ആയുധങ്ങളില്ലാത്ത ഒരു ലോകത്തിനുവേണ്ടി പ്രത്യാശിക്കാമോ?
ആഗോള ആയുധക്കൂമ്പാരങ്ങൾ നശിപ്പിച്ചുകളയുകയും ആയുധ വ്യാപാരത്തിന്റെ ഞെരുക്കുന്ന ഭാരം മാററിക്കളയുകയും ചെയ്താൽ അതെത്ര ആശ്വാസകരമായിരിക്കും! അവസാനം അങ്ങനെ ഒന്നു സംഭവിക്കുമെന്നു പ്രത്യാശിക്കാമോ? രാഷ്ട്രങ്ങൾ തങ്ങളുടെ സ്വന്ത ഇഷ്ടപ്രകാരം അതു ചെയ്യുകയില്ലെന്ന് ചരിത്രം പ്രകടമാക്കുന്നു. കൂടാതെ ആയുധങ്ങൾ രോഗലക്ഷണം മാത്രമാണ്. സ്ഥിരമായി പരിഹരിക്കുന്നതിന് ഒരു പ്രശ്നത്തെ അതിന്റെ വേരോടുകൂടി പിഴുതുകളയേണ്ടതുണ്ട്. ആ മൂലം കണ്ടെത്താൻ കഴിയുമോ, കഴിയുമെങ്കിൽ ആർക്ക് ഇതു കൈകാര്യം ചെയ്യാൻ സാധിക്കും?
മനുഷ്യസമുദായത്തിന്റെ ഏററവും വലിയ ശാപങ്ങളിലൊന്നായ യുദ്ധം മൂലമാണ് ആയുധവ്യാപാരം പോഷിപ്പിക്കപ്പെടുന്നത്. യുദ്ധം ആയുധവ്യാപാരത്തിൽനിന്നു വളർന്നതല്ല; പിന്നെയോ ആയുധവ്യാപാരം യുദ്ധത്തിൽ നിന്നു വളർന്നതാണ്. അപ്പോൾ ദുഷിപ്പിന്റെ മൂലകാരണം യുദ്ധമാണെന്നു കണ്ടെത്താൻ കഴിയുകയില്ലേ? അല്ല, യുദ്ധം ആയുധവ്യാപാരം പുഷ്ടിപ്രാപിക്കാൻ ഇടയാക്കുന്ന ഒരു ശാഖമാത്രമാണ്. ആ ശാഖക്കു എവിടെനിന്നാണ് പോഷണം ലഭിക്കുന്നത്?
യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം ആർക്കാണുള്ളത്? എല്ലാ ഭരണഘടനകളും ആ അധികാരം തങ്ങളുടെ ഗവൺമെൻറുകളിൽ നിക്ഷിപ്തമാക്കിയിരിക്കുന്നു. അവർ ദേശീയതാൽപ്പര്യങ്ങൾ സംരക്ഷിക്കാനോ വർദ്ധിപ്പിക്കാനോ സാധാരണയായി യുദ്ധങ്ങൾ തുടങ്ങുന്നു. ഗവൺമെൻറിനു ജനങ്ങൾ പിന്തുണ നൽകുന്നു. അതുകൊണ്ട് പ്രശ്നം, ദേശീയത്വം, സാമ്പത്തിക മൽസരം, പ്രാദേശിക സർവ്വാധിപത്യം, വർഗ്ഗീയവാദം എന്നിവയാൽ സ്വാധീനിക്കപ്പെടുന്ന മുഴുമാനുഷ്യ വ്യവസ്ഥിതിയോടും ബന്ധപ്പെട്ടിരിക്കുന്നു. അപ്പോൾ, ഈ വ്യവസ്ഥിതിയാണോ പ്രശ്നത്തിന്റെ മൂലം? അല്ല. ഈ ദുഷ്ടവ്യവസ്ഥിതി പോഷണം കണ്ടെത്തുന്നത് ഒരു ഒളിഞ്ഞിരിക്കുന്ന മൂലത്തിൽനിന്ന് അനേകമാളുകളും അവഗണിക്കുന്ന ഒരു ഉറവിൽ നിന്നാണെന്ന് ഒരു സൂക്ഷ്മപരിശോധനയിൽ കാണാം.
മറവിലുള്ള മൂലം തുറന്നുകാട്ടപ്പെടുന്നു
ആ മൂലം ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്നു. സ്വാർത്ഥമോഹത്താൽ പ്രേരിതനായ, ശക്തനായ ഒരാത്മജീവി ദൈവത്തിനെതിരെ സ്വയം ഉയർത്തി എന്നു ഈ പുരാതനഗ്രന്ഥം ചൂണ്ടിക്കാണിക്കുന്നു. (ഇയ്യോബ് 1:6-12; 2:1-7) അവൻ പിശാച് (അർത്ഥം ദൂഷകൻ, അപവാദി) എന്ന സാത്താൻ (അർത്ഥം എതിരാളി) എന്നു വിളിക്കപ്പെട്ടിരിക്കുന്നു. അവനാണ് മനുഷ്യകുടുംബത്തിലേക്ക് പാപവും മരണവും ആനയിച്ചത്. (ഉൽപ്പ. 3:1-7) അതിനാൽ അവൻ “ദുഷ്ടനായവൻ” എന്നു വിളിക്കപ്പെടുന്നു. ഹാബേലിന്റെമേൽ കയീൻ നടത്തിയ മനുഷ്യചരിത്രത്തിലെ ഒന്നാമത്തെ മാരകമായ ആക്രമണത്തിനു അവനാണ് പ്രചോദനമേകിയത്.—1 യോഹന്നാൻ 3:12; ഉൽപ്പത്തി 4:8.
ബൈബിൾ സാത്താനെ “ഈ വ്യവസ്ഥിതിയുടെ ദൈവം” ഭരിക്കുന്നവരുടെ ആഗോള രാഷ്ട്രീയ വ്യവസ്ഥിതിക്ക് ‘ശക്തിയും സിംഹാസനവും വലിയ അധികാരവും’ കൊടുക്കുന്ന “മഹാസർപ്പം” എന്ന് തുറന്നു കാട്ടുന്നു. “പിശാച് ആരംഭത്തിൽ ഒരു മാനുഷഘാതകനായിരുന്നു” എന്നു യേശു സധൈര്യം ചൂണ്ടിക്കാണിക്കുകയും “ഈ ലോകത്തിന്റെ ഭരണാധികാരി” എന്നു അവനെക്കുറിച്ചു പറയുകയും ചെയ്തു.—2 കൊരിന്ത്യർ 4:4; വെളിപ്പാട് 12:9; 13:1, 2; യോഹന്നാൻ 8:44; 14:30.
എങ്കിലും ഈ വിനാശത്തിന്റെതായ മൂലം എന്നേക്കും നിൽക്കുകയില്ല. മനുഷ്യചരിത്രത്തിലെ വിപ്ലവകരമായ ഈ കാലഘട്ടത്തെ സാത്താന്റെ വ്യവസ്ഥിതിയുടെ അവസാന നാളുകൾ എന്ന് ബൈബിളിന്റെ ഒരു പഠനം വ്യക്തമാക്കുന്നു. അതിന്റെ അർത്ഥം സാത്താനും അവന്റെ ഉപജാപങ്ങൾക്കും അറുതി വരുത്തുന്നതിന് മുമ്പ് “അവന് അൽപ്പകാലം” അവശേഷിക്കുന്നു എന്നാണ്. ഈ സാത്താന്യ സ്വാധീനത്തിൽ നിന്നുള്ള വിമോചനക്രമീകരണത്തെ യേശുവിന്റെ അപ്പോസ്തലനായ യോഹന്നാൻ സാദൃശ്യാർത്ഥഭാഷയിൽ വിശദീകരിച്ചു. “ഒരു ദൂതൻ അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കൈയ്യിൽ പിടിച്ചുകൊണ്ട് സ്വർഗ്ഗത്തിൽനിന്നു ഇറങ്ങുന്നതു ഞാൻ കണ്ടു. അവൻ പിശാചും സാത്താനും എന്നുള്ള പഴയപാമ്പായ മഹാസർപ്പത്തെ പിടിച്ച് ആയിരം ആണ്ടേക്കു ബന്ധിച്ചു. ആയിരം ആണ്ടു കഴിയുന്നതുവരെ അവൻ മേലാൽ ജനതകളെ വഴിതെററിക്കാതിരിക്കാൻ ദൂതൻ അവനെ അഗാധത്തിൽ തള്ളിയിട്ട് അടച്ച് മീതെ മുദ്രവച്ചു. ഈ കാര്യങ്ങൾക്കുശേഷം അവനെ അൽപ്പകാലത്തേക്ക് അഴിച്ചുവിടേണ്ടതാകുന്നു.”—വെളിപ്പാട് 12:12; 20:1-3.
ആയുധങ്ങളുടെ ഭാരം നീക്കപ്പെടുന്നു
അടിസ്ഥാനകാരണം നിർവ്വീര്യമാക്കപ്പെടുമ്പോൾ അതിന്റെ ചീത്തസ്വാധീനങ്ങളെല്ലാം അവസാനിക്കും. ഭൂമിയിൽ പുന:സ്ഥാപിക്കപ്പെട്ട സമാധാനത്തിന്റെതായ ഈ ആയിരം വർഷയുഗം സാദ്ധ്യമാക്കിത്തീർക്കുന്നതിന് സർവ്വശക്തദൈവമായ യഹോവതന്നെ ഞെരിച്ചമർത്തുന്ന ആയുധഭാരം നീക്കം ചെയ്യും: “ജനങ്ങളെ വരുവിൻ, ഭൂമിയിൽ അത്ഭുതകരമായ കാര്യങ്ങളെ ചെയ്തിരിക്കുന്ന യഹോവയുടെ പ്രവൃത്തികളെ നോക്കുവിൻ. അവൻ ഭൂമിയുടെ അതിരുവരെയും യുദ്ധങ്ങൾ അവസാനിപ്പിക്കുന്നു. അവൻ വില്ലൊടിച്ച് കുന്തം മുറിച്ച് രഥങ്ങളെ തീയിലിട്ടു ചുട്ടുകളയുന്നു.”—സങ്കീർത്തനം 46:8, 9.
ഇങ്ങനെയുള്ള സമാധാനനിർഭരമായ അവസ്ഥയിൻകീഴിൽ ജീവിക്കുവാൻ ദശലക്ഷക്കണക്കിനാളുകൾ ഇപ്പോൾത്തന്നെ തയ്യാറെടുക്കുന്നു. ഈ പ്രവചനം യഹോവയുടെ സാക്ഷികൾ ഇപ്പോൾതന്നെ നിവൃത്തിയാക്കുന്നു. “ജനത ജനതക്കു നേരെ വാൾ ഓങ്ങുകയില്ല, അവർ ഇനി യുദ്ധം അഭ്യസിക്കുകയുമില്ല.” (യെശയ്യാവ് 2:4) അതുകൊണ്ട് അവർ ആയുധവ്യാപാരത്തിന്റെ യാതൊരു രൂപത്തിലും പങ്കാളികളാകുന്നില്ല. യേശുവിനെയും അവന്റെ ശിഷ്യൻമാരെയുംപോലെ രാഷ്ട്രീയകാര്യങ്ങളിൽ നിഷ്പക്ഷതയുടെ ഒരു കർശനമായ നിലപാട് അവർ കാത്തുസൂക്ഷിക്കുന്നു. എന്തുതന്നെ സംഭവിച്ചാലും ഒരു ലൗകികയുദ്ധത്തിലും പോരാട്ടത്തിലും യഹോവയുടെ സാക്ഷികൾ പങ്കെടുക്കുന്നില്ല.—യോഹന്നാൻ 17:16.
നിറവേറിക്കഴിഞ്ഞ ബൈബിൾ പ്രവചനമനുസരിച്ച് യുദ്ധത്തിനുവേണ്ടി ഒരായുധവും രൂപപ്പെടുത്തുകയില്ലാത്ത, ഭൂമിയുടെ സകല വിഭവശേഷിയും ഭൂവാസികളുടെ ക്ഷേമത്തിനു മാത്രം ഉപയുക്തമാക്കപ്പെടുന്ന കാലം സമീപമാണ്. മുഴുഭൂമിയുടെയും രാജാവായ സമാധാനപ്രഭുവായ യേശുക്രിസ്തു ഇതിനുറപ്പു തരുന്നു: “അവൻ സഹായത്തിനായി നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനേയും വിടുവിക്കും. എളിയവനോടും ദരിദ്രനോടും അവനു സഹതാപം തോന്നും. ദരിദ്രൻമാരുടെ ജീവനെ അവൻ രക്ഷിക്കും. അവരുടെ പ്രാണനെ അവൻ ഞെരുക്കത്തിൽ നിന്നും സാഹസത്തിൽ നിന്നും വിടുവിക്കും. അവരുടെ രക്തം അവനു വിലയേറിയതായിരിക്കും.” അതുകൊണ്ട് സന്തോഷിക്കുക! ആയുധങ്ങളില്ലാത്ത ഒരു ലോകം പെട്ടെന്നു യാഥാർത്ഥ്യമായിത്തീരും!—സങ്കീർത്തനം 72:12-14. (g89 6/8)
[10-ാം പേജിലെ ചിത്രങ്ങൾ]
മേലാൽ യുദ്ധം ഉണ്ടായിരിക്കയില്ലാത്ത സമയം സമീപിക്കുന്നു. പകരം, ഭൂമി സമാധാനപൂർണ്ണമായ ഒരു പറുദീസയായിത്തീരും
[കടപ്പാട്]
U.S. Marine Corps photo
Tahiti Tourist Promotion Board