മർദ്ദിക്കപ്പെടുന്ന ഭാര്യമാർ—അടഞ്ഞ വാതിലുകൾക്കകത്തേയ്ക്കൊരു എത്തിനോട്ടം
ഭാര്യമാരെ പ്രഹരിക്കൽ ഞെട്ടലുളവാക്കുമാറ് സാധാരണമായ ഒരു സംഭവമാണ്. “പത്ത് സ്ത്രീകളുടെ കാര്യമെടുത്താൽ അവരിൽ ഒരാൾ വീതം തന്റെ വിവാഹജീവിതകാലത്ത് എന്നെങ്കിലും ഭർത്താവിൽ നിന്ന് ഗുരുതരമായ ആക്രമണത്തിന് (അടി, തൊഴി, കടി അല്ലെങ്കിൽ അതിലും കഠിനമായത്) ഇരയായിട്ടുണ്ടാവും” എന്ന് സൈക്കോളജി ററഡേ എന്ന മാസിക റിപ്പോർട്ട് ചെയ്യുന്നു. “ഐക്യനാടുകളിൽ രണ്ടു സ്ത്രീകളിൽ ഒരാൾ വീതം ഭവനത്തിനുള്ളിലെ അക്രമം അനുഭവിക്കേണ്ടിവരും” എന്നു പ്രസ്താവിച്ചുകൊണ്ട് കുടുംബബന്ധങ്ങൾ എന്ന മാസിക, പ്രശ്നത്തിന്റെ വ്യാപ്തി ഇതിലുമധികമാണ് എന്ന് ഒരു വർഷത്തിനുശേഷം സൂചന നൽകി. കാനഡയിൽ 1987-ലെ ഒരു റിപ്പോർട്ടനുസരിച്ച് ഓരോ പത്തു സ്ത്രീകളിലും ഒരാൾ വീതം മർദ്ദിക്കപ്പെടും. മററു രാജ്യങ്ങളിൽ കണക്കുകൾ ഏതാണ്ട് ഇങ്ങനെ തന്നെയാണ്.
മർദ്ദിക്കപ്പെടുന്ന ഭാര്യമാരുടെ വളരുന്ന പ്രശ്നത്തിന് കൂടുതലായ തെളിവ് നൽകിക്കൊണ്ട് ഒരു ന്യൂയോർക്ക് ഡിസ്ട്രിക്ട് അറേറാർണി ഇങ്ങനെ കൂട്ടിച്ചേർത്തു: “അമേരിക്കൻ സമൂഹത്തിൽ സ്ത്രീകൾക്ക് നേരെയുള്ള അക്രമം പകർച്ചവ്യാധിപോലെ പടരുന്നു. എഫ്. ബി. ഐ. വിലയിരുത്തുന്നതനുസരിച്ച് ഓരോ പതിനെട്ട് സെക്കൻറിലും ഓരോ വിവാഹഇണ വീതം പ്രഹരിക്കപ്പെടുന്നുണ്ട്. കൂടാതെ പ്രതിവർഷം കണക്കനുസരിച്ച് 60 ലക്ഷം സ്ത്രീകൾ വീതം മർദ്ദിക്കപ്പെടുന്നു. “ബലാൽസംഗം, പിടിച്ചുപറി, വാഹനാപകടങ്ങൾ എന്നിവയുടെ ആകെത്തുകയെക്കാൾ ആശുപത്രി ശുശ്രൂഷ ആവശ്യമായ ക്ഷതങ്ങൾ അധികവും വരുത്തിവയ്ക്കുന്നത് ഭാര്യാമർദ്ദനമാണ്.” ഓരോ വർഷവും ഇത് നിമിത്തം ഏകദേശം 4,000 സ്ത്രീകൾ കൊല്ലപ്പെടുന്നു.
ഭാര്യാമർദ്ദനം ഒരു കുടുംബരഹസ്യമായി സൂക്ഷിച്ചാൽ മർദ്ദകനായ ഭർത്താവിന്റെ ഏററവും ഉററവരായ ആളുകൾ, അതായത് ഉററ ചങ്ങാതിമാർ, സഹപ്രവർത്തകർ, അല്ലെങ്കിൽ വീടിന് വെളിയിലുള്ള കുടുംബാംഗങ്ങൾ എന്നിവരാരും അയാൾ ഒരു ഭാര്യാമർദ്ദകനാണ് എന്ന് സംശയിക്കുകയേ ഇല്ല. അയാൾ തന്റെ ജോലി സ്ഥലത്തും സമൂഹത്തിലും നന്നായി വർത്തിച്ചേക്കാം. പലപ്പോഴും തരപ്പടിക്കാർ അയാളെ ഒരു റോൾ മോഡലായി നോക്കിക്കണ്ടേക്കാം. മർദ്ദകൻമാരിൽ പലരും ഒരു ബാറിലെയോ, വീഥിയിലെയോ, പണിസ്ഥലത്തെയോ ശൺഠയിൽ നിന്നും അകന്നു മാറുന്ന പ്രകൃതക്കാരായിരിക്കും. മിക്കവരും ശണ്ഠയിൽ താത്പര്യമുള്ളവർക്ക് പ്രശ്നം വിട്ടുകൊടുത്തുകൊണ്ട് സ്വന്തം തലയൂരിപ്പോരുന്നവരാണ്.
പക്ഷേ തങ്ങളുടെ വിവാഹഇണയുടെ സംഗതിയിൽ ഒരു ചെറിയ കാര്യം മതി അവരെ കോപാവേശം കൊള്ളിക്കാൻ—സമയത്ത് പാകം ചെയ്യാതെപോയ ഊണ്, മോശമായ ഭക്ഷണം, തന്റെ ഇഷ്ടത്തിനു യോജിക്കാത്ത ഭാര്യയുടെ ചമയം, ടെലിവിഷനിൽ അവർ ഒന്നും അയാൾ മറെറാന്നും കാണാനിഷ്ടപ്പെടുന്ന സ്ഥിതി എന്നിവയെല്ലാം തന്നെ. ഒരു ബ്രിട്ടീഷ് പഠനം വെളിപ്പെടുത്തിയത് ആക്രമണ വിധേയരായ ഭാര്യമാരിൽ 77 ശതമാനത്തിന്റെയും കാര്യത്തിൽ വാഗ്വാദത്തെ തുടർന്നായിരുന്നില്ല പ്രഹരമുണ്ടാകുമായിരുന്നത്. പല കേസുകളിലും “ഭാര്യ മുട്ടയുടെ മഞ്ഞക്കരു ഉടച്ചതോ അല്ലെങ്കിൽ മുടി കുതിരവാലുപോലെ കെട്ടിവച്ചതോ പോലുള്ള നിസ്സാര സംഗതികളായിരിക്കാം മർദ്ദനത്തിന് വഴിയൊരുക്കുന്നത്.
“തന്റെ ഭാര്യ കിടക്കയിൽ പുതച്ചുമൂടി കിടന്നതാണ് തന്നെ ചൊടിപ്പിക്കാൻ കാരണമായത്” എന്നായിരുന്നു ഭാര്യയെ തല്ലിയ ഒരു ഭർത്താവു സമ്മതിച്ചു പറഞ്ഞത്. അയാളുടെ “ചൊടിപ്പ്” അവളെ കിടക്കയിൽ നിന്നു തൊഴിച്ചു ചാടിച്ച് അവൾക്ക് തലചുററുമാറ് ശക്തിയായി തല നിലത്തിടിച്ചതിലേക്ക് നീങ്ങി. വർഷങ്ങളോളം പ്രഹരങ്ങൾ ഏൽക്കേണ്ടിവന്ന ദ്രോഹവിധേയയായ ഒരു ഭാര്യ ഇങ്ങനെ പറഞ്ഞു: “ഞാൻ ഭക്ഷണമേശയ്ക്കൽ എന്തെങ്കിലും ഒരിനം വയ്ക്കാൻ മറന്നുപോയാൽ അതുമതി ഒരു സംഭവത്തിന് വഴിമരുന്നിടാൻ.”
വിവാഹം കഴിഞ്ഞ് മൂന്നരവർഷമായ ഒരു വധു. തന്റെ വിവാഹജീവിത കാലത്ത് ഏകദേശം 60 തവണ പ്രഹരമേററിട്ടുണ്ടെന്നാണ് കണക്കു കൂട്ടിപ്പറഞ്ഞത്. “അദ്ദേഹം എന്റെ സ്നേഹിതരെ ഇഷ്ടപ്പെടുന്നില്ല,” എന്നവൾ പറഞ്ഞു. “ക്രമേണ ഞാൻ അവരെ കാണുന്നത് നിർത്തി.” അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നത് നിമിത്തം ക്രമേണ അവൾ തന്റെ കുടുംബാംഗങ്ങളെ കാണുന്നതും നിർത്തി. “ഞാൻ അവരെ ഫോണിൽ വിളിക്കാമെന്നു കരുതിയാൽ മറെറാരു പ്രഹരത്തിന് അതുമതി കാരണം,” അവൾ വിശദീകരിച്ചു. ഉപദ്രവിക്കപ്പെട്ട മറെറാരു ഭാര്യ ഇങ്ങനെ പറഞ്ഞു: “എന്റെ ഓരോ ചലനവും എങ്ങനെ ആയിരിക്കണമെന്ന് ഒടുവിൽ ഞാൻ അദ്ദേഹത്തോട് ചോദിച്ചു, ഉച്ചഭക്ഷണത്തിനെന്തു വേണം, ഫർണിച്ചർ എങ്ങനെയിടണം എന്നും മററും.”
പഠനങ്ങൾ കാണിക്കുന്നത് ഭാര്യാമർദ്ദനം നടക്കാൻ ഏറെ സാദ്ധ്യതയുള്ളത് സായാഹ്നങ്ങളിലോ രാത്രികാലങ്ങളിലോ, വാരാന്ത്യങ്ങളിലോ ആണ് എന്നാണ്. അതുകൊണ്ട് ഒരു കഠിനമായ പ്രഹരത്തിനുശേഷം ഒരു സ്ത്രീയെ അവളുടെ വ്യക്തിപരമായ ഫിസിഷ്യൻ ആയിരിക്കയില്ല പിന്നെയോ ആശുപത്രിയിലെ അടിയന്തിര വിഭാഗമായിരിക്കും കണ്ടുമുട്ടാനിട. മർദ്ദിതരാകുന്ന ഭാര്യമാർ ചികിത്സക്കുവേണ്ടി തുറന്നു കാണിക്കാറുള്ള മുറിപ്പാടുകളിൽ മിക്കപ്പോഴും തലയിലെയും മുഖത്തെയും രക്തമൊലിക്കുന്ന മുറിവുകൾ ഉൾപ്പെടുന്നു. ആന്തരിക മുറിവുകളും സാധാരണമാണ്—തലചുററൽ, കർണ്ണസ്തരത്തിനുള്ള ആഘാതം, ഭാര്യ ഗർഭിണിയാണെങ്കിൽ ഉദരത്തിലുള്ള മുറിവുകൾ എന്നിവയെല്ലാം. മിക്കപ്പോഴും കഴുത്തു ഞെരിച്ചതിന്റെ പാടുകളും കാണും, പല കേസുകളിലും ഒടിഞ്ഞ അസ്ഥികൾ നേരെയാക്കാനുണ്ടായിരിക്കും—താടിയെല്ലുകൾ കൈയ്യോരങ്ങൾ, കാലുകൾ, വാരിയെല്ലുകൾ, അക്ഷകാസ്ഥി തുടങ്ങിയവ മർദ്ദനത്തിനിരയായ മററുള്ളവർ താപജനകദ്രാവകങ്ങളിൽ നിന്നോ ആസിഡിൽ നിന്നോ ഏററ പൊള്ളലിനുള്ള ചികിത്സാർത്ഥം പൊള്ളൽ ചികിത്സാലയങ്ങളിലേയ്ക്ക് അയക്കപ്പെട്ടേക്കാം.
മർദ്ദകരായ കുടുംബനാഥൻമാരെപ്പററി ഒരു എഴുത്തുകാരൻ എഴുതി: “ഇവൻമാർ വാസ്തവത്തിൽ കൊടും ഭയങ്കരൻമാരാണ്. അവർ സ്ത്രീകളെ മുറിയ്ക്കുള്ളിൽ പൂട്ടിയിടും, അവരുടെ അസ്ഥി ഒടിക്കും, അവർക്കു അംഗവൈകല്യമുണ്ടാക്കും. അവർ അവരെ കത്തികൊണ്ട് മുറിവേൽപ്പിക്കുന്നു, മരുന്നുകൾ അവരുടെമേൽ പരീക്ഷിച്ചു നോക്കുന്നു, മുഖത്തും വയററിലും സ്തനങ്ങളിലും ഇടിക്കുന്നു. അവർ അവരുടെ തലയ്ക്കു മീതെ തോക്കു ചൂണ്ടുന്നു—അവരെ കൊല്ലുകയും ചെയ്യുന്നു.” ഭാര്യമാരെ കിടക്കയോട് ചേർത്ത് ചങ്ങലയിൽ കെട്ടിയിടുന്നതിന്റെയും കാറിന്റെ വൈദ്യുത വയറുകൾ വലിച്ചൂരി അതു ഉപയോഗക്ഷമമല്ലാതാക്കുന്നതിന്റെയും ഓടിപ്പോകാനൊരുമ്പെടുന്ന സ്ത്രീകൾക്കു നേരെയുള്ള വധഭീഷണിയുടെയും റിപ്പോർട്ടുകളുമുണ്ട്. ദുരന്തങ്ങൾക്ക് അന്തമില്ല.
പലപ്പോഴും സംഭവിക്കുന്ന ശരീരോപദ്രവത്തോടൊപ്പം ഭീഷണികളും, കുററാരോപണങ്ങളും, ചീത്ത വിളിയും, വിഷാദരോഗവും, ഉറക്കമില്ലായ്മയും, പേടി സ്വപ്നങ്ങളും കൂടെ ഉണ്ടായേക്കാം.
തന്റെ വിവാഹ ഇണയുടെമേൽ—താൻ സ്നേഹിക്കുന്നുവെന്നും അവളെക്കൂടാതെ ജീവിക്ക വയ്യ എന്നും ഒരുവൻ പറയുന്ന സ്ത്രീയുടെമേൽ—ഈ സങ്കടകരമായ ഉപദ്രവം വരുത്തിവയ്ക്കുന്ന പുരുഷൻ ഏതു തരക്കാരനാണ്? അയാളുടെ വ്യക്തിത്വ ചിത്രം അടുത്ത ലേഖനത്തിൽ പരിചിന്തിക്കുക. (g88 11/22)