ജനിതക വിപ്ലവം—വർദ്ധിച്ചുവരുന്ന ഉൽക്കണഠസഹിതം വലിയ വാഗ്ദാനം
ജനിതക വിപ്ലവം പരീക്ഷണശാലയിൽനിന്ന് അനുദിന ജീവിതത്തിലേക്ക് കടക്കുകയാണ്. അത് ഇപ്പോൾത്തന്നെ നിങ്ങളെ ബാധിച്ചിട്ടുണ്ടോ? ഇത് പരിചിന്തിക്കുക:
▲ ജനിതകമായി മാററം വരുത്തപ്പെട്ട ബാക്ററീരിയാകൾക്ക് ഇപ്പോൾ ഇൻസുലിൻ, മനുഷ്യവളർച്ചക്കുള്ള ഹോർമോൺ, ഹെപ്പറൈറററിസ് ബി-ക്കുള്ള ഒരു വാക്സിൻ എന്നിങ്ങനെയുള്ള വിലപ്പെട്ട ഔഷധങ്ങൾ ധാരാളമായി ഉല്പാദിപ്പിക്കാൻ കഴിയും.
▲ ഐക്യനാടുകളിൽ എയഡസിനെതിരായ രണ്ടു ശക്തമായ വാക്സിനുകൾ സംബന്ധിച്ച ക്ലിനിക്കൽപരീക്ഷണങ്ങൾ തുടങ്ങിയിട്ടുണ്ട്, രണ്ടും ജനിതകശാസ്ത്രത്തിന്റെ സഹായത്തോടെയാണ് നിർമ്മിക്കപ്പെട്ടത്.
▲ നിരവധി പാരമ്പര്യരോഗങ്ങൾക്കുള്ള “സൂചനകൾ” മാനുഷ ഡി. എൻ. എ. യിൽ കാണപ്പെടുന്നതുകൊണ്ട് ജനനത്തിനു മുമ്പേതന്നെ അവക്കുള്ള പരിശോധനകൾ സാദ്ധ്യമായിക്കൊണ്ടിരിക്കുകയാണ്. സിക്കിൾസെൽ അനീമിയായിക്ക് ജനനത്തിനുമുമ്പേ നടത്താവുന്ന അത്യന്തം സംവേദകവും അതിസത്വരവുമായ ഒരു പരീക്ഷണം അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
▲ ചില പാരമ്പര്യരോഗങ്ങൾക്കിടയാക്കുന്ന യഥാർത്ഥ ജീനുകൾ വേർതിരിച്ചെടുക്കപ്പെട്ടിട്ടുണ്ട്, ചില കേസുകളിൽ ജനിതക എൻജിനിയറിംഗ് മുഖേനയുള്ള ക്ലോണിംഗിനാൽ അവ പുനരുല്പാദിപ്പിക്കപ്പെട്ടിട്ടുമുണ്ട്.
▲ ജീൻസ് കണ്ടെത്തിയതിൽ ഉൻമത്തരായി ചില ശാസ്ത്രജ്ഞൻമാർ മനുഷ്യ ഡി. എൻ. എ. യിൽ ഉൾക്കൊണ്ടിരിക്കുന്ന 23 ജോടി ക്രോമസങ്ങളിലെ 1,00,000ത്തോളം വരുന്ന ജീനുകളുടെയെല്ലാം സങ്കേതനം നിശ്ചയിക്കുന്നതിനുള്ള ഒരു ബൃഹത്തായ സംയുക്ത പദ്ധതിയുടെ ആശയം മുന്നോട്ടുവെക്കുന്നുണ്ട്. ഈ പദ്ധതിക്കു പിന്തുണ കൊടുക്കാമെന്ന് യു.എസ്. ഫെഡറൽ ഗവൺമെൻറ് സമ്മതിച്ചിട്ടുണ്ട്. കോൺഗ്രസ്സ് അംഗീകരിക്കുകയാണെങ്കിൽ അതിന് 15 വർഷമെടുക്കുമെന്നും സഹസ്രകോടിക്കണക്കിന് രൂപാ ചെലവു വരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
▲ ആയിരത്തിത്തൊള്ളായിരത്തിഎൺപത്തിയേഴിൽ ജനിതക എൻജിനിയറിംഗിലൂടെ മാററം വരുത്തപ്പെട്ട മൃഗങ്ങളുടെ പേററൻറിനുവേണ്ടിയുള്ള അപേക്ഷകൾ പരിഗണിക്കാൻ തയ്യാറാണെന്ന് യു. എസ്. പേററൻറ് ഓഫീസ് പറയുകയുണ്ടായി. ഇത് ശാസ്ത്രജ്ഞൻമാരുടെയും നൈതികവാദികളുടെയും ഇടയിൽ ഒരു സജീവ വാദപ്രതിവാദത്തിന് തിരികൊളുത്തി. 1988 ഏപ്രിലിൽ ഒരു എലിക്ക് അങ്ങനെയുള്ള പേററൻറ് അനുവദിക്കപ്പെട്ടു.
വൻതോതിലുള്ള ഔഷധനിർമ്മാണം
ഒരുപക്ഷേ ജീനിന്റെ ഇഴ പിരിച്ചു ചേർക്കുന്ന വിദ്യയായ ജീൻ-സ്പ്ലൈസിംഗിന്റെ ഏററവും സത്വരമായ പ്രതിഫലം ഔഷധ നിർമ്മാണത്തിലാണ്. ജനിതക എൻജിനിയറിംഗിലൂടെ നിർമ്മിച്ച ഔഷധങ്ങളുടെ വില്പന സമീപഭാവിയിൽ വർഷംതോറും നൂറുകോടി ഡോളറിൽ കവിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. എന്നാൽ ഈ വിജയം ഒററ രാത്രികൊണ്ടു കിട്ടിയതല്ല.
ദൃഷ്ടാന്തത്തിന്, ഇൻസുലിനിന്റെ സംഗതിയെടുക്കുക. ഡി. എൻ. എ പുനഃസംയോജിപ്പിക്കുന്ന സാങ്കേതികവിദ്യയുടെ പ്രാരംഭഫലങ്ങളിലൊന്ന് മനുഷ്യ ഇൻസുലിനുള്ള (ക്രോമസം 11-ൽ സ്ഥിതിചെയ്യുന്ന) ജീനിനെ കണ്ടെത്തുന്നതും അനന്തരം അതിന്റെ പകർപ്പുകൾ സാധാരണ ഇ. കോളൈ ബാക്ററീരിയായിൽ അതിന്റെ പകർപ്പുകൾ ഒട്ടിച്ചുചേർക്കുകയും ചെയ്യുന്നതുമായിരുന്നു. ഈ മാററംവരുത്തപ്പെട്ട ബാക്ററീരിയാകൾക്ക് മാനുഷ ഇൻസുലിൻതൻമാത്രകളുടെ കൃത്യമായ ഘടനയോടുകൂടിയ ഇൻസുലിൻ വലിയ അളവിൽ ഉല്പാദിപ്പിക്കാൻ കഴിയും. വിസ്മയാവഹം!
എന്നിരുന്നാലും, ഈ സാങ്കേതികവിദ്യ പരീക്ഷണശാലയിൽനിന്ന് നീങ്ങി ക്ലിനിക്കൽ പരിശോധനകൾ കഴിഞ്ഞ് യു.എസ്. എഫ്.ഡി.എ ഡ്രഗ്ഗ് അംഗീകാരപ്രകിയയും കടന്ന് ഒടുവിൽ പൂർണ്ണതോതിലുള്ള ഉല്പാദനത്തിലും ലഭ്യതയിലും എത്തുന്നതിന് പല വർഷങ്ങളെടുത്തു. ഈ ഇൻസുലിനിന്റെ ലഭ്യത പ്രമേഹത്തിനുള്ള ഒരു പ്രതിവിധി കണ്ടെത്തപ്പെട്ടുവെന്നർത്ഥമാക്കുന്നില്ല, അനേകം പ്രമേഹരോഗികൾ നിങ്ങളോട് അതുതന്നെ പറയും. യഥാർത്ഥത്തിൽ ജോൺസ് ഹോപ്ക്കിൻസ് ഡയബീററിസ് സെൻററിന്റെ ഡയറക്ടറായ ഡോ. ക്രിസ്ററഫർ ഡി. സോഡക്ക് പറയുന്നതനുസരിച്ച് ഈ ഉല്പന്നത്തിന് “ഇൻസുലിൻകൊണ്ട് പുതുതായി ചികിൽസിക്കുന്നവർക്ക് അല്ലെങ്കിൽ സാധാരണ മാട്⁄പന്നി ഇൻസുലിനോട് അലർജിയുള്ളവർക്ക് ചില വിധങ്ങളിൽ ഗുണകരമായിരുന്നേക്കാമെങ്കിലും പതിവു തയ്യാരിപ്പുകൾ സ്വീകരിക്കുന്ന ബഹുഭൂരിപക്ഷത്തിനും [അത്] ആവശ്യമായിരിക്കുന്നില്ല.”
ജനിതക എൻജിനിയറിംഗിലൂടെ തയ്യാറാക്കുന്ന ഔഷധങ്ങളുടെ മററ് ഊർജ്ജിതസാധ്യതകളിൽ ററി. പി. എയും (ററിഷ്യൂ പ്ലാസ്മിനോജൻ ആക്ററിവേററർ) ഐ. എൽ-2ഉം (ഇൻറർല്യൂക്കിൻ-2) ഉൾപ്പെടുന്നു. ററി. പി. എ രക്തം കട്ടിയാകൽ തടയാൻ സഹായിക്കുന്നു. ഹാർട്ട് അററാക്കിന്റെ ഇരകൾക്ക് അടിയന്തിര ചികിൽസക്ക് എഫ്. ഡി. എ അതംഗീകരിച്ചിട്ടുണ്ട്. ഐ. എൽ-2 മുഖ്യമായി വെളുത്ത രക്തകോശങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഘടകങ്ങളുടെ കുടുംബത്തിൽപെട്ടതാണ്. അത് ററി കോശങ്ങളുടെ വളർച്ചയെയും വികാസത്തെയും ഉത്തേജിപ്പിക്കുന്നു. ക്രമത്തിൽ അവ രോഗത്തോടു പോരാടാൻ സഹായിക്കുന്നു. ഈ പുതിയ ഔഷധങ്ങൾ അവയുടെ വാഗ്ദാനങ്ങൾ നിറവേററുമോയെന്ന് കാലം തെളിയിക്കും.
ജനിതക രോഗപരിശോധന
ഗവേഷകർ 1986-ൽ ജനിതകവും കാൻസറും തമ്മിൽ ഒരു ബന്ധം കാണുകയുണ്ടായി. അവർ (ക്രോമസം 13ൽ) റെററിനോ ബ്ലാസ്റേറാമാ എന്ന പേരിലറിയപ്പെടുന്ന ഒരു പാരമ്പര്യനേത്രകാൻസറിനെ തടയുന്ന ഒരു ജീൻ വേർപെടുത്തിയെടുക്കുകയും ക്ലോൺചെയ്യുകയും ചെയ്തു. സംശയിക്കപ്പെടുന്ന ജീനുകളും ബോൺകാൻസറിനോടും പഴകിയ മയലോയിഡ് ല്യൂക്കേമിയായോടുമുള്ള ബന്ധത്തിന്റെ സാദ്ധ്യതയറിയാൻ പരിശോധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ജീനുകൾക്ക് കാൻസർ വർദ്ധിപ്പിക്കാനും അതിനെ ശമിപ്പിക്കാനും കഴിയുമെന്നുള്ളതിന് തെളിവു കൂടിവരുകയാണ്. ലോസ്ആൻജലീസിലെ കാലിഫോർണിയാ യൂണിവേഴ്സിററിയിലുള്ള ഡോക്ടർമാർ ഒരു സാധാരണ കോശത്തിന് ഓങ്കോജീൻസ് (മുഴ ഉണ്ടാക്കുന്നവ) ഉണ്ടായിരിക്കാമെന്നും എന്നാൽ ഒരു കാൻസർകോശത്തിന് അതിന്റെ പത്തുമടങ്ങുണ്ടായിരിക്കാമെന്നും കണ്ടെത്തിയിരിക്കുന്നു. കൂടുതൽ ഓങ്കോജീനുകളുടെ അർത്ഥം കൂടുതൽ അപകടകരമായ ററ്യൂമറുകൾ എന്നാണെന്നു തോന്നുന്നു. അതുകൊണ്ട് ഗവേഷകർ ഇപ്പോൾ തങ്ങളുടെ രോഗികളെ എങ്ങനെ നന്നായി ചികിൽസിക്കാമെന്ന് നിർണ്ണയിക്കാൻ അവരിലെ ഓൺകോജീനുകൾ എണ്ണുകയാണ്.
ഇതെല്ലാം ആശകൊടുത്ത് നിരാശപ്പെടുത്തുകയാണ്, എന്നാൽ കാൻസർമാത്രമല്ല ജനിതകഘടകത്തോടുകൂടിയ ഏകരോഗം. സയൻസിലെ ഒരു റിപ്പോർട്ട് 21ൽ കുറയാത്ത നാഡീസംബന്ധമായ ക്രമക്കേടുകളുടെയും ഈ രോഗങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നതായി തോന്നുന്ന ജീനുകളുടെയും അല്ലെങ്കിൽ ക്രോമസമുകളുടെയും പട്ടിക നൽകി. ലിസ്ററിൽ ആൽസീമേഴ്സ് രോഗം, ഹണ്ടിംഗ്ടൺസ് രോഗം, ഡ്യൂക്കിനെസ് മസ്ക്കുലർ ഡിസ്ട്രോഫി എന്നിവ ഉൾപ്പെടുന്നു; ലിസ്ററ് നാഡീസംബന്ധമായ പ്രശ്നങ്ങളിൽ ഒതുങ്ങിനിന്നില്ല. സിസ്ററിക്ക് ഫൈബ്രോസിസ്, പോളിസിസ്ററിക്ക് വൃക്കരോഗം എന്നിവക്കും മററനേകം രോഗങ്ങൾക്കും ജനിതകസൂചനകൾ കണ്ടെത്തപ്പെട്ടിട്ടുണ്ട്.
ഇവയെല്ലാം നമുക്കോ നമ്മുടെ മക്കൾക്കോ, അറിയപ്പെടുന്ന 3,000ത്തിൽപരം പാരമ്പര്യരോഗങ്ങളിലൊന്ന് പിടിപെടുന്നതിന്റെ ഉയർന്ന സാദ്ധ്യതയുണ്ടോയെന്ന് നമ്മോടു പറയാൻ കഴിയുന്ന ജനിതകപരിശോധനയുടെ കൗതുകകരമായ സാദ്ധ്യത ഉയർത്തുന്നു. എന്നാൽ അത് അത്ര ലളിതമല്ല. അങ്ങനെയുള്ള രോഗങ്ങളെല്ലാം ഒരൊററ ജീനിനാൽ വരുത്തപ്പെടുന്നതല്ല. ആൾസീമേഴ്സ്രോഗത്തിൽ സത്യമായി കാണപ്പെടുന്നതുപോലെ, പല ജീനുകളും മററു ഘടകങ്ങളും ഉൾപ്പെട്ടിരിക്കുന്നിടത്ത് പരിശോധന പ്രയാസമായിരിക്കും. മററു ചില കേസുകളിൽ രോഗത്തിനിടയാക്കുന്ന യഥാർത്ഥജീനുകൾ കണ്ടെത്തപ്പെടുകയും ക്ലോൺചെയ്യപ്പെടുകയുംപോലും ചെയ്തിരിക്കുന്നു. എന്നാൽ ഒട്ടുമിക്കപ്പോഴും അവയുടെ പൊതുസ്ഥാനമേ അറിയപ്പെടുന്നുള്ളു. കണ്ടെത്തപ്പെട്ടിട്ടുള്ളത് ഒരു ജീനല്ല, പിന്നെയോ ജനിററിക്ക് മാർക്കർ എന്നറിയപ്പെടുന്ന ഡി.എൻ.എ. യുടെ ഒരു സമീപഭാഗമാണ്. “ഇന്ന് സ്ഥിതിചെയ്യുന്ന രൂപത്തിലുള്ള മാനുഷ ജീനോമിന്റെ ചിത്രം വളരെ അപൂർണ്ണമാണ്” എന്ന് മാർച്ച് ഓഫ് ഡൈംസ് ബേർത്ത്ഡിഫക്ററ്സ് ഫൗണ്ടേഷന്റെ സയൻസ് ഇൻഫർമേഷൻ എഡിറററായ ജാൻ ഹൂഡിസ് റിപ്പോർട്ടുചെയ്യുന്നു. അതിനെ “ഉയർന്ന പർവതനിരകളൊഴിച്ചുള്ള സകലത്തെയും ഒരു താണ മേഘം മറച്ചിരിക്കുമ്പോൾ എടുക്കുന്ന ഒരു ഉപഗ്രഹഫോട്ടോയോട് താരതമ്യപ്പെടുത്താൻ കഴിയും” എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ജനിതക റെറസററിംഗിലെ വൈഷമ്യം
വിപുലമായ ജനിതക റെറസ്ററിംഗിലെ വാഗ്ദാനം വലുതാണ്. “ചില കേസുകളിൽ കണ്ടുപിടുത്തങ്ങൾ തങ്ങളുടെ മക്കളിലേക്ക് രോഗലക്ഷണത്തെ കടത്തിവിടാൻ കഴിയുന്ന ആരോഗ്യമുള്ള വാഹകരെ തിരിച്ചറിയാനോ ജനനത്തിനുമുമ്പുതന്നെ രോഗാവസ്ഥയെ നിർണ്ണയിക്കാനോ സാദ്ധ്യമാക്കിയിട്ടുണ്ട്” എന്ന് ന്യൂയോർക്ക റൈറംസ പ്രസ്താവിക്കുന്നു. ഇത് തീർച്ചയായും വിലപ്പെട്ട വിവരങ്ങളാണ്, എന്നാൽ റൈറംസ ഇങ്ങനെ തുടർന്നു ചൂണ്ടിക്കാട്ടുന്നു: “ഇവ സയൻസിന്റെ വിജയങ്ങളാണ്, എന്നാൽ അവ രോഗങ്ങളുടെ പെട്ടെന്നുള്ള ജയിച്ചടക്കലിനെ അർത്ഥമാക്കുന്നില്ല. ജനിതകമായി വരുത്തപ്പെടുന്ന ഒരു രോഗത്തെ തിരിച്ചറിയുന്നത് ഒരു സംഗതിയും അതിനെ സുഖപ്പെടുത്തുന്നത് മറെറാരു സംഗതിയുമാണ്.
കാലക്രമത്തിൽ ഏറെ പാരമ്പര്യരോഗങ്ങൾക്കിടയാക്കുന്ന യഥാർത്ഥ ജീനുകളെ കണ്ടെത്തുമെന്നുള്ള പ്രത്യാശ സ്ഥിതിചെയ്യുന്നുണ്ട്. ജീനുകൾ എന്തു ചെയ്യുന്നുവെന്നും എന്തു കുഴപ്പംപററിയെന്നുമുള്ള ഗ്രാഹ്യം ഇന്നോളം സങ്കൽപ്പിച്ചിട്ടുപോലുമില്ലാത്ത ചികിൽസകളിലേക്കു നയിച്ചേക്കാം.
ഇതിനിടയിൽ ജനിതകപരിശോധനകൾക്കു വിധേയമാകുന്ന മാതാപിതാക്കൾ ഒരുപക്ഷേ തങ്ങളുടെ അജാതശിശുക്കളെ അലസിപ്പിക്കാനുള്ള സമ്മർദ്ദം ഉൾപ്പെടെയുള്ള പ്രയാസമേറിയ തീരുമാനങ്ങളെ അഭിമുഖീകരിക്കുന്നു. അവരിൽ ചിലർക്ക് ഗർഭച്ഛിദ്രം പ്രശ്നമല്ലായിരിക്കാം, എന്നാൽ മററു ചിലർക്ക് യഥാർത്ഥ ജീനുകൾക്കല്ല, സൂചനകൾക്കായി പരിശോധന നടത്തുമ്പോൾ തീരുമാനം സങ്കീർണ്ണമായിത്തീരുന്നു. സൂചനയുടെ സാന്നിദ്ധ്യം ജീൻസ് എപ്പോഴും സ്ഥിതിചെയ്യുന്നുവെന്ന് അർത്ഥമാക്കുന്നില്ല.
“ഓരോ വർഷവും ഞങ്ങൾ ഏക-ജീൻരോഗങ്ങളുടെ അധികമധികം ജനിതകസൂചനകൾ കണ്ടെത്തുന്നുവെന്ന് ജീവസാങ്കേതികശാസ്ത്രത്തെ വിമർശിച്ചുസംസാരിക്കുന്ന ജറമി റിഫ്ക്കിൻ പ്രസ്താവിക്കുന്നു. “നിങ്ങൾ എവിടെയാണ് അതിർത്തി നിർണ്ണയിക്കുന്നത്? അനേകായിരം അപകട ലക്ഷണങ്ങളുണ്ട്. ല്യൂക്കേമിയായിക്ക് നിങ്ങളുടെ കുട്ടിയെ മൂന്നാംവയസ്സിൽ കൊല്ലാൻ കഴിയും, ഹൃദ്രോഗത്തിന് 30-ാംവയസ്സിലും ആൽസീമേഴ്സ് രോഗത്തിന് 50-ാമത്തെ വയസ്സിലും കൊല്ലാൻ കഴിയും. ഇല്ല എന്ന് നിങ്ങൾ ഏതു ഘട്ടത്തിലാണ് പറയുന്നത്? നേരിടാവുന്ന ആരോഗ്യവ്യയം ഹേതുവായി ചില ലക്ഷണങ്ങൾ കടത്തിവിടാതിരിക്കാൻ സമുദായം നിയമനിർമ്മാണം നടത്തുകയോ മാതാപിതാക്കളെ നിർബന്ധിക്കുകയോ ചെയ്തേക്കാം.” ജീവനെ രക്ഷിക്കാനും കഷ്ടപ്പാടിനെ ദൂരീകരിക്കാനും ഉദ്ദേശിക്കപ്പെട്ടിരിക്കുന്ന ഒരു സാങ്കേതികവിദ്യ അജാതശിശുക്കളുടെ ജനിതകഗുണവിശേഷങ്ങൾ “അനഭിലഷണീയമാണ്” എന്നു ചിലർക്കു തോന്നുന്നതുകൊണ്ട് അങ്ങനെയുള്ള ശിശുക്കളുടെ അനാവശ്യമരണത്തിനിടയാക്കുന്നുവെങ്കിൽ അത് വാസ്തവത്തിൽ ഒരു സങ്കടകരമായ വിരോധാഭാസമായിരിക്കും.
അതു നിയമജ്ഞൻമാർക്കു വിടുക
രസാവഹമായി, പുതിയ ജീവസാങ്കേതികവിദ്യയുടെ വിജയം പ്രശ്നങ്ങളുടെ പുതിയ ഒരു സംഹിതതന്നെ സൃഷ്ടിച്ചിരിക്കുകയാണ്—ഉണ്ടാക്കേണ്ടിയിരിക്കുന്ന പണത്തെ സംബന്ധിച്ച വഴക്ക്. “വ്യവഹാരം ജീവസാങ്കേതികവിദ്യയുടെ മുഖ്യ ഉല്പന്നമായിരിക്കുകയാണോ?” എന്ന് സയൻസ ന്യൂസ ചോദിക്കുകയുണ്ടായി, മുഖ്യ ഔഷധക്കമ്പനികൾ പരസ്പരം കേസുകൊടുക്കുകയും ചെറിയ ജീൻസ്പ്ലൈസിംഗ് കമ്പനികൾ ജനിതക എൻജിനിയറിംഗിലൂടെ നിർമ്മിച്ച ഒരു മാനുഷവളർച്ചാഹോർമോണായ ഐ. എൽ-2വിന്റെ അവകാശങ്ങൾ സംബന്ധിച്ചും വിപണനാർഹമായ മററു ഔഷധങ്ങൾ സംബന്ധിച്ചും വ്യവഹാരത്തിലേർപ്പെടുന്നതും കാണുകയാൽത്തന്നെ.
ഔഷധങ്ങളുടെ പേററൻറ്സംബന്ധിച്ച തർക്കങ്ങൾ സങ്കീർണ്ണമാണ്, എന്നാൽ കഴിഞ്ഞ വർഷത്തെ യു.എസ്. പേററൻറ് ഓഫീസ്നിബന്ധന അനുവദിക്കുന്ന പ്രകാരം, ജനിതകമായി മാററംവരുത്തിയ മൃഗങ്ങളുടെ പേററൻറ് നേടാൻ ആളുകൾ ശ്രമിച്ചുതുടങ്ങുമ്പോൾ എന്തു സംഭവിക്കുന്നു? സാൻഡിയാഗോയിലെ ഗവേഷകർ മിന്നാമിനുങ്ങുകളുടെ ജീൻസുകൾ പുകയിലച്ചെടികളിൽ സ്പ്ലൈസ് ചെയ്യുന്നതിൽ വിജയിച്ചിട്ടുണ്ട്, അങ്ങനെ ഇരുട്ടിൽ തിളങ്ങുന്ന ചെടികൾ സൃഷ്ടിക്കപ്പെട്ടു! മറെറാരു പുകയിലച്ചെടിക്ക് ചെടിയെ തിന്നുന്ന പുഴുക്കൾക്ക് വിഷമായിരിക്കുന്ന ഒരു പ്രോട്ടീൻ നിർമ്മിക്കുന്നതിന് ഒരു ബാക്ടീറിയത്തിൽനിന്നുള്ള ഒരു ജീൻ കൊടുക്കപ്പെട്ടു. മേരിലാൻഡ് ശാസ്ത്രജ്ഞൻമാർ ഒരു മറുജനിതക പന്നിയുമായി മുന്നോട്ടുവന്നിട്ടുണ്ട്—ഒരു പശുവിൽനിന്നുള്ള ഒരു വളർച്ചാ ഹോർമോണോടുകൂടിയ പന്നി.
പ്രവണതകൾ സംബന്ധിച്ച് ഉൽക്കണഠ
ബന്ധമില്ലാത്ത ജന്തുജാതികളിൽനിന്നുള്ള ജീനുകൾ കൂട്ടിയോജിപ്പിക്കാനുള്ള ഈ പ്രവണതയിൽ ഉൽക്കണ്ഠയുള്ള നിരവധിപേരുണ്ട്. ചില കർഷകസംഘങ്ങൾ ചെറിയ കൃഷിയിടങ്ങളെ അപേക്ഷിച്ച് വലിയ സംയുക്ത കൃഷിയിടങ്ങളെ അനുകൂലിക്കുന്ന സാങ്കേതികവിദ്യാ പരമ്പരയിലെ മറെറാന്നായിട്ടാണ് “ജനിതക എൻജിനിയറിംഗിനെ കാണുന്നത്.” മൃഗങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന സമൂഹങ്ങൾ “അതിനെ മൃഗങ്ങളുടെ അഖണ്ഡതയോടുള്ള ആത്യന്തിക അവഹേളനമായി കാണുന്നു”വെന്ന് ദി ന്യൂയോർക്ക റൈറംസ പ്രസ്താവിക്കുന്നു.
“ജീവൻ എന്താണെന്ന് നമുക്കറിവില്ല, എന്നിട്ടും നാം അത് ഒരു അജൈവ ഉപ്പുലായനിയാണെന്നുള്ള മട്ടിൽ അതിനെ കൈകാര്യംചെയ്യുന്നു”വെന്ന് കൊളംബിയാ യൂണിവേഴ്സിററി മെഡിക്കൽ സ്ക്കൂളിലെ ജീവരസതന്ത്ര പ്രൊഫസ്സർ എമിറററ്സ് ആയ ഡോ.എർവിൻ ചാർഗാഫ് എഴുതുന്നു. അദ്ദേഹം ഇങ്ങനെ തുടരുന്നു: “ഞാൻ കാണുന്നത് ഒരു വലിയ കശാപ്പുശാല, ഒരു തൻമാത്രാ ആഷ്വിററ്സ്, രൂപംകൊള്ളുന്നതാണ്, അതിൽ സ്വർണ്ണപ്പല്ലിനുപകരം വിലയേറിയ എൻസൈമുകളും ഹോർമോണുകളും മററും വേർതിരിച്ചെടുക്കപ്പെടും.”
ജനിതകമായി മാററം വരുത്തപ്പെട്ട ജീവികൾ പരിസ്ഥിതിയിൽ അഴിച്ചുവിടപ്പെടുമ്പോൾ ഉൾപ്പെട്ടിരിക്കുന്ന അറിയപ്പെടാത്ത അപകടങ്ങളെക്കുറിച്ച് മററു ചിലർ ഭയപ്പെടുന്നുണ്ട്. ഒരു കാലിഫോർണിയാ കമ്പനി അനുവാദം കൂടാതെ മാററംവരുത്തപ്പെട്ട ബാക്ററീരിയാകളെ പുറത്തുവിട്ടപ്പോൾ 1985ൽ അതിന് 13,000 ഡോളർ പിഴയിടപ്പെട്ടു. കാലിഫോർണിയാ കോടതികൾ ഒടുവിൽ 1987ൽ രണ്ടു പരീക്ഷണവയലുകളിൽ സമാനമായ ബാക്ററീരിയാകളെ വിടാൻ അനുവദിച്ചപ്പോൾ സർവനാശകതൽപ്പരർ സത്വരം ചെടികളെ പിഴുതുമാററി. ഒരു മൊണ്ടാനാ സസ്യരോഗവിദഗ്ദ്ധൻ ജനിതകമായി മാററം വരുത്തപ്പെട്ട ബാക്ററീരിയാകളെ ചില തണൽവൃക്ഷങ്ങളിൽ കുത്തിവെച്ച 1987ൽ പൊതുജനങ്ങളുടെ ഉൽക്കണ്ഠ വീണ്ടും പ്രദീപ്തമാക്കപ്പെട്ടു. ഒരു പരിസ്ഥിതിസംരക്ഷണ ഏജൻസിയുടെ പുനരവലോകനത്തിനായി തന്റെ പരീക്ഷണം താമസിപ്പിക്കാതിരിക്കാൻ ഈ ശാസ്ത്രജ്ഞൻ ഇഷ്ടപ്പെട്ടതുകൊണ്ട് അയാൾ ശാസിക്കപ്പെട്ടു.
“വിശുദ്ധലക്ഷ്യം?”
ഇതിനിടയിൽ ജനിതകഗവേഷണത്തിന് വേഗം കൂടിവരുകയാണ്. യു.എസ്. ഡിപ്പാർട്ട്മെൻറ് ഓഫ് എനജി മനുഷ്യ ഡി.എൻ.എ.യിലെ മുന്നൂറുകോടി രാസ ആധാരങ്ങളുടെ കൃത്യമായ അനുക്രമം നിർണ്ണയിക്കാൻ ലക്ഷ്യംവെച്ചിട്ടുള്ള പ്രാഥമികഗവേഷണങ്ങൾ ഇപ്പോൾത്തന്നെ തുടങ്ങിയിരിക്കുന്നു. ഇത് ഞെട്ടിപ്പിക്കുന്ന തോതിലുള്ള ഒരു പദ്ധതിയാണ്. മനുഷ്യ ഡി.എൻ.എ.യിലെ വിവരങ്ങൾ അച്ചടിച്ചാൽ 200 വലിയ റെറലഫോൺബുക്കുകൾ നിറയും. ഇപ്പോഴത്തെ ഗതിവേഗത്തിൽ ഈ പദ്ധതിക്ക് പറയാവതല്ലാത്ത ശതകോടിക്കണക്കിനു ഡോളർ ചെലവു വരും, പൂർത്തിയാകുന്നതിന് നൂററാണ്ടുകളെടുക്കുകയും ചെയ്യും. എന്നാൽ അനുക്രമ സാങ്കേതികവിദ്യയിലെ സത്വരമായ പുരോഗതി ഏററവും ഒടുവിലത്തെ കണക്കനുസരിച്ച് സമയത്തെ 15 വർഷം വെട്ടിക്കുറച്ചുകൊണ്ട് കാര്യങ്ങൾ ത്വരിതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഊർജ്ജവകുപ്പ് ഈ പദ്ധതിക്ക് 4 കോടി ഡോളർ ചോദിച്ചു. അത് വർഷംതോറും 20 കോടി ഡോളറായി വർദ്ധിപ്പിക്കാൻ ആശിക്കുകയും ചെയ്യുന്നു. കോൺഗ്രസ്സിന്റെ അംഗീകാരം കൊടുക്കപ്പെടണം.
ഈ പണമെല്ലാം എന്തു നേടും? ചില ശാസ്ത്രജ്ഞൻമാർ മനുഷ്യ ഡി.എൻ.എ.യുടെ വിശദമായ അറിവിനെ മാനുഷ ജനിതകശാസ്ത്രത്തിന്റെ വിശുദ്ധലക്ഷ്യത്തോട് താരതമ്യപ്പെടുത്തിയിട്ടുണ്ട്. അത് സകല മാനുഷപ്രവർത്തനത്തെയും മനസ്സിലാക്കുന്നതിനുള്ള ഒരു വിലയേറിയ പണിയായുധമായിരിക്കുമെന്ന് അവർക്ക് ബോദ്ധ്യമുണ്ട്. എന്നാൽ മററുള്ളവർക്ക് അത്രതന്നെ ഉറപ്പില്ല.
“അറിയപ്പെടുന്ന താല്പര്യമുള്ള ഒരു ജീനിന്റെ അനുക്രമവൽക്കരണത്തെ ഗവേഷകരൊന്നും ചോദ്യംചെയ്യുന്നില്ലെന്നിരിക്കെ മുഴു ജീനോമിന്റെയും കൃത്യമായ ന്യൂക്ലിയോറൈറഡ് അനുക്രമം അറിയുന്നതിന്റെ സത്വരമൂല്യത്തെ സംബന്ധിച്ച് ഗൗരവതരമായ ചോദ്യമുണ്ട്” എന്നു ജാൻ ഹൂഡിസ് പ്രസ്താവിക്കുന്നു. ഈ സമയത്ത് “മുഴു ജീനോമിന്റെയും വളരെ ചെറിയ ഒരു അംശം മാത്രമേ സത്വര മെഡിക്കൽമൂല്യമുള്ള വിവരങ്ങൾ നൽകാൻ പ്രതീക്ഷിക്കപ്പെടുന്നുള്ളു”വെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
മെഡിക്കൽ ഗവേഷണത്തിന് അടിയന്തിരമായി ആവശ്യമായിരിക്കുന്ന പണം സംശയകരമായ മുല്യമുള്ള ഒരു വമ്പിച്ച ശാസ്ത്രീയ പദ്ധതിക്കുവേണ്ടി ഊററിയെടുക്കുന്നത് തീർച്ചയായും സങ്കടകരമായ വിരോധാഭാസമാണ്.
“നമുക്ക പൂർണ്ണതയുള്ള ശിശുക്കൾ വേണം”
ജനിതക വിപ്ലവം എങ്ങോട്ടാണ് നീങ്ങുന്നത്? നിസ്സംശയമായി, മെച്ചപ്പെട്ട ഔഷധങ്ങളുടെയും മെച്ചപ്പെട്ട വൈദ്യപരിചരണത്തിന്റെയും ജീവികളുടെ പ്രവർത്തനവിധം സംബന്ധിച്ച മെച്ചപ്പെട്ട ഗ്രാഹ്യത്തിന്റെയും രൂപത്തിൽ അതിന് നൻമക്കായുള്ള വമ്പിച്ച ശക്തിയുണ്ട്. എന്നാൽ ഈ വിപ്ലവത്തിന് മറെറാരു വശമുണ്ട്.
ജറമി റിഫ്ക്കിൻ ഇങ്ങനെ പറയുന്നു: “നമുക്ക് പൂർണ്ണതയുള്ള ശിശുക്കൾ വേണം. നമുക്ക് പൂർണ്ണതയുള്ള ചെടികളും മൃഗങ്ങളും വേണം. നമുക്ക് മെച്ചപ്പെട്ട ഒരു സമ്പദ്ഘടന വേണം. ഇവിടെ ദുഷ്ട ലക്ഷ്യമില്ല. ധീരമായ പുതിയ ലോകത്തിലേക്കുള്ള പാത നല്ല ലക്ഷ്യങ്ങളാൽ ഒരുക്കപ്പെട്ടതാണ്.
“നാം ജീവികളുടെ ജനിതകകോഡിന്റെ ഭാഗങ്ങളെ കൈകാര്യംചെയ്യാൻ പടിപടിയായി തീരുമാനിക്കുകയാണ്. രണ്ടു പ്രധാന ചോദ്യങ്ങൾ ഉരുത്തിരിയുന്നു: നാം ജനിതകകോഡിനെ കൈകാര്യംചെയ്യാൻ പോകുകയാണെങ്കിൽ നല്ലതും ചീത്തയും പ്രയോജനകരവും പ്രയോജനരഹിതവുമായ ജീനുകളെ നിശ്ചയിക്കുന്നതിന് ഈ സമുദായം എന്തു മാനദണ്ഡം ഏർപ്പെടുത്തും? ഒരു ജീവിയുടെ ജനിതക ബ്ലൂപ്രിൻറ് നിശ്ചയിക്കാനുള്ള ആത്യന്തികാധികാരമുള്ളതും ഇവിടെ ആരെങ്കിലും ആശ്രയിക്കുന്നതുമായ ഒരു സ്ഥാപനമുണ്ടോയെന്നറിയാൻ ഞാനാഗ്രഹിക്കുന്നു.” ഇവ ഉത്തരങ്ങൾ അർഹിക്കുന്ന ചോദ്യങ്ങളാണ്. ഏതാണ് നല്ല ജീൻ, ഏതാണ് മോശം ജീൻ എന്ന് തീരുമാനിക്കുന്നതിന് സ്രഷ്ടാവിനെക്കാൾ മെച്ചമായി സജ്ജനായിരിക്കുന്നതാരാണ്? അവനാണ് ജനിതകകോഡിന്റെ ഏററം ആന്തരികമായ പ്രവർത്തനങ്ങൾ അറിയാവുന്നവൻ, അതാണ് ദാവീദ് സങ്കീർത്തനങ്ങൾ 139:13-16 വരെ പ്രകടമാക്കുന്നത്: “നീ എന്നെ എന്റെ അമ്മയുടെ ഉദരത്തിൽ മറച്ചുസൂക്ഷിച്ചു. ഞാൻ ഭയജനകമായ ഒരു വിധത്തിൽ അത്ഭുതകരമായി നിർമ്മിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ഞാൻ നിന്നെ പ്രകീർത്തിക്കും. എന്റെ ദേഹിക്ക് വളരെ നന്നായി അറിയാവുന്നതുപോലെ, നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു. ഞാൻ രഹസ്യത്തിൽ നിർമ്മിക്കപ്പെട്ടപ്പോൾ, ഞാൻ ഭൂമിയുടെ ഏററവും താഴ്ന്ന ഭാഗങ്ങളിൽ മെടയപ്പെട്ടപ്പോൾ, എന്റെ അസ്ഥികൾ നിന്നിൽനിന്ന് മറഞ്ഞിരുന്നില്ല. നിന്റെ കണ്ണുകൾ എന്റെ ഭ്രൂണത്തെപ്പോലും കണ്ടു, നിന്റെ പുസ്തകത്തിൽ അതിന്റെ ഭാഗങ്ങളെല്ലാം എഴുതപ്പെട്ടിരുന്നു, അവ നിർമ്മിക്കപ്പെട്ടതും അവയുടെ ഇടയിൽ ഒന്നും ഇല്ലാതിരുന്നതുമായ നാളുകൾ സംബന്ധിച്ചുതന്നെ.” സകല ജീവികളുടെയും ജനിതക ബ്ലൂപ്രിൻറുകൾ തീരുമാനിക്കാനുള്ള അന്തിമാധികാരത്തോടുകൂടിയ അവനെ ആശ്രയിക്കാൻ നിങ്ങൾ കൂടുതലിഷ്ടപ്പെടുകയില്ലേ? (g89 7⁄22)
[13-ാം പേജിലെ ആകർഷകവാക്യം]
ഏതു ജീനുകൾ നല്ലതാണെന്നും ഏതു ചീത്തയാണെന്നും ആരാണ് തീരുമാനിക്കേണ്ടത്?