കൂട്ടക്കൊലയിൽ മരിച്ചവർ തിരിച്ചുവരുമോ?
കൂട്ടക്കൊലയിൽ മരിച്ച ദശലക്ഷങ്ങൾക്ക് പ്രത്യാശയുണ്ടോ? നാസിസത്തിന്റെ ആ ഇരകൾക്കുവേണ്ടി ദൈവം നീതിയുടെ ഒരു പരമോന്നതപ്രവൃത്തി ചെയ്തേക്കാമെന്ന് പ്രതീക്ഷിക്കാൻ കഴിയുമോ?
എബ്രായ തിരുവെഴുത്തുകൾ ആയിരക്കണക്കിനു വർഷം മുമ്പത്തെ വിശ്വസ്ത പ്രവാചകൻമാരെയും ദൈവദാസൻമാരെയും പുലർത്തിയ ഒരു പ്രത്യാശ വാഗ്ദാനംചെയ്യുന്നുണ്ട്. മരിച്ച വ്യക്തിയെ അതിജീവിക്കുന്ന ഒരു അമർത്യദേഹിയുടെ പുരാതന ഗ്രീക്ക് സങ്കല്പനത്തിൽ അധിഷ്ഠിതമായിരുന്നോ അത്? അശേഷവുമില്ല, എന്തുകൊണ്ടെന്നാൽ എബ്രായ എഴുത്തുകളും ഉപദേശങ്ങളും ഗ്രീക്ക് തത്വശാസ്ത്രത്തിന് നൂററാണ്ടുകൾക്ക് മുമ്പേയുള്ളതാണ്.
മനുഷ്യദേഹി മർത്ത്യം
ഉല്പത്തിയിലെ എബ്രായ വിവരണം ഒന്നാം മമനുഷ്യന്റെ സൃഷ്ടിയെസംബന്ധിച്ച് നമ്മോടു പറയുന്നു: “കർത്താവായ ദൈവം മനുഷ്യനെ ഭൂമിയിലെ പൊടിയിൽനിന്നു നിർമ്മിച്ചു. അവൻ അവന്റെ നാസാരന്ധ്രങ്ങളിലേക്ക് ജീവന്റെ ശ്വാസം ഊതി, മനുഷ്യൻ ഒരു ജീവിയായിത്തീർന്നു [എബ്രായ, ലെനേഫെഷ].” (ഉല്പത്തി 2:7, താനാക്ക) ജ്യൂയിഷ് പബ്ലിക്കേഷൻ സൊസൈററിയുടെ 1917-ലെ വിവർത്തനം ലെനേഫെഷിന് “ദേഹി” എന്നു പറയുന്നു. അങ്ങനെ, മൃഗമായാലും മനുഷ്യനായാലും, ഒരു ദേഹി അഥവാ നേഫെഷ ഒരു ജീവിയാണ്.
എബ്രായ തിരുവെഴുത്തുകളിൽ ഒരിടത്തും നേഫെഷിന് അമർത്യതയുള്ളതായി പറയുന്നില്ല. യഥാർത്ഥത്തിൽ, എബ്രായ തിരുവെഴുത്തുകളിൽ “അമർത്ത്യത” എന്ന പദം കാണുന്നുപോലുമില്ല. മറിച്ച്, നേഫെഷ വ്യക്തിയാണെന്ന്, ജീവനുള്ള ദേഹിയാണെന്ന്, എബ്രായ ബൈബിൾ സൂചിപ്പിക്കുന്നു. (യെഹെസ്ക്കേൽ 18:4, 20) അതുകൊണ്ട്, മരണം ഒരു ജീവനുള്ള ദേഹിയെന്ന നിലയിൽ വ്യക്തിയുടെ, കുറഞ്ഞപക്ഷം താൽക്കാലികമായ, അന്തമാണ്. അത് അഗാധനിദ്രപോലെ തികഞ്ഞ നിഷ്ക്രിയത്വത്തിന്റെ ഒരു അവസ്ഥയാണ്. സങ്കീർത്തനക്കാരനായ ദാവീദ് പ്രസ്താവിച്ചതുപോലെ: “കർത്താവേ, എന്റെ ദൈവമേ, എന്നെ നോക്കേണമേ, എനിക്ക് ഉത്തരംനൽകേണമേ! ഞാൻ മരണയുറക്കം ഉറങ്ങാതിരിക്കേണ്ടതിന് എന്റെ കണ്ണുകൾക്ക് ശോഭ പുനഃസ്ഥിതീകരിക്കേണമേ.”—സങ്കീർത്തനം 13:4, താനാക്ക.
ലളിതമായ ഇതേ യുക്തി പിന്തുടർന്നുകൊണ്ട്, എബ്രായ തിരുവെഴുത്തുകൾ നമ്മോടു പറയുന്നു: “മരിച്ചവർ യാതൊന്നും അറിയുന്നില്ല; അവർക്ക് മേലാൽ പ്രതിഫലമില്ല, എന്തുകൊണ്ടെന്നാൽ അവരുടെ ഓർമ്മകൂടെ മരിച്ചുപോയിരിക്കുന്നു. എന്തുകൊണ്ടെന്നാൽ നീ പോകുന്ന ഷീയോളിൽ [മനുഷ്യവർഗ്ഗത്തിന്റെ പൊതു ശവക്കുഴിയിൽ] പ്രവർത്തനമില്ല, ന്യായവാദമില്ല, പഠിപ്പില്ല, ജ്ഞാനമില്ല.” (സഭാപ്രസംഗി 9:5, 10, താനാക്ക) ഇത് കഷ്ടപ്പാടിന്റെ സമയത്തെ ഇയ്യോബിന്റെ വികാരത്തോടു യോജിക്കുന്നു: “ഞാൻ ജനനത്തിങ്കൽ മരിക്കാഞ്ഞതെന്തുകൊണ്ട്? . . . എന്തെന്നാൽ ഇപ്പോൾ ഞാൻ ആശ്വാസത്തോടെ ഉറങ്ങിക്കിടക്കുകയും വിശ്രമിക്കുകയും ചെയ്യും.” (ഇയ്യോബ് 3:11, 13, താനാക്ക) തീർച്ചയായും ഇയ്യോബ് മരണാനന്തരം ഒരു ദേഹിയെന്ന നിലയിൽ “പ്രത്യക്ഷത്തിൽ ജീവനുള്ളവ”നായിരിക്കുന്നതായി ചിന്തിക്കുകയായിരുന്നില്ല, “യാഥാസ്ഥിതിക യഹൂദവിശ്വാസത്തിന്റെ ത്തത്വപ്രസ്താവന” തറപ്പിച്ചുപറയുന്നതുപോലെ.
അപ്പോൾ മരണം മുഴുവനായ വിസ്മൃതിയെ അർത്ഥമാക്കുന്നുവോ? പിറകോട്ട് അഞ്ചോ പത്തോ തലമുറകൾക്കുമുമ്പത്തെ തങ്ങളുടെ പൂർവികരുടെ പേരുകൾ ഇന്നു വളരെ കുറച്ചു പേർക്കേ ഓർക്കാൻകഴികയുള്ളു. എന്നാൽ ദൈവത്തെക്കുറിച്ച് എന്ത്? അവൻ അവരെ ഓർമ്മിക്കുന്നുവോ? അവൻ അവരെ ഓർക്കുമോ? അവൻ നാസിപീഡനത്തിന്റെ ദശലക്ഷക്കണക്കിന് ഇരകളെ ഓർക്കുമോ? ബുദ്ധിശൂന്യമായ യുദ്ധങ്ങളിൽ മരിച്ച ദശലക്ഷങ്ങളെ ഓർക്കുമോ? ദൈവത്തിനു മരിച്ചവരെ ഓർക്കാൻ കഴിയുമെന്ന് പ്രവാചകനായ ദാനിയേൽ വിശ്വസിച്ചു. മരിച്ചവർക്ക് ഒരു പുനരുത്ഥാനമുണ്ടായിരിക്കുമെന്ന് അവന്റെ പ്രവചനം സൂചിപ്പിച്ചു, എന്തെന്നാൽ അവൻ ഇങ്ങനെ പറഞ്ഞു: “ഭൂമിയിലെ പൊടിയിൽ ഉറങ്ങുന്ന അനേകർ ഉണരും, ചിലർ നിത്യജീവനിലേക്ക്, മററുള്ളവർ നിന്ദകളിലേക്ക്, നിത്യവെറുപ്പിലേക്ക്.”—ദാനിയേൽ 12:2, താനാക്ക.
ഭൗമികജീവനിലേക്കുള്ള ഒരു ഭാവി പുനരുത്ഥാനമായിരുന്നു പുരാതന ഇസ്രായേലിലെ വിശ്വസ്തപ്രവാചകൻമാരുടെയും രാജാക്കൻമാരുടെയും യഥാർത്ഥ പ്രത്യാശ. മരണാനന്തരം വസ്തുരഹിതമായ ഒരു അമർത്യദേഹിയെന്ന നിലയിൽ അങ്ങുമിങ്ങും പറന്നുനടക്കുന്ന ആശയം അവർക്കില്ലായിരുന്നു. ഭൂമിയിലെ പൂർണ്ണതയുള്ള ജീവനിലേക്കുള്ള പുനരുത്ഥാനത്തിന്റെ അതേ പ്രത്യാശ ഇന്നും ബാധകമാകുന്നു. നാം അത് എങ്ങനെ അറിയുന്നു?
കൂട്ടക്കൊലയുടെ ഇരകൾക്കു പ്രത്യാശ
ഒരു യഹൂദ ഉപദേഷ്ടാവ് 1,900 വർഷംമുമ്പ് ഇങ്ങനെ പറഞ്ഞപ്പോൾ അങ്ങനെയുള്ള ഒരു പ്രത്യാശ വാഗ്ദാനം ചെയ്തു: “ഇതിങ്കൽ ആശ്ചര്യപ്പെടരുത്, എന്തുകൊണ്ടെന്നാൽ സ്മാരകക്കല്ലറകളിലുള്ള എല്ലാവരും അവന്റെ ശബ്ദം കേട്ട് പുറത്തുവരുന്ന നാഴികവരുന്നു, നല്ല കാര്യങ്ങൾ ചെയ്തവർ ഒരു ജീവന്റെ പുനരുത്ഥാനത്തിലേക്ക്, ഹീനകാര്യങ്ങൾ പതിവായി ചെയ്തുകൊണ്ടിരുന്നവർ ന്യായവിധിയുടെ ഒരു പുനരുത്ഥാനത്തിലേക്ക്.” (യോഹന്നാൻ 5:28, 29) “സ്മാരകക്കല്ലറകൾ” എന്ന പദപ്രയോഗം അവരുടെ പുനരുത്ഥാനത്തിന്റെയും ജീവനിലേക്കുള്ള പുനഃസ്ഥിതീകരണത്തിന്റെയും ദിവസംവരെ അവയിലുള്ളവർ ദൈവത്തിന്റെ ഓർമ്മയിൽ സൂക്ഷിക്കപ്പെടുന്നുവെന്ന് സൂചിപ്പിക്കുന്നു.
അതുകൊണ്ട് അമേരിക്കയിലെ യാഥാസ്ഥിതിക യഹൂദമതം പുറപ്പെടുവിച്ച “തത്ത്വപ്രസ്താവന” ഈ അർത്ഥത്തിൽ സത്യമാണ്: “ഓലംഹാബായുടെ (ഒരു മരണാനന്തരജീവിതം) പ്രതിച്ഛായക്ക് നാം ശവക്കുഴിയിൽ ഉപേക്ഷിക്കപ്പെടുകയില്ലെന്ന്, നാം വിസ്മൃതി അനുഭവിക്കുകയില്ലെന്ന് പ്രത്യാശനൽകാൻ കഴിയും.” പുനരുത്ഥാനം പ്രാപിക്കുന്നവർക്ക് മശിഹായായ യേശുക്രിസ്തുവിന്റെ രാജ്യഭരണത്തിൻകീഴിൽ ദൈവത്തെ അനുസരിക്കുന്നതിനാൽ നിത്യജീവൻ തെരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുമെന്ന് ദൈവത്തിന്റെ സ്നേഹദയക്കും നീതിക്കും അർത്ഥമുണ്ട്.
അതുകൊണ്ട്, ഇതെല്ലാം ദശലക്ഷക്കണക്കിനു യഹൂദൻമാരെയും സ്ലാവുകളെയും കൂട്ടക്കൊലയുടെ മററ് ഇരകളെയും എങ്ങനെ ബാധിക്കുന്നു? അവർ പുനരുത്ഥാനത്തിനു കാത്തിരിക്കവേ ദൈവത്തിന്റെ ഓർമ്മയിലുണ്ട്. അന്ന് ജീവന്റെ കാഴ്ചപ്പാടോടെ ദൈവത്തോടുള്ള അനുസരണത്തെയോ പ്രതികൂലന്യായവിധിയുടെ കാഴ്ചപ്പാടോടെ ദൈവത്തോടുള്ള അനുസരണക്കേടിനെയോ തെരഞ്ഞെടുക്കുന്നതിനുള്ള അവസരം കൊടുക്കപ്പെടും. അവരിൽ ദശലക്ഷക്കണക്കിനാളുകൾ ശരിയായ തെരഞ്ഞെടുപ്പു നടത്തുമെന്ന് ഞങ്ങളാശിക്കുന്നു!
നിങ്ങൾ യഹൂദനായാലും യഹൂദേതരനായാലും മരിച്ചവർക്കുള്ള ഈ പ്രത്യാശയെക്കുറിച്ച് കൂടുതൽ അറിയാനാഗ്രഹിക്കുന്നുവെങ്കിൽ യഹോവയുടെ സാക്ഷികളുടെ സ്ഥലത്തെ സഭയെ സമീപിക്കുകയോ നിങ്ങൾക്ക ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന 256 പേജുള്ള സചിത്രപുസ്തകത്തിന്റെ ഒരു പ്രതിക്കുവേണ്ടി ഈ മാസികയുടെ പ്രസാധകർക്ക് എഴുതുകയോ ചെയ്യുക. (വലിയ പതിപ്പിന് 30 രൂപാ). (g89 4/8)
[20-ാം പേജിലെ ചിത്രം]
ഒരു പുനരുത്ഥാനമുണ്ടായിരിക്കുമെന്നും “പൂർവകാര്യങ്ങൾ ഓർക്കപ്പെടുകയില്ലെ”ന്നും ബൈബിൾ വാഗ്ദാനംചെയ്യുന്നു.—യെശയ്യാവ് 65:17