നിങ്ങളുടെ മേശക്കു യോജിച്ച ഗ്രന്ഥശാല
നിങ്ങളുടെ എത്തുപാടിൽ ലോകത്തിലെ ഏററവും വലിയ ചില ഗ്രന്ഥശാലകളെ വെല്ലുന്ന ഒരു സാഹിത്യശേഖരം ഉണ്ടെന്നു സങ്കൽപ്പിക്കുക. ആയിരക്കണക്കിനു പുസ്തകങ്ങളിൽനിന്നും മാസികകളിൽനിന്നും വർത്തമാനപ്പത്രങ്ങളിൽനിന്നും മററു പ്രസിദ്ധീകരണങ്ങളിൽനിന്നുമുള്ള ദശലക്ഷക്കണക്കിനു ലേഖനങ്ങളും അതുപോലുള്ള ഇനങ്ങളും നിങ്ങളുടെ മേശമേൽ ഒതുങ്ങുമെന്നു സങ്കൽപ്പിക്കുക.
‘ഇത് എങ്ങനെ കഴിയും?’ എന്ന് നിങ്ങൾ അതിശയിച്ചേക്കാം. ഉത്തരം ആധുനിക സാങ്കേതികതയുടെ മൂന്നു ഇനങ്ങളുടെ രൂപത്തിൽ വരുന്നു: ഒരു വ്യക്തിപരമായ കമ്പ്യൂട്ടർ, ഒരു മോഡെം, ഒരു ടെലിഫോൺ ലൈൻ. (ഒരു മോഡെം, ടെലിഫോൺ ലൈനിൽ കമ്പ്യൂട്ടർ വിവരങ്ങൾ പ്രേഷണം ചെയ്യുകയും സ്വീകരിക്കുകയും ചെയ്യുന്നതിനുള്ള ഒരു ഉപകരണമാണ്.) ഈ മൂന്നു ഇനങ്ങൾക്ക് ഒരു മേശയെ പരമാർത്ഥത്തിൽ ഒരു ഗ്രന്ഥശാലയാക്കി മാററാൻ കഴിയും.
ഒരു പരമ്പരാഗത ഗ്രന്ഥശാലയിൽ ആയിരക്കണക്കിനു പുസ്തകങ്ങളും മാസികകളും കഠിനശ്രമം ചെയ്തു ക്രമീകരിച്ചു വെച്ചിട്ടുണ്ടായിരിക്കാമെങ്കിലും, ശ്രദ്ധാപൂർവം പട്ടികപ്പെടുത്തിവെച്ചിട്ടുള്ള അച്ചടിച്ച വിവരങ്ങളിലൂടെ കടന്നുപോകുന്നതിന് പിന്നേയും സമയം ആവശ്യമാണ്. എന്നാൽ ഒരു കാററലോഗ് പരിശോധിച്ചശേഷം പോലും നിങ്ങൾ തിരക്കുന്ന പുസ്തകം ഗ്രന്ഥശാലയുടെ ഷെൽഫിൽ ഉണ്ടെന്നുള്ളതിനു യാതൊരു ഉറപ്പുമില്ല.
പുതിയ യുഗം
മേശപ്പുറത്തെ ഒരു കമ്പ്യൂട്ടറും ഒരു മോഡെമും കൊണ്ട് ഒരു വ്യക്തിക്ക് പുസ്തകങ്ങളിൽനിന്നും മാസികകളിൽനിന്നും വാർത്താമാദ്ധ്യമങ്ങളിൽനിന്നും മററു ഉറവിടങ്ങളിൽനിന്നും എടുത്തിട്ടുള്ള അക്ഷരാർത്ഥത്തിൽ ദശലക്ഷക്കണക്കിന് ഇനങ്ങൾ അടങ്ങിയിട്ടുള്ളതും (ഡേററാ ബെയ്സ് എന്നു വിളിക്കപ്പെടുന്ന) നിശ്ചിത കമ്പ്യൂട്ടർ “ഫയലുകളിൽ” പട്ടികപ്പെടുത്തിയിട്ടുള്ളതും ലളിതമായ കമാൻറുകളിലൂടെ ലഭ്യമാകുന്നതുമായ വളരെ വലിയ കമ്പ്യൂട്ടർസിസ്ററത്തിലേക്ക് ചോർത്തിയെടുക്കാൻ കഴിയും.
ദൃഷ്ടാന്തത്തിന്, ഒരു ബിസ്സിനസ്സുകാരൻ ആനുകൂല്യം ലഭിക്കുന്ന ഷെയർ വിൽപ്പനകൾ സംബന്ധിച്ച് മാസികകളിലെ വിവരങ്ങൾ കണ്ടുപിടിക്കുന്നതിന് ആഗ്രഹിക്കുന്നെങ്കിൽ അയാൾക്ക് ആരംഭം കുറിക്കുന്നതിനുള്ള ഒരു രഹസ്യസൂചകപദം ഉപയോഗിച്ചശേഷം “മാസികകളിലെ” വിവരങ്ങൾക്കുവേണ്ടി അഭ്യർത്ഥിക്കാവുന്നതാണ്. ആ ഇനത്തിൽപെട്ട പ്രസിദ്ധീകരണങ്ങളിലേക്ക് ബന്ധിപ്പിച്ചശേഷം അയാൾക്ക്, “ആനുകൂല്യമുള്ള ഷെയർ വിൽപ്പനകൾ” എന്ന് ടൈപ്പ് ചെയ്തുകൊണ്ട് അന്വേഷണം തുടരാൻ കഴിയും. പെട്ടെന്ന്, 16 വർഷങ്ങൾക്കുമുമ്പു മുതൽ ഇന്നു വരെയുള്ള കാലഘട്ടത്തെ 14 ലക്ഷം മാസികകളിൽനിന്നെടുത്തിട്ടുള്ള ഇനങ്ങൾ നിമിഷങ്ങൾക്കകം പരിശോധിക്കപ്പെടുന്നു!
“ആനുകൂല്യമുള്ള ഷെയർ വിൽപ്പനകൾ” എന്ന വാക്കുകൾ ഉള്ള ഓരോ ലേഖനങ്ങളും വരുത്തപ്പെടുകയും മൊത്തം ലേഖനങ്ങളുടെ സംഖ്യ പ്രദർശിക്കപ്പെടുകയും ചെയ്യുന്നു. അടുത്തതായി “ഡിസ്പ്ലെ” കമാൻറ് ഉപയോഗിച്ച് ഏററവും പുതിയ ലേഖനം തുടങ്ങി ഓരോ ലേഖനത്തിന്റെയും ശീർഷകവും തീയതിയും എഴുത്തുകാരന്റെ പേരും അതുപോലെതന്നെ കൂടുതൽ വിവരങ്ങളോടുകൂടെ ഒരു ഹ്രസ്വമായ സംഗ്രഹവും പ്രദർശിപ്പിക്കപ്പെടുന്നു—കേവലം നിമിഷങ്ങൾക്കകം. അതിന് അയാൾക്ക് എന്തു ചെലവു വരുത്തും? ഒരു പക്ഷേ രണ്ടൊ മൂന്നൊ ഡോളർ.
ഈ രീതി ഉപയോഗിച്ച് ഒരു കുടുംബിനിക്ക് ലോകത്തിനുചുററുമുള്ള വിവിധ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന പാചകവിധികൾ വീക്ഷിച്ചുകൊണ്ട് പാചകം സംബന്ധിച്ച് പുതിയ ആശയങ്ങൾ നേടാൻ കഴിയും. അലങ്കാരം സംബന്ധിച്ച ആശയങ്ങളും നൂതന സ്റൈറലുകളും ഫാഷനുകളും ലഭ്യമാണ്. വൈദ്യരംഗത്തു പ്രവർത്തിക്കുന്നവർക്ക് മൈക്രോബയോളജി സംബന്ധിച്ച ഏററവും അടുത്തകാലത്തെ ഗവേഷണം നിരീക്ഷിക്കുന്നതിനും ഔഷധനിർമ്മാണരംഗത്തെ ബാധിക്കുന്ന അടുത്തകാലത്തെ നിബന്ധനകൾ പിന്തുടരുന്നതിനും സാധിക്കും. അറേറാർണിമാർക്ക് പുതിയ കക്ഷികളുടെ കേസുകളോട് സമാനമായവ കണ്ടുപിടിക്കുന്നതിനും കോടതികളിൽ ഏതെങ്കിലും കേസ്സ് ഉദ്ധരിക്കപ്പെട്ട വിവിധവിധങ്ങൾ ഗവേഷണം ചെയ്യുന്നതിനും സാധിക്കും.
ഒരു വിദ്യാർത്ഥിക്ക് ഫലത്തിൽ സ്കൂളിൽ പഠിപ്പിക്കപ്പെടുന്ന ഏതു വിഷയവും എടുത്തുനോക്കാൻ കഴിയും. ബിസ്സിനസ്സുകാരൻ “ആനുകൂല്യമുള്ള ഷെയർ വിൽപ്പനകൾ” എന്ന വിഷയംകൊണ്ട് ചെയ്ത കാര്യങ്ങൾ വിദ്യാർത്ഥിക്ക് “കറുത്ത ദ്വാരങ്ങൾ” എന്ന വിഷയം കൊണ്ട് ചെയ്യാൻ കഴിയും. ഈ ഗവേഷണസഹായി വിദ്യാഭ്യാസപ്രവർത്തകർക്കും എഴുത്തുകാർക്കും ഗവേഷകർക്കും സാമൂഹികപ്രവർത്തകർക്കും താൽപ്പര്യമുള്ളതാണ്.
ചെലവുകൾ സംബന്ധിച്ച് കുടുതൽ വിവരങ്ങൾ
ഇത് താരതമ്യേന ചെലവു കുറഞ്ഞതാണെങ്കിലും ചെലവുകൾ ഒരു വലിയ അളവിൽ ഏതു കമ്പ്യൂട്ടർഫയലാണ് ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. തീർച്ചയായും ഏതു വ്യവസായത്തെയുംപോലെ, ചെലവുകൾ കമ്പനികൾക്കനുസരിച്ച് വ്യത്യസ്തമായിരിക്കും.
എന്നിരുന്നാലും, പൊതുവേ പറഞ്ഞാൽ നിങ്ങൾ കമ്പ്യൂട്ടറിനോടു ബന്ധപ്പെട്ടിരുന്ന സമയത്തിനും നിങ്ങളുടെ അന്വേഷണത്തിന്റെ ഫലങ്ങൾക്കും അനുസരണമായിമാത്രം നിങ്ങൾ മുടക്കിയാൽ മതി. അറിവുകൊടുക്കുന്ന ഒരു സ്ഥാപനം ശരാശരി ഒരു മിനിററിന് 1 യു.എസ്സ്. ഡോളർ ചാർജു ചെയ്യുന്നു, ഗവേഷണത്തിന്റെ ശരാശരി സമയം പത്തുമിനിറേറാളം നീളുന്നു. കൂലി കണക്കാക്കുന്നതിൽ ദിവസത്തിന്റെ ഏതു സമയം എന്നത് വ്യത്യാസം ഉണ്ടാക്കുന്ന ചില ഘടകങ്ങളിൽ ഒന്നാണ്. സാധാരണ ബിസ്സിനസ്സ് സമയങ്ങളിലല്ല അന്വേഷണം നടത്തുന്നതെങ്കിൽ കൂലി 50 ശതമാനംകണ്ട് കുറഞ്ഞിരിക്കും.
ചെലവുകൾ ഇതിലും കുറക്കുന്നതിന്, അത്തരം സേവനങ്ങൾ സാധാരണയായി ഉപഭോക്തൃപ്രതിനിധികളുടെയൊ വിഷയസ്പെഷ്യലിസ്ററുകളുടെയൊ രൂപത്തിൽ സഹായം പ്രദാനംചെയ്യുന്നു. ഈ ഉന്നത സാങ്കേതികതാ ലൈബ്രേറിയൻമാർ യഥാർത്ഥ അന്വേഷണം തുടങ്ങുന്നതിനുമുമ്പ് ഒരു അന്വേഷണനയം തീരുമാനിക്കുന്നതിന് സഹായിക്കുന്നു. ഇത് സമയവും അതിന്റെ ഫലമായി പണവും ലാഭിക്കുന്നു. തൊഴിൽസമൂഹത്തെ, പ്രത്യേകിച്ച് അറേറാർണിമാരെ സഹായിക്കുന്ന വിവരങ്ങൾ നൽകുന്ന ചില കമ്പനികൾ ഒരു പ്രതിമാസ ഫീസ് ഈടാക്കുന്നു. രസാവഹമായി ചില ചെറിയ നിയമകാര്യ സ്ഥാപനങ്ങൾ, സേവനത്തിന് വരിക്കാരായിരിക്കുന്നതും ക്രമമായ അന്വേഷണങ്ങൾ നടത്തുന്ന മുഴുസമയ പ്രവർത്തകരുള്ളതുമായ വലിയ സ്ഥാപനങ്ങളിൽനിന്ന് സമയം വിലക്കുവാങ്ങിക്കൊണ്ട് കൂടുതലായ ചെലവ് ഒഴിവാക്കുന്നു.
എന്നാൽ നിങ്ങൾ, അനേകരെപ്പോലെ കമ്പ്യൂട്ടറുകളാൽ ഭീഷണിപ്പെടുത്തപ്പെടുന്നുവെങ്കിലെന്ത്? നിങ്ങൾക്ക് മേശപ്പുറത്തെ ഒരു കമ്പ്യൂട്ടറും ഒരു മോഡെമും കൂടുതലായി ഒരു ഫോൺലൈനും നിങ്ങളുടെ ഭവനത്തിൽ ഉണ്ടായിരിക്കത്തക്കവണ്ണം സാമ്പത്തികനിലയില്ലെങ്കിലെന്ത്? നിങ്ങൾക്ക് ഇവ സാധ്യമാണെങ്കിൽത്തന്നെ നിങ്ങളുടെ അന്വേഷണങ്ങൾ നടത്താൻ സമയമില്ലെങ്കിലെന്ത്?
ഈ സേവനത്തിന്റെ ആവിർഭാവം മുതൽ ലൈബ്രറികളും കോളജുകളും അവയിൽ താൽപ്പര്യമെടുത്തിട്ടുണ്ട്. അവയെക്കറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കുവേണ്ടിയുള്ള അന്വേഷണത്തിൽ ആകർഷണം പരസ്പരമുള്ളതാണെന്ന് അവ കണ്ടെത്തി. സേവന സംഘടനകൾ നഗര, കാമ്പസ് ഗ്രന്ഥശാലകൾ തങ്ങളുടെ സേവനങ്ങളുടെ പൊതുനിർഗ്ഗമമാർഗ്ഗങ്ങളാണെന്നു കണ്ടെത്തി, അതേസമയം ഗ്രന്ഥശാലകൾ അവയുടെ സേവനത്തെ ആകർഷകവും ശക്തവുമായ ഒരു ഉപകരണമാണെന്നും തിരിച്ചറിഞ്ഞു. സാധ്യതകൾ കണ്ടുപിടിച്ചശേഷം ഒരു ബന്ധം വികാസംപ്രാപിക്കുകയും വിരിയുകയും ചെയ്തു.
സേവകസംഘടനകൾ ഈ സ്ഥാപനങ്ങൾക്ക് കുറഞ്ഞചെലവിൽ അവയുടെ സേവനം വാഗ്ദാനം ചെയ്തു. ക്രമത്തിൽ അവ അവയുടെ പററുകാർക്ക് ലാഭം വീതിക്കുകയുംചെയ്തു. ഇപ്പോൾ നിങ്ങൾക്ക് ഒരു പററുകാരനൊ വിദ്യാർത്ഥിയൊ എന്ന നിലയിൽ സ്വന്തമായി കമ്പ്യൂട്ടർ ഉപകരണം ഇല്ലാതെ നിങ്ങളുടെ അന്വേഷണങ്ങൾ നടത്തിക്കിട്ടാൻ കഴിയും.
മൈക്രോവേവ് അവനുകളും ഡിജിററൽ വാച്ചുകളും പോലെയുള്ള ആധുനിക സാങ്കേതികതാ ഐററങ്ങളുടെ കാര്യത്തിലെന്നപോലെ അന്വേഷണങ്ങൾക്കുവേണ്ടിയുള്ള ചെലവും കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇത് അനേകം ആളുകൾക്കും ഒരു മേശയിലൊതുങ്ങുന്ന ഗ്രന്ഥശാല കൂടുതൽ വഹിക്കാവുന്നതാക്കിത്തീർക്കുന്നു. (g89 8/8)
[17-ാം പേജിലെ ചതുരം]
പുതിയ ലൈബ്രേറിയൻ
പട്ടണത്തിൽ ഒരു പുതിയ ലൈബ്രേറിയൻ ഉണ്ട്, നിങ്ങൾക്ക് അയാളെ സന്ദർശിക്കുന്നതിന് നിങ്ങളുടെ മേശവിട്ടുപോകേണ്ടതില്ല. പകരം, കേവലം നിങ്ങളുടെ ഫോണിനെ സമീപിക്കുക. അയാൾ ഒരു വിവര ദല്ലാൾ എന്ന് അറിയപ്പെടുന്നു. എന്നാൽ നിങ്ങൾ അയാളെ നിങ്ങളുടെ പ്രദേശത്തെ ഗ്രന്ഥശാലയിൽ കണ്ടെത്തുകയില്ല. അയാൾ ഒരു ഓഫീസിൽ ഒരു മേശക്കരികിൽ ഇരിക്കയും ഒരു ഫീസ് ഈടാക്കിക്കൊണ്ട് ഈ പേജുകളിൽ വിവരിക്കപ്പെട്ടിരിക്കുന്ന പ്രത്യേക റെറലിഫോൺ ഹുക്കപ്പിന്റെ സഹായത്തോടെ നിങ്ങൾക്കുവേണ്ടി ഗവേഷണം നടത്തുകയും ചെയ്യും.
വിചാരിക്കുന്നതുപോലെ അയാളുടെ ജോലി അത്ര എളുപ്പമല്ല. അയാൾ 3,000-ൽപരം കമ്പ്യൂട്ടർഫയലുകളിൽ (ഡേററാബെയ്സുകൾ) ഏതാണ് അന്വേഷിക്കേണ്ടത് എന്നുമാത്രമറിഞ്ഞാൽപോരാ, പിന്നെയോ ഒരു പ്രത്യേക ഡേററാബെയ്സിലൂടെ എപ്രകാരം എളുപ്പത്തിൽ നീങ്ങാമെന്നും അന്വേഷണത്തിന് ഏതു താക്കോൽവാക്കുകൾ ഉപയോഗിക്കണമെന്നും അറിഞ്ഞിരിക്കണം.