ഇൻകാകളുടെ പടവുകളിലൂടെ ഒരു പദയാത്ര
“എത്ര ഭയങ്കരം!” “ഇതെത്രയോ ഗംഭീരം!” “കാലത്തിന്റെ ഏടുകളിലൂടെ ഞാൻ പിന്നോട്ടെടുക്കപ്പെട്ടതുപോലെ എനിക്കു തോന്നുന്നു.” വിസ്മൃതിയിലാണ്ടുപോയ ഇൻകാകളുടെ ഇതിഹാസ നഗരമായ മക്കുപ്പിച്ചുവിന്റെ മനോഹര ദൃശ്യം കണ്ട് ഞങ്ങൾ മതിമറന്നപ്പോൾ ഞങ്ങൾക്കുണ്ടായ വികാരങ്ങളായിരുന്നു ഇവ.
ഞാൻ മുമ്പൊരിക്കൽ മക്കുപ്പിച്ചു സന്ദർശിച്ചിട്ടുണ്ടായിരുന്നെങ്കിലും എന്റെ ഭാര്യ എലിസബത്തിനോടും ഞങ്ങളുടെ ഉത്തമ സ്നേഹിതരായ ബൽത്താസറിനോടും ഹേയ്ഡിയോടുമൊപ്പം അതു വീണ്ടും ചെന്നു കാണുന്നത് ഒരു സ്മരണീയമായ അനുഭവമായിരുന്നു.
പുരാതന ഇങ്കാ സാമ്രാജ്യത്തിന്റെ മുൻകാല തലസ്ഥാനമായിരുന്നതും സമുദ്രനിരപ്പിൽ നിന്ന് 11,000 അടി ഉയർന്നു കിടക്കുന്നതുമായ മനോജ്ഞ നഗരമായ കുസ്ക്കോയിൽ നിന്നായിരുന്നു ഞങ്ങൾ യാത്രക്ക് തുടക്കം കുറിച്ചത്. ഇൻകാ ഭരണാധികാരിയായിരുന്ന പച്ചാക്കുറി ഒരു ചെമ്പുലിയുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്ത ഈ പട്ടണത്തിൽ ഇന്നും ഇൻകാ വാസ്തുശില്പത്തിന്റെ നിസ്തുല സൗന്ദര്യം മുററി നിൽക്കുന്നു. മുഖ്യാങ്കണത്തിലെ മിക്ക സൗധങ്ങളും പൗരാണിക ഇൻകാകൾ പാകിയിരുന്ന അടിസ്ഥാന ശിലകളിൽ ഈടുറപ്പോടെ നിന്നിരുന്നു. കുമ്മായക്കൂട്ടില്ലാതെ തികഞ്ഞ കൃത്യതയോടെ അടുക്കിവച്ചിരുന്ന ഈ ശിലകൾ അഞ്ചോ അതിലധികമോ അടി ഉയരമുള്ളതും അനേകം ടൺ ഭാരം ഉള്ളതുമാണ്. ഒരു സ്പാനിഷ് വൃത്താന്തകാരനായ സീസാ ഇങ്ങനെ എഴുതി: “ഇവ എങ്ങനെ മുകളിൽ കൊണ്ടെത്തിച്ച് തക്കസ്ഥാനത്ത് പ്രതിഷ്ഠിക്കാൻ കഴിഞ്ഞു . . . എന്ന് മനസ്സിലാക്കാൻ ഒട്ടും കഴിയുന്നില്ല.” എന്നാൽ ഞങ്ങൾ ഇതുവരെ കണ്ട എന്തിനെയും വെല്ലുന്ന ഒന്നാണ് മക്കുപ്പിച്ചു എന്നു ഞങ്ങളോട് പറയപ്പെട്ടിരുന്നു.
വളവുകളും തിരിവുകളും നിറഞ്ഞ യാത്ര
ഞങ്ങൾ വെള്ളിയാഴ്ച വെളുപ്പിന് എഴുന്നേററ്, മക്കുപ്പിച്ചുവിലേക്കുള്ള തീവണ്ടിക്ക് പുറപ്പെടാനുള്ള ആകാംക്ഷയോടെ കുസ്ക്കോവിലെ സാൻപെഡ്രോ സ്റേറഷനിൽനിന്ന് 7 മണിക്ക് യാത്ര തിരിച്ചു. അനേക വർഷങ്ങളായി ഈ തീവണ്ടി ഓടുന്നുണ്ടായിരുന്നെങ്കിലും കുസ്ക്കോവിൽ നിന്നും 4,000 അടി താഴോട്ട് ആമസോൺ വനത്തിന്റെ വിളുമ്പിലേക്കുള്ള ഇറക്കം അനായാസേന ചില നിയന്ത്രണങ്ങളോടു കൂടിയാണ് നടത്തിയത്. ഉരുബംബാ നദിയുടെ ഓരങ്ങളിലൂടെ മക്കുപ്പിച്ചുവിലേക്ക് (അതിന്റെ അർത്ഥം “പഴയ കൊടുമുടി” എന്നാണ്) നടത്തിയ നാലു മണിക്കൂർ നീണ്ട യാത്രാവേളയിൽ ഞങ്ങളുടെ മുമ്പാകെ ദൃശ്യങ്ങൾ മാറിമറഞ്ഞുകൊണ്ടിരുന്നു. സസ്യങ്ങൾ വളരാത്ത പർവ്വതശിഖരങ്ങളിൽ നിന്നും അൾട്ടിപ്ലാനോയിൽ നിന്നും ഞങ്ങൾ താഴോട്ടിറങ്ങിയതോടെ പ്രദേശം അധികമധികം സസ്യശ്യാമളമായിത്തീർന്നു, ഒടുവിൽ ഞങ്ങൾ ഇടതൂർന്ന വൃക്ഷലതാദികളാൽ ആവൃതമായ പർവ്വതങ്ങളുടെ ഇടയിൽ എത്തിച്ചേർന്നു.
തീവണ്ടിയാത്രക്കിടയിൽ മക്കുപ്പിച്ചുവിനെക്കുറിച്ചു ഞങ്ങൾ കേട്ടതും അതിന്റെ ചരിത്രത്തെക്കുറിച്ച് ഞങ്ങൾ അറിഞ്ഞിരുന്നതുമായ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. ആയിരത്തിത്തൊള്ളായിരത്തിപ്പതിനൊന്ന് ജൂലൈ മാസത്തിൽ അമേരിക്കൻ പര്യവേക്ഷകനായ ഹിരാം ബിംഗ്ഹാം ഒരു ചെറിയ ബാലന്റെ പിറകെ നടന്നു ചെന്നാണ് ഈ നഷ്ടനഗരം കണ്ടുപിടിച്ചത്. മക്കുപ്പിച്ചുവെന്ന് പേർപറയപ്പെട്ട ഒരു പർവ്വത ശൃംഗത്തിലെ ഉഷ്ണമേഖലാ വനപ്രദേശത്തെ “സമീപ നാശാവശിഷ്ടങ്ങൾ” അദ്ദേഹത്തെ കാണിച്ചുകൊടുക്കാൻ ആ ബാലൻ ഒരുമ്പെടുകയായിരുന്നു. പക്ഷേ ബിംഗ്ഹാം എഴുതിയതുപോലെ “പെട്ടെന്ന്, മുന്നറിയിപ്പുകൂടാതെ, മുകളിൽ ഞാന്നുകിടന്ന ഒരു വലിയ വള്ളിപ്പടർപ്പിനിടയിലായി ഭംഗിയായി ചെത്തിയെടുത്ത കല്ലുകൾകൊണ്ട് മനോഹരമായി ഉൾവശം പാകിയൊരുക്കിയ ഒരു ഗുഹ ബാലൻ എന്നെ കാണിച്ചു തന്നു.” ബാലൻ ഒരു ഭിത്തി അദ്ദേഹത്തെ കാണിച്ചപ്പോൾ “അതു വിശ്വസിക്കാനാകാത്ത ഒരു സ്വപ്നം പോലെ തോന്നി. ഈ ഭിത്തിയും അതിനോട് ചേർന്ന ഗുഹക്കു മുകളിലെ അർദ്ധവൃത്താകാര ക്ഷേത്രവും ലോകത്തിലെ ഏററവും മികച്ച ശിലാനിർമ്മിതിയോളം തന്നെ മേൻമയേറിയതായിരുന്നു എന്ന് സാവകാശം ഞാൻ തിരിച്ചറിയാൻ തുടങ്ങി.” ഞങ്ങൾ ഈ ശിലാനിർമ്മിതി കൂടെ കാണാൻ പോകുകയാണ്!
ഏതാണ്ട് 500 വർഷങ്ങൾക്കുമുമ്പ് പണികഴിപ്പിക്കപ്പെട്ട ഈ ഒററപ്പെട്ട കോട്ടയുടെ ഉദ്ദേശ്യം ഇന്നും അജ്ഞാതമാണ്. ഒരുപക്ഷേ ബിംഗ്ഹാം കണ്ടെത്തിയ അറകളിൽ മിക്കവയിലും സ്ത്രീശരീരാവശിഷ്ടങ്ങൾ കാണാനിടയായതുകൊണ്ട് ഒരു സിദ്ധാന്തം പറയുന്നത്, അത് സൂര്യകന്യകമാരുടെ അഭയകേന്ദ്രമായിരുന്നിരിക്കണം എന്നാണ്. ഈ പട്ടണം ഒരു മിലിറററി ഔട്ട്പോസ്ററായിരുന്നുവെന്നവകാശപ്പെടുന്ന മറെറാരു സിദ്ധാന്തവുമുണ്ട്. സ്പാനിഷ് ജേതാവായ പിസ്സെരോയുടെ കൈയിൽ നിന്നും പലായനം ചെയ്തുപോയ ഇൻകാകളുടെ രാജകീയ അഭയകേന്ദ്രമോ ഒളിപ്പിടമോ ആയിരിക്കാനിടയുണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അത് ദുർഗ്ഗമമായ ആമസോൺ വനാന്തരത്തിൽ മാൻകോ ഇൻകാകൾ സ്ഥാപിച്ച മിൽക്കബംബാ എന്ന പുതിയ ഇൻകാ അധീശ മേഖലയുടെ തലസ്ഥാനമായിരിക്കാനിടയുണ്ടെന്നും പക്ഷമുണ്ട്. മക്കുപ്പിച്ചുവിന്റെ പിമ്പിലുള്ള യഥാർത്ഥ ചരിത്രകഥ എന്തുതന്നെയായിരുന്നാലും സമുദ്രനിരപ്പിൽ നിന്നും 6,750 അടി ഉയരത്തിലുള്ള ഈ ഇമ്പകരമായ അവശിഷ്ടങ്ങൾ കാണുന്നതിന് ഞങ്ങൾ ആകാംക്ഷാഭരിതരായിരുന്നു.
ഞങ്ങൾ മക്കുപ്പിച്ചുവിന്റെ ചുവട്ടിലെത്തിയപ്പോൾ നഷ്ടനഗരം ഞങ്ങൾക്ക് മുകളിലാണെന്ന് ഞങ്ങൾ അറിഞ്ഞു. എന്നാൽ ഞങ്ങൾ ട്രെയിനിൽനിന്ന് ഇറങ്ങിയപ്പോൾ ഞങ്ങൾക്കു ഒന്നും കാണാൻ കഴിഞ്ഞില്ല. ഹെയർപിൻ വളവുകളിലൂടെ പർവ്വതമുകളിലേക്ക് പോകുന്ന 20 മിനിററ് ബസ് യാത്രക്ക് വേണ്ടിയുള്ള നിരയിൽ സ്ഥാനം പിടിക്കുന്നതിന് ഞങ്ങൾ തിടുക്കം കൂട്ടി. വളഞ്ഞുപുളഞ്ഞ വഴികളിലൂടെ പർവ്വതത്തിന് മുകളിലേക്ക് കയറിപ്പോകുമ്പോൾ നാശാവശിഷ്ടങ്ങളുടെ ഒരു ദൃശ്യം കാണാൻ ഞങ്ങൾ വളരെ ക്ലേശിച്ച് നോക്കിയെങ്കിലും ഒന്നുംതന്നെ കാണാൻ കഴിഞ്ഞില്ല.
അന്തമില്ലാത്ത പടവുകളും കല്ലുകളും
ഹോട്ടലിൽ (പർവ്വതത്തിലുള്ള ഏക ആധുനിക കെട്ടിടം) തിരക്കിയതിനുശേഷം ഞങ്ങൾ നാശാവശിഷ്ടങ്ങളുടെ പ്രവേശന കവാടത്തിൽ ഒടുവിൽ എത്തിച്ചേർന്നു. ഒരു മൂല തിരിഞ്ഞപ്പോൾ ഞങ്ങൾ കണ്ട കാഴ്ച ഞങ്ങളെ സ്തബ്ധരാക്കി. ആ കാഴ്ച അവിശ്വസനീയമായിരുന്നു. എലിസബത്ത് ഇങ്ങനെ പറഞ്ഞു: “ഞാൻ ഫോട്ടോകൾ കണ്ടിട്ടുണ്ട്, പക്ഷേ ചിത്രങ്ങൾക്കൊന്നും തന്നെ ഈ സ്ഥലത്തോട് നീതി പുലർത്താൻ കഴിയുകയില്ല.” രണ്ടായിരം അടി താഴെയായി ഉരുബംബ നദി പർവ്വതശൃംഖലയുടെ അടിവാരത്തിലൂടെ ഒഴുകിക്കൊണ്ടിരുന്നു. എല്ലാ ദിശയിലും രാജകീയ സൗന്ദര്യം വഴിയുന്ന ഹരിതപർവ്വതശിഖരങ്ങൾ കാണാൻ കഴിഞ്ഞപ്പോൾ ഞങ്ങൾ തന്നെ എത്രയോ അപ്രധാനരാണെന്ന് ഓർത്തുപോയി. ഈ ഭയങ്കരമായ പശ്ചാത്തലത്തിലാണ് ഭീകര വിസ്മയം ഉണർത്തിക്കൊണ്ട്, ഒരു വിശുദ്ധമന്ദിരം പോലെ ആക്രമണകാരികളാൽ കളങ്കപ്പെടാതെ സാക്ഷാൽ നഷ്ടനഗരം നിലകൊണ്ടത്.
ആ അവശിഷ്ടങ്ങൾ, പരിപൂർണ്ണമായി ശിലാനിർമ്മിതമായ ഒരു നഗരത്തെ, ഗ്രാനൈററിന്റെയും ജ്യാമിതിയുടെയും അസാധാരണ തറപ്രദേശത്തിന്റെ പരമാവധി ഉപയോഗത്തിന്റെയും ഒരു വിശദമായ സംയോഗത്തെ കാട്ടി. മിക്കവാറും കെട്ടിടങ്ങളെല്ലാം ഒററ നില നിർമ്മിതികളാണ്. ആധുനിക ചരിത്രകാരൻമാർ പറയുന്നതനുസരിച്ച് അതു പുതിയ ഇൻകാൻ രൂപകൽപ്പനയിലുള്ളതാണ്. മുറികളുടെ അന്തർഭാഗങ്ങളിൽ ധാരാളം ചുവർ തട്ടുകൾ കാണാൻ കഴിയും. വാതിലുകൾക്കും ജനാലകൾക്കും ചുവർതട്ടുകൾക്കും സ്തൂപാകൃതിയാണുള്ളത്—മുകളിലോട്ട് നേർത്തു വരുന്നത്—ഇത് പിൽക്കാല ഇൻകാ ശിൽപ്പകലയുടെ ഒരു തിരിച്ചറിയിക്കുന്ന സവിശേഷതയാണ്. നഗരമദ്ധ്യത്തിൽ ഒരു വിശാലമായ തുറസ്സായ സ്ഥലമുണ്ട്, ഒരുപക്ഷേ അവിടുത്തെ മുഖ്യ നഗരചതുരം ആയിരിക്കാം. അത്, മട്ടുപ്പാവുകൾ, ആരാധനാമന്ദിരങ്ങൾ, വാസസ്ഥലങ്ങൾ, കുത്തനെയുള്ള പടവുകൾ എന്നിവയാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു. ചില ചുവരുകൾ, ഇൻകാൻ നിർമ്മാണവൈദഗ്ദ്ധ്യത്തിന്റെ അഭിമാനമായ മനോഹരമായ കൽപ്പണി വെളിവാക്കുന്നു.
ഞങ്ങൾ ഒരററം മുതൽ മറെറ അററം വരെ ഈ അപൂർവ്വ നാശശിഷ്ടങ്ങളിലൂടെ കടന്നുപോയപ്പോൾ അതിന്റെ വലിപ്പം മനസ്സിലാക്കുകയുണ്ടായി. ഹുവായ്നാ പിക്ചു കൊടുമുടിയുടെ തുഞ്ചത്തിൽ കയറാൻ എടുത്ത സമയം കൂട്ടാതെ തന്നെ ഒരററം മുതൽ മറെറ അററം വരെ നടക്കാൻ ഞങ്ങൾ ഒരു മണിക്കൂറിലധികം എടുത്തു. പർവ്വതപ്രദേശമായതിനാൽ എല്ലായിടത്തും പടവുകൾ ഉണ്ട്, 3,000ത്തിലധികം തന്നെയുണ്ട്. വിളവുൽപ്പാദനത്തിനും മൃഗങ്ങളെ മേയിക്കുന്നതിനും ഉപയോഗിച്ചിരുന്ന നഗരാഗ്രങ്ങൾക്കു ചുററുമുള്ള തട്ടുകൾക്കുപോലും ഒരു നിരപ്പിൽ നിന്നും മറെറാന്നിലേക്ക് പോകാനുള്ള പടികൾ പോലെ തള്ളി നിൽക്കുന്ന കല്ലുകൾ ഉണ്ടായിരുന്നു. ഈ നഗരത്തിന് അഞ്ച് ചതുരശ്രമൈൽ വിസ്തീർണ്ണമുണ്ടെന്ന് കണക്കാക്കപ്പെടുന്നു!
ഈ നഷ്ടാവശിഷ്ടങ്ങളുടെ നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന അവസ്ഥ ഞങ്ങളിൽ മതിപ്പുളവാക്കി. ബിംഗ്ഹാം അവ കണ്ടുപിടിക്കുമ്പോൾ, ഇവിടെ എന്തെങ്കിലും യുദ്ധം നടന്നിരുന്നതിന്റെ ഭൗതിക തെളിവൊന്നും കണ്ടെത്തിയിരുന്നില്ല. മാത്രമല്ല, ഈ നഗരം ആരെങ്കിലും ആക്രമിച്ചത് പോലെയല്ല, പിന്നെയോ ഉപേക്ഷിക്കപ്പെട്ട പോലെ ആണ് കാണാൻ കഴിയുന്നത്. ഇപ്പോഴും അജ്ഞാതമായ സംഗതി, ചക്രത്തെക്കുറിച്ച് യാതൊരു അറിവുമില്ലാതിരുന്ന ഇൻകാകകൾക്ക് എങ്ങനെ ഇത്തരം ഭീമാകാരമായ കല്ലുകൾ ചലിപ്പിക്കാൻ കഴിഞ്ഞു എന്നുള്ളതാണ്. എന്നാൽ, കല്ലുകളെല്ലാം അന്യൂനമായി ചെത്തി യഥാസ്ഥാനങ്ങളിൽ ഉറപ്പിച്ചിരിക്കുന്നു. ഈ നാശാവശിഷ്ടങ്ങൾ, ശ്രദ്ധാപൂർവ്വം ഭാഗങ്ങളായി തിരിച്ചാൽ, ഇപ്പോഴും, ഒരു സുസംഘടിത നാഗരികതയെ വിളിച്ചോതും.
ലാമകളോടും താരകങ്ങളോടുമൊപ്പം തനിച്ച്
പകൽ സഞ്ചാരികളെല്ലാം ഉച്ചതിരിഞ്ഞപ്പോൾ തന്നെ ഒഴിഞ്ഞതോടെ മക്കുപ്പിച്ചു, രാത്രിയിൽ തങ്ങുന്ന ഹോട്ടൽ അതിഥികളുടേതു മാത്രമായി. ഞങ്ങൾ നഷ്ടാവശിഷ്ടങ്ങൾക്കിടയിൽ ചുററിത്തിരിയുകയും ഏകാന്തതയിൽ സൂര്യാസ്തമയം നോക്കിക്കാണുകയും ചെയ്യവെ ചിന്താധീനരായ്ത്തീർന്നു. ചുററിനടക്കുന്നതിനിടയിൽ ഹെയ്ഡിയും എലിസബത്തും നാശാവശിഷ്ടങ്ങളുടെ ഇടയിൽ ഒരു മൂലയിലായി ഒരു ലാമാക്കുഞ്ഞിനെയും തള്ളയെയും കണ്ടെത്തി. പെറുവിൽ ചുമടെടുക്കാൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മൃഗങ്ങളാണ് ലാമകൾ. ഏകദേശം 80 റാത്തൽ വരുന്ന ഭാരങ്ങൾ അവക്കു വഹിക്കാനാവുമെങ്കിലും ഒരു മനുഷ്യനെ വഹിച്ചുകൊണ്ടു പോവുക അവക്കു സാദ്ധ്യമല്ല. ആദ്യം ഞങ്ങളുടെ ഭാര്യമാരുടെ സാന്നിദ്ധ്യം ലാമകളെ അലോസരപ്പെടുത്തിയതുപോലെ തോന്നി. പക്ഷേ നാശാവശിഷ്ടങ്ങൾക്കിടയിൽ സുഖമായി പാർത്തുപോന്ന ഈ ഓമനമൃഗങ്ങളുടെ ഒരു സമീപദൃശ്യം എടുക്കുന്നതിന് ഹെയ്ഡിയും എലിസബത്തും നിശ്ചയം ചെയ്തിരുന്നു. ലാമകൾ ആസിഡ് കലർന്ന ഉമിനീർ തുപ്പിക്കൊണ്ടാണ് ശത്രുക്കളിൽനിന്നും സ്വയം സംരക്ഷിക്കുന്നത്. അതുകൊണ്ട് പെൺകുട്ടികൾ അവയെ അധികം അസഹ്യപ്പെടുത്താതെ സാവകാശം ചങ്ങാത്തം സ്ഥാപിച്ചു. ഹെയ്ഡിക്ക് തള്ള ലാമയെ പുല്ലുതീററാൻ വരെ കഴിഞ്ഞു.
സന്ധ്യയായതോടെ ഞങ്ങൾ ഞങ്ങളുടെ കമ്പിളി ഉടുപ്പുകളെടുത്തുകൊണ്ട് അടുത്തുള്ള ഹോട്ടലിന്റെ കൃത്രിമ വെളിച്ചത്തിൽ നിന്നകന്ന് താരകങ്ങൾ മിന്നുന്ന സന്ധ്യാകാശം ആസ്വദിക്കാനിറങ്ങിപ്പോയി. ഇപ്പോൾ ആകെയുണ്ടായിരുന്ന വെളിച്ചം ആകാശനക്ഷത്രങ്ങളിൽ നിന്നുള്ളത് മാത്രമായിരുന്നു. ഞങ്ങൾ യഹോവയുടെ മഹത്വത്തെക്കുറിച്ച് ചിന്തിച്ചു. നാലു നൂററാണ്ടുകൾക്കു മുമ്പ് ഇതേ പർവ്വതശിഖരങ്ങളിൽ ജീവിച്ചുകൊണ്ട് ഇതേ നക്ഷത്രങ്ങളിലേക്ക് നോക്കിയിരുന്ന ആളുകളെക്കുറിച്ച് ഞങ്ങൾ ഓർത്തുപോയി.
ഇൻകാകളും അധിനിവേശക്കാരും
പിറെറ ദിവസം നന്നാ രാവിലെ, സൂര്യോദയത്തിന് മുമ്പ് ഞങ്ങൾ വീണ്ടും നാശശിഷ്ടങ്ങളുടെ അരികെ എത്തി. പശ്ചാത്തലത്തിൽ വിഷാദരാഗത്തിലുള്ള ഒരു കുഴലൂത്ത് കേൾക്കാമായിരുന്നു. പകൽസന്ദർശകർ എത്തുന്നതിനുമുമ്പുള്ള ആ നേരങ്ങളിൽ മക്കുപ്പിച്ചുവിന്റെ മനോജ്ഞതയിലും അതിന്റെ അന്തരീക്ഷത്തിലും ഞങ്ങൾ ലയിച്ചുപോയി!
ആ നാശാവശിഷ്ടങ്ങൾക്കിടയിലിരുന്നുകൊണ്ട് ഞങ്ങൾ കണ്ട എല്ലാററിനെയും പററി ചിന്തയിലാണ്ടിരിക്കുമ്പോൾ ബൈബിളിന്റെ മാർഗ്ഗദർശനം കൂട്ടാക്കാത്ത ഒരു മതം വരുത്തിവെച്ച ദുരന്തഫലങ്ങളെക്കുറിച്ച് ബൽത്താസർ അഭിപ്രായപ്പെട്ടു. (മത്തായി 7:15-20) സ്പാനിഷ് അധിനിവേശക്കാർ കത്തോലിക്കാ മതത്തിന്റെ പേരിലും അവരുടെ അടക്കാനാവാത്ത അത്യാഗ്രഹം നിമിത്തവും ഒരു മുഴുനാഗരികതയെയും നിർമ്മൂലമാക്കിക്കളഞ്ഞു. ഇൻകാകൾ ജീവിച്ചിരുന്നതെങ്ങനെയെന്ന് ഗ്രഹിക്കാതെയാണ് ഇവർ അങ്ങനെ ചെയ്തത്. ഇൻകാകൾക്ക് ലേഖനവിദ്യ അറിയില്ലായിരുന്നു. അവർ ക്വിപ്പസ് അതായത് കുടുക്കുകൾ ഇട്ട നീണ്ട വള്ളികൾ ഉപയോഗിച്ചുകൊണ്ടാണ് കൊയ്ത്ത്, ആയുധങ്ങൾ, ജനനങ്ങൾ, മരണങ്ങൾ മുതലായവയെ സംബന്ധിച്ചെല്ലാമുള്ള സ്ഥിതിവിവരക്കണക്കുകളുടെ വിവരങ്ങൾ സൂക്ഷിച്ചുപോന്നത്. സ്പാനിഷ് അധിനിവേശക്കാർ ഇവയെ നശിപ്പിച്ചതുകൊണ്ട് ഇൻകാകളുടെ സംസ്ക്കാരത്തെക്കുറിച്ച് അവശേഷിച്ച രേഖകൾ തുലോം തുച്ഛമാണ്.
ഇൻകാകൾ തിരികെ വരും!
പുനരുത്ഥാനം സംബന്ധിച്ച യഹോവയുടെ വാഗ്ദത്തത്തെ സ്മരിച്ചുകൊണ്ട്, പരിപൂർണ്ണമായി നശിച്ചൊടുങ്ങിയ ഒരു നാഗരികതയിൽ നിന്നുള്ള ജനങ്ങൾക്ക് വീണ്ടും ജീവിക്കാനുള്ള അവസരം ലഭിക്കുമെന്നുള്ളത് എത്ര ആശ്ചര്യകരമായിരിക്കുന്നുവെന്ന് എലിസബെത്തും ഹെയ്ഡിയും അഭിപ്രായപ്പെട്ടു. (പ്രവൃത്തികൾ 24:15) നമ്മൾ പുരാതന ഇൻകാകളിൽ ചിലരെ നേരിൽ കണ്ട് അവരിൽ നിന്നും അവരുടെ സംസ്ക്കാരത്തെക്കുറിച്ച് നേരിട്ട് കേട്ടറിയും എന്ന കാര്യം ഒന്നാലോചിക്കൂ! നമുക്ക് ഒരുപക്ഷേ മക്കുപ്പിച്ചുവിൽ ജീവിച്ചിരുന്ന ഇൻകാകളിൽ ചിലരെ സത്യദൈവത്തെക്കുറിച്ചും അവർക്ക് വേണ്ടിയുള്ള അവന്റെ ഉദ്ദേശ്യത്തെക്കുറിച്ചും പഠിപ്പിക്കാനുള്ള പദവിപോലും ലഭിച്ചേക്കാം.
മക്കുപ്പിച്ചുവിലെ ഞങ്ങളുടെ രണ്ടുദിവസങ്ങളുടെ അവസാനം, കുസ്ക്കോയിലേക്ക് ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു. ഒരു പർവ്വത്തിന്റെ ശൃംഗത്തിലുള്ള അനന്യഭംഗിയോടുകൂടിയ ഒരു നഗരത്തിന്റെ മോഹന സ്മരണകൾ ഞങ്ങളോടൊപ്പം കൊണ്ടു പോന്നു. ആ നഗരം പക്ഷേ ശൂന്യശിഷ്ടമെന്ന നിലയിലാണ് പൊതുവിൽ സ്മരിക്കപ്പെടുന്നത്. സ്പെയിൻകാർ ഇൻകാ സാമ്രാജ്യത്തെ കീഴടക്കിയെങ്കിലും അവർ മക്കുപ്പിച്ചുവിനെ ഒരിക്കലും കണ്ടെത്തിയിരുന്നില്ല. പക്ഷേ ഇൻകാകളുടെ നഷ്ടനഗരത്തെ കണ്ടെത്താൻ കഴിഞ്ഞതിൽ നമുക്ക് സന്തോഷമുണ്ട്.—സംഭാവന ചെയ്യപ്പെട്ടത്. (g89 2/8)
[22-ാം പേജിലെ ചിത്രം]
മക്കുപ്പിച്ചു, പടവുകളോടും തിട്ടകളോടും കൂടിയ പുരാതന നഗരം
[23-ാം പേജിലെ ചിത്രം]
മക്കുപ്പിച്ചു (പഴയ കൊടുമുടി), ആൻറീസ് പർവ്വതനിരയിലെ ഉയർന്ന പ്രദേശം, ഹുയാനാപ്പിച്ചു (പുതിയ കൊടുമുടി) ആണ് പശ്ചാത്തലത്തിൽ
[23-ാം പേജിലെ ചിത്രം]
തങ്ങളുടെ കെട്ടിടങ്ങൾക്കുവേണ്ടി ഇൻകാകൾ, കൈകൊണ്ട് കൊത്തിയെടുത്ത കൂററൻ കല്ലുകൾ ചക്രങ്ങളുടെ സഹായമില്ലാതെ നീക്കിക്കൊണ്ടു പോയിരുന്നു
[24-ാം പേജിലെ ചിത്രം]
ശിഖരത്തോടടുക്കുന്തോറും വീതി കുറഞ്ഞുവരുന്ന സ്തൂപമാതൃകയിലുള്ള ഒരു സാധാരണ ഇൻകാഗൃഹം
[24-ാം പേജിലെ ചിത്രം]
മക്കുപ്പിച്ചുവിലെ ശൂന്യശിഷ്ടങ്ങൾക്കിടയിൽ ഒരു ലാമ തനിയെ
[25-ാം പേജിലെ ചിത്രം]
മക്കുപ്പിച്ചുവിൽ നിന്ന് 2,000 അടി താഴ്ചയിലുള്ള ഉരുബംബാ നദി