നേപ്പാളിലെ വിലപ്പെട്ട മൃഗങ്ങളുടെ ഒരു വീക്ഷണം
ഇൻഡ്യയിലെ ഉണരുക! ലേഖകൻ
സമയം ഏതാണ്ട് പാതിരാത്രിയോടടുത്തിരുന്നു. ചുററുപാടുമുള്ള കാട്ടിൽ കൂരിരുട്ടായിരുന്നു. ഞങ്ങളുടെ തലക്കുമുകളിൽ ഉയരമേറിയ വൃക്ഷങ്ങൾ നക്ഷത്രനിബിഡമായ ആകാശത്തെ മറച്ചു. ഞങ്ങളുടെ വഴി തിട്ടപ്പെടുത്തുന്നതിന് ഞങ്ങൾക്കുണ്ടായിരുന്ന മങ്ങിയ ടോർച്ച് നിലത്തോടു ചേർത്തു പിടിച്ചു. ഞങ്ങൾ ഒരു കടുവായെ അന്വേഷിക്കുകയായിരുന്നു! എന്നാൽ ഞങ്ങൾ ഇരുട്ടിൽ തട്ടിത്തടഞ്ഞു നടക്കവേ ഒരു ഭീതിദമായ ചിന്ത എന്റെ മനസ്സിലേക്ക് പൊന്തിവന്നുകൊണ്ടിരുന്നു—കടുവായും ഞങ്ങളെ അന്വേഷിക്കുകയാണോ?
നേപ്പാളിലെ വിലപ്പെട്ടതും അപകടത്തിലായതുമായ ചില മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസത്തിൽ കാണാൻ എന്റെ ഭാര്യയും ഞാനും ഇൻഡ്യയിലെ കൽക്കട്ടായിൽനിന്ന് നേപ്പാളിലെ റോയൽ ചിററ്വാൻ ദേശീയപാർക്കിലെ ഒരു വനവസതിയായ റൈറഗർ റേറാപ്പിലെത്തിയിരുന്നു. ഇത് മഹത്തായ ഹിമാലയത്തിന്റെ അടിവാരകുന്നുകളിൽപെട്ട റെററായിയുടെ വടക്കൻ മേഖലയിൽ 360 ചതുരശ്രമൈൽ വരുന്ന മനോഹരമായ പുൽമേടുകളുടെ ഒരു സംവരണമാണ്.
റ്റൈഗർറ്റോപ്സിൽ എത്തുന്നു
യാത്ര അതിൽത്തന്നെ ഒരു സാഹസപ്രവൃത്തിയായിരുന്നു. ആദ്യം ഞങ്ങൾ കൽക്കട്ടായിൽനിന്ന് കാട്മണ്ഠുവിലേക്കു പറന്നു, അത് നേപ്പാൾ എന്ന പർവതരാജ്യത്തിന്റെ തലസ്ഥാനമാണ്. ഈ പറക്കൽ 29,028അടി ഉയരമുള്ള എവറസ്ററ്കൊടുമുടി ഉൾപ്പെടെ ഹിമാലയത്തിന്റെ ഉത്തുംഗശൃംഗങ്ങളുടെ ഒരു വിശിഷ്ടവീക്ഷണവും പ്രദാനംചെയ്തു.
കാട്മണ്ഠു—പേർതന്നെ പുരാതനവും വിദൂരവുമായ ചിലതിന്റെ ഒരു ബോധം ഉണർത്തുന്നു. തന്നിമിത്തം വളഞ്ഞുപുളഞ്ഞുപോകുന്ന ഇടുങ്ങിയ പരമ്പരാഗത തെരുക്കളിൽ പാശ്ചാത്യരീതിയിലുള്ള കെട്ടിടങ്ങൾ കണ്ടപ്പോൾ ഞങ്ങൾ അമ്പരന്നുപോയി. കരകൗശലവസ്തുക്കളോടുകൂടിയ പുരാതനബസാറുകൾ ഇറക്കുമതിചെയ്ത സുഗന്ധവസ്തുക്കളും ടിന്നിലടച്ച ഭക്ഷ്യവസ്തുക്കളും സ്ററീരിയോകളും വില്ക്കുന്ന ആർക്കേഡുകളോട് മത്സരിക്കുകയാണ്. അത് മാറിക്കൊണ്ടിരിക്കുന്നതെങ്കിലും ഇപ്പോഴും വശ്യമായ ഒരു നഗരമാണ്.
കാട്മണ്ഠു വിമാനത്താവളത്തിൽ ഞങ്ങൾ ചിററ്വാൻ താഴ്വരയിലേക്ക് 19 ഇരിപ്പിടങ്ങളുള്ള ഒരു വിമാനത്തിൽ കയറി. തട്ടുകളോടുകൂടിയ ചരിവുകളും അഗാധമായ താഴ്വരകളുമുള്ള ഉയർന്ന പർവതങ്ങളിലൂടെ 30 മിനിററ് പറന്നശേഷം ഞങ്ങൾ പ്രത്യക്ഷത്തിൽ ലോകത്തിലെ ഏററവും ചെറിയ വിമാനത്താവളങ്ങളിലൊന്നായ, ഒരു പുൽപ്പുറത്തെ മേഘാളിയിൽ ഇറങ്ങി. എന്നാൽ യാത്ര അപ്പോഴും അവസാനിച്ചിരുന്നില്ല.
ലാൻഡ് റോവറിലും വെട്ടിയെടുത്ത തോടുകളിലുംകൂടെ യാത്രചെയ്ത് ഞങ്ങൾ തെളിഞ്ഞ ഒരു ചെറിയ സ്ഥലത്തെത്തി. പൊങ്ങിനിന്ന പുല്ലിനിടയിൽനിന്ന് ഞങ്ങളെ സ്വീകരിക്കാൻ ആറ് വലിയ ആനകൾ പുറത്തുവന്നപ്പോൾ ഞങ്ങൾ അതിശയിച്ചുപോയി. വനവസതിയിലേക്കുള്ള ഞങ്ങളുടെ ശേഷിച്ച യാത്രക്കുള്ള വാഹനം ഇതായിരിക്കേണ്ടിയിരുന്നു. ആനപ്പുറത്തെ അമ്പാരിയിലിരുന്നപ്പോൾ ഇത്രത്തോളമെത്താൻ ഞങ്ങൾ ഉപയോഗിച്ച വിവിധങ്ങളായ വാഹനങ്ങളിൽനിന്നെല്ലാം യഥാർത്ഥത്തിൽ വ്യത്യസ്തമാണ് ശാന്തവും നിരന്തരം താളാത്മകവുമായ ആനനടയെന്ന് ഞങ്ങൾ കണ്ടെത്തി.
ഒടുവിൽ ഞങ്ങൾ റൈറഗർറേറാപ്പിൽ വന്നെത്തി. അത് 12 അടി ഉയരത്തിൽ മേഞ്ഞമേൽപ്പുരയോടുകൂടി രണ്ടുതട്ടായി നിർമ്മിച്ചിരുന്ന ഒരു ചൂരൽകെട്ടിടമായിരുന്നു. ഞങ്ങളുടെ മുറികൾ ഉല്ലാസപ്രദമാംവണ്ണം ഫർണീഷ് ചെയ്തിരുന്നു. “ആവശ്യമില്ലാത്ത അതിഥികൾക്കുവേണ്ടി പുറത്തു ഭക്ഷണം ഇട്ടേക്കരുത്” എന്ന ഒരു ബോർഡ് ഞങ്ങൾ കണ്ടതും പുറത്ത് മുട്ടുന്ന ഒരു ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു. “അതിഥികൾ” ഭിക്ഷതേടി ഞങ്ങളുടെ വരാന്തയിലൂടെ അള്ളിപ്പിടിച്ചുകയറിയ പല ലാംഗുർ കുരങ്ങൻമാരായിരുന്നു.
ആനകളെ കാണുന്നു
അടുത്തുള്ള ആനക്യാമ്പിങ്കൽവെച്ച് വസതിയുടെ പ്രവർത്തനത്തിൽ ആനകൾക്കുള്ള സുപ്രധാനപങ്ക് ഞങ്ങളുടെ പ്രകൃതിശാസ്ത്രോപദേഷ്ടാവ് വിശദീകരിച്ചു. ക്യാമ്പ് ഗതാഗതോദ്ദേശ്യത്തിൽ 12 ആനകളെ വളർത്തുന്നു. അവയിൽ പത്തെണ്ണം പിടിയാനകളാണ്, കാരണം അവ കൊമ്പനാനകളെക്കാൾ കൂടുതൽ ശാന്തതയുള്ളവയാണ്. ഓരോ ആനയും ദിവസവും 500 റാത്തൽ തീററി തിന്നുകയും 50 ഗ്യാലനിലധികം വെള്ളം കുടിക്കുകയും ചെയ്യുന്നു. ഒരു ആനയെ ഒരു വർഷം വളർത്തുന്നതിന് 54,750 നേപ്പാൾ രൂപാ ചെലവുവരും. ഒരു ആന ശരാശരി 65 വർഷം ജീവിക്കുന്നു. ഇത് “വെള്ളാന” എന്ന പദപ്രയോഗത്തിന് യഥാർത്ഥ അർത്ഥം കൈവരുത്തുന്നു. വെള്ളാനകൾ പരിശുദ്ധമെന്ന് കരുതപ്പെട്ടിരുന്നതിനാൽ അവയെക്കൊണ്ടു ജോലിചെയ്യിക്കാൻപാടില്ലായിരുന്നു, തന്നിമിത്തം ഒരു ബാദ്ധ്യതയായിത്തീരുമായിരുന്നു. അങ്ങനെ, ഒരു പുരാതന രാജാവിന് തന്നെ അനുകൂലിക്കാത്ത ഒരു മന്ത്രിക്ക് ഒരു വെള്ളാനയെ കൊടുത്ത് അയാളെ നശിപ്പിക്കാൻ അനായാസം കഴിയുമായിരുന്നു.
ഒരു പാപ്പാന് അഥവാ സൂക്ഷിപ്പുകാരന് പല ആജ്ഞകളും അടയാളങ്ങളും അനുസരിക്കാൻ ഒരു ആനയെ പരിശീലിപ്പിക്കാൻ കഴിയുമെന്ന് ഞങ്ങളോടു പറയപ്പെട്ടു. ദൃഷ്ടാന്തമായി, മുന്നോട്ടുപോകാൻ, ആനപ്പുറത്തിരിക്കുന്ന പാപ്പാൻ ആനയുടെ ചെവിപ്പുറകിൽ കാൽവിരലുകൾ കൊണ്ടു കുത്തും. ആനയെ പിറകോട്ടു തിരിക്കാൻ അയാൾ തന്റെ കുതികാലുകൾ കൊണ്ട് ആനയുടെ തോളുകളിൽ ചവിട്ടും. ഒരു ആനയെ പൂർണ്ണമായി പരിശീലിപ്പിക്കുന്നതിന് അഞ്ചുമുതൽ എട്ടുവരെ വർഷം വേണ്ടിവരും; അപ്പോൾ അത് അങ്ങനെയുള്ള ആജ്ഞകളോട് വളരെ സംവേദനം കാട്ടുകയും അതിന്റെ നാലര ടൺ ഭാരമുള്ള ശരീരമുണ്ടെങ്കിലും പെട്ടെന്ന് അനുസരിക്കുകയും ചെയ്യുന്നു.
ഒരു കാണ്ടാമൃഗത്തെ തേടി
വലിയ ഒററക്കൊമ്പൻ ഇൻഡ്യൻ കാണ്ടാമൃഗം ലോകത്തിൽ ഒരൊററ സ്ഥലത്തുമാത്രമേ കാണപ്പെടുന്നുള്ളു—നേപ്പാളിനും ഇൻഡ്യയിലെ ആസ്സാം പ്രദേശത്തിനും ഇടക്കുള്ള സ്ഥലത്ത്. ഈ അപൂർവമൃഗത്തിന്റെ ഒരു വീക്ഷണം ലഭിക്കുന്നതിന് ഞങ്ങൾ ഒരു ആനക്കൂട്ടവുമായിട്ടാണ് പുറപ്പെട്ടത്, ഓരോന്നിന്റെയും പുറത്ത് രണ്ടോ മൂന്നോ പേർ ഇരുന്നു. ആനകൾ മുമ്പിലത്തേതിന്റെ ചുവടുകളിൽ സാവധാനത്തിൽ ആയാസപ്പെട്ടു നടന്നുകൊണ്ട് ഒരൊററ വരിയായി നീങ്ങി.
വർഷങ്ങളായി കാണ്ടാമൃഗത്തിന്റെ ആവാസസ്ഥലം റെററായി പുൽമേട്ടിലെ കൃഷിയാലും ഗവൺമെൻറാഭിമുഖ്യത്തിലുള്ള മലമ്പനി നിർമ്മാർജ്ജന പരിപാടിയാലും ഭീഷണിപ്പെടുത്തപ്പെട്ടിരുന്നു. കഴിഞ്ഞ ഒന്നുരണ്ടു ദശാബ്ദങ്ങളിൽമാത്രമാണ് സാഹചര്യത്തെ നിലനിർത്തുന്നതിന് സംരക്ഷണശ്രമങ്ങൾ നടത്തപ്പെട്ടത്. ഇപ്പോൾ ഇൻഡ്യൻ ഉപഭൂഖണ്ഡത്തിൽ ശേഷിച്ചിരിക്കുന്ന കണക്കാക്കപ്പെട്ട 1,000 ഒററക്കൊമ്പൻ കാണ്ടാമൃഗങ്ങളിൽ ഏതാണ്ട് 300 എണ്ണം ചിററ്വാൻ താഴ്വരകളിലെ ചതുപ്പുനിലങ്ങളിൽ ചുററിക്കറങ്ങുന്നുണ്ട്.
പെട്ടെന്ന് ഞങ്ങളുടെ മുന്നണിയിലെ ആന ഞങ്ങളുടെ തലകൾക്കുമീതെ ഉയർന്നുനിന്ന ആനപ്പുല്ലിന്റെ ഒരു ചുവരിനു നേരെ നീങ്ങി. ഞങ്ങൾക്ക് അനുധാവനത്തിന്റെ ആവേശം അനുഭവപ്പെട്ടുതുടങ്ങി. ഒരു പാപ്പാൻ ഉദ്വേഗപൂർവം മറേറയാളെ വിളിക്കുന്നത് പുല്ലിനിടയിലൂടെ ഞങ്ങൾക്ക് കേൾക്കാൻ കഴിഞ്ഞു. പെട്ടെന്ന്, ഞങ്ങളോടുകൂടെയുണ്ടായിരുന്ന ആന തുമ്പിക്കൈ ഉയർത്തി തുളച്ചുകയറുന്ന ഒരു ശബ്ദം പുറപ്പെടുവിച്ചു, ഞങ്ങളുടെ മൃഗം ഒരു വശത്തേക്ക് മാറിക്കൊണ്ട് പ്രതികരിച്ചു. ബഹളത്തിനിടയിൽ ഒരു കാണ്ടാമൃഗം ഞങ്ങളെ തൊട്ട് പുല്ലിൽനിന്ന് പുറത്തേക്ക് ഓടി മുമ്പിലെ പുല്ലിലേക്ക് അപ്രത്യക്ഷപ്പെട്ടു. പെട്ടെന്ന്, ഞങ്ങൾ അതിനെ ഒന്നുകൂടെ കാണാൻ മുന്നോട്ടോടി. പുല്ലുതെളിഞ്ഞിടത്തെത്തിയപ്പോൾ, അതാ, ഭ്രാന്തമായി ഓടുന്ന അതിന്റെ തള്ളക്കൊപ്പമെത്താൻ ബദ്ധപ്പെടുന്ന ഒരു കുട്ടിക്കാണ്ടാമൃഗം പൂർണ്ണമായും ദൃശ്യമായി. രണ്ടുംകൂടെ വൃക്ഷങ്ങളുടെ സുരക്ഷിതമറവിലേക്ക് അപ്രത്യക്ഷപ്പെട്ടു.
കണ്ടാമൃഗം ഞങ്ങളെ വിട്ടോടാൻ തീരുമാനിച്ചതിൽ ഞങ്ങൾ സന്തുഷ്ടരായിരുന്നു. എന്തെന്നാൽ ഒരു ആനക്ക് സാധാരണയായി ഒരു കടുവായെ കൈകാര്യംചെയ്യാൻ കഴിയുമെങ്കിലും കരയിലെ മൂന്നാമത്തെ ഏററവും വലിയ മൃഗമായ കാണ്ടാമൃഗത്തിന്റെ കാര്യത്തിൽ അത് ജാഗ്രത പാലിക്കുന്നു. പ്രകോപിപ്പിക്കപ്പെടുമ്പോൾ കാണ്ടാമൃഗം ഒരടി നീളമുള്ള അതിന്റെ കൊമ്പുകൊണ്ടോ അതിന്റെ നീണ്ട മൂർച്ചയുള്ള താഴത്തെ ദംഷ്ട്രകൊണ്ടോ ഉഗ്രമായി പൊരുതുന്നു, ഒരു ചെറുകത്തികൊണ്ടെന്നപോലെ അതുകൊണ്ട് ഒരു ആനയുടെ അടിവശം പിളർക്കാൻ കഴിയും. കാലുകൾ നീളംകുറഞ്ഞവയാണെങ്കിലും കാണ്ടാമൃഗത്തിന് ഹ്രസ്വദൂരത്തിൽ ഒരു കുതിരയുടെ ഒപ്പം വേഗത്തിൽ ഓടാൻ കഴിയും. ഇതും ഒപ്പം അതിന്റെ തൂക്കവും അതിനെ ഒരു ഭയാനക ശത്രുവാക്കിത്തീർക്കുന്നു.
കടുവാസന്ദർശനം
അന്ന് രാത്രി പത്തര ആയി, മിക്കവാറും എല്ലാവരും കിടന്നു. പെട്ടെന്ന് പാഞ്ഞുവരുന്ന കാൽചുവടുകളാലും അട്ടഹാസങ്ങളാലും രാത്രിയുടെ നിശബ്ദത ഭേദിക്കപ്പെട്ടു. ഒരു കടുവായെ കണ്ടെത്തിയിരിക്കുന്നു! ഞങ്ങൾ മൂന്നുപേരും കൂടെയുണ്ടായിരുന്ന രണ്ടു ഗൂർക്കാകളും ഇരുട്ടിലേക്ക് പാഞ്ഞു.
ഞങ്ങൾ ഏതാണ്ടു കാൽമൈൽ നടന്നു. പിന്നീട് ഒരു കടുവായിക്ക് സംവേദനമുള്ള കമ്പനങ്ങൾ സൃഷ്ടിക്കുമെന്നുള്ളതുകൊണ്ട് ഷൂസുകൾ ഊരാൻ ഞങ്ങളോടു പറയപ്പെട്ടു. ചെരിപ്പിടാതെ നടന്നു പരിചയമില്ലാഞ്ഞതുകൊണ്ട് നടപ്പിന്റെ അവസാനഭാഗം ഞങ്ങൾക്ക് നിശബ്ദവേദനതന്നെയായിരുന്നു. സംസാരിക്കാനും പൊറുപൊറുക്കാനും ചുമക്കാനും തുമ്മാനും ഞങ്ങൾ അനുവദിക്കപ്പെട്ടില്ല. യഥാർത്ഥത്തിൽ കടുവാ ഞങ്ങളുടെ മുമ്പിലാണോ, അതോ പിമ്പിൽ നിന്ന് ഞങ്ങളെ നോക്കുകയാണോ? ഞങ്ങൾ എന്തിലാണ് അകപ്പെട്ടിരിക്കുന്നത്?
നിൽക്കാൻ ഞങ്ങളുടെ വഴികാട്ടി ഞങ്ങൾക്ക് സിഗ്നൽ തന്നു. ഞങ്ങൾ കാതോർത്തു. എന്നാൽ ഇരുട്ടിൽ ഒന്നും കേൾക്കാൻ കഴിഞ്ഞില്ല, പിന്നെയും രാത്രി. മങ്ങിയ ടോർച്ചുവെളിച്ചത്തിൽ ഞങ്ങൾ മുന്നോട്ടു നിരങ്ങിനീങ്ങി. ഒടുവിൽ ഞങ്ങൾ ഏഴടി ഉയരത്തിൽ മേച്ചിലുള്ള ഒരു ഭിത്തിയുടെ വശത്തുകൂടെയാണ് നീങ്ങുന്നതെന്ന് ഞങ്ങൾ കണ്ടെത്തി. ഞങ്ങൾ വലത്തോട്ടുള്ള വളവിൽ എത്തിയപ്പോൾ നിൽക്കാനും ഭിത്തിയിലെ ദ്വാരങ്ങൾക്കുപിമ്പിൽ നിലയുറപ്പിക്കാനും ഞങ്ങളോടു പറയപ്പെട്ടു. ഞങ്ങളാൽ കഴിയുന്നിടത്തോളം ശാന്തമായി ഞങ്ങൾ നിൽക്കുകയും ശ്രദ്ധിക്കുകയും ചെയ്തു. ഉവ്വ്, കടുവാ അതിന്റെ ഇരയെ വിഴുങ്ങുന്നത് ഞങ്ങൾക്ക് കേൾക്കാൻ കഴിയുമായിരുന്നു, അത് വളരെയടുത്താണ് കേട്ടത്, തീർത്തും അടുത്ത്!
പെട്ടെന്ന് ശക്തമായ വെളിച്ചങ്ങൾ വന്നു, അതാ ഒരു റോയൽ ബംഗാൾ കടുവാ! അവൻ ഞങ്ങളിൽനിന്ന് കേവലം 40 ചുവടുകൾ അകലത്തിലായിരുന്നു. ഞങ്ങളുടെ നുഴഞ്ഞുകയററത്തോടുള്ള അവന്റെ പ്രതികരണം എന്തായിരിക്കുമെന്ന് അറിയാൻപാടില്ലാതെ ഞാൻ സ്വാഭാവികമായി പിരിമുറുക്കത്തിലായി. എന്നാൽ എന്നെ അതിശയിപ്പിക്കുമാറ്, കടുവായിൽനിന്ന് പ്രതികരണമില്ലായിരുന്നു. വെളിച്ചങ്ങൾ അവനെ അസഹ്യപ്പെടുത്തിയില്ല. എന്നാൽ ഞങ്ങളുടെ ക്യാമറാ ക്ലിക്ക്ചെയ്താൽ അവൻ കടന്നുകളയുമെന്ന് ഞങ്ങളോടു പറയപ്പെട്ടു.
എന്തോരഴക്! അതാ അവൻ തന്റെ ഇരയായ ഒരു ഇളംകാട്ടുപോത്തിന്റെ വശത്ത് കിടക്കുകയായിരുന്നു. വാലിന്റെ അററംവരെ ഒൻപതിലധികം അടി നീളമുള്ള അവന്റെ ശക്തമായ ശരീരം ഒരുപക്ഷേ 450 റാത്തൽ തൂക്കമുള്ളതായി പൂർണ്ണവും തികവുററതുമായിരുന്നു. വെളുത്തതും കറുത്തതും സ്വർണ്ണ ഓറഞ്ചുനിറവുമായ വരകൾ ഭംഗിയായി മുന്തിനിന്നിരുന്നു. അവന്റെ പ്രകടമായ ശക്തി കടുവാ സിംഹത്തെക്കാൾ ശക്തിയുള്ളതാണെന്നുള്ള ചിലരുടെ അവകാശവാദങ്ങൾക്ക് പിന്തുണയേകും. ഞങ്ങളുടെ ബൈനോക്കുലറുകൾ ഉപയോഗിച്ച് ഞങ്ങൾക്ക് അവന്റെ അഴകാർന്ന തലയുടെയും ശരീരത്തിന്റെയും ഒരു അടുത്ത വീക്ഷണം കിട്ടാൻ കഴിഞ്ഞു. സത്യത്തിൽ ലോകത്തിലെ ഏററവും മഹനീയമായ മൃഗങ്ങളിലൊന്ന്! അത് കീർത്തിപ്പെട്ട റോയൽ ബംഗാൾ കടുവായെ കാണാനുള്ള ഏതു ശ്രമത്തിനും തക്ക മൂല്യമുള്ളതായിരുന്നു.
മനുഷ്യനെ കണ്ടാലുടനെ ചാടിവീഴുന്ന സ്വതേ ആക്രമണകാരിയായ ഒരു മൃഗമാണ് കടുവാ എന്നതായിരുന്നു എന്റെ ധാരണ. എന്നാൽ മറിച്ചാണ് സത്യമെന്ന് ഞാൻ മനസ്സിലാക്കി. പ്രകോപിപ്പിക്കപ്പെടാത്തപക്ഷം അത് സാധാരണഗതിയിൽ ഒഴിഞ്ഞുമാറുന്നതും ശാന്തപ്രകൃതിയുള്ളതുമാണ്. ഒരു മനുഷ്യനു നേരെ വരുമ്പോൾ അത് സാധാരണയായി ഒരു ഹ്രസ്വ രംഗനിരീക്ഷണം നടത്തിയിട്ട് ഓട്ടമിടുന്നു. വന്യജീവികളുടെ ഫോട്ടോയെടുക്കുന്നവർ കടുവായുടെ ആവാസകേന്ദ്രത്തിൽ അതിനോട് 10 മുതൽ 15 വരെ അടി അടുത്ത് വന്നിട്ടുണ്ടെന്ന് റിപ്പോർട്ടുചെയ്യുന്നു, മുന്നറിയിപ്പിന്റെ ഒരു മോങ്ങലിനെ തുടർന്നാണ് അവർ നിന്നത്. പിന്തിരിഞ്ഞ് പതുക്കെ പിൻമാറാനുള്ള ഒരു സിഗ്നൽകൂടെയാണത്. നുഴഞ്ഞുകയററക്കാരൻ കടുവായുടെ പ്രദേശാതിർത്തിക്കപ്പുറം പോകുന്നതുവരെ അത് പിന്തുടർന്നേക്കാം.
പ്രിയങ്കരങ്ങളായ സ്മരണകൾ
അടുത്ത പ്രഭാതത്തിൽ ഞങ്ങൾക്ക് മറെറാരു അടിയന്തിരമായ സന്ദേശം ലഭിച്ചു: “പറക്കാൻ പെട്ടെന്ന് ഒരുങ്ങുക!” ഒരു ടാക്സിയിൽ വിമാനത്താവളത്തിലെത്തുന്നതിന്റെ ബഹളം ഞാൻ സ്വതേ വിഭാവനചെയ്തു. ഈ പ്രാവശ്യം ഞങ്ങളുടെ ടാക്സി ഒരു ആനയായിരുന്നുവെന്നുമാത്രം.
പെട്ടെന്നുതന്നെ, ഞങ്ങളുടെ മനോഹരമായ ലോഡ്ജും ഞങ്ങളുടെ ശാന്തരായ ആനകളും ഞങ്ങളുടെ മാർജ്ജാരസുഹൃത്തും ഞങ്ങളുടെ വളഞ്ഞുപുളഞ്ഞൊഴുകുന്ന നദിയുമെല്ലാം ഞങ്ങളുടെ പിന്നിലായി. എന്നാൽ ഞങ്ങൾ വനത്തിലെ ഈ മഹനീയ ജീവികളുടെ ജീവിതരീതികളുടെ സ്മർത്തവ്യമായ ചിത്രങ്ങൾ ഞങ്ങളോടുകൂടെ കൊണ്ടുപോന്നു. (g88 9/22)
[27-ാം പേജിലെ ചിത്രങ്ങൾ]
വനമദ്ധ്യത്തിലെ റൈറഗർറേറാപ്സ് ലോഡ്ജ്
[കടപ്പാട്]
Photo courtesy of Tiger Tops Jungle Lodge, Nepal
[ചിത്രം]
ഹിമാലയത്തിന്റെ അടിവാരത്തിലെ ചിററ്വാൻ താഴ്വര
[28-ാം പേജിലെ ചിത്രം]
ഉയരത്തിൽ വളരുന്ന പുല്ലിൽ കാണ്ടാമൃഗത്തെ തെരയുന്നു
[കടപ്പാട്]
Photo courtesy of Tiger Tops Jungle Lodge, Nepal