ജീവിതച്ചെലവിന്റെ പ്രതിസന്ധി എന്തുകൊണ്ട്?
ബൽഗ്രേഡ് മുതൽ ബ്യൂനോസ് അയേഴ്സ് വരെയും ലാഗോസ് മുതൽ ലിമാ വരെയും മാനിലാ മുതൽ മെക്സിക്കോനഗരം വരെയും വാഷിംഗ്ടൺ, ഡി.സി., മുതൽ വെല്ലിംഗ്ടൺ വരെയും ഗവൺമെൻറുകൾ പണപ്പെരുപ്പത്തിനെതിരെ പോരാടുകയാണ്.
ചിലപ്പോൾ ഗവൺമെൻറുകൾതന്നെ ഗുരുതരമായ സാമ്പത്തിക ഞെരുക്കത്തിലാണ്. “ഐക്യനാടുകൾ അതിന്റെ മുഴു മുൻചരിത്രത്തിലുംവെച്ച് കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ കൂടുതൽ കടം സൃഷ്ടിച്ചിരിക്കുന്നു”വെന്ന് ഒരു റിപ്പോർട്ടു പ്രസ്താവിക്കുന്നു. ഒരു ആഫ്രിക്കൻഗവൺമെൻറിന് അടുത്ത കാലത്ത് ദീർഘനാളായി പ്രതീക്ഷിച്ചിരുന്ന ഒരു ശമ്പളവർദ്ധനവ് പിൻവലിക്കേണ്ടിവന്നു. പുതിയ ശമ്പളബിൽ നടപ്പിലാക്കുന്നതിന് ഖജനാവിൽ വേണ്ടത്ര പണമില്ലെന്ന് കണ്ടെത്തിയപ്പോൾ അതിനു ബുദ്ധിമുട്ടുതോന്നി. അതുപോലെതന്നെ, ഒരു വലിയ ലാററിൻ അമേരിക്കൻ രാജ്യത്ത് പണപ്പെരുപ്പനിരക്ക് വളരെ ഉയർന്നതായിരുന്നതുകൊണ്ട് 1988-ന്റെ അവസാനമാകുമ്പോഴേക്ക് ഒരു പത്തുലക്ഷത്തിൽപരം സിവിൾ ജീവനക്കാരുടെ ശമ്പളം കൊടുക്കാൻ ഗവൺമെൻറിനു സാധിക്കാതെവരുമെന്ന് അതു ഭയപ്പെട്ടു.
പഞ്ചവൽസരപദ്ധതികൾ, മൂല്യന്യൂനീകരണം, ശമ്പളമരവിപ്പിക്കൽ, വിലനിയന്ത്രണം എന്നിവയും മററു സാമ്പത്തികപരിഹാരങ്ങളും കൊട്ടിഘോഷിക്കപ്പെടുന്നു. എന്നാൽ പ്രശ്നങ്ങൾ സങ്കീർണ്ണങ്ങളാണ്, പരിഹാരങ്ങൾ തെന്നിമാറുകയുമാണ്. പ്രയാസങ്ങൾ വിശദമാക്കുന്നതിന് ഉണരുക! ഇവിടെ ജീവിതച്ചെലവിന്റെ പ്രതിസന്ധിയുടെ അടിസ്ഥാനകാരണങ്ങളിൽ ചിലത് വിവരിക്കുകയാണ്.
ദുർബലമായ അന്താരാഷട്ര സമ്പദവ്യവസ്ഥ
ആഗോളപരസപരാശ്രയത്വം. ഒരു അന്താരാഷ്ട്ര സാമ്പത്തികവിദഗ്ദ്ധൻ വിശദീകരിച്ചതുപോലെ, “ലോകം ഒന്നാണ്. നമ്മുടെ സമ്പദ്ഘടന ആഗോളമാണ്. . . . ഒരു പരിഹാരം ഏകപക്ഷീയമായിരിക്കാമെന്നുള്ള ആശയം വിഡ്ഢിത്തമാണ്.” ദൃഷ്ടാന്തത്തിന്, പാശ്ചാത്യരാജ്യങ്ങളിലെ ഒരു സാമ്പത്തിക തിരിച്ചടി പെട്ടെന്നുതന്നെ ദരിദ്രരാജ്യങ്ങളിലേക്ക് അയക്കപ്പെടുന്നു. അവ തങ്ങളുടെ ഉല്പന്നങ്ങൾക്ക് മേലാൽ ഡിമാൻഡില്ലെന്ന് കണ്ടെത്തുന്നു. അതുപോലെതന്നെ, ഐക്യനാടുകളിലെ പലിശനിരക്കുകളിലെ വർദ്ധനവ് ലാററിൻ അമേരിക്കൻ രാഷ്ട്രങ്ങൾക്കും ആഫ്രിക്കൻ രാഷ്ട്രങ്ങൾക്കും അവയുടെ കടങ്ങളുടെ പലിശകൾ കൊടുക്കുന്നതിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് അർത്ഥമാക്കുന്നു. പൊതുവേ പറഞ്ഞാൽ, രാജ്യം എത്ര ദരിദ്രമായിരിക്കുന്നുവോ അത്രക്ക് അതിന് ആകമാനസാമ്പത്തികകാലാവസ്ഥയിൽ കുറഞ്ഞ സ്വാധീനമേ ഉള്ളു. എന്നാൽ അത് പ്രതികൂല സാമ്പത്തികകാററുകൾക്ക് കൂടുതൽ വിധേയവുമാണ്.
സ്റേറാക്ക് മാർക്കററ് വിലകളിലെ ഏററക്കുറച്ചിൽ ലോകസമ്പദ്ഘടനയുടെ അസ്ഥിരപ്രകൃതിയെയും അതിന്റെ പരസ്പരാശ്രയത്വത്തെയും പ്രദീപ്തമാക്കുന്നു. മുതൽമുടക്കുന്നവർക്ക് സാമ്പത്തികസാദ്ധ്യതകളെക്കുറിച്ച് വളരെ ഭയമായിരുന്നതുകൊണ്ട് 1987 ഓഗസ്ററിലെ വ്യാപാരസംഖ്യകളും ഒരുപക്ഷേ ഒരു ട്രഷറി ഉദ്യോഗസ്ഥന്റെ അവിവേകപൂർണ്ണമായ ഒരു പ്രസ്താവനയും 1987 ഒക്ടോബറിൽ ഒരു ലോകവ്യാപക കമ്പോളത്തകർച്ചക്ക് വഴിമരുന്നിടാൻ പര്യാപ്തമായിരുന്നുവെന്ന് പറയപ്പെട്ടു.
ഐക്യനാടുകളുടെ ഗുരുതരമായ കടപ്രശ്നവും സാമ്പത്തികനയങ്ങളെ സമന്വയിപ്പിക്കുന്നതിലുള്ള മുഖ്യസാമ്പത്തികശക്തികളുടെ അപ്രാപ്തിയും അഥവാ മനസ്സില്ലായ്മയും സത്വരം വിശ്വാസം പുനഃസ്ഥാപിക്കാനിടയില്ലാതാക്കുന്നു. ഈ സാഹചര്യത്തെ പരാമർശിച്ചുകൊണ്ട് സാമ്പത്തികവിദഗ്ദ്ധനായ സ്ററീഫൻ മാറിസ് ഇങ്ങനെ മുന്നറിയിപ്പുനൽകി: “ഞങ്ങൾ കുഴച്ചിലിലാണ്. അനായാസമായ പോംവഴിയില്ല.”
വിലയിലുള്ള ഏററക്കുറച്ചിൽ. സമീപവർഷങ്ങളിൽ എണ്ണയുടെയും ലോഹങ്ങളുടെയും മററ് അടിസ്ഥാന സാധനങ്ങളുടെയും വിലയിൽ നാടകീയമായ ഏററക്കുറച്ചിൽ ഉണ്ടായിട്ടുണ്ട്. 1970കളിലെ എണ്ണവിലയുടെ പെട്ടെന്നുള്ള ഉയർച്ച വിപുലവ്യാപകമായ പണപ്പെരുപ്പത്തിനിടയാക്കുകയും ഒരു ലോക സാമ്പത്തികതിരിച്ചടിക്ക് തിരികൊളുത്തുകയുംചെയ്തു. എണ്ണ ഉൽപ്പാദിപ്പിക്കാത്ത മൂന്നാംലോകരാജ്യങ്ങൾക്ക് വിശേഷാൽ സമ്മർദ്ദമനുഭവപ്പെട്ടു.
ആയിരത്തിത്തൊള്ളായിരത്തിഎൺപതുകളിൽ മിക്ക സാധനങ്ങളുടെയും വിലയിൽ ഒരു ഇടിവുണ്ടായി. ഇത് മുഖ്യമായി അങ്ങനെയുള്ള ഉല്പന്നങ്ങൾ കയററിയയക്കുന്ന കൂടുതൽ ദരിദ്രമായ രാജ്യങ്ങളിലെ സമ്പദ്സ്ഥിതിക്ക് ഗുരുതരമായ വിഘാതം സൃഷ്ടിച്ചു. എണ്ണക്കയററുമതിയെ ഗണ്യമായി ആശ്രയിക്കുന്ന മെക്സിക്കോയും നൈജീരിയായും പോലെയുള്ള രാജ്യങ്ങൾക്കും താണുപോയ എണ്ണവിലകൾ നിമിത്തം ജീവിതനിലവാരങ്ങളിൽ കുത്തനെയുള്ള അധഃപതനം അനുഭവപ്പെട്ടു. വിലകളിലെ അങ്ങനെയുള്ള ഏററക്കുറച്ചിലുകൾക്ക് അതിഭദ്രമായ സാമ്പത്തിക ആസൂത്രണത്തെപ്പോലും അധഃപതിപ്പിക്കാൻ കഴിയും.
ഹ്രസ്വദൃഷ്ടിയോടുകൂടിയ ഗവൺമെൻറ ചെലവിടൽ
സൈനികചെലവിടൽ. ആയിരത്തിത്തൊള്ളായിരത്തിഎൺപത്തിയേഴിലെ മൊത്തം ആഗോള സൈനികചെലവ് പതിനായിരം കോടി ഡോളറാണെന്ന് കണക്കാക്കപ്പെടുന്നു. അത് ഒരു മിനിററിൽ ഏതാണ്ട് 18 ലക്ഷം ഡോളറാണ്! സമ്പന്നരാജ്യങ്ങൾ മാത്രമല്ല ആയുധവൽക്കരണത്തിന് പണം ധൂർത്തടിക്കുന്നത്; ലോകത്തിലെ അതിദരിദ്രരാജ്യങ്ങളിൽ ചിലതും പ്രതിരോധചെലവിൽ ഒരു 10 ശതമാനം വാർഷികവർദ്ധനവിന് ആസൂത്രണംചെയ്തിരിക്കുന്നു.
സാമ്പത്തികവിദഗ്ദ്ധനായ ജോൺ കെ. ഗാൽബ്രയ്ത്ത് മൂന്നാം ലോക സൈനികചെലവിടലിന്റെ സാമൂഹികവും സാമ്പത്തികവുമായ ഫലത്തെ വിശദീകരിച്ചുകൊണ്ട് ഇങ്ങനെ പറയുകയുണ്ടായി: “ഈ ആയുധങ്ങൾക്ക് പണം ചെലവാക്കുന്നത് ദരിദ്രരിൽ ദരിദ്രരാണ്. അവ വാങ്ങുന്നത് ജീവിതച്ചെലവിനെ മെച്ചപ്പെടുത്തുന്ന അസൈനികമുതൽമുടക്ക് കുറച്ചുകൊണ്ടാണ്, ഭക്ഷ്യംതന്നെ കുറച്ചുകൊണ്ടാണ്.”
“വെള്ളാന” പദ്ധതികൾ. സയാമിലെ ഒരു രാജാവ് തനിക്കിഷ്ടമില്ലാത്ത കൊട്ടാരം ഉദ്യോഗസ്ഥൻമാർക്ക് ഒരു വെളുത്ത ആനയെ കൊടുക്കുക പതിവുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ആ മൃഗം പാവനമായി കരുതപ്പെട്ടിരുന്നതുകൊണ്ട് അതിനെക്കൊണ്ടു ജോലി ചെയ്യിക്കാൻപാടില്ലായിരുന്നു. അങ്ങനെ അതിന്റെ സൂക്ഷിപ്പ് ഈ ദാനംകിട്ടിയ നിർഭാഗ്യവാന് സാമ്പത്തികവിനാശം കൈവരുത്തുമായിരുന്നു. സമീപവർഷങ്ങളിൽ പാശ്ചാത്യരാഷ്ട്രങ്ങൾ അറിയാതെ സയാമിലെ രാജാവിന്റെ റോൾ അഭിനയിച്ചിരിക്കുന്നു. അവയുടെ സഹായപരിപാടികൾ അവ കിട്ടിയ രാഷ്ട്രങ്ങൾക്ക് കേടുപോക്കി സൂക്ഷിക്കാൻകഴിയാത്ത ഉഗ്രൻ സാങ്കേതികവിദ്യാപദ്ധതികൾക്ക് പണംമുടക്കി.
ചെലവേറിയതും അപ്രായോഗികവുമായ ഈ “വെള്ളാനകൾ” ദാരിദ്ര്യമേറിയ രാജ്യങ്ങളിലെ സാമ്പത്തികപ്രദേശങ്ങളിൽ ചിതറിക്കിടക്കുകയാണ്: അപൂർവമായി മാത്രം വിമാനങ്ങൾ പുറപ്പെടുന്ന ആർഭാടമായ വിമാനത്താവളങ്ങൾ, മാവില്ലാത്തതുകൊണ്ട് ബ്രഡ് ഉണ്ടാക്കാൻ കഴിയാത്ത കലാപരമായ ബേക്കറികൾ, കേടുപോക്കലിന്റെ കുറവുനിമിത്തം മിക്കപ്പോഴും നിന്നുപോകുന്ന വമ്പിച്ച സിമിൻറ് ഫാക്റററി.
ചിലപ്പോൾ മൂന്നാം ലോകത്തിലെ ഗവൺമെൻറുകൾ ജലവൈദ്യുതപദ്ധതികൾ, ന്യൂക്ലിയർ പവർപ്ലാൻറുകൾ, അല്ലെങ്കിൽ പുതിയ തലസ്ഥാനനഗരികൾ എന്നിവപോലെയുള്ള ആർഭാടപൂർവകമായ പദ്ധതികൾക്ക് വാരിക്കോരി പണം ചെലവഴിക്കുന്നതുകൊണ്ട് വമ്പിച്ച കടം വരുത്തിക്കൂട്ടിയിരിക്കുന്നു.
ജനസംഖ്യാവർദ്ധനവ
ലോകത്തിലെ അനേകം രാജ്യങ്ങളിൽ സത്വരമായ ജനസംഖ്യാവളർച്ച താണ ജീവിതനിലവാരത്തിനിടയാക്കുന്നു. ഭവനനിർമ്മാണം, ജോലികൾ, സ്ക്കൂളുകൾ എന്നിവക്കും, ഭക്ഷ്യോൽപാദനത്തിനുപോലും, സദാ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ സാധിക്കാൻ കഴിയുന്നില്ല. ദൃഷ്ടാന്തത്തിന്, മെക്സിക്കോയുടെ പെരുകിവരുന്ന ജനസംഖ്യനിമിത്തം അത് അതിന്റെ തൊഴിലില്ലായ്മനിരക്ക് ഉയരാതിരിക്കാൻ വർഷംതോറും പത്തുലക്ഷം ജോലികൾ സൃഷ്ടിക്കേണ്ടിയിരിക്കുന്നു. അനേകം ആഫ്രിക്കൻരാജ്യങ്ങളിൽ നഗരങ്ങളിലേക്കുള്ള ദേശാടനത്താൽ കൂടുതൽ വഷളാക്കപ്പെടുന്ന സത്വരംവർദ്ധിച്ചുവരുന്ന ജനസംഖ്യ ഭക്ത്യ ഇറക്കുമതികൾ മുമ്മടങ്ങാക്കുന്നതിലേക്കു നയിച്ചിരിക്കുന്നു. അത് കഴിഞ്ഞ ദശാബ്ദത്തിൽ ജീവിതനിലവാരങ്ങൾ താണുപോകുന്നതിനും ഇടയാക്കിയിരിക്കുന്നു. ജോലി കണ്ടെത്താനും തങ്ങളുടെ വലിയ കുടുംബങ്ങൾക്കുവേണ്ടി കരുതാനും അപ്രാപ്തരായ നിരാശരായ ചില പിതാക്കൻമാർ കുടുംബങ്ങളെ കേവലം ഉപേക്ഷിക്കുകയോ ആത്മഹത്യചെയ്യുകപോലുമോ ചെയ്തിരിക്കുന്നു.
വ്യവസ്ഥിതിയിൽ അന്തർല്ലീനമായിരിക്കുന്ന ദൗർബല്യങ്ങൾ
പ്രവചനാതീതമായ കമ്പോളശക്തികൾ. സാമ്പത്തികപ്രവചനം കുപ്രസിദ്ധമാംവിധം തെററായ ഒരു ശാസ്ത്രമാണ്. പുരോഗമിച്ച സമ്പദ്സ്ഥിതിയുള്ളിടങ്ങളിൽപോലും വിദഗ്ദ്ധർക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് പറയാൻ പ്രയാസമാണെന്നുള്ളതാണ് പ്രശ്നം. അതേസമയം കൃത്യമായ വിവരങ്ങൾ ലഭ്യമല്ലാത്ത സമ്പദ്ഘടനകളിൽ അത് പ്രായോഗികമായി അസാധ്യംതന്നെയാണ്. പ്രശ്നങ്ങളുടെ കൃത്യമായ സ്വഭാവം സംബന്ധിച്ച് സാമ്പത്തികവിദഗ്ദ്ധർക്ക് യോജിക്കാൻ കഴിഞ്ഞാൽത്തന്നെ, അവർ രാഷ്ട്രീയമോ സാമൂഹികമോ ആയ തങ്ങളുടെ സ്വന്തം വീക്ഷണഗതികളനുസരിച്ച് വ്യത്യസ്തപരിഹാരങ്ങൾ നിർദ്ദേശിക്കുമെന്നുള്ളതിനു സംശയമില്ല. കാര്യങ്ങളെ കൂടുതൽ കുഴപ്പിക്കുന്നതിന്, അന്തിമതീരുമാനങ്ങൾ ചെയ്യുന്ന രാജ്യതന്ത്രജ്ഞൻമാർ തങ്ങൾക്ക് രുചിക്കുന്നതായി കാണുന്ന സാമ്പത്തികോപദേശം മാത്രമേ ശ്രദ്ധിക്കാൻ ചായ്വുകാണിക്കുന്നുള്ളു.
ഐക്യനാടുകളെസംബന്ധിച്ച്, മുൻ യു.എസ് കൊമേഴ്സ് സെക്രട്ടറി പീററർ പെറേറഴ്സൺ ഇങ്ങനെ വിശദീകരിച്ചു: “നമ്മുടെ പ്രശ്നങ്ങൾ അടിയിൽ സാമ്പത്തികമല്ല. എന്നാൽ നാം നമ്മുടെ രാഷ്ട്രീയ അഭിപ്രായസമന്വയരാഹിത്യത്താൽ തടയപ്പെടുകയാണ്. നമ്മുടെ സാമ്പത്തികപ്രയാസങ്ങളുടെ സ്വഭാവം സംബന്ധിച്ചുപോലും നാം യോജിക്കുന്നില്ല.”
അപ്രബുദ്ധമായ സ്വാർത്ഥത. ഓരോ രാജ്യവും മററുള്ളവയുടെമേലുള്ള ഫലം ഗണ്യമാക്കാതെ അതിന്റെ സ്വന്തം പരമാധികാര താത്പര്യങ്ങൾ പിന്തുടരാൻ ചായ്വു കാണിക്കുന്നു. ദൃഷ്ടാന്തമായി, സാമ്പത്തികസഹായം പരിഷ്കൃത സൈനികോപകരണത്തിന്റെ രൂപത്തിലായിരിക്കാം. പൗരൻമാർക്കെല്ലാം ഭക്ഷ്യംനൽകാൻപോലും കഴിവില്ലാത്ത ഒരു രാജ്യത്തേക്കായിരിക്കാം അത് അയച്ചിരിക്കുന്നത്. സംഭാവനചെയ്യുന്ന രാജ്യത്തിന്റെ ആന്തരങ്ങൾ മനുഷ്യത്വപരമായിരിക്കുന്നതിനു പകരം സാമ്പത്തികമോ രാഷ്ട്രീയമോ ആണെന്ന് സ്പഷ്ടമാണ്. സമ്പന്ന വ്യാവസായികരാജ്യങ്ങൾ സ്വന്തം ഉല്പാദകരെ സംരക്ഷിക്കാൻ ഏർപ്പെടുത്തുന്ന തീരുവയുടെ തടസ്സങ്ങൾ അടിസ്ഥാനസാധനങ്ങളെങ്കിലും വിൽക്കാനുള്ള ദരിദ്രരാജ്യങ്ങളുടെ ശ്രമങ്ങളെ വിഘാതപ്പെടുത്തുന്നു.
അന്താരാഷ്ട്ര ബാങ്കിംഗ്സ്ഥാപനങ്ങൾ കൃത്യമായി പലിശ ലഭിക്കുന്നതിൽമാത്രം തല്പരരായിരിക്കുന്നതിൽ അല്പവികസിതരാജ്യങ്ങൾ അവയെ വിമർശിക്കുകയാണ്. സാമ്പത്തികപിന്തുണയുടെ കുറവുനിമിത്തം ചില പദ്ധതികൾ ഉപേക്ഷിക്കേണ്ടിവന്നിട്ടുണ്ട്. കടം കൊടുക്കുന്ന രാഷ്ട്രത്തിന് പെട്ടെന്ന് പ്രതിഫലം കൈവരുത്തുകയില്ലാത്തതുകൊണ്ടുമാത്രമാണത്. ഋണബാദ്ധ്യതയുള്ള ഈ രാഷ്ട്രങ്ങൾ ഇപ്പോൾ കൊടുക്കേണ്ടിവരുന്ന ഉയർന്ന പലിശനിരക്കുകൾ മുഖ്യമായും അവയെക്കാൾ വളരെ സമ്പന്നമായ രാഷ്ട്രങ്ങളുടെ ധൂർത്തടിച്ച ചെലവിടൽ മുഖാന്തരമുളവാകുന്നതാണ്. ലാററിൻ അമേരിക്കാ അഞ്ചുവർഷംകൊണ്ട് രണ്ടു മാർഷൽപദ്ധതികൾക്കു തുല്യമായ പണത്തുക ഐക്യനാടുകളിലേക്കും യൂറോപ്പിലേക്കും അയച്ചിട്ടുണ്ടെന്ന് ആർജൻറീനാപ്രസിഡണ്ട് അൽഫോൻസിൻ ചൂണ്ടിക്കാട്ടി.a എന്നിരുന്നാലും ഈ പ്രദേശം മുമ്പെന്നത്തേതിലുമധികം കടത്തിൽ ആണ്ടിരിക്കുകയാണ്.
അഴിമതിയും അത്യാഗ്രഹവും. ചില ആഫ്രിക്കൻ രാജ്യങ്ങളിലെയും ഏഷ്യൻരാജ്യങ്ങളിലെയും പ്രസിഡണ്ടുമാർ ശതകോടിക്കണക്കിനു ഡോളറുകൾ അപഹരിച്ചതായി കുററപ്പെടുത്തപ്പെട്ടിട്ടുണ്ട്. ലാററിൻ അമേരിക്കയിലെ പോലീസ് ചീഫുകളും പ്രമുഖ ബിസിനസ് ഉദ്യോഗസ്ഥൻമാരും കോടിക്കണക്കിനുള്ള ഡോളർവഞ്ചനകളിൽ ഉൾപ്പെട്ടതായി കുററപ്പെടുത്തപ്പെട്ടിരിക്കുന്നു. ഈ വമ്പിച്ച പണത്തുകകൾ സാധാരണയായി സാധാരണക്കാരുടെ നില ഉയർത്താൻ ഉദ്ദേശിച്ചുള്ള പരിപാടികളിൽനിന്നാണ് കടത്തുന്നത്. എല്ലാ തലങ്ങളിലും വ്യാപകമായിരിക്കുന്ന അഴിമതി അസംഖ്യം രാജ്യങ്ങളിലെ സമ്പദ്സ്ഥിതിക്ക് ഗുരുതരമായി തുരങ്കംവെക്കുന്നു. ദരിദ്രരായിത്തീർന്നിരിക്കുന്നവരും അതിനു സഹായധനം കൊടുക്കേണ്ടവരുമായ ഭൂരിപക്ഷത്തിൻമേൽ അത് കൂടുതലായ സാമ്പത്തികഭാരം വരുത്തിക്കൂട്ടുന്നു.
സ്വാർത്ഥപരമായ വ്യാപാരാർത്തിയും ജീവിതച്ചെലവിന്റെ പ്രതിസന്ധിക്കിടയാക്കുന്നു. ദൃഷ്ടാന്തത്തിന് ബഹുരാഷ്ട്ര പുകയിലക്കമ്പനികളുടെ ഉഗ്രമായ വിപണനസങ്കേതങ്ങൾ തങ്ങൾക്കുള്ള അല്പം പണം സിഗറററിനു ചെലവിടാൻ ദശലക്ഷക്കണക്കിനു ദരിദ്രജനങ്ങളെ പ്രേരിപ്പിക്കുന്നതിൽ വിജയിച്ചിരിക്കുന്നു. ചില വികസ്വരരാജ്യങ്ങളിൽ, ആരോഗ്യത്തിനു ഭീഷണിയായ താർ കൂടുതലുള്ള സിഗരററുകൾ വിപുലമായി വിതരണംചെയ്യപ്പെടുന്നു. മിക്ക പതിവുകാരും ഈ ആരോഗ്യാപകടത്തെക്കുറിച്ച് അറിവുള്ളവരല്ല. വിലപ്പെട്ട കാർഷികനിലങ്ങൾ മർമ്മപ്രധാനമായ വിദേശപണത്തിന്റെ ആകർഷണംനിമിത്തം പുകയിലകൃഷിക്ക് വിട്ടുകൊടുക്കപ്പെടുന്നു. മിക്കപ്പോഴും വിദേശപണം ലഭ്യമാകുന്നുമില്ല. ഇതിനിടയിൽ പുകയോടു ബന്ധപ്പെട്ട രോഗങ്ങൾ ഉയരുന്ന ജീവിതച്ചെലവിനോടൊപ്പം പെരുകുകയുമാണ്.
ജീവിതച്ചെലവിന്റെ പ്രതിസന്ധിക്കു പിമ്പിലെ കാരണങ്ങളുടെ ഈ ഹ്രസ്വമായ പുനരവലോകനം തങ്ങളുടെ പൗരൻമാരുടെ സാമ്പത്തികാവസ്ഥയെ മെച്ചപ്പെടുത്താൻ കഠിനശ്രമംചെയ്യുന്ന ഗവൺമെൻറുകളെ അഭിമുഖീകരിക്കുന്ന ഭീതിജനകമായ വെല്ലുവിളിയെ പ്രകടമാക്കാൻ പര്യാപ്തമാണ്. ഒരു സാമ്പത്തികവേദിയിൽ പ്രസംഗിച്ചുകൊണ്ട് ഫ്രാൻസിലെ പ്രസിഡണ്ടായ മിത്തരാൻറ് “നിങ്ങളെ വീഴിക്കാൻ ഭീഷണിപ്പെടുത്തിക്കൊണ്ട് നിങ്ങളുടെ പാദങ്ങളിൻകീഴിലെ പരവതാനി നിരന്തരം വലിച്ചുമാററുന്ന ഒരു ലോകത്തെക്കുറിച്ച്” പരാതിപ്പെട്ടു. അദ്ദേഹം കൃത്യമായി എന്താണർത്ഥമാക്കുന്നതെന്ന് മൂന്നാം ലോകത്തിലെ ഭരണതന്ത്രജ്ഞൻമാർക്കും സാമ്പത്തികവിദഗ്ദ്ധർക്കും കയ്പേറിയ അനുഭവത്തിൽനിന്ന് അറിയാം.
സാമ്പത്തികവിമുക്തിക്ക് പ്രത്യാശയില്ലെന്ന് അതിനർത്ഥമുണ്ടോ? ലോകസമ്പദ്സ്ഥിതി സകല മനുഷ്യവർഗ്ഗത്തിനും മാന്യമായ ഒരു ജീവിതം പ്രദാനംചെയ്യാൻ അപ്രാപ്തമാണോ? അടുത്ത ലേഖനം ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകും. (g89 5⁄8)
[അടിക്കുറിപ്പുകൾ]
a മാർഷൽപ്ലാൻ യുദ്ധത്താൽ ചീന്തപ്പെട്ട യൂറോപ്പിന്റെ സാമ്പത്തികവിമുക്തിക്ക് സഹായിക്കാൻ ഉദ്ദേശിക്കപ്പെട്ട യു. എസ്. ആഭിമുഖ്യത്തിലുള്ള ഒരു പരിപാടിയായിരുന്നു. 1948 മുതൽ 1952 വരെ 1,200 കോടി ഡോളറിന്റെ സഹായം വിതരണംചെയ്യപ്പെട്ടു.
[8-ാം പേജിലെ ചതുരം]
കടപ്രശ്നം
ദേശീയകടം
അനേകം രാജ്യങ്ങളിൽ ഗവൺമെൻറ് ചെലവിടൽ വരുമാനത്തെക്കാൾ വളരെ കവിയുന്നു. ഈ നയത്തിനാവശ്യമായ വിപുലമായ കടംവാങ്ങൽ പല വർഷങ്ങൾകൊണ്ട് വമ്പിച്ച ബജററ്കമ്മി കുന്നുകൂടുന്നതിലേക്കു നയിക്കുന്നു, ഇതാണ് ചിലപ്പോൾ ദേശീയകടം എന്നു വിളിക്കപ്പെടുന്നത്. പലിശ സഹിതമുള്ള ഈ കടത്തിന്റെ തിരിച്ചടക്കൽ കടംവാങ്ങിച്ചുകൊണ്ടേയിരിക്കാൻ ഗവൺമെൻറുകളെ നിർബന്ധിതമാക്കുന്നു. അത് പലിശനിരക്കുകളുയർത്തുകയും പണപ്പെരുപ്പത്തിനിടയാക്കുകയും ചെയ്യുന്നു. കൂടാതെ, റൈറം മാസിക വിശദീകരിച്ചതുപോലെ, “വോട്ടർമാർ മനുഷ്യരായതുകൊണ്ട് കൂടുതൽ പ്രയോജനങ്ങളും കുറഞ്ഞ നികുതികളും ആഗ്രഹിക്കുന്നതിനാലും രാജ്യതന്ത്രജ്ഞൻമാർ രാജ്യതന്ത്രജ്ഞൻമാരായതുകൊണ്ട് [വോട്ടർമാരുടെ ഇംഗിതങ്ങൾക്ക്] ചെവികൊടുക്കുന്നതിനാലും” ഗവൺമെൻറുകൾക്ക് ചെലവിടൽ കുറക്കാൻ മടിയാണ്. അങ്ങനെ കണക്കുതീർക്കൽ ദിവസം നീട്ടിവെക്കപ്പെടുന്നു, അതേസമയം ജീവിതച്ചെലവ് ഉയരുന്നു.
അന്താരാഷ്ട്ര കടം
വിവിധ കാരണങ്ങളാൽ ചില രാജ്യങ്ങൾ അവ കയററി അയക്കുന്നതിനെക്കാൾ കൂടുതൽ ചരക്കുകളും സേവനങ്ങളും ഇറക്കുമതി നടത്തുന്നു. ഇത് വ്യാപാരക്കമ്മിയിൽ കലാശിക്കുന്നു. കുറവ് മററു രാഷ്ട്രങ്ങൾക്ക് സ്വീകാര്യമായ കറൻസിയിൽ കൊടുക്കേണ്ടതുണ്ട്, സാധാരണയായി ഡോളറായോ മററ് ബലിഷ്ഠകറൻസിയിലോ. ഈ പണം രാജ്യത്തെ കരുതൽഫണ്ടിൽനിന്നോ മററു രാജ്യങ്ങളിൽനിന്ന് കടംവാങ്ങിയോ ഉണ്ടാക്കേണ്ടിയിരിക്കുന്നു. രാജ്യത്തിന്റെ കരുതൽഫണ്ട് അപകടകരമായി കുറഞ്ഞുപോകുകയും വായ്പകൾ ലഭിക്കാതെവരുകയും ചെയ്യുമ്പോൾ ഇറക്കുമതിനിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ കറൻസിയുടെ മൂല്യംകുറക്കുകയോ ചെയ്യേണ്ടിവരുന്നു. ഈ രണ്ടു നടപടികളും ഇറക്കുമതിചെയ്യപ്പെട്ട സാധനങ്ങളുടെ വിലയിൽ കുത്തനെയുള്ള വർദ്ധനവിന് ഇടയാക്കുന്നു. അവയിൽ അനേകവും വ്യവസായത്തിനും ഉപഭോക്താവിനും അത്യാവശ്യമുള്ളവയായിരിക്കാം.
വിശേഷിച്ച് മൂന്നാം ലോകരാജ്യങ്ങൾക്ക് വ്യാപാരമിച്ച പ്രശ്നങ്ങളുണ്ട്, എന്തുകൊണ്ടെന്നാൽ മിക്കവാറും എല്ലാ കേസുകളിലും അവ കയററിയയക്കുന്ന ചരക്കുകളുടെ വില നാടകീയമായി കുറഞ്ഞിരിക്കുന്നു. ദൃഷ്ടാന്തത്തിന്, 1960-ൽ ഒരു ടൺ കാപ്പി കൊടുത്താൽ 37 ടൺ വളം വാങ്ങാൻ കഴിയുമായിരുന്നു. അതേസമയം 1982-ൽ അതിന് 16 ടണ്ണേ വാങ്ങാൻകഴിയുമായിരുന്നുള്ളു. കൊക്കോ, തേയില, പഞ്ഞി, ചെമ്പ്, ടിൻ, എന്നിവയെയും അവികസിതരാജ്യങ്ങളിലെ മുഖ്യകയററുമതികളായ മററു പ്രാഥമിക ഉല്പന്നങ്ങളെ സംബന്ധിച്ചും സമാനമായ സംഖ്യകൾ നൽകാൻ കഴിയും. അധികമായും തങ്ങൾക്കു നിയന്ത്രണമില്ലാത്ത ഈ പ്രതികൂല വ്യാപാര വ്യവസ്ഥകളുടെ ഫലമായി, 1987 ആയപ്പോഴേക്ക് വികസ്വര രാജ്യങ്ങൾക്ക് 1,00,000 കോടിയുടെ വമ്പിച്ച കടമുണ്ടായിരുന്നു. തങ്ങളുടെ കഴുത്തിലെ ഈ തിരികല്ല് സാമ്പത്തികവിമുക്തിയെ ഗുരുതരമായി തടസ്സപ്പെടുത്തുക മാത്രമല്ല ചില ഗവൺമെൻറുകളുടെ സ്ഥിരതയെപ്പോലും ഭീഷണിപ്പെടുത്തുകയുംചെയ്യുന്നു.
അടുത്ത കാലത്ത് ന്യൂയോർക്ക റൈറംസ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ലാററിൻ അമേരിക്കയെ ഏകീകരിക്കുന്ന ഒരൊററ പ്രശ്നം കടമാണ് . . . തങ്ങളുടെ തകർന്നുകൊണ്ടിരിക്കുന്ന ജനപ്രീതിക്ക് ഉത്തരവാദിത്വം വഹിക്കുന്നത് ഈ പ്രശ്നമാണെന്ന് കരുതപ്പെടുന്നു, അവയുടെ സത്വരഭാവിയെ ബാധിക്കുന്ന മുഖ്യ രാഷ്ട്രീയ വസ്തുതയാണെന്ന് കാണപ്പെടുകയുംചെയ്യുന്നു.”
[7-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ലോകപണപ്പെരുപ്പനിരക്കുകൾ 1980-85
(ദി ഇക്കണോമിസ്ററ് പ്രസിദ്ധപ്പെടുത്തിയ എൽ മുണ്ടോ എൻ സൈഫ്രാസിൽ അധിഷ്ഠിതം)
0 മുതൽ 15% വരെ
15 മുതൽ 30% വരെ
30 മുതൽ 100% വരെ
100%ത്തിൽപരം
സംഖ്യ ലഭ്യമല്ല