ലോകം മയക്കുമരുന്നിന്റെ കരാളഹസ്തങ്ങളിൽ
സ്പെയിനിലെ ഉണരുക! ലേഖകൻ
സ്പെയിനിലെ മാഡ്രിഡിലുള്ള ഒരാശുപത്രിയിൽ ഒരു ചോരക്കുഞ്ഞ് നിറുത്താതെ കരയുകയാണ്. അവനെ ശാന്തനാക്കാൻ നേഴ്സ് പഠിച്ചപണി പതിനെട്ടും നോക്കുന്നുണ്ട്. പക്ഷേ, അതുകൊണ്ടൊന്നും അവൻ അടങ്ങുന്നില്ല. പിറന്നുവീഴുന്നതിനു മുമ്പു ലഭിച്ചുകൊണ്ടിരുന്ന ഹെറോയിൻ ഇപ്പോൾ കിട്ടാത്തതിലുള്ള കഠിനമായ അസ്വാസ്ഥ്യമാണ് അവന്റെ കരച്ചിലിൽ പ്രതിധ്വനിക്കുന്നത്. എച്ച്ഐവി-യും അവന്റെ കുരുന്നു ശരീരത്തെ ആക്രമിച്ചിരിക്കുന്നു. അവന്റെ അമ്മ ഹെറോയിന് അടിമയായിരുന്നു.
ലോസാഞ്ചലസിലെ ഒരു സ്ത്രീ കാറോടിച്ച് അറിയാതെ ചെന്നെത്തുന്നത് മയക്കുമരുന്ന് ഇടപാടുകാർ രാജാക്കന്മാരായി വാഴുന്ന ഒരു തെരുവിലാണ്. വെടിയുണ്ടകളുടെ ഒരു തോരാവർഷമാണ് അവരെ വരവേൽക്കുന്നത്. അവരുടെ പിഞ്ചുകുഞ്ഞ് അരികിൽ ചലനമറ്റു വീഴുന്നു.
ആയിരക്കണക്കിനു കിലോമീറ്റർ അകലെ, അഫ്ഗാനിസ്ഥാനിൽ ഒരു കർഷകൻ പോപ്പി ചെടികൾ വളരുന്ന തന്റെ വയലിൽ പണിയെടുക്കുന്നു. നല്ല വിളവുള്ള ഒരു വർഷമാണ് അത്, പോയ വർഷത്തെക്കാൾ 25 ശതമാനം കൂടുതൽ. കറുപ്പ് നൽകുന്ന പോപ്പി ചെടികളുടെ കൃഷി ആദായകരമാണ്. മണ്ണുമായി മല്ലടിച്ച് ജീവിതം മുന്നോട്ടു നീക്കാൻ ശ്രമിക്കുകയാണ് ആ കർഷകകുടുംബം. എന്നാൽ, അധികം വൈകാതെ മനോഹരമായ ഈ പോപ്പി ചെടികളിൽ നിന്നുള്ള കറുപ്പ് ഹെറോയിനായി മാറും, അതാകട്ടെ ജീവിതങ്ങളെ ഞെരിച്ചുടയ്ക്കുകയായിരിക്കും ചെയ്യുക.
ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള നാണംകുണുങ്ങിയായ ഒരു കൗമാരപ്രായക്കാരി. ശനിയാഴ്ച രാത്രികളിൽ, അവൾ ഒരു ഡിസ്കോ ക്ലബ്ബിലെ പതിവു സന്ദർശകയാണ്. ആദ്യമൊക്കെ, അവിടെ കൂടിവരുന്ന ആളുകളുമായി ഇടപഴകാൻ അവൾക്കു നന്നേ ബുദ്ധിമുട്ടായിരുന്നു. എന്നാൽ അടുത്തയിടെ കഴിക്കാൻ തുടങ്ങിയ ‘എക്സ്റ്റസി’ എന്ന ഗുളിക, അവൾക്ക് ഒരു പുത്തൻ ആത്മവിശ്വാസം പകർന്നു നൽകിയിരിക്കുന്നു. ആ ഗുളികകൾ നെതർലൻഡ്സിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് ഒളിച്ചു കടത്തിയവയാണ്. എന്നാൽ ഇപ്പോൾ പ്രാദേശിക ലബോറട്ടറികളും അവ ഉത്പാദിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. എക്സ്റ്റസി കഴിച്ചുകഴിഞ്ഞാൽ, അവൾക്കു സംഗീതം കൂടുതൽ നന്നായി ആസ്വദിക്കാൻ കഴിയും. അവളുടെ സങ്കോചമെല്ലാം എങ്ങോ പോയി മറയും. എന്തിന്, താനിപ്പോൾ കൂടുതൽ സുന്ദരിയായെന്നു പോലും അവൾക്കു തോന്നും.
ഇനി, മാനുവെലിനെ പരിചയപ്പെടുക. ആൻഡിസ് മലനിരകളിലെ ചെറിയൊരു കൃഷിയിടത്തിന്റെ ഉടമസ്ഥനാണ് കഠിനാധ്വാനിയായ ഈ കർഷകൻ. കൃഷിയിടത്തിൽ നിന്നു കിട്ടുന്ന ചെറിയ ആദായം കൊണ്ട് ഞെങ്ങിഞെരുങ്ങി കഴിഞ്ഞുകൂടിയിരുന്ന അദ്ദേഹം കോക്കച്ചെടികൾ കൃഷി ചെയ്യാൻ തുടങ്ങി. അതോടെ അദ്ദേഹത്തിന്റെ ജീവിതം കുറച്ചൊന്നു പച്ച പിടിച്ചു. മാനുവെലിന് ഈ കൃഷി നിറുത്തിയാൽ കൊള്ളാമെന്നുണ്ട്. എന്നാൽ, അത് ആ പ്രദേശത്തെ കോക്കക്കൃഷിയുടെ ചുക്കാൻ പിടിക്കുന്ന, കണ്ണിൽച്ചോരയില്ലാത്ത മനുഷ്യരുടെ കോപം ക്ഷണിച്ചു വരുത്തുമെന്ന് അദ്ദേഹം ഭയപ്പെടുന്നു.
ഇവർ നമ്മുടെ ഗ്രഹത്തെ ചുറ്റിവരിഞ്ഞിരിക്കുന്ന മയക്കുമരുന്നിന്റെ കരാളഹസ്തങ്ങളിൽ കുരുങ്ങിപ്പോയ ഏതാനും മനുഷ്യർ മാത്രം. ഇവർ മയക്കുമരുന്ന് ഉപയോഗിക്കുന്നവരോ ഉത്പാദിപ്പിക്കുന്നവരോ ഈ രണ്ടു ഗണത്തിലും പെടാത്ത നിഷ്കളങ്കരായ മനുഷ്യരോ ആയിക്കൊള്ളട്ടെ, മയക്കുമരുന്നുകൾ നിർദാക്ഷിണ്യം ഈ ജീവിതങ്ങളെ അമ്മാനമാടുകയാണ്.
മയക്കുമരുന്നു പ്രശ്നം എത്ര ഗുരുതരം?
യുഎൻ സെക്രറട്ടറി-ജനറൽ കോഫി അന്നൻ പറയുന്നു: “മയക്കുമരുന്നുകൾ നമ്മുടെ സമൂഹങ്ങളെ പിച്ചിച്ചീന്തുന്നു, കുറ്റകൃത്യങ്ങൾ പെരുകാൻ ഇടയാക്കുന്നു, എയ്ഡ്സ് പോലുള്ള രോഗങ്ങളുടെ വ്യാപനത്തിന് ഇടയാക്കുന്നു, നമ്മുടെ യുവജനങ്ങളെ കൊന്നൊടുക്കുന്നു, നമ്മുടെ ഭാവി നശിപ്പിക്കുന്നു.” അദ്ദേഹം ഇങ്ങനെ തുടരുന്നു: “ലോകമെമ്പാടുമായി ഇന്നു മയക്കുമരുന്ന് ഉപയോഗിക്കുന്ന 19 കോടി ആളുകൾ ഉണ്ടെന്നു കണക്കാക്കപ്പെടുന്നു. ഒരൊറ്റ രാജ്യം പോലും ഇതിൽ നിന്ന് ഒഴിവാകുന്നില്ല എന്നു മാത്രമല്ല, തങ്ങളുടെ അതിരുകൾക്കുള്ളിൽ നിന്നു മയക്കുമരുന്നു വ്യാപാരം ഒറ്റയ്ക്ക് ഇല്ലായ്മ ചെയ്യാൻ ആകുമെന്നു പ്രത്യാശിക്കാൻ ഒരു രാജ്യത്തിനു പോലും കഴിയുകയുമില്ല. മയക്കുമരുന്നു വ്യാപാരം ആഗോളതലത്തിൽ നടക്കുന്നതിനാൽ അതിനെതിരെ ആഗോളതലത്തിലുള്ള പ്രതികരണം ആവശ്യമാണ്.”
സമീപവർഷങ്ങളിൽ, ഡിസൈനർ മയക്കുമരുന്നുകൾa രംഗത്തെത്തിയതോടെ എരിതീയിൽ എണ്ണയൊഴിച്ചതു പോലെയായി. ഈ കൃത്രിമ രാസവസ്തുക്കൾ, അവ ഉപയോഗിക്കുന്നവരെ ഒരു ഉന്മാദ അവസ്ഥയിലെത്തിക്കുന്നതിന് അല്ലെങ്കിൽ അവർക്ക് ഒരുതരം സ്വർഗീയ അനുഭൂതി പകർന്നുനൽകുന്നതിനു വേണ്ടി രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നതാണ്. ഇത്തരം മയക്കുമരുന്നുകൾ മിക്കവാറും എല്ലാ സ്ഥലങ്ങളിലും തന്നെ തുച്ഛമായ ചെലവിൽ ഉത്പാദിപ്പിക്കാൻ കഴിയും. ഇക്കാരണത്താൽ ഇതിനു തടയിടുന്നതിൽ പൊലീസിനു ഫലത്തിൽ കഴിയുന്നില്ല. അനേകം രാജ്യങ്ങളിലും ഈ കൃത്രിമ മയക്കുമരുന്നുകൾ “മുഖ്യധാരാ ഉപഭോക്തൃ സംസ്കാര”ത്തിന്റെ ഭാഗമായിത്തീർന്നിരിക്കുകയാണ് എന്നും അവയെ “അടുത്ത നൂറ്റാണ്ടിലെ അന്തർദേശീയ സമൂഹത്തിന് ഒരു പ്രമുഖ ഭീഷണി” ആയി കണക്കാക്കണം എന്നും 1997-ൽ ഐക്യരാഷ്ട്ര മയക്കുമരുന്നു വിരുദ്ധ സമിതി മുന്നറിയിപ്പു നൽകി.
പുതുതായി രംഗപ്രവേശം ചെയ്തിട്ടുള്ള മയക്കുമരുന്നുകൾ, വീര്യത്തിന്റെ കാര്യത്തിൽ അവയുടെ മുൻഗാമികളെക്കാൾ ഒട്ടും പിന്നിലല്ല. ക്രാക്ക് കൊക്കെയ്നിന് കൊക്കെയ്നിനെക്കാൾ ആസക്തിയുളവാക്കാൻ കഴിയും. കഞ്ചാവു ചെടിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന മയക്കുമരുന്നുകളുടെb പുതിയ ഇനങ്ങൾക്കു മുമ്പുള്ളവയെക്കാൾ കൂടുതൽ വിഭ്രമകരമായ ഫലങ്ങൾ ഉളവാക്കാൻ കഴിവുണ്ട്. ഐസ് എന്ന പേരിൽ ഇറങ്ങിയിരിക്കുന്ന പുതിയ ഡിസൈനർ മയക്കുമരുന്ന് ഏറ്റവും വിനാശകാരിയായ ഒന്നായിരുന്നേക്കാം.
മയക്കുമരുന്നിൽ നിന്നൊഴുകുന്ന പണവും അധികാരവും
ഒരു ന്യൂനപക്ഷം മാത്രമേ മയക്കുമരുന്ന് ഉപയോഗിക്കുന്നുള്ളൂ എങ്കിലും, മയക്കുമരുന്ന് രാജാക്കന്മാർക്ക്—മയക്കുമരുന്ന് ഉത്പാദനത്തിന്റെയും വിതരണത്തിന്റെയും ചുക്കാൻ പിടിക്കുന്നത് ഇവരാണ്—അളവറ്റ അധികാരം ലഭിക്കുന്നതിന് അതു തന്നെ ധാരാളം. തത്ത്വദീക്ഷയില്ലാത്ത ഈ മനുഷ്യർ, ഭീഷണിയോ നിയമവിരുദ്ധ മാർഗങ്ങളോ ഉപയോഗിച്ചു നടത്തുന്ന ഈ ബിസിനസ്സ്, ഇപ്പോൾ ഭൂമിയിലെ ഏറ്റവും ആദായകരമായ—ഫലത്തിൽ ഏറ്റവും വലിയ—ബിസിനസ്സ് ആയിവളർന്നിരിക്കുന്നു. അന്തർദേശീയ തലത്തിലെ മൊത്തം വ്യാപാര ഇടപാടുകളുടെ ഏകദേശം 8 ശതമാനവും—വാർഷികമായി ഏകദേശം 16,00,000,00,00,000 രൂപയുടേത്—മയക്കുമരുന്ന് ഇടപാടുകളാണ്. മയക്കുമരുന്നിൽ നിന്നൊഴുകുന്ന പണം ലോകമെമ്പാടും ഗുണ്ടാ സംഘങ്ങളെ കൊഴുപ്പിക്കുന്നു, പൊലീസുകാരെയും രാഷ്ട്രീയക്കാരെയും അഴിമതിക്കറയിൽ മുക്കുന്നു, എന്തിന്, ഭീകരപ്രവർത്തനത്തിനു പോലും ഉപയോഗിക്കപ്പെടുന്നു.
മയക്കുമരുന്ന് ഉയർത്തുന്ന പ്രശ്നങ്ങൾക്കു കടിഞ്ഞാണിടാൻ എന്തെങ്കിലും ചെയ്യാനാകുമോ? മയക്കുമരുന്നു വ്യാപാരം നിങ്ങളുടെ വരുമാനം, സുരക്ഷിതത്വം, കുട്ടികളുടെ ജീവിതം തുടങ്ങിയവയെ എത്രത്തോളം ബാധിക്കുന്നു?
[അടിക്കുറിപ്പുകൾ]
a മയക്കുമരുന്നുകൾ അല്ലെങ്കിൽ വിഭ്രമകാരികൾ എന്നിവയുടെ മേലുള്ള നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാകുന്നതിനു വേണ്ടി, അവയുടേതിൽ നിന്ന് അൽപ്പം വ്യത്യസ്തമായ രാസഘടനയോടു കൂടി നിർമിക്കുന്ന മയക്കുമരുന്നുകൾ.
b This footnote is missing in vernacular
കഞ്ചാവു ചെടിയുടെ തളിരിലകളും പൂക്കളും ഉണക്കിയാണു മാരിഹ്വാന ഉത്പാദിപ്പിക്കുന്നത്. എന്നാൽ അതിന്റെ കറയാണ് ഹഷീഷ്. മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവർ ഈ രണ്ട് ഉത്പന്നങ്ങളും വലിക്കാറുണ്ട്.
[4, 5 പേജുകളിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ലോകവ്യാപക മയക്കുമരുന്ന് ഉത്പാദന കേന്ദ്രങ്ങളും സഞ്ചാരപഥങ്ങളും
പ്രമുഖ ഉത്പാദന പ്രദേശങ്ങൾ:
കഞ്ചാവ്—തളിരിലയും പൂവും (മാരിഹ്വാന) കറ (ഹഷീഷ്)
ഹെറോയിൻ
കൊക്കെയ്ൻ
അമ്പടയാളങ്ങൾ പ്രധാന സഞ്ചാര പഥങ്ങളെ സൂചിപ്പിക്കുന്നു
[കടപ്പാട]
ഉറവിടം: ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് ഡ്രഗ് റിപ്പോർട്ട്
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
U.S. Navy photo