ചെറുപ്പക്കാർ ചോദിക്കുന്നു. . .
എനിക്ക് ഭർത്സനങ്ങളെ എങ്ങനെ നേരിടാൻ സാധിക്കും?
“എന്റെ പിതാവ് ഒരിക്കലും ശാരീരികമായി എന്നെ ഉപദ്രവിക്കുകയില്ല, എന്നാൽ അദ്ദേഹത്തിന്റെ വാക്കുകളാൽ എന്നെ കൂടുതൽ ആഴത്തിൽ മുറിപ്പെടുത്തുന്ന കാര്യങ്ങൾ അദ്ദേഹം എന്നോടു പറയുന്നു. ഒരു തല്ലിനു ചെയ്യാവുന്നതിലധികം അതെന്നെ ഭയപ്പെടുത്തുന്നു.”—ആൻ
“വാക്കുകളാലുള്ള ആക്രമണങ്ങൾ എന്നെ വിലകെട്ടവനാണെന്നു തോന്നിക്കുകയും അത് ദിവസങ്ങളോളമൊ ആഴ്ചകളോളം പോലുമോ എന്നോടൊത്ത് ഉണ്ടാവുകയും ചെയ്യുന്നു. കാലം കൊണ്ടു കരിയുന്നതാണെങ്കിലും പാടുകൾ അവശേഷിപ്പിക്കുന്ന മാനസ്സിക മുറിവുകൾ അവ ഉളവാക്കുന്നു.”—കെൻ.
മററായിരക്കണക്കിനു കൗമാരപ്രായക്കാരെപ്പോലെ, ആനും കെന്നും, ഒരു യുവാവിന്റെ ആത്മവിശ്വാസത്തിന്റെ ക്രമാനുഗതമായ തകർക്കൽ എന്നു ചില വിദഗ്ദ്ധരാൽ വിളിക്കപ്പെടുന്നതിന്റെ ഇരകളാണ്—ഭർത്സനങ്ങളുടെ. അസ്ഥികൾ ഒന്നും ഒടിക്കപ്പെടുന്നില്ലെങ്കിലും, മുറിവുകൾ ഒന്നും കാണുവാനില്ലെങ്കിലും മാതാപിതാക്കളാലുള്ള തുടരുന്ന ഭർത്സനങ്ങളെ ശിശുപീഡനത്തിന്റെ വളരെ വിനാശകരമായ ഒരു രൂപമായിട്ടാണ് ചിലർ കാണുന്നത്.
“ജീവിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല എന്നെനിക്കു തോന്നി,” തന്റെ മാതാവിൽ നിന്നുള്ള അധിക്ഷേപങ്ങളെ സഹിച്ച മർലിൻ ഓർമ്മിക്കുന്നു. മൂഢൻ എന്നോ വിലകെട്ടവൻ എന്നോ വിളിക്കപ്പെടുകയോ, ബലാൽക്കാരങ്ങളാൽ ഭീഷണിപെടുത്തപ്പെടുകയോ, താനൊരു പരാജയമാണെന്ന തോന്നൽ ഉളവാക്കുകയോ [“നീ എന്നെ എപ്പോഴും നിരാശപ്പെടുത്തുന്നു!”] അതുമല്ലെങ്കിൽ കുഴപ്പങ്ങൾക്കു തുടർച്ചയായി കുററപ്പെടുത്തപ്പെടുകയോ [“ഇതു മുഴുവൻ നിന്റെ വീഴ്ചയാണ്!”] ചെയ്യുന്ന യുവാക്കളിൽ, കുറഞ്ഞ ആത്മവിശ്വാസം അസാധാരണമല്ല. മന്ദഗതിയിലുള്ള മാനസ്സികവും വൈകാരികവുമായ വളർച്ചയും നിഷേധാത്മകവും ഉൾവലിഞ്ഞതുമായ പെരുമാററവും ഭർത്സനങ്ങളുടെ മററു ദൂഷ്യഫലങ്ങളാണ് എന്നു ചിലർ ആരോപിക്കുന്നു. അതിനാൽ, മുറിപ്പെടുത്തുന്ന സംഭാഷണങ്ങളെ “ഒരു വാളിനാലുള്ള കുത്തിനോടു” താരതമ്യപ്പെടുത്തുന്നതിനാൽ ബൈബിൾ കൃത്യമായിരിക്കുന്നു.—സദൃശവാക്യങ്ങൾ 12:18.
എന്നാൽ, ചില യുവാക്കൾ അധിക്ഷേപങ്ങൾ എന്നു വിളിക്കുന്നത്, മാതാപിതാക്കളുടെ അൽപ്പം കൂടിയ അളവിലുള്ള ശിക്ഷണം മാത്രമായിരിക്കും. (എഫേസ്യർ 6:4). അപ്രീതികരമായ ഒരു വിധത്തിലാണെങ്കിൽ പോലും, അത്തരം ശിക്ഷണങ്ങൾ നിങ്ങൾക്കു പ്രയോജനപ്രദമായിരിക്കും. (സദൃശവാക്യങ്ങൾ 4:13) കൂടാതെ, മാതാപിതാക്കളും “പല തവണ തെററുന്നു. ഒരുവൻ വാക്കിൽ തെററാതിരുന്നാൽ അവൻ ഒരു പൂർണ്ണമനുഷ്യനായിരിക്കും.” (യാക്കോബ് 3:2) അതിനാൽ കോപത്തിന്റെ ചൂടിൽ, ഏററവും നല്ല മാതാപിതാക്കൾ പോലും, അവർ ഖേദിക്കാനിടയാക്കുന്ന കാര്യങ്ങൾ ചിലപ്പോൾ പറയുന്നു. എന്നാൽ പരുഷമായിരിക്കുമ്പോൾ, ക്രൂരമായ വാക്കുകൾ ജീവിതത്തിന്റെ ഒരു ഭാഗമാവുകയും, ഒരു തുടരുന്ന വിനാശകമാതൃകയായി, അത്തരം സംസാരം ഗൗരവതരമായ വൈകാരിക അധിക്ഷേപങ്ങളോളം എത്തുകയും ചെയ്യാം.a
ഇത്തരമൊരു സാഹചര്യത്തിൽ, ഒരു യുവാവിനോ യുവതിക്കോ എന്തു ചെയ്യാൻ സാധിക്കും? ആദ്യമായി അധിക്ഷേപങ്ങൾ എന്തുകൊണ്ട് ഉളവാകുന്നു എന്നു മനസ്സിലാക്കാൻ നമുക്കു ശ്രമിക്കാം.
എന്തുകൊണ്ട് അവർ ഭർത്സിക്കുന്നു
“തങ്ങളുടെ കുട്ടികളെ ഭർത്സിക്കുന്ന മാതാപിതാക്കൾ ക്രൂരൻമാരായ ഉൻമത്തരല്ല, അവർക്ക് തങ്ങളുടെ മക്കളോട് സ്നേഹമില്ലായ്മയുമില്ല” എന്ന് ബെയ്ളറും റീത്താ ജസ്ററീസും അവകാശപ്പെടുന്നു. തങ്ങളുടെ മക്കളെ അധിക്ഷേപിക്കുന്ന മാതാപിതാക്കളെക്കുറിച്ചുള്ള അവരുടെ പഠനം വെളിപ്പെടുത്തിയത്, അവരിൽ 85 ശതമാനവും അവർ തന്നെ കുട്ടികളായിരിക്കുമ്പോൾ സ്നേഹവും പരിചരണവും ലഭിക്കാഞ്ഞവരോ, ശാരീരിക ഉപദ്രവങ്ങൾ തന്നെ അനുഭവിച്ചവരോ ആണെന്നാണ്! അതിനാൽ അനേകം വിദഗ്ദ്ർ വിശ്വസിക്കുന്നത്, മാതാപിതാക്കളുടെ ഭർത്സനങ്ങളിൽ ഭൂരിഭാഗവും സംജാതമാകുന്നത് യുവാക്കളുടെ പെരുമാററ ദൂഷ്യത്തിൽ നിന്നല്ല, മറിച്ച് മാതാപിതാക്കളുടെ തിളച്ചുമറിയുന്ന അരക്ഷിത ബോധത്തിൽനിന്നുമാണെന്നാണ്.
തങ്ങളുടെ തന്നെ മാതാക്കളിൽനിന്നും പിതാക്കൻമാരിൽനിന്നും മതിയായ സ്നേഹവും പരിലാളനവും ലഭിച്ചിട്ടില്ലാത്തതിനാൽ, ചില മാതാപിതാക്കൾ തങ്ങളുടെ കുട്ടികളോട് സ്നേഹപൂർവ്വം ഇടപെടുന്നത് ദുഷ്കരമാണെന്നു കണ്ടെത്തിയിരിക്കുന്നു. (1 യോഹന്നാൻ 4:19 താരതമ്യപ്പെടുത്തുക) കുട്ടികളുടെ ഭാഗത്തെ ലഘുവായ വീഴ്ചകൾപോലും ഒരു വ്യക്തിപരമായ അവഹേളനമായി എടുക്കപ്പെടുകയും, ആത്മാഭിമാനത്തെ ചവുട്ടി മെതിക്കുന്ന പരിഹാസങ്ങളുടെയും വിമർശനത്തിന്റെയും ഒരു കൊടുങ്കാററ് അഴിച്ചു വിടപ്പെടുകയും ചെയ്യുന്നു.
ഇത് “ഇടപെടുവാൻ പ്രയാസമായ സമയങ്ങളായ”തിനാൽ ഉപജീവനത്തിനായി തേടുന്നതിന്റെയും കുട്ടികളെ വളർത്തുന്നതിന്റെയും ഭാരം ഞെരിക്കുന്നതായിരിക്കും എന്നും ഓർമ്മിക്കുക. (2 തിമൊഥെയോസ് 3:1) അത്തരം സമ്മർദ്ദങ്ങളാൽ ഭാരപ്പെട്ട്, ചില മാതാപിതാക്കൾ മകന്റെയൊ മകളുടെയോ ഭാഗത്തുനിന്നുയരുന്ന, മത്സരത്തിന്റെതെന്നു തോന്നിക്കാവുന്ന ഏത് അടയാളങ്ങളോടും അമിതമായി പ്രതികരിക്കുന്നു.
എന്നാൽ, ഭർത്സനങ്ങൾക്കു യാതൊരു ന്യായീകരണവും ഇല്ല എന്നുള്ളതു സത്യമാണ്. (കൊലോസ്യർ 3:8) തങ്ങളുടെ മക്കൾ “അധൈര്യപ്പെടാതെയിരിക്കേണ്ടതിന് അവരെ പ്രകോപിപ്പിക്കാതെയിരിക്കുക” എന്ന് മാതാപിതാക്കളോട് കൽപ്പിക്കപ്പെട്ടിരിക്കുന്നു. (കൊലോസ്യർ 3:21) എന്നിരുന്നാലും, ഭർത്സിക്കുന്ന ഒരു പിതാവോ മാതാവോ ആഴത്തിൽ കുഴഞ്ഞ ഒരു അവസ്ഥയിലായിരിക്കാമെന്നോ കടുത്ത സമ്മർദ്ദത്തിൻ കീഴിലായിരിക്കാമെന്നോ തിരിച്ചറിയുന്നത് ഒരു യുവാവിനെ മുറിപ്പെടുത്തുന്ന സംഭാഷണങ്ങളെ അതിന്റെ ശരിയായ തലത്തിൽ വീക്ഷിക്കുന്നതിനു സഹായിക്കാൻ കഴിയും. ഈ ഉൾക്കാഴ്ച അധിക്ഷേപിക്കപ്പെട്ട യുവാവിനെ “കോപത്തിനു താമസമുള്ളവനാ”ക്കിയേക്കാം.—സദൃശവാക്യങ്ങൾ 19:11.
ഭർത്സനങ്ങളെ നേരിടൽ
നിങ്ങളുടെ മാതാപിതാക്കൾ വൈകാരികവിഷമതകളിൽ നിന്ന് ക്ലേശമനുഭവിക്കുകയാണെങ്കിൽ സാധാരണയായി നിങ്ങൾ ആയിരിക്കുകയില്ല ഉത്തരവാദികൾ. അത്തരം പ്രശ്നങ്ങളെ തരണം ചെയ്യാൻ അവരെ വളരെയധികം സഹായിക്കാൻ സാധിക്കുന്ന ഒരു സ്ഥാനത്തായിരിക്കുകയില്ല നിങ്ങൾ. ചില സമയങ്ങളിൽ ഭർത്സനം വളരെ ഗൗരവതരമായിരിക്കാം. അപ്പോൾ ഒരു യുവാവ് (യുവതി) ഒരുപക്ഷേ തന്റെ പ്രാദേശിക സഭയിലെ ക്രിസ്തീയ മൂപ്പനെ സമീപിച്ചുകൊണ്ട്, പുറമെ നിന്നുള്ള സഹായം തേടുന്നതായിരിക്കും ജ്ഞാനം.—യെശയ്യാവ് 32:1, 2.
എന്നിരുന്നാലും, മിക്കപ്പോഴും സാഹചര്യത്തെ കൂടുതൽ സഹനീയമാക്കുന്ന കാര്യങ്ങൾ നിങ്ങൾക്കു ചെയ്യുവാൻ സാധിക്കും. ഒരു സംഗതി, നിങ്ങൾക്ക് എപ്പോഴും ‘നിങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കുവാൻ’ കഠിനശ്രമം നടത്തുവാൻ കഴിയും—അവരുടെ പെരുമാററം അസഹനീയമാണെന്നു തോന്നുമ്പോൾ പോലും. (എഫേസ്യർ 6:2) മറുത്തുപറയുന്നതോ, അതുമല്ലെങ്കിൽ അവരുടെ നേർക്ക് തിരികെ ആക്രോശിക്കുന്നതോ ദൈവത്തിന് അപ്രീതികരമാണ്, അതു സംഘർഷത്തെ കൂടുതൽ വർദ്ധിപ്പിക്കുന്നതിലേക്ക് മാത്രമേ നയിക്കുകയുള്ളു.
എന്നാൽ, “മൃദുവായ ഒരു ഉത്തരം, കോപത്തെ ശമിപ്പിക്കുന്നു.” (സദൃശവാക്യങ്ങൾ 15:1) മൈ പേരൻറ്സ് ആർ ഡ്രൈവിംഗ് മീ ക്രേസി [എന്റെ മാതാപിതാക്കൾ എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു] എന്ന തന്റെ പുസ്തകത്തിൽ, എഴുത്തുകാരിയായ ജോയ്സി വെഡ്രാൾ, ഒരു രോഷാകുലയായ മാതാവ് ആലോചനാ ശൂന്യയായി, “നീ ജനിച്ച ദിവസത്തെ ഞാൻ ശപിക്കുന്നു” എന്നു പറയുന്ന ഒരു സാഹചര്യത്തെ നിർദ്ദേശിക്കുന്നു. “നിങ്ങൾ എന്റെ അമ്മയായിത്തീർന്ന ദിവസത്തെ ഞാൻ ശപിക്കുന്നു” എന്ന് തിരികെ ഒരു മറുപടി തൊടുത്തു വിടുന്നത് വാദപ്രതിവാദത്തെ വലിച്ചു നീട്ടുകമാത്രമെ ചെയ്യുകയുള്ളു. അതിനാൽ, “ചിലപ്പോൾ, ഒരു ദുർഘടസമയം ഞാൻ നിങ്ങൾക്കു നൽകുന്നു എന്നെനിക്കറിയാം. ഒരു മാതാവോ പിതാവോ ആവുക എന്നത് പ്രയാസകരമായിരിക്കണം,” എന്നതുപോലെയുള്ള ഒരു മറുപടി വെഡ്രാൾ നിർദ്ദേശിക്കുന്നു. ക്രോധാവേശത്തിനോട് ദയകൊണ്ട് പ്രതികരിക്കുന്നത് എളുപ്പമല്ല; എന്നാൽ വാഗ്വാദത്തിന്റെ അഗ്നിയെ അതു നന്നായി കെടുത്തിക്കളഞ്ഞേക്കാം.—സദൃശവാക്യങ്ങൾ 26:20 താരതമ്യപ്പെടുത്തുക.
ചിലപ്പോൾ അനാവശ്യമായ ഏററുമുട്ടലുകൾ ഒഴിവാക്കുകപോലും ചെയ്യാം. ബാർബറ എന്നു പേരുള്ള ഒരു യുവപ്രായക്കാരി, തന്റെ മാതാപിതാക്കളുമായിട്ടുണ്ടായ ചില ഏററുമുട്ടലുകൾ അനുസ്മരിച്ചുകൊണ്ട് ഇപ്രകാരം സമ്മതിക്കുന്നു: “ഞാൻ സംസാരിക്കുന്നതിനു മുമ്പായി എനിക്കു കൂടുതൽ ചിന്തിക്കാമായിരുന്നു. ഞാൻ കൂടുതൽ വിവേചനയുള്ളവളാകണമായിരുന്നു. എന്തെങ്കിലും സംഗതികൾ മൂലം നിങ്ങളുടെ മാതാപിതാക്കൾ ഭ്രാന്തുപിടിച്ചിരിക്കുകയാണെങ്കിൽ, പിന്നീട് ഒരവസരം വരെ കാത്തിരിക്കുക. അല്ലെങ്കിൽ എരിയുന്ന തീയിലേക്ക് എണ്ണ ഒഴിക്കുക മാത്രമായിരിക്കും അതു ചെയ്യുന്നത്.”
മറെറാരു ചെറുപ്പക്കാരൻ പറയുന്നു: “ഒരു വിസ്ഫോടനത്തിനു സാധാരണയായി തുടക്കം കുറിച്ചിരുന്നത് ഞാൻ ചെയ്യേണ്ടതായ എന്തെങ്കിലും ഞാൻ ചെയ്യാതിരുന്നപ്പോഴാണ് എന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. പാത്രങ്ങൾ കഴുകുന്നതുപോലെയോ, ചപ്പുചവറുകൾ വെളിയിൽ കളയുന്നതുപോലെയോ ഉള്ള എന്റെ ഗൃഹജോലികൾ നിർവ്വഹിക്കുന്നതിനെ സംബന്ധിച്ച് ഞാൻ കൂടുതൽ ബോധവാനായിരിക്കുന്നു.” ഫലമോ? കുറഞ്ഞ ഏററുമുട്ടലുകൾ.
നിങ്ങളുടെ ആത്മവിശ്വാസത്തിന്റെ നന്നാക്കൽ
എന്നാലും, വാക്കുകൾ കൊണ്ടുള്ള അധിക്ഷേപങ്ങൾക്ക് ഒരുവന്റെ ആത്മവിശ്വാസത്തെ തകർത്തുകളയുവാൻ സാധിക്കും. ആൻ (ആരംഭത്തിൽ സൂചിപ്പിക്കപ്പെട്ട) സമ്മതിക്കുന്നു: “ഞാൻ മൂഢയാണെന്നും, ഞാൻ കൊള്ളുകയില്ലാത്തവളാണെന്നും, ഞാനൊരു ഭാരമാണെന്നുമൊക്കെപ്പോലും ചിലപ്പോൾ ഞാൻ ചിന്തിക്കുവാൻ തുടങ്ങി.” അത്തരം നിഷേധാത്മക മനോഭാവങ്ങളിൽ നിന്ന് നിങ്ങൾക്കു നിങ്ങളെത്തന്നെ എങ്ങനെ രക്ഷപ്പെടുത്തുവാൻ കഴിയും?
തങ്ങളുടെ പ്രയാസം നിറഞ്ഞ ഗൃഹാന്തരീക്ഷത്തെ അതിജീവിക്കുവാനും, വൈകാരികമായി ക്ഷതമേൽക്കാത്തവരെന്നു തെളിയിക്കുവാനും അനേകം യുവാക്കൾക്കു സാധിച്ചിട്ടുണ്ട്. പഠനങ്ങൾ വെളിപ്പെടുത്തുന്നത് അത്തരം യുവാക്കൾക്ക് “സാധാരണയായി, അവരുടെ ജീവിതത്തിൽ ഒരു വ്യക്തിയെങ്കിലും അവർക്കുവേണ്ടി കരുതുന്നവർ ഉണ്ടായിരുന്നു” എന്നാണ്. ഒരു മന:ശാസ്ത്ര സാമൂഹ്യപ്രവർത്തകയായ ജാനററ് ഡ്രോബ്സ് വിശദീകരിക്കുന്ന പ്രകാരം: “യുവാക്കൾ ക്രിയാത്മകരും അവരെ വിലമതിക്കുന്നവരുമായ ആളുകളുമായി സമയം ചെലവിടേണ്ടതുണ്ട്.” ഒരുപക്ഷേ നിങ്ങളുടെ മാതാപിതാക്കളിൽ ഒരാളോടെങ്കിലും നിങ്ങൾ ഇപ്പോഴും നന്നായി ബന്ധം പുലർത്തുന്നുണ്ടായിരിക്കാം. ആ വ്യക്തിയോട് കൂടുതൽ അടുത്തുചെല്ലുവാനും സാധിക്കുമായിരിക്കും. ക്രിസ്തീയ സഭയിലും നിങ്ങൾക്ക് യഥാർത്ഥ സഹായവും പിന്തുണയുമാകുന്ന, കരുതലുള്ള വ്യക്തികൾ എത്ര വേണമെങ്കിലും കാണും.—സദൃശവാക്യങ്ങൾ 13:20.
ഒരു വാദ്യോപകരണം വായിക്കുവാൻ പഠിക്കുന്നതുപോലെയോ, ഒരു വിദേശഭാഷ സ്വായത്തമാക്കുവാൻ ശ്രമിക്കുന്നതുപോലെയോ ഉള്ള ഒരു നിർമ്മാണാത്മകമായ ഹോബി സ്വീകരിക്കുന്നത് നിങ്ങളുടെ ആത്മവിശ്വാസത്തെ ഉയർത്തുവാനായി സഹായിക്കുവാൻ കഴിയും. ദൈവവചനം പഠിക്കുവാൻ മററുള്ളവരെ സഹായിക്കുന്നത് വിശേഷിച്ചും സംതൃപ്തിദായകമായ ഒരു പ്രവൃത്തിയായിരിക്കും—വിശേഷിച്ച് ദൈവം നിങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിക്കുന്നത് നിങ്ങൾ കാണുമ്പോൾ! (1 കൊരിന്ത്യർ 3:6-9 താരതമ്യപ്പെടുത്തുക.) ആൻ പറയുന്നു: “യഹോവ സ്നേഹപൂർവ്വം പങ്കെടുക്കുവാൻ അനുവദിച്ച [മുഴുസമയ] സേവനത്തിലൂടെ, ഞാൻ, എന്റെ പിതാവു ചിന്തിക്കുവാൻ ആഗ്രഹിക്കുന്നതുപോലെ, ഒരു മൂഢ അല്ല എന്ന് എനിക്കു തിരിച്ചറിയുവാൻ സാധിച്ചു.”
സന്തോഷകരമെന്നു പറയട്ടെ, ഏററവും മോശമായ സാഹചര്യംപോലും എന്നേക്കും തുടരുകയില്ല. കൂടാതെ, നിങ്ങളുടെ മാതാപിതാക്കളുടെ പ്രവർത്തനങ്ങൾ, ഒരുനാൾ നിങ്ങൾതന്നെ മോശപ്പെട്ട മാതാപിതാക്കൾ ആകുവാൻ നിങ്ങളെ തള്ളിവിടുകയില്ല. നിങ്ങൾ എങ്ങനെയുള്ള മാതാവോ പിതാവോ ആകും എന്നുള്ളതിനെ നിങ്ങളുടെ മാതാപിതാക്കളുടെ ഏതു മോശപ്പെട്ട ദൃഷ്ടാന്തത്തെക്കാളുമധികം സ്വാധീനിക്കുവാൻ ദൈവവചനത്തിനു കഴിയും. അതിനിടയിൽ, നിങ്ങളെ സഹിച്ചു നിൽക്കുവാൻ സഹായിക്കുവാനായി യഹോവയാം ദൈവത്തിലേക്കു നോക്കുക. ഭർത്സനങ്ങൾക്കു മുമ്പിൽ നിങ്ങൾ തന്നെ ഉചിതമായി ഇടപെടുവാൻ നിങ്ങൾ നടത്തുന്ന ശ്രമം അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കും.—സദൃശവാക്യങ്ങൾ 27:11.
നിങ്ങൾ കാര്യങ്ങളെ പക്വതയോടെ കൈകാര്യം ചെയ്യുന്നത് നിങ്ങളുടെ മാതാപിതാക്കളെ മാററത്തിലേക്കു പോലും തള്ളിവിട്ടേക്കാം. ആരംഭത്തിൽ കണ്ട വ്യഗ്രമനസ്കയായിരുന്ന മർലീൻ പറയുന്നു: “എന്റെ ജീവിതം മുഴുവൻ എന്റെ മാതാവ് ആക്രോശിക്കുകയും ഞാൻ തിരികെ മറുപടിപറയുകയുമായിരുന്നു. എന്നാൽ ഇപ്പോൾ ദൈവവചനം പറയുന്നത് പ്രായോഗികമാക്കുവാൻ ഞാൻ ശ്രമിക്കുന്നു. അതു പ്രവർത്തിക്കുന്നു. മമ്മിയുടെ നിലപാട് മാറുവാൻ തുടങ്ങിയിരിക്കുന്നു. ബൈബിൾ പ്രാവർത്തികമാക്കിയതിനാൽ, എനിക്കു മമ്മിയെ കൂടുതൽ നന്നായി മനസ്സിലാക്കുവാൻ ഇടയായി. ഞങ്ങളുടെ ബന്ധം മെച്ചപ്പെട്ടു.” നിങ്ങൾ മുൻകൈയെടുക്കുന്നതിനാൽ നിങ്ങളുടെ സാഹചര്യവും മെച്ചപ്പെടുത്തുവാൻ കഴിയും. (g89 6/8)
[അടിക്കുറിപ്പുകൾ]
a ശിശുപീഡനത്തെ തടയുവാനുള്ള ദേശീയകമ്മിററി (യു. എസ്സ്.) പ്രസിദ്ധീകരിച്ച ‘ഫാക്ററ് ഷീററ്’ പറയുന്നു: “വൈകാരിക അധിക്ഷേപങ്ങൾ ഒരു വ്യാപിക്കുന്ന മാതൃകയായി, മാതാപിതാക്കളുടെ നിഷേധാത്മക പെരുമാററങ്ങളുടെ ഒരു സ്വഭാവമാണ്. മറിച്ച്, കേവലം ഒററപ്പെട്ട സംഭവങ്ങളോ, അഥവാ മാതാപിതാക്കളുടെ വികാരങ്ങളുടെ സാധാരണയായ ഏററമോ ഇറക്കമോ അല്ല എന്ന് നിരീക്ഷിക്കുന്നതു പ്രധാനമാണ്.”—ഇററാലിക്സ് ഞങ്ങളുടെത്.
[12-ാം പേജിലെ ആകർഷകവാക്യം]
ഭർത്സിക്കുന്ന മാതാപിതാക്കളിൽ 85 ശതമാനവും അവർ കുട്ടികളായിരുന്നപ്പോൾ ഭർത്സനം അനുഭവിച്ചവരാണെന്ന് ഒരു പഠനം വെളിപ്പെടുത്തുന്നു
[13-ാം പേജിലെ ചിത്രം]
ഒരു വാദ്യോപകരണം വായിക്കുവാൻ പഠിക്കുന്നതുപോലെയുള്ള, നിർമ്മാണാത്മകമായ ഒരു ഹോബി സ്വീകരിക്കുന്നതിന്, നിങ്ങളുടെ ആത്മവിശ്വാസത്തെ ഉയർത്തുവാൻ കഴിയും