തൊഴിലാളിപ്രസ്ഥാനം—എങ്ങോട്ട് നീങ്ങുന്നു?
കാനഡായിലെ “ഉണരുക!” ലേഖകൻ
“സമ്പത്ത് കുന്നുകൂടുമ്പോൾ മനുഷ്യർ അധഃപതിക്കുന്നു,” ഒരു കവി പ്രസ്താവിച്ചു. എന്നിരുന്നാലും, സ്ഥിരം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഭൗതിക സ്വത്തിന്റെ കെണിയാൽ അനേകർ ആകർഷിക്കപ്പെടുന്നു. അതുകൊണ്ടാണ് മദ്ധ്യയുഗങ്ങളിൽ മുതലാളിത്വം ഉടലെടുത്തത്.
ജീവിതത്തിന്റെ ഗുണത്തിലെ ഒരു അധപതനത്തോടുകൂടെ അനേകരുടെ കാര്യത്തിൽ മുതലാളിത്തം കൈവരുന്നു എന്ന് തൊഴിലാളികൾ തിരിച്ചറിഞ്ഞു. അവർ തങ്ങളേത്തന്നെ സംരക്ഷിക്കുന്നതിന് യൂണിയനുകൾ രൂപീകരിച്ചു. മുതലാളിത്തം തഴച്ചുവളർന്നടത്തെല്ലാം തൊഴിലാളി പ്രസ്ഥാനം വികാസം പ്രാപിച്ചു.
എന്നിരുന്നാലും വിമർശകരും ചില പിന്തുണക്കാരുംപോലും സംഘടിത തൊഴിലാളി പ്രസ്ഥാനം അധഃപതിക്കുകയായിരിക്കാമെന്ന ആശങ്ക വെളിപ്പെടുത്തുന്നു. പംക്തീകാരനായ അന്തോണി വെസ്ററൽ, “തൊഴിലാളി പ്രസ്ഥാനം മാററം വരുത്താൻ അപ്രാപ്തമൊ വിമുഖമൊ ആയി ഭൂതകാലത്ത് ജീവിക്കുന്നു” എന്ന് ആരോപിക്കുന്നു. ബ്രിട്ടീഷ് ട്രേഡ് യൂണിയൻ അംഗത്വത്തിൽ 5 വർഷം കൊണ്ട് “കുറഞ്ഞത് 10 ലക്ഷത്തിന്റെ” കുറവുണ്ടായതായി “സഹോദരൻമാരുടെ കുറഞ്ഞുകൊണ്ടിരിക്കുന്ന സംഘം” എന്ന ശീർഷകത്തിൽ ദി ഇക്കണോമിസററ കുറിക്കൊള്ളുന്നു. യൂണിവേഴ്സിററി ഓഫ് ഇല്ലിനോയി പ്രൊഫസർ അഡോൾഫ് സ്ററംഡോൾ “സാർവദേശീയ തൊഴിലാളി പ്രസ്ഥാനത്തിലെ പ്രതിസന്ധി”യെക്കുറിച്ച് എഴുതുന്നു.
സ്ഥിതിവിവരക്കണക്കുകൾ അവരുടെ നിഗമനങ്ങളെ പിന്താങ്ങുന്നതായി തോന്നുന്നു. ജപ്പാനിലെ യൂണിയൻ പ്രവർത്തകർ 1960-ലെ 32 ശതമാനത്തിൽനിന്ന് 1984-ലെ 29 ശതമാനത്തിലേക്ക് കുറഞ്ഞതായും ഐക്യനാടുകളിൽ 33 ശതമാനത്തിൽനിന്ന് 19 ശതമാനമായി കുറഞ്ഞതായും റിപ്പോർട്ടുചെയ്തു. ബ്രിട്ടനും പശ്ചിമജർമ്മനിയും വർദ്ധനവുകൾ അവകാശപ്പെട്ടെങ്കിലും “സംഖ്യകൾ സൂചിപ്പിച്ചേക്കാവുന്നതുപോലെ ശോഭനമല്ല ചിത്രം” എന്ന് ജർമ്മൻ ട്രിബ്യൂൺ പറഞ്ഞു. അത് അംഗങ്ങളുടെ പ്രതിജ്ഞാബദ്ധതയിലുള്ള ഒരു നഷ്ടവും സമ്പദ്ഘടനയിലെ യൂണിയൻരഹിത മേഖലകളുടെ വർദ്ധനവുകളും കുറിക്കൊണ്ടു. ഓസ്ട്രേലിയൻ തൊഴിലാളിയൂണിയൻ അംഗത്വം 55 ശതമാനമായി ഉയർന്നിരിക്കുന്നുവെങ്കിലും ഒരു അസുഖത്തിന്റെ, പ്രതിസന്ധിയുടെപോലും, ബോധത്തിന്റെ പിടിയിലമർന്നിരിക്കുന്നുവെന്ന് ഫാർ ഈസറേറൺ ഇക്കണോമിക്ക റിവ്യൂ പറയുന്നു.
തൊഴിലാളിപ്രസ്ഥാനത്തിനുള്ളിലെ പ്രശ്നങ്ങൾ
വിജയിക്കുന്നതിന് തൊഴിൽ ഐക്യത്തിലായിരിക്കണം. എന്നിരുന്നാലും അനേകം തൊഴിലാളി പ്രസ്ഥാനങ്ങൾ അശേഷം ഐക്യത്തിലല്ല. ജോലി മനോഭാവങ്ങളിലെ മാററങ്ങൾ നിമിത്തം “ഒരു ഒററ തൊഴിലാളി വീക്ഷണം അവതരിപ്പിക്കുക സംശയാസ്പദമാണ്: വ്യക്തത ഒട്ടുമില്ല” എന്ന് ദി ടൈംസ ഓഫ് ലണ്ടൻ പ്രസ്താവിച്ചു. ആസ്ട്രേലിയൻ പണിമുടക്കുകൾ മിക്കപ്പോഴും യൂണിയനുകൾ തമ്മിലുള്ള ഭരണപരമായ തർക്കങ്ങൾമൂലമാണുണ്ടാകുന്നത്. കാനഡായിൽ യൂണിയനുകൾ യൂണിയനുകളുമായി പടവെട്ടുന്നതിനാൽ ട്രേഡ്യൂണിയൻ പ്രവർത്തകർ ഐക്യനാടുകളിൽ താവളമുള്ള ഒരു യൂണിയന്റെ ഉരുക്കുമുഷ്ടിനയങ്ങളിൽ കുപിതരാണെന്ന് റിപ്പോർട്ടുചെയ്യപ്പെട്ടു. തങ്ങളുടെ ജോലികളെ രക്ഷിക്കുമായിരുന്ന “ഉടമ്പടിയിൽനിന്ന് . . . ഒഴിഞ്ഞുമാറിയതിനെ” കാനഡായിലെ 400ൽ പരം പിരിച്ചുവിടപ്പെട്ട ജോലിക്കാർ രണ്ടു യൂണിയനുകളെ കുററപ്പെടുത്തി.
യൂണിയനുകളെ കുഴപ്പിക്കുന്ന ഒരു രണ്ടാമത്തെ ആഭ്യന്തരപ്രശ്നം പ്രതിജ്ഞാബദ്ധതയുടെ കുറവാണ്. ഒരു കാലത്ത് മുഖ്യമായി കൈകൊണ്ട് അദ്ധ്വാനിച്ചിരുന്ന തൊഴിലാളി വർഗ്ഗം ഇപ്പോൾ വർദ്ധിതമായി ഗുമസ്തൻമാരോ സാങ്കേതിക വിദഗ്ദ്ധരോ തൊഴിൽ വിദഗ്ദ്ധരോ ആണ്. ഈ വെള്ളക്കോളർമേഖല “യൂണിയനുകൾക്ക് പരമ്പരാഗതമായി തുളച്ചുകടക്കാൻ പ്രയാസമായിരിക്കുന്നു” എന്ന് ലേബർലോ ആൻഡ ഇൻഡസട്രിയൽ റിലേഷൻസ ഇൻ കാനഡ കുറിക്കൊള്ളുന്നു.
അനേകരെ സംബന്ധിച്ചടത്തോളം ഒരു യൂണിയനിലെ അംഗത്വം ഒരു ആവശ്യകതയാണ്. ഒരു ഗവൺമെൻറ് ഡിപ്പാർട്ടുമെൻറ് സ്ററാഫിൽ ചേർന്ന ഒരു എഞ്ചിനീയർ ബിരുദധാരിയുടെ ദൃഷ്ടാന്തം എടുക്കുക. അദ്ദേഹം ഉണരുക!യോട് ഇങ്ങനെ പറഞ്ഞു: “ഞാൻ യൂണിയനിൽ ചേർന്നിരുന്നതായി എന്നോടു പറയപ്പെട്ടുപോലുമില്ല. അംഗങ്ങളുടെ പട്ടികയിൽ എന്റെ പേർ പ്രത്യക്ഷപ്പെട്ടു. പണിമുടക്കാനുള്ള ഒരു അഭിപ്രായവോട്ട് പ്രചരിപ്പിക്കപ്പെട്ടപ്പോൾ എനിക്ക് ഒന്നുംചെയ്യാൻ പാടില്ലാതെവന്നു, അതുകൊണ്ട് ഞാൻ മാറിനിന്നു.”
അഴിമതി അല്ലെങ്കിൽ കുററകൃത്യപ്രവർത്തനം അപ്രീതിക്ക് സംഭാവന ചെയ്യുന്നു. ന്യൂയോർക്ക് നഗരത്തിൽ കീർത്തിപ്പെട്ട കുററവാളി സമൂഹങ്ങളുടെ ഒരു വമ്പിച്ച വിചാരണ വിപുലവ്യാപകമായ യൂണിയൻ പ്രവർത്തനത്തെ വെളിപ്പെടുത്തി. റിപ്പോർട്ടനുസരിച്ച് ചില ആസ്ട്രേലിയൻ യൂണിയനുകൾ “കുററപ്പുള്ളികളുടെ ബാധ” അനുഭവിക്കുകയാണ്. അടുത്തകാലത്തെ കനേഡിയൻ പണിമുടക്കുകളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റേതുൾപ്പെടെ 700-ൽപരം അറസ്ററുകളിൽ കലാശിച്ചു.
തൊഴിലാളി നിയന്ത്രണത്തിനതീതമായ പ്രശ്നങ്ങൾ
യൂണിയൻ നിയന്ത്രണത്തിനതീതമായ മററു ഘടകങ്ങൾ തൊഴിലാളി നേതാക്കളെ വിഫലരാക്കുന്നു. മനുഷ്യസമുദായം പ്രക്ഷുബ്ധമാണ്. യൂണിയൻ അംഗങ്ങളുടെയിടയിലെ സൗഹൃദം ഒലിച്ചുപോയിരിക്കുന്നു. 49 വർഷം ഒരു ബ്രോയിലർമെയ്ക്കറും കുറെക്കാലം ഒരു ഷോപ്പ്വിചാരകനുമായിരുന്ന ഒരു മനുഷ്യൻ തന്റെ ജോലിയിൽ നിന്നുള്ള വിരമിക്കൽ സഹയൂണിയൻ അംഗങ്ങൾക്ക് എത്ര നിസ്സാരമായ ഒരു സംഗതിയായിരുന്നു എന്ന് ഉണരുക!യോട് പറയുകയുണ്ടായി. എന്റെ അവസാനത്തെ ദിവസം അവർ ഒരു തൊപ്പിയിൽ പണപ്പിരിവു നടത്തി എനിക്ക് 35 ഡോളർ തന്നു. രണ്ടുപേർ എനിക്കു ഹസ്തദാനം ചെയ്തു, അത്രമാത്രം. സാമ്പത്തികമാന്ദ്യകാലത്ത് ഞാൻ പിരിച്ചുവിടപ്പെട്ടതിനാൽ 50 വർഷം തികയുന്നതിന് 6 മാസംകൂടെ വേണമായിരുന്നു. അതുകൊണ്ട് സാധാരണയുള്ള സ്വർണ്ണവാച്ച് എനിക്കു കിട്ടിയില്ല!”
ഒരളവിൽ ചരിത്രപ്രധാനമായ ആദർശങ്ങളോട് വിശ്വസ്തത പുലർത്തുന്നതിലുള്ള പരാജയത്തിൽനിന്നാണ് അകൽച്ചയുണ്ടാകുന്നത്. ചില യൂണിയൻ ബിസിനസ്സ് താൽപ്പര്യങ്ങൾ വലിയ സാമ്രാജ്യങ്ങളായി വളർന്നിട്ടുണ്ട്. അതിൽ യൂണിയനാണ് മുതലാളി. ദി കാൻബറാ ടൈംസലെ ജറാൾഡ് സ്ററുവാർട്ട് ഇങ്ങനെ പ്രസ്താവിക്കുന്നു: “യൂണിയനുകൾ മുതലാളിത്വത്തിന്റെ ആകർഷകത്വം കുറഞ്ഞ വശങ്ങൾ പകർത്തിയതോടെ അവയെ വിമർശിക്കാനുള്ള ധാർമ്മിക അവകാശം യൂണിയനുകൾക്ക് നഷ്ടപ്പെട്ടു.”
സാങ്കേതികശാസ്ത്രപരമായ മാററങ്ങളും പിൻമാററങ്ങളും കുറഞ്ഞ അസംബ്ലിലൈൻ ജോലികളിൽ കലാശിച്ചേക്കാം. മിൽവാക്കിയിലെ നീലകോളർ തൊഴിൽ 1979-ലെ 2,23,600-ൽ നിന്ന് 1986-ലെ 1,71,300 ആയി കുറഞ്ഞു എന്ന് ടൈം മാസിക റിപ്പോർട്ടുചെയ്തു. കൂടാതെ പുതിയതരം ജോലികൾ പ്രത്യേക വൈദഗ്ദ്ധ്യമുള്ള ചെറുപ്പക്കാരെ ആകർഷിക്കുന്നു. അത്തരം വ്യക്തിഗത ജോലിക്കാരന് ട്രേഡ്യൂണിയൻ എപ്പോഴും പ്രസക്തമല്ല.
ജോലിക്കാർ പണംമാത്രമല്ല തേടുന്നത്. എന്നാൽ ഡേകെയർ സേവനങ്ങളും ദൈർഘ്യം കുറഞ്ഞ പ്രവൃത്തിവാരങ്ങളും അയവുള്ള ഷിഫ്ററുകളും തൊഴിൽ പങ്കാളിത്തവും ആരോഗ്യ ആസൂത്രണങ്ങളും ചില തൊഴിലാളിവർഗ്ഗങ്ങൾക്കുമാത്രമായിരിക്കാം പ്രയോജനം ചെയ്യുന്നത്. ഏതെങ്കിലും ഒരു സ്ഥാപനത്തിന് ഇത്രയധികം താൽപ്പര്യങ്ങൾക്ക് ഹിതകരമായിരിക്കുക കൂടുതൽ പ്രയാസമാണ്. മുതലാളിമാർ മിക്കപ്പോഴും തൊഴിലാളികൾക്ക് നേരിട്ട് സൃഷ്ടിപരമായ പ്രയോജനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് യൂണിയനുകളെ മറികടക്കുന്നു.
ചില രാജ്യങ്ങളിൽ യൂണിയനുകളുടെ രാഷ്ട്രീയമൊ മതപരമൊ ആയ ഉൾപ്പെടൽ അംഗങ്ങളിൽനിന്നുള്ള വിമർശനം വരുത്തിക്കൂട്ടുന്നു. തങ്ങൾക്കു യോജിപ്പില്ലാത്ത പ്രവർത്തനങ്ങളെ പിന്താങ്ങുന്നതിന് അംഗത്വ വിഹിതങ്ങൾ ഉപയോഗിക്കാൻ അവർ ആഗ്രഹിക്കുന്നില്ലായിരിക്കാം. ഇങ്ങനെയുള്ള കാരണങ്ങളാൽ ഒരു യൂണിയന് വിഹിതങ്ങൾ കൊടുക്കാൻ വിസമ്മതിക്കുന്നതിനുള്ള ഒരു അംഗത്തിന്റെ അവകാശത്തെ കനേഡിയൻ കോടതികൾ ഉയർത്തിപ്പിടിച്ചു.
യൂണിയന്റെ അന്തിമ ആയുധം പണിമുടക്ക് ആണെന്നിരിക്കെ അത് മുമ്പത്തെപ്പോലെ അത്ര വിജയപ്രദമല്ല. കാനഡായിൽ ഒരു പ്രാദേശിക നീതിന്യായ മന്ത്രി പോലീസുകാർക്ക് പണിമുടക്കാനുള്ള അവകാശം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. ക്യൂബക്ക് നിയമവിരുദ്ധമായ ആരോഗ്യമേഖലയിലെ ഇറങ്ങിപ്പോക്കുകൾ കൈകാര്യം ചെയ്യുന്നതിന് കർശനമായ നിയമങ്ങൾ പാസ്സാക്കി. ഐക്യനാടുകളിൽ എയർ ട്രാഫിക്ക് കൺട്രോളേഴ്സ് യൂണിയൻ പണിമുടക്കിയപ്പോൾ അതിനെ പിരിച്ചുവിടാൻ ഫെഡറൽ ഗവൺമെൻറ് ഇടപെട്ടു. ആസ്ട്രേലിയ പോലെയുള്ള മററു രാജ്യങ്ങളിൽ നിർബന്ധിത മാദ്ധ്യസ്ഥതയുണ്ട്.
മുതലാളികൾ യൂണിയന്റെ സാമ്പത്തികമായ തകർക്കലിനെതിരെ തന്ത്രങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. പല വമ്പിച്ച കോർപ്പറേഷനുകളും ഭാരമുള്ള തൊഴിൽകരാറുകളിൽനിന്ന് രക്ഷപെടാൻ ഒരു രൂപത്തിലുള്ള പാപ്പരത്വത്തിന് വിധേയമായിട്ടുണ്ട്. ചിലർ പീഡനം നിമിത്തം വ്യവഹാരത്തിലേർപ്പെട്ടിരിക്കുന്നു. അതേസമയം മററു ചിലർ യൂണിയൻ പ്രസ്ഥാനത്തിനെതിരെ ഒരു ഐക്യമുന്നണിയുണ്ടാക്കാൻ ഒത്തുകൂടിയിരിക്കുന്നു.
അതിജീവിക്കുന്നതിനുള്ള പൊരുത്തപ്പെടുത്തലുകൾ
പല വിധങ്ങളിലും ആരംഭത്തിൽ തൊഴിലാളി പ്രസ്ഥാനത്തിന്റെ ഉയർച്ചക്കിടയാക്കിയ ആവശ്യങ്ങൾ മേലാൽ സ്ഥിതിചെയ്യുന്നില്ല. സംഘടിത തൊഴിലിനാൽ പ്രേരിതമായ സാമൂഹ്യ നിയമനിർമ്മാണം ഇപ്പോൾ കുട്ടികളെ സംരക്ഷിക്കുകയും അത്യാവശ്യം വേണ്ട തൊഴിൽ നിലവാരങ്ങൾ ഏർപ്പെടുത്തുകയും കൂട്ടമായ വിലപേശലിനെ സംരക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ തൊഴിലാളി നേതാക്കൻമാർ ചില രാജ്യങ്ങളിലെ വൻ ബിസിനസ്സിന്റെ ശക്തിയും വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും അവയുടെ തുടർന്നുള്ള ആവശ്യത്തിന്റെ തെളിവായിട്ടാണ് കാണുന്നത്.
തൊഴിലാളിനേതാക്കൻമാരുടെ പുതിയ തലമുറകൾ പിന്തുണയെ പുനരുജ്ജീവിപ്പിക്കുകയാണ്. യൂണിയനുകൾ പൊതുജനങ്ങളിൽ അനേകരെ സംബന്ധിച്ചടത്തോളം മേലാൽ ജനരഞ്ജകമല്ലെന്ന് സമ്മതിച്ചുകൊണ്ട് “ഇന്ന് തൊഴിലാളിനേതാവ് മേശയിലിടിക്കുന്നതിനുപകരം ഒരുക്കത്തെയും ഗവേഷണത്തെയും കൂടുതൽ സൂക്ഷ്മമായി വീക്ഷിക്കുകയാണ്” എന്ന് ഒരു യൂണിയൻ പ്രസിഡണ്ട് പറയുന്നു. അവരുടെ വിജയം സംഘടനയിലും ലേബർ യൂണിയൻ രീതികളിലും മാററങ്ങൾ ആവശ്യമാക്കിത്തീർക്കും.
ചില വ്യവസായങ്ങളിൽ തൊഴിലാളി പ്രസ്ഥാനം പൊരുത്തപ്പെടുകയും അതിജീവിക്കുകയും ചെയ്തിട്ടുണ്ട്. ഓട്ടോമോബൈൽനിർമ്മാതാക്കൾ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് വ്യവസായ യൂണിയനുകളിൽനിന്ന് അനേകം സൗജന്യങ്ങൾ നേടിയെടുത്തിട്ടുണ്ട്. റോബോട്ട് ശാസ്ത്രം പ്രായോഗികമാക്കി അദ്ധ്വാനം കുറക്കുന്ന പുതിയ നിർമ്മാണശാലകളും യൂണിയൻ സഹായത്തെ ആകർഷിച്ചിട്ടുണ്ട്. അങ്ങനെയുള്ള പ്രവർത്തനത്തോടുള്ള ബന്ധത്തിൽ “ഉത്ക്കണ്ഠയുണ്ട്, എന്നാൽ ഞങ്ങളുടെ ആൾക്കാർ ഒരു പങ്കു വഹിച്ചു എന്ന നേട്ടത്തിന്റെ തോന്നലും ഉണ്ട്” എന്ന് ഒരു യൂണിയൻ ഉദ്യോഗസ്ഥൻ സമ്മതിക്കുകയുണ്ടായി.
തൊഴിൽ സേനയെ കുറക്കാനുള്ള ശ്രമങ്ങളെ ചില യൂണിയനുകൾ എതിർക്കുന്നുവെങ്കിലും മററു ചിലത് മാനേജുമെൻറുമായി രമ്യതയിലാവുകയും തൊഴിൽ പങ്കാളിത്തമൊ ജോലിയുടെ തിരിയലൊ പരീക്ഷിച്ചുനോക്കുകയും ചെയ്യുന്നു. ദി സീഫെയറേഴ്സ് ഇൻറർനാഷണൽ യൂണിയൻ ഓഫ് കാനഡാ ഒരു ദൃഷ്ടാന്തമാണ്. ഒരു പരീക്ഷണപദ്ധതി നാലുപേരടങ്ങിയ യൂണിററുകളിലെ ഓരോരുത്തരും ഒരു തിരിയൽ പട്ടികപ്രകാരം ഒരേ സമയം 90 ദിവസം ജോലി ചെയ്യുകയും പിന്നീട് 30 ദിവസം അവധിയെടുക്കുകയും ചെയ്യുന്നു. “കൂടുതൽ നാവികർക്ക് ജോലി കിട്ടുന്നു എന്നതാണ് പ്രധാന പ്രയോജനം” എന്ന് ടൊറന്റോയിലെ ഗ്ലോബ ആൻഡ മെയിൽ റിപ്പോർട്ടുചെയ്യുന്നു.
വലിപ്പമേറിയ വ്യവസായങ്ങളിൽ യൂണിയൻ പ്രവർത്തിക്കുന്നതിൽ ഗണ്യമായ പരാജയങ്ങൾ ഉണ്ടായിരുന്നിട്ടുണ്ടെന്നിരിക്കെ ചെറിയ മുതലാളിമാരുടെ ഇടയിൽ യൂണിയനുകൾ ഇപ്പോഴും വിജയം കണ്ടെത്തുന്നു. ഒരു കനേഡിയൻ പ്രോവിൻസിൽ ഒരു വർഷം അംഗീകരിച്ച 704 പുതിയ യൂണിററുകളിൽ 42 എണ്ണം മാത്രമെ 100-ൽ അധികംപേരെ നിയമിച്ചുള്ളു. “എന്നാൽ യൂണിയനുകൾക്ക് ഒട്ടനവധി ആളുകളെ ചേർക്കാൻ കഴിയുമായിരുന്ന നാളുകൾ ഏറെയും പൊയ്പ്പോയിരിക്കുന്നു” എന്ന് ഒരു നിരീക്ഷകൻ പ്രസ്താവിച്ചു.
വ്യക്തമായ തൊഴിലാളി പ്രസ്ഥാനത്തിന്റെ അധഃപതനത്തിന്റെ കാരണങ്ങളിൽ പലതും പൊതുസമുദായത്തിന്റെ അധഃപതനത്തിന്റെ കാര്യത്തിലെന്നപോലെ, മനുഷ്യ നിയന്ത്രണത്തിനതീതമാണ്. ഒരു മെച്ചപ്പെട്ട ലോകത്തിനുവേണ്ടിയുള്ള ആഗ്രഹത്തിൽനിന്ന് തൊഴിലാളി പ്രസ്ഥാനത്തിലേക്കാകർഷിക്കപ്പെട്ട സ്ത്രീപുരുഷൻമാർ തങ്ങളുടെ സമസൃഷ്ടിയെ സഹായിക്കുന്നതിനുള്ള ആത്മാർത്ഥ ശ്രമങ്ങൾക്ക് അഭിനന്ദനം അർഹിക്കുന്നു. മെച്ചപ്പെട്ട തൊഴിൽ അവസ്ഥകൾ നേടാനുള്ള അത്തരം ശ്രമങ്ങളെ നല്ല മനസ്ഥിതിയുള്ള ആളുകൾ അംഗീകരിക്കുന്നു. എന്നാലും, ലേബർയൂണിയനുകളുടെ ഇപ്പോഴത്തെ അവസ്ഥ സദുദ്ദേശ്യമുള്ളതെങ്കിലും നമ്മുടെ ദുർഘടകാലങ്ങളിൽ തീർച്ചയായും പിഴച്ചുപോയിരിക്കുന്ന കേവലം മാനുഷികമായ സ്ഥാപനങ്ങളുടെ ഒരു തെളിവുകൂടെ നമുക്കു നൽകുകയാണ്.—2 തിമൊഥെയോസ് 3:2-5. (g90 4⁄8)
[22-ാം പേജിലെ ചതുരം]
മുതലാളിത്തം
ഒരു നിഘണ്ടു പറയുന്നതനുസരിച്ച് മുതലാളിത്തം “ഉല്പാദനവിതരണ ഉപാധികൾ സ്വകാര്യ ഉടമയിൽ ലാഭത്തിനുവേണ്ടി പ്രവർത്തിക്കുന്ന” ഒരു വ്യവസ്ഥിതിയാണ്.
ജർമ്മനിയിലെ ഓഗ്സ്ബേർഗ്ഗിൽനിന്നുള്ള, മദ്ധ്യയുഗങ്ങളിലെ ഒരു സമ്പന്നവ്യാപാരിയായിരുന്ന ജേക്കബ് ഫഗ്ഗർ പാപ്പായുടെ ജനറൽ ഏജൻസിയും പ്രവർത്തിപ്പിച്ചിരുന്നു, അത് പാപമോചനത്തിന് ഫീസും വാങ്ങിയിരുന്നു. മുതലാളിത്തം ഫഗ്ഗറോടുകൂടെ ഉത്ഭവിച്ചതാണെന്ന് ചരിത്രകാരനായ എറിക് കാളർ വിശ്വസിക്കുന്നു, ഇങ്ങനെ എഴുതിക്കൊണ്ട്:
“ബാബിലോണിന്റെ കാലത്തോളം മുമ്പ് മുതലാളിത്തത്തിന്റെ കണികകൾ ഉണ്ടായിരുന്നുവെന്ന് തെളിയിക്കാൻ ചില ആധുനിക സാമ്പത്തികവിദഗ്ദ്ധരും സാമൂഹികശാസ്ത്രജ്ഞൻമാരും ശ്രമിച്ചിട്ടുണ്ട്. എന്നാൽ അവർ കണ്ടുപിടിച്ചത് മുതലാളിത്തമല്ല. മുതലാളിത്തം സമ്പത്തിനോടും ജംഗമസ്വത്തിനോടും സർവസമമല്ല, അത് പണസമ്പാദനത്തിനോടും പണം കടംകൊടുക്കലിനോടും സർവസമമല്ല. കേവലം ഉല്പാദനക്ഷമമായ സ്വത്തിന്റെ മുതൽമുടക്കിനോടുപോലും സർവസമമല്ല. ഇതൊന്നും അതിൽത്തന്നെ മുതലാളിത്തമല്ല. എന്തെന്നാൽ ഇതെല്ലാം സാമ്പത്തികലക്ഷ്യങ്ങൾക്ക് അന്യമായ ഒരു ജീവിത തത്വത്തിന് ഉതകിയേക്കാം. അത് ഒരു മാനുഷലക്ഷ്യത്തിനുവേണ്ടി, ഒരു മാനുഷ ഉദ്ദേശ്യത്തിനുവേണ്ടി, ചെയ്യപ്പെട്ടേക്കാം, ഒരു മാനുഷജീവിക്ക് ആസ്വദിക്കാൻ കഴിയുന്ന ഒന്നിനുവേണ്ടിത്തന്നെ. എന്നാൽ ഇവിടെ, ആദ്യമായിത്തന്നെ, . . . ബിസിനസ് അതിൽത്തന്നെ, പണസമ്പാദനം അതിൽത്തന്നെ, വസ്തുക്കളുടെ ഉല്പാദനവും സുഖങ്ങളുടെ കുന്നുകൂട്ടലും മനുഷ്യന്റെമേൽ വളരെ ശക്തി പ്രയോഗിച്ചതുകൊണ്ട് അവൻ തന്റെ സകല ഊർജ്ജസ്വലതയും തന്റെ ഹൃദയവും, തന്റെ ഏതൽക്കാലവും ഭാവിയുമെല്ലാം, തന്റെ മനുഷ്യത്വമെല്ലാം, പദത്തിന്റെ അക്ഷരാർത്ഥത്തിൽത്തന്നെ അസ്വസ്ഥമായ, നിരന്തരം വളരുന്നതും വിഴുങ്ങിക്കളയുന്നതുമായ, ഉല്പാദനത്തിൽതന്നെ ചെലവഴിച്ചു, ആ ഉല്പാദനത്തിന്റെ അന്തിമമായ അർത്ഥം അവന് പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്, അല്ലെങ്കിൽ വിസ്മൃതമായിരിക്കുകയാണ്.
“ഇതാണ് മുതലാളിത്തത്തിന്റെ തുടക്കം, അത് മനുഷ്യന്റെമേലുള്ള മുതലിന്റെ ഭരണമാണ്, മനുഷ്യഹൃദയത്തിൻമേലുള്ള സാമ്പത്തികപ്രവർത്തനത്തിന്റെ ഭരണംതന്നെ. സമ്പദ്വ്യവസ്ഥയുടെ സ്വയംഭരണവും ഇവിടെ തുടങ്ങുന്നു, പ്രകൃതിചൂഷണത്തിന്റെ വിശ്രമരഹിതവും അതിരററതുമായ പുരോഗതിയും, മേലാൽ ആസ്വദിക്കുന്നതിന് ഒഴിവുസമയമോ പ്രാപ്തിയോ ഇല്ലാത്ത വസ്തുക്കളുടെ ഉല്പാദനവും ഇവിടെ തുടങ്ങുന്നു. ഈ വികാസത്തിന്റെ പരിണതഫലങ്ങൾ ഇന്ന് വ്യക്തമായി വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു.”—മേൻ ദി മെഷർ.
[23-ാം പേജിലെ ചതുരം]
തൊഴിലാളിപ്രസ്ഥാനത്തിന്റെ ചരിത്രം
“തൊഴിലാളിപ്രസ്ഥാനം എന്നത് ഇപ്പോഴത്തെയും ഭാവിയിലെയും സ്വന്തം അവസ്ഥകളുടെ മെച്ചപ്പെടുത്തലിന്റെ ഉദ്ദേശ്യത്തിൽ നടത്തുന്ന ശമ്പളക്കാരുടെ സകല സംഘടിത പ്രവർത്തനത്തെയും അർത്ഥമാക്കാൻ ഉപയോഗിക്കപ്പെടുന്ന പദമാണ്.”—ദി അമേരിക്കൻ പീപ്പിൾസ് എൻസൈക്ലോപ്പീഡിയാ.
ഈജിപ്ററിൽ ഇഷ്ടിക നിർമ്മിക്കാനുള്ള എബ്രായ അടിമകളുടെ വിസമ്മതം തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കായിരുന്നുവെന്ന് ചിലർ അവകാശപ്പെടുന്നു; എന്നാൽ ഇസ്രയേല്യർ ശമ്പളക്കാരല്ലായിരുന്നു; അവർ അടിമകളായിരുന്നു. (പുറപ്പാട് 5:15-18) സമാനമായി, ഒനേസിമൂസ് ഒരു അടിമയായിരുന്നതുകൊണ്ട് അവനെ ഫിലേമോന്റെ അടുക്കലേക്ക് പൗലോസ് തിരിച്ചയച്ചത് ശമ്പളക്കാർക്ക് ബാധകമാകുന്നില്ല.—ഫിലേമോൻ 10-20.
പതിനാലും 15ഉം നൂററാണ്ടുകളിൽ കൂലിക്കാരെയും ജോലി പരിശീലിക്കുന്നവരെയും നിയമിച്ചിരുന്ന കരകൗശലവിദഗ്ദ്ധരുടെ സംഘടനകളായിരുന്ന കരകൗശലസംഘങ്ങൾ യൂണിയനുകൾക്ക് വഴിയൊരുക്കി. ഹിസ്റററി ഓഫ് ട്രെയ്ഡ് യൂണിയനിസം പറയുന്നതനുസരിച്ച് 1,383ഓളം മുമ്പ് കൂലിക്കാർ “തങ്ങളുടെ ഭരണാധികാരികൾക്കും നാടുവാഴികൾക്കുമെതിരെ ഒത്തുചേർന്നു.”
ഇംഗ്ലണ്ടിലെ ആദ്യത്തെ തൊഴിലാളിനിയമം ഓർഡിനൻസ് ഓഫ് ലേബറേഴ്സ് ആയിരുന്നു. (1349 അല്ലെങ്കിൽ 1350). തൊഴിൽപരിശീലനനിയമം (1563) തലമുറകളായി ഇംഗ്ലണ്ടിലെ തൊഴിലാളിബന്ധങ്ങളെ ക്രോഡീകരിച്ചിരുന്നു. 20-ാം നൂററാണ്ടായതോടെ, മിക്ക രാജ്യങ്ങളും യൂണിയനുകളെ നിയന്ത്രിക്കുന്ന നിയമങ്ങളിൽ അയവുവരുത്തി.
സർവരാജ്യസഖ്യഉടമ്പടിയിലെ 23-ാം വകുപ്പിൻകീഴിൽ 1919ൽ ഐ.എൽ.ഓ (സാർവദേശീയ തൊഴിൽ സംഘടന) സ്ഥാപിക്കപ്പെട്ടു. അതിപ്പോഴും സ്ഥിതിചെയ്യുന്നു. ഐ.എൽ. ഓയുടെ ഉടമ്പടികൾ മിക്ക രാഷ്ട്രങ്ങളുടെയും സാമൂഹികനിയമനിർമ്മാണത്തിൽ സ്വീകരിക്കപ്പെട്ടിട്ടുണ്ട്.
മിക്ക രാജ്യങ്ങളിലും യൂണിയനുകൾ നിയമത്താൽ അനുവദിക്കപ്പെട്ടിട്ടുണ്ട്. അവ ഓപ്പൺഷോപ്പ് യൂണിയനുകൾ ആയിരിക്കാം, അതിൽ തൊഴിലാളികൾക്ക് ജോലി തുടങ്ങുമ്പോൾത്തന്നെ ചേരുകയോ ചേരാതിരിക്കുകയോ ചെയ്യാം. അല്ലെങ്കിൽ അത് ക്ലോസ്ഡ്അപ് യൂണിയനുകൾ ആയിരിക്കാം. അതനുസരിച്ച് അംഗത്വം ജോലിക്കുള്ള ഒരു വ്യവസ്ഥയെന്ന നിലയിൽ നിർബന്ധിതമാണ്.