനിന്ന് കിട്ടിയത്. (യോഹന്നാൻ 4:31-38) ഭൂമിയിലെ തന്റെ ശുശ്രൂഷ അവസാനിക്കാറായപ്പോൾ, “അങ്ങ് ഏൽപ്പിച്ച ജോലി ചെയ്തുതീർത്ത ഞാൻ ഭൂമിയിൽ അങ്ങയെ മഹത്ത്വപ്പെടുത്തിയിരിക്കുന്നു” എന്നു പിതാവിനോടു സത്യസന്ധമായി പറയാൻ കഴിഞ്ഞപ്പോൾ യേശുവിനു തോന്നിയ സംതൃപ്തിയെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ.—യോഹന്നാൻ 17:4.
9 കഠിനാധ്വാനം ആസ്വദിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത് യഹോവയും യേശുവും ആണ് എന്നു വ്യക്തം. യഹോവയോടുള്ള സ്നേഹം ‘(യഹോവയെ) അനുകരിക്കാൻ’ നമ്മളെ പ്രേരിപ്പിക്കുന്നു. (എഫെസ്യർ 5:1) അതുപോലെ യേശുവിനോടുള്ള സ്നേഹം, യേശുവിന്റെ “കാലടികൾക്കു തൊട്ടുപിന്നാലെ ചെല്ലാനായി” നമുക്കു പ്രചോദനമേകുന്നു. (1 പത്രോസ് 2:21) അങ്ങനെയെങ്കിൽ നമ്മുടെ കാര്യമോ? നമുക്ക് എങ്ങനെ കഠിനാധ്വാനം ആസ്വദിക്കാൻ കഴിയുമെന്നാണു നമ്മൾ അടുത്തതായി കാണാൻ പോകുന്നത്.
നമുക്കു കഠിനാധ്വാനം ആസ്വദിക്കാവുന്ന വിധം
ബൈബിൾതത്ത്വങ്ങൾ പ്രാവർത്തികമാക്കുന്നതു ജോലി ആസ്വദിക്കാൻ നിങ്ങളെ സഹായിക്കും
10, 11. ജോലിയുടെ നല്ല വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നമ്മളെ എന്തു സഹായിക്കും?
10 സത്യക്രിസ്ത്യാനികളുടെ ജീവിതത്തിൽ ജോലിക്ക് അതിന്റേതായ സ്ഥാനമുണ്ട്. ജോലിയിൽനിന്ന് സംതൃപ്തിയും ഒരളവുവരെ ചാരിതാർഥ്യവും ലഭിക്കണമെന്നു നമുക്കെല്ലാം ആഗ്രഹമുണ്ട്. എന്നാൽ ഇഷ്ടമില്ലാത്ത ഒരു ജോലിയാണു ചെയ്യുന്നതെങ്കിൽ അത് അത്ര എളുപ്പമല്ല. അത്തരമൊരു സാഹചര്യത്തിൽ ജോലി എങ്ങനെ ആസ്വാദ്യമാക്കാം?
11 ജോലിയുടെ നല്ല വശങ്ങൾ കാണാൻ ശ്രമിക്കുക. സാഹചര്യങ്ങൾക്കു മാറ്റം വരുത്താൻ എല്ലായ്പോഴും നമുക്കു കഴിയില്ലെങ്കിലും മാറ്റാൻ കഴിയുന്ന ഒന്നുണ്ട്: നമ്മുടെ മനോഭാവം. ജോലിയെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണത്തെപ്പറ്റി ചിന്തിക്കുന്നതു ജോലിയുടെ നല്ല വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നമ്മളെ സഹായിക്കും. ഉദാഹരണത്തിന്, നിങ്ങളുടേത് ഒരു എളിയ ജോലിയാണെന്നിരിക്കട്ടെ. നിങ്ങൾ ഒരു കുടുംബനാഥനാണെങ്കിൽ, ആ ജോലിയുള്ളതുകൊണ്ടാണു കുടുംബത്തിന്റെ ആവശ്യങ്ങൾ നടന്നുപോകുന്നത് എന്ന കാര്യം മനസ്സിൽപ്പിടിക്കുക. ഇങ്ങനെ പ്രിയപ്പെട്ടവർക്കുവേണ്ടി കരുതുന്നതിനെ ദൈവം വലിയ പ്രാധാന്യത്തോടെയാണു കാണുന്നത്. സ്വന്തകുടുംബത്തിനുവേണ്ടി കരുതാത്തയാൾ “അവിശ്വാസിയെക്കാൾ മോശമായിരിക്കുന്നു” എന്നു ദൈവവചനം പറയുന്നു. (1 തിമൊഥെയൊസ് 5:8) കുടുംബത്തിനുവേണ്ടി കരുതുകയെന്ന ദൈവദത്തമായ ഉത്തരവാദിത്വം നിറവേറ്റാനുള്ള ഒരു മാർഗമാണു നിങ്ങളുടെ ജോലി എന്ന തിരിച്ചറിവ് അതിന് ഉദ്ദേശ്യം പകരുന്നു, നിങ്ങൾക്ക് ഒരളവുവരെയുള്ള ചാരിതാർഥ്യവും അതിൽനിന്ന് കിട്ടുന്നു; നിങ്ങളുടെ സഹജോലിക്കാർക്ക് ആസ്വദിക്കാൻ കഴിയാത്ത കാര്യങ്ങളായിരിക്കാം ഇവ.
12. ഉത്സാഹത്തോടെയും സത്യസന്ധതയോടെയും ജോലി ചെയ്യുന്നതിന്റെ പ്രയോജനങ്ങൾ ഏതെല്ലാം?
12 ഉത്സാഹവും സത്യസന്ധതയും ഉള്ളവരായിരിക്കുക. കഠിനാധ്വാനികളായിരിക്കുന്നതുകൊണ്ടും ജോലി നന്നായി ചെയ്യാൻ പഠിക്കുന്നതുകൊണ്ടും ധാരാളം പ്രയോജനങ്ങളുണ്ട്. ഉത്സാഹികളും വിദഗ്ധരും ആയ ജോലിക്കാരെ തൊഴിലുടമകൾക്കു വലിയ ഇഷ്ടമാണ്. (സുഭാഷിതങ്ങൾ 12:24; 22:29) ക്രിസ്ത്യാനികളായ നമ്മൾ സത്യസന്ധരുമായിരിക്കണം. തൊഴിലുടമയിൽനിന്ന് പണമോ സാധനസാമഗ്രികളോ ജോലിസമയമോ മോഷ്ടിക്കരുത് എന്നാണ് അതിന്റെ അർഥം. (എഫെസ്യർ 4:28) കഴിഞ്ഞ അധ്യായത്തിൽ കണ്ടതുപോലെ, സത്യസന്ധതയ്ക്കു വലിയ മൂല്യമുണ്ട്. സത്യസന്ധനായ ഒരു തൊഴിലാളിയെ തൊഴിലുടമയ്ക്കു വലിയ വിശ്വാസമായിരിക്കും. നമ്മുടെ അധ്വാനശീലം തൊഴിലുടമ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും “ഒരു ശുദ്ധമനസ്സാക്ഷി”യുള്ളതിന്റെ സംതൃപ്തി നമുക്കുണ്ടായിരിക്കും. നമ്മൾ സ്നേഹിക്കുന്ന ദൈവത്തെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളാണു നമ്മൾ ചെയ്യുന്നത് എന്ന തിരിച്ചറിവും നമുക്കു സംതൃപ്തി തരും.—എബ്രായർ 13:18; കൊലോസ്യർ 3:22-24.
13. ജോലിസ്ഥലത്തെ നല്ല പെരുമാറ്റംകൊണ്ട് എന്തെല്ലാം പ്രയോജനങ്ങളുണ്ടായേക്കാം?
13 നമ്മുടെ പെരുമാറ്റം ദൈവത്തെ മഹത്ത്വപ്പെടുത്തുമെന്നു തിരിച്ചറിയുക. ഉയർന്ന ക്രിസ്തീയനിലവാരങ്ങൾക്കു ചേർച്ചയിലുള്ള നമ്മുടെ പെരുമാറ്റം ജോലിസ്ഥലത്ത് ശ്രദ്ധിക്കപ്പെടാതെപോകില്ല. ഫലമോ? ‘നമ്മുടെ രക്ഷകനായ ദൈവത്തിന്റെ പഠിപ്പിക്കലിന് ഒരു അലങ്കാരമാകുകയായിരിക്കും’ നമ്മൾ. (തീത്തോസ് 2:9, 10) നമ്മുടെ പെരുമാറ്റം നല്ലതാണെങ്കിൽ അതു ശ്രദ്ധിക്കുന്ന മറ്റുള്ളവർ നമ്മുടെ ആരാധനാരീതി എത്ര ശ്രേഷ്ഠമാണെന്നു മനസ്സിലാക്കും. അത് അവരെ സത്യാരാധനയിലേക്ക് ആകർഷിക്കുകപോലും ചെയ്തേക്കാം. നിങ്ങളുടെ നല്ല പെരുമാറ്റം കണ്ട് ഒരു സഹപ്രവർത്തകൻ സത്യത്തോടു താത്പര്യം കാണിക്കുമ്പോൾ നിങ്ങൾക്ക് ഉണ്ടാകുന്ന സന്തോഷത്തെക്കുറിച്ച് ഒന്ന് ആലോചിച്ചുനോക്കൂ. അതു മാത്രമോ? നിങ്ങളുടെ സത്പെരുമാറ്റം യഹോവയെ മഹത്ത്വപ്പെടുത്തുന്നെന്നും യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നെന്നും അറിയുന്നതിനെക്കാൾ സംതൃപ്തിയേകുന്ന എന്താണുള്ളത്!—സുഭാഷിതങ്ങൾ 27:11; 1 പത്രോസ് 2:12 വായിക്കുക.
വിവേചനയോടെ ജോലി തിരഞ്ഞെടുക്കുക
14-16. ജോലിയെക്കുറിച്ച് തീരുമാനമെടുക്കേണ്ടിവരുമ്പോൾ നമ്മൾ പരിഗണിക്കേണ്ട ചില പ്രധാനചോദ്യങ്ങൾ ഏതെല്ലാം?
14 ഏതു ജോലി സ്വീകരിക്കാം, ഏതു സ്വീകരിക്കാൻ പാടില്ല എന്നതു സംബന്ധിച്ച സൂക്ഷ്മമായ വിശദാംശങ്ങൾ ബൈബിൾ തരുന്നില്ല. അതുകൊണ്ട് നമുക്ക് ഏതു ജോലിയും ചെയ്യാമെന്ന് അർഥമില്ല. സംതൃപ്തിയോടെയും സത്യസന്ധതയോടെയും ചെയ്യാൻ കഴിയുന്ന, ദൈവത്തെ പ്രസാദിപ്പിക്കുന്ന തരത്തിലുള്ള, ജോലി തിരഞ്ഞെടുക്കാൻ തിരുവെഴുത്തുകൾക്കു നമ്മളെ സഹായിക്കാനാകും. ദൈവത്തിന് ഇഷ്ടമല്ലാത്ത തരം ജോലികൾ ഒഴിവാക്കാനും അതു നമ്മളെ സഹായിക്കും. (സുഭാഷിതങ്ങൾ 2:6) ജോലി തിരഞ്ഞെടുക്കേണ്ടിവരുമ്പോൾ നമ്മൾ കണക്കിലെടുക്കേണ്ട രണ്ടു സുപ്രധാനചോദ്യങ്ങളുണ്ട്.
15 ഈ ജോലി ചെയ്യുന്നത്, ബൈബിൾ കുറ്റം വിധിക്കുന്ന ഒരു കാര്യം ചെയ്യുന്നതിനു തുല്യമാകുമോ? മോഷണം, നുണപറച്ചിൽ, വിഗ്രഹങ്ങളുണ്ടാക്കൽ എന്നിവ ബൈബിൾ വ്യക്തമായി കുറ്റം വിധിക്കുന്ന കാര്യങ്ങളാണ്. (പുറപ്പാട് 20:4; പ്രവൃത്തികൾ 15:29; എഫെസ്യർ 4:28; വെളിപാട് 21:8) അത്തരം കാര്യങ്ങൾ ചെയ്യേണ്ടിവരുന്ന ഒരു ജോലിയും നമ്മൾ സ്വീകരിക്കില്ല. ദൈവകല്പനകൾക്കു വിരുദ്ധമായ നടപടികൾ ഉൾപ്പെട്ടിരിക്കുന്ന ഒരു ജോലി സ്വീകരിക്കാൻ യഹോവയോടുള്ള സ്നേഹം ഒരിക്കലും നമ്മളെ അനുവദിക്കില്ല.—1 യോഹന്നാൻ 5:3 വായിക്കുക.
16 ഈ ജോലി ചെയ്യുന്നതിലൂടെ നമ്മൾ തെറ്റായ ഒരു നടപടിക്കു കൂട്ടുനിൽക്കുകയായിരിക്കുമോ? ഈ ഉദാഹരണം നോക്കുക. ഒരു സ്ഥാപനത്തിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ രക്തബാങ്കിൽനിന്നാണ് ഒരു ക്രിസ്ത്യാനിക്ക് ആ ജോലിക്കുള്ള ക്ഷണം ലഭിക്കുന്നതെങ്കിലോ? രക്തപ്പകർച്ചയ്ക്കായി രക്തം എടുക്കുകയോ കൊടുക്കുകയോ ചെയ്യുന്നത് അദ്ദേഹത്തിന്റെ ജോലിയിൽ ഉൾപ്പെടുന്നില്ലായിരിക്കാം. പക്ഷേ അവിടെ ജോലി ചെയ്യുമ്പോൾ, ദൈവവചനം കുറ്റം വിധിക്കുന്ന രക്തപ്പകർച്ചയെന്ന നടപടിയെ പിന്തുണയ്ക്കുകയല്ലേ അദ്ദേഹം? (പ്രവൃത്തികൾ 15:29) യഹോവയെ സ്നേഹിക്കുന്നവരായതുകൊണ്ട്, തിരുവെഴുത്തുവിരുദ്ധമായ നടപടികളുമായി ഒരു അടുത്ത ബന്ധമുണ്ടായിരിക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല.
17. (എ) ജോലിയെക്കുറിച്ച് തീരുമാനങ്ങളെടുക്കുമ്പോൾ നമ്മൾ ഏതു ഘടകങ്ങൾ കണക്കിലെടുക്കണം? (“ഈ ജോലി ഞാൻ സ്വീകരിക്കണോ?” എന്ന ചതുരം കാണുക.) (ബി) ദൈവത്തെ പ്രസാദിപ്പിക്കുന്ന തീരുമാനങ്ങളെടുക്കാൻ മനസ്സാക്ഷി നമ്മളെ സഹായിച്ചേക്കാവുന്നത് എങ്ങനെ?
17 ഈ അധ്യായത്തിന്റെ 15, 16 ഖണ്ഡികകളിൽ ഉന്നയിച്ചിരിക്കുന്ന രണ്ടു സുപ്രധാനചോദ്യങ്ങൾക്കുള്ള ഉത്തരം ശ്രദ്ധാപൂർവം വിശകലനം ചെയ്താൽ ജോലിയുടെ കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ എളുപ്പമായിരിക്കും. തൊഴിൽസംബന്ധമായ തീരുമാനങ്ങളെടുക്കേണ്ടിവരുമ്പോൾ നമ്മൾ കണക്കിലെടുക്കേണ്ട മറ്റു ചില ഘടകങ്ങളുമുണ്ട്.b ഉണ്ടായേക്കാവുന്ന എല്ലാ സാഹചര്യങ്ങൾക്കും ഇണങ്ങുന്ന നിയമങ്ങൾ വിശ്വസ്തനായ അടിമ തരുമെന്നു നമുക്കു പ്രതീക്ഷിക്കാനാകില്ല. ഇത്തരം സാഹചര്യങ്ങളിലാണു നമ്മൾ വിവേചനാപ്രാപ്തി ഉപയോഗിക്കേണ്ടത്. രണ്ടാം അധ്യായത്തിൽ കണ്ടതുപോലെ, അനുദിനജീവിതത്തിൽ ദൈവവചനം എങ്ങനെ പ്രായോഗികമാക്കാമെന്നു പഠിച്ചുകൊണ്ട് നമ്മൾ മനസ്സാക്ഷിയെ പ്രബുദ്ധമാക്കുകയും പരിശീലിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. “ഉപയോഗത്തിലൂടെ” നമ്മുടെ “വിവേചനാപ്രാപ്തിയെ” പരിശീലിപ്പിക്കുന്നെങ്കിൽ, ദൈവത്തെ പ്രസാദിപ്പിക്കുന്ന തീരുമാനങ്ങളെടുക്കാൻ മനസ്സാക്ഷി നമ്മളെ സഹായിക്കും. ദൈവസ്നേഹത്തിൽ നിലനിൽക്കാൻ അതു നമ്മളെ പ്രാപ്തരാക്കും.—എബ്രായർ 5:14.
ജോലിയെ സമനിലയോടെ കാണുക
18. ആത്മീയസമനില പാലിക്കാൻ എളുപ്പമല്ലാത്തത് എന്തുകൊണ്ട്?
18 “ബുദ്ധിമുട്ടു നിറഞ്ഞ” ഈ “അവസാനകാലത്ത്” ആത്മീയസമനില പാലിക്കാൻ അത്ര എളുപ്പമല്ല. (2 തിമൊഥെയൊസ് 3:1) ഒരു ജോലി കണ്ടെത്തുന്നതും അതു നിലനിറുത്തുന്നതും ശരിക്കും ഒരു വെല്ലുവിളിതന്നെയാണ്. കുടുംബത്തെ പോറ്റാനായി കഠിനാധ്വാനം ചെയ്യേണ്ടത് എത്ര പ്രധാനമാണെന്നു ക്രിസ്ത്യാനികളായ നമുക്ക് അറിയാം. പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ, ജോലിസ്ഥലത്തെ സമ്മർദമോ ലോകത്ത് പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഭൗതികത്വചിന്താഗതിയോ നമ്മുടെ ആത്മീയപ്രവർത്തനങ്ങൾക്കു തടസ്സമായേക്കാം. (1 തിമൊഥെയൊസ് 6:9, 10) “കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ” ഏതെന്ന് ഉറപ്പുവരുത്തിക്കൊണ്ട് നമുക്ക് എങ്ങനെ സമനിലയുള്ളവരാകാമെന്ന് ഇനി ശ്രദ്ധിക്കാം.—ഫിലിപ്പിയർ 1:10.
19. യഹോവയിൽ പൂർണമായി ആശ്രയിക്കാവുന്നത് എന്തുകൊണ്ട്, അത്തരം ആശ്രയം എന്ത് ഒഴിവാക്കാൻ നമ്മളെ സഹായിക്കും?
19 യഹോവയിൽ പൂർണമായി ആശ്രയിക്കുക. (സുഭാഷിതങ്ങൾ 3:5, 6 വായിക്കുക.) ദൈവത്തിനു നമ്മളെക്കുറിച്ച് ചിന്തയുള്ളതുകൊണ്ട് നമുക്കു ദൈവത്തിൽ പൂർണമായി ആശ്രയിക്കാം. (1 പത്രോസ് 5:7) നമ്മുടെ ആവശ്യങ്ങൾ നമ്മളെക്കാൾ നന്നായി ദൈവത്തിന് അറിയാം. അതെല്ലാം നടത്തിത്തരാൻ ദൈവം പ്രാപ്തനുമാണ്. (സങ്കീർത്തനം 37:25) അതുകൊണ്ട് ദൈവവചനത്തിലെ ഈ ഓർമിപ്പിക്കലിനു നമ്മൾ ശ്രദ്ധ കൊടുക്കേണ്ടതാണ്: “നിങ്ങളുടെ ജീവിതം പണസ്നേഹമില്ലാത്തതായിരിക്കട്ടെ. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക. ‘ഞാൻ നിന്നെ ഒരിക്കലും കൈവിടില്ല; ഒരിക്കലും ഉപേക്ഷിക്കില്ല’ എന്നു ദൈവം പറഞ്ഞിട്ടുണ്ടല്ലോ.” (എബ്രായർ 13:5) ജീവിക്കാൻ വേണ്ട അവശ്യകാര്യങ്ങൾ തരാൻ ദൈവത്തിനു കഴിവുണ്ട് എന്നതിന്റെ സാക്ഷ്യപത്രങ്ങളാണു മുഴുസമയസേവകരിൽ പലരും. യഹോവ നമുക്കുവേണ്ടി കരുതുമെന്നു പൂർണവിശ്വാസമുണ്ടെങ്കിൽ, കുടുംബം പുലർത്തുന്ന കാര്യം ഓർത്ത് നമ്മൾ അമിതമായി ഉത്കണ്ഠപ്പെടില്ല. (മത്തായി 6:25-32) ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയിക്കുന്നതും യോഗങ്ങൾക്കു ഹാജരാകുന്നതും പോലുള്ള ആത്മീയപ്രവർത്തനങ്ങൾ ജോലിക്കുവേണ്ടി അവഗണിക്കുകയുമില്ല.— മത്തായി 24:14; എബ്രായർ 10:24, 25.
20. കണ്ണ് ഒരു കാര്യത്തിൽ മാത്രം കേന്ദ്രീകരിക്കുക എന്നതിന്റെ അർഥം എന്താണ്, നിങ്ങൾക്ക് അത് എങ്ങനെ ചെയ്യാം?
20 കണ്ണ് ഒരു കാര്യത്തിൽ മാത്രം കേന്ദ്രീകരിക്കുക. (മത്തായി 6:22, 23 വായിക്കുക.) കണ്ണ് ഒരു കാര്യത്തിൽ മാത്രം കേന്ദ്രീകരിക്കുക എന്നാൽ ജീവിതം ലളിതമാക്കിനിറുത്തുക എന്നാണ് അർഥം. ഒരു ക്രിസ്ത്യാനിയുടെ കണ്ണു ദൈവേഷ്ടം ചെയ്യുക എന്ന ഒറ്റ ലക്ഷ്യത്തിൽ കേന്ദ്രീകൃതമായിരിക്കും. അങ്ങനെയാകുമ്പോൾ, ഉയർന്ന ശമ്പളമുള്ള ഒരു ജോലി നേടി ആർഭാടജീവിതം നയിക്കുന്നതിനോടു നമുക്കു ഭ്രമം തോന്നില്ല. സന്തോഷത്തിന് അനിവാര്യമാണെന്നു കമ്പനികൾ പ്രചരിപ്പിക്കുന്ന അത്യാധുനികവും മികച്ചതും ആയ ഭൗതികവസ്തുക്കൾക്കായുള്ള, അന്തമില്ലാത്ത ആഗ്രഹത്തിന്റെ പിടിയിലമരുകയുമില്ല നമ്മൾ. ഒരു കാര്യത്തിൽ മാത്രം കണ്ണു കേന്ദ്രീകരിക്കാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കും? അനാവശ്യമായ കടക്കെണിയിൽ വീഴാതിരിക്കുക. കണക്കിലധികം വസ്തുവകകൾ വാങ്ങിക്കൂട്ടാതിരിക്കുക; കാരണം അവ നിങ്ങളുടെ ധാരാളം സമയവും ശ്രദ്ധയും കവർന്നെടുക്കും. “ഉണ്ണാനും ഉടുക്കാനും” ഉണ്ടെങ്കിൽ അതുകൊണ്ട് തൃപ്തിപ്പെടാനുള്ള ബൈബിളിന്റെ ബുദ്ധിയുപദേശത്തിനു ചെവികൊടുക്കുക. (1 തിമൊഥെയൊസ് 6:8) ജീവിതം കഴിയുന്നത്ര ലളിതമാക്കാൻ ശ്രമിക്കുക.
21. മുൻഗണനകൾ വെക്കേണ്ടത് എന്തുകൊണ്ട്, നമ്മുടെ ജീവിതത്തിൽ ഒന്നാം സ്ഥാനം എന്തിനായിരിക്കണം?
21 ആത്മീയമുൻഗണനകൾ വെക്കുക, അതിനോടു പറ്റിനിൽക്കുക. നമുക്കെല്ലാം സമയം വളരെ പരിമിതമായതുകൊണ്ട് നമ്മൾ ജീവിതത്തിൽ മുൻഗണനകൾ വെക്കേണ്ടതുണ്ട്. അങ്ങനെ ചെയ്തില്ലെങ്കിൽ പ്രാധാന്യം കുറഞ്ഞ കാര്യങ്ങൾ നമ്മുടെ വിലപ്പെട്ട സമയം കവർന്നെടുക്കുകയും പ്രധാനപ്പെട്ട കാര്യങ്ങൾ അവഗണിക്കപ്പെടുകയും ചെയ്തേക്കാം. നമ്മുടെ ജീവിതത്തിൽ ഒന്നാമതു വരേണ്ടത് എന്താണ്? ഈ വ്യവസ്ഥിതിയിൽ ഉയർന്ന ശമ്പളമുള്ള ഒരു ജോലി നേടാൻ സഹായിക്കുന്ന ഉന്നതവിദ്യാഭ്യാസം നേടുക എന്നതാണു പലരുടെയും മുഖ്യലക്ഷ്യം. എന്നാൽ ‘ദൈവരാജ്യത്തിന് എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കാനാണ്’ യേശു തന്റെ അനുഗാമികളെ ഉദ്ബോധിപ്പിച്ചത്. (മത്തായി 6:33) അതെ, സത്യക്രിസ്ത്യാനികളായ നമ്മൾ ദൈവരാജ്യത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുന്നു. ഭൗതികമായ ലക്ഷ്യങ്ങളും താത്പര്യങ്ങളും അല്ല, ദൈവരാജ്യതാത്പര്യങ്ങളും ദൈവേഷ്ടവും ആണ് നമുക്കു പ്രധാനം എന്നു നമ്മുടെ ജീവിതരീതി കണ്ടാൽ വ്യക്തമാകണം. അതിൽ നമ്മുടെ തിരഞ്ഞെടുപ്പുകൾ, ലക്ഷ്യങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഉൾപ്പെടും.
ശുശ്രൂഷയിൽ കഠിനാധ്വാനം ചെയ്യുക
പ്രസംഗപ്രവർത്തനത്തിന് ഒന്നാം സ്ഥാനം നൽകിക്കൊണ്ട് യഹോവയോടു സ്നേഹമുണ്ടെന്നു നമുക്കു തെളിയിക്കാം
22, 23. (എ) ക്രിസ്ത്യാനികളുടെ പ്രധാനജോലി എന്താണ്, ഈ പ്രവർത്തനം നമുക്കു പ്രധാനമാണെന്ന് എങ്ങനെ കാണിക്കാം? (“ജീവിതത്തിനു സന്തോഷവും സംതൃപ്തിയും പകർന്ന ഒരു തീരുമാനം” എന്ന ചതുരം കാണുക.) (ബി) ജോലിയോടുള്ള ബന്ധത്തിൽ നിങ്ങളുടെ ദൃഢനിശ്ചയം എന്താണ്?
22 ഇത് അന്ത്യകാലത്തിന്റെ അവസാനനാളുകളാണെന്ന് അറിയാവുന്നതുകൊണ്ട് നമ്മൾ സത്യക്രിസ്ത്യാനികളുടെ പ്രധാനജോലിയായ പ്രസംഗ-ശിഷ്യരാക്കൽ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. (മത്തായി 24:14; 28:19, 20) നമ്മുടെ മാതൃകാപുരുഷനായ യേശുവിനെപ്പോലെ, ജീവരക്ഷാകരമായ ഈ പ്രവർത്തനത്തിൽ തീക്ഷ്ണതയോടെ ഏർപ്പെടാനാണു നമ്മുടെ ആഗ്രഹം. നമുക്ക് ഇതു വളരെ പ്രധാനമാണെന്ന് എങ്ങനെ തെളിയിക്കാം? ദൈവജനത്തിന്റെ ഭാഗമായിരിക്കുന്ന ബഹുഭൂരിപക്ഷവും സഭാപ്രചാരകരെന്ന നിലയിൽ മുഴുഹൃദയത്തോടെ പ്രസംഗപ്രവർത്തനം ചെയ്യുന്നവരാണ്. ജീവിതത്തിൽ പൊരുത്തപ്പെടുത്തൽ വരുത്തിക്കൊണ്ട് ചിലർ മുൻനിരസേവകരോ മിഷനറിമാരോ ആയി സേവിക്കുന്നു. ആത്മീയലാക്കുകളുടെ പ്രാധാന്യം തിരിച്ചറിയുന്ന പല മാതാപിതാക്കളും, മുഴുസമയസേവനം ചെയ്യാൻ മക്കളെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. തീക്ഷ്ണരായ ഈ രാജ്യഘോഷകർ ശുശ്രൂഷയിലെ കഠിനാധ്വാനം ആസ്വദിക്കുന്നുണ്ടോ? തീർച്ചയായും! യഹോവയെ മുഴുഹൃദയത്തോടെ സേവിക്കുന്നതാണു ജീവിതത്തെ സന്തുഷ്ടവും സംതൃപ്തവും ധന്യവും ആക്കുന്നത്.—സുഭാഷിതങ്ങൾ 10:22 വായിക്കുക.
23 കുടുംബം പുലർത്താനായി നമ്മളിൽ പലർക്കും ഏറെ നേരം ജോലി ചെയ്യേണ്ടിവരുന്നു. നമ്മൾ ജോലി ആസ്വദിക്കണമെന്നും അതിൽ സംതൃപ്തി കണ്ടെത്തണമെന്നും ആണ് യഹോവ ആഗ്രഹിക്കുന്നതെന്ന് ഓർക്കണം. നമ്മുടെ മനോഭാവവും പ്രവർത്തനങ്ങളും, ജോലിയെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണത്തിനും തത്ത്വങ്ങൾക്കും ചേർച്ചയിൽ കൊണ്ടുവരുന്നെങ്കിൽ ജോലിയിൽ സംതൃപ്തി കണ്ടെത്താൻ നമുക്കാകും. എന്നാൽ, നമ്മുടെ തൊഴിൽ സുവാർത്താപ്രസംഗമെന്ന സുപ്രധാനജോലിയിൽനിന്ന് നമ്മളെ വ്യതിചലിപ്പിക്കില്ലെന്നു നമ്മൾ ദൃഢനിശ്ചയം ചെയ്യണം. ഈ പ്രവർത്തനത്തിനു മുൻഗണന കൊടുക്കുമ്പോൾ യഹോവയോടുള്ള സ്നേഹത്തിനു തെളിവ് നൽകുകയായിരിക്കും നമ്മൾ. അത്, ദൈവസ്നേഹത്തിൽ നിലനിൽക്കാൻ നമ്മളെ സഹായിക്കുകയും ചെയ്യും.
a ‘മരപ്പണിക്കാരൻ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിനു “വിശാലമായ അർഥമുണ്ട്. അതു വീടു നിർമിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന മരപ്പണികൾ ചെയ്യുന്നയാളോ വീട്ടുപകരണങ്ങൾ, മരംകൊണ്ടുള്ള മറ്റ് ഉരുപ്പടികൾ എന്നിവ ഉണ്ടാക്കുന്നയാളോ ആകാം.”
b ജോലി തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 1999 ഏപ്രിൽ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 28-30 പേജുകളും 1982 ജൂലൈ 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 26-ാം പേജും കാണുക.