മയക്കുമരുന്നുകൾ പ്രശ്നങ്ങൾ വ്യാപകമാകുന്നു
ഈ നാളുകളിൽ മയക്കുമരുന്നുകളെക്കുറിച്ചുള്ള വാർത്തകൾ ധാരാളമുണ്ട്. ഒരു പത്രമൊ വാർത്താമാസികയൊ എടുത്താൽ മയക്കുമരുന്നിന്റെ പ്രശ്നത്തെക്കുറിച്ചുള്ള എന്തെങ്കിലും പരാമർശനം കാണാതിരിക്കുകയില്ല. ഒരു നയതന്ത്രപ്രവർത്തകൻ ഒരു രാജ്യത്തേക്ക് മയക്കുമരുന്നു കൊണ്ടുപോകവേ പിടിക്കപ്പെടുന്നു. ഒരു ദേശീയനേതാവ് മയക്കുമരുന്നുകള്ളക്കടത്തിലെ അയാളുടെ പങ്കുനിമിത്തം അപലപിക്കപ്പെടുന്നു. ഒരു പ്രമുഖ കായികതാരം മയക്കുമരുന്നുപുനരധിവസിപ്പിക്കലിന് വിധേയനാകേണ്ടിവരുന്നു. ഫെഡറൽ ഏജൻറ്സ് ഒരു വിമാനത്തിലൊ കപ്പലിലൊ റെയിഡ്നടത്തി മയക്കുമരുന്നുകളുടെ വലിയ ശേഖരം കണ്ടുപിടിക്കുന്നു. ഒരു പ്രസിദ്ധ ഫലിതവിദഗ്ദ്ധൻ മയക്കുമരുന്നിന്റെ ഓവർഡോസ് കഴിച്ച് മൃതിയടയുന്നു. ഒരു തീവണ്ടിയപകടത്തിൽ ഉൾപ്പെട്ട ഒരു എൻജിനിയർ മയക്കുമരുന്നിന്റെ സ്വാധീനത്തിലായിരുന്നുവെന്ന് കണ്ടെത്തപ്പെടുന്നു. ഒരു രാഷ്ട്രീയക്കാരൻ മയക്കുമരുന്നുനിയന്ത്രണത്തെ തന്റെ പ്രചാരണത്തിന്റെ മുഖ്യവിഷയമാക്കുന്നു. അങ്ങനെ അതു നീളുന്നു.
മയക്കുമരുന്നിന്റെ വിവാദം വളരെ മുന്തിനിന്നതുകൊണ്ട് അതിന്റെ ഉച്ചാടനത്തിന് കഴിഞ്ഞവർഷം 24 രാഷ്ട്രങ്ങൾ ഒത്തുചേർന്നു. അവർ “5,046 മെട്രിക്ക് ടൺ കോക്കായിലകളും 17,585 ടൺ കഞ്ചാവുചെടികളും നശിപ്പിച്ചു”വെന്ന് യു.എസ്.ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് പറയുന്നു. “എന്നിട്ടും ‘ലോകവ്യാപക ലഹരിപദാർത്ഥ ശേഖരം കുറക്കുന്നതിനുള്ള’ ഇപ്പോഴത്തെ നിർമ്മാർജ്ജനപരിപാടികൾ ‘അപര്യാപ്ത’മാണെന്ന് [യു.എസ്] സ്റേറററ് ഡിപ്പാർട്ടുമെൻറ് പ്രസ്താവിക്കുന്നു.
മയക്കുമരുന്നുകളുടെ പിടിച്ചെടുക്കലും അറസ്ററുകളും കുററംവിധിക്കലുകളും വർദ്ധിച്ചിട്ടുണ്ട്, എന്നാൽ അവിഹിത മയക്കുമരുന്നു ലഭ്യതയും വർദ്ധിച്ചിരിക്കുന്നു. മയക്കുമരുന്നിന്റെ ഉല്പാദനത്തിന്റെ ഒരു ചെറിയ അംശം മാത്രമേ കണ്ടുപിടിക്കുകയും പിടിച്ചെടുക്കുകയും ചെയ്യുന്നുള്ളു. അനേകം സ്ഥലങ്ങളിൽ മയക്കുമരുന്നുകൾ കിട്ടാൻ മുമ്പെന്നത്തേതിലും എളുപ്പമാണ്. ഉദാഹരണത്തിന്, കോക്കേയ്ൻ സംസാധന പരീക്ഷണശാലകളിൽ 1986ൽ റെയിഡ്നടത്താനും അവ നശിപ്പിക്കാനുമുള്ള സംഘടിതശ്രമങ്ങളുണ്ടായിരുന്നിട്ടും കൊളംബിയായിലും, ബൊളീവിയായിലും പെറുവിലും കോക്കായിലകളിൽനിന്നുള്ള കോക്കേയ്ൻ ഉല്പാദനം 1986നും 1987നും ഇടക്ക് യഥാർത്ഥത്തിൽ 10 ശതമാനം വർദ്ധിക്കുകയായിരുന്നു. തെരുവുകളിൽ ഇപ്പോൾ വിൽക്കപ്പെടുന്ന കോക്കേയ്ൻ വളരെയധികം ശുദ്ധമാണ്, വിലകൾ കുത്തനെ ഇടിഞ്ഞിരിക്കുന്നു—വർദ്ധിച്ച ലഭ്യതയുടെ തെളിവാണത്.
“ലോകത്തിലെ ഏതു വ്യാവസായിക രാഷ്ട്രത്തെയുമപേക്ഷിച്ച് ഐക്യനാടുകളിലാണ് യുവജനങ്ങളാലുള്ള ഏററവും കൂടിയ മയക്കുമരുന്നുപയോഗം ഉള്ളത്. മുന്നത്തേതിലും ഇളംപ്രായത്തിൽ മയക്കുമരുന്നുപയോഗം തുടങ്ങുകയുംചെയ്യുന്നു” എന്ന് ബിഹേവ്യർ ററഡേയിൽ നിന്നുള്ള ഒരു റിപ്പോർട്ടു പറയുന്നു. ഹൈസ്ക്കൂളിലെ മുതിർന്ന കുട്ടികളുടെ പകുതിയിലധികംപേർ തങ്ങളുടെ ആയുഷ്ക്കാലത്ത് നിയമവിരുദ്ധമയക്കുമരുന്ന് പരീക്ഷിച്ചുനോക്കിയിട്ടുണ്ടെന്ന് സമ്മതിച്ചതായും തങ്ങളുടെ 20കളുടെ മദ്ധ്യത്തിലായിരിക്കുന്നവരുടെ ഇടയിൽ ഈ ഉയർന്ന അനുപാതം ഏതാണ്ട് 80 ശതമാനത്തിലേക്ക് ഉയരുകയാണെന്നും ഒരു സർവ്വേ വെളിപ്പെടുത്തി. ഐക്യനാടുകളിൽ ഇപ്പോൾ കണക്കാക്കപ്പെട്ടപ്രകാരം 12 ലക്ഷം മയക്കുമരുന്നാസക്തരുണ്ട്, വേറെ 2 കോടി 30 ലക്ഷം പേർ “വിനോദത്തിനുവേണ്ടി” അതുപയോഗിക്കുന്നുണ്ട്.
മയക്കുമരുന്നിന്റെ മഹാമാരിയിൽനിന്ന് മററു രാജ്യങ്ങൾ വിമുക്തമല്ല. അന്താരാഷ്ട്രകാര്യ മന്ത്രി അലക്സാണ്ടർ വ്ളാസോവ് ഇങ്ങനെ പറയുന്നതായി സോവ്യററ്പത്രമായ പ്രവ്ദാ ഉദ്ധരിച്ചു: “മയക്കുമരുന്നാസക്തിക്കും അതിനോടു ബന്ധപ്പെട്ട കുററകൃത്യങ്ങൾക്കുമെതിരെയുള്ള പോരാട്ടം അന്താരാഷ്ട്രകാര്യമന്ത്രാലയത്തിന്റെ മുഖ്യജോലികളിലൊന്നായിത്തീർന്നിരിക്കുന്നു.” സോവ്യററ വീക്ക്ലിയിൽ റിപ്പോർട്ടുചെയ്ത പ്രകാരം “കഴിഞ്ഞ രണ്ടു വർഷക്കാലത്ത് 80,000 സോവ്യററ് ആളുകൾക്കെതിരെ മയക്കുമരുന്നിനോടു ബന്ധപ്പെട്ട കുററാരോപണങ്ങൾ നടത്തപ്പെട്ടിട്ടുണ്ട്.” ആസക്തർക്കുവേണ്ടിയുള്ള ചികിൽസയുണ്ടെങ്കിലും “രജിസ്ററർ ചെയ്യപ്പെട്ട 1,31,000 മയക്കുമരുന്നുപയോക്താക്കളുള്ള സ്ഥിതിക്ക് പ്രശ്നം ഗുരുതരമായ ഒന്നായി തുടരുകയാണ്.”
ഹംഗറിയിൽ 30,000ത്തിനും 50,000ത്തിനുമിടക്ക് മയക്കുമരുന്നുപയോക്താക്കളുണ്ടെന്ന് പറയപ്പെടുന്നു. പോളണ്ടിൽ കണക്കാക്കപ്പെട്ടപ്രകാരം 2,00,000 മുതൽ 6,00,000 വരെ ആസക്തരും കടുപ്പമുള്ള മരുന്നുകളുടെ ഉപയോക്താക്കളും ഉണ്ട്, മിക്കവരും 25 വയസ്സിനു താഴെയുള്ള യുവാക്കൾ. പാക്കിസ്ഥാനിൽ 3,13,000ത്തോടടുത്ത് കറുപ്പാസക്തരും 1,50,000ത്തോടടുത്ത് ഹെറോയിൻ ആസക്തരും ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. പശ്ചിമയൂറോപ്പിൽ ക്രമമായി കോക്കേയ്ൻ ഉപയോഗിക്കുന്നവരുടെ എണ്ണം 1,990കളുടെ മദ്ധ്യമാകുമ്പോഴേക്ക് മുപ്പതുലക്ഷം മുതൽ നാല്പതുലക്ഷംവരെ ആകുമെന്ന് യൂറോപ്യൻ പാർലമെൻറ് മെമ്പറായ സർ ജാക്ക് സ്ററിവാർട്ട് ക്ലാർക്ക് മുൻകൂട്ടിപ്പറയുന്നു. സ്പെയിനിൽ ഇപ്പോൾത്തന്നെ കണക്കാക്കപ്പെട്ട 60,000ത്തിനും 80,000ത്തിനും ഇടക്ക് കോക്കേയ്ൻ ഉപയോക്താക്കൾ ഉണ്ട്.
മയക്കുമരുന്നിന്റെ പ്രശ്നം “ചില സംസ്ഥാനങ്ങളുടെ ഭദ്രതയെത്തന്നെ അപകടപ്പെടുത്തത്തക്ക” ഘട്ടത്തോളം വളർന്നിരിക്കുന്നുവെന്ന് ഒരു ഐക്യരാഷ്ട്ര പഠനം പറയുകയുണ്ടായി.
മയക്കുമരുന്നുകൾ ഇത്രയധികം പ്രസിദ്ധി നേടിയിരിക്കുന്നതെന്തുകൊണ്ട്? തീർച്ചയായും ആളുകൾ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതുതന്നെ എന്തുകൊണ്ട്? വ്യാപകമായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്നു പ്രശ്നത്തെ നിയന്ത്രിക്കാനുള്ള വൻതോതിലുള്ള ശ്രമങ്ങൾ പരാജയപ്പെട്ടിരിക്കുന്നതെന്തുകൊണ്ട്? വളർന്നുവരുന്ന മയക്കുമരുന്നുഭീഷണിക്ക് അറുതിവരുത്തുന്നതിന് എന്തുചെയ്യാൻ കഴിയും? (g88 12/8)