വശ്യമായ ഗുരുത്വാകർഷണശക്തി
ഐസക്ക് ന്യൂട്ടൻ ഏതാണ്ട് 300 വർഷം മുമ്പ് ഗുരുത്വാകർഷണം എങ്ങനെ പ്രാവർത്തികമാകുന്നു എന്ന് സിദ്ധാന്തീകരിച്ചു. അദ്ദേഹം ഒരാൾ ഒരു വസ്തു അസാധാരണ ഉയരമുള്ള ഒരു പർവതത്തിന്റെ ഉച്ചിയിൽനിന്ന് കീഴോട്ട് എറിയുന്നതായി സങ്കൽപ്പിച്ചു. കേവലം കീഴോട്ട് ഇടുകയാണെങ്കിൽ ആ വസ്തു ഒരു ആപ്പിൾ എന്നപോലെ താഴോട്ട് നിലത്തു വീഴും.
എന്നിരുന്നാലും, അത് മുന്നോട്ട് എറിയുകയാണെങ്കിൽ അത് നിലത്തുവീഴുന്നത് ഒരു വളഞ്ഞ പാത പിൻപററിക്കൊണ്ടായിരിക്കും. വേണ്ടത്ര വേഗതയിൽ എറിയുകയാണെങ്കിൽ അത് ഭൂമിക്കു ചുററും ഒരു ഭ്രമണപഥത്തിൽ കറങ്ങും എന്ന് ന്യൂട്ടൺ പിന്നീട് ന്യായവാദംചെയ്തു.
ഈ സിദ്ധാന്തത്തിൽനിന്ന്, ഗുരുത്വാകർഷണവും ചന്ദ്രന്റെയും ഗ്രഹങ്ങളുടെയും ചലനങ്ങളും തമ്മിലുള്ള ബന്ധം അദ്ദേഹത്തിന് പ്രത്യക്ഷമായി: ഭൂമിയുടെ ഗുരുത്വാകർഷണത്തിന്റെ വലി നിമിത്തം ചന്ദ്രൻ ഭൂമിക്കു ചുററും ഒരു ഭ്രമണപഥത്തിൽ നിൽക്കുന്നു, ഗ്രഹങ്ങൾ സൂര്യന്റെ ഗുരുത്വാകർഷണംനിമിത്തം അവയുടെ ഭ്രമണപഥങ്ങളിൽ നിർത്തപ്പെടുന്നു.
ഒരു സാർവലൗകിക നിയമം
ശ്രദ്ധാപൂർവകമായ പഠനത്തിനുശേഷം ന്യൂട്ടൻ ഈ സാർവലൗകിക നിയമത്തിന്റെ ഒരു കൃത്യമായ ഗണിതശാസ്ത്രവർണ്ണനക്ക് രൂപംകൊടുത്തു. ലളിതമായി പറഞ്ഞാൽ, ന്യൂട്ടന്റെ സമവാക്യങ്ങൾ, ചെറുതൊ വലുതൊ ആയ എല്ലാ വസ്തുക്കളും പരസ്പരം ഒരു വലിക്കൽ പ്രയോഗിക്കുന്നു. ആ വലിക്കലിന്റെ ശക്തി വസ്തുക്കൾ എത്ര ഭാരിച്ചതാണെന്നതിനെയും അവ തമ്മിലുള്ള അകലം എത്രയെന്നതിനെയും ആശ്രയിച്ചിരിക്കുന്നു.
ശാസ്ത്രജ്ഞൻമാർ 1985-ൽ ഹാലിയുടെ വാൽനക്ഷത്രത്തെ അഭിമുഖീകരിക്കുന്നതിന് ഒരു ശൂന്യാകാശനിരീക്ഷണപേടകം അയക്കുന്നതുപോലുള്ള ധീര ശൂന്യാകാശ യത്നങ്ങൾ ആസൂത്രണം ചെയ്യുന്നതിനുവേണ്ടി ചില പരിഷ്ക്കാരങ്ങളോടെ ഇപ്പോഴും ഗുരുത്വാകർഷണത്തെ വിശദീകരിക്കുന്ന ന്യൂട്ടന്റെ അടിസ്ഥാന സമവാക്യങ്ങളെ ഉപയോഗപ്പെടുത്തുന്നുണ്ട്. യഥാർത്ഥത്തിൽ, ന്യൂട്ടന്റെ ഒരു സഹപ്രവർത്തകനായിരുന്ന എഡ്മണ്ട് ഹാലി എന്ന ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞൻ ആ വാൽനക്ഷത്രം അടുത്തതായി പ്രത്യക്ഷപ്പെടുന്ന വർഷം മുൻകൂട്ടിപ്പറയുന്നതിന് ന്യൂട്ടന്റെ സിദ്ധാന്തങ്ങളെ ഉപയോഗപ്പെടുത്തി.
ഗുരുത്വാകർഷണത്തെ സംബന്ധിച്ച ന്യൂട്ടന്റെ കണ്ടുപിടുത്തങ്ങൾ ബുദ്ധിപൂർവകമായ സംവിധാനത്തിലൂടെ സംജാതമാകുന്ന ക്രമീകരണത്തിന്റെ, പ്രപഞ്ചത്തിൽ പ്രത്യക്ഷമായിരിക്കുന്ന ക്രമത്തിന്റെ, ഒരു വീക്ഷണം അദ്ദേഹത്തിനു നൽകി. എന്നാൽ അദ്ദേഹത്തിന്റെ കൃതി ഒരു വിധത്തിലും ആ വിഷയംസംബന്ധിച്ച അവസാനവാക്കായിരുന്നില്ല. ഈ നൂററാണ്ടിന്റെ പ്രാരംഭത്തിൽ, ന്യൂട്ടന്റെ സിദ്ധാന്തത്തിന്റെ ചില വശങ്ങൾ അപര്യാപ്തമാണെന്ന്, പരസ്പരവിരുദ്ധങ്ങൾപോലുമാണെന്ന്, ശാസ്ത്രജ്ഞൻമാർ തിരിച്ചറിഞ്ഞു.
ഐൻസ്ററിനും ഗുരുത്വാകർഷണവും
ആൽബർട്ട് ഐൻസ്ററിൻ 1916-ൽ ആപേക്ഷികസിദ്ധാന്തം സംബന്ധിച്ച തന്റെ പൊതുവായ സിദ്ധാന്തം മുന്നോട്ടുവച്ചു. അദ്ദേഹത്തിന്റെ വിസ്മയകരമായ കണ്ടുപിടുത്തം ഗുരുത്വാകർഷണം പ്രപഞ്ചത്തെ രൂപപ്പെടുത്തുകമാത്രമല്ല നാം അതിനെ കാണുകയും അളക്കുകയും ചെയ്യുന്ന വിധത്തെ ഭരിക്കുകയും ചെയ്യുന്നുവെന്നതായിരുന്നു. എന്തിന്, ഗുരുത്വാകർഷണം സമയം അളക്കുന്ന വിധത്തെപ്പോലും ബാധിക്കുന്നു!
വീണ്ടും, കാര്യങ്ങൾ വ്യക്തമാക്കുന്നതിന് ഒരു ദൃഷ്ടാന്തം സഹായിക്കുന്നു. ശൂന്യാകാശം സീമാതീതമായ ഒരു റബ്ബർഷീററാണെന്ന് സങ്കൽപ്പിക്കുക. ഇപ്പോൾ, വഴക്കമുള്ള ഈ പായിൽ ഒരു വസ്തു വെക്കുന്നതിനാൽ ഒരു ചുളി അല്ലെങ്കിൽ താഴ്ച ഉണ്ടാകുന്നു. ഐൻസ്ററീന്റെ വിശദീകരണമനുസരിച്ച് ഭൂമിയും സൂര്യനും നക്ഷത്രങ്ങളും വഴക്കമുള്ള ഒരു പായിലെ വസ്തുക്കളെപ്പോലെയാണ്, ശൂന്യാകാശം വളയാനിടയാക്കുന്നതുതന്നെ. നിങ്ങൾ ആ റബ്ബർഷീററിലേക്ക് മറെറാരു വസ്തു ഉരുട്ടിവിട്ടാൽ, അത് ആദ്യത്തെ വസ്തുവിനു ചുററുമുള്ള കുഴിഞ്ഞ പാതയിലേക്ക് വ്യതിചലിക്കും.
അതുപോലെ, ഭൂമിയും ഗ്രഹങ്ങളും നക്ഷത്രങ്ങളും ശൂന്യാകാശത്തിലെ പ്രകൃതിപരമായ “താഴ്ചകളെ” പിന്തുടർന്നുകൊണ്ട് വക്രമായ പാതയിലൂടെ നീങ്ങുന്നു. ഒരു പ്രകാശകിരണംപോലും പ്രപഞ്ചത്തിലെ ബൃഹത്തായ വസ്തുക്കളുടെ സമീപത്തുകൂടെ കടന്നുപോകുമ്പോൾ വ്യതിചലിപ്പിക്കപ്പെടുന്നു. അതുകൂടാതെ, ഗുരുത്വാകർഷണത്തിനെതിരെ സഞ്ചരിക്കുന്ന പ്രകാശത്തിന്, വർണ്ണരാജിയുടെ ചുവന്ന അററത്തോടടുത്ത് ഒരു ചെറിയ നിറംമാററത്താൽ ശ്രദ്ധിക്കപ്പെടുന്നതുപോലെ അതിന്റെ ഊർജ്ജത്തിൽ കുറെ നഷ്ടപ്പെടുമെന്ന് ഐൻസ്ററിന്റെ സമവാക്യങ്ങൾ മുൻകൂട്ടിപ്പറഞ്ഞു. പദാർത്ഥവിജ്ഞാനീയർ ഈ പ്രതിഭാസത്തെ ഗുരുത്വാകർഷണ ചുവപ്പുനീക്കം എന്നു വിളിക്കുന്നു.
അങ്ങനെ, ഐൻസ്ററിന്റെ സിദ്ധാന്തം ന്യൂട്ടന്റെ കണ്ടുപിടുത്തങ്ങളിൽനിന്ന് സംജാതമായ പൊതുത്തക്കേടുകൾ പരിഹരിച്ചതുകൂടാതെ ഗുരുത്വാകർഷണം പ്രപഞ്ചത്തിൽ പ്രവർത്തിക്കുന്നതെങ്ങനെയെന്നതിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു.
വശ്യമായ ഫലങ്ങൾ
പ്രകാശം സഞ്ചരിക്കുന്ന വിധത്തെ ബാധിക്കാനുള്ള ഗുരുത്വാകർഷണശക്തിയുടെ കഴിവ് ജ്യോതിശാസ്ത്രജ്ഞൻമാർ നിരീക്ഷിച്ചിട്ടുള്ള ചില അതിശയകരമായ അനന്തരഫലങ്ങൾ സംജാതമാക്കുന്നു.
മരുഭൂയാത്രക്കാർ മരീചികകളെക്കുറിച്ച്—നിലത്ത് വെള്ളം മിന്നിമിന്നി പ്രകാശിക്കുന്നതായുള്ള തോന്നൽനൽകുന്ന മിഥ്യാദർശനങ്ങളെക്കുറിച്ച്—പണ്ടേ പരിചിതരായിരുന്നിട്ടുണ്ട്. ഇപ്പോൾ, ജ്യോതിശാസ്ത്രജ്ഞൻമാർ പ്രപഞ്ച “മരീചികകളു”ടെ ഫോട്ടോ എടുത്തിരിക്കുന്നു. ഇത് എപ്രകാരമാണ്?
ഒരു താരാപംക്തിയുടെ പ്രവർത്തനനിരതമായ കേന്ദ്രബിന്ദുവെന്നു വിശ്വസിക്കപ്പെടുന്നതും ക്വാസാർ (അല്ലെങ്കിൽ, ക്വാസി-സ്റെറല്ലാർ ഓബ്ജക്ട്) എന്നു വിളിക്കപ്പെടുന്നതുമായ ഒരു വിദൂര വസ്തുവിൽനിന്നുള്ള പ്രകാശം ഭൂമിയിൽനിന്നുള്ള ദർശനരേഖയിലുള്ളതായി ഇടക്കുള്ള താരാപംക്തികളിലൂടെ കടന്നുപോകുന്നു. പ്രകാശം താരാപംക്തികളിലൂടെ കടന്നുപോകുമ്പോൾ അത് ഗുരുത്വാകർഷണശക്തികളാൽ വക്രമാക്കപ്പെടുന്നു. പ്രകാശത്തിന്റെ വളവ് ഒരു ക്വാസാറിന്റെ രണ്ടോ അതിലധികമോ പ്രതിബിംബങ്ങൾ സൃഷ്ടിക്കുന്നു. ഭൂമിയിലെ ഒരു നിരീക്ഷകൻ പ്രകാശം തന്റെ നേരെ ഋജുവായി വരുന്നു എന്ന് വിചാരിച്ചുകൊണ്ട് താൻ ഒന്നിലധികം വസ്തുക്കൾ കാണുന്നുവെന്ന് നിഗമനം ചെയ്യുന്നു.
ഐൻസ്ററിന്റെ കൃതിയിൽനിന്ന് സംജാതമാകുന്ന വശ്യമായ മറെറാരു വശം കറുത്ത ദ്വാരങ്ങളെ സംബന്ധിക്കുന്നതാണ്. അവ എന്താണ്, ഗുരുത്വാകർഷണവുമായി അവക്കുള്ള ബന്ധമെന്താണ്? ഉത്തരം നൽകുന്നതിന് ഒരു ലളിതമായ പരീക്ഷണം ഉപകരിക്കുന്നു.
ഒരു വസ്തു നിങ്ങളുടെ തലക്കു മുകളിലേക്ക് എറിഞ്ഞ് പരീക്ഷിക്കുക. അത് ഒരു നിശ്ചിത ഉയരംവരെ പൊങ്ങുന്നതായും ഒരു നിമിഷത്തേക്ക് നിൽക്കുന്നതായും പിന്നീട് നിലത്തേക്ക് തിരികെ പതിക്കുന്നതായും നിങ്ങൾ നിരീക്ഷിക്കും. പ്രകാശത്തിന്റെ കാര്യത്തിൽ ഇതു വ്യത്യസ്തമാണ്. പ്രകാശത്തിന്റെ ഒരു രശ്മി വേണ്ടത്ര വേഗതയിൽ സഞ്ചരിക്കുന്നതുകൊണ്ട് ഭൂമിയുടെ ഗുരുത്വാകർഷണത്തിൽനിന്ന് അതിന് രക്ഷപ്പെടാൻ കഴിയും.
ഇപ്പോൾ, ഗുരുത്വാകർഷണശക്തി കൂടുതൽ ശക്തമാണെന്ന്, പ്രകാശത്തെപ്പോലും രക്ഷപ്പെടുന്നതിൽനിന്ന് തടയാൻതക്കവണ്ണം ശക്തമാണെന്ന് സങ്കൽപ്പിക്കുക. അത്തരം ഒരു വസ്തുവിൽനിന്ന് ഒന്നിനും രക്ഷപ്പെടാൻ സാധ്യമല്ല. വസ്തുതന്നെയും അദൃശ്യമായിരിക്കും, എന്തുകൊണ്ടെന്നാൽ യാതൊരു പ്രകാശത്തിനും അതിന്റെ ഗുരുത്വാകർഷണത്തിൽനിന്ന് രക്ഷപ്പെടാനും പുറമെയുള്ള ഒരു നിരീക്ഷകന്റെ ദൃഷ്ടിയിൽ എത്തിച്ചേരാനും കഴിയുകയില്ല, അതുകൊണ്ടാണ് കറുത്ത ദ്വാരം എന്നു പേരുണ്ടായത്.
ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനായ കാൾ ഷവാർഷൈൽഡ് ആയിരുന്നു സിദ്ധാന്തപരമായി കറുത്ത ദ്വാരങ്ങളുടെ സാധ്യത ആദ്യമായി പ്രകടിപ്പിച്ചത്. പ്രപഞ്ചത്തിൽ കറുത്ത ദ്വാരങ്ങൾ ഉണ്ടായിരുന്നെങ്കിലും അതുവരെ അവ യഥാർത്ഥത്തിൽ സ്ഥിതിചെയ്യുകതന്നെ ചെയ്തിരുന്നു എന്നതിന് അസന്ദിഗ്ദ്ധമായ തെളിവ് ഇല്ലാതിരുന്നതിനാൽ, ജ്യോതിശാസ്ത്രജ്ഞൻമാർ സാധ്യതയുള്ള അനേകം സ്ഥാനാർത്ഥികളെ അംഗീകരിച്ചു. കറുത്ത ദ്വാരങ്ങൾ ക്വാസാറുകളുടെ മറഞ്ഞിരിക്കുന്ന പവർഹൗസുകളും ആയിരിക്കാവുന്നതാണ്.
ഗുരുത്വാകർഷണ തരംഗങ്ങൾ
ഐൻസ്ററിന്റെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക് ഗുരുത്വാകർഷണത്തെ എല്ലാററിനെയും ബന്ധിക്കുന്നതും പ്രപഞ്ചത്തെ ഒരുമിപ്പിച്ചുനിർത്തുന്നതുമായ ഒരു അദൃശ്യമായ വലയായി ചിത്രീകരിക്കാൻ കഴിയും. ആ വല താറുമാറാക്കപ്പെടുമ്പോൾ എന്തു സംഭവിക്കുന്നു?
വീണ്ടും റബ്ബർഷീററിന്റെ ദൃഷ്ടാന്തം പരിചിന്തിക്കുക. ഷീററിലെ ഒരു വസ്തുവിനെ പെട്ടെന്ന് അങ്ങോട്ടും ഇങ്ങോട്ടും തള്ളിവിടുന്നുവെന്ന് സങ്കൽപ്പിക്കുക. ഷീററിൽ ഉളവാക്കപ്പെടുന്ന കമ്പനങ്ങൾ അടുത്തുള്ള വസ്തുക്കളെ ഇളക്കും. സമാനമായി, ഒരു നക്ഷത്രം ഉഗ്രമായി “തള്ളിവിടപ്പെട്ടാൽ” ശൂന്യാകാശത്തിൽ ഓളങ്ങൾ, അല്ലെങ്കിൽ ഗുരുത്വാകർഷണതരംഗങ്ങൾ ഉളവാക്കപ്പെട്ടേക്കാം. ഒരു ഗുരുത്വാകർഷണപാതയിൽ അകപ്പെട്ട ഗ്രഹങ്ങൾക്കോ നക്ഷത്രങ്ങൾക്കോ നക്ഷത്രപംക്തികൾക്കോ ശൂന്യാകാശംതന്നെ സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുന്ന അനുഭവമുണ്ടാകും—കമ്പനംചെയ്യുന്ന ഒരു റബ്ബർഷീററുപോലെ.
ഈ തരംഗങ്ങളെ ഇതുവരെ കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ ഐൻസ്ററിന്റെ സിദ്ധാന്തം ശരിയാണെന്നുള്ളതിന് ശാസ്ത്രജ്ഞൻമാർക്ക് എന്ത് തെളിവുണ്ട്? യുഗ്മപൾസാർ എന്നറിയപ്പെടുന്ന ഒരു നക്ഷത്രവ്യൂഹത്തിൽനിന്നാണ് ഏററം നല്ല സൂചനകളിലൊന്നു വരുന്നത്. ഇത് ഒരു കേന്ദ്രത്തിനു ചുററും ഏതാണ്ട് 8 മണിക്കൂറിന്റെ ഭ്രമണഘട്ടത്തോടെ ഭ്രമണംചെയ്യുന്ന രണ്ട് ന്യൂട്രോൺനക്ഷത്രങ്ങൾ ചേർന്നതാണ്.a ഈ നക്ഷത്രങ്ങളിലൊന്ന് ഒരു പൾസാറുംകൂടെയാണ്. അത് കറങ്ങുമ്പോൾ ഒരു ലൈററ്ഹൗസിൽനിന്ന് ചുററിക്കറങ്ങുന്ന പ്രകാശകിരണം പോലെ ഒരു റേഡിയോ സ്പന്ദം പ്രസരിപ്പിക്കുന്നു. പൾസാറിന്റെ കൃത്യമായ സമയക്രമീകരണത്തിന്റെ സഹായത്താൽ ജ്യോതിശാസ്ത്രജ്ഞൻമാർക്ക് വലിയ കൃത്യതയോടെ ഈ രണ്ടു നക്ഷത്രങ്ങളുടെ ഭ്രമണം നിർണ്ണയിക്കാൻ കഴിയും. ഗുരുത്വാകർഷണതരംഗങ്ങൾ പ്രസരിക്കുന്നുണ്ടെന്നുള്ള ഐൻസ്ററിന്റെ സിദ്ധാന്തത്തോടുള്ള കൃത്യമായ യോജിപ്പിൽ ഭ്രമണത്തിന്റെ കാലം സാവധാനത്തിൽ കുറയുന്നുണ്ടെന്ന് അവർ കണ്ടെത്തുന്നു.
ഭൂമിയിൽ ഈ തരംഗങ്ങളുടെ ഫലങ്ങൾ അനന്തസൂക്ഷ്മമാണ്. ദൃഷ്ടാന്തീകരിക്കുന്നതിന്: 1987 ഫെബ്രുവരി 24ന് ജ്യോതിശാസ്ത്രജ്ഞൻമാർ ഒരു സൂപ്പർനോവാ കണ്ടെത്തി—ബാഹ്യസ്തരങ്ങൾ ചിതറവേ ദശലക്ഷക്കണക്കിന് സൂര്യൻമാരുടെ ശോഭയോടെ ജ്വലിച്ചുകൊണ്ട് പകിട്ടാർന്ന ഒരു രൂപാന്തരത്തിന് വിധേയമായിക്കൊണ്ടിരുന്ന ഒരു നക്ഷത്രത്തെത്തന്നെ. സൂപ്പർനോവാ ഉളവാക്കുന്ന ഗുരുത്വാകർഷണ തരംഗം ഭൂമിയിൽ ഒരു ഹൈഡ്രജൻ ആററത്തിന്റെ വ്യാസത്തിന്റെ ഒരു ദശലക്ഷത്തിലൊന്ന് വ്യാപ്തിയിലുള്ള വിറയൽമാത്രമേ വരുത്തുകയുള്ളു. ഇത്ര ചെറിയ മാററമെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ തരംഗങ്ങൾ ഭൂമിയിലെത്തുമ്പോഴേക്ക് ഊർജ്ജം വലിയ ദൂരത്തിൽ വ്യാപിക്കും.
അന്ധാളിപ്പിക്കുന്നത്
വലിയ വിജ്ഞാനപുരോഗതിയുണ്ടായിട്ടും ഗുരുത്വാകർഷണത്തിന്റെ ചില അടിസ്ഥാനവശങ്ങൾ ഇപ്പോഴും ശാസ്ത്രജ്ഞൻമാരെ അന്ധാളിപ്പിക്കുന്നു. അടിസ്ഥാനപരമായി നാലു ശക്തികളുണ്ടെന്ന് ദീർഘനാളായി സങ്കൽപ്പിക്കപ്പെട്ടിരുന്നു—വൈദ്യുതിക്കും കാന്തതക്കും ഉത്തരവാദിത്വംവഹിക്കുന്ന വിദ്യുത്കാന്തികശക്തി, ആററത്തിന്റെ കേന്ദ്രബിന്ദുവിനുള്ളിലെ ദുർബലവും പ്രബലവുമായ ശക്തികൾ, ഗുരുത്വാകർഷണശക്തി എന്നിവ. എന്നാൽ നാലെണ്ണം ഉള്ളതെന്തുകൊണ്ട്? ഈ നാലും ഒരൊററ അടിസ്ഥാനശക്തിയുടെ പ്രത്യക്ഷതകളായിരിക്കാമോ?
വിദ്യുത് കാന്തികശക്തിയും ദുർബലശക്തിയും അന്തർല്ലീനമായിരിക്കുന്ന ഒരു പ്രതിഭാസത്തിന്റെ—വൈദ്യുതദുർബല പരസ്പരപ്രവർത്തനത്തിന്റെ—പ്രത്യക്ഷതകളാണെന്ന് അടുത്ത കാലത്ത് സ്ഥാപിക്കപ്പെട്ടു. പ്രബല ശക്തിയെ ഈ രണ്ടിനോടും ഏകീഭവിപ്പിക്കാൻ തിയറികൾ ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും ഗുരുത്വാകർഷണം വ്യത്യസ്തമാണ്—അത് മററുള്ളവയുമായി യോജിക്കുന്നതായി തോന്നുന്നില്ല.
ഗ്രീൻലാൻഡ് ഹിമഷീററിൽ നടത്തപ്പെട്ട അടുത്ത കാലത്തെ പരീക്ഷണങ്ങളിൽനിന്ന് സൂചനകൾ ലഭിച്ചേക്കാമെന്ന് ശാസ്ത്രജ്ഞൻമാർ ആശിക്കുന്നു. ഹിമത്തിൽ കുഴിച്ച ഒന്നേകാൽ മൈൽ ആഴമുള്ള ഒരു ദ്വാരം ഗുരുത്വാകർഷണശക്തി പ്രതീക്ഷിച്ചതിൽനിന്ന് വ്യത്യസ്തമാണെന്ന് സൂചിപ്പിക്കുന്നതായി തോന്നുന്നു. കീഴെ മൈൻഷാഫ്ററുകളിലും മീതെ റെറലിവിഷൻ ഗോപുരങ്ങളിലും നടത്തപ്പെട്ട പരീക്ഷണങ്ങളും അതുപോലെതന്നെ ദുർഗ്രഹമായ എന്തോ ഗുരുത്വാകർഷണത്തെ സംബന്ധിച്ച നൂട്ടന്റെ വർണ്ണനയിലെ പ്രവചനങ്ങളിൽനിന്നുള്ള വ്യതിചലനങ്ങൾക്കിടയാക്കുന്നുണ്ടെന്ന് സൂചിപ്പിച്ചു. ഇതിനിടയിൽ, പ്രകൃതിയിലെ ശക്തികളെ ഏകീഭവിപ്പിക്കുന്നതിന്, “സൂപ്പർസ്ട്രിംഗ് തിയറി” എന്ന ഒരു പുതിയ ഗണിതശാസ്ത്രപരമായ സമീപനം വികസിപ്പിച്ചെടുക്കാൻ ചില സൈദ്ധാന്തികൻമാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഗുരുത്വാകർഷണം—ജീവന് മർമ്മപ്രധാനം
ന്യൂട്ടന്റെയും ഐൻസ്ററിന്റെയും കണ്ടുപിടുത്തങ്ങൾ ആകാശഗോളങ്ങളുടെ ചലനങ്ങളെ നിയമങ്ങൾ ഭരിക്കുന്നുവെന്നും ഗുരുത്വാകർഷണം പ്രപഞ്ചത്തെ ഒരുമിപ്പിച്ചുനിർത്തുന്ന ഒരു ബന്ധമായി പ്രവർത്തിക്കുന്നുവെന്നും പ്രകടമാക്കുന്നു. ഒരു ഊർജ്ജതന്ത്ര പ്രൊഫസ്സർ ന്യൂ സയൻറിസ്ററിൽ എഴുതിക്കൊണ്ട് ഈ നിയമങ്ങളിലുള്ള സംവിധാനത്തിന്റെ തെളിവിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും ഇങ്ങനെ പറയുകയും ചെയ്തു: “ഗുരുത്വാകർഷണപരവും വിദ്യുത്കാന്തികവുമായ ശക്തികളിലെ ആപേക്ഷികബലത്തിന്റെ ഏററവും സൂക്ഷ്മമായ മാററംപോലും സൂര്യൻപോലെയുള്ള നക്ഷത്രങ്ങളെ പ്രകാശം കുറഞ്ഞ നീലിച്ച ഭീമൻമാരായോ ചെമന്ന കുള്ളൻമാരായോ മാററും. പ്രകൃതി കൃത്യമായും ശരിയായി സ്ഥിതിചെയ്യുന്നുവെന്നതിന്റെ തെളിവാണ് നമുക്കു ചുററുമെല്ലാം നാം കാണുന്നതായി തോന്നുന്നത്.”
ഗുരുത്വാകർഷണമില്ലാതെ നമുക്കു കേവലം സ്ഥിതിചെയ്യുക സാദ്ധ്യമല്ല. ഇതു പരിചിന്തിക്കുക: ഗുരുത്വാകർഷണം നമുക്കാവശ്യമായ ചൂടും വെളിച്ചവും നൽകുന്ന സൂര്യനിലെ ന്യൂക്ലിയർ പ്രതിപ്രവർത്തനങ്ങളെ നിലനിർത്തിക്കൊണ്ട് നമ്മുടെ സൂര്യനെ സംയോജിപ്പിച്ചുനിർത്തുന്നു. ഗുരുത്വാകർഷണം സൂര്യനു ചുററുമുള്ള ഭ്രമണപഥത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്ന നമ്മുടെ ഭൂമിയെ പിടിച്ചുനിർത്തുന്നു. അത് പകലും രാവും ഋതുക്കളും ഉളവാക്കുകയും കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ചക്രത്തിലെ ചെളിപോലെ നാം തെറിച്ചുപോകാതെ തടയുകയും ചെയ്യുന്നു. ഗുരുത്വാകർഷണം ഭൂമിയുടെ അന്തരീക്ഷത്തെ സ്ഥാനത്തുനിർത്തുന്നു, അതേസമയം ചന്ദ്രനിൽനിന്നും സൂര്യനിൽനിന്നുമുള്ള ഗുരുത്വാകർണശക്തിയുടെ വലിക്കൽ നമ്മുടെ സമുദ്രങ്ങളിലെ വെള്ളങ്ങൾ ചുററിക്കറങ്ങാൻ സഹായിക്കുന്ന ക്രമമായ വേലിയേററങ്ങൾ ഉളവാക്കുന്നു.
നമ്മുടെ ആന്തരിക കർണ്ണത്തിലെ ഒരു ചെറിയ അവയവം (ഒട്ടോലിത്) നാം ഗുരുത്വാകർഷണത്തെ അറിയുകയും ചെറുപ്പംമുതൽ ഓടുകയോ നടക്കുകയോ ചാടുകയോ ചെയ്യുമ്പോൾ അതിനെ കണക്കിലെടുക്കാൻ പഠിക്കുകയും ചെയ്യുന്നു. ശൂന്യാകാശപറക്കലിലെ ഗുരുത്വാകർഷണമില്ലാത്ത അവസ്ഥകളെ നേരിടേണ്ടതുള്ളപ്പോൾ ശൂന്യാകാശയാത്രികർക്ക് അതെത്രയധികം പ്രയാസമായിരിക്കും!
അതെ, ഗുരുത്വാകർഷണം നമുക്കു ഭൂമിയിലെ ജീവിതത്തെ സാധാരണഗതിയിലാക്കുന്നതിനു സംഭാവനചെയ്യുന്നു. അത് തീർച്ചയായും നമ്മുടെ സ്രഷ്ടാവിന്റെ “അത്ഭുതപ്രവൃത്തികളുടെ” വശ്യമായ ഒരു ദൃഷ്ടാന്തമാണ്.—ഇയ്യോബ് 37:14, 16. (g89 10⁄8)
[അടിക്കുറിപ്പുകൾ]
a ഈ ന്യൂട്രോൺനക്ഷത്രങ്ങൾ അത്യന്തം സാന്ദ്രവും സൂര്യനെക്കാൾ വലിയ പിണ്ഡത്തോടുകൂടിയതും അതേസമയം ഒരു പർവതത്തെക്കാൾ വലിപ്പമില്ലാത്തവയുമാണ്.
[16-ാം പേജിലെ ചിത്രം]
ഒരു നിർവാതത്തിൽ ഒരു തൂവൽ ഒരു ആപ്പിളിന്റെ അതേ വേഗത്തിൽ താഴെ വീഴുമെന്ന് ന്യൂട്ടന്റെ ഗുരുത്വാകർഷണനിയമം തറപ്പിച്ചുപറയുന്നു
[17-ാം പേജിലെ ചിത്രം]
ശൂന്യകാശത്തിൽ പ്രകാശം മററു വസ്തുക്കളുടെ ഗുരുത്വാകർഷണമണ്ഡലത്തിലൂടെ കടന്നുപോകുമ്പോൾ വളയുന്നു
[18-ാം പേജിലെ ചിത്രം]
ശൈശവംമുതൽ ചെവിയിലെ ഒരു ചെറിയ അവയവം ഗുരുത്വാകർഷണത്തെ കണക്കിലെടുക്കാനും നമ്മുടെ സമനില കാക്കാനും നമ്മെ സഹായിക്കുന്നു