യുവജനങ്ങൾ ചോദിക്കുന്നു . . .
ഞാൻ കായികാധ്വാനം ചെയ്യേണ്ടത് എന്തുകൊണ്ട്?
“ഇത്രയധികം കായികാധ്വാനം ആവശ്യമായ ഒരു ജോലി ചെയ്യേണ്ടിവരുമെന്ന് ഞാൻ സ്വപ്നത്തിൽപ്പോലും വിചാരിച്ചിരുന്നില്ല. കമ്പ്യൂട്ടറിന്റെ മുമ്പിലിരുന്ന് എന്തെങ്കിലുമൊക്കെ ചെയ്യുന്നതായിരുന്നു എനിക്ക് ഏറെ ഇഷ്ടം.”—നേഥൻ.
“കായികാധ്വാനം ചെയ്യുന്ന ഞങ്ങളെപ്പോലുള്ളവരെ ചില ചെറുപ്പക്കാർ പുച്ഛത്തോടെയാണു വീക്ഷിക്കുന്നത്, മറ്റൊന്നും ചെയ്യാനുള്ള സാമർഥ്യം ഞങ്ങൾക്കില്ലെന്നാണ് അവരുടെ ധാരണ.”—സാറ.
കായികാധ്വാനം—പലരും അതിനെ വിരസവും ഹീനവും അനഭികാമ്യവുമായി വീക്ഷിക്കുന്നു. ഒരു ധനതത്ത്വശാസ്ത്ര പ്രൊഫസർ നീലക്കോളർ ജോലികളെക്കുറിച്ച് ഇപ്രകാരം പറയുന്നു: “സ്ഥാനമാനങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്ന ഈ ലോകത്തിൽ ഇത്തരം ജോലികൾക്ക് യാതൊരു അന്തസ്സുമില്ല.” അതുകൊണ്ട് പല യുവപ്രായക്കാരും കായികാധ്വാനമെന്നു കേൾക്കുമ്പോഴേ നെറ്റിചുളിക്കുന്നതിൽ ഒട്ടും അതിശയമില്ല.
എന്നാൽ കഠിനാധ്വാനത്തെക്കുറിച്ചു തികച്ചും വ്യത്യസ്തമായ ഒരു വീക്ഷണം ഉണ്ടായിരിക്കാനാണ് ബൈബിൾ പ്രോത്സാഹിപ്പിക്കുന്നത്. “തിന്നു കുടിച്ചു തന്റെ പ്രയത്നത്താൽ സുഖം അനുഭവിക്കുന്നതല്ലാതെ മനുഷ്യന്നു മറ്റൊരു നന്മയുമില്ല” എന്നു ശലോമോൻ രാജാവ് പറഞ്ഞു. (സഭാപ്രസംഗി 2:24) ബൈബിൾ കാലങ്ങളിൽ, ഇസ്രായേൽ ഒരു കർഷക സമൂഹമായിരുന്നു. നിലം ഉഴുന്നതിനും കൊയ്യുന്നതിനും മെതിക്കുന്നതിനുമെല്ലാം വളരെയധികം കായികശ്രമം ആവശ്യമായിരുന്നു. എന്നിരുന്നാലും, കഠിനാധ്വാനം സമൃദ്ധമായ പ്രതിഫലങ്ങൾ കൈവരുത്തുമെന്ന് ശലോമോൻ പറഞ്ഞു.
നൂറ്റാണ്ടുകൾക്കുശേഷം അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “കള്ളൻ ഇനി കക്കാതെ . . . കൈകൊണ്ടു നല്ലതു പ്രവർത്തിച്ചു അദ്ധ്വാനിക്കയത്രേ വേണ്ടത്.” (എഫെസ്യർ 4:28) പൗലൊസുതന്നെ കായികാധ്വാനം ചെയ്തിരുന്ന ആളായിരുന്നു. ഉന്നതവിദ്യാഭ്യാസമുണ്ടായിരുന്നെങ്കിലും കൂടാരപ്പണി ചെയ്തുകൊണ്ടാണ് അവൻ ചിലപ്പോഴൊക്കെ ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്.—പ്രവൃത്തികൾ 18:1-3.
കായികാധ്വാനം ചെയ്യുന്നതിനെക്കുറിച്ചു നിങ്ങൾ എന്തു വിചാരിക്കുന്നു? നിങ്ങൾ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും കായികാധ്വാനത്തിന് പല വിധങ്ങളിൽ പ്രയോജനം കൈവരുത്താൻ സാധിക്കും.
വിജയപ്രദമായ ജീവിതത്തിനുള്ള പരിശീലനം
കായികാധ്വാനത്തിൽ ഏർപ്പെടുന്നത്—ചുറ്റികകൊണ്ടു പണിയെടുക്കുന്നതും പുല്ലുചെത്തുന്നതും എല്ലാം—നല്ല ആരോഗ്യത്തിനു സംഭാവന ചെയ്യും. എന്നാൽ ശാരീരികാരോഗ്യം നിലനിറുത്താൻ സഹായിക്കുന്നതിലും ഉപരി മറ്റു പ്രയോജനങ്ങളും ഇതുകൊണ്ട് ഉണ്ട്. കാറ്റുപോയ ഒരു ടയർ ശരിയാക്കാൻ അല്ലെങ്കിൽ കാറിലെ ഓയിൽ മാറ്റാൻ നിങ്ങൾക്ക് അറിയാമോ? ഒരു പൊട്ടിയ ജനാല നന്നാക്കാനോ പൈപ്പിന്റെ തടസ്സം നീക്കാനോ നിങ്ങൾക്കാകുമോ? ഭക്ഷണം പാകം ചെയ്യാൻ നിങ്ങൾക്കറിയാമോ? കുളിമുറി വൃത്തിയാക്കാനും രോഗാണുവിമുക്തമായി സൂക്ഷിക്കാനും നിങ്ങൾക്കു കഴിയുമോ? ചെറുപ്പക്കാരായ സ്ത്രീകളും പുരുഷന്മാരും നിശ്ചയമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവ, ഒരു കാലത്ത് സ്വന്തം നിലയിൽ വിജയകരമായി ജീവിക്കാൻ സഹായിക്കുന്ന വൈദഗ്ധ്യങ്ങൾ.
ശ്രദ്ധേയമായി, യേശുക്രിസ്തുപോലും ഭൂമിയിലായിരുന്നപ്പോൾ ചില കൈത്തൊഴിലുകളിൽ വൈദഗ്ധ്യം നേടിയിരുന്നതായി കാണപ്പെടുന്നു. അവൻ തന്റെ വളർത്തച്ഛനായ യോസേഫിൽനിന്ന് ആശാരിപ്പണി പഠിച്ചു. അതുകൊണ്ടുതന്നെ അവൻ തച്ചനെന്ന് അറിയപ്പെടുകയും ചെയ്തു. (മത്തായി 13:55; മർക്കൊസ് 6:3) കായികാധ്വാനം ചെയ്യുന്നതിലൂടെ പ്രയോജനപ്രദമായ അനേകം വൈദഗ്ധ്യങ്ങൾ ആർജിച്ചെടുക്കാൻ നിങ്ങൾക്കും സാധിക്കും.
ആകർഷകമായ ഗുണങ്ങൾ നട്ടുവളർത്താൻ
കഠിനാധ്വാനം ചെയ്യുന്നത് നിങ്ങൾക്കു നിങ്ങളെക്കുറിച്ചുതന്നെയുള്ള വീക്ഷണത്തെയും സ്വാധീനിക്കുന്നു. കായികാധ്വാനം ചെയ്യാൻ പഠിക്കുന്നത് “സ്വയം-പര്യാപ്തതാ ബോധവും ആത്മവിശ്വാസവും” വർധിപ്പിക്കുമെന്നു മാത്രമല്ല, “തൊഴിലിൽ വിജയം വരിക്കാൻ ആവശ്യമായിരിക്കുന്ന അടിസ്ഥാനഗുണങ്ങളായ ആത്മശിക്ഷണവും അടുക്കും ചിട്ടയും വളർത്തിയെടുക്കാൻ സഹായിക്കുകയും ചെയ്യും” എന്ന് യു.എസ്. നാഷനൽ മെന്റൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷൻ സെന്ററിനുവേണ്ടി എഴുതിയ ഒരു ലേഖനത്തിൽ ഡോ. ഫ്രെഡ് പ്രൊവെൻസാനോ അഭിപ്രായപ്പെട്ടു. ഒരു യുവവ്യക്തിയായ ജോൺ പറയുന്നു: “കായികാധ്വാനം ചെയ്യുമ്പോൾ നിങ്ങൾ കൂടുതൽ ക്ഷമാശീലരായിത്തീരുന്നു. പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്നും നിങ്ങൾ പഠിക്കുന്നു.”
നേരത്തേ ഉദ്ധരിച്ച സാറ പറയുന്നു: “കായികാധ്വാനം ചെയ്യുന്നത് കഠിനാധ്വാനിയും പരിശ്രമശാലിയും ആയിരിക്കാൻ എന്നെ പഠിപ്പിച്ചിരിക്കുന്നു. ശാരീരികവും മാനസികവും ആയി അച്ചടക്കം പാലിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു.” കഠിനാധ്വാനം മുഷിപ്പിക്കുന്ന ഒന്നായിരിക്കേണ്ടതുണ്ടോ? നേഥൻ പറയുന്നു: “അങ്ങനെയുള്ള ജോലികൾ ചെയ്യുന്നത് ആസ്വദിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു. എന്റെ പ്രാപ്തികൾ മെച്ചപ്പെട്ടതോടെ ഞാൻ ചെയ്യുന്ന ജോലിയുടെ ഗുണമേന്മയും മെച്ചപ്പെടുന്നതായി ഞാൻ നിരീക്ഷിച്ചു. ഇത് എനിക്കു കൂടുതൽ ആത്മസംതൃപ്തി പകർന്നു.”
ജോലി വിജയകരമായി പൂർത്തിയാക്കുമ്പോഴുള്ള ആ സന്തോഷം അനുഭവിച്ചറിയാനും കായികാധ്വാനം സഹായിക്കും. ജെയിംസ് എന്ന ഒരു യുവാവ് ഇങ്ങനെ പറയുന്നു: “മരപ്പണികൾ ചെയ്യുന്നത് ഞാൻ ആസ്വദിക്കുന്നു. ചില സമയങ്ങളിൽ അതു ശാരീരികമായി ക്ഷീണിപ്പിക്കുന്നതാണെങ്കിലും ഞാൻ ഉണ്ടാക്കിയ സാധനങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ ഞാൻ എന്തൊക്കെയോ ചെയ്തെന്ന ഒരു തോന്നൽ എനിക്ക് ഉണ്ടാകുന്നു. അതു തികച്ചും സംതൃപ്തിദായകമാണ്.” ബ്രയനും സമാനമായ വികാരങ്ങളാണുള്ളത്. “വാഹനങ്ങൾ നന്നാക്കാൻ എനിക്കിഷ്ടമാണ്. കേടായ എന്തെങ്കിലും നന്നാക്കാനും അത് പുതിയതുപോലെ പ്രയോജനമുള്ളത് ആക്കിത്തീർക്കാനുമുള്ള കഴിവ് ഉണ്ടെന്ന അറിവ് എനിക്ക് ആത്മവിശ്വാസവും സംതൃപ്തിയും നൽകുന്നു.”
വിശുദ്ധ സേവനം
ക്രിസ്തീയ യുവജനങ്ങളെ സംബന്ധിച്ചിടത്തോളം കഠിനാധ്വാനം ചെയ്യാനുള്ള അവരുടെ പ്രാപ്തി ദൈവസേവനത്തിൽ സഹായകമായിരിക്കും. യഹോവയ്ക്ക് മഹനീയമായ ഒരു ആലയം പണിയാൻ ശലോമോൻ രാജാവിനു നിയമനം ലഭിച്ചപ്പോൾ, വലിയ ശ്രമവും വൈദഗ്ധ്യവും ആവശ്യമായ ഒരു വേലയാണ് അതെന്ന് അവൻ തിരിച്ചറിഞ്ഞു. ബൈബിൾ പറയുന്നു: “ശലോമോൻരാജാവു സോരിൽനിന്നു ഹീരാം എന്നൊരുവനെ വരുത്തി. അവൻ നഫ്താലിഗോത്രത്തിൽ ഒരു വിധവയുടെ മകൻ ആയിരുന്നു; അവന്റെ അപ്പനോ സോര്യനായ ഒരു മൂശാരിയത്രേ: അവൻ താമ്രംകൊണ്ടു സകലവിധപണിയും ചെയ്വാൻ തക്കവണ്ണം ജ്ഞാനവും ബുദ്ധിയും സാമർത്ഥ്യവും ഉള്ളവനായിരുന്നു. അവൻ ശലോമോൻരാജാവിന്റെ അടുക്കൽ വന്നു, അവൻ കല്പിച്ച പണി ഒക്കെയും തീർത്തു.”—1 രാജാക്കന്മാർ 7:13, 14.
യഹോവയുടെ ആരാധന ഉന്നമിപ്പിക്കുന്നതിനായി തന്റെ കഴിവുകൾ ഉപയോഗിക്കാനായത് ഹീരാമിനെ സംബന്ധിച്ചിടത്തോളം എത്ര വലിയ പദവിയായിരുന്നു! ഹീരാമിന്റെ അനുഭവം സദൃശവാക്യങ്ങൾ 22:29-ലെ വാക്കുകളുടെ സത്യതയ്ക്ക് അടിവരയിടുന്നു: “പ്രവൃത്തിയിൽ സാമർത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? അവൻ രാജാക്കന്മാരുടെ മുമ്പിൽ നില്ക്കും; നീചന്മാരുടെ മുമ്പിൽ അവൻ നില്ക്കയില്ല.”
ഇന്ന്, കാര്യമായ അല്ലെങ്കിൽ ഒട്ടുംതന്നെ നിർമാണവൈദഗ്ധ്യമില്ലാത്ത യുവജനങ്ങൾക്കുപോലും രാജ്യഹാളുകളുടെ നിർമാണത്തിൽ പങ്കുപറ്റാനുള്ള വിശേഷാവസരമുണ്ട്. ഇത്തരം പദ്ധതികളിൽ പങ്കെടുത്തതുമൂലം ചിലർ ഇലക്ട്രിക്കൽ ജോലി, പ്ലമിങ്, കൽപ്പണി, മരപ്പണി എന്നിവപോലുള്ള പ്രയോജനപ്രദമായ തൊഴിലുകൾ പഠിച്ചിരിക്കുന്നു. ഒരുപക്ഷേ രാജ്യഹാൾ നിർമാണത്തിൽ നിങ്ങൾക്കു പങ്കെടുക്കാനാകുമോ എന്നതു സംബന്ധിച്ച് പ്രാദേശിക സഭയിലെ മൂപ്പന്മാരോടു സംസാരിക്കാവുന്നതാണ്.
അനേകം രാജ്യഹാളുകളുടെ നിർമാണത്തിൽ പങ്കെടുത്തിട്ടുള്ള ജെയിംസ് പറയുന്നു: “സഭയിലെ അനേകർക്കും നിർമാണത്തിൽ സഹായിക്കാനുള്ള സമയമോ പ്രാപ്തിയോ ഉണ്ടായെന്നുവരില്ല. അതുകൊണ്ട് സഹായിക്കുന്നതിലൂടെ, നിങ്ങൾ മുഴു സഭയെയുമാണു പിന്താങ്ങുന്നത്.” കോൺക്രീറ്റുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യാൻ പഠിച്ചിരുന്ന നേഥൻ, തന്റെ ഈ പ്രാപ്തി ദൈവസേവനത്തിന്റെ മറ്റൊരു മണ്ഡലത്തിൽ ഉപയോഗിക്കാമെന്നു കണ്ടെത്തി. അവൻ അനുസ്മരിക്കുന്നു: “സിംബാബ്വേയിലുള്ള യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസ് നിർമാണത്തിൽ സഹായിച്ചുകൊണ്ട് എന്റെ പ്രാപ്തികൾ ഉപയോഗപ്പെടുത്താൻ എനിക്കു കഴിഞ്ഞു. മൂന്നു മാസം ഞാൻ അവിടെ ജോലി ചെയ്തു, അത് എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ അനുഭവമായിരുന്നു.” മറ്റു ചില യുവജനങ്ങളെ സംബന്ധിച്ചിടത്തോളം കഠിനാധ്വാനം ചെയ്യാനുള്ള സന്നദ്ധത, യഹോവയുടെ സാക്ഷികളുടെ പ്രാദേശിക ബ്രാഞ്ച് ഓഫീസിൽ സ്വമേധയാസേവകരായി സേവിക്കുന്നതിന് അപേക്ഷിക്കാൻ അവരെ പ്രേരിപ്പിച്ചിരിക്കുന്നു.
കായികാധ്വാനത്തിൽ വൈദഗ്ധ്യം നേടുന്നത് ഒരളവുവരെ “സ്വയംപര്യാപ്തത” കൈവരിക്കാൻ നിങ്ങളെ സഹായിക്കും. (1 തിമൊഥെയൊസ് 6:6, NW) യഹോവയുടെ സാക്ഷികളായ പല ചെറുപ്പക്കാരും പയനിയർമാരോ മുഴുസമയ ശുശ്രൂഷകരോ ആയി സേവിക്കുന്നു. ഒരു തൊഴിൽ പഠിച്ചത്, ലൗകിക വിദ്യാഭ്യാസത്തിൽ വളരെയേറെ സമയവും പണവും ചെലവഴിക്കാതെതന്നെ സ്വന്തമായി ഒരു ഉപജീവനമാർഗം കണ്ടെത്താൻ ചിലരെ സഹായിച്ചിരിക്കുന്നു.
കായികാധ്വാനം എങ്ങനെ പരിശീലിക്കാനാകും?
വ്യക്തമായും, വരുമാനമാർഗമെന്ന നിലയിൽ എന്തെങ്കിലും തൊഴിൽ ചെയ്യാനായാലും, വീട്ടിൽ അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള ജോലികൾ ചെയ്യാനായാലും, കായികാധ്വാനം ചെയ്യാൻ പഠിക്കുന്നതു പ്രയോജനപ്രദമാണ്. നിങ്ങളുടെ പ്രാദേശിക സ്കൂളിൽ ഒരുപക്ഷേ തൊഴിലധിഷ്ഠിത കോഴ്സുകളുണ്ടായിരിക്കാം. ഇനി, മറ്റെവിടെയും പോകാതെ വീട്ടിൽവെച്ചുതന്നെ കുറച്ചു പരിശീലനം നേടാൻ നിങ്ങൾക്കു സാധിക്കും. എങ്ങനെ? വീട്ടുജോലികൾ ചെയ്യാൻ പഠിക്കുന്നതിലൂടെ. നേരത്തേ ഉദ്ധരിച്ച ഡോ. പ്രൊവെൻസാനോ പറയുന്നു: “വീട്ടിലെ ജോലികൾ ചെയ്യുന്നത് കൗമാരപ്രായക്കാരെ സംബന്ധിച്ചിടത്തോളം വിശേഷിച്ചും പ്രധാനമാണ്. കാരണം നിത്യജീവിതം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ അടിസ്ഥാന വൈദഗ്ധ്യങ്ങൾ അത് അവർക്കു പ്രദാനം ചെയ്യുന്നു. ഇത് തങ്ങളുടെ മാതാപിതാക്കളിൽനിന്നും മാറിത്താമസിക്കേണ്ടിവരുമ്പോൾ വിജയകരമായും കാര്യനിർവഹണശേഷിയോടും കൂടെ ജീവിക്കാൻ അവരെ സഹായിക്കും.” അതുകൊണ്ട് വീട്ടിലെ ജോലികൾ ചെയ്യാൻ സദാ ഒരുക്കമുള്ളവരായിരിക്കുക. നിങ്ങളുടെ വീട്ടിൽ മുറ്റത്തു പുല്ലുപറിക്കാനോ എന്തെങ്കിലും അറ്റകുറ്റപ്പണികൾ ചെയ്യാനോ ഉണ്ടോ?
കായികാധ്വാനം അന്തസ്സ് ഇല്ലാത്ത ജോലിയല്ല, മറിച്ച് നിരവധി പ്രയോജനങ്ങൾ കൈവരുത്താൻ കഴിയുന്ന ഒന്നാണ്. കായികാധ്വാനത്തെ ഒഴിവാക്കാതിരിക്കുക! പകരം കഠിനാധ്വാനത്തിൽനിന്നു ‘സുഖം അനുഭവിക്കാൻ’ ശ്രമിക്കുക. കാരണം അത് “ദൈവത്തിന്റെ ദാനം ആകുന്നു” എന്ന് സഭാപ്രസംഗി 3:13 പറയുന്നു.
[21-ാം പേജിലെ ആകർഷക വാക്യം]
തൊഴിൽ പഠിച്ചത് അനേകം യുവജനങ്ങളെ തങ്ങളുടെ ദൈവസേവനം വികസിപ്പിക്കാൻ സഹായിച്ചിരിക്കുന്നു
[22-ാം പേജിലെ ചിത്രങ്ങൾ]
മിക്കപ്പോഴും മാതാപിതാക്കൾക്കു നിങ്ങളെ അടിസ്ഥാന വൈദഗ്ധ്യങ്ങൾ പഠിപ്പിക്കാനാകും