മതത്തിന്റെ ഭാവി അതിന്റെ കഴിഞ്ഞ കാലത്തിന്റെ കാഴ്ചപ്പാടിൽ
ഭാഗം 3: പൊ. യു. മു. 1942-1513 ഈജിപ്ററ് ദൈവങ്ങളുടെ രണഭൂമി
“ഈജിപ്ററിൽ സകലത്തിന്റെയും അടിയിലും മുകളിലും മതമുണ്ടായിരുന്നു.” ഇരുപതാം നൂററാണ്ടിലെ ഗ്രന്ഥകാരനും ചരിത്രകാരനുമായ വിൽഡൂറൻറ്.
ഈജിപ്ററിലെ ആദ്യ കുടിപാർപ്പുകാർ നോഹയുടെ പുത്രനായ ഹാമിന്റെ സന്തതികളായിരുന്നു, നിമ്രോദിന്റെ അപ്പാപ്പനും ഹാമിന്റെ പുത്രനുമായിരുന്ന മിസ്രയീമിലൂടെയുള്ള സന്തതികളായിരിക്കാനാണ് കൂടുതൽ സാദ്ധ്യത. (ഉല്പത്തി 10:6-8) ബാബേലിലെ ഭാഷയുടെ കലക്കത്തിനുശേഷം പരാജിതരായ ഗോപുരനിർമ്മാതാക്കൾ ഒരു പുതിയ തുടക്കമിടാൻ ചിതറിപ്പോയി, അവർ തങ്ങളുടെ ബാബിലോന്യമതവും കൂടെക്കൊണ്ടുപോയി. ആ ഭഗ്നാശരായ പണിക്കാരിൽ ചിലർ ഈജിപ്ററ് എന്നറിയപ്പെട്ട പ്രദേശത്തു പാർപ്പുറപ്പിച്ചു.
നാഗരികതയുടെ കഥ എന്ന പുസ്തകത്തിൽ വിൽഡൂറൻറ് ഈജിപ്ഷ്യൻസംസ്ക്കാരത്തിന്റെ ചില പ്രത്യേകഘടകങ്ങൾ സുമേറിയായിൽനിന്നും ബാബിലോണിയായിൽനിന്നും ഉത്ഭവിച്ചതായി പറയുന്നു. അങ്ങനെ, ബാബിലോണിയായിലെ മതം ഈജിപ്ററിൻമേൽ ഒരു അഗാധമായ മുദ്ര പതിപ്പിച്ചു, ഈജിപ്ഷ്യൻജീവിതത്തിൽ മതം ഒരു പ്രമുഖ ഘടകമായിത്തീർന്നു. ദി ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ പറയുന്നു: “ഈജിപ്ഷ്യൻമതത്തെക്കുറിച്ചുള്ള ഒരു ഗ്രാഹ്യം കൂടാതെ ഈജിപ്ഷ്യൻസംസ്ക്കാരത്തെക്കുറിച്ചുള്ള ഒരു ഗ്രാഹ്യം അസാദ്ധ്യമായിരിക്കത്തക്കവണ്ണവും, മറിച്ചും സത്യമായിരിക്കത്തക്കവണ്ണവും, സാംസ്ക്കാരികവും സാമൂഹികവുമായ ജീവിതത്തിൽ മതാശയങ്ങൾ വളരെ ആഴത്തിൽ വ്യാപിച്ചിരുന്നു.”
പൊരുത്തമില്ലാത്തതും പൂർവാപരവിരുദ്ധവും
ഈജിപ്ററിലെ മതം ബഹുദൈവവിശ്വാസപരമായിരുന്നു. 500ൽപരം ദൈവങ്ങളായിരുന്നു അതിന്റെ സവിശേഷത. ഒരുപക്ഷേ, അതിന്റെ ഇരട്ടിയുണ്ടായിരുന്നു. “ഈജിപ്ററിലുടനീളം പൊതുവേ ഒരു പട്ടണത്തിലെയോ നഗരത്തിലെയോ ദൈവങ്ങളുടെ കൂട്ടം എണ്ണത്തിൽ മൂന്നായിരുന്നു” എന്ന് ഇജിപ്റേറാളജിസ്ററായ ഈ. എ. വാലിസ് ബഡ്ജ് പറയുന്നു. കാലക്രമത്തിൽ, ഒരു മുഖ്യത്രിത്വം വികാസംപ്രാപിച്ചു, പിതാവായ ഓസിറിസും മാതാവായ ഐസിസും കുട്ടിയായ ഹോറസും ചേർന്ന ഒരു വിശുദ്ധകുടുംബം തന്നെ.
ബഹുദൈവവിശ്വാസം പല ദൈവങ്ങൾ ‘സാക്ഷാൽ ദൈവം’ ആണെന്ന് അവകാശപ്പെടുന്നതിൽ കലാശിച്ചു. എന്നാൽ സ്പഷ്ടമായും ഒരു ദൈവത്തിൽ വിശ്വസിക്കുന്നതിലും അതേസമയം അവൻ ബഹുരൂപങ്ങളിൽ സ്ഥിതിചെയ്യുന്നതായി വീക്ഷിക്കുന്നതിലും യാതൊരു പ്രശ്നവും പുരോഹിതൻമാരും ദൈവശാസ്ത്രജ്ഞൻമാരും കണ്ടില്ല. ഇത് “ഈജിപ്ഷ്യൻമതത്തിന്റെ സ്വഭാവമായിരുന്ന ആ ഉല്ലാസപ്രദമായ പൊരുത്തക്കേടിന്റെ മറെറാരു ദൃഷ്ടാന്തം മാത്രമാണെ”ന്ന് ഗ്രന്ഥകാരനായ ബി. മെർട്സ് പ്രസ്താവിക്കുന്നു.
ദൈവങ്ങളുടെ ഗുണവിശേഷങ്ങളെയോ ദൈവങ്ങളെത്തന്നെയോ പ്രതിനിധാനംചെയ്യാൻ മൃഗങ്ങൾ മിക്കപ്പോഴും ഉപയോഗിക്കപ്പെട്ടിരുന്നു. എന്നാൽ ഈ മൃഗങ്ങൾ പ്രതീകങ്ങളിലും കവിഞ്ഞതായിരുന്നുവെന്നും “അവ നൻമയുടെയോ ദ്രോഹകരമായ ദിവ്യശക്തികളുടെയോ കേന്ദ്രസ്ഥാനമായിരുന്നതുകൊണ്ട്” ആരാധനായോഗ്യമായി പരിഗണിക്കപ്പെട്ടിരുന്നുവെന്നും ഫ്രഞ്ച് ഗ്രന്ഥകാരനായ ഫേർനാൻഡ് ഹാസൻ അവകാശപ്പെടുന്നു. അങ്ങനെ, റിപ്പോർട്ടനുസരിച്ച് ഒരു റോമാപൗരൻ ഒരു പൂച്ചയെ കൊന്നതിന് വിചാരണകൂടാതെ കൊല്ലപ്പെട്ടതും പട്ടികളുടെയും പൂച്ചകളുടെയും മുതലകളുടെയും കഴുകൻമാരുടെയും കാളകളുടെയും മമ്മികളാക്കപ്പെട്ട ഉടലുകൾ ഈജിപ്ഷ്യൻ ശവക്കല്ലറകളിൽ കാണപ്പെട്ടതും അതിശയമല്ല.
കർമ്മങ്ങൾ, നിഗൂഢപൂജകൾ, മാന്ത്രികാചാരങ്ങൾ എന്നിവ ഈജിപ്ഷ്യൻമതത്തിൽ ആഴത്തിൽ വേരൂന്നിയിരുന്നു. മതപരമായ പ്രതിമകളുടെയും ജീവന്റെ പ്രതീകമായ കുരിശുപോലെയുള്ള പ്രതീകങ്ങളുടെയും ഉപയോഗവും അങ്ങനെതന്നെയായിരുന്നു. “വ്യക്തിപരമായ വിശ്വാസത്തിന് (അതായത് വ്യക്തിപരമായ ഭക്തി) ഒരിക്കലും പ്രഥമപ്രാധാന്യമില്ലാതിരിക്കത്തക്കവണ്ണം” പ്രതിമകൾക്കും പ്രതീകങ്ങൾക്കും വളരെ പ്രാമുഖ്യത കൊടുക്കപ്പെട്ടുവെന്ന് ദി ന്യൂ എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്കാ പറയുന്നു. പ്രതിമകളുടെ ഇടയിൽ “മടിയിൽ കുട്ടിയായ ഹോറസിനെ വെച്ചിരിക്കുന്ന ഐസിസിന്റെ പ്രതിമ, ഒരുപക്ഷേ കുട്ടിയോടുകൂടിയ മഡോണായുടെ പൂർവരൂപം, ഏററം ശ്രദ്ധാർഹമാണ്” എന്ന് അത് കൂട്ടിച്ചേർക്കുന്നു.
ഈജിപ്ററുകാർ മരണാനന്തരജീവിതത്തിൽ വിശ്വസിച്ചിരുന്നു. അവർ തങ്ങളുടെ മരിച്ചവരെ മമ്മികളാക്കുകയും മരിച്ച ഫറവോൻമാരുടെ ശരീരങ്ങളെ ഗംഭീരങ്ങളായ പിരമിഡുകളിൽ സൂക്ഷിക്കുകയും ചെയ്തിരുന്നു. ഒരു ഗ്രന്ഥകാരൻ പ്രസ്താവിച്ചതുപോലെ, പുരാതന ശവക്കുഴികൾ “സൗന്ദര്യവർദ്ധക തട്ടങ്ങൾ, മണികൾ, ഒരിക്കൽ ഭക്ഷണപാനീയങ്ങൾ അടങ്ങിയിരുന്ന പാത്രങ്ങൾ എന്നിവപോലെ ദൈന്യത തോന്നിപ്പിക്കുന്നതെങ്കിലും ഗണനാർഹമായ ദുരഭിമാനവസ്തുക്കൾ” പുറത്തുകൊണ്ടുവന്നിട്ടുണ്ട്.
നാശത്തിലേക്കുള്ള ഒരു കൗണ്ടഡൗണിൽ പത്തു പ്രഹരങ്ങൾ
ക്രി. മു. 1728-ൽ ഈജിപ്ററിനും അതിന്റെ മതത്തിനും ഘോരപരിണതഫലങ്ങൾ കൈവരുത്തിയ ചിലതു സംഭവിച്ചു. അബ്രഹാം എന്നു വിളിക്കപ്പെട്ട ഒരു മനുഷ്യൻ ഈജിപ്ററ് സന്ദർശിച്ചശേഷം അയാളുടെ സന്തതികൾ ഒരു ഗുരുതരമായ ക്ഷാമത്തിന്റെ കെടുതികളിൽനിന്ന് രക്ഷപെടാൻ അങ്ങോട്ടു മാറിപ്പാർത്തു. (ഉല്പത്തി 12:10; 46:6, 7) ഇസ്രായേല്യരെന്നറിയപ്പെട്ട അവർ 215 വർഷം അവിടെ കഴിഞ്ഞു. ഇത് ദൈവങ്ങൾതമ്മിലുള്ള ഒരു യുദ്ധത്തിന് കളമൊരുക്കി. ഈജിപ്ഷ്യൻ ദൈവങ്ങളുടെ ഒരു സമൂഹം ഒരു വശത്തും ഏക ഇസ്രയേല്യദൈവമായ യഹോവ മറുവശത്തും. അവനെ ആരാധിക്കാൻ ഈജിപ്ററ് വിട്ടുപോകാൻ ഇസ്രായേല്യർ അനുവാദംചോദിച്ചപ്പോൾ കാര്യങ്ങൾ പെട്ടെന്ന് ഗുരുതരമായി.
ഈജിപ്ററിലെ ഭരണാധികാരിയായിരുന്ന ഫറവോൻa അവരുടെ അപേക്ഷ തള്ളി. “മഹാഭവനം” എന്നതിനുള്ള ഈജിപ്ഷ്യൻ പദത്തിൽനിന്നുൽഭവിച്ച ഒരു സ്ഥാനപ്പേരായിരുന്നു ഫറവോൻ. യഹോവ അപ്പോൾ തന്റെ ജനത്തിനുവേണ്ടി അത്ഭുതകരമായ ഒരു വിധത്തിൽ തന്റെ ശക്തി പ്രയോഗിക്കാനുള്ള തന്റെ ഉദ്ദേശ്യം വെളിവാക്കി. (പുറപ്പാട് 7:1-6; 9:13-16) ഈജിപ്ററിൻമേൽ പത്തു പ്രഹരങ്ങളുടെ ഒരു പരമ്പര വരുത്തിയതിനാൽ അവൻ ഒരു മുഖാമുഖമായ ഏററുമുട്ടലിൽ അതിലെ ദൈവങ്ങളെ വെല്ലുവിളിച്ചു.—പുറപ്പാട് 12:12.
ഒന്നാമത്തെ പ്രഹരം ഈജിപ്ററിന്റെ ജീവധാരയായിരുന്ന നൈൽനദിയെ രക്തമാക്കിമാററുകയും അതിലെ മത്സ്യങ്ങളെ കൊല്ലുകയും കുടിവെള്ളത്തിനായി കിണറുകൾ കുഴിക്കാൻ ഈജിപ്ററുകാരെ നിർബന്ധിതരാക്കുകയും ചെയ്തു. (പുറപ്പാട് 7:19-24) നൈൽദൈവമായിരുന്ന ഹാപിക്ക് എന്തൊരപമാനം!
തവള ഫലപുഷ്ടിയുടെ ഒരു പ്രതീകമായിരുന്നു, “തവള-ദൈവവും തവള-ദേവിയും ലോകസൃഷ്ടിയിൽ വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ചതായി വിശ്വസിക്കപ്പെടുന്നു”വെന്ന് ഈജിപററുകാരുടെ ദൈവങ്ങൾ എന്ന പുസ്തകം നമ്മോടു പറയുന്നു. അങ്ങനെ തവളകളുടെ ബാധകൾ ഓസിറിസ്, ററാഹ്, സേബക്ക് എന്നിങ്ങനെയുള്ള ഫലപുഷ്ടി ദേവതകളെ ബുദ്ധിമുട്ടിപ്പിച്ചതിനുപുറമേ ഈജിപ്ഷ്യൻ സൃഷ്ടിദൈവങ്ങളുടെയും തലകുനിയിച്ചു.—പുറപ്പാട് 8:1-6.
മന്ത്രവാദികളായിരുന്ന ഈജിപ്ഷ്യൻ പുരോഹിതൻമാർക്ക് ആദ്യത്തെ രണ്ട് ബാധകളാവർത്തിക്കാൻ കഴിഞ്ഞതുപോലെ മൂന്നാമത്തേത് ആവർത്തിക്കാൻ കഴിഞ്ഞില്ല. (പുറപ്പാട് 8:16-18) മന്ത്രവിദ്യയുടെ ദൈവമായ തോത്തിന് തന്റെ മന്ത്ര സ്പർശനം നഷ്ടപ്പെട്ടു. ഭൂമിദേവനായ ഗേബിന് “ഭൂമിയിലെ പൊടിയെ” ക്ഷുദ്രജീവികളായ പേനുകളാക്കി മാററാൻ കഴിഞ്ഞില്ല.
നാലാമത്തെ ബാധ മുതൽ, ലോവർ ഈജിപ്ററിലെ ഇസ്രയേല്യസമുദായത്തിന്റെ സ്ഥാനമായിരുന്ന ഗോശെനും ദേശത്തിന്റെ ശേഷിച്ച ഭാഗവും തമ്മിൽ ഒരു വേർതിരിവുവെച്ചു. ഗോശെനെ നായീച്ചബാധ സ്പർശിക്കാതിരിക്കെ ഈജിപ്ററിന്റെ മററു ഭാഗങ്ങൾ നശിപ്പിക്കപ്പെട്ടു. (പുറപ്പാട് 8:20-24) ഒരു രക്ഷകദൈവമായ ബൂട്ടോയും ഹോറസ്ദൈവവും അവർക്കുത്തരവാദിത്വമുണ്ടായിരുന്ന ദേശത്തിന്റെ ഭാഗത്തെ—ലോവർ ഈജിപ്ററിലെ—സംഭവങ്ങളെ മേലാൽ നിയന്ത്രിക്കാൻ വ്യക്തമായും അപ്രാപ്തരായിരുന്നു.
ഹാതോർ പശുവിന്റെ തലയുള്ള ഒരു ദൈവമായിരുന്നു. ആകാശദൈവമായിരുന്ന നട്ടും ഒരു പശുവായി ചിത്രീകരിക്കപ്പെട്ടിരുന്നു. പകർച്ചവ്യാധി “സകലതരം . . .കന്നുകാലികളും ചാകാനിട”യാക്കിപ്പോൾ അത് ഇരുവർക്കും എന്തോരപമാനമായിരുന്നു!—പുറപ്പാട് 9:6.
തോത്തിന് “രോഗികളെ സൗഖ്യമാക്കാൻ ആവശ്യമായ സകല മാന്ത്രികഫോർമുലായും” അറിയാമായിരുന്നുവെന്ന് പറയപ്പെടുന്നു. ആമോൻ-റാ “തിൻമകളെ വിലയിപ്പിക്കുന്നവനും വ്യാധികളെ നിവാരണംചെയ്യുന്നവനുമായ” ഒരു ഭിഷഗ്വരനായിരുന്നുവെന്ന് ആ ദൈവത്തിന്റെ ബഹുമാനാർത്ഥം എഴുതപ്പെട്ട ഒരു കവിതയുടെ 70-ാം ശ്ലോകം പറയുന്നു. എന്നാൽ ഈ രണ്ട് പൊട്ടുവൈദ്യൻമാർക്കും ആറാം ബാധയിൽ “മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ കുരുക്കളും പരുക്കളും പൊട്ടിപ്പുറപ്പെടു”ന്നതിൽനിന്ന് തടയാൻ കഴിഞ്ഞില്ല, “മന്ത്രം പ്രയോഗിക്കുന്നവരായ പുരോഹിതൻമാരുടെ”മേൽ പോലും—പുറപ്പാട് 9:10, 11.
ഷു, റെഷ്പു, റെറഫ്നട്ട് എന്നീ ദൈവങ്ങൾ കാലാവസ്ഥയെ നിയന്ത്രിക്കാൻ സഹായിച്ചു. എന്നാൽ ഏഴാം ബാധയിൽ മനുഷ്യനെയും മൃഗത്തെയും സസ്യങ്ങളെയും പ്രഹരിച്ചതും “വയലിലെ വൃക്ഷങ്ങളെയെല്ലാം തകർത്തതു”മായ ഇടിമിന്നലുകളെയും കൻമഴയെയും തടയാൻ അവർക്ക് ഇക്കാലത്തെ കാലാവസ്ഥാപ്രവാചകൻമാരെക്കാളധികം കഴിഞ്ഞില്ല. (പുറപ്പാട് 9:25) കൻമഴയാൽ നശിക്കാഞ്ഞവ എട്ടാം ബാധയിലെ വെട്ടുക്കിളികൾ തിന്നുതീർത്തു. (പുറപ്പാട് 10:12-15) തന്റെ വലങ്കൈയിൽ ഒരു അശനിപാതമേന്തിയ കൊയ്ത്തുദേവനായ മിന്നിന് എന്തൊരു പരാജയമായിരുന്നു, സങ്കൽപ്പമനുസരിച്ച് അവൻ ഇടിയെയും മിന്നലിനെയും നിയന്ത്രിച്ചിരുന്നു! ഈ രണ്ടു ബാധകളും പ്രഹരിച്ചപ്പോൾ രണ്ടും അയാളുടെ പിടിയിൽനിന്ന് വഴുതിപ്പോയി.
“ഈജിപ്ററുദേശത്തെല്ലാം മൂന്നു ദിവസം ഒരു മങ്ങിയ ഇരുട്ട് വീഴാൻതുടങ്ങി,” ഒമ്പതാം ബാധ. (പുറപ്പാട് 10:21, 22) സൂര്യദേവനായ റായുടെയും സൂര്യബിംബം വഹിച്ചിരുന്ന ദൈവമായിരുന്ന സേഖ്മേററിന്റെയും ചാന്ദ്രദൈവമായ തോത്തിന്റെയും വെളിച്ചങ്ങൾ അക്ഷരീയമായി കെട്ടുപോയി.
ഫറവോന്റെ “മഹാഭവനം” ഉൾപ്പെടെ “മരിക്കാതെ ഒരാളെങ്കിലുമുള്ള ഒരു വീടും ശേഷിക്കാതെ” ഈജിപ്ററിലെ ആദ്യജാതൻമാർ പെട്ടെന്ന് മരിച്ചുവീണപ്പോൾ എന്തോരു മുറവിളിയാണുണ്ടായത്! (പുറപ്പാട് 12:29, 30) ഫറവോൻ സൂര്യദേവനായ റായുടെ ഒരു സന്തതിയാണെന്ന് സങ്കൽപ്പിക്കപ്പെട്ടിരുന്നതിനാൽ അവന്റെ ആദ്യജാതന്റെ അപ്രതീക്ഷിത മരണം ഒരു ദൈവത്തിന്റെ മരണത്തിനു തുല്യമായിരുന്നു. രാജകുടുംബത്തിന്റെ സംരക്ഷകനായിരുന്ന ബേസിനും രാജാവിന്റെ രക്ഷകനായിരുന്ന ബൂട്ടോയിക്കും എന്തോരു ഞെട്ടിക്കുന്ന പ്രഹരം!
ഒരിക്കലല്ല ഏഴു പ്രാവശ്യം അപമാനിതരും താഴ്ത്തപ്പെട്ടവരുമായി പ്രതികാരജ്വരത്തോടെ ഫറവോനും അവന്റെ സൈന്യങ്ങളും വിട്ടുപോയ ഇസ്രായേല്യരുടെ പിന്നാലെ ഭ്രാന്തമായി പാഞ്ഞു. (പുറപ്പാട് 12:37, 41, 51; 14:8) അധികം അറിയപ്പെടാത്ത ഫറവോനായിരുന്ന നി-മാററ്-റേയുടെ ബഹുമാനാർത്ഥം ഒരു പുരാതന കവിത ഇങ്ങനെ പ്രശംസിച്ചു: “അവന്റെ നാമത്തിനുവേണ്ടി പോരാടുക . . . രാജാവിനെതിരെ മത്സരിക്കുന്നവന് കല്ലറയില്ല, അവന്റെ ശവം വെള്ളത്തിലെറിയപ്പെടുന്നു.” എന്നാൽ നാശത്തിലേക്കുള്ള ഒരു ദിവ്യ കൗണ്ട്ഡൗൺ അനുഭവിച്ചിരുന്ന ഫറവോനെസംബന്ധിച്ചാണെങ്കിൽ അവന്റെതന്നെ ശവമാണ് വെള്ളത്തിൽ അടിഞ്ഞത്. ഒരു സംശോധകഗ്രന്ഥം വിളിക്കുന്നപ്രകാരം “ഇവിടെ ഭൂമിയിലെ ഹോറസ് ദൈവത്തിന്റെ അവതാരവും സൂര്യദേവനായ റേയുടെ [റാ] പുത്രനായ ആററുമിന്റെ രാജത്വത്തിന്റെ അവകാശിയുമായ ഫറവോൻ” ആരുടെ പ്രതാപത്തിനെതിരെ മത്സരിച്ചോ ആ ഇസ്രയേല്യദൈവത്തിന്റെ കൈയാൽ ചെങ്കടലിൽ നശിച്ചു.—പുറപ്പാട് 14:19-28; സങ്കീർത്തനം 136:15.
ഇത യഥാർത്ഥത്തിൽ സംഭവിച്ചോ?
പുറപ്പാടിലെ വിവരണത്തിൽ “ഐതിഹ്യഘടകങ്ങൾ” അടങ്ങിയിരിക്കുന്നതായി അവകാശപ്പെടുന്നുവെങ്കിലും “ഐതിഹ്യങ്ങൾക്കു പിന്നിൽ വസ്തുതയുടെ ഒരു ദൃഢമായ കാതൽ ഉണ്ടെന്ന് ഏതൽക്കാല പണ്ഡിതൻമാർ വിശ്വസിക്കാൻ പ്രവണതകാട്ടുന്നു”വെന്ന് ദി ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ സമ്മതിക്കുന്നത് പ്രാധാന്യമർഹിക്കുന്നു. രാജാക്കൻമാരുടെ പട്ടികയിൽനിന്ന് ഈജിപ്ഷ്യൻരാജകുടുംബങ്ങളുടെ തീയതികൾ നിശ്ചയിക്കുന്നതിന്റെ പ്രയാസത്തെക്കുറിച്ച് പറയുമ്പോൾ ബ്രിട്ടാനിക്കാ ഇങ്ങനെ പ്രസ്താവിക്കുന്നു: “ചരിത്രരേഖകൾ എന്ന നിലയിലുള്ള ഈ പട്ടികകളുടെ ദൗർബല്യം അവയിൽ ബഹുമാനയോഗ്യരെന്നു കരുതപ്പെട്ടവരുടെ പേരുകളേ ഉള്ളുവെന്നതാണ്; എളിയവരായ അനേകരും ജനപ്രീതിയില്ലാഞ്ഞ ചില ഭരണാധിപൻമാരും മുഴുവനായി അവഗണിക്കപ്പെട്ടിരിക്കുന്നു—രേഖയിൽനിന്ന് നീക്കംചെയ്യപ്പെട്ടിരിക്കുന്നു.”
ഇങ്ങനെയുള്ള ചരിത്രപരമായ കൃത്യതയില്ലായ്മയുടെയും വസ്തുതകളുടെ വളച്ചൊടിക്കലിന്റെയും വീക്ഷണത്തിൽ ഈജിപ്ററിന്റെയും അവളുടെ വ്യാജദൈവങ്ങളുടെയും വിനാശകരമായ പരാജയം കേവലം “നീക്കംചെയ്യപ്പെട്ടത്” ആശ്ചര്യമാണോ? ചരിത്രം രേഖപ്പെടുത്തിയവർ പുരോഹിതൻമാരുടെ രക്ഷാധികാരത്തിൻകീഴിലാണ് അങ്ങനെ ചെയ്തതെന്നോർക്കുമ്പോൾ ഇത് സ്പഷ്ടമായിത്തീരുന്നു. അവരുടെ മുഖ്യതാല്പര്യം അവരുടെ സ്ഥാനം നിലനിർത്തുകയും തങ്ങളുടെ ദൈവങ്ങളുടെ മഹത്വത്തെ ഉയർത്തിപ്പിടിക്കുകയും ചെയ്യുകയെന്നതായിരുന്നുവെന്ന് സ്പഷ്ടമാണ്.
ആ പുരാതനസംഭവങ്ങളുടെ വീക്ഷണത്തിൽ, ഈജിപ്ററിലെ മതത്തിന്റെ ആധുനിക മറുഘടകങ്ങളെ പിന്താങ്ങുന്ന യാതൊരുവനും ഭാവി ശുഭോദർക്കമല്ല. ദൈവങ്ങൾതമ്മിലുള്ള യുദ്ധത്തിൽനിന്ന് പൊള്ളലേൽക്കാതെ രക്ഷപെട്ടത് സത്യമതം ആചരിച്ചവർമാത്രമായിരുന്നു—ഇസ്രായേല്യരും അവരുടെ കുറെ ഈജിപ്ഷ്യൻകൂട്ടുകാരും മാത്രം. ഇപ്പോൾ അവർക്കുവേണ്ടി “മറെറല്ലാററിൽനിന്നും വ്യത്യസ്തമായി വേർതിരിക്കപ്പെട്ടിരുന്ന ജനത”ക്കുവേണ്ടി, വലിയ കാര്യങ്ങൾ കരുതിവെക്കപ്പെട്ടിരുന്നു. ഈ പരമ്പരയിലെ 4-ാം ഭാഗത്തിൽ അതിനെക്കുറിച്ച് വായിക്കുക. (g89 2/8)
[അടിക്കുറിപ്പുകൾ]
a ഈ കാലത്ത് ഭരിച്ച ഫറവോനെ സുനിശ്ചിതമായി തിരിച്ചറിയിക്കുക അസാധ്യമാണ്. ഈജിപ്ഷ്യൻ വിജ്ഞാനികൾ അത് മററുള്ളവരുടെ കൂട്ടത്തിൽ തുത്ത്മോസ് III-ഓ അമനോററപ് II-ഓ രംസസ് II-ഓ ആയിരിക്കാമെന്ന് സൂചിപ്പിച്ചിട്ടുണ്ട്.
[13-ാം പേജിലെ ചതുരം]
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
ഇസ്രയേല്യർ ഈജിപ്ററിലായിരുന്ന കാലത്ത്, സത്യമതം ആചരിച്ചിരുന്നത് ഇസ്രയേല്യർ മാത്രമായിരുന്നുവോ?
അല്ലായിരുന്നു, എന്തുകൊണ്ടെന്നാൽ ഇപ്പോൾ അറേബ്യയിലായിരിക്കുന്ന അയൽദേശമായ ഊസിൽ “ദൈവത്തെ ഭയപ്പെടുന്നവനും നിഷ്ക്കളങ്കനും വഷളത്വംവിട്ടകലുന്നവനുമായ ഒരു മനുഷ്യൻ” ജീവിച്ചിരുന്നു. അയാളുടെ പേർ ഇയ്യോബ് എന്നായിരുന്നു. അയാൾ ഒരുപക്ഷേ ക്രി.മു. 1657ലെ യോസഫിന്റെ മരണത്തിനും യഹോവയുടെ വിശ്വസ്തദാസനായിരുന്ന മോശയെ എഴുന്നേല്പിക്കുന്നതിനുമിടക്കുള്ള കാലത്ത് നിർമ്മലതയുടെ കഠിനപരിശോധനക്കു വിധേയമായി.—ഇയ്യോബ് 1:8.
[14-ാം പേജിലെ ചിത്രം]
ഫറവോൻമാർ ദൈവങ്ങളുടെ അവതാരങ്ങളായി കരുതപ്പെട്ടിരുന്നു
[കടപ്പാട്]
Courtesy of Superintendence of Museo Egizio
[15-ാം പേജിലെ ചിത്രം]
ചില പിരമിഡുകൾ ഫറവോൻമാരുടെ ആർഭാടമായ ശവകുടീരങ്ങളായിരുന്നു