കെനിയയിലെ അനാഥ കാണ്ടാമൃഗങ്ങൾ
കെനിയയിലെ ഉണരുക! ലേഖകൻ
കാട്ടിൽ ഒരു മൃഗക്കുട്ടി അതിന്റെ തള്ളയുടെ അരികിൽനിന്നു വേർപെട്ടു പോയാലുള്ള അവസ്ഥ എന്തായിരിക്കും? അത് ഇരപിടിയന്മാരുടെ വായിൽ അകപ്പെടാൻ സാധ്യതയുണ്ട്. ഇതു തടയാൻ കെനിയയിലെ വന്യമൃഗ സംരക്ഷകർ അത്തരം മൃഗക്കുട്ടികളെ രക്ഷപ്പെടുത്തി മൃഗ അനാഥശാലകളിലേക്കു കൊണ്ടുപോകുന്നു. ഇവയിൽ ഏറ്റവും പ്രശസ്തമായത്, നെയ്റോബി ദേശീയ പാർക്കിൽ ഡാഫ്നി ഷെൽഡ്രിക്ക് നടത്തുന്നതാണ്. പതിറ്റാണ്ടുകളായി അവിടെ കാട്ടുപോത്ത്, കലമാൻ, വെരുക്, കാട്ടുപന്നി, കീരി, ആന, കാണ്ടാമൃഗം എന്നിവ ഉൾപ്പെടെ ഒട്ടേറെ മൃഗങ്ങളെ വളർത്തി വലുതാക്കി കാട്ടിലേക്കു വിട്ടിട്ടുണ്ട്.
കഴിഞ്ഞ വർഷം അവർക്ക് മാഗ്നറ്റ്, മാഗ്നം എന്നീ രണ്ട് കറുത്ത കാണ്ടാമൃഗക്കുട്ടികളെ പരിപാലിക്കാനുണ്ടായിരുന്നു. നെയ്റോബി പാർക്കിലെ എഡിത്തിന്റെ കുട്ടിയാണ് മാഗ്നറ്റ്. എഡിത്ത് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. 1997 ഫെബ്രുവരി പകുതിയോടെയാണ് ഈ കാണ്ടാമൃഗക്കുട്ടിയെ അനാഥശാലയിലേക്കു കൊണ്ടുവന്നത്. അത് തള്ളയുടെ അടുക്കൽനിന്ന് എങ്ങനെയോ വേർപെട്ടു പോയതായിരുന്നു. വന്യമൃഗ സംരക്ഷകർ മാഗ്നറ്റിന്റെ തള്ളയെ കണ്ടെത്തിയത് അഞ്ച് ദിവസം കഴിഞ്ഞാണ്. എന്നാൽ അപ്പോൾ തള്ള അതിന്റെ കുട്ടിയെ സ്വീകരിക്കാനുള്ള സാധ്യത തീരെ കുറവായിരുന്നു. തള്ളയിൽനിന്ന് കുട്ടി അത്രയും ദിവസം വേർപെട്ടു കഴിഞ്ഞതും അതിന് മനുഷ്യന്റെ ഗന്ധം ഉണ്ടായിരുന്നതുമാണ് കാരണം.
1997 ജനുവരി 30-നാണ് മാഗ്നം പിറന്നത്. സ്കഡ് എന്ന കാണ്ടാമൃഗത്തിന്റെ കുട്ടിയാണ് അത്. സ്കഡിന്റെ മുൻ വലതു കാലിന്റെ സ്വാധീനം നഷ്ടപ്പെട്ടിരുന്നു. വേഗത്തിൽ ഓടുന്നതിനിടയിൽ ഏതെങ്കിലും കുഴിയിൽ വീണതായിരിക്കാം കാരണം. മുറിവുണക്കാൻ ഒട്ടേറെ ശ്രമങ്ങളൊക്കെ നടത്തിയെങ്കിലും അതിന്റെ അസ്ഥിക്ക് അണുബാധ ഉണ്ടായി. തന്മൂലം മാഗ്നത്തെ പ്രസവിച്ച് മൂന്നാഴ്ച കഴിഞ്ഞപ്പോൾ സ്കഡിനെ ദയാവധം നടത്തേണ്ടി വന്നു.
കാണ്ടാമൃഗത്തെ വളർത്തൽ
കാണ്ടാമൃഗക്കുട്ടികൾ മനുഷ്യരെ രസിപ്പിക്കാൻ ഉത്സുകതയുള്ളവയാണ്, അവയെ കൈകാര്യം ചെയ്യാനും എളുപ്പമാണ്. എന്നാൽ അവയെ വീട്ടിൽ വളർത്താൻ സാധിക്കില്ല. ദിവസത്തിൽ നാലു മണിക്കൂർ ഇടവിട്ട് ഒരു വലിയ പാൽക്കുപ്പി നിറയെ ക്രീം നീക്കം ചെയ്യാത്ത പാൽപ്പൊടി കലക്കി തയ്യാറാക്കിയ പാൽ അവ കുടിക്കും. കൂടാതെ അവ കുറ്റിച്ചെടികളും മറ്റു സസ്യങ്ങളും തിന്നും. ജനിക്കുമ്പോൾ കാണ്ടാമൃഗക്കുട്ടികൾക്ക് 40 സെന്റിമീറ്റർ പൊക്കവും 30 മുതൽ 40 വരെ കിലോ തൂക്കവുമേ ഉണ്ടായിരിക്കുകയുള്ളുവെങ്കിലും വിസ്മയാവഹമായ തോതിലാണ് അവയുടെ തൂക്കം വർധിക്കുന്നത്—ദിവസം ഒരു കിലോ എന്ന തോതിൽ! പൂർണ വളർച്ചയെത്തുമ്പോൾ ഒരു കാണ്ടാമൃഗത്തിന് ഒരു ടണ്ണിലേറെ തൂക്കം കാണും.
മാഗ്നറ്റിനെയും മാഗ്നത്തെയും പരിപാലിക്കുന്നവർ ദിവസവും അവയെ പാർക്കിലൂടെ ദീർഘദൂരം നടക്കാൻ കൊണ്ടുപോകും. ഇത് വെറും വ്യായാമത്തിനു വേണ്ടിയല്ല; ഇതിനു പിമ്പിൽ പ്രധാനപ്പെട്ട മറ്റൊരു ഉദ്ദേശ്യം കൂടെയുണ്ട്—കാടുമായി ഇഴുകിച്ചേരാൻ കാണ്ടാമൃഗത്തെ സഹായിക്കുക. അത് എങ്ങനെയാണെന്നു നോക്കാം.
കാണ്ടാമൃഗങ്ങൾക്ക് കാഴ്ചശക്തി കുറവാണെങ്കിലും അവയുടെ ഘ്രാണശക്തിയും ഓർമശക്തിയും അപാരമാണ്. തന്മൂലം കാണ്ടാമൃഗങ്ങൾ ആദ്യമായി പരസ്പരം അടുത്തറിയുന്നത് ഗന്ധത്തിലൂടെയാണ്. കാഷ്ഠിച്ചിട്ടും കുറ്റിച്ചെടികളിൽ മൂത്രമൊഴിച്ചും ഒക്കെയാണ് കാണ്ടാമൃഗങ്ങൾ തങ്ങളുടെ ആവാസമേഖലയുടെ അതിരുകൾ നിർണയിക്കുന്നത്.
സാധാരണമായി തള്ളയാണ് കുട്ടിയെ സംരക്ഷിക്കുന്നത്. അടുത്ത കുട്ടിയെ പ്രസവിക്കുന്നതുവരെ അതിന്റെ തനതായ ഗന്ധം അവളുടേതുമായി കൂടിക്കലരുന്നു. അപ്പോഴേക്കും കാണ്ടാമൃഗക്കുട്ടി അതിന്റെ സമുദായവുമായി ഇഴുകിച്ചേർന്നിട്ടുണ്ടായിരിക്കും, അവ അതിനെ സ്വീകരിക്കുകയും ചെയ്തിരിക്കും. മാഗ്നറ്റിനെയും മാഗ്നത്തെയും പോലുള്ള നവാഗതരുടെ കാര്യം വ്യത്യസ്തമാണ്. ആ പ്രദേശത്തു വസിക്കുന്ന മറ്റു കാണ്ടാമൃഗങ്ങളുമായി ശാരീരിക സമ്പർക്കത്തിൽ വരുന്നതിനു മുമ്പ് അവ ആ കാണ്ടാമൃഗങ്ങൾ ഇട്ടുവെച്ചിരിക്കുന്ന കാഷ്ഠത്തിൽത്തന്നെ കാഷ്ഠിക്കണം. അതുകൊണ്ട് ദിവസവുമുള്ള നീണ്ട നടത്തത്തിനിടയിൽ ഈ അനാഥ കാണ്ടാമൃഗ കുഞ്ഞുങ്ങൾ കുറ്റിക്കാട്ടിലുള്ള കാഷ്ഠത്തിലേക്ക് തങ്ങളുടെ ഓഹരി സംഭാവന ചെയ്യുന്നു. ഇപ്രകാരം സ്ഥലത്തെ കാണ്ടാമൃഗങ്ങൾ അവയുടെ ഗന്ധം മണത്തറിയുകയും പരിശോധിക്കുകയും ഒടുവിൽ തങ്ങളുടെ കൂട്ടത്തിൽ അവയെ ചേർക്കുകയും ചെയ്യുന്നു. മനുഷ്യർ വളർത്തിക്കൊണ്ടുവന്ന കാണ്ടാമൃഗത്തെ കാട്ടിലേക്കു പുനരധിവസിപ്പിക്കുന്നത് നിരവധി വർഷങ്ങളെടുത്തേക്കാവുന്ന ഒരു സങ്കീർണ പ്രക്രിയയാണ്.
ഈ അനാഥർക്ക് എന്തു ഭാവി?
ലോക വന്യജീവി നിധി പറയുന്നത് അനുസരിച്ച് 1970-ൽ ആഫ്രിക്കയിൽ 65,000 കറുത്ത കാണ്ടാമൃഗങ്ങളുണ്ടായിരുന്നു. ഇന്ന് അവയുടെ എണ്ണം 2,500-ൽ താഴെയാണ്. തുകലിനും കൊമ്പിനും വേണ്ടി കാണ്ടാമൃഗങ്ങളെ കൊന്നൊടുക്കിയ അനധികൃത വേട്ടക്കാരാണ് ഇതിനു കാരണക്കാർ. കരിഞ്ചന്തയിൽ കാണ്ടാമൃഗക്കൊമ്പിന് അത്രയും തൂക്കം സ്വർണത്തെക്കാൾ വിലയുണ്ട്. അത് ഇത്ര വിലപിടിപ്പുള്ളതാകാൻ കാരണമെന്താണ്?
കാണ്ടാമൃഗത്തിന്റെ കൊമ്പ് പൊടിച്ചു സേവിച്ചാൽ പനി കുറയുമെന്ന് വിദൂര പൗരസ്ത്യ ദേശങ്ങളിലുള്ള പലരും വിശ്വസിക്കുന്നു. ഇതിൽ അൽപ്പം കഴമ്പുണ്ടായിരിക്കാമെന്ന് രാസ പരിശോധനകൾ കാണിച്ചിട്ടുണ്ട്. എന്നാൽ ഇന്നത്തെ മരുന്നുകളെക്കാൾ കൂടിയ അളവിൽ അവ സേവിക്കണമെന്നു മാത്രം. തീർച്ചയായും പനി കുറയ്ക്കാൻ കഴിയുന്ന മറ്റ് അനേകം മരുന്നുകളുണ്ട്.
സാംസ്കാരിക കാരണങ്ങളാലും ആളുകൾ കാണ്ടാമൃഗ കൊമ്പുകൾക്കു പുറകേ പോകാറുണ്ട്. മധ്യപൂർവദേശത്തെ ഒരു രാജ്യത്ത് വളഞ്ഞ കഠാര പുരുഷത്വത്തിന്റെ പ്രതീകമാണ്. കാണ്ടാമൃഗക്കൊമ്പുകൊണ്ട് ഉണ്ടാക്കിയ പിടിയുള്ള ഒരു കഠാരയ്ക്ക് വലിയ വിലയാണ്. പുതിയ കൊമ്പു കൊണ്ടുണ്ടാക്കിയ പിടിയുള്ള കഠാരയ്ക്ക് ഏതാണ്ട് 22,000 രൂപയും പഴയതുകൊണ്ടുണ്ടാക്കിയ പിടിയുള്ളതിന് 46,000 രൂപയും നൽകാൻ ആളുകൾ തയ്യാറാണ്.
അനധികൃത നായാട്ടിന്റെ ഫലമായി 20-ൽ താഴെ വർഷംകൊണ്ട് കെനിയയിലെ കാണ്ടാമൃഗങ്ങളുടെ 95 ശതമാനം നഷ്ടമായി. 1990-കളുടെ ആരംഭത്തോടെ അവയുടെ എണ്ണം 20,000-ത്തിൽ നിന്ന് വെറും 400 ആയി കുറഞ്ഞിരുന്നു. അതിൽപ്പിന്നെ കനത്ത സംരക്ഷണ നടപടികളുടെ ഫലമായി കാണ്ടാമൃഗങ്ങളുടെ എണ്ണം 450 ആയി വർധിച്ചിരിക്കുന്നു. കറുത്ത കാണ്ടാമൃഗങ്ങളുടെ എണ്ണം സ്ഥിരമായി നിൽക്കുന്നതോ വർധിക്കുന്നതോ ആയ ആകെയുള്ള മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ ഒന്നാണ് കെനിയ. അതുകൊണ്ട് മാഗ്നറ്റിനും മാഗ്നത്തിനും നല്ല ഭാവിയുണ്ട്. കാലാന്തരത്തിൽ അവ സ്ഥലത്തെ കാണ്ടാമൃഗ സമുദായത്തോടു ചേരുമെന്നും ദീർഘനാൾ സന്തോഷമായി കഴിയുമെന്നും അവയുടെ സൂക്ഷിപ്പുകാർ പ്രത്യാശിക്കുന്നു.
[12-ാം പേജിലെ ചിത്രം]
മാഗ്നവും (ഇടത്ത്) മാഗ്നറ്റും നാലു മാസം പ്രായമുള്ളപ്പോൾ