ആ വിലയേറിയ കൊമ്പുകൾക്കു കീഴിലെ മൃഗം
ദക്ഷിണാഫ്രിക്കയിലെ ഉണരുക! ലേഖകൻ
പെട്ടെന്ന് കാണ്ടാമൃഗം ആക്രമിക്കാനായി പരമാവധി വേഗത്തിൽ കുതിക്കുകയായിരുന്നു. ആ മനുഷ്യൻ ഒരു വശത്തേക്കു ചാടിയിട്ട് അടുത്തുള്ള ഒരു ചെറിയ മരം ലക്ഷ്യമാക്കി പാഞ്ഞു. എന്നാൽ അയാൾക്കു സുരക്ഷിതസ്ഥാനത്തേക്ക് അള്ളിപ്പിടിച്ചു കയറാൻ പറ്റാത്തവിധം കാണ്ടാമൃഗം അമ്പരപ്പിക്കുന്ന വേഗത്തിൽ അയാളെ വട്ടമിട്ടോടിച്ചു. അതു മരത്തിനുചുറ്റും അയാളെ പലതവണ ഓടിച്ചു. ഒടുവിൽ അയാൾ അതിന്റെ കൊമ്പിൽ ഉടക്കപ്പെട്ടു മേൽപ്പോട്ടെറിയപ്പെട്ടു. പാവം മനുഷ്യൻ കാണ്ടാമൃഗത്തിന്റെ തോളിൽ തട്ടിയിട്ട് നിലംപതിച്ചു. അതിന്റെ ചവിട്ടുകൊണ്ടോ കുത്തുകൊണ്ടോ ചാകുന്നതും കാത്ത് അയാൾ അവിടെ കിടന്നു. കാണ്ടാമൃഗം മുമ്പോട്ടു നീങ്ങിയപ്പോൾ ആ മനുഷ്യൻ കാലു പൊക്കി. എന്നാൽ കാണ്ടാമൃഗം ഒന്നു മണക്കുകമാത്രം ചെയ്തിട്ടു മന്ദഗതിയിൽ ഓടിമറഞ്ഞു!
ഇതാണ് ജിജ്ഞാസുവായ, വഴക്കാളിയായ, വേഗത്തിൽ ബഹിളിപിടിക്കുന്ന ആഫ്രിക്കയിലെ കറുത്ത കാണ്ടാമൃഗം. (കാഴ്ചശക്തി മോശമായതുകൊണ്ട്) കാണാൻ കഴിയാത്ത എന്തിനെയെങ്കിലും കുറിച്ച് കാണ്ടാമൃഗത്തിന്റെ മികച്ച ഘ്രാണപ്രാപ്തിയും കേൾവി പ്രാപ്തിയും അതിനെ ജാഗരൂകനാക്കുന്നെങ്കിൽ—ആ സാധനം ഒരു ട്രെയിനോ ചിത്രശലഭമോ എന്തുമായിക്കൊള്ളട്ടെ—അത് ആ സ്രോതസ്സിലേക്ക് ആവേശപൂർവം കുതിക്കുകയായി! 1,000 കിലോഗ്രാം തൂക്കവും തോൾവരെ ഒന്നര മീറ്റർ ഉയരവുമുള്ളതെങ്കിലും അതിന് മണിക്കൂറിൽ ഏതാണ്ട് 55 കിലോമീറ്റർ വേഗത്തിൽ കുതിച്ചോടാനും നിന്നടത്തുനിന്നു വട്ടംകറങ്ങാനും കഴിയും!
ചിലപ്പോൾ അതിന്റെ ഓട്ടം ഒരു പേടിപ്പെടുത്തലോ വെറുമൊരു തമാശയോ പോലുമാണ്. “എത്രയധികം പൊടിപറക്കുമായിരുന്നോ റൂഫസിന് അത്രയധികം സന്തോഷം തോന്നിയിരുന്നു” എന്ന് ഒരിക്കൽ റൂഫസ് എന്നു പേരുള്ള ഒരു കൊച്ചു കറുത്ത കാണ്ടാമൃഗത്തിന്റെ ഉടമയായിരുന്ന യൂല്ലീൻ കെയർനീ വിശദീകരിക്കുന്നു. ഒരിക്കൽ റൂഫസ് പൂന്തോട്ടത്തിലെ കുറ്റിച്ചെടികൾക്കിടയിലൂടെ “മുക്കുറയിട്ടും ഉച്ഛ്വസിച്ചും തകർത്തുമെതിച്ചും കൊണ്ട് കുതിച്ചുപാഞ്ഞു വരാന്തയുടെ മുമ്പിൽവന്ന് അനങ്ങാതെ നിന്നിട്ട് ഗാംഭീര്യഭാവത്തോടെ പടികൾ കയറി [തന്റെ] ചാരുകസേരയുടെ അരികിൽ വന്നു കിടന്നത്” അവൾ മധുരമായി ഓർമിക്കുന്നു.
കറുത്ത കാണ്ടാമൃഗത്തെക്കുറിച്ചു പഠനം നടത്തിയിട്ടുള്ള പലർക്കും അതിനോട് ഈ സ്നേഹം തോന്നിയിട്ടുണ്ട്. എന്നിരുന്നാലും മനുഷ്യരുടെ ഇടയിലെപ്പോലെ തന്നെ കാണ്ടാമൃഗങ്ങളുടെ ഇടയിലും വ്യക്തിത്വങ്ങൾ വ്യത്യസ്തമാണെന്ന് അവരെല്ലാം സമ്മതിക്കുന്നു. അതുകൊണ്ടു യഥാർഥത്തിൽ മോശംസ്വഭാവക്കാരനായ കാണ്ടാമൃഗത്തെ സൂക്ഷിക്കുക! കാണ്ടാമൃഗത്തെ “ഒരിക്കലും വിശ്വസിക്കരുതെന്നും” അവനെ “ന്യായമായ ഒരകലത്തിൽ നിർത്തിക്കൊള്ളണമെന്നും” ആഫ്രിക്കയുടെ തെക്കൻ ഭാഗത്തുള്ള മൃഗങ്ങളുടെ ഒരു പ്രസിദ്ധനായ ഫീൽഡ് ഗൈഡ് മുന്നറിയിപ്പുനൽകുന്നു. ദുഃഖകരമെന്നു പറയട്ടെ, മനുഷ്യശല്യമാണു പലപ്പോഴും അതിന്റെ അക്രമസ്വഭാവത്തിനു കാരണം. കാണ്ടാമൃഗത്തിന്റെ ഒരേ ഒരു ശത്രുവായി മനുഷ്യൻ സ്വയം ആക്കിത്തീർത്തിരിക്കുന്നുവെന്ന വസ്തുതയെക്കുറിച്ചു നേരത്തെ വർണിച്ച, കാണ്ടാമൃഗത്തിന്റെ ആക്രമണത്തെ അതിജീവിച്ച പ്രൊഫസ്സർ റുഡോൾഫ് ഷെങ്കെൽ വിലപിക്കുന്നു.
ആഫ്രിക്കയിലെ മറ്റേ കാണ്ടാമൃഗത്തെക്കുറിച്ചെന്ത്, ആ വെളുത്തതിനെക്കുറിച്ച്? സാധാരണമായുള്ള അതിന്റെ ശാന്തപ്രകൃതം അതിനെ അതിന്റെ ബഹളക്കാരൻ മച്ചുനനിൽനിന്നും തികച്ചും വ്യത്യസ്തനാക്കിത്തീർക്കുന്നു. കൂടാതെ കറുത്തതിനെക്കാൾ ഏതാണ്ട് ഇരട്ടി വലിപ്പമുള്ള ഇത് കരയിൽ ജീവിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മൃഗമാണ്. അതിന്റെ തല പൊക്കാൻ തന്നെ നാലു പേർ വേണം, അത്രയ്ക്കു വലിപ്പമാണ് അതിന്റെ തലയ്ക്ക്! എങ്കിലും അതിന് തന്റെ കറുത്ത മച്ചുനന്റെയത്രയും തന്നെ വേഗതയുണ്ട്.
വനത്തിൽവെച്ച് ഈ വെളുത്ത കാണ്ടാമൃഗം മനുഷ്യനെ കാണുകയോ അവന്റെ ശബ്ദം കേൾക്കുകയോ മണം പിടിക്കുകയോ ചെയ്താൽ വെപ്രാളപ്പെട്ടോടുകയാണു പതിവ്. എന്നിരുന്നാലും ഡറിലും ഷർന ബൽഫറും കാണ്ടാമൃഗം (ഇംഗ്ലീഷ്) എന്ന തങ്ങളുടെ പുസ്തകത്തിൽ ഇത് കണ്ണുമടച്ചു വിശ്വസിക്കരുതെന്നു മുന്നറിയിപ്പു നൽകുന്നു. “ഇക്കഴിഞ്ഞ വർഷങ്ങളിൽ കറുത്ത കാണ്ടാമൃഗത്തെക്കാളുമധികം ദ്രോഹം ഏൽപ്പിച്ചിട്ടുള്ളത് വെളുത്ത കാണ്ടാമൃഗമായിരുന്നു” എന്ന് അവർ എഴുതുന്നു. ഒരുപക്ഷേ ഇത് അതിനോടുള്ള മനുഷ്യന്റെ “ആദരവില്ലായ്മ” നിമിത്തമായിരുന്നിരിക്കാമെന്ന് അവർ കൂട്ടിച്ചേർക്കുന്നു.
ഏറ്റവും ഇഷ്ടപ്പെട്ട നേരമ്പോക്ക്
ആഫ്രിക്കയിലെ കാണ്ടാമൃഗങ്ങൾക്കെല്ലാമുള്ള ഒരു പ്രത്യേക അഭിരുചിയുണ്ട്. അതാണ് ചേറിനോടുള്ള—വളരെയധികം ചേറിനോടുള്ള—പ്രിയം! തങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചേറുകുഴിയുടെ അടുത്തെത്തുമ്പോൾ പലതും ഓട്ടത്തിന്റെ വേഗത കൂട്ടും. മുമ്പിൽ കിടക്കുന്ന പ്രതീക്ഷയോർത്ത് അവ സന്തോഷ ശീൽക്കാരം പുറപ്പെടുവിക്കും. കാണ്ടാമൃഗം ചെളിയിലേക്ക് ഊർന്നിറങ്ങുമ്പോൾ “ഒരു ദീർഘശ്വാസം കേൾക്കാം. നിർവൃതിപൂണ്ട മൃഗം ഏതാനും മിനിറ്റുകളോളം ഒരു വശം ചെരിഞ്ഞുകിടക്കുന്നു . . . എന്നിട്ട് അവ കിടന്നുരുണ്ടുകൊണ്ടും ആകാശത്തേക്കു തൊഴിച്ചുകൊണ്ടുമുള്ള കുളികൾ തുടരുന്നു,” പലപ്പോഴും ഈ ദൃശ്യം നിരീക്ഷിക്കാറുണ്ടായിരുന്ന ബാൽഫോഴ്സ് വിശദീകരിക്കുന്നു.
ചിലപ്പോൾ രണ്ടു കാണ്ടാമൃഗ വർഗങ്ങളുംകൂടി ഒരു കുഴി പങ്കിടാറുണ്ട്. ചെളി അടിച്ചുതെറിപ്പിച്ചുള്ള നേരമ്പോക്കിനോടുള്ള പ്രിയത്തിൽ അവ എല്ലാ മാന്യതയും കളഞ്ഞുകുളിക്കുന്നു. മുകളിൽ പരാമർശിച്ച കൊച്ചു റൂഫസ് “കുളി കഴിയുന്നതിനുമുമ്പ് ചിലപ്പോൾ കുഴിയിൽനിന്നും ചാടിക്കയറി, പൂന്തോട്ടത്തിലൂടെ ഓടുകയും കുതിരയെപ്പോലെ നാലുകാലും പൊക്കി ചാടുകയും ചെയ്തിട്ട് ആനന്ദ തിമിർപ്പു മുഴുവനും പിന്നെയും ഒന്നുകൂടി ആസ്വദിക്കാനായി കുഴിയിലേക്കു മടങ്ങുന്നു.” ചേറിലെ കുളി എന്നു പറയുമ്പോൾ അത്ര ആവേശമായിരുന്നു അവന്.
എന്നിരുന്നാലും, ആനന്ദത്തിൽ ആർക്കാൻമാത്രമല്ല ചേറ് ഉപകരിക്കുന്നത്. സഹ കാണ്ടാമൃഗങ്ങളും ചേറ് ഇഷ്ടപ്പെടുന്ന മറ്റു മൃഗങ്ങളുമൊത്തുള്ള സാമൂഹിക കൂടിവരവുകൾക്കും അത് വേദിയൊരുക്കുന്നു. കൂടാതെ അത് ശല്യപ്പെടുത്തുന്ന പ്രാണികടികളിൽനിന്ന് അതിന് ഒരൽപ്പം ആശ്വാസം നൽകുകയും സൂര്യന്റെ ചൂടിൽനിന്ന് അവയുടെ ശരീരത്തെ തണുപ്പിക്കുകയും ചെയ്യുന്നു. അപ്പോൾപ്പിന്നെ അവ മണിക്കൂറുകളോളം എഴുന്നേൽക്കാതെ ചേറുകിടക്കയിൽത്തന്നെ കിടക്കുന്നതായി ചിലപ്പോൾ കാണുന്നത് അതിശയമല്ല.
ഏതാണ് ഏത്?
ഏതു കാണ്ടാമൃഗമാണ് ഏതെന്ന് ഒരാൾക്ക് എങ്ങനെയാണു പറയാൻ കഴിയുന്നത്? ഒരെണ്ണം തീർത്തും കറുത്തതും മറ്റേതു നല്ല വെള്ളയുമാണോ? അല്ല. നിങ്ങൾക്ക് അവയുടെ നിറം കാണാൻ കഴിയുമെങ്കിൽ രണ്ടും ചാരനിറമുള്ളവയാണ്—ചാരത്തിന്റെ വർണഭേദങ്ങളാണെന്നു മാത്രം. അവ അവസാനമായി കിടന്നുരുണ്ട മണ്ണിന്റെ നിറമാണു വാസ്തവത്തിൽ നിങ്ങൾ കാണുന്നത്. അത് ഇപ്പോൾ അവയുടെ ചർമത്തെ പൊതിഞ്ഞിരിപ്പുണ്ടാവും.
ഏതാണ് ഏതെന്ന് വായുടെ ആകൃതി നിങ്ങൾക്ക് എളുപ്പം കാണിച്ചുതരും. വൃക്ഷങ്ങളുടെ ഇലകളും ശാഖകളും ഒക്കെ തിന്നുന്നതായതുകൊണ്ട് കറുത്ത കാണ്ടാമൃഗത്തിന്റെ മേൽചുണ്ട് കൂർത്തതാണ്. ഇതു കുറ്റിച്ചെടികളുടെ ഇലകളും കൊമ്പുകളും ചുരുട്ടുന്നതിനും കൊളുത്തുന്നതിനും ഉപയോഗിക്കുന്നു. അതുകൊണ്ട് അതിന്റെ കൂടുതൽ കൃത്യമായ പേര് കൊളുത്തു ചുണ്ടൻ കാണ്ടാമൃഗം എന്നാണ്. അതേസമയം വെളുത്ത കാണ്ടാമൃഗം ഒരു പുല്ലുതീനിയാണ്. അതുകൊണ്ട് പുല്ലരിയുന്ന യന്ത്രത്തെപ്പോലെ പുല്ലു മുറിക്കുന്നതിനായി അതിന്റെ രണ്ടു ചുണ്ടുകളും സമ നീളമുള്ളതാണ്. അതിന്റെ കൂടുതൽ കൃത്യമായ പേര് സമചതുര ചുണ്ടൻ കാണ്ടാമൃഗം എന്നായിരിക്കുന്നതിൽ അതിശയമില്ല. ആഫ്രിക്കയുടെ തെക്കൻഭാഗത്തെ ആദ്യകാല ഡച്ച് നിവാസികൾ കൽപ്പിച്ച കറുത്തതും വെളുത്തതും തമ്മിലുള്ള ഈ വ്യത്യാസം ഏതോ ചില കാരണങ്ങളാൽ നിലനിന്നിരിക്കുന്നു.
ആ വിലയേറിയ കൊമ്പുകൾ
കാണ്ടാമൃഗം എന്ന പേര് “മൂക്കും കൊമ്പും ഉള്ളത്” എന്നർഥമുള്ള രണ്ടു ഗ്രീക്ക് പദങ്ങളിൽനിന്നു വന്നിട്ടുള്ളതാണ്. കാണ്ടാമൃഗത്തിന്റെ കൊമ്പുകൾ എങ്ങനെ ഉണ്ടായതാണ്? ചുവടിനോടടുത്തുവെച്ച് അവ തേഞ്ഞുകീറുന്നതുകൊണ്ട് രോമങ്ങൾ ഒട്ടിച്ചേർന്നുണ്ടായതായി ചിലർ അവയെ വർണിക്കുന്നു. എന്നിരുന്നാലും, അവ യഥാർഥത്തിലുള്ള രോമങ്ങളല്ല, എന്നാൽ “അതിസൂക്ഷ്മമായി നോക്കുമ്പോൾ” അവ “ഖുരമൃഗങ്ങളുടെ [കുളമ്പുള്ള മൃഗങ്ങൾ] കുളമ്പുകൾ പോലെയാണ് കാണപ്പെടുന്നത്” എന്ന് ദക്ഷിണാഫ്രിക്കയിലെ നാഷണൽ പാർക്ക്സ് ബോർഡിലെ ശാസ്ത്രീയ ഉപദേശകനായ ഡോ. ഗെറി ഡി ഗ്രാഫ് പറയുന്നു.
കൈയിലെ നഖങ്ങൾ വളരുന്നതുപോലെ കൊമ്പും വളർന്നുകൊണ്ടിരിക്കുന്നു. ഗെർട്ൽ എന്നു പറയുന്ന പ്രസിദ്ധനായ ഒരു കറുത്ത കാണ്ടാമൃഗത്തിനു 1.4 മീറ്ററിലധികം നീളമുള്ള ഒരു കൊമ്പുണ്ടായിരുന്നു, ഒരു വെളുത്ത കാണ്ടാമൃഗത്തിന്റെ കൊമ്പിന് 2 മീറ്റർ നീളവും! കൊമ്പ് പൊട്ടിപ്പോകുന്നെങ്കിൽ—ചിലപ്പോൾ അങ്ങനെ സംഭവിക്കാറുണ്ട്—വർഷത്തിൽ എട്ടു സെൻറിമീറ്റർ എന്ന നിരക്കിൽ അത് സ്വയം മാറ്റിവെക്കപ്പെടും.
കാണ്ടാമൃഗത്തിന്റെ കൊമ്പുകൾക്ക് ഇത്രയധികം വിലയുള്ളത് എന്തുകൊണ്ടാണ്? ഔഷധങ്ങൾക്കായി പലരും അവ ഉപയോഗിക്കുന്നു. മറ്റുചിലർ കാണ്ടാമൃഗത്തിൻ കൊമ്പുകൊണ്ടുള്ള പിടിയോടുകൂടിയ ഒരു കഠാര സ്വന്തമായുള്ളതിന്റെ പ്രൗഢി ആസ്വദിക്കുന്നു. ഡിമാൻഡ് വളരെയധികമാണ്, വ്യാപാരം വളരെ ആദായകരവുമാണ്. അങ്ങനെ ലാഭക്കൊതിയൻമാരായ ആളുകൾ ആയിരക്കണക്കിനു കാണ്ടാമൃഗങ്ങളെ കൊന്നിട്ടുണ്ട്.
ഒരിക്കൽ നാശത്തിന്റെ വക്കിലായിരുന്ന വെളുത്ത കാണ്ടാമൃഗം ഇപ്പോൾ വന്യജീവിസംരക്ഷകരുടെ അശ്രാന്ത ശ്രമങ്ങളുടെ ഫലമായി ഒരുവിധം വർധിച്ചുവരുന്നുണ്ട്. എന്നാൽ അതിന്റെ കറുത്ത മച്ചുനന്റെ കാര്യത്തിൽ അത്രയ്ക്കു മാറ്റമില്ല. ഈ മൃഗത്തിന്റെ കൊമ്പുഛേദനമുൾപ്പെടെയുള്ള ഒളിവേട്ടയുടെ വേലിയേറ്റം ഇല്ലാതാക്കാനായി വിവിധ പദ്ധതികൾ രൂപംകൊണ്ടു. എന്നാൽ ഭീമമായ ഈ കൃത്യത്തിനു പരിമിത മൂല്യമേ ഉള്ളെന്നു തെളിയുന്നു. കാണ്ടാമൃഗത്തിന്റെ കൊമ്പുകൾക്ക് കിലോഗ്രാമിന് 2,000 ഡോളർ വിലയുള്ളപ്പോൾ കൊമ്പുമുറിച്ച കാണ്ടാമൃഗത്തിന്റെ കുറ്റിക്കൊമ്പുകൾ പോലും തുരന്നെടുക്കുന്നതു മൂല്യവത്തായി ഒളിവേട്ടക്കാർ കരുതുന്നു. എങ്കിലും, ആകർഷകമായ ഈ മൃഗത്തെ പരിചയപ്പെടുന്നതിന്റെ സന്തോഷം അനുഭവിക്കാൻ ഭാവി തലമുറകൾക്കും കഴിയത്തക്കവണ്ണം മനുഷ്യന്റെ അത്യാർത്തി വിജയം വരിക്കാതിരിക്കുമെന്നു നമുക്കു പ്രത്യാശിക്കാം.
[27-ാം പേജിലെ ആകർഷകവാക്യം]
വെളുത്ത കാണ്ടാമൃഗവും അവളുടെ കുഞ്ഞും
[26-ാം പേജിലെ ചിത്രം]
രണ്ടും ചാരനിറമുള്ളതായതുകൊണ്ട് കറുത്ത കാണ്ടാമൃഗവും വെളുത്ത കാണ്ടാമൃഗവും തമ്മിലുള്ള വ്യത്യാസം നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും?
[കടപ്പാട്]
National Parks Board of South Africa