ഇങ്കകൾക്ക് അവരുടെ സുവർണ സാമ്രാജ്യം നഷ്ടമായ വിധം
പെറുവിലെ ഉണരുക! ലേഖകൻ
അരുണോദയം. ഹിമത്തൊപ്പിയണിഞ്ഞ ആൻഡീസ് പർവതത്തിൽ പ്രഭാതകിരണങ്ങൾ ചെഞ്ചായം പൂശി. 4,300 മീറ്റർ ഉയരമുള്ള മേഖലയിൽ പാർക്കുന്ന അമേരിക്കൻ ഇന്ത്യക്കാരിൽ ചിലർ അതിരാവിലെ ഉണർന്നു. രാത്രിയുടെ കുളിരകറ്റാൻ അവർ ഇളംവെയിൽ കാഞ്ഞു. ഇങ്കാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കൂസ്കോയുടെ (“ലോകത്തിന്റെ കേന്ദ്രം” എന്നർഥം) കേന്ദ്രത്തിലുള്ള സൂര്യക്ഷേത്രത്തെ ആലിംഗനം ചെയ്യാനായി സൂര്യകിരണങ്ങൾ സാവധാനം താഴോട്ടിറങ്ങിച്ചെന്നു. സുവർണ മതിലുകൾ സൂര്യകിരണങ്ങളെ പ്രതിഫലിപ്പിച്ചു. സ്വർണംകൊണ്ട് ഉണ്ടാക്കിയ ലാമകളും വിക്യൂണകളും കോൺഡറുകളും ക്ഷേത്രത്തിനു മുന്നിലുള്ള ഇങ്കാa പൂന്തോട്ടത്തിൽ മിന്നിത്തിളങ്ങി. വഴിപോക്കർ സൂര്യദേവനോടുള്ള തങ്ങളുടെ ആരാധനയുടെ ഭാഗമായി വായുവിലേക്ക് മുത്തമെറിഞ്ഞു. ജീവനോടിരിക്കാനും തങ്ങൾക്ക് ഉപജീവനമാർഗം പ്രദാനം ചെയ്യുന്ന സൂര്യനാൽ അനുഗൃഹീതരായിരിക്കാനും—അവർ അങ്ങനെയാണ് വിശ്വസിച്ചിരുന്നത്—കഴിയുന്നതിൽ അവർ എത്ര നന്ദിയുള്ളവരായിരുന്നു!
പതിന്നാലും പതിനാറും നൂറ്റാണ്ടുകൾക്കിടയ്ക്ക് ഒരു വലിയ സുവർണ സാമ്രാജ്യം തെക്കേ അമേരിക്കയുടെ പടിഞ്ഞാറേ തീരം അടക്കിവാണു. മികവുറ്റ വാസ്തുശിൽപ്പികളുടെയും സാങ്കേതികവിദഗ്ധരുടെയും ഭരണത്തിൻകീഴിൽ ഇങ്കകൾ സാമൂഹികമായി സ്വയം പുരോഗതി കൈവരിക്കാൻ സംഘടിതമായ ഒരു ജനതയായിരുന്നു. ബൃഹത്തായ ഇങ്കാ സാമ്രാജ്യം ഏതാണ്ട് 5,000 കിലോമീറ്റർ വിസ്തൃതിയിൽ അതിന്റെ അതിർത്തികൾ വ്യാപിപ്പിച്ചു, അതായത് ഇന്നത്തെ കൊളംബിയയുടെ തെക്കുഭാഗത്തുനിന്നുതുടങ്ങി അർജൻറീനവരെയുള്ള പ്രദേശം അതു കയ്യടക്കിയിരുന്നു. വാസ്തവത്തിൽ, “ഇങ്കകൾ വിചാരിച്ചത് ഏതാണ്ട് മുഴു ലോകവും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ്.” (നാഷണൽ ജിയോഗ്രഫിക്ക്) തങ്ങളുടെ സാമ്രാജ്യത്തിന്റെ അതിരുകൾക്കപ്പുറത്ത് പിടിച്ചെടുക്കത്തക്ക മൂല്യമുള്ള യാതൊന്നുമില്ലെന്ന് അവർ വിശ്വസിച്ചു. എന്നാൽ, ഇങ്ങനെയൊരു സാമ്രാജ്യം ഉണ്ടെന്ന കാര്യംപോലും ലോകത്തിന്റെ ബാക്കി ഭാഗത്തിന് അറിയില്ലായിരുന്നു.
ഇങ്കകൾ ആരായിരുന്നു? അവരുടെ ഉത്ഭവം എങ്ങനെയായിരുന്നു?
ഇങ്കകൾക്കു മുമ്പുണ്ടായിരുന്നത് ആര്?
ആ ഭൂഖണ്ഡത്തിലെ ആദിമനിവാസികൾ ഇങ്കകൾ ആയിരുന്നില്ലെന്ന് പുരാവസ്തു കണ്ടെത്തലുകൾ കാണിക്കുന്നു. അവരുടെ വരവിന് നൂറുകണക്കിനോ ആയിരക്കണക്കിനോ വർഷങ്ങൾക്കു മുമ്പ് സുവികസിതമായ മറ്റു സംസ്കാരങ്ങൾ അവിടെ നിലകൊണ്ടിരുന്നു. പുരാവസ്തുശാസ്ത്രജ്ഞന്മാർ ഇവയെ ലാമ്പായെക്കെ സംസ്കാരം, ചാവിൻ സംസ്കാരം, മോച്ചിക്കാ സംസ്കാരം, ചിമൂ സംസ്കാരം, റ്റിയാവാനാകോ സംസ്കാരം എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു.
ആ ആദിമ സമൂഹങ്ങൾ ജാഗ്വാറുകൾ, പ്യൂമകൾ, മത്സ്യം എന്നിങ്ങനെയുള്ള വിവിധ ജന്തുക്കളെ ആരാധിച്ചിരുന്നു. മലദൈവങ്ങളോടുള്ള ഭക്ത്യാദരവ് അവരുടെയിടയിൽ വ്യാപകമായിരുന്നു. ചില ഗോത്രങ്ങൾ ലിംഗാരാധന നടത്തിയിരുന്നതായി അവരുടെ കളിമൺനിർമിത വസ്തുക്കൾ വെളിപ്പെടുത്തുന്നു. പെറു-ബൊളീവിയ അതിർത്തിയിലുള്ള ഉയർന്ന പ്രദേശത്ത് റ്റിറ്റിക്കാക്ക തടാകത്തിനു സമീപം, ഒരു ഗോത്രം പുരുഷലിംഗ പ്രതീകങ്ങളുള്ള ഒരു ക്ഷേത്രം പണിതു. പാച്ചാ-മാമായിൽനിന്ന്—“ഭൂമാതാവ്” എന്നർഥം—സമൃദ്ധമായ വിളവു ലഭിക്കുമെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഉർവരതാ ചടങ്ങുകളിൽ അവയെ ആരാധിച്ചിരുന്നു.
മിഥ്യയും സത്യവും
ഏതാണ്ട് 1200-ാമാണ്ടിലാണ് ഇങ്കകൾ രംഗപ്രവേശം ചെയ്തത്. പുരാവൃത്തലേഖകൻ ഗാർതിലാസോ ദേ ലാ ബേഗായുടെ—അദ്ദേഹം ഇങ്ക രാജകുമാരിയുടെയും അശ്വയോദ്ധാവും ഭൂവുടമയുമായിരുന്ന ഒരു സ്പെയിൻകാരന്റെയും പുത്രനായിരുന്നു—അഭിപ്രായപ്രകാരം, ആദ്യത്തെ ഇങ്കയായ മാങ്കോ കാപകിനെ അദ്ദേഹത്തിന്റെ പിതാവായ സൂര്യദേവൻ സകലരെയും സൂര്യാരാധകരാക്കി മാറ്റാൻ അദ്ദേഹത്തിന്റെ സഹോദരിയുടെ/മണവാട്ടിയുടെ കൂടെ റ്റിറ്റിക്കാക്ക തടാകത്തിലേക്കയച്ചുവെന്നാണ് ഐതിഹ്യം. ഇന്നും, ചില സ്കൂളുകളിൽ കുട്ടികളെ ഈ ഐതിഹ്യം പഠിപ്പിക്കുന്നുണ്ട്.
ഇനി യാഥാർഥ്യമെടുക്കാം. ഇങ്കകളുടെ ഉത്ഭവം സാധ്യതയനുസരിച്ച് റ്റിറ്റിക്കാക്ക തടാകക്കരയിലെ റ്റിയാവാനാകോസ് ഗോത്രത്തിൽനിന്നായിരുന്നു. വിസ്തൃതമായിക്കൊണ്ടിരുന്ന ആ സാമ്രാജ്യം ക്രമേണ, തങ്ങൾ കീഴടക്കിയ ഗോത്രങ്ങളുടെ സുസംഘടിതമായ പല നിർമാണപ്രവർത്തനങ്ങളുടെയും ചുമതല ഏറ്റെടുത്തു. അവർ മുമ്പുണ്ടായിരുന്ന കനാലുകളും തട്ടുകളായിത്തിരിച്ച കൃഷിയിടങ്ങളും വലുതാക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തു. ഭീമാകാരമായ നിർമിതികളുടെ കാര്യത്തിൽ ഇങ്കകൾ മറ്റെല്ലാവരെയും കടത്തിവെട്ടി. അവരുടെ വാസ്തുശിൽപ്പികൾക്ക് കോട്ടയും കൂസ്കോ നഗരത്തിന് അഭിമുഖമായി ഒരു ഉന്നത പീഠഭൂമിയിൽ തലയെടുപ്പോടെ നിൽക്കുന്ന സാക്സാവാമാൻ ക്ഷേത്രവും സംയോജിപ്പിക്കാൻ എങ്ങനെ കഴിഞ്ഞുവെന്നതു സംബന്ധിച്ച് പല അഭിപ്രായങ്ങളുണ്ട്. 100 ടൺ വീതം ഭാരമുള്ള വലിയ ഒറ്റക്കല്ലുകൾ കുമ്മായക്കൂട്ടൊന്നും കൂടാതെ യോജിപ്പിച്ചിരിക്കുന്നു. പുരാതന കൂസ്കോ നഗരത്തിന്റെ മതിലുകളിലുള്ള നന്നായി ചെത്തിമിനുക്കി ചേർത്തുവെച്ചിരിക്കുന്ന ഈ കല്ലുകൾക്ക് ഭൂകമ്പങ്ങൾ യാതൊരു കേടും വരുത്തിയിട്ടില്ല.
വെട്ടിത്തിളങ്ങുന്ന സൂര്യക്ഷേത്രം
രാജകീയമായ കൂസ്കോ നഗരത്തിലെ മിനുസപ്പെടുത്തിയ കല്ലുകൾകൊണ്ടു നിർമിച്ച ക്ഷേത്രത്തിൽ ഇങ്കകൾ സൂര്യാരാധനയ്ക്കായി ഒരു പുരോഹിതവർഗത്തെ സംഘടിപ്പിച്ചു. അകംചുവരുകൾ തനി തങ്കവും വെള്ളിയുംകൊണ്ട് അലങ്കരിക്കപ്പെട്ടു. പുരോഹിതവർഗത്തെ നിയമിച്ചതോടൊപ്പം പ്രത്യേക ആശ്രമങ്ങളും സ്ഥാപിക്കപ്പെട്ടു. ലിമയ്ക്ക് തൊട്ടു വെളിയിൽ സ്ഥിതിചെയ്യുന്ന പാച്ചാകാമാക് സൂര്യക്ഷേത്രത്തിനടുത്തുള്ള പുനർനിർമിക്കപ്പെട്ട ആശ്രമം അത്തരത്തിലൊന്നാണ്. അതീവ സുന്ദരിമാരായ കന്യകമാരെ എട്ടു വയസ്സുള്ളപ്പോൾമുതൽ ‘സൂര്യകന്യകമാർ’ ആയിത്തീരുന്നതിനു പരിശീലിപ്പിച്ചിരുന്നു. ഇങ്കകൾ നരബലി അർപ്പിച്ചിരുന്നതായും പുരാവസ്തു തെളിവുകൾ സൂചിപ്പിക്കുന്നു. അവർ ആപുസിന് അഥവാ മലദൈവങ്ങൾക്ക് കുട്ടികളെ ബലികൊടുത്തു. ചില കുട്ടികളുടെ തണുത്തുറഞ്ഞ ശരീരങ്ങൾ ആൻഡിയൻ കൊടുമുടികളിൽ കണ്ടെത്തിയിട്ടുണ്ട്.
ഇങ്കകൾക്കും അവർക്കു മുമ്പുണ്ടായിരുന്ന ഗോത്രങ്ങൾക്കും എഴുത്തു വശമില്ലായിരുന്നുവെങ്കിലും കിപ്പൂ എന്നു വിളിക്കപ്പെടുന്ന ഒരു സംവിധാനം ഉപയോഗിച്ച് രേഖകൾ സൂക്ഷിച്ചുവെക്കുന്ന രീതി അവർ വികസിപ്പിച്ചെടുത്തു. ഇനവിവരങ്ങളുടെയും രേഖകളുടെയും നിയമിത സൂക്ഷിപ്പുകാർക്ക് കാര്യങ്ങൾ ഓർമിക്കുന്നതിന് “പെറുവിലെ പുരാതന മനുഷ്യർ ഉപയോഗിച്ചിരുന്ന ഒരു ഉപാധി”യായിരുന്നു ഇത്. “ഒരു പ്രധാന ചരടിനോട് പല നിറങ്ങളിലുള്ള നീളം കുറഞ്ഞ ചരടുകൾ ബന്ധിപ്പിച്ച് കെട്ടുകളിടുന്ന” ഒരു സംവിധാനമായിരുന്നു ഇത്.—വെബ്സ്റ്റേഴ്സ് നയന്ത് ന്യൂ കൊളീജിയേറ്റ് ഡിക്ഷ്ണറി.
സാമ്രാജ്യം ഏകീകൃതമായി നിലനിർത്തപ്പെട്ടതെങ്ങനെ?
കർശന നിയമങ്ങളും ആസൂത്രിത പദ്ധതികളും ഒരു കേന്ദ്ര ഗവൺമെൻറിൻ കീഴിൽ സാമ്രാജ്യത്തെ ഉറപ്പിച്ചുനിർത്തി. എല്ലാവരും ഇങ്കകളുടെ ഭാഷയായ കെച്ച്വ പഠിക്കണമെന്നതായിരുന്നു ആദ്യത്തെ നിബന്ധന. “കെച്ച്വ, തെക്കേ അമേരിക്കയിലെ പ്രാദേശികഭാഷകളിൽവെച്ച് ഏറ്റവും സമഗ്രവും വൈവിധ്യമാർന്നതും സുന്ദരവും ആയി” കണക്കാക്കപ്പെടുന്നുവെന്ന് എൽ കെച്ചൂവാ ആൽ ആൽകാൻസെ ഡെ റ്റോഡോസ് (എല്ലാവരുടെയും എത്തുപാടിലുള്ള കെച്ച്വ) എന്ന പുസ്തകം പറയുന്നു. പെറുവിലെ 50 ലക്ഷത്തോളം പർവതവാസികളും ആ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന അഞ്ചു രാജ്യങ്ങളിലെ ലക്ഷക്കണക്കിന് മറ്റാളുകളും ഇപ്പോഴും അതാണ് സംസാരിക്കുന്നത്. റ്റിറ്റിക്കാക്ക തടാകത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തുള്ള ഒരു കൂട്ടമാളുകൾ ഇപ്പോഴും ഐമരാ സംസാരിക്കുന്നവരാണ്. ഇങ്കകൾക്കു മുമ്പുണ്ടായിരുന്ന കാലത്തെ കെച്ച്വയിൽനിന്നുണ്ടായ ഒരു ഭാഷയാണ് ഐമരാ.
കെച്ച്വയുടെ ഉപയോഗം ജയിച്ചടക്കപ്പെട്ട 100-ഓളം ഗോത്രങ്ങളെ ഏകീകരിച്ചു. കൂടാതെ, ഓരോ വിഭാഗത്തെയും ഭരിച്ചിരുന്ന ഗ്രാമ കൂറാകായ്ക്ക് (തലവൻ) അത് സഹായകവുമായിരുന്നു. ഓരോ കുടുംബത്തിനും കൃഷിചെയ്യാൻ നിലം നിയമിച്ചുകൊടുത്തിരുന്നു. ജയിച്ചടക്കലിനുശേഷം ഇങ്ക, പ്രാദേശിക ഗോത്ര നൃത്തങ്ങളും ഉത്സവങ്ങളും തുടർന്നുകൊണ്ടുപോകാൻ അനുവദിക്കുകയും തന്റെ കീഴിലുള്ള ആളുകളെയെല്ലാം സന്തുഷ്ടരാക്കി നിർത്തുന്നതിന് നാടകാവതരണങ്ങളും കളികളും അവതരിപ്പിക്കുകയും ചെയ്തു.
മിറ്റാ നികുതി
സാമ്രാജ്യത്തിലൊരിടത്തും നാണയ സമ്പ്രദായം നിലവിലുണ്ടായിരുന്നില്ല. അതിന്റെ അർഥം ആളുകൾ സ്വർണത്തിന് അതിൽത്തന്നെ യാതൊരു മൂല്യവും കൽപ്പിച്ചിരുന്നില്ല എന്നാണ്. അത് സൂര്യനെ പ്രതിഫലിപ്പിച്ചുവെന്നതിലായിരുന്നു അതിന്റെ ആകർഷണം. ചുമത്തപ്പെട്ടിരുന്ന ഒരേയൊരു നികുതി മിറ്റാ (കെച്ച്വ, “ഊഴം”) ആയിരുന്നു. ഇങ്കകളുടെ റോഡുപണിയിലും കെട്ടിടം പണിയിലും മറ്റും നിർബന്ധിതമായി ഊഴമനുസരിച്ചു പങ്കെടുത്തുകൊണ്ടാണ് പ്രജകൾ ആ നികുതി നൽകിയിരുന്നത്. അങ്ങനെ അമേരിക്കൻ ഇന്ത്യക്കാരായ ആയിരക്കണക്കിനു ജോലിക്കാരെ നിയമപ്രകാരം ഇത്തരം ജോലികളിൽ നിയമിച്ചു.
മിറ്റാ ജോലിക്കാരെ ഉപയോഗിച്ചുകൊണ്ട് ഇങ്കാ നിർമാണവിദഗ്ധർ 24,000 കിലോമീറ്ററിലധികം നീളത്തിൽ റോഡുകളുടെ ഒരു ശൃംഖലതന്നെ നിർമിച്ചു! സാമ്രാജ്യത്തിന്റെ അതിവിദൂര ഭാഗങ്ങളെ കൂസ്കോയുമായി കൂട്ടിയിണക്കുന്നതിന് ഇങ്കകൾ കല്ലുപാകിയ അനേകം റോഡുകൾ നിർമിച്ചു. ചാസ്കിസ് എന്നു വിളിക്കപ്പെടുന്ന പരിശീലനം സിദ്ധിച്ച അഞ്ചലോട്ടക്കാർ ഈ റോഡുകൾ ഉപയോഗപ്പെടുത്തിയിരുന്നു. ഏതാണ്ട് ഒന്നുമുതൽ മൂന്നുവരെ കിലോമീറ്റർ സഞ്ചരിച്ചുകഴിയുമ്പോൾ അവർ കുടിലുകളിൽ തങ്ങുമായിരുന്നു. ഒരു ചാസ്കി സന്ദേശവുമായി എത്തുമ്പോൾ അടുത്ത ചാസ്കി ഒരു റിലേ ഓട്ടക്കാരനെപ്പോലെ അയാളോടൊപ്പം ഓടിത്തുടങ്ങും. ഈ വിധത്തിൽ അവർ ഒരു ദിവസം 240 കിലോമീറ്റർ താണ്ടുമായിരുന്നു. ഭരണം നടത്തുന്ന ഇങ്കയ്ക്ക് സാമ്രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും വളരെ പെട്ടെന്ന് റിപ്പോർട്ടുകൾ ലഭിച്ചിരുന്നു.
പാതയോരങ്ങളിൽ ഇങ്ക വലിയ പാണ്ടികശാലകൾ സ്ഥാപിച്ചു. ജയിച്ചടക്കൽ യാത്രകൾ നടത്തുന്ന ഇങ്കാ സൈന്യങ്ങളുടെ ഉപയോഗത്തിനായി അവയിൽ നിറയെ ആഹാരസാധനങ്ങളും വസ്ത്രവും കരുതിവെച്ചിരുന്നു. ഇങ്ക യുദ്ധം കഴിവതും ഒഴിവാക്കിയിരുന്നു. യുദ്ധതന്ത്രമെന്ന നിലയിൽ അദ്ദേഹം പ്രതിനിധികളെ അയച്ച് തന്റെ ഭരണത്തിൻകീഴിലാകുന്നതിന് ഗോത്രങ്ങളെ ക്ഷണിക്കുമായിരുന്നു. പക്ഷേ, ഒരു വ്യവസ്ഥയുണ്ടായിരുന്നു, ഗോത്രങ്ങൾ സൂര്യാരാധന സ്വീകരിച്ചുകൊള്ളണം. അവർ സമ്മതിക്കുന്നപക്ഷം പരിശീലനം സിദ്ധിച്ച ഇങ്ക പ്രബോധകരുടെ മാർഗനിർദേശത്തിൻ കീഴിൽ തങ്ങളുടെ ഗോത്രത്തിൽത്തന്നെ തുടരാൻ അവരെ അനുവദിച്ചിരുന്നു. വിസമ്മതിക്കുന്നപക്ഷം അവരെ നിർദയമായ വിധത്തിൽ കീഴ്പെടുത്തിയിരുന്നു. മരിച്ച ശത്രുക്കളുടെ തലയോടുകൾ ചോളത്തിൽനിന്നുണ്ടാക്കുന്ന ഒരു ലഹരി പാനീയമായ ചിച്ചാ കുടിക്കുന്നതിനുള്ള ചഷകമായി ഉപയോഗിച്ചിരുന്നു.
ഒമ്പതാമത്തെ ഇങ്കയായ പാച്ചാകൂറ്റി, (1438 മുതൽ) അദ്ദേഹത്തിന്റെ പുത്രനായ റ്റോപ്പാ ഇങ്കാ യൂപാങ്കി, ജേതാവും രാജ്യതന്ത്രജ്ഞനുമായ വൈനാ കാപക് എന്നിവരുടെ ഭരണകാലത്ത് സാമ്രാജ്യത്തിന്റെ അതിർത്തികൾ അതിവേഗം വികസിക്കുകയും തെക്കുനിന്നു വടക്കോട്ട് പരമാവധി വ്യാപിക്കുകയും ചെയ്തു. എന്നാൽ ഇത് അധികം കാലം നിലനിന്നില്ല.
വടക്കുനിന്നുള്ള ആക്രമണകാരികൾ
ഏതാണ്ട് 1530-ൽ, അപ്പോഴേക്കും ആഭ്യന്തരയുദ്ധത്താൽ പിച്ചിച്ചീന്തപ്പെട്ടിരുന്ന ആ അജ്ഞാത നാട്ടിലെ സ്വർണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ ആകൃഷ്ടരായി സ്പാനിഷ് ജേതാവായ ഫ്രാൻസിസ്കോ പിസാറൊയും അദ്ദേഹത്തിന്റെ ഭടന്മാരും പനാമയിൽനിന്ന അവിടെയെത്തിച്ചേർന്നു. നിയമപ്രകാരം കിരീടാവകാശിയായിരുന്ന ഹുവാസ്കർ രാജകുമാരനെ തലസ്ഥാനത്തേക്കു പോകുകയായിരുന്ന അദ്ദേഹത്തിന്റെ അർധസഹോദരനായ അറ്റാഹുവാൽപ തോൽപ്പിച്ചു തടവിലാക്കിയിരുന്നു.
ഉൾനഗരമായ കാഹമാർകയിലേക്കു കഷ്ടപ്പെട്ട് മാർച്ചുചെയ്തുവന്ന പിസാറൊയ്ക്കും അദ്ദേഹത്തിന്റെ ആളുകൾക്കും അധികാരം അപഹരിച്ചെടുത്തിരുന്ന അറ്റാഹുവാൽപ വമ്പിച്ച സ്വീകരണം നൽകി. എന്നാൽ, ചതിപ്രയോഗത്തിലൂടെ സ്പെയിൻകാർ അദ്ദേഹത്തെ പല്ലക്കിൽനിന്നു വലിച്ചിറക്കി ബന്ദിയാക്കുകയും ഇതെല്ലാം കണ്ട് അമ്പരന്നുനിന്നിരുന്ന അദ്ദേഹത്തിന്റെ സജ്ജരല്ലാത്ത ആയിരക്കണക്കിന് പട്ടാളക്കാരെ അരിഞ്ഞുവീഴ്ത്തുകയും ചെയ്തു.
ബന്ദിയായിരുന്നപ്പോഴും അറ്റാഹുവാൽപ ആഭ്യന്തരയുദ്ധം തുടർന്നു. തന്റെ അർധസഹോദരനായ ഇങ്ക ഹുവാസ്കറിനെയും രാജകുടുംബത്തിലെ നൂറുകണക്കിനാളുകളെയും കൊല്ലുന്നതിനായി അദ്ദേഹം കൂസ്കോയിലേക്ക് ദൂതൻമാരെ അയച്ചു. മനഃപൂർവമല്ലെങ്കിലും അദ്ദേഹം പിസാറൊയുടെ ജയിച്ചടക്കൽ ദൗത്യം എളുപ്പമാക്കിത്തീർത്തു.
സ്വർണത്തിനും വെള്ളിക്കുംവേണ്ടിയുള്ള സ്പെയിൻകാരുടെ അത്യാർത്തി മനസ്സിലാക്കിയ അറ്റാഹുവാൽപ തന്നെ വിടുവിക്കുന്നതിനുള്ള മോചനദ്രവ്യമായി ഒരു വലിയ മുറി നിറയെ സ്വർണംകൊണ്ടും വെള്ളികൊണ്ടുമുള്ള ചെറുപ്രതിമകൾ കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു. എന്നാൽ അതുകൊണ്ടു ഫലമുണ്ടായില്ല. പിന്നെയും ചതി രംഗപ്രവേശംചെയ്തു! വാഗ്ദാനംചെയ്ത മോചനദ്രവ്യം കൂനകൂട്ടിക്കഴിഞ്ഞപ്പോൾ സന്ന്യാസിമാർ വിഗ്രഹാരാധിയായി കണക്കാക്കിയ 13-ാമത്തെ ഇങ്കയായ അറ്റാഹുവാൽപയെ ആദ്യം ഒരു കത്തോലിക്കനായി സ്നാനപ്പെടുത്തുകയും പിന്നീട് കഴുത്തുഞെരിച്ചു കൊല്ലുകയും ചെയ്തു.
ഒടുക്കത്തിന്റെ തുടക്കം
അറ്റാഹുവാൽപയെ ബന്ദിയാക്കിയതും വധിച്ചതും ഇങ്കാ സാമ്രാജ്യത്തിന് ഒരു കനത്ത പ്രഹരം ഏൽപ്പിച്ചു. എന്നാൽ അമേരിക്കൻ ഇന്ത്യക്കാരായ ജനങ്ങൾ ആക്രമണകാരികളെ എതിർത്തുനിന്നു. സാമ്രാജ്യത്തിന്റെ മരണവേദന പിന്നെയും 40 വർഷത്തേക്കു നീണ്ടുനിന്നു.
പോഷകസേനകൾ എത്തിച്ചേർന്നപ്പോൾ പിസാറൊയും അദ്ദേഹത്തിന്റെ ഭടൻമാരും കൂടുതൽ ഇങ്കാ സ്വർണം കൈക്കലാക്കുന്നതിനായി കൂസ്കോയിലേക്കു നീങ്ങാൻ വെമ്പലുള്ളവരായിരുന്നു. സ്വർണത്തിനുവേണ്ടിയുള്ള ഈ പരക്കംപാച്ചിലിൽ, അമേരിക്കൻ ഇന്ത്യക്കാരിൽനിന്ന് നിക്ഷേപം സംബന്ധിച്ച രഹസ്യങ്ങൾ ചോർത്തിയെടുക്കുന്നതിനായി അവരെ ക്രൂരമായി പീഡിപ്പിക്കുന്നതിനോ തങ്ങളോട് എതിർക്കുന്ന ഏതൊരാളെയും ഭീഷണിപ്പെടുത്തി അടിച്ചമർത്തുന്നതിനോ സ്പെയിൻകാർ യാതൊരു മടിയും കാട്ടിയില്ല.
ഹുവാസ്കറിന്റെ സഹോദരനും അടുത്ത ഇങ്കയായി (മാങ്കോ ഇങ്ക യുപാൻക്വി) സ്ഥാനാരോഹണം ചെയ്യപ്പെടേണ്ടവനുമായ മാങ്കോ രണ്ടാമൻ രാജകുമാരനോടൊപ്പം പിസാറൊ കൂസ്കോയിലേക്ക് അതിക്രമിച്ചുകടക്കുകയും അവിടുത്തെ വമ്പിച്ച സ്വർണ നിക്ഷേപം മുഴുവനും കൊള്ളയിടുകയും ചെയ്തു. സ്വർണ പ്രതിമകൾ മിക്കതും ഉരുക്കി സ്പെയിനിലേക്കു കൊണ്ടുപോകുന്നതിനുള്ള സ്വർണക്കട്ടികളാക്കി. പെറുവിലെ സമൃദ്ധമായ നിക്ഷേപങ്ങൾ കൊണ്ടുപോകുന്ന സ്പാനിഷ് കപ്പലുകൾ പിടിച്ചെടുക്കാൻ ഇംഗ്ലീഷുകാരായ കടൽക്കൊള്ളക്കാർ വെമ്പലുള്ളവരായിരുന്നതിൽ അതിശയമില്ല! നിക്ഷേപങ്ങളുടെ വൻ ശേഖരവുമായി പിസാറൊ തീരത്തേക്കു നീങ്ങി. അവിടെ, 1535-ൽ അദ്ദേഹം ലിമ നഗരം സ്ഥാപിക്കുകയും അതിനെ തന്റെ ഗവൺമെൻറിന്റെ ആസ്ഥാനമാക്കുകയും ചെയ്തു.
ഇത്രയുമായപ്പോഴേക്കും തങ്ങളെ ആക്രമിച്ചു കീഴടക്കിയവരുടെ അത്യാർത്തിയും വഞ്ചനയുമൊക്കെ മുഴുവനായി മനസ്സിലാക്കിയ മാങ്കോ ഇങ്ക യുപാൻക്വി ഒരു വിപ്ലവം സംഘടിപ്പിച്ചു. മറ്റുള്ളവരും സ്പെയിൻകാരോടു മത്സരിച്ചു. എന്നാൽ, അവരെ തങ്ങളുടെ കഴിവിന്റെ പരമാവധി എതിർക്കുന്നതിന് അമേരിക്കൻ ഇന്ത്യക്കാർക്ക് ഒടുവിൽ വിദൂര സ്ഥലങ്ങളിലേക്കു പിൻവാങ്ങേണ്ടിവന്നു. പർവതങ്ങൾക്കിടയിൽ മറഞ്ഞിരിക്കുന്ന വിശുദ്ധ നഗരമായ മാച്ചൂ പിക്ചൂ ഈ അഭയ സങ്കേതങ്ങളിൽ ഒന്നായിരുന്നിരിക്കാം.
അവസാനത്തെ ഇങ്ക
ഒടുവിൽ മാങ്കോ ഇങ്ക യുപാൻക്വിയുടെ പുത്രനായ റ്റൂപാക് ആമാരൂ ഇങ്കയായിത്തീർന്നു (1572). അപ്പോൾ പെറുവിനെ ഭരിച്ചത് സ്പാനിഷ് വൈസ്രോയിമാരായിരുന്നു. വൈസ്രോയിയായ റ്റോലേദോയുടെ ലക്ഷ്യം ഇങ്കകളെ ഉന്മൂലനം ചെയ്യുക എന്നതായിരുന്നു. ഒരു വൻ സൈന്യവുമായി അദ്ദേഹം വിൽകാബാമ്പാ പ്രദേശത്തേക്കു കടന്നു. റ്റൂപാക് ആമാരൂവിനെ കാട്ടിൽവെച്ചു പിടിച്ചു. അദ്ദേഹത്തെയും ഗർഭിണിയായ ഭാര്യയെയും വധിക്കുന്നതിനായി കൂസ്കോയിലേക്കു കൊണ്ടുപോയി. ഒരു കാന്യാരി ഇന്ത്യക്കാരനാണ് റ്റൂപാക് ആമാരൂവിന്റെമേൽ കൊലക്കത്തി വീശിയത്. തങ്ങളുടെ ഇങ്കയുടെ ശിരസ്സ് ഒറ്റവെട്ടിന് ഛേദിക്കപ്പെട്ടപ്പോൾ ചത്വരത്തിൽ കൂടിനിന്നിരുന്ന ആയിരക്കണക്കിന് അമേരിക്കൻ ഇന്ത്യക്കാർ വാവിട്ടുകരഞ്ഞു. അദ്ദേഹത്തിന്റെ പടത്തലവന്മാരെ പീഡിപ്പിച്ചു കൊല്ലുകയോ തൂക്കിലേറ്റുകയോ ചെയ്തു. ഇങ്ങനെ ഇങ്കകളുടെ ഭരണത്തിന് ശീഘ്രഗതിയിൽ, ക്രൂരമായ വിധത്തിൽ പരിസമാപ്തി കുറിക്കപ്പെട്ടു.
നിയമിത വൈസ്രോയിമാർ, കത്തോലിക്കരായ അനേകം സന്ന്യാസിമാരോടും പുരോഹിതന്മാരോടുമൊപ്പം പതുക്കെപ്പതുക്കെ അമേരിക്കൻ ഇന്ത്യക്കാരുടെമേൽ നല്ലതും തീയതുമായ സ്വാധീനം ചെലുത്താൻ തുടങ്ങി. അമേരിക്കൻ ഇന്ത്യക്കാർക്ക് ദീർഘനാളുകളോളം വെറും അടിമകളുടെ സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ. പലരും സ്വർണ ഖനികളിലോ വെള്ളി ഖനികളിലോ ജോലിചെയ്യാൻ നിർബന്ധിതരായി. ബൊളീവിയയിലെ പോട്ടൊസിയിൽ സ്ഥിതിചെയ്യുന്ന ധാരാളം വെള്ളി അയിരുള്ള ഒരു പർവതമായിരുന്നു ഈ വെള്ളി ഖനികളിലൊന്ന്. ദ്രോഹത്തിനു പാത്രമായ അമേരിക്കൻ ഇന്ത്യക്കാർ ക്രൂര സാഹചര്യങ്ങളെ അതിജീവിക്കുന്നതിന് കോക്ക ഇലകളുടെ ഉത്തേജക ഫലത്തെ ആശ്രയിച്ചു. 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മാത്രമാണ് പെറുവിനും ബൊളീവിയയ്ക്കും സ്പെയിനിൽനിന്നു സ്വാതന്ത്ര്യം ലഭിച്ചത്.
ഇങ്കകളുടെ ആധുനിക പിൻഗാമികൾ
ആധുനിക നാളിലെ ഇങ്കാ വംശജരുടെ സ്ഥിതിയെന്താണ്? പെറുവിന്റെ തലസ്ഥാനനഗരിയായ ലിമ മറ്റനേകം ആധുനിക നഗരങ്ങളെപ്പോലെ ദശലക്ഷക്കണക്കിനു പൗരൻമാരെക്കൊണ്ടു തിങ്ങിനിറഞ്ഞിരിക്കുന്നു. എന്നാൽ പ്രവിശ്യകളിൽ ചിലയിടങ്ങളിൽ ഘടികാരം ഒരു നൂറ്റാണ്ടു മുമ്പ് നിലച്ചുപോയതുപോലെ തോന്നുന്നു. ഒറ്റപ്പെട്ട പല ഗ്രാമങ്ങളും ഇപ്പോഴും കത്തോലിക്കാ പുരോഹിതന്മാരുടെ നിയന്ത്രണത്തിലാണ്. ഗ്രാമചത്വരത്തിലെ കത്തോലിക്കാ പള്ളിയാണ് അമേരിക്കൻ ഇന്ത്യക്കാരനായ കർഷകന്റെ മുഖ്യ ആകർഷണം. ശോഭയാർന്ന വിധത്തിൽ വസ്ത്രം ധരിച്ച വിശുദ്ധന്മാരുടെ അനേകം പ്രതിമകൾ, ബഹുവർണ വിളക്കുകൾ, സുവർണ യാഗപീഠം, കത്തുന്ന മെഴുകുതിരികൾ, പുരോഹിതന്മാർ നടത്തുന്ന ഭക്തിനിർഭരമായ ചടങ്ങുകൾ എന്നിവയും, വിശിഷ്യ നൃത്തങ്ങളും പെരുന്നാളുകളും അവന് ആവേശം പകരുന്നു. എന്നാൽ നയനാകർഷകമായ അത്തരം സംഗതികൾ പുരാതന വിശ്വാസങ്ങളെ ഒരിക്കലും ഇല്ലാതാക്കിയിട്ടില്ല. നിഗൂഢ ശക്തിയുള്ളതായി കരുതപ്പെടുന്ന കോക്ക ഇലകളുടെ ഉപയോഗം ഇന്നും അനേകരുടെ ജീവിതത്തെ സ്വാധീനിക്കുന്നു.
അജയ്യ മനോഭാവമുള്ള ഈ ഇങ്കാ വംശജർ—ഇപ്പോൾ പലരും മിശ്രരക്തമുള്ളവരാണ്—വർണോജ്ജ്വലമായ നൃത്തങ്ങളും തനതായ വൈനോ സംഗീതവും നിലനിർത്തുന്നതിൽ വിജയിച്ചിരിക്കുന്നു. അപരിചിതരോട് തുടക്കത്തിൽ അത്ര അടുപ്പം കാണിക്കുകയില്ലെങ്കിലും പിന്നീട് അവരുടെ സഹജമായ ആതിഥേയത്വം പ്രകടമാകുന്നു. ഈ ഇങ്കാ സാമ്രാജ്യത്തിന്റെ പിൻഗാമികളെ വ്യക്തിപരമായി അറിയാവുന്നവർക്ക്, അതായത് അതിജീവനത്തിനുവേണ്ടി അവർ ദിവസവും അനുഭവിക്കുന്ന കഷ്ടപ്പാട് കാണുന്നവർക്കും അവരോട് വ്യക്തിപരമായ താത്പര്യവും ശ്രദ്ധയും പ്രകടിപ്പിക്കുന്നതിന് ശ്രമം ചെലുത്തുന്നവർക്കും അവരുടെ കഥ വാസ്തവത്തിൽ ഹൃദയഭേദകമാണ്!
വിദ്യാഭ്യാസം മാറ്റങ്ങൾ വരുത്തുന്നു
റ്റിറ്റിക്കാക്ക തടാകക്കരയിലെ സോക്കാ ഗ്രാമത്തിൽനിന്നുള്ള, ഐമരാ സംസാരിക്കുന്ന അമേരിക്കൻ ഇന്ത്യക്കാരുടെ പിൻഗാമിയായ വാലെൻറിൻ ആരിസാക്കാ ഉണരുക!യുമായുള്ള ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു: “ഞാൻ യഹോവയുടെ സാക്ഷികളിലൊരാളായിത്തീരുന്നതിനു മുമ്പ് കേവലമൊരു നാമധേയ കത്തോലിക്കനായിരുന്നു. എന്റെ ചില സുഹൃത്തുക്കളോടൊപ്പം ഞാൻ അനേകം പുറജാതീയ ആചാരങ്ങൾ അനുഷ്ഠിച്ചുപോന്നു. ഞാൻ കോക്ക ഇലകളും ചവയ്ക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ഞാനതെല്ലാം ഉപേക്ഷിച്ചിരിക്കുന്നു.”
ആപുസിനെ അപ്രീതിപ്പെടുത്താൻ 89 വയസ്സുകാരിയായ പെട്രോണിലാ മാമാനി സദാ ഭയപ്പെട്ടിരുന്നു. അതിനിടയാക്കിയ അനേകം അന്ധവിശ്വാസങ്ങളെക്കുറിച്ച് നന്നായി ഓർമിക്കുന്ന അവർ പറയുന്നു: “മലദൈവങ്ങളെ പ്രസാദിപ്പിക്കുന്നതിനും എന്റെ ഉപജീവനം ഉറപ്പുവരുത്തുന്നതിനുമായി ഞാൻ നിരന്തരം വഴിപാടുകൾ അർപ്പിച്ചിരുന്നു. അവയെ അപ്രീതിപ്പെടുത്തി അത്യാപത്തുകൾ വലിച്ചുവെക്കാൻ ഞാൻ ഒരുതരത്തിലും ആഗ്രഹിച്ചില്ല. ഇപ്പോൾ ഈ വയസ്സുകാലത്ത് കാര്യങ്ങളെ വ്യത്യസ്തമായി കാണാൻ ഞാൻ പഠിച്ചിരിക്കുന്നു. ബൈബിളിന്റെയും യഹോവയുടെ സാക്ഷികളുടെയും സഹായത്താൽ ഇപ്പോൾ ഞാൻ അത്തരം ചിന്താഗതികളിൽനിന്നു സ്വതന്ത്രയാണ്.”
യഹോവയുടെ സാക്ഷികൾ കെച്ച്വയും ഐമരായും സംസാരിക്കുന്ന അനേകം അമേരിക്കൻ ഇന്ത്യക്കാരെ വായന പഠിപ്പിക്കുന്നുണ്ട്. തുടർന്ന്, ഈ ആളുകൾ മറ്റുള്ളവരെ ബൈബിൾ പഠിപ്പിക്കുന്നു. ഈ വിധത്തിൽ ഇങ്കകളും സ്പെയിൻകാരുമായ ആയിരക്കണക്കിന് അമേരിക്കൻ ഇന്ത്യക്കാർക്ക് വിദ്യാഭ്യാസം ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇത് മെച്ചമായ ജീവിതം നയിക്കാൻ അവരെ സഹായിക്കുന്നു. കൂടാതെ, മുഴുഭൂമിയിലും ഉടൻതന്നെ സ്ഥാപിതമാകാൻ പോകുന്ന, ന്യായവും സമാധാനവും നീതിയും വസിക്കുന്ന ഒരു പുതിയലോകത്തെക്കുറിച്ചുള്ള ബൈബിളിലെ ദൈവത്തിന്റെ വാഗ്ദാനത്തെക്കുറിച്ചും അവർ പഠിച്ചുകൊണ്ടിരിക്കുകയാണ്.—2 പത്രൊസ് 3:13; വെളിപ്പാടു 21:1-5.
[അടിക്കുറിപ്പ്]
a “ഇങ്ക” എന്ന പദം ഇങ്കാ സാമ്രാജ്യത്തിലെ പരമോന്നത ഭരണാധികാരിയെയും സ്വദേശികളെയും പരാമർശിക്കുന്നു.
[15-ാം പേജിലെ ഭൂപടങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ഇങ്കകളുടെ സുവർണ സാമ്രാജ്യം
ചിലി
കരീബിയൻ കടൽ
കൊളംബിയ
ഇക്വഡോർ
പെറു
ലിമ
പാച്ചാകാമാക്
റ്റിറ്റിക്കാക്ക തടാകം
മാച്ചൂ പിക്ചൂ
കാഹമാർക
വിൽകാബാമ്പാ
പോട്ടൊസി
കൂസ്കോ
അർജൻറീന
ബൊളീവിയ
ഇങ്കാ സാമ്രാജ്യം
തെക്കേ അമേരിക്ക
പസഫി ക്ക് സമുദ്രം
ആൻഡീസ്
കൂസ്കോ
[16-ാം പേജിലെ ചിത്രം]
മുകളിൽ: ആദിമ സൂര്യക്ഷേത്രം കൂസ്കോയിലെ ഈ കത്തോലിക്കാ പള്ളിയുടെ അടിസ്ഥാനമായി വർത്തിക്കുന്നു
[16-ാം പേജിലെ ചിത്രം]
ഇടത്ത്: ചൂക്ക്വിറ്റോയിലെ ഒരു ക്ഷേത്രത്തിൽ കാണുന്ന, ഇങ്കാപൂർവ-കാലഘട്ടത്തിലെ പുരുഷലിംഗ പ്രതിമ
[16-ാം പേജിലെ ചിത്രം]
വലത്ത്: ഇങ്കകൾ യാഗമർപ്പിക്കുമ്പോൾ രക്തം ഈ ശിലാ കൊത്തുപണികളിലൂടെ ഒഴുകിയിരുന്നു
[17-ാം പേജിലെ ചിത്രം]
വലത്ത്: കൂസ്കോയ്ക്കു സമീപമുള്ള മാച്ചൂ പിക്ചൂവിലെ തട്ടുകളായിതിരിച്ച, ജലസേചന സൗകര്യങ്ങളുള്ള കൃഷിയിടങ്ങൾ
[17-ാം പേജിലെ ചിത്രം]
താഴെ: മാച്ചൂ പിക്ചൂവിലെ ഒരു പുരാതന വാതായനത്തിലൂടെയുള്ള ദൃശ്യം
[17-ാം പേജിലെ ചിത്രം]
താഴെ വലത്ത്: സാക്സാവാമാൻ കോട്ട-ക്ഷേത്രത്തിലെ 100 ടൺ വീതം ഭാരമുള്ള കല്ലുകൾ