മതത്തിന്റെ ഭാവി അതിന്റെ കഴിഞ്ഞ കാലത്തിന്റെ കാഴ്ചപ്പാടിൽ
ഭാഗം 16: ക്രി.വ. 9-16-ാം നൂററാണ്ടുവരെ നവീകരണം അത്യാവശ്യമുള്ള ഒരു മതം
“എല്ലാ ദുർനടപടികളും നവീകരിക്കപ്പെട്ടേ തീരൂ.”—വോൾട്ടയർ, 18-ാം നൂററാണ്ടിലെ ഫ്രഞ്ച് ഉപന്യാസകർത്താവും ചരിത്രകാരനും
ആദിമ ക്രിസ്ത്യാനികൾ ശുദ്ധീകരണസ്ഥലത്തെക്കുറിച്ചു പഠിപ്പിച്ചിരുന്നില്ല, പ്രതിമകളെ ആരാധിച്ചിരുന്നില്ല, “പുണ്യവാളൻമാരെ” പൂജിച്ചിരുന്നില്ല, ഭൗതികാവശിഷ്ടങ്ങളെ ആദരിച്ചിരുന്നുമില്ല. അവർ രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്നില്ല, അവർ ജഡിക യുദ്ധത്തെ ആശ്രയിച്ചിരുന്നുമില്ല. എന്നാൽ 15-ാം നൂററാണ്ടായപ്പോഴേക്ക് അവരുടെ അനുകാരികൾ എന്ന് നടിച്ചിരുന്ന അനേകരെസംബന്ധിച്ചും ഇതിലൊന്നും മേലാൽ സത്യമായിരുന്നില്ല.
“പാഷണ്ഡികൾ” നവീകരണം ആവശ്യപ്പെടുന്നു
“പാഷണ്ഡോപദേശത്തിന്റെ ആദ്യത്തെ വിത്ത് [റോമൻ കത്തോലിക്കാ പ്രസ്ഥാനത്തിനെതിരെ] 1000-ാമാണ്ടോടടുത്ത് ഫ്രാൻസിലും വടക്കൻ ഇററലിയിലും പ്രത്യക്ഷപ്പെട്ടു” എന്ന് ദി കോളിൻസ അററലസ ഓഫ വേൾഡ ഹിസറററി പറയുന്നു. ആദിമ പാഷണ്ഡികൾ എന്നു വിളിക്കപ്പെട്ടിരുന്നവരിൽ ചിലർ സഭയുടെ ദൃഷ്ടിയിൽമാത്രമേ പാഷണ്ഡികളായിരുന്നുള്ളു. പാഷണ്ഡികൾ വ്യക്തിപരമായി ആദിമ ക്രിസ്ത്യാനിത്വത്തോട് എത്രമാത്രം പററിനിന്നിരുന്നു എന്ന് ഇന്ന് കൃത്യമായി വിധിക്കാൻ പ്രയാസമാണ്. എന്നിലുന്നാലും, അവരിൽ ചിലരെങ്കിലും അങ്ങനെ ചെയ്യാൻ ശ്രമിച്ചിരുന്നു എന്ന് വ്യക്തമാണ്.
ഒൻപതാം നൂററാണ്ടിന്റെ തുടക്കത്തിൽ ലിയോൺസിലെ ആർച്ച് ബിഷപ്പ് അഗൊബാർഡ് വിഗ്രഹാരാധനയെയും “പുണ്യവാളൻമാരോടു”ള്ള അപേക്ഷയെയും കുററം വിധിച്ചു.* 11-ാം നൂററാണ്ടിലെ ഒരു ആർച്ച്ഡീക്കനായിരുന്ന ടൂർസിലെ ബെരെംഗർ വസ്തുമാററത്തെ, കത്തോലിക്കരുടെ കുർബ്ബാനയിൽ ഉപയോഗിക്കുന്ന അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ യഥാർത്ഥ ശരീരവും രക്തവുമായി മാററപ്പെടുമെന്ന അവകാശവാദത്തെ, ചോദ്യംചെയ്തതിനാൽ സഭാഭ്രഷ്ടനാക്കപ്പെട്ടു.* ഒരു നൂററാണ്ടിനുശേഷം ലോസാന്നെയിലെ പീററർ ഡി ബ്രൂയിസും ഹെൻറ്രിയും ശിശുസ്നാനവും കുരിശാരാധനയും നിരസിച്ചു.* അപ്രകാരം ചെയ്തതിന് ഹെൻട്രിക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടു; പീറററിന് അയാളുടെ ജീവനും നഷ്ടമായി.
“പന്ത്രണ്ടാം നൂററാണ്ടിന്റെ മദ്ധ്യത്തോടെ പടിഞ്ഞാറൻ യൂറോപ്പിലെ പട്ടണങ്ങൾ പാഷണ്ഡികളുടെ വിഭാഗങ്ങളാൽ നിറഞ്ഞു” എന്ന് ചരിത്രകാരനായ വിൽഡൂറൻറ് റിപ്പോർട്ടുചെയ്യുന്നു. ഈ ഗ്രൂപ്പുകളിൽ ഏററവും പ്രമുഖമായിരുന്നത് വാൾഡെൻസുകൾ ആയിരുന്നു. അവർ 12-ാം നൂററാണ്ടിന്റെ അവസാനത്തോടെ ഫ്രഞ്ച് വ്യാപാരിയായിരുന്ന പിയരെ വാൾഡെസിന്റെ (പീററർ വാൾഡൊ) കീഴിൽ പ്രാമുഖ്യംനേടി. മററു കാര്യങ്ങളോടൊപ്പം അവർ മറിയാരാധന, പുരോഹിതൻമാരോടുള്ള ഏററുപറച്ചിൽ, മരിച്ചവർക്കുവേണ്ടിയുള്ള കുർബ്ബാന, പാപ്പായുടെ പാപമോചനച്ചീട്ടുകൾ, പുരോഹിത ബ്രഹ്മചര്യം, ജഡിക ആയുധങ്ങളുടെ ഉപയോഗം എന്നീ കാര്യങ്ങളിൽ സഭയോട് വിയോജിച്ചു.* ഈ പ്രസ്ഥാനം പെട്ടെന്ന് ഫ്രാൻസിന്റെ മുഴുവൻഭാഗത്തും വടക്കൻ ഇററലിയിലും ഫ്ളാൻഡേഴ്സിലും ജർമ്മനിയിലും ആസ്ട്രിയായിലും ബൊഹീമിയാ (ചെക്കോസ്ലോവാക്കിയാ)യിലും വ്യാപിച്ചു.
ഇതിനിടയിൽ, ഇംഗ്ലണ്ടിൽ ഓക്സ്ഫോർഡ് പണ്ഡിതനായിരുന്ന, പിന്നീട് “ഇംഗ്ലീഷ് നവീകരണ പ്രസ്ഥാനത്തിന്റെ പ്രഭാതനക്ഷത്രം” എന്നറിയപ്പെട്ട, ജോൺ വൈക്ലിഫ് 14-ാം നൂററാണ്ടിലെ ‘അധികാരം പിടിച്ചടക്കുന്ന പുരോഹിതാധിപത്യത്തെ’ കുററംവിധിക്കുകയായിരുന്നു. അയാളും അയാളുടെ സ്നേഹിതരും ചേർന്ന് മുഴുബൈബിളും ഇംഗ്ലീഷിലേക്ക് ഭാഷാന്തരം ചെയ്യുകവഴി അത് ആദ്യമായി സാധാരണപൗരൻമാർക്ക് പൊതുവെ ലഭ്യമാക്കിത്തീർത്തു. വൈക്ലിഫിന്റെ അനുഗാമികൾ ലോള്ളാർഡ്സ് എന്ന് വിളിക്കപ്പെട്ടു. ലോള്ളാർഡ്സ് ലഘുലേഖകളും ബൈബിളിന്റെ ഭാഗങ്ങളും വിതരണം ചെയ്തുകൊണ്ട് പരസ്യമായി പ്രസംഗിച്ചു. അത്തരം “പാഷണ്ഡ” പെരുമാററം സഭക്ക് സ്വീകാര്യമായിരുന്നില്ല.
വൈക്ലിഫിന്റെ ആശയങ്ങൾ പുറംരാജ്യങ്ങളിലേക്ക് വ്യാപിച്ചു. അവ ബൊഹീമിയായിൽ പരാഗ്വേ യൂണിവേഴ്സിററിയുടെ തലവനായിരുന്ന ജാൻ ഹസ് (ജോൺ ഹസ്സ്)-ന്റെ ശ്രദ്ധ പിടിച്ചുപററി. ഹസ് പാപ്പാധിപത്യത്തിന്റെ നിയമസാധുത്വത്തെ ചോദ്യം ചെയ്യുകയും സഭ പത്രോസിൻമേൽ സ്ഥാപിച്ചു എന്ന ആശയത്തെ തിരസ്ക്കരിക്കുകയും ചെയ്തു.a പാപമോചനച്ചീട്ടുകളുടെ വിൽപ്പനയെ സംബന്ധിച്ച ഒരു വാദപ്രതിവാദത്തിനുശേഷം, ഹസ് പാഷണ്ഡോപദേശത്തിന് വിസ്തരിക്കപ്പെടുകയും 1415-ൽ സ്തംഭത്തിൽ ദഹിപ്പിക്കപ്പെടുകയും ചെയ്തു. കത്തോലിക്കാ പഠിപ്പിക്കലനുസരിച്ച്, പാപമോചനച്ചീട്ടുകൾ പാപങ്ങൾക്കുവേണ്ടിയുള്ള ശിക്ഷയെ ഭാഗികമായൊ പൂർണ്ണമായൊ ഒഴിവാക്കാൻ കഴിയുന്ന ഒരു കരുതലാണ്, അതുമുഖാന്തരം ഒരു വ്യക്തി സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് ശുദ്ധീകരണസ്ഥലത്ത് താൽക്കാലികമായ ശിക്ഷയും ശുദ്ധീകരണവും അനുഭവിക്കുന്ന കാലഘട്ടത്തിന്റെ ദൈർഘ്യം കുറക്കുകയൊ ഇല്ലായ്മചെയ്യുകയൊ ചെയ്യുന്നു.
നവീകരണത്തിനുള്ള ആഹ്വാനം തുടർന്നു. 15-ാം നൂററാണ്ടിൽ ഇററാലിയൻ ഡൊമിനിക്കൻ പ്രസംഗകനായിരുന്ന ഗിരൊലാമൊ സാവൊനറോളാ ഇപ്രകാരം പരിതപിച്ചു: ‘പാപ്പാമാരും ബിഷപ്പൻമാരും അഹംഭാവത്തിനും അധികാരതൃഷ്ണക്കുമെതിരെ പ്രസംഗിക്കുന്നു, അവർ മൂക്കററം അതിൽ മുഴുകിയിരിക്കുകയാണ്. അവർ ചാരിത്ര്യം പ്രസംഗിക്കുകയും വെപ്പാട്ടിമാരെ വെക്കുകയും ചെയ്യുന്നു. അവർ ലോകത്തെയും ലൗകികകാര്യങ്ങളെയുംകുറിച്ചു മാത്രം ചിന്തിക്കുന്നു; അവർ ദേഹികൾക്കുവേണ്ടി യാതൊന്നും കരുതുന്നില്ല.’ കത്തോലിക്കാ കർദ്ദിനാളൻമാർതന്നെ ഈ പ്രശ്നം തിരിച്ചറിഞ്ഞു. 1538-ൽ പോൾ III-ാമൻ പാപ്പായിക്കുള്ള ഒരു മെമ്മോറാണ്ടത്തിൽ അവർ പള്ളിയിടവകസംബന്ധവും സാമ്പത്തികവും നീതിന്യായപരവും ധാർമ്മികവും ആയ ദുർവിനിയോഗത്തിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ ക്ഷണിച്ചു. എന്നാൽ പാപ്പാധിപത്യം പ്രത്യക്ഷത്തിൽ ആവശ്യമായിരുന്ന നവീകരണങ്ങൾ വരുത്തുന്നതിൽ പരാജയപ്പെട്ടു, അത് പ്രൊട്ടസ്ററൻറ് നവീകരണത്തിന് ഉത്തേജനം നൽകി. ആദിമ നേതാക്കൻമാരിൽ മാർട്ടിൻ ലൂഥർ, ഹൾഡ്രിക്ക് സ്വിൻഗ്ലി, ജോൺ കാൽവിൻ എന്നിവർ ഉൾപ്പെട്ടിരുന്നു.
ലൂഥറും ‘16-ാം നൂററാണ്ടിലെ ബിൻഗോയും’
ലൂഥർ, 1517 ഒക്ടോബർ 31-ൽ വിററൻബർഗിലെ പള്ളിയുടെ കതകിൽ പ്രതിഷേധത്തിന്റെ 95 പോയിൻറുകൾ എഴുതിത്തറച്ചുകൊണ്ട് പാപമോചനച്ചീട്ടുകളുടെ വിൽപ്പനയെ ആക്രമിച്ചപ്പോൾ അദ്ദേഹം മതപരമായ ലോകത്തിന് തീകൊളുത്തി.
കുരിശുയുദ്ധങ്ങളുടെ കാലത്തായിരുന്നു പാപമോചനച്ചീട്ടുകളുടെ വിൽപ്പന തുടങ്ങിയത്, അന്ന് “വിശുദ്ധ” യുദ്ധത്തിനുവേണ്ടി തങ്ങളുടെ ജീവൻ പണയപ്പെടുത്താൻ മനസ്സൊരുക്കമുള്ള വിശ്വാസികൾക്ക് അവ കൊടുക്കപ്പെട്ടു. പിന്നീട് സഭക്ക് സാമ്പത്തിക സഹായം കൊടുത്ത ആളുകൾക്ക് അവ നീട്ടപ്പെട്ടു. പെട്ടെന്ന്, പാപമോചനച്ചീട്ടുകൾ പള്ളികളും ആശ്രമങ്ങളും ആശുപത്രികളും പണിയാനുള്ള പണം ഉണ്ടാക്കുന്നതിനുള്ള ഒരു സൗകര്യപ്രദമായ മാർഗ്ഗമായിത്തീർന്നു. “മദ്ധ്യയുഗത്തിലെ ഏററവും കുലീനമായ സ്മാരകങ്ങൾക്ക് ഈ വിധത്തിൽ പണം മുടക്കപ്പെട്ടു”വെന്ന് മതചരിത്രപ്രൊഫസറായ റോളണ്ട് ബയ്ൻറൺ പറയുന്നു, പാപമോചനച്ചീട്ടുകളെ “പതിനാറാം നൂററാണ്ടിലെ ബിംഗോ” എന്ന് മുദ്രയടിച്ചുകൊണ്ടുതന്നെ.
ലൂഥർ പ്രസിദ്ധനായിത്തീർന്ന തന്റെ മൂർച്ചയുള്ള നാവുകൊണ്ട് ഇപ്രകാരം ചോദിച്ചു: “തീർച്ചയായും പാപ്പായിക്ക് ആരെയും ശുദ്ധീകരണസ്ഥലത്തുനിന്ന് വിടുവിക്കാൻ [പാപമോചനച്ചീട്ടിന്റെ അടിസ്ഥാനത്തിൽ], അധികാരമുണ്ടെങ്കിൽ സ്നേഹത്തിന്റെ പേരിൽ എല്ലാവരെയും പുറത്തുകടക്കാൻ അനുവദിച്ചുകൊണ്ട് ശുദ്ധീകരണസ്ഥലത്തെ എന്തുകൊണ്ട് നീക്കംചെയ്തുകൂടാ?” ഒരു റോമൻ കെട്ടിടനിർമ്മാണപദ്ധതിക്ക് പണസംഭാവന ചോദിച്ചപ്പോൾ, പാപ്പാ “സെൻറ് പീറേറഴ്സ് വിററ് ആ പണം പാപമോചനച്ചീട്ടുകൾ കൊണ്ടുനടന്നു വ്യാപാരം നടത്തുന്നവരാൽ കൊള്ളയടിക്കപ്പെടുന്ന ദരിദ്രർക്ക് കൊടുക്കുന്നതാണ് മെച്ച”മെന്ന് ലൂഥർ തിരിച്ചടിച്ചു.
ലൂഥർ ഇപ്രകാരം ഉപദേശിച്ചുകൊണ്ട് കത്തോലിക്കരുടെ ശേമ്യ വിരോധത്തെയും ആക്രമിച്ചു: “നാം യഹൂദൻമാരോട് പാപ്പായുടെയല്ല യേശുവിന്റെ സ്നേഹത്തിന്റെ നിയമം ഉപയോഗിക്കണം.” ഭൗതികാവശിഷ്ടങ്ങളുടെ ആരാധനയെ സംബന്ധിച്ച് അദ്ദേഹം പരിഹസിച്ചു പറഞ്ഞു: “ഒരുവൻ ഗബ്രിയേൽ ദൂതന്റെ ചിറകിൽനിന്ന് ഒരു തൂവൽ ലഭിച്ചുവെന്ന് അവകാശപ്പെടുന്നു, മെയ്ൻസിലെ ബിഷപ്പിന് മോശയുടെ കത്തിക്കൊണ്ടിരുന്ന കുററിച്ചെടിയിൽനിന്ന് ഒരു തീജ്വാല കിട്ടി.” കൂടാതെ ക്രിസ്തുവിന് പന്ത്രണ്ട് അപ്പോസ്തലൻമാർ മാത്രം ഉണ്ടായിരിക്കെ ജർമ്മനിയിൽ പതിനെട്ട് അപ്പോസ്തലൻമാർ സംസ്കരിക്കപ്പെട്ടതെങ്ങനെ?”
സഭ ലൂഥറെ സഭാഭ്രഷ്ടനാക്കിക്കൊണ്ട് അയാളുടെ ആക്രമണങ്ങളോടു പ്രതികരിച്ചു. പാപ്പായുടെ സമ്മർദ്ദത്തിന് വഴങ്ങിക്കൊണ്ട് വിശുദ്ധ റോമാചക്രവർത്തിയായിരുന്ന ചാൾസ് V-ാമൻ ലൂഥറെ നിരോധനത്തിൽവെച്ചു. ഇത് 1530-ൽ ഈ കാര്യം ചർച്ചചെയ്യാൻ അഗസ്ബർഗിലെ കൂടിയാലോചനാസഭ വിളിച്ചുകൂട്ടത്തക്കവണ്ണം വിവാദമുയർത്തി. ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു, അതുകൊണ്ട് ലൂഥറിന്റെ ഉപദേശപരമായ വിശ്വാസത്തെസംബന്ധിച്ച് ഒരു അടിസ്ഥാനപ്രസ്താവന ഇറക്കപ്പെട്ടു. അഗസ്ബർഗ് വിശ്വാസം എന്ന് വിളിക്കപ്പെട്ട അത് പ്രൊട്ടസ്ററാൻറിസത്തിന്റെ ആദ്യ സഭയുടെ ജനനപ്രഖ്യാപനമായിത്തീർന്നു.b
സ്വിൻഗ്ലിയും ലൂഥറും വിയോജിക്കുന്നു
സ്വിൻഗ്ലി സഭയുടെ അന്തിമവും ഏകവുമായ പ്രമാണമായി ബൈബിളിനെ ഊന്നിപ്പറഞ്ഞു. അദ്ദേഹം ലൂഥറിന്റെ ദൃഷ്ടാന്തത്താൽ പ്രോത്സാഹിപ്പിക്കപ്പെട്ടെങ്കിലും താൻ ക്രിസ്തുവിന്റെ ഉപദേശങ്ങൾ ദൈവവചനത്തിൽനിന്നാണ്, ലൂഥറിൽനിന്നല്ല പഠിച്ചത് എന്നു പറഞ്ഞുകൊണ്ട് ലൂഥറൻ എന്നു വിളിക്കപ്പെടുന്നതിനെ എതിർത്തു. യഥാർത്ഥത്തിൽ അദ്ദേഹം കർത്താവിന്റെ സന്ധ്യാഭക്ഷണം സംബന്ധിച്ചും സിവിൽ അധികാരികളോടുള്ള ഒരു ക്രിസ്ത്യാനിയുടെ ഉചിതമായ ബന്ധം സംബന്ധിച്ചുമുള്ള ചില കാര്യങ്ങളിൽ വിയോജിച്ചു.
ഈ രണ്ടു നവീകരണക്കാരും 1529-ൽ, “ഒരു തരത്തിലുള്ള മതപരമായ ഉച്ചകോടി സമ്മേളനം” എന്ന് ദി റിഫർമേഷൻ ക്രൈസിസ എന്ന പുസ്തകം വിളിച്ചതിൽ ഒരിക്കൽമാത്രം ഒരുമിച്ചുകൂടി. ആ പുസ്തകം ഇങ്ങനെ പറയുന്നു: “രണ്ടുപേരും സ്നേഹിതൻമാരായി പിരിഞ്ഞുപോയില്ല, എന്നാൽ . . . കോൺഫറൻസിന്റെ ഒടുവിൽ പങ്കെടുത്ത എല്ലാവരും ഒപ്പിട്ട് പുറപ്പെടുവിച്ച ഒരു ഔദ്യോഗിക വിജ്ഞാപനം വിദഗ്ദ്ധമായി പിളർപ്പിന്റെ വ്യാപ്തിയെ മറച്ചുപിടിച്ചു.”
സ്വിൻഗ്ലിക്കും തന്റെ സ്വന്തം അനുഗാമികളുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. 1525-ൽ സഭയുടെമേലുള്ള സംസ്ഥാനത്തിന്റെ അധികാരത്തെസംബന്ധിച്ച പ്രശ്നത്തിൽ അദ്ദേഹത്തോടു വിയോജിച്ചുകൊണ്ട് ഒരു ഗ്രൂപ്പ് പിരിഞ്ഞുപോയി. അദ്ദേഹം അത് ശരിവെക്കുകയും അവർ അത് നിരസിക്കുകയും ചെയ്തിരുന്നു. അനാബാപ്ററിസ്ററ്സ് (“പുനഃസ്നാപനക്കാർ”) എന്നു വിളിക്കപ്പെട്ട അവർ, സ്നാപനം പ്രായമുള്ള വിശ്വാസികൾക്കുമാത്രമുള്ളതാണെന്ന് പറഞ്ഞുകൊണ്ട് ശിശുസ്നാനം പ്രയോജനമില്ലാത്ത ചടങ്ങാണെന്ന് വീക്ഷിച്ചു. നീതിയുള്ള യുദ്ധങ്ങൾ എന്നു വിളിക്കപ്പെട്ടവയിൽപോലും ജഡിക ആയുധങ്ങളുടെ ഉപയോഗത്തെയും അവർ എതിർത്തു. അവരുടെ വിശ്വാസങ്ങൾക്കുവേണ്ടി അവരിൽ ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു.
നവീകരണപ്രസ്ഥാനത്തിൽ കാൽവിന്റെ പങ്ക
അനേകം പണ്ഡിതൻമാർ കാൽവിനെ നവീകരണക്കാരിൽ അഗ്രഗണ്യനായി വീക്ഷിക്കുന്നു. സഭ ക്രിസ്ത്യാനിത്വത്തിന്റെ മൂല തത്വങ്ങളിലേക്ക് മടങ്ങിപ്പോകണമെന്ന് അദ്ദേഹം നിർബ്ബന്ധം പിടിച്ചു. എന്നിരുന്നാലും മുൻനിർണ്ണയം എന്ന അദ്ദേഹത്തിന്റെ മുഖ്യ ഉപദേശങ്ങളിൽ ഒന്ന്, സ്യൂസ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നുവെന്നും മനുഷ്യർ ഒഴിവാക്കാനാവാത്തതിന് വഴങ്ങണമെന്നും സ്റേറായിക്കുകൾ പറയുന്ന പുരാതന ഗ്രീസിലെ ഉപദേശങ്ങളെ ഓർമ്മിപ്പിക്കുന്നതാണ്. ഈ ഉപദേശം വ്യക്തമായും ക്രിസ്തീയമല്ല.
കാൽവിന്റെ നാളുകളിൽ ഫ്രഞ്ച് പ്രൊട്ടസ്ററൻറുകാർ ഹ്യുഗൊനോട്ട്സ് എന്നറിയപ്പെട്ടു, അവർ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ഫ്രാൻസിൽ 1572 ഓഗസ്ററ് 24-ൽ തുടങ്ങിയ, സെൻറ് ബാർത്തൊലൊമൊയുടെ നാളിലെ കൂട്ടക്കൊലയിൽ, കത്തോലിക്കാ ശക്തികൾ ആദ്യം പാരീസിലും പിന്നീട് രാജ്യത്തുടനീളവും അവരിൽ ആയിരക്കണക്കിനു പേരെ വെട്ടിവീഴ്ത്തി. എന്നാൽ ഹ്യുഗൊനോട്ട്സും വാൾ എടുക്കുകയും 16-ാം നൂററാണ്ടിന്റെ അന്തിമഭാഗത്തെ രക്തരൂഷിതമായ മതയുദ്ധങ്ങളുടെ കാലത്ത് അനേകരെ കൊല്ലുന്നതിൽ ഉത്തരവാദികളായിത്തീരുകയും ചെയ്തു. അവർ ആ വിധത്തിൽ, “നിങ്ങളുടെ ശത്രുക്കളെ തുടർന്നു സ്നേഹിച്ചുകൊണ്ടിരിക്കുകയും നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക” എന്ന യേശുവിന്റെ പ്രബോധനത്തെ അവഗണിക്കുന്നതിനെ തിരഞ്ഞെടുത്തു.—മത്തായി 5:44.
കാൽവിൻ തന്റെ മതവിശ്വാസങ്ങളെ പുരോഗമിപ്പിക്കുന്നതിന് ചില രീതികൾ ഉപയോഗിച്ചുകൊണ്ട് മാതൃകവെച്ചു, അവയെ പിന്നീട് പ്രൊട്ടസ്ററൻറ് പുരോഹിതനായിരുന്ന പരേതനായിരുന്ന ഹാരി എമേർസൺ ഫോസ്ഡിക്ക് കരുണയില്ലാത്തതെന്നും ഞെട്ടിക്കുന്നതെന്നും വർണ്ണിക്കുകയുണ്ടായി. കാൽവിൻ ജനീവയിൽ അവതരിപ്പിച്ച സഭാനിയമത്തിൻകീഴിൽ നാലുവർഷങ്ങൾക്കുള്ളിൽ 58 പേർ വധിക്കപ്പെടുകയും 76 പേർ നാടുകടത്തപ്പെടുകയും ചെയ്തു; 16-ാം നൂററാണ്ടിന്റെ അവസാനത്തോടുകൂടി 150 പേർ സ്തംഭത്തിൽ ദഹിപ്പിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു. അവരിൽ ഒരാൾ ത്രിത്വോപദേശത്തെ തിരസ്കരിക്കുകയും അതുനിമിത്തം, എല്ലാ മനുഷ്യരുടെയും “പാഷണ്ഡി”യായിത്തീരുകയുംചെയ്ത സ്പാനിഷ് ഭിഷഗ്വരനും ദൈവശാസ്ത്രജ്ഞനുമായിരുന്ന മീഖായേൽ സെർവീററസ് ആയിരുന്നു. കത്തോലിക്കാ അധികാരികൾ അദ്ദേഹത്തിന്റെ കോലം കത്തിച്ചു; പ്രൊട്ടസ്ററൻറുകാർ അദ്ദേഹത്തെ സ്തംഭത്തിൽ ദഹിപ്പിച്ചുകൊണ്ട് ഒരു നിർണ്ണായകപടികൂടി മുന്നോട്ടുപോയി.
അന്തിമമായി “ഒരു ഭയാനകമായ യാഥാർത്ഥ്യം”
ലൂഥറോട് തത്വത്തിൽ യോജിക്കവേ, ചില ഭാവിനവീകരണക്കാർ പിൻമാറിനിന്നു. ഒരാൾ ഡച്ച് പണ്ഡിതനായിരുന്ന ഡെസിഡെറിയസ് ഇറാസ്മസ് ആയിരുന്നു. അദ്ദേഹം 1516-ൽ ആദ്യമായി മൂല ഗ്രീക്കിൽ “പുതിയ നിയമം” പ്രസിദ്ധീകരിച്ചു. “നവീകരണം ഒരു ഭയാനകമായ യാഥാർത്ഥ്യമായിത്തീരുന്നതുവരെ അദ്ദേഹം ഒരു നവീകരണക്കാരനായിരുന്നു” എന്ന് എഡിൻബർഗ റിവ്യൂ എന്ന പ്രസിദ്ധീകരണം പറയുന്നു.
എന്നിരുന്നാലും മററുള്ളവർ നവീകരണപ്രസ്ഥാനവുമായി മുമ്പോട്ട് നീങ്ങി, ജർമ്മനിയിലും സ്കാൻഡിനേവിയായിലും ലൂഥറനിസം വിപുലമായി പടരുകയും ചെയ്തു. 1534-ൽ ഇംഗ്ലണ്ട് പാപ്പായുടെ നിയന്ത്രണത്തിൽ നിന്ന് വേർപിരിഞ്ഞു. നവീകരണ നേതാവായിരുന്ന ജോൺ നോക്സിന്റെ കീഴിൽ പെട്ടെന്ന് സ്ക്കോട്ട്ലാൻഡും പിൻതുടർന്നു. 16-ാം നൂററാണ്ടിന്റെ അവസാനത്തിനു മുമ്പ് ഫ്രാൻസിലും പോളണ്ടിലും പ്രൊട്ടസ്ററാൻറിസം നിയമപരമായ അംഗീകാരം നേടി.
അതെ, വോൾട്ടയർ വളരെ ഉചിതമായി പ്രസ്താവിച്ചതുപോലെ, “എല്ലാ ദുർനടപടിയും നവീകരിക്കപ്പെടണം.” എന്നാൽ വോൾട്ടയർ ഈ വിശേഷണവാക്കുകൾ കൂട്ടിച്ചേർത്തു, “നവീകരണം ദുർനടപടിയെക്കാൾ അപകടകരമല്ലെങ്കിൽ.” ആ വാക്കുകളുടെ നിജാവസ്ഥ മെച്ചമായി വിലമതിക്കുന്നതിന്, “പ്രൊട്ടസ്ററാൻറ് മതം—യഥാർത്ഥത്തിൽ ഒരു നവീകരണമോ? എന്ന ഞങ്ങളുടെ അടുത്ത ലക്കത്തിലെ ലേഖനം തീർച്ചയായും വായിക്കുക. (g89 8⁄22)
[അടിക്കുറിപ്പുകൾ]
a ഈ ഉപദേശങ്ങളും ആചാരങ്ങളും ആദിമ ക്രിസ്ത്യാനികൾക്ക് അറിയപ്പെട്ടിരുന്നില്ല എന്നതിനുള്ള തെളിവിന്, വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ട് സൊസൈററി ഓഫ് ന്യൂയോർക്ക്, ഇൻകോ., പ്രസിദ്ധീകരിച്ച തിരുവെഴുത്തുകളിൽനിന്ന ന്യായവാദം ചെയ്യൽ എന്ന ഇംഗ്ലീഷ് പുസ്തകത്തിലെ, “അപ്പോസ്തലിക പിൻതുടർച്ച,” “സ്നാപനം,” “ഏററുപറച്ചിൽ,” “കുരിശ്,” “വിധി,” “വിഗ്രഹങ്ങൾ,” “മറിയം,” “കുർബ്ബാന,” “നിഷ്പക്ഷത,” “പുണ്യവാളൻമാർ” എന്നീ വിഷയങ്ങൾ കാണുക.
b സാർത്ഥകമായി, കത്തോലിക്കർക്ക് തങ്ങളെക്കാൾ കൂടുതലായ മതസ്വാതന്ത്ര്യം അനുവദിച്ച ഒരു നിയമത്തിനെതിരെ പ്രതിഷേധിച്ച ലൂഥറിന്റെ അനുഗാമികൾക്ക് ആദ്യമായി 1529-ലെ സ്പെയർ കൗൺസിലിൽവെച്ച് ബാധകമാക്കിയതായിരുന്നു “പ്രൊട്ടസ്ററൻറ്” എന്ന പദം.
[18-ാം പേജിലെ ചിത്രങ്ങൾ]
മാർട്ടിൻ ലൂഥർ, 1483-ൽ ജർമ്മനിയിൽ ജനിച്ചു, 23-ാം വയസ്സിൽ പൗരോഹിത്യനിയമനം ലഭിച്ചു, വിററൻബർഗ്ഗ് യൂണിവേഴ്സിററിയിൽ ദൈവശാസ്ത്രം പഠിച്ചു, 1512-ൽ വിററൻബർഗ്ഗിൽ വിശുദ്ധ തിരുവെഴുത്തുകളുടെ പ്രൊഫസറായിത്തീർന്നു, 62-ൽ മരിച്ചു
ഹൾഡ്രിക്ക് സ്വിൻഗ്ലി, ലൂഥർ ജനിച്ച് രണ്ടു മാസത്തോളം കഴിഞ്ഞ് സ്വിററ്സർലണ്ടിൽ ജനിച്ചു, 1506-ൽ പൗരോഹിത്യനിയമനം ലഭിച്ചു, പട്ടാളക്യാമ്പിലെ ഒരു പ്രൊട്ടസ്ററൻറ് വൈദികൻ എന്ന നിലയിൽ 47-ാമത്തെ വയസ്സിൽ യുദ്ധത്തിൽ മരിച്ചു
[കടപ്പാട്]
Kunstmuseum, Winterthur
ജോൺ കാൽവിൻ, ലൂഥറിനും സ്വിൻഗ്ലിക്കും ശേഷം 25 വർഷം കഴിഞ്ഞ് ജനിച്ചു, ഒരു യുവാവായിരുന്നപ്പോൾ ഫ്രാൻസിൽനിന്ന് സ്വിററ്സർലണ്ടിലേക്ക് പോയി, ജനീവയിൽ ഫലത്തിൽ ഒരു സഭാ-സംസ്ഥാനം സ്ഥാപിച്ചു, 54-ാം വയസ്സിൽ മരിച്ചു.