നമ്മുടെ ജീനുകളാൽ നാം മുൻനിർണയിക്കപ്പെട്ടവരോ?
“നമ്മുടെ വിധി നിർണയിക്കപ്പെടുന്നതു ഗ്രഹനിലയനുസരിച്ചാണെന്നാണു നാം കരുതിയിരുന്നത്. എന്നാൽ, നമ്മുടെ വിധി വലിയ അളവോളം ജീനുകളിലാണെന്ന് ഇന്നു നമുക്കറിയാം.” രൂത്ത് ഹബാർഡിന്റെയും ഏലിയാ വാൾഡിന്റെയും ജീൻ കെട്ടുകഥയെ ഖണ്ഡിക്കൽ എന്ന പുസ്തകത്തിന്റെ തുടക്കത്തിൽ ജെയിംസ് വാട്സൺ ഉദ്ധരിക്കപ്പെട്ടിരിക്കുന്നത് അങ്ങനെയാണ്. എന്നാൽ, വാട്സണിന്റെ ഉദ്ധരണിക്കുശേഷം, ആർ. സി. ലെവൊൺടിൻ, സ്റ്റീവൻ റോസ്, ലിയോൺ ജെ. കാമിൻ എന്നിവർ ഇങ്ങനെ പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു: “സാമൂഹിക സാഹചര്യങ്ങൾക്കു രൂപപ്പെടുത്താനാകാത്ത സാമൂഹികമായ ഏതെങ്കിലുമൊരു സുപ്രധാന മനുഷ്യ സ്വഭാവം നമ്മുടെ ജീനുകളിലുണ്ടെന്നു ഞങ്ങൾക്കു ചിന്തിക്കാനാവുന്നില്ല.”
ആ പുസ്തകത്തിന്റെ ചില ഭാഗങ്ങൾ അതിന്റെ ആവരണത്തിൽ സംഗ്രഹിച്ചിട്ടുണ്ട്. തുടക്കത്തിൽ തന്നെ നൽകിയിരിക്കുന്ന ചോദ്യം, “മനുഷ്യ സ്വഭാവം ജനിതക സംബന്ധമാണോ?” എന്നതാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ജീവശാസ്ത്രപരമായ പാരമ്പര്യ സവിശേഷതകളെയും സ്വഭാവവിശേഷങ്ങളെയും ജീവിയിലേക്കു കടത്തിവിടുന്ന ജീനുകളാലാണോ മനുഷ്യ സ്വഭാവം മുഴുവനായും നിർണയിക്കപ്പെടുന്നത്? ജനിതക സംബന്ധമാണെന്നതിന്റെ അടിസ്ഥാനത്തിൽ ചില അധാർമിക പെരുമാറ്റങ്ങൾ അംഗീകരിക്കപ്പെടണമോ? ജനിതക മുൻനിർണയം നിമിത്തം ഉത്തരവാദിത്വ ലാഘവം അവകാശപ്പെടാനാകുന്ന, ജനിതക കോഡിന്റെ ഇരകളാണെന്ന രീതിയിൽ കുറ്റവാളികളെ കൈകാര്യം ചെയ്യണമോ?
ഈ നൂറ്റാണ്ടിൽ പ്രയോജനപ്രദമായ അനേകം കണ്ടുപിടിത്തങ്ങൾ ശാസ്ത്രജ്ഞന്മാർ നടത്തിയിട്ടുണ്ടെന്നുള്ളതു നിഷേധിക്കാനാവില്ല. ഇവയിൽ ഒന്നാണു നമ്മുടെ ജനിതക ഘടനയുടെ രൂപരേഖയായ കൗതുകമുളവാക്കുന്ന ഡിഎൻഎ-യുടെ കണ്ടുപിടിത്തം. ജനിതക കോഡ് വഹിക്കുന്ന വിവരങ്ങൾ ശാസ്ത്രജ്ഞന്മാരെയും സാധാരണക്കാരെയും ഒരുപോലെ അമ്പരപ്പിച്ചിട്ടുണ്ട്. ജനിതക മേഖലയിലെ ഗവേഷണങ്ങൾ വാസ്തവത്തിൽ എന്തെല്ലാം കണ്ടെത്തിയിട്ടുണ്ട്? മുൻകൂട്ടി പ്രോഗ്രാം ചെയ്യുന്നതിന്റെ അല്ലെങ്കിൽ മുൻനിർണയത്തിന്റെ ആധുനിക പഠിപ്പിക്കലുകളെ പിന്താങ്ങാൻ ഈ കണ്ടെത്തലുകളെ ഉപയോഗിക്കുന്നതെങ്ങനെ?
അവിശ്വസ്തതയും സ്വവർഗരതിയും സംബന്ധിച്ചെന്ത്?
ദി ഓസ്ട്രേലിയനിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനം അഭിപ്രായപ്പെടുന്നപ്രകാരം, “സാധ്യതയനുസരിച്ച്, അവിശ്വസ്തത നമ്മുടെ ജീനുകളിലുണ്ട്. . . . വഞ്ചനാത്മകമായ നമ്മുടെ ഹൃദയങ്ങൾ അങ്ങനെയായിരിക്കാൻ തന്നെ നിർണയിക്കപ്പെട്ടിരിക്കുന്നവയാണ്” എന്ന് ചില ജനിതക ഗവേഷണങ്ങൾ അവകാശപ്പെടുന്നു. വഴിപിഴച്ച ഒരു ജീവിതരീതിക്ക് ഉത്തരവാദിത്വ ലാഘവം അവകാശപ്പെടാൻ ആഗ്രഹിക്കുന്ന ഒരാൾക്കു രക്ഷപ്പെടാനുള്ള പഴുതു സൃഷ്ടിച്ചുകൊണ്ടു വിവാഹങ്ങളിന്മേലും കുടുംബങ്ങളിന്മേലും ഈ മനോഭാവം വരുത്തിവെക്കുന്ന വിനയെക്കുറിച്ച് ഒന്നോർത്തു നോക്കൂ!
സ്വവർഗരതിയെ സംബന്ധിച്ച് “സഹജമോ വളർത്തുദോഷമോ?” എന്ന തലക്കെട്ട് ന്യൂസ്വീക്ക് മാഗസിനിൽ വന്നിരുന്നു. ലേഖനം ഇങ്ങനെ പറഞ്ഞു: “സ്വവർഗരതി വളർത്തുദോഷമല്ല, ഒരു ജനിതക പ്രശ്നമായിരിക്കാമെന്നു നിർദേശിക്കുന്ന പുതിയ ഗവേഷണം ഗ്രഹിക്കാൻ ശാസ്ത്രവും മനോരോഗ ചികിത്സാവിഭാഗവും പാടുപെടുകയാണ്. . . . സ്വവർഗരതിക്കാരുടെ സമുദായത്തിൽതന്നെ, സ്വവർഗരതി ക്രോമസോമുകളിൽ ആരംഭിക്കുന്നുവെന്ന സൂചനയെ പലരും സ്വാഗതം ചെയ്യുന്നു.”
എന്നിട്ട്, ഡോ. റിച്ചാർഡ് പിലാർഡ് ഇപ്രകാരം പറഞ്ഞതിനെ ലേഖനം ഉദ്ധരിക്കുന്നു: “ഒരുവന്റെ ലൈംഗിക ചായ്വ് ജനിതകപരമായി നിർണയിക്കപ്പെടുന്നുവെങ്കിൽ, ‘അത് ഒരു തെറ്റല്ല, അത് നിങ്ങളുടെ കുറ്റമല്ല.’” ഈ “തെറ്റല്ല” വാദഗതിയെ കൂടുതൽ ശക്തിപ്പെടുത്തുംവിധം, സ്വവർഗരതിയെക്കുറിച്ച് ഗവേഷണം നടത്തുന്ന ഫ്രെഡ്റിക് വിറ്റ്ഹം ഇപ്രകാരം നിരീക്ഷിക്കുന്നു: “സ്വവർഗരതി ജൈവസംബന്ധമാണെന്നു പറയുമ്പോൾ ആശ്വാസത്തിന്റെതായ ദീർഘനിശ്വാസമുതിർക്കാനുള്ള ഒരു പ്രവണത ആളുകളിലുണ്ട്. അതു കുടുംബങ്ങളെയും സ്വവർഗരതിക്കാരെയും കുറ്റത്തിൽനിന്നു മോചിപ്പിക്കുന്നു. സ്വവർഗരതിയുടെ ഗുരുക്കന്മാരെപ്പോലുള്ള സംഗതികളെക്കുറിച്ചൊന്നും സമൂഹത്തിനു ഭയപ്പെടേണ്ടതില്ലെന്നും ഇത് അർഥമാക്കുന്നു.”
ചിലപ്പോൾ, സ്വവർഗരതിക്കുള്ള പ്രവണതകൾ നിർണയിക്കുന്നതു ജീനുകളാണെന്ന വ്യാജ തെളിവിനെ സാധ്യതയും തിട്ടമില്ലാത്തതുമായിട്ടല്ല മറിച്ച് വാസ്തവികവും നിർവിവാദപരവുമായ ഒന്നായിട്ടാണു മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്.
കണ്ടെത്തലുകൾ റിപ്പോർട്ടു ചെയ്യുന്നതിൽ ഉപയോഗിച്ചിരുന്ന വാഗ്വിലാസങ്ങളെ ന്യൂ സ്റ്റേറ്റ്സ്മേൻ & സൊസൈറ്റി മാഗസിൻ നിരുത്സാഹപ്പെടുത്തുന്നു: “ഭ്രമിച്ചുപോയ വായനക്കാരൻ വാസ്തവികമായ കടുത്ത ഭൗതിക തെളിവുകളുടെ പോരായ്മയെ—അല്ലെങ്കിൽ, വഴിപിഴച്ച ജീവിതം ‘ആൺ ജീനുകളിൽ അടങ്ങിയിരിക്കുന്നുവെന്നും ആൺ മസ്തിഷ്കത്തിന്റെ സർക്യൂട്ട് ബോർഡിൽ പതിച്ചിരിക്കുന്നു’ എന്നുമുള്ള പ്രസിദ്ധമായ [ചൂടുപിടിച്ച] അവകാശവാദത്തിനുള്ള അടിസ്ഥാനത്തിന്റെ അഭാവത്തെ—അവഗണിച്ചിരിക്കാം. കോഡിന്റെ ചുരുളഴിക്കുന്നു (ഇംഗ്ലീഷ്) എന്ന തങ്ങളുടെ പുസ്തകത്തിൽ ഡേവിഡ് സൂസ്യൂകീയും ജോസഫ് ലെവൈനും നിലവിലുള്ള ജനിതക ഗവേഷണം സംബന്ധിച്ച തങ്ങളുടെ ഉത്കണ്ഠ രേഖപ്പെടുത്തുന്നു: “ജീനുകൾ പെരുമാറ്റത്തെ സ്വാധീനിക്കുന്നതായി പൊതുവേ വാദിക്കാൻ സാധിക്കുമെങ്കിലും, ഒരു പ്രത്യേക ജീൻ—അല്ലെങ്കിൽ ഒരു ജോഡി ജീനുകൾ അല്ലെങ്കിൽ ഇരുപത് ജീനുകൾ പോലും—പരിസ്ഥിതിയോടുള്ള ഒരു മൃഗത്തിന്റെ പ്രതികരണങ്ങളുടെ പ്രത്യേക വിശദാംശങ്ങളെ വാസ്തവത്തിൽ നിയന്ത്രിക്കുന്നുവെന്നു തെളിയിക്കുന്നതു തികച്ചും വ്യത്യസ്തമായ ഒരു സംഗതിയാണ്. ഈ ഘട്ടത്തിൽ, ആരെങ്കിലും മുൻകൂട്ടിപ്പറയാൻ കഴിയുന്ന പ്രത്യേക സ്വഭാവങ്ങളെ ബാധിക്കുന്ന ഏതെങ്കിലും ഡിഎൻഎ ഇഴകൾ കണ്ടെത്തിയിട്ടുണ്ടോ, തീർത്തും തന്മാത്രീയ അർഥത്തിൽ സ്ഥാനനിർണയം നടത്തുകയും വേർപെടുത്തുകയും ചെയ്തിട്ടുണ്ടോ, എന്നു ചോദിക്കുന്നത് ഉചിതമാണ്.”
മദ്യാസക്തിക്കും കുറ്റകൃത്യവാസനയ്ക്കുമുള്ള ജീനുകൾ
മദ്യാസക്തിയെക്കുറിച്ചുള്ള പഠനം വർഷങ്ങളായി ജനിതക ഗവേഷകരിൽ കൗതുകമുണർത്തിയിട്ടുണ്ട്. ചില ജീനുകളുടെ സാന്നിധ്യമോ അഭാവമോ ആണ് മദ്യാസക്തിക്കുള്ള കാരണമെന്നു പഠനങ്ങൾ കാണിക്കുന്നതായി ചിലർ അവകാശപ്പെടുന്നു. ഉദാഹരണത്തിന്, “കഴിഞ്ഞ ദശകത്തിൽ മൂന്നു വ്യത്യസ്ത ഗവേഷണങ്ങൾ, മദ്യാസക്തി പാരമ്പര്യമായി ലഭിക്കുന്ന ഒരു സ്വഭാവവിശേഷതയാണെന്നതിനു നിസ്തർക്കമായ തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്” എന്ന് 1988-ൽ ദ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ റിപ്പോർട്ടു ചെയ്തു.
എങ്കിലും, ആസക്തി മേഖലയിലെ ചില വിദഗ്ധർ, മുഖ്യമായും ജൈവശാസ്ത്രപരമായ ഘടകങ്ങളാണു മദ്യാസക്തിയെ സ്വാധീനിക്കുന്നതെന്ന വീക്ഷണത്തെ വെല്ലുവിളിക്കുന്നു. 1996 ഏപ്രിൽ 9-ലെ ദ ബോസ്റ്റൺ ഗ്ലോബിൽ വന്ന ഒരു റിപ്പോർട്ട് ഇങ്ങനെ പറഞ്ഞു: “അടുത്ത കാലത്തൊന്നും മദ്യാസക്ത ജീനിനെ കണ്ടെത്താൻ പോകുന്നില്ല. ഒരുപക്ഷേ, ഏറിവന്നാൽ തങ്ങൾക്കു കണ്ടെത്താൻ കഴിയുന്നത് ലഹരിപിടിക്കാതെ ഏറെ മദ്യപിക്കാൻ ചിലരെ അനുവദിക്കുന്ന ഒരു ജനിതക വിധേയത്വം—അവരെ മദ്യാസക്തിക്കു വശംവദരാക്കിയേക്കാവുന്ന ഒരു സ്വഭാവവിശേഷം—ആയിരിക്കുമെന്നു ചില ഗവേഷകർ സമ്മതിക്കുന്നു.”
മേരിലാൻഡ് സർവകലാശാലയിൽ നടന്ന ഒരു സമ്മേളനത്തെക്കുറിച്ച് “ജനിതകശാസ്ത്രത്തെയും കുറ്റകൃത്യവാസനയെയും സംബന്ധിച്ച ഗവേഷണത്തിന്റെ അർഥവും പ്രാധാന്യവും” എന്ന തലക്കെട്ടിൽ ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു. ഒരു കുറ്റകൃത്യ ജീനിനെ സംബന്ധിച്ചുള്ള ആശയം ആകർഷകമാംവിധം ലളിതമാണ്. പല ഭാഷ്യകാരന്മാരും ഈ പ്രവണതയെ പിന്താങ്ങാൻ ഉത്സാഹം കാണിക്കുന്നു. തിന്മ, “ഗർഭധാരണ സമയത്തു നമ്മുടെ മാതാപിതാക്കൾ നമുക്കു കൈമാറുന്ന ക്രോമസോം ചുരുളുകളിൽ പതിഞ്ഞിരിക്കാ”മെന്ന് ദ ന്യൂയോർക്ക് ടൈംസ് മാഗസിനിലെ ശാസ്ത്രജ്ഞൻ പറഞ്ഞു. കുറ്റകൃത്യ ജീനുകളെക്കുറിച്ചുള്ള നിരന്തര ചർച്ച, കുറ്റകൃത്യത്തിന് “ഒരു പൊതുവായ ഉത്ഭവം—തലച്ചോറിന്റെ ഒരു വൈകല്യം—ഉണ്ടെ”ന്നുള്ള ഒരു ധാരണ ഉളവാക്കുന്നുവെന്ന് ദ ന്യൂയോർക്ക് ടൈംസിൽ വന്ന ഒരു ലേഖനം റിപ്പോർട്ടു ചെയ്തു.
ജനിതക പരീക്ഷണങ്ങൾ അക്രമ വാസനയുള്ള കുട്ടികളെ തിരിച്ചറിയുന്ന ഒരു സമയം വരുമെന്നു ഹാർവാർഡ് മനഃശാസ്ത്രജ്ഞനായ ജെറോം കാഗെൻ പ്രവചിക്കുന്നു. സാമൂഹിക പരിവർത്തനത്തിലൂടെയല്ലാതെ ജൈവശാസ്ത്രപരമായ പരിവർത്തനത്തിലൂടെ കുറ്റകൃത്യം നിയന്ത്രിക്കുന്നതിനു പ്രതീക്ഷിക്കാൻ വകയുണ്ടെന്നു ചിലർ നിർദേശിക്കുന്നു.
സ്വഭാവത്തിന്റെ ജനിതക അടിസ്ഥാനത്തെക്കുറിച്ചുള്ള ഈ അഭ്യൂഹങ്ങൾ റിപ്പോർട്ടു ചെയ്യുന്ന രചനാശൈലി പലപ്പോഴും അവ്യക്തവും സന്ദിഗ്ധവുമാണ്. ജീൻ കെട്ടുകഥയെ ഖണ്ഡിക്കൽ എന്ന പുസ്തകം, വിഷാദത്തിനുള്ള ജനിതക കാരണത്തിന്റെ തെളിവു കണ്ടെത്തിയെന്നു പറഞ്ഞ, മനുഷ്യരുടെ സ്വഭാവരീതികളെക്കുറിച്ചു പഠിക്കുന്ന ജനിതകശാസ്ത്രജ്ഞനായ ലിങ്കൺ ഇവ്സിന്റെ ഒരു പഠനത്തെക്കുറിച്ചു പ്രതിപാദിക്കുന്നു. വിഷാദത്തിന് അടിപ്പെടാൻ സാധ്യതയുണ്ടെന്നു കരുതപ്പെട്ട സ്ത്രീകളെ സർവേ ചെയ്തതിനുശേഷം, “[സ്ത്രീകളുടെ] വിഷാദമഗ്നമായ വീക്ഷണഗതിയും സ്വഭാവവും അവിചാരിതമായ ഇത്തരം കുഴപ്പങ്ങൾ സംഭവിക്കാനുള്ള കൂടുതൽ സാധ്യത ഉണ്ടാക്കിയിരിക്കാം” എന്ന് ഇവ്സ് നിർദേശിച്ചു. “അവിചാരിതമായ കുഴപ്പങ്ങൾ എന്തായിരുന്നു?” പഠനവിധേയരാക്കിയ സ്ത്രീകൾ “ബലാൽസംഗം ചെയ്യപ്പെടുകയോ ആക്രമിക്കപ്പെടുകയോ തങ്ങളുടെ ജോലികളിൽനിന്നു പിരിച്ചുവിടപ്പെടുകയോ ആയിരുന്നു.” അങ്ങനെയെങ്കിൽ ക്ഷതമേൽപ്പിക്കുന്ന ഇത്തരം സംഭവങ്ങൾക്കു കാരണമായതു വിഷാദമാണോ? “ഇത് ഏതുതരം ന്യായവാദമാണ്?” പുസ്തകം തുടരുന്നു. “സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെടുകയോ ആക്രമിക്കപ്പെടുകയോ തങ്ങളുടെ ജോലിയിൽനിന്നു പിരിച്ചുവിടപ്പെടുകയോ ചെയ്തു. അവർ വിഷാദമഗ്നരുമായി. എത്രത്തോളം വേദനാജനകമായ അനുഭവങ്ങൾ അവർക്കു നേരിടേണ്ടി വന്നിട്ടുണ്ടോ വിഷാദം അത്രത്തോളം കാലം നിലനിൽക്കും. . . . വിഷാദം ഏതെങ്കിലുമൊരു ജീവിതാനുഭവവുമായി ബന്ധപ്പെട്ടതല്ലെന്ന് അദ്ദേഹം [ഇവ്സ്] കണ്ടെത്തിയിരുന്നെങ്കിൽ ഒരു ജനിതക കണ്ണിക്കുവേണ്ടി നോക്കുന്നതിനു വിലയുണ്ടായേനെ.”
ഈ കഥകൾ, “ഇക്കാലത്തു ബഹുജന മാധ്യമങ്ങളിലും ശാസ്ത്രീയ ജേണലുകളിലും വരുന്ന ജനിതകപരമായ [സ്വഭാവരീതികളുടെ] മിക്ക റിപ്പോർട്ടുകളുടെയും മാതൃക”യാണെന്ന് അതേ പ്രസിദ്ധീകരണം പറയുന്നു. ജീനുകൾക്കു നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെ സംബന്ധിച്ച രസകരമായ യാഥാർഥ്യങ്ങളുടെയും പിന്തുണയില്ലാത്ത ഊഹാപോഹങ്ങളുടെയും കാടുകയറിയ അതിശയോക്തികളുടെയും ഒരു മിശ്രിതം തന്നെ അവയിൽ അടങ്ങിയിരിക്കുന്നു. ഇത്തരം രചനകളുടെ ഏറ്റവും ശ്രദ്ധേയമായ സംഗതി അവയുടെ അവ്യക്തതയാണ്.” അതു തുടർന്നു പറയുന്നു: “മെൻഡലിയൻ പാരമ്പര്യ സമ്പ്രദായം പിന്തുടരുന്ന സാഹചര്യങ്ങളുമായി ജീനുകളെ കൂട്ടിയിണക്കുന്നതും കാൻസർ അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദം പോലുള്ള സങ്കീർണമായ സാഹചര്യങ്ങളെ വിവരിക്കാൻ കാൽപ്പനിക ജനിതക ‘പ്രവണതകളെ’ ഉപയോഗിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. മനുഷ്യരുടെ സ്വഭാവരീതികളെക്കുറിച്ച് വിശദീകരിക്കുന്നതിനു ജനിതക ഗവേഷണങ്ങൾ സഹായകമാണെന്നു നിർദേശിക്കുമ്പോൾ ശാസ്ത്രജ്ഞന്മാർ തിടുക്കത്തിൽ ഒരു നിഗമനത്തിലെത്തുന്നു.”
എങ്കിലും ഇപ്പോൾ, പ്രതിപാദിക്കപ്പെട്ടിരിക്കുന്ന എല്ലാറ്റിന്റെയും വീക്ഷണത്തിൽ പലപ്പോഴും ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ വീണ്ടും അവശേഷിക്കുന്നു: വ്യത്യസ്ത പെരുമാറ്റരീതികൾ നമ്മുടെ ജീവിതത്തിൽ മുളച്ചുവരുന്നതായി നമുക്കു ചിലപ്പോൾ തോന്നുന്നത് എന്തുകൊണ്ടാണ്? ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് എന്ത് നിയന്ത്രണമാണുള്ളത്? നമ്മുടെ ജീവിതത്തിന്മേലുള്ള നിയന്ത്രണം ഏറ്റെടുക്കാനും അതു നിലനിർത്താനും നമുക്ക് എങ്ങനെ കഴിയും? അടുത്ത ലേഖനം, ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ പ്രദാനം ചെയ്യുന്നതിൽ സഹായകമാണെന്നു തെളിഞ്ഞേക്കാം.
[6-ാം പേജിലെ ചതുരം/ചിത്രം]
ജീൻ തെറാപ്പി—പ്രതീക്ഷകൾ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നുവോ?
ജനിതക പാരമ്പര്യരോഗങ്ങൾ സൗഖ്യമാക്കാൻ രോഗികളിലേക്കു പരിഹാര ജീനുകൾ കുത്തിവെക്കുന്ന ജീൻ തെറാപ്പിയെ സംബന്ധിച്ചെന്ത്? ഏതാനും വർഷം മുമ്പ് ശാസ്ത്രജ്ഞന്മാർക്ക് ഉയർന്ന പ്രതീക്ഷകളുണ്ടായിരുന്നു. “ജീൻ തെറാപ്പി പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള സമയം ഇതാണോ?” എന്ന് 1995 ഡിസംബർ 16-ലെ ദി ഇക്കോണമിസ്റ്റ് ചോദിക്കുന്നു. അത് ഇങ്ങനെ പറയുന്നു: “അതു നടത്തുന്ന ചികിത്സകരുടെ പരസ്യപ്രസ്താവനകളെയും പത്രങ്ങളിൽ അതിനു ലഭിക്കുന്ന സ്ഥാനങ്ങളെയും അടിസ്ഥാനപ്പെടുത്തി വിധിക്കുമ്പോൾ നിങ്ങൾ അപ്രകാരം കരുതുമായിരിക്കും. എന്നാൽ അമേരിക്കയിലെ ശാസ്ത്ര വിദഗ്ധരുടെ ഒരു സംഘം വിയോജിപ്പു പ്രകടമാക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ (എൻഐഎച്ച്) തലവനായ ഹറാൾഡ് വാർമസ് പതിനാലു പ്രമുഖ ശാസ്ത്രജ്ഞന്മാരോട് ഈ മേഖല പുനരവലോകനം ചെയ്യാൻ ആവശ്യപ്പെട്ടു. ഏഴു മാസത്തെ വിചിന്തനത്തിനുശേഷം, ജീൻ തെറാപ്പി ആശാവഹമാണെങ്കിലും ഈ നിമിഷംവരെയുള്ള അതിന്റെ നേട്ടങ്ങളെ ഊതി വീർപ്പിച്ചിരിക്കുകയാണെന്നു കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിക്കപ്പെട്ട ഒരു റിപ്പോർട്ടിൽ അവർ പറഞ്ഞു.” അന്യ ജീൻ കടത്തിവിട്ടുകൊണ്ടുള്ള ചികിത്സയ്ക്ക് അനുയോജ്യരെന്നു കരുതിയ, അഡിനോസിൻ ഡിയാമിനൈസ് (എഡിഎ) അപര്യാപ്തതയോ മറ്റ് ഒരു ഡസൺ രോഗങ്ങളിലൊന്നോ മൂലം ക്ലേശമനുഭവിക്കുന്ന 597 രോഗികളിൽ പരീക്ഷണങ്ങൾ നടത്തപ്പെട്ടു. “പാനലിന്റെ അഭിപ്രായ പ്രകാരം അത്തരത്തിലുള്ള ഒരു പരീക്ഷണത്തിൽ നിന്ന് ഒരു രോഗി പോലും വ്യക്തമായി പ്രയോജനമനുഭവിച്ചിട്ടില്ല,” ദി ഇക്കോണമിസ്റ്റ് പറയുന്നു.
[7-ാം പേജിലെ ചിത്രങ്ങൾ]
ജനിതകപരമായി സ്വഭാവങ്ങൾ മുൻനിശ്ചയിക്കപ്പെട്ടിരിക്കുന്നുവെന്നു ചിലർ അവകാശപ്പെട്ടേക്കാമെങ്കിലും എപ്രകാരം പ്രവർത്തിക്കണമെന്ന് ആളുകൾക്കു തീരുമാനിക്കാൻ കഴിയും