കൂട്ടക്കൊല—ദൈവം അതനുവദിച്ചതെന്തുകൊണ്ട്?
കൂട്ടക്കൊലക്ക് അനേകരുടെ വിശ്വാസത്തെ തകർക്കുന്ന ഒരു ഫലമുണ്ടായിരുന്നിട്ടുണ്ട്. ഒരു ദൈവമുണ്ടെങ്കിൽ, അവൻ അതനുവദിച്ചതെന്തുകൊണ്ട് എന്ന് യഹൂദൻമാരും യഹൂദേതരരും ചോദിക്കുന്നു. അത് ‘മനുഷ്യനോടുള്ള മമനുഷ്യന്റെ മനുഷ്യത്വമില്ലായ്മ നിമിത്തമാണെന്ന്’ പറഞ്ഞാൽമതിയോ? “സംസ്ക്കാരമുള്ള” പശ്ചാത്തലങ്ങളിൽനിന്നുള്ള സ്ത്രീപുരുഷൻമാർക്ക് രാഷ്ട്രത്താൽ അംഗീകരിക്കപ്പെടുന്ന കൊലപാതകത്തിലും വംശനാശത്തിലും സജീവമായി ഏർപ്പെടാനോ അതിനുനേരെ കണ്ണടക്കാനോ അതു പഠിപ്പിക്കാനോ പൊറുക്കാനോ എങ്ങനെ കഴിയുമെന്നു വിശദമാക്കുന്ന മററു ഘടകങ്ങളുണ്ടോ?
ഐക്യനാടുകളിലെ യഹൂദ യാഥാസ്ഥിതിക സമുദായം അടുത്തകാലത്ത് “യാഥാസ്ഥിതിക യഹൂദവിശ്വാസത്തിന്റെ ഒരു തത്ത്വപ്രസ്താവന” പ്രസിദ്ധപ്പെടുത്തി. അതിൽ അവർ ഇങ്ങനെ പ്രസ്താവിച്ചു: “തിൻമയുടെ അസ്തിത്വം എല്ലായ്പ്പോഴും വിശ്വാസത്തിന്റെ ഏററം ഗുരുതരമായ പ്രതിബന്ധം ഉളവാക്കിയിട്ടുണ്ട്. ആഷ്വിററ്സിനാലും ഹിറോഷിമായാലും പ്രതിനിധാനംചെയ്യപ്പെടുന്ന ഭീകരതയുടെ വൈപുല്യം പരിഗണിക്കുമ്പോൾ ഈ വിഷമസ്ഥിതി നമ്മുടെ തലമുറയിൽ ഒരു പുതിയ ഭയങ്കര യാഥാർത്ഥ്യമായിത്തീർന്നിട്ടുണ്ട്. നീതിമാനും ശക്തനുമായ ഒരു ദൈവത്തിന് ഇത്രയധികം നിർദ്ദോഷജീവന് നിർമ്മൂലനാശം വരുത്താൻ എങ്ങനെ അനുവദിക്കാൻ കഴിയുമെന്നുള്ള ചോദ്യം മതമനഃസാക്ഷിയെ അലട്ടുകയും ഭാവനയെ അമ്പരിപ്പിക്കുകയും ചെയ്യുന്നു.”
ദശലക്ഷക്കണക്കിനു മററുള്ളവരോടൊപ്പം യഹോവയുടെ സാക്ഷികൾക്കും ആ ചോദ്യത്തിൽ താല്പര്യമുണ്ടായിട്ടുണ്ട്. അതു മനസ്സിലാക്കാൻ കഴിയും. എന്തുകൊണ്ടെന്നാൽ തങ്ങളുടെ സഹവിശ്വാസികളിലനേകർ നാസി തടങ്കൽപാളയങ്ങളിൽ ഒടുങ്ങിപ്പോയി. അപ്പോൾ ദൈവം തിൻമയെ അനുവദിച്ചിരിക്കുന്നതെന്തുകൊണ്ട്?
ഇച്ഛാസ്വാതന്ത്ര്യവും വിവാദപ്രശനവും
മേൽപ്രസ്താവിച്ച യഹൂദപ്രസിദ്ധീകരണം ഈ ചോദ്യത്തിന് ഭാഗികമായ ഒരു ഉത്തരം പറയുന്നു: “മനുഷ്യരെ ഇച്ഛാസ്വാതന്ത്ര്യത്തോടെ സൃഷ്ടിച്ചതിനാൽ ദൈവം തന്റെ സ്വന്തം ഭാവി പ്രവർത്തനപരിധിയെ പരിമിതപ്പെടുത്തി. ആളുകൾ നൻമയെയും തിൻമയെയും അഭിമുഖീകരിക്കുമ്പോൾ അവർ തെററായ തെരഞ്ഞെടുപ്പു നടത്താനുള്ള യഥാർത്ഥ സാധ്യതയില്ലെങ്കിൽ തെരഞ്ഞെടുപ്പിന്റെ മുഴുസങ്കല്പനവും അർത്ഥശൂന്യമാണ്. മനുഷ്യവർഗ്ഗത്തിന് ഇച്ഛാസ്വാതന്ത്ര്യം കൊടുത്തത് ദിവ്യസ്നേഹത്തിന്റെ ഒരു പ്രവർത്തനമായി കാണാൻ കഴിയും, അത് നമ്മുടെ സ്വന്തം നിർമ്മലതക്കും വളർച്ചക്കും അനുവദിക്കുന്നു, നമ്മുടെ തീരുമാനങ്ങൾക്ക് വലിയ സങ്കടവും വരുത്തിക്കൂട്ടാൻ കഴിയുമെങ്കിൽപോലും.”
ഈ അഭിപ്രായം എബ്രായ തിരുവെഴുത്തിലെ രേഖയോടു യോജിക്കുന്നു. ദൈവത്തോട് അനുസരണക്കേടു കാണിക്കാനുള്ള ആദാമിന്റെയും ഹവ്വായുടെയും തെരഞ്ഞെടുപ്പായിരുന്നാലും (ഉല്പത്തി 3:1-7) തന്റെ സഹോദരനായിരുന്ന ഹാബേലിനെ കൊല്ലാനുള്ള കയീന്റെ തെരഞ്ഞെടുപ്പായിരുന്നാലും ആരംഭംമുതൽതന്നെ മനുഷ്യവർഗ്ഗത്തിന് തെരഞ്ഞെടുപ്പുസ്വാതന്ത്ര്യം ഉണ്ടായിരുന്നിട്ടുണ്ട്. (ഉല്പത്തി 4:2-10) പഴയ കാലത്തെ ഇസ്രയേല്യരുടെ മുമ്പാകെയും യഹോവ ഒരു തെരഞ്ഞെടുപ്പു വച്ചിരുന്നു: “കാൺമിൻ, ഇന്നു ഞാൻ നിങ്ങളുടെ മുമ്പാകെ ജീവനും നൻമയും മരണവും തിൻമയും വെക്കുകതന്നെ ചെയ്യുന്നു. . . . നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്, നിങ്ങൾ, നിങ്ങളും നിങ്ങളുടെ സന്തതിയുംതന്നെ, ജീവനെ തെരഞ്ഞെടുക്കേണ്ടതാണ്.”—ആവർത്തനം 30:15, 19.
എന്നാൽ യഹൂദപ്രസ്താവന അവഗണിക്കുന്ന ഒരു ജീവൽപ്രധാനമായ വസ്തുതയുണ്ട്. ദൈവത്തിനെതിരായി മത്സരിക്കുകയും പിന്നീട് വിശ്വസ്തനായ ഇയ്യോബിന് കഷ്ടപ്പാടുകൾ വരുത്തിക്കൂട്ടുകയും ചെയ്തവർ ഇപ്പോഴും പ്രവർത്തനനിരതരായി മനുഷ്യരുടെ ഹൃദയങ്ങളെ പൈശാചിക തെരഞ്ഞെടുപ്പുകൾകൊണ്ട് വഴിപിഴപ്പിക്കുന്നുണ്ട്. അവ ചില കേസുകളിൽ തടങ്കൽപാളയങ്ങളിലേക്കും ദണ്ഡനത്തിലേക്കും കൂട്ടക്കൊലപാതകത്തിലേക്കും നയിച്ചിട്ടുണ്ട്. അവനെ ഇയ്യോബിന്റെ പുസ്തകത്തിൽ മത്സരിയായ ഒരു ദൂത ദൈവപുത്രനായി തിരിച്ചറിയിച്ചിരിക്കുന്നു, മത്സരിയായ സാത്താൻതന്നെ.—ഇയ്യോബ് 1:6; 2:1, 2.
സാത്താന്റെ സ്വാധീനവും അവൻ വാഗ്ദാനംചെയ്യുന്ന തെരഞ്ഞെടുപ്പുകളും ഇന്നത്തെ ലോകത്തിൽ പ്രബലപ്പെട്ടിരിക്കുന്നു, അവ അക്രമത്തിലേക്കും ജീവനോടും മൂല്യങ്ങളോടുമുള്ള അവജ്ഞയിലേക്കും നയിക്കുന്നു. രാഷ്ട്രീയ തത്ത്വശാസ്ത്രമായാലും വർഗ്ഗീയവും മതപരവുമായ ഭിന്നതകളും മയക്കുമരുന്നുദുരുപയോഗവും അമിതോല്ലാസങ്ങളും മനുഷ്യവിഗ്രഹങ്ങളുമായാലും മനുഷ്യവർഗ്ഗത്തിന്റെ ശ്രദ്ധയെ ദൈവരാജ്യഭരണത്തിന്റെ പ്രത്യാശയിൽനിന്ന് വ്യതിചലിപ്പിക്കുന്ന എന്തും സാത്താന്റെ ഉദ്ദേശ്യത്തിനാണ് പ്രയോജനപ്പെടുന്നത്. ഈ ദുഷ്ടൻ ഭൂമിയുടെ പരിസരത്തിലേക്ക് എറിയപ്പെടുമ്പോൾ അത് “ഭൂമിക്കും സമുദ്രത്തിനും മഹാകഷ്ടം” വരുത്തിക്കൂട്ടുമെന്ന് ബൈബിൾ പ്രവചിച്ചത് അതിശയമല്ല, “എന്തുകൊണ്ടെന്നാൽ പിശാച് തനിക്ക് അല്പകാലഘട്ടമാണുള്ളതെന്നറിഞ്ഞുകൊണ്ട് മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കലേക്ക് ഇറങ്ങിവന്നിരിക്കുന്നു”! 1914 മുതൽ നാം ആ ഉഗ്രകോപത്തിന്റെ ഘട്ടത്തിലാണ് ജീവിക്കുന്നത്.—വെളിപ്പാട് 12:12.
മനുഷ്യവർഗ്ഗത്തിന് ദൈവത്താലുള്ള ഭരണത്തിനു കീഴ്പ്പെടാനോ അല്ലെങ്കിൽ അവന്റെ എതിരാളിയായ സാത്താന്റെ ഭരണത്തിനു കീഴ്പ്പെടാനോ തെരഞ്ഞെടുക്കാമായിരുന്നു, ഇപ്പോഴും തെരഞ്ഞെടുക്കാം. ഈ തെരഞ്ഞെടുപ്പ് ഏതാണ്ട് 6,000 വർഷം മുമ്പുമുതൽ ദൈവവും സാത്താനും തമ്മിൽ നിലനിൽക്കുന്ന ഒരു വിവാദപ്രശ്നത്തെ അർത്ഥമാക്കുന്നു. എന്നാൽ ഈ വിവാദപ്രശ്നത്തിനു തീരുമാനമുണ്ടാക്കാൻ യഹോവയാം ദൈവം ഒരു കാലപരിധിവെച്ചിട്ടുണ്ടെന്ന് ബൈബിൾ സൂചിപ്പിക്കുന്നു—1914 മുതൽ മനുഷ്യവർഗ്ഗം സാത്താന്റെ ആധിപത്യത്തിലുള്ള ഈ വ്യവസ്ഥിതിയുടെ അവസാനകാലത്താണ് ജീവിക്കുന്നത്.—2 തിമൊഥെയോസ് 3:1-5, 13.
ദൈവരാജ്യഭരണം പെട്ടെന്നുതന്നെ സകല തിൻമയെയും അതിനെ പ്രിയപ്പെടുന്നവരെയും നശിപ്പിക്കും. നൻമചെയ്യാൻ തെരഞ്ഞെടുക്കുന്നവർക്ക് മലിനീകൃതമല്ലാത്ത, പൂർണ്ണതയുള്ള ഒരു ഭൂമിയിൽ ദൈവത്തോടുള്ള കീഴ്പ്പെടലിൽ നിത്യജീവൻ കൊടുക്കപ്പെടും.—വെളിപ്പാട് 11:18; 21:3, 4.
“നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു”
ഈ ഭൂമിക്കും അതിലെ അനുസരണമുള്ള നിവാസികൾക്കുംവേണ്ടി ദൈവം ഉദ്ദേശിച്ചിരിക്കുന്ന ഭാവി, ഭൂതകാലത്തിന്റെ ഭാരം നമ്മുടെ ഓർമ്മയിൽനിന്ന് നീക്കംചെയ്യും: “പൂർവകാര്യങ്ങൾ ഓർക്കപ്പെടുകയില്ല, അവ ഒരിക്കലും മനസ്സിലേക്കു വരുകയില്ല.”—യെശയ്യാവ് 65:17, താനാക്ക, പരമ്പരാഗത എബ്രായ പാഠപ്രകാരമുള്ള വിശുദ്ധ തിരുവെഴുത്തുകളുടെ ഒരു പുതിയ വിവർത്തനം.
അതുകൊണ്ട് ദൈവത്തിന്റെ ഭരണാധിപത്യം സർവഭൂമിയിലും അധികാരം നടത്തുമ്പോൾ മനുഷ്യവർഗ്ഗം അനുഭവിച്ചിട്ടുള്ള ഏതു കഷ്ടപ്പാടും ഒടുവിൽ അവരുടെ മനസ്സുകളിൽനിന്ന് മങ്ങിപ്പോകും. ആ കാലത്ത് സകല മുൻ പേടിസ്വപ്ന ഓർമ്മകളും പുറന്തള്ളപ്പെടും, എന്തുകൊണ്ടെന്നാൽ ബൈബിൾ വാഗ്ദാനംചെയ്യുന്നതുപോലെ, ദൈവം “അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും, മരണം മേലാൽ ഉണ്ടായിരിക്കയില്ല, വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കയില്ല. പൂർവകാര്യങ്ങൾ കടന്നുപോയിരിക്കുന്നു.—വെളിപ്പാട് 21:4, 5
മനുഷ്യരായാലും ഭൂതങ്ങളായാലും, കഷ്ടപ്പാടു വരുത്തിക്കൂട്ടുന്നവരെ നീക്കംചെയ്യുന്നതിന് ദൈവം തന്റെ സർവശക്തി ഉപയോഗിക്കുന്നതിനുള്ള സമയമടുത്തിരിക്കുന്നുവെന്ന് ബൈബിൾ വ്യക്തമായി പ്രകടമാക്കുന്നു. സദൃശവാക്യങ്ങൾ 2:21, 22 ഇങ്ങനെ പ്രസ്താവിക്കുന്നു: “നേരുള്ളവർ ഭൂമിയിൽ നിവസിക്കും, നിഷ്ക്കളങ്കർ അതിൽ ശേഷിച്ചിരിക്കും. അതേസമയം ദുഷ്ടൻമാർ ദേശത്തുനിന്ന് അപ്രത്യക്ഷമാകും.” (താനാക്ക) അതെ, ദൈവം “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കും.” (വെളിപ്പാട് 11:18) അതിൽ ഒടുവിൽ പിശാചായ സാത്താനും ഉൾപ്പെടും.
ഭൂമിയെ കളങ്കപ്പെടുത്താൻ ദൈവം ദുഷ്ടൻമാരെ അധികനാൾ അനുവദിക്കുകയില്ല. ദുഷ്ടജനങ്ങൾ തങ്ങളുടെ സഹമനുഷ്യരെ ദണ്ഡിപ്പിക്കാനോ തടവിലാക്കാനോ അവൻ അനുവദിക്കുകയുമില്ല. അവന്റെ നീതിയുള്ള നിയമങ്ങളോട് അനുരൂപപ്പെടാൻ തെരഞ്ഞെടുക്കാത്ത ഏവനെയും പൊറുക്കുന്നതല്ല. ദൈവത്തിന്റെ ഇഷ്ടത്തെയും നിയമത്തെയും ആദരിക്കുന്നവർ മാത്രമേ തുടർന്നു ജീവിക്കുകയുള്ളു.
നാലായിരത്തിൽപരം വർഷംമുമ്പ്, ദൈവം “ഭൂമിയിൽ മമനുഷ്യന്റെ ദുഷ്ടത എത്ര വലുതെന്നും അവന്റെ മനസ്സിനാൽ നിരൂപിക്കപ്പെടുന്ന ഏതു പദ്ധതിയും സർവസമയത്തും തിൻമ മാത്രമാണെന്നും കണ്ടു.” വലിയ പ്രളയമയച്ചുകൊണ്ട് അവൻ പ്രവർത്തിച്ചു. (ഉല്പത്തി 6:5, താനാക്ക) വീണ്ടും ഒരിക്കൽകൂടെ പ്രവർത്തിക്കുന്നതിന് ദൈവത്തിന് പൂർവാധികം കാരണമുണ്ട്. എന്നാൽ നാം ദൈവത്തിന് ഇപ്പോൾ തക്ക സ്തുതി കൊടുക്കുന്നുവെങ്കിൽ, താമസിയാതെ നിത്യജീവൻ നമ്മുടെ സന്തുഷ്ടഭാഗധേയമായിരിക്കും.—യെശയ്യാവ് 65:17-25; യോഹന്നാൻ 17:3; 1 തിമൊഥെയോസ് 6:19.
എന്നിരുന്നാലും, കൂട്ടക്കൊലയുടെ ഇരകൾ ഉൾപ്പെടെ ശവക്കുഴികളിൽ മരിച്ചിരിക്കുന്ന ദശലക്ഷങ്ങളെക്കുറിച്ചെല്ലാമെന്ത്? അവർക്ക് എന്തു പ്രത്യാശയുണ്ട്? അവർ വിസ്മരിക്കപ്പെടുമോ? (g89 4⁄8)