മർദനത്തിന് ഇരയാകുന്ന സ്ത്രീകൾക്കു സഹായം
അക്രമത്തിന് ഇരയാകുന്ന സ്ത്രീകളെ എങ്ങനെ സഹായിക്കാനാകും? ഒന്നാമത് അവർ അനുഭവിക്കുന്നത് എന്താണെന്നു മനസ്സിലാക്കേണ്ടതുണ്ട്. പലപ്പോഴും പീഡനം ദേഹോപദ്രവത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. വാക്കാലുള്ള ഭീഷണികളും ഭയപ്പെടുത്തലുകളും ഉണ്ടായേക്കാം. അതിന്റെ ഫലമായി താൻ ഒന്നിനും കൊള്ളാത്തവളും നിസ്സഹായയും ആണെന്ന് സ്ത്രീക്കു തോന്നുന്നു.
ആദ്യ ലേഖനത്തിൽ പരാമർശിച്ച റോക്സാനായുടെ കാര്യം എടുക്കുക. ചിലപ്പോൾ അവരുടെ ഭർത്താവ് വാക്കുകളെ ആയുധമാക്കുന്നു. റോക്സാനാ പറയുന്നു: “അദ്ദേഹം എന്നെ ചീത്ത വിളിക്കും. ‘സ്കൂൾ പോലും പാസായിട്ടില്ലാത്തവളല്ലേ നീ? ഞാനില്ലാതെ നീ എങ്ങനെ കുട്ടികളെ വളർത്തും? മടിച്ചി, കാൽക്കാശിനു കൊള്ളാത്തവൾ. എന്നെ ഉപേക്ഷിച്ചാൽ കോടതി കുട്ടികളെ നിനക്കു വിട്ടുതരുമെന്നു തോന്നുന്നുണ്ടോ?’ എന്നൊക്കെ പറയും.”
റോക്സാനാ തന്റെ ചൊൽപ്പടിക്കു നിൽക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് അവരുടെ ഭർത്താവ് പണത്തിന്മേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. കാർ ഉപയോഗിക്കാൻ അവർക്ക് അനുവാദമില്ല. റോക്സാനാ എന്തു ചെയ്യുകയാണെന്ന് അറിയുന്നതിന് ദിവസം മുഴുവനും അയാൾ ഇടയ്ക്കിടയ്ക്കു വീട്ടിലേക്കു ഫോൺ ചെയ്തുകൊണ്ടിരിക്കും. അറിയാതെയെങ്ങാനും ഒരു അഭിപ്രായം പറഞ്ഞുപോയാൽ തീർന്നു കഥ. അയാൾ കോപംകൊണ്ടു പൊട്ടിത്തെറിക്കും. അതുകൊണ്ട് റോക്സാനാ ഇപ്പോൾ ഒരു കാര്യത്തിലും അഭിപ്രായം പറയാറില്ല.
നമുക്കു കാണാൻ കഴിയുന്നതു പോലെ, ഭാര്യാമർദനം എന്നത് വളരെ സങ്കീർണമായ ഒരു വിഷയമാണ്. സഹായം നൽകാൻ കഴിയണമെങ്കിൽ ദയാപൂർവം ശ്രദ്ധിക്കുക. മിക്കപ്പോഴും താൻ അനുഭവിക്കുന്നതിനെ കുറിച്ചു സംസാരിക്കുന്നത് പീഡനത്തിന് ഇരയാകുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഓർക്കുക. വ്യക്തിയെ ബലപ്പെടുത്തുകയും സ്വന്തം ഗതിവേഗത്തിൽ സാഹചര്യവുമായി പൊരുത്തപ്പെടാൻ അവരെ സഹായിക്കുകയും ചെയ്യുക എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം.
മർദനം സഹിക്കുന്ന ചില സ്ത്രീകളുടെ കാര്യത്തിൽ അധികാരികളുടെ സഹായം തേടേണ്ടത് ആവശ്യമായി വന്നേക്കാം. ചിലപ്പോൾ നിർണായകമായ ഒരു നടപടി—പോലീസ് ഇടപെടൽ പോലുള്ള ഒന്ന്—തന്റെ പ്രവൃത്തികളുടെ ഗൗരവം മനസ്സിലാക്കാൻ പീഡകനെ സഹായിച്ചേക്കും. എന്നിരുന്നാലും പലപ്പോഴും ആ അടിയന്തിര ഘട്ടം പിന്നിടുന്നതോടെ മാറ്റം വരുത്താനുള്ള ഏതൊരു പ്രേരണയും ഇല്ലാതാകുന്നു എന്നതും ഒരു സത്യമാണ്.
മർദിതയായ ഭാര്യ തന്റെ ഭർത്താവിനെ ഉപേക്ഷിക്കണമോ? വേർപിരിയലിനെ ബൈബിൾ നിസ്സാരമായ ഒരു സംഗതിയായല്ല കണക്കാക്കുന്നത്. എന്നാൽ അതേസമയം മർദിതയായ ഭാര്യ തന്റെ ആരോഗ്യത്തെയും ഒരുപക്ഷേ ജീവനെ പോലും അപകടപ്പെടുത്താൻ മുതിരുന്ന ഒരു പുരുഷനോടൊപ്പം കഴിഞ്ഞേ തീരൂ എന്നും അത് പറയുന്നില്ല. ക്രിസ്തീയ അപ്പൊസ്തലനായ പൗലൊസ് എഴുതി: “ഭാര്യ ഭർത്താവിനെ . . . പിരിഞ്ഞു എന്നു വരികിലോ വിവാഹംകൂടാതെ പാർക്കേണം; അല്ലെന്നു വരികിൽ ഭർത്താവോടു നിരന്നുകൊള്ളേണം.” (1 കൊരിന്ത്യർ 7:10-16) അങ്ങേയറ്റത്തെ സാഹചര്യങ്ങളിൽ ദമ്പതികൾ തമ്മിൽ വേർപിരിയുന്നതിനെ ബൈബിൾ വിലക്കാത്തതിനാൽ ഈ കാര്യത്തിൽ ഒരു സ്ത്രീ എന്തു ചെയ്യുന്നു എന്നുള്ളത് വ്യക്തിപരമായ ഒരു തീരുമാനമാണ്. (ഗലാത്യർ 6:5) തന്റെ ഭർത്താവിനെ ഉപേക്ഷിക്കുന്നതിന് ഒരു സ്ത്രീയെ പ്രേരിപ്പിക്കാൻ ആരും ശ്രമിക്കരുത്. അതുപോലെതന്നെ, പീഡിപ്പിക്കുന്ന ഒരു പുരുഷനോടൊപ്പം കഴിയുന്നത് തന്റെ ആരോഗ്യത്തിനും ജീവനും ആത്മീയതയ്ക്കും ഭീഷണി ആകുമ്പോൾ അയാളോടൊപ്പം തുടർന്നു കഴിയാനും ആരും അവളുടെമേൽ സമ്മർദം ചെലുത്തരുത്.
പീഡകർക്കു മാറ്റം വരുത്താനാകുമോ?
ഭാര്യയെ പീഡിപ്പിക്കുന്നത് ബൈബിൾ തത്ത്വങ്ങളുടെ കടുത്ത ലംഘനമാണ്. എഫെസ്യർ 4:29, 31-ൽ നാം വായിക്കുന്നു: “ആകാത്തതു ഒന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുതു. എല്ലാ കൈപ്പും കോപവും ക്രോധവും കൂററാരവും ദൂഷണവും സകലദുർഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ.”
ക്രിസ്തുവിനെ അനുഗമിക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു ഭർത്താവ് ഭാര്യയെ ഉപദ്രവിക്കുന്നെങ്കിൽ അവളെ സ്നേഹിക്കുന്നുവെന്ന് ആത്മാർഥമായി പറയാൻ കഴിയില്ല. ഭാര്യയോടു മോശമായി പെരുമാറുന്നെങ്കിൽ അയാളുടെ മറ്റെല്ലാ നന്മ പ്രവൃത്തികൾക്കും എന്തു വിലയാണ് ഉണ്ടായിരിക്കുക? ‘തല്ലുകാരൻ’ ക്രിസ്തീയ സഭയിൽ പ്രത്യേക പദവികൾ ലഭിക്കാൻ യോഗ്യനല്ല. (1 തിമൊഥെയൊസ് 3:3; 1 കൊരിന്ത്യർ 13:1-3) ക്രിസ്ത്യാനി എന്ന് അവകാശപ്പെടുന്ന ഒരു വ്യക്തിയിൽനിന്ന് അനുതാപമില്ലാതെ കോപപ്രകടനങ്ങൾ തുടർച്ചയായി ഉണ്ടാകുന്നപക്ഷം അയാളെ ക്രിസ്തീയ സഭയിൽനിന്നു പുറത്താക്കാവുന്നതുമാണ്.—ഗലാത്യർ 5:19-21; 2 യോഹന്നാൻ 9, 10.
അക്രമാസക്തരായ പുരുഷന്മാർക്ക് തങ്ങളുടെ പെരുമാറ്റത്തിൽ വ്യത്യാസം വരുത്താൻ കഴിയുമോ? ചിലർ അങ്ങനെ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും പീഡകൻ (1) തന്റെ നടത്ത അനുചിതമാണെന്ന് അംഗീകരിക്കുകയും (2) മാറ്റം വരുത്താൻ ആഗ്രഹിക്കുകയും (3) സഹായം തേടുകയും ചെയ്യാത്ത പക്ഷം സാധാരണഗതിയിൽ അയാൾ മാറ്റം വരുത്തുകയില്ല. മാറ്റം വരുത്താൻ വ്യക്തിയെ പ്രേരിപ്പിക്കുന്നതിൽ ബൈബിളിനു വളരെ ശക്തമായ സ്വാധീനം ആയിരിക്കാൻ കഴിയുമെന്ന് യഹോവയുടെ സാക്ഷികൾ കണ്ടെത്തിയിട്ടുണ്ട്. അവരോടൊപ്പം ബൈബിൾ പഠിക്കുന്ന പല താത്പര്യക്കാരും ദൈവത്തെ പ്രസാദിപ്പിക്കാനുള്ള ശക്തമായ ഒരു ആഗ്രഹം വളർത്തിയെടുത്തിരിക്കുന്നു. ‘അക്രമം ഇഷ്ടപ്പെടുന്നവനെ [യഹോവ] വെറുക്കുന്നു’ എന്ന് ഈ പുതിയ ബൈബിൾ വിദ്യാർഥികൾ മനസ്സിലാക്കുന്നു. (സങ്കീർത്തനം 11:5) തീർച്ചയായും മാറ്റം വരുത്തുന്നതിൽ ഭാര്യയെ തല്ലാതിരിക്കുന്നതു മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത്. മറിച്ച്, അയാൾ തന്റെ ഭാര്യയോടുള്ള മനോഭാവത്തിൽത്തന്നെ സമ്പൂർണ മാറ്റം വരുത്തേണ്ടതുണ്ട്.
ദൈവപരിജ്ഞാനം നേടുമ്പോൾ ഒരു വ്യക്തി തന്റെ ഭാര്യയെ ഒരു ദാസിയായല്ല മറിച്ച് ഒരു “തുണ”യായും തന്നെക്കാൾ താഴ്ന്നവളായല്ല മറിച്ച് ‘ബഹുമാനം കൊടുക്കേണ്ടവളായും’ വീക്ഷിക്കാൻ പഠിക്കും. (ഉല്പത്തി 2:18; 1 പത്രൊസ് 3:7) അതുപോലെ ദയയുള്ളവനായിരിക്കാനും ഭാര്യയുടെ അഭിപ്രായത്തിനു വിലകൽപ്പിക്കാനും അയാൾ പഠിക്കുന്നു. (ഉല്പത്തി 21:12; സഭാപ്രസംഗി 4:1) യഹോവയുടെ സാക്ഷികൾ നടത്തിവരുന്ന ബൈബിൾ പഠന പരിപാടി പല ദമ്പതികളെയും സഹായിച്ചിട്ടുണ്ട്. ഒരു സ്വേച്ഛാധിപതിക്കോ കലഹക്കാരനോ ക്രിസ്തീയ കുടുംബത്തിൽ യാതൊരു സ്ഥാനവുമില്ല.—എഫെസ്യർ 5:25, 28, 29.
“ദൈവത്തിന്റെ വചനം ജീവനുള്ളതും ശക്തി ചെലുത്തുന്നതുമാണ്.” (എബ്രായർ 4:12, NW) അതുകൊണ്ട്, ബൈബിളിൽ അടങ്ങിയിരിക്കുന്ന ജ്ഞാനത്തിന് തങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ വിശകലനം ചെയ്യാനും ധൈര്യപൂർവം അവയെ തരണം ചെയ്യാനും ദമ്പതികളെ സഹായിക്കാനാകും. അതിലുപരി, അനുസരണമുള്ള മനുഷ്യവർഗത്തിന്മേൽ യഹോവയുടെ സ്വർഗീയ രാജാവ് ഭരണം നടത്തുമ്പോൾ ലോകത്തിൽനിന്ന് അക്രമം മുഴുവനായും തുടച്ചു നീക്കപ്പെടുമെന്ന ഉറപ്പുള്ളതും ആശ്വാസദായകവുമായ പ്രത്യാശ ബൈബിളിൽ അടങ്ങിയിരിക്കുന്നു. ബൈബിൾ പറയുന്നു: “അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ. അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും.”—സങ്കീർത്തനം 72:12, 14.(g01 11/8)
[12-ാം പേജിലെ ആകർഷകവാക്യം]
ഒരു സ്വേച്ഛാധിപതിക്കോ കലഹക്കാരനോ ക്രിസ്തീയ കുടുംബത്തിൽ യാതൊരു സ്ഥാനവുമില്ല
[8-ാം പേജിലെ ചതുരം]
തെറ്റിദ്ധാരണകൾ തിരുത്തൽ
• മർദിക്കപ്പെടുന്ന സ്ത്രീകൾതന്നെയാണ് തങ്ങളുടെ ഭർത്താക്കന്മാരുടെ ചെയ്തികൾക്ക് ഉത്തരവാദികൾ.
ഭാര്യമാർ തങ്ങളെ പ്രകോപിപ്പിക്കുന്നതു കാരണമാണ് തങ്ങൾ അവരെ ഉപദ്രവിക്കുന്നത് എന്നു പറഞ്ഞുകൊണ്ട് പലരും തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കാൻ ശ്രമിക്കാറുണ്ട്. ഭാര്യ ഒരു വല്ലാത്ത സ്വഭാവക്കാരിയായതുകൊണ്ടാണ് വല്ലപ്പോഴുമൊക്കെ ഭർത്താവിനു തന്റെ നിയന്ത്രണം വിട്ടുപോകുന്നതെന്ന ഭാഷ്യം ചില കുടുംബസുഹൃത്തുക്കൾ പോലും അംഗീകരിച്ചേക്കാം. എന്നാൽ പീഡനത്തിന് ഇരയായ വ്യക്തിയെ പഴി പറയുകയും പീഡിപ്പിച്ചയാളെ ന്യായീകരിക്കുകയുമാണ് അവർ ചെയ്യുന്നത്. മർദിക്കപ്പെടുന്ന ഭാര്യമാർ പലപ്പോഴും ഭർത്താക്കന്മാരെ പ്രീണിപ്പിക്കാൻ അസാധാരണ ശ്രമങ്ങൾ ചെയ്യുന്നുവെന്നതാണു വാസ്തവം. കൂടാതെ, ഇണയെ മർദിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത തെറ്റാണ്. ഭാര്യയെ തല്ലുന്നവൻ—മനശ്ശാസ്ത്രപരമായ ഒരു അവലോകനം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു: “കോടതികൾ ചികിത്സയ്ക്ക് അയയ്ക്കുന്ന ഭാര്യാമർദന കേസുകളിലെ പ്രതികൾക്ക് അക്രമത്തോട് ആസക്തിയുള്ളതായി കാണുന്നു. ഉള്ളിൽ തളംകെട്ടി നിൽക്കുന്ന കോപവും വിഷാദവും പുറത്തുവിടുന്നതിനും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ സാഹചര്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനും പ്രശ്നം പരിഹരിക്കുന്നതിനും സമ്മർദം കുറയ്ക്കുന്നതിനുമൊക്കെ അവർ അക്രമത്തെ ഉപയോഗിക്കുന്നു. . . . പലപ്പോഴും തങ്ങൾക്കൊരു പ്രശ്നം ഉണ്ടെന്ന് അംഗീകരിക്കുന്നതിനോ അതിന്റെ ഗൗരവം മനസ്സിലാക്കുന്നതിനോ പോലും അവർക്കു കഴിയുന്നില്ല.”
• മദ്യപാനം ഭാര്യയെ തല്ലാൻ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്നു.
കുടിച്ചു കഴിയുമ്പോൾ ചില പുരുഷന്മാർ കൂടുതൽ അക്രമാസക്തരായിത്തീരുന്നുവെന്നതു സത്യംതന്നെ. എന്നാൽ മുഴുവൻ പഴിയും മദ്യത്തിന്റെ മേൽ ഇടുന്നത് ന്യായയുക്തമാണോ? “കുടിച്ചു ലക്കുകെടുമ്പോൾ പീഡകന് തന്റെ പെരുമാറ്റത്തിനുള്ള ഉത്തരവാദിത്വം മറ്റൊന്നിന്മേൽ കെട്ടിവെക്കാൻ കഴിയുന്നു” എന്ന് അക്രമം വീട്ടിൽനിന്ന് ആരംഭിക്കുമ്പോൾ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ കെ. ജെ. വിൽസൺ എഴുതുന്നു. അവർ തുടർന്നു പറയുന്നു: “ലക്കുകെട്ട ഒരു വ്യക്തി വീട്ടിനുള്ളിൽ നടത്തുന്ന അക്രമത്തെ ഗൗരവം കുറഞ്ഞതായി വീക്ഷിക്കാനുള്ള ഒരു ചായ്വ് നമ്മുടെ സമൂഹത്തിന് ഉള്ളതായി കാണപ്പെടുന്നു. മർദനം ഏൽക്കുന്ന സ്ത്രീക്ക് തന്റെ ഇണയെ ഒരു ഉപദ്രവകാരിയായി കാണുന്നതിനു പകരം കുടിയൻ അല്ലെങ്കിൽ അമിത മദ്യപാനി എന്ന നിലയിൽ കാണാൻ കഴിയുന്നു.” ഇത്തരത്തിലുള്ള ചിന്താഗതി, “അദ്ദേഹം കുടിയൊന്നു നിറുത്തിയിരുന്നെങ്കിൽ എല്ലാം നേരെയായേനെ” എന്ന തെറ്റായ പ്രതീക്ഷ സ്ത്രീക്കു നൽകുന്നു എന്ന് വിൽസൺ ചൂണ്ടിക്കാണിക്കുന്നു.
ഇപ്പോൾ പല ഗവേഷകരും മദ്യപാനത്തെയും മർദനത്തെയും വ്യത്യസ്തമായ രണ്ടു പ്രശ്നങ്ങളായാണു വീക്ഷിക്കുന്നത്. ശ്രദ്ധേയമായി, മദ്യാസക്തരും മയക്കുമരുന്നു ദുരുപയോഗം ചെയ്യുന്നവരുമായ പുരുഷന്മാരിൽ ഭൂരിപക്ഷവും തങ്ങളുടെ ഭാര്യമാരെ തല്ലാറില്ല. പുരുഷന്മാർ സ്ത്രീകളെ മർദിക്കുമ്പോൾ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ എഴുത്തുകാർ ഇങ്ങനെ പറയുന്നു: “സ്ത്രീയെ നിയന്ത്രിക്കുന്നതിലും വിരട്ടുന്നതിലും കീഴ്പെടുത്തുന്നതിലും മർദനം കൈവരിക്കുന്ന വിജയമാണ് അടിസ്ഥാനപരമായി അതു തുടർന്നും ചെയ്യുന്നതിന് ഒരുവനെ പ്രേരിപ്പിക്കുന്നത്. . . . മദ്യപാനവും മയക്കുമരുന്നു ദുരുപയോഗവും പീഡകന്റെ ജീവിതരീതിയുടെ ഭാഗമാണ്. എന്നാൽ അവയാണ് അക്രമത്തിന്റെ കാരണം എന്നു നിഗമനം ചെയ്യുന്നതു ശരിയല്ല.”
• മർദകർ എല്ലാവരോടും അക്രമാസക്തമായ രീതിയിലാണു പെരുമാറുന്നത്.
പലപ്പോഴും ഇക്കൂട്ടർ മറ്റുള്ളവരുടെ അടുക്കൽ മര്യാദക്കാരായിരിക്കും. അവരുടെ മുമ്പിൽ അയാൾ തികച്ചും വ്യത്യസ്തമായ ഒരു വ്യക്തിത്വം ധരിക്കുന്നു. അതുകൊണ്ടുതന്നെ അയാളുടെ അക്രമപ്രവർത്തനത്തെ കുറിച്ചുള്ള കഥകൾ വിശ്വസിക്കാൻ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ബുദ്ധിമുട്ടു തോന്നിയേക്കാം. എന്നിരുന്നാലും ഭാര്യയെ ചൊൽപ്പടിക്കു നിറുത്താൻ അയാൾ അക്രമം ഉപയോഗിക്കുന്നു എന്നതാണു വാസ്തവം.
• തങ്ങളോടു മോശമായി പെരുമാറുന്നതിൽ സ്ത്രീകൾക്ക് എതിർപ്പില്ല.
പോകാൻ മറ്റൊരിടമില്ലാത്ത സ്ത്രീയുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കാത്തതു കൊണ്ടാണ് സാധ്യതയനുസരിച്ചു ചിലർക്ക് അങ്ങനെ തോന്നുന്നത്. ഒന്നുരണ്ട് ആഴ്ചത്തേക്ക് അവൾക്ക് കൂട്ടുകാരോടൊപ്പമോ മറ്റോ നിൽക്കാൻ കഴിയുമായിരിക്കും. എന്നാൽ അതു കഴിയുമ്പോൾ എന്തു ചെയ്യും? ഒരു ജോലി കണ്ടെത്തുക, വാടക നൽകുക, കുട്ടികളെ പരിപാലിക്കുക, ഇതെല്ലാം അവളുടെ മുന്നിൽ ഒരു ചോദ്യചിഹ്നമായി അവശേഷിക്കും. കൂടാതെ, കുട്ടികളെയുംകൊണ്ട് ഓടിപ്പോകുന്നത് നിയമവിരുദ്ധമായതിനാൽ അതിനും സാധ്യമല്ലായിരിക്കാം. ഇങ്ങനെ രക്ഷപ്പെടാൻ ശ്രമിച്ച ചിലരെ ഭർത്താക്കന്മാർ തേടിപ്പിടിച്ച് ബലം പ്രയോഗിച്ചോ അനുനയിപ്പിച്ചോ തിരികെ കൊണ്ടുപോയിരിക്കുന്നു. ഈ സ്ത്രീകൾ തിരിച്ചു പോകുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാൻ കഴിയാത്ത സുഹൃത്തുക്കൾ ചിലപ്പോൾ അവർക്ക് തങ്ങളോടു മോശമായി പെരുമാറുന്നതിൽ കുഴപ്പമില്ല എന്നു തെറ്റായി വിശ്വസിക്കുന്നതിന് ഇടയായേക്കാം.