മയക്കുമരുന്നുകൾ എന്തെങ്കിലും പ്രത്യാശയുണ്ടോ?
നിയമവിരുദ്ധ മയക്കുമരുന്നിന്റെ തിരത്തള്ളൽ ദൂരീകരിക്കാനുള്ള സകല ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുന്നതെന്തുകൊണ്ട്? ഒററ വാക്കിൽ ഉത്തരം പറഞ്ഞാൽ പണം. മയക്കുമരുന്നുകൾ വലിയ ബിസിനസ്സാണ്. ലാഭം കണക്കുകൂട്ടുന്നത് സഹസ്രകോടിക്കണക്കിനു രൂപായായിട്ടാണ്.
ഐക്യനാടുകളിലെ ലഹരിപദാർത്ഥങ്ങളുടെ വില്പനയിൽനിന്നുള്ള മൊത്ത വാർഷികവരുമാനം മാത്രം 6,000 കോടി മുതൽ 12,000 കോടി വരെ ഡോളറാണെന്ന് കണക്കാക്കപ്പെടുന്നു. ഏതാണ്ട് 2,000 കോടി ഡോളർ ചെലവു നീക്കിയാൽ അത് 4,000 മുതൽ 10,000 വരെ കോടി ഡോളർ ലാഭം കൈവരുത്തുന്നു. “പ്രതിവർഷം 30,000 കോടി ഡോളറിന്റെ വ്യാപ്തിയിലുള്ള മയക്കുമരുന്നുവ്യാപാരമാണ് ലോകത്തിലെ ഏററം വലിയ ബിസിനസ്” എന്ന് വേൾഡ് പ്രസ്സ് റിവ്യൂ പറയുന്നു.
തങ്ങളുടെ കൈവശം വളരെയധികം പണമുള്ളതുകൊണ്ട് മയക്കുമരുന്നുവ്യാപാരികൾ മമനുഷ്യന്റെ സഹജമായ അത്യാഗ്രഹത്തെയും സ്വാർത്ഥതയെയും ചൂഷണംചെയ്യുകയും ഫലത്തിൽ തങ്ങളാഗ്രഹിക്കുന്നതെല്ലാം ചെയ്യാനുള്ള പ്രാപ്തി നേടുകയും ചെയ്തിരിക്കുന്നു. “അവർ മേലാൽ തങ്ങളുടെ പണം എണ്ണുന്നില്ല—അവർ അതു തൂക്കുകയാണ്” എന്ന് ഒരു പോലീസ് ലഫ്ററനൻറ് പറയുകയുണ്ടായി. “അവർക്ക് സാക്ഷികളെ വിലക്കു വാങ്ങാൻ കഴിയും; അവർ ആഗ്രഹിക്കുന്ന ഏവരെയും അവർക്കു വിലക്കുവാങ്ങാൻ കഴിയും.” അധികാരികൾ ലഹരിപദാർത്ഥങ്ങൾ സംബന്ധിച്ച നിയമം പ്രാബല്യത്തിലാക്കാൻ ശ്രമിക്കാതിരുന്നാൽ ബൊളീവിയായുടെ 380 കോടി ഡോളർ വരുന്ന മുഴു കടവും വീട്ടിത്തീർക്കാമെന്ന് അവിടത്തെ ഒരു മയക്കുമരുന്നുവ്യാപാരി വാഗ്ദാനംചെയ്യുകയുണ്ടായി.
പശ്ചിമാർദ്ധഗോളത്തിൽ കോക്കേയ്നും മാരിഹ്വാനയും വ്യാപാരികൾ സ്വാധീനത്തിൽ ഏഷ്യയിലെ കറുപ്പുരാജാക്കൻമാരുടെ സ്വാധീനത്തെക്കാളും മികച്ചുനിൽക്കുകയാണ്. “കൈക്കൂലി കൊടുത്തും ആവശ്യമെങ്കിൽ തോക്കുപയോഗിച്ചും മയക്കുമരുന്നുമാടമ്പികൾ ബൊളീവിയാ മുതൽ ബഹാമസ് വരെ അഴിമതി വിതക്കുകയും ഒന്നിലധികം രാജ്യങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട ഗവൺമെൻറിനെ അധികാരത്തിൽനിന്ന് മാററുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു”വെന്ന് റൈറ മാസിക റിപ്പോർട്ടുചെയ്യുന്നു. “ഞങ്ങൾ രാഷ്ട്രത്തെക്കാൾ ശക്തമായ ഒരു സ്ഥാപനവുമായിട്ടാണ് ഏററുമുട്ടുന്നത്” എന്ന് മുൻ കൊളംബിയൻപ്രസിഡണ്ടായ ബലിസേറിയൊ ബററാംഗർ പറയുന്നു.
അദ്ദേഹത്തിന് അറിവുണ്ടായിരിക്കണം. കൊളംബിയായിൽ, മെഡലിൻ കാർട്ടലിലെ അംഗങ്ങളായി കോക്കേയ്ൻ ബിസിനസ്സിനെ ഭരിക്കുന്ന മയക്കുമരുന്നുപ്രഭുക്കൻമാർ തങ്ങളെ എതിർക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുള്ള എല്ലാവർക്കുമെതിരെ ഉഗ്രമായ ഒരു ആക്രമണം നടത്തുകയാണ്. കൊല്ലപ്പെട്ടവരിൽ ഒരു നീതിന്യായ മന്ത്രിയും 21 ജഡ്ജിമാരും ഒരു പത്രാധിപരും ഒരു ഡസനിലധികം പത്ര പ്രവർത്തകരും ബഹുദശം പടയാളികളും പോലീസുകാരും ഉൾപ്പെടുന്നു. “മുമ്പൊരിക്കലും ഒരു കുററകൃത്യസംരംഭം ഒരു വൻ രാഷ്ട്രത്തെ ഇത്രയധികം ഭീഷണിപ്പെടുത്തിയിട്ടില്ല” എന്ന് ന്യൂസ്വീക്ക് പ്രസ്താവിക്കുന്നു. “കൊളംബിയൻ ജഡ്ജിമാർ ന്യായം വിധിക്കാൻ ഭയപ്പെടുകയാണ്; പോലീസുകാർ അറസ്ററുചെയ്യാൻ ഭയപ്പെടുന്നു. വിമർശക പത്ര ലേഖകൻമാർ ഇപ്പോൾ തങ്ങളുടെ ജീവനുവേണ്ടി പലായനം ചെയ്തിട്ടുള്ള മററു ധാരാളം കൊളംബിയക്കാരുടെ സഹവാസം ലഭ്യമായ വിദേശങ്ങളിൽനിന്നാണ് മിക്കപ്പോഴും എഴുതുന്നത്.”
മയക്കുമരുന്നുലഭ്യതക്കെതിരായ യുദ്ധം തോൽക്കുന്നു
പണത്തിന്റെ ഘടകം നിമിത്തം മയക്കുമരുന്നിന്റെ ലഭ്യതയെ നിർത്തൽചെയ്യുന്നതിനുള്ള യുദ്ധം എല്ലാ തലങ്ങളിലും പരാജയപ്പെടുകയാണ്. കർഷകർ കോക്കാ, കഞ്ചാവ്, കറുപ്പ് മുതലായ ചെടികൾ കൃഷിചെയ്യുന്നതിൽ തുടരുകയാണ്. അവർ മുൻസമ്പ്രദായത്തിലുള്ള കൃഷി ചെയ്താൽ കിട്ടുന്ന അഹോവൃത്തിയേക്കാൾ പലമടങ്ങ് ലാഭമാണ് ഇവ കൈവരുത്തുന്നത്. അവരെ സംബന്ധിച്ചിടത്തോളം, മയക്കുമരുന്നുരാജാക്കൻമാർ സമ്പദ്സ്ഥിതിയെ താങ്ങിനിർത്തുന്ന ഉപകാരികളാണ്. മയക്കുമരുന്നുകളുടെ കള്ളക്കടത്തു നടക്കുമ്പോൾ അനേകം പോലീസുകാരും കസ്ററംസ് ഉദ്യോഗസ്ഥൻമാരും മറിച്ച് വീക്ഷിക്കുന്നതിൽ തുടരുകയും അങ്ങനെചെയ്യുന്നതുകൊണ്ടുമാത്രം ഓരോ പ്രാവശ്യവും 50,000 ഡോളറോ കൂടുതലോ സമ്പാദിക്കുകയും ചെയ്യുന്നു.
വ്യാപാരികൾ ഈ ആദായകരമായ മയക്കുമരുന്നുരംഗത്തേക്ക് ഒമ്പതോ പത്തോ വയസ്സുള്ള കൊച്ചുകുട്ടികളെയും കൊണ്ടുവരുന്നു: അവർ തെരുവുകളിൽനിന്ന് ശേഖരിക്കുന്ന ഒഴിഞ്ഞ ഓരോ ക്രാക്ക്കുപ്പിക്കും 25 സെൻറും പോലീസിനെക്കുറിച്ചു മുന്നറിയിപ്പുകൊടുക്കാൻ നോക്കിക്കൊണ്ടിരിക്കുന്നതിന് പ്രതിദിനം 100 ഡോളറും മയക്കുമരുന്നു എത്തിച്ചുകൊടുക്കുന്ന ഓട്ടാളനായി സേവിക്കുന്നതിന് പ്രതിദിനം 300 ഡോളറും ഒരു കൗമാരപ്രായവ്യാപാരിയായിരിക്കുന്നതിന് പ്രതിദിനം 3000 ഡോളറും സമ്പാദിക്കുന്നു. അവർ രോമനിർമ്മിതവസ്ത്രങ്ങളും കനത്ത സ്വർണ്ണമാലകളും വിലപിടിപ്പുള്ള കാറുകളും വാങ്ങി തങ്ങളുടെ സ്വത്ത് സഹപാഠികളുടെ മുമ്പാകെ പ്രദർശിപ്പിക്കുന്നതിനാൽ അവർ മററുള്ളവരെ ഇതിലേക്കു വശീകരിക്കുകയുമാണ്.
ഭീകരപ്രവർത്തകർ തങ്ങളുടെ പ്രവർത്തനം നടത്തുന്നതിനുള്ള പണത്തിന് മയക്കുമരുന്ന് ഒരു മാർഗ്ഗമായി കണ്ടെത്തുന്നു. ക്രമത്തിൽ, അവർ മയക്കുമരുന്നു കള്ളക്കടത്തുകാർക്ക് സഹായം കൊടുക്കുന്നു. ചില രാഷ്ട്രീയ നേതാക്കൻമാർ തങ്ങളേത്തന്നെ സമ്പന്നരാക്കാനും ശത്രുഗവൺമെൻറുകൾക്ക് തുരങ്കംവെക്കാനും മയക്കുമരുന്നുവ്യാപാരത്തെ ഉപയോഗിക്കുന്നുണ്ട്. അറസ്ററുകളോ കുററംവിധിക്കലോ അവരെ പിന്തിരിപ്പിക്കുന്നില്ല. കിട്ടുന്ന ലാഭം വളരെ വമ്പിച്ചതായതുകൊണ്ട് ഒരു വ്യാപാരിയോ അഴിമതിക്കാരനായ ഉദ്യോഗസ്ഥനോ വീഴിക്കപ്പെടുന്ന ഉടനെ അയാളുടെ സ്ഥാനത്ത് രണ്ടു പേർ വരുന്നു.
“നിർഭാഗ്യവശാൽ മയക്കുമരുന്നുൽപ്പാദനവും കള്ളക്കടത്തും വൻബിസിനസ്സായിത്തന്നെ തുടരുകയാണ്. ലോകത്തെങ്ങും മയക്കുമരുന്നിന്റെ ദുരുപയോഗ നില ഉയരുന്നതിൽ തുടരുകയാണ്” എന്ന് മാർച്ചിൽ പ്രസിദ്ധപ്പെടുത്തിയ ഒരു യു.എസ്സ്. സ്റേറററ് ഡിപ്പാർട്ട്മെൻറ് റിപ്പോർട്ട് പറയുന്നു. “ഗവൺമെൻറ് ഉദ്യോഗസ്ഥൻമാരുടെയും നിയമപാലകരുടെയും അഴിമതിയും കോഴയും കള്ളക്കടത്തുകാരന്റെ ഭീഷണിയും അക്രമവും രാഷ്ട്രങ്ങളെക്കാൾ മുന്തിയ ആൾബലവും തോക്കുകളുടെ എണ്ണവും പണംമുടക്കലും മയക്കുമരുന്നുകള്ളക്കടത്തുകാർക്കുണ്ടെന്നുള്ള ദൃഢമായ വസ്തുതയും മയക്കുമരുന്നുല്പാദനത്തെയും കള്ളക്കടത്തിനെയും നിർത്തൽചെയ്യുന്നതിനുള്ള ആഗോളശ്രമത്തിനു തുരങ്കംവെക്കുന്നതിൽ തുടരുകയാണ്.” അപ്പോൾ എവിടെയാണ് പ്രത്യാശ?
ആവശ്യം കുറക്കുകയാണോ പരിഹാരം?
മയക്കുമരുന്നുവ്യാപാരത്തിൽ അതിന്റെ ആവശ്യം കുറക്കുന്നതിലാണ് പരിഹാരം സ്ഥിതിചെയ്യുന്നതെന്ന് ചിലർ വിചാരിക്കുന്നു. മററു ബിസിനസ്സുകളെപ്പോലെ, അന്താരാഷ്ട്ര മയക്കുമരുന്നുവ്യാപാരം ആവശ്യവും ലഭ്യതയുമനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ തൃപ്തിപ്പെടുത്താൻ കഴിയാത്തതായി തോന്നുന്ന ആവശ്യം ഇല്ലാതെവന്നാൽ മയക്കുമരുന്നിന്റെ ഒഴുക്കു കുറയും. എന്നിരുന്നാലും, മുന്നറിയിപ്പുകളും വർദ്ധിച്ച വിദ്യാഭ്യാസവും മരുന്നുപരിശോധനയും ‘മയക്കുമരുന്നു വേണ്ട’ എന്നു വെക്കാനുള്ള അഭ്യർത്ഥനകളും ഉണ്ടായിട്ടും അതിന്റെ ഉപയോഗം കുറവില്ലാതെ തുടരുകയാണ്. അത് വ്യാപകമാകുകയാണെന്നുള്ളതാണ് അതിലും മോശം.
“ലോകത്തെമ്പാടുമുള്ള മററു രാഷ്ട്രങ്ങളും അകപ്പെട്ടുപോകുകയാണ്” എന്ന് ഒരു റൈറ റിപ്പോർട്ട് പ്രസ്താവിക്കുന്നു. “അമേരിക്കയുടെ മയക്കുമരുന്നുസംസ്ക്കാരം യൂറോപ്യൻ യുവാക്കളിലേക്കും ഏഷ്യൻയുവാക്കളിലേക്കും കയററിയയക്കപ്പെട്ടിരിക്കുന്നു. സ്ഥിതിവിവരക്കണക്കുകൾ കിട്ടുക പ്രയാസമാണെങ്കിലും മയക്കുമരുന്നുപയോഗം ലോകവ്യാപകമായി, വിശേഷിച്ച് യു.എസ്സ്-ലേക്ക് മയക്കുമരുന്ന് കയററിയയക്കുന്ന രാജ്യങ്ങളിൽ വ്യാപിക്കുന്നതായി തോന്നുന്നു.” ഒന്നു ബൊളീവിയായാണ്. അവിടെ ഈയിടെ മയക്കുമരുന്നാസക്തിയിൽ ഒരു മുന്നേററമുണ്ടായിട്ടുണ്ട്. അവിടെ ഇല ചവക്കുന്നതിനും ചായ ഉണ്ടാക്കുന്നതിനും കോക്കാ നിയമാനുസൃതം കൃഷിചെയ്യുന്നുണ്ടെങ്കിലും യുവാക്കളുടെ വർദ്ധിച്ച സംഖ്യകൾ ബാസുക്കാ എന്നു വിളിക്കപ്പെടുന്ന, വിഷമയവും പുകവലിക്കാവുന്നതുമായ കോക്കേയ്നിന്റെ ഒരു രൂപത്തിൽ ആസക്തരാകുകയാണ്. തെക്കും വടക്കുമുള്ള യുവാക്കളുടെ ഇടയിൽ കറുപ്പിലും ഹെറോയിനിലുമുള്ള ആസക്തിയിൽ നാടകീയമായ ഉയർച്ചയുള്ളതായി വിയററ്നാം റിപ്പോർട്ടുചെയ്യുന്നു. ലോകവ്യാപകമായി മൊത്തം 4 കോടി നിയമവിരുദ്ധ മയക്കുമരുന്നുപയോക്താക്കളുള്ളതായി റിപ്പോർട്ടുചെയ്യപ്പെടുന്നു.
മയക്കുമരുന്നുപ്രശ്നം ഏതെങ്കിലും ഒരു രാഷ്ട്രത്തിനുമാത്രമായി നിയന്ത്രിക്കാൻ കഴിയില്ലെന്ന് ഇപ്പോൾ സമ്മതിക്കപ്പെടുന്നു. ആ സ്ഥിതിക്ക് എല്ലാ രാഷ്ട്രങ്ങളും കൂട്ടുചേർന്ന് ഇപ്പോഴത്തെ ബാധയെ ഉച്ചാടനംചെയ്യുമോ? നിയമവിരുദ്ധ മയക്കുമരുന്നുവ്യാപാരത്തിലെ വളരെ ഉയർന്ന അത്യാഗ്രഹവും ആദായലക്ഷ്യങ്ങളും പരിഗണിക്കുമ്പോൾ അത്തരം സമ്പൂർണ്ണസഹകരണത്തിന് സാദ്ധ്യതയില്ല—പറഞ്ഞുതീർക്കാനാവാത്ത രാഷ്ട്രീയഭിന്നതകളുടെ കാര്യം പറയുകയുംവേണ്ട. ചില രാഷ്ട്രങ്ങൾ രാഷ്ട്രീയസഖ്യകക്ഷികൾ മയക്കുമരുന്നുവ്യാപാരകേന്ദ്രങ്ങളായിരുന്നിട്ടുപോലും അവക്കെതിരെ അർത്ഥവത്തായ ശിക്ഷകൾ ഏർപ്പെടുത്തുന്നതിൽനിന്ന് പിൻമാറിനിൽക്കുന്നു. അതിനുംപുറമേ, ദശലക്ഷങ്ങൾ തങ്ങളുടെ ഉപജീവനത്തിന് മയക്കുമരുന്നുവിളകളെയാണ് ആശ്രയിക്കുന്നത്. “ഒററ രാത്രികൊണ്ട് മയക്കുമരുന്നുവ്യാപാരം അപ്രത്യക്ഷപ്പെട്ടാൽ കേവലം തകർന്നുപോകുന്ന രാജ്യങ്ങളുണ്ട്” എന്ന് വേൾഡ് പ്രസ്സ് റിവ്യൂ പറയുന്നു.
പ്രത്യാശ സ്ഥിതിചെയ്യുന്നിടം
ഏററവും കൂടിയാൽ, അധികൃതർ മയക്കുമരുന്നുദുരുപയോഗത്തിലെ ഒരു കുറവിനും കാലക്രമത്തിൽ ഇപ്പോഴത്തെ മയക്കുമരുന്നുഭ്രാന്തിലെ ഒരു കുറക്കലിനുമാണ് ആശിക്കുന്നത്. എന്നിരുന്നാലും, മയക്കുമരുന്നുപ്രശ്നത്തിന്റെ സമഗ്രമായ ഉച്ചാടനം സാധുവായ ഒരു പ്രത്യാശതന്നെയാണ്. അത് ബൈബിളിന്റെ ഈ വാഗ്ദത്തത്തിൽ കാണപ്പെടുന്നു: “അവർ എന്റെ വിശുദ്ധ പർവതത്തിലെങ്ങും യാതൊരു ഉപദ്രവവും ചെയ്യുകയില്ല, അല്ലെങ്കിൽ യാതൊരു നാശത്തിനും ഇടയാക്കുകയില്ല; എന്തുകൊണ്ടെന്നാൽ വെള്ളങ്ങൾ സമുദ്രത്തെത്തന്നെ മൂടുന്നതുപോലെ ഭൂമി യഹോവയെക്കുറിച്ചുള്ള പരിജ്ഞാനംകൊണ്ട് തീർച്ചയായും നിറയും.” (യെശയ്യാവ് 11:9; ഹബക്കൂക്ക് 2:14) ‘യാതൊരു ഉപദ്രവവും അഥവാ നാശവും’ എന്നതിൽ മയക്കുമരുന്നുദുരുപയോഗത്തിൽനിന്നുണ്ടാകുന്ന ഹാനികരങ്ങളായ സകല പ്രശ്നങ്ങളും ഉൾപ്പെടുന്നു.
എന്നാൽ കാരണം ശ്രദ്ധിക്കുക: ഭൂമി “യഹോവയെക്കുറിച്ചുള്ള പരിജ്ഞാനംകൊണ്ട് നിറ”യേണ്ടതാണ്. മയക്കുമരുന്നിന്റെ ദുരുപയോഗത്തിൽനിന്ന് അകന്നുമാറാൻ ശക്തമായ പ്രേരണ അത്യന്താപേക്ഷിതമാണ്. യഹോവയാം ദൈവത്തെയും അവന്റെ വഴികളെയും സംബന്ധിച്ചുള്ള അറിവിൽ അധിഷ്ഠിതമായ അവനോടുള്ള സ്നേഹവും അവനെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹവും മയക്കുമരുന്നിന്റെ സ്വാധീനത്തെ പൊട്ടിച്ചെറിയാൻ അനേകരെ സഹായിച്ചിട്ടുണ്ട്. ആൻജലോയുടെ ദൃഷ്ടാന്തമെടുക്കുക.
ഇപ്പോൾ 60 വയസ്സുള്ള ആൻജലോയിക്ക് ഒരു മയക്കുമരുന്നുദുരുപയോക്താവെന്ന നിലയിൽ 1964 വരെ പിമ്പോട്ടു നീണ്ട ഒരു ചരിത്രമുണ്ടായിരുന്നു. വലിയ ഉല്ലാസം ആസ്വദിച്ചവരായി തോന്നിയ സുഹൃത്തുക്കൾ മയക്കുമരുന്നുരംഗത്തെ പരിചയപ്പെടുത്തിയതോടെ ആൻജലോ മാരിഹ്വാനയിൽ തുടങ്ങുകയും കോക്കേയ്ൻ, ഹശീശ്, മോർഫീൻ, “പഞ്ചനക്ഷത്ര അമ്ലം” (എൽഎസ്ഡി) എന്നിവയിലൂടെ പുരോഗമിക്കുകയും ചെയ്തു, ചുരുക്കം ചിലതു മാത്രമേ പറഞ്ഞുള്ളു. “ഞാൻ നിരന്തരം മത്തനായി. എല്ലാ ദിവസവും ഞാൻ മത്തനായി. എനിക്ക് ലോകത്തെ ഭരിക്കാൻ കഴിയുമെന്ന് തോന്നി. എന്റെ തല ഭ്രമണംചെയ്യുകയായിരുന്നു. ആ കാലത്ത് ബഹിരാകാശയാത്രികർ ചന്ദ്രനിൽ പോകുന്നുണ്ടായിരുന്നു. ഞാൻ അതിലുമപ്പുറം പോകാനാഗ്രഹിച്ചു,” ആൻജലോ പറയുന്നു.
എന്നാൽ മയക്കുമരുന്നുകൾ മതിഭ്രമങ്ങളും ഭാവഭേദങ്ങളും സമുദായത്തിൽനിന്നുള്ള പിൻമാററവും ആത്മഹത്യചെയ്യാനുള്ള ഒരു ആഗ്രഹവുംകൂടെ ഉളവാക്കി. “’79 മാർച്ചിൽ ഞാൻ ബൈബിൾ വായിക്കാനിടയായി,” ആൻജലോ പറയുന്നു. “എനിക്ക് മതിഭ്രമങ്ങളുണ്ടാകുന്നുണ്ടായിരുന്നു. ഞാൻ ആത്മഹത്യചെയ്യാൻ ആഗ്രഹിച്ചു. എന്നാൽ ഞാൻ മരിച്ചാൽ ഞാൻ എവിടെ പോകും എന്നു ആദ്യം കണ്ടുപിടിക്കണമെന്നു ഞാൻ വിചാരിച്ചു. ചില സാക്ഷികൾ എന്റെ വീട്ടുവാതിൽക്കൽ വന്നു, അവർ എനിക്ക് ബൈബിൾ വിശദീകരിച്ചുതരണമെന്ന് ഞാൻ നിർബന്ധിച്ചു. ബൈബിൾപഠനത്തിൽനിന്ന് മയക്കുമരുന്നുകളുടെ ഉപയോഗം ദൈവനിയമത്തിന് വിരുദ്ധമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു—നമ്മുടെ ശരീരങ്ങൾ ദൈവത്തിനുള്ളവയാണെന്നും 2 കൊരിന്ത്യർ 7:1 പറയുന്നതുപോലെ നാം അവയെ ‘മാലിന്യ’ത്തിൽനിന്ന് വിമുക്തമാക്കേണ്ടതാണെന്നും തിരിച്ചറിഞ്ഞു.”
അയാൾ എങ്ങനെയാണ് മയക്കുമരുന്നിൽ നിന്ന് വിമുക്തനായത്? “ബൈബിൾ പഠനത്തോടൊപ്പം പ്രാർത്ഥിച്ചുകൊണ്ട്, ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട്,” ആൻജലോ പറയുന്നു. “മയക്കുമരുന്നുകൾ ഉപേക്ഷിക്കാൻ നിങ്ങൾക്ക് ദൃഢനിശ്ചയം ആവശ്യമാണ്. അത് യാതൊരു പ്രകാരത്തിലും എളുപ്പമല്ല. എന്നാൽ യഹോവക്ക് എന്റെ ഹൃദയം അറിയാമെന്ന് എനിക്ക് തോന്നി. സദൃശവാക്യങ്ങൾ 3:5, 6 സൂചിപ്പിക്കുന്നതുപോലെ, എനിക്ക് അവനിൽ ഊന്നാൻ കഴിയുമായിരുന്നു. എനിക്കുണ്ടായിരുന്ന വാഞ്ഛ അറിഞ്ഞുകൊണ്ട് എന്നെ നേരെയാക്കാൻ യഹോവതന്നെ വേണമായിരുന്നുവെന്ന് വ്യക്തിപരമായി ഞാൻ വിചാരിക്കുന്നു.”
ആൻജലോയെപ്പോലെ, ശക്തമായ പ്രേരണയോടും ദൈവവിശ്വാസത്തോടും അവന്റെ സഹായത്തിലുള്ള ആശ്രയത്തോടും, ഒപ്പം താല്പര്യവും സ്നേഹവുമുള്ള സഹകാരികളുടെ പിന്തുണയോടുംകൂടെ മാരകമായ മയക്കുമരുന്നുശീലത്തെ പൊട്ടിച്ചെറിയാൻ കഴിയുമെന്ന് മററനേകർ തിരിച്ചറിഞ്ഞിരിക്കുന്നു. എന്നാൽ, “അവർ കേട്ടിട്ടില്ലാത്തവനിൽ അവർ എങ്ങനെ വിശ്വാസമർപ്പിക്കും?” എന്ന് ബൈബിൾ റോമർ 10:14-ൽ ചോദിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള ആ സൂക്ഷ്മപരിജ്ഞാനവും മയക്കുമരുന്നുവിമുക്തമായ ഒരു പുതിയലോകത്തിൽ നിത്യജീവൻ കണ്ടെത്താനുള്ള തിട്ടമായ പ്രത്യാശയും നേടാൻ നിങ്ങളെ സഹായിക്കുന്നതിന് ഈ മാസികയുടെ പ്രസാധകർക്ക് സന്തോഷമുണ്ടായിരിക്കും.—എഫേസ്യർ 1:17; റോമർ 15:4. (g88 12/8)
[24-ാം പേജിലെ ആകർഷകവാക്യം]
“പ്രതിവർഷം 30,000 കോടി ഡോളറിന്റെ വ്യാപ്തിയിലുള്ള മയക്കുമരുന്നുവ്യാപാരമാണ് ലോകത്തിലെ ഏററം വലിയ ബിസിനസ്”
[25-ാം പേജിലെ ആകർഷകവാക്യം]
മയക്കുമരുന്നുദുരുപയോഗം പൊട്ടിച്ചെറിയുന്നതിന് ശക്തമായ പ്രേരണ അത്യന്താപേക്ഷിതമാണ്