ബൈബിളിന്റെ വീക്ഷണം
ശാസ്ത്രം ബൈബിളിനെ അപ്രായോഗികമാക്കിയിരിക്കുന്നുവോ?
പ്രപഞ്ചത്തെക്കുറിച്ചുള്ള പുരോഗമിച്ച ഗ്രാഹ്യത്തോടുകൂടിയ ശാസ്ത്രം ബൈബിളിനെ കെട്ടുകഥകളുടെയും ഐതീഹ്യങ്ങളുടെയും ഒരു ശേഖരമാക്കി മാററിയിട്ടുണ്ടോ? ഇന്ന് അനേകർ അങ്ങനെ വിചാരിക്കുന്നു. നിങ്ങളോ?
ഒരുപക്ഷേ, അനേകരെപ്പോലെ, നിങ്ങളുടെ ബാല്യംമുതൽ അങ്ങനെ ചിന്തിക്കാൻ നിങ്ങൾ പഠിപ്പിക്കപ്പെട്ടിരിക്കാം, എന്നാൽ യഥാർത്ഥത്തിൽ ആ ആശയത്തെ ഒരിക്കലും ചോദ്യംചെയ്തിട്ടില്ലായിരിക്കാം. അതിനെക്കുറിച്ചു ഇപ്പോൾ ചോദ്യംചെയ്യാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്. ഒരൊററ ദൃഷ്ടാന്തം, പ്രാകൃതികപ്രപഞ്ചത്തെക്കുറിച്ച് ബൈബിളിൽ ചെയ്തിരിക്കുന്ന ഒരു പ്രസ്താവന പരിചിന്തിക്കുക. ഈ പ്രസ്താവന അന്നത്തെ വിദഗ്ദ്ധൻമാർ പറഞ്ഞുകൊണ്ടിരുന്നതിനെ അസന്ദിഗ്ദ്ധമായി എതിർത്തുവെന്നു മാത്രമല്ല, സഹസ്രാബ്ദങ്ങൾക്കുശേഷം ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നതിനെയും നിഷേധിച്ചു.
ഗൗരവമുള്ള ഒരു സംഗതി
ഭൂമി എന്തിൻമേലാണ് സ്ഥിതിചെയ്യുന്നത്? ചന്ദ്രനെയും സൂര്യനെയും നക്ഷത്രങ്ങളെയും മുകളിൽ പിടിച്ചുനിർത്തുന്നതെന്താണ്? ഈ ചോദ്യങ്ങൾ മനുഷ്യരെ ആയിരക്കണക്കിനു വർഷങ്ങളിൽ അമ്പരിപ്പിച്ചിട്ടുണ്ട്. ഭൂമിയുടെ കാര്യത്തിൽ ബൈബിളിന് ഒരു ലളിതമായ ഉത്തരമുണ്ട്. ഇയ്യോബ് 26:7ൽ ദൈവം “ഭൂമിയെ നാസ്തിത്വത്തിൻമേൽ തൂക്കുന്നു”വെന്ന് അത് പറയുന്നു. മൂല എബ്രായയിൽ, ഇവിടെ നാസ്തിത്വം എന്നതിന് ഉപയോഗിച്ചിരിക്കുന്ന പദം (ബെലി-മാ) അക്ഷരീയമായി “ശൂന്യം” എന്നർത്ഥമാക്കുന്നു. ബൈബിളിൽ അതു കാണപ്പെടുന്ന ഏകസ്ഥലമതാണ്. ശൂന്യസ്ഥലത്താൽ ചുററപ്പെട്ട ഒരു ഭൂമിയെക്കുറിച്ച് അതവതരിപ്പിക്കുന്ന ചിത്രം വിശേഷിച്ച് ആ കാലത്തെ ഒരു “ശ്രദ്ധേയമായ ദർശന”മായി പണ്ഡിതൻമാരാൽ അംഗീകരിക്കപ്പെടുന്നു.a
ആ നാളുകളിൽ മിക്കയാളുകളും പ്രപഞ്ചത്തെ വിഭാവനംചെയ്തത് അശേഷം അങ്ങനെയല്ലായിരുന്നു. ഒരു ആമയുടെ പുറത്തുനിൽക്കുന്ന ആനകളാണ് ഭൂമിയെ താങ്ങിനിർത്തുന്നതെന്നായിരുന്നു ഒരു പുരാതന വീക്ഷണം.
ക്രി. മു. നാലാം നൂററാണ്ടിലെ ഒരു സുപ്രസിദ്ധ ഗ്രീക്ക് തത്വചിന്തകനും ശാസ്ത്രജ്ഞനുമായിരുന്ന അരിസ്റേറാട്ടിൽ ഭൂമിക്ക് ഒരിക്കലും ശൂന്യസ്ഥലത്ത് തൂങ്ങിനിൽക്കാൻ കഴികയില്ലെന്നു വിചാരിച്ചു. പകരം, ആകാശഗോളങ്ങൾ ഓരോന്നും ഉറച്ച സുതാര്യമായ ഗോളങ്ങളുടെ ഉപരിതലത്തിൽ ഉറപ്പിക്കപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പഠിപ്പിച്ചു. ഗോളം ഗോളത്തിനുള്ളിൽ ഇടക്ക് സ്ഥിതിചെയ്തിരുന്നു. ഏററവും അകത്തേത് ഭൂമിയായിരുന്നു. ഏററവും പുറത്തെ ഗോളം നക്ഷത്രങ്ങളെ പിടിച്ചുനിർത്തിയിരുന്നു. ഗോളങ്ങൾ ഒന്നിനുള്ളിൽ മറെറാന്നായി കറങ്ങിയപ്പോൾ അവയുടെമേലുള്ളവ—സൂര്യനും ചന്ദ്രനും ഗ്രഹങ്ങളും—ആകാശത്തിലൂടെ ചരിച്ചു.
ഭൂമി യഥാർത്ഥത്തിൽ ‘നാസ്തിത്വത്തിൻമേൽ തൂങ്ങിനിൽക്കുന്നു’വെന്ന ബൈബിളിലെ പ്രസ്താവന അരിസ്റേറാട്ടിലിന് 1,100-ൽപരം വർഷം മുമ്പാണ് ചെയ്യപ്പെട്ടത്. എന്നിരുന്നാലും അരിസ്റേറാട്ടിൽ അദ്ദേഹത്തിന്റെ നാളിലെ പ്രമുഖ ചിന്തകനായി പരിഗണിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ അദ്ദേഹത്തിന്റെ മരണത്തിന് ഏതാണ്ട് 2,000 വർഷങ്ങൾക്കു ശേഷവും യാഥാർത്ഥ്യമായി പഠിപ്പിക്കപ്പെട്ടിരുന്നു! ദി ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ പറയുന്ന പ്രകാരം ക്രി.വ. 16ഉം 17ഉം നൂററാണ്ടുകളിൽ അരിസ്റേറാട്ടിലിന്റെ പഠിപ്പിക്കലുകൾ സഭയുടെ ദൃഷ്ടിയിൽ “മത സിദ്ധാന്തത്തിന്റെ പദവിയിലേക്കുയർന്നു.”
നക്ഷത്രങ്ങൾ “ഒരൊററ താഴികയിൽ ഉറപ്പിച്ചിരിക്കുകയാണ്” എന്ന സങ്കൽപ്പനത്തെ പതിനേഴാം നൂററാണ്ടിലെ തത്വചിന്തകനായിരുന്ന ഗിയോർഡാനോ ബ്രൂണോ വെല്ലുവിളിക്കാൻ മുതിർന്നു. “ഒരുപക്ഷേ [നക്ഷത്രങ്ങൾ] ഒരു നല്ല പശയാൽ ഖഗോളീയ ഉപരിതലത്തോടു ബന്ധിപ്പിക്കുകയോ സ്ഥൂലിച്ച ആണികളാൽ തറക്കുകയോ ചെയ്യുന്നില്ലെങ്കിൽ അവ കൻമഴ പോലെ നമ്മുടെമേൽ വീഴുമെന്ന് വിചാരിക്കുന്ന കുട്ടികൾക്ക് ഗ്രഹിക്കാവുന്ന ഒരു മൂഢമായ ആശയമാണ്” അത് എന്ന് അദ്ദേഹം എഴുതി. എന്നാൽ അരിസ്റേറാട്ടിലിനോടു വിയോജിക്കുന്നത് അന്ന് അപകടകരമായ കളിയായിരുന്നു—പ്രപഞ്ചത്തെക്കുറിച്ചുള്ള തന്റെ യാഥാസ്ഥിതികമല്ലാത്ത ആശയങ്ങൾ പ്രചരിപ്പിച്ചതിന് ബ്രൂണോയെ സഭ ജീവനോടെ ദഹിപ്പിച്ചുകളഞ്ഞു.
പ്രപഞ്ച സൂപ്പിൽ
റെറലസ്കോപ്പ് കണ്ടുപിടിച്ചതോടെ, ഒട്ടേറെ ജ്യോതിശാസ്ത്രജ്ഞൻമാർ അരിസ്റേറാട്ടിലിനെ ചോദ്യം ചെയ്തുതുടങ്ങി. സൂര്യചന്ദ്ര നക്ഷത്രാദികൾ ഭൂമിക്കു ചുററും കറങ്ങിക്കൊണ്ടിരിക്കുന്ന ഗോളങ്ങളോട് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നില്ലെങ്കിൽ അവയെ മുകളിൽ നിർത്തുന്നതും ചലിപ്പിക്കുന്നതും എന്തായിരിക്കും? പതിനേഴാം നൂററാണ്ടിലെ ഗണിതശാസ്ത്രജ്ഞനായിരുന്ന റെനി ഡസ്ക്കാർട്ടസ് തനിക്ക് ഉത്തരമുണ്ടെന്ന് വിചാരിച്ചു. നമുക്കും മററ് ആകാശഗോളങ്ങൾക്കും ഇടക്കുള്ള സ്ഥലം ശൂന്യമായിരിക്കാവുന്നതല്ലെന്നുള്ളതിൽ അദ്ദേഹം അരിസ്റേറാട്ടിലിനോടു യോജിച്ചു. അതുകൊണ്ട് പ്രപഞ്ചത്തിൽ സുതാര്യമായ ഒരു ദ്രാവകം—ഒരു തരം പ്രപഞ്ച സൂപ്പ്—നിറഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം സങ്കൽപ്പിച്ചു.
ഈ സിദ്ധാന്തം രണ്ട് പ്രശ്നങ്ങൾ പരിഹരിക്കുന്നതായി തോന്നി. ഒന്ന്, ആകാശഗോളങ്ങളെ ‘പൊക്കിനിർത്തുന്ന’തിന് എന്തെങ്കിലും പ്രദാനംചെയ്തു; അവയെല്ലാം സൂപ്പിൽ പൊങ്ങിക്കിടന്നു! മറെറാന്ന്, അത് ഗ്രഹങ്ങളുടെ ചലനത്തെ വിശദീകരിക്കാൻ സഹായകമായി. ഗ്രഹങ്ങൾ ദ്രാവകത്തിലെ ചുഴലികളുടെ അഥവാ ജലാവർത്തങ്ങളുടെ പിടിയിൽ അമർന്നിരിക്കുന്നുവെന്നും അത് അവയുടെ ഭ്രമണപഥങ്ങളിൽ ചുററിക്കറങ്ങാനിടയാക്കുന്നുവെന്നും ഡക്കാർട്ടസ് വിശ്വസിച്ചു. “നീർച്ചുഴികളുടെ ഈ സിദ്ധാന്തം”—അങ്ങനെയാണ് അത് വിളിക്കപ്പെട്ടത്—ഇന്ന് ഏറെക്കുറെ ഭാവനപോലെ തോന്നിയേക്കാം. എന്നാൽ ചില രാജ്യങ്ങളിൽ അത് ഒന്നിലധികം നൂററാണ്ടുകളിൽ പ്രപഞ്ചത്തെക്കുറിച്ചുള്ള പഠനത്തിലെ പ്രമുഖ സിദ്ധാന്തമായിരുന്നു.
അനേകം ശാസ്ത്രജ്ഞൻമാർ 1687-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഐസക്ക് ന്യൂട്ടന്റെ പ്രപഞ്ച ഗുരുത്വാകർഷണത്തിന്റെ നിയമമാകുന്ന നവാഗതനെക്കാൾ അതിനെയാണ് കൂടുതലിഷ്ടപ്പെട്ടത്. ഗ്രഹങ്ങളെ പൊക്കിനിർത്തുന്നതിന് അവക്ക് യാന്ത്രികവും സ്പർശനീയവുമായ വസ്തുക്കൾ അഥവാ പദാർത്ഥങ്ങൾ ആവശ്യമില്ലെന്ന് ന്യൂട്ടൻ തറപ്പിച്ചുപറഞ്ഞു. അവയുടെ ചലനങ്ങളെ ഭരിച്ചതും അവയുടെ ഭ്രമണപഥങ്ങളിൽ അവയെ പിടിച്ചുനിർത്തിയതും ഗുരുത്വാകർഷണശക്തിയായിരുന്നു. ഫലത്തിൽ, അവ നാസ്തിത്വത്തിൻമേൽ ശൂന്യസ്ഥലത്ത് തൂങ്ങിക്കിടക്കുകയായിരുന്നു. ഗുരുത്വാകർഷണത്തെ സംബന്ധിച്ച ന്യൂട്ടന്റെ ആശയത്തെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരിൽ അനേകർ പരിഹസിച്ചു. ശൂന്യാകാശം ഏറെയും വസ്തുവില്ലാത്ത ശൂന്യസ്ഥലമാണെന്നു വിശ്വസിക്കാൻ പ്രയാസമാണെന്ന് ന്യൂട്ടൻതന്നെ കണ്ടെത്തി.
എന്നിരുന്നാലും, ഒടുവിൽ ന്യൂട്ടന്റെ വീക്ഷണങ്ങൾ വിജയിച്ചു. ഇന്ന്, ഗ്രഹങ്ങളെ പിടിച്ചുനിർത്തുന്നതെന്തെന്നുള്ള പ്രശ്നം ‘ഭൂമി നാസ്തിത്വത്തിൻമേൽ തൂങ്ങിക്കിടക്കുന്നു’വെന്ന് മാന്യമായ ലാളിത്യത്തോടെ ബൈബിൾ പ്രസ്താവിച്ചതിനുശേഷം ഏതാണ്ട് 32 നൂററാണ്ടുകൾ കഴിഞ്ഞ് പഠിപ്പും സാമർത്ഥ്യവുമുള്ള ശാസ്ത്രജ്ഞൻമാരുടെ ഇടയിൽ ചൂടുപിടിച്ച സംവാദം ഇളക്കിവിട്ടുവെന്നത് വിസ്മരിക്കാൻ നമുക്ക് തീർത്തും എളുപ്പമാണ്. ആ വിധത്തിൽതന്നെയുള്ള പദപ്രയോഗങ്ങൾ ഉപയോഗിക്കാൻ ഇയ്യോബിന് എങ്ങനെ അറിവുണ്ടായിരിക്കാൻ കഴിയുമായിരുന്നു? വസ്തുമയമായ യാതൊന്നും ഭൂമിയെ ഉയർത്തിനിർത്തുന്നില്ലെന്ന് അവന് പറയാൻ കഴിഞ്ഞതെന്തുകൊണ്ട്, അതേ നിഗമനത്തിൽ എത്തുന്നതിന് “വിദഗ്ദ്ധൻമാർ” 3,000ത്തിൽപരം വർഷം എടുത്തപ്പോൾ?
ബൈബിൾ അതിന്റെ കാലത്തെക്കാൾ വളരെ മുന്നിലായിരിക്കുന്നതെന്തുകൊണ്ട്?
ബൈബിൾ യുക്തിയുക്തമായ ഉത്തരം നൽകുന്നു. 2 തിമൊഥെയോസ് 3:16ൽ നാം ഇങ്ങനെ വായിക്കുന്നു: “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തമാണ്.” അങ്ങനെ ബൈബിൾ മനുഷ്യജ്ഞാനത്തിന്റെ ഉല്പന്നമായിരിക്കുന്നില്ല, പിന്നെയോ നമുക്കുവേണ്ടിയുള്ള സ്രഷ്ടാവിന്റെ ആശയങ്ങളുടെ കൃത്യമായ സംപ്രേഷണമാണ്.
ബൈബിളിന്റെ അവകാശവാദം സത്യമാണോയെന്ന് നിങ്ങൾതന്നെ കണ്ടുപിടിക്കുന്നത് ജീവൽപ്രധാനമാണ്. (1 തെസ്സലോനീക്യർ 2:13) ആ വിധത്തിൽ നിങ്ങൾക്ക് നമ്മെ രൂപകൽപ്പനചെയ്ത് സൃഷ്ടിച്ച ദൈവത്തിന്റെ ആശയങ്ങൾ ലഭ്യമാണ്. ഭാവി എന്തു കൈവരുത്താനിരിക്കുന്നുവെന്നും ഈ പ്രക്ഷുബ്ധ ലോകത്തിൽ സന്തുഷ്ടവും ഉല്പാദകവുമായ ഒരു ജീവിതം എങ്ങനെ നയിക്കാമെന്നും നമ്മോടു പറയാൻ വേറെ ഏത് പുസ്തകമുണ്ടായിരിക്കാൻ കഴിയും? (g90 8⁄8)
[അടിക്കുറിപ്പുകൾ]
a പഴയനിയമത്തിന്റെ ദൈവശാസ്ത്ര പദഗ്രന്ഥം ഇങ്ങനെ പറയുന്നു: “അന്ന് അറിയപ്പെട്ടിരുന്ന ലോകം ശൂന്യസ്ഥലത്ത് തൂങ്ങിനിൽക്കുന്നതായി ഇയ്യോബ് 26:7 ശ്രദ്ധേയമായി ചിത്രീകരിക്കുകയും അങ്ങനെ ഭാവി ശാസ്ത്രീയ കണ്ടുപിടുത്തത്തെ പ്രതീക്ഷിക്കുകയും ചെയ്യുന്നു.”
[28-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
By permission of the British Library