മതത്തിന്റെ ഭാവി അതിന്റെ കഴിഞ്ഞ കാലത്തിന്റെ കാഴ്ചപ്പാടിൽ
ഭാഗം 21: 1900 മുതൽ രക്തം തെറിച്ച ഉടുപ്പുകൾ
“രക്തത്തിൽ പണിത ഉറപ്പുള്ള ഒരു അടിസ്ഥാനവുമില്ല.”—ഷേക്സ്പിയർ, ഇംഗ്ലീഷ് കവിയും നാടകകൃത്തും (1564-1616)
പതിമൂന്ന് വർഷംമുമ്പ് നവംബർമാസത്തിൽ നടന്ന ഗയാനയിലെ ജോൺസ്ടൗൺ ദുരന്തം നിങ്ങൾ ഓർമ്മിക്കുന്നുവോ? പീപ്പിൾസ് റെറമ്പിൾ എന്നറിയപ്പെട്ടിരുന്ന മതസമൂഹത്തിലെ 900ത്തിലധികം അംഗങ്ങൾ കൂട്ട ആത്മഹത്യ നടത്തി. അവരിൽ മിക്കവരും സയനൈഡ് ചേർത്ത പഴച്ചാറു കുടിച്ച് സ്വമനസ്സാലെ അങ്ങനെ ചെയ്തു.
ഞെട്ടിത്തരിച്ച് ആളുകൾ ചോദിച്ചു: ‘സ്വന്തം അംഗങ്ങളുടെ ജീവൻ കുരുതികൊടുക്കുന്ന എന്തൊരു മതമാണത്?’ എങ്കിലും ഏതാണ്ട് 6,000 വർഷമായി മതത്തിന്റെ പേരിൽ നിർദ്ദോഷരക്തം ചിന്നിക്കൊണ്ടിരിക്കുന്നു. എന്നിരുന്നാലും, 20-ാം നൂററാണ്ടിൽ ചരിത്രത്തിൽ മററ് ഏതു കാലത്തേക്കാളും കൂടുതൽ വിധങ്ങളിൽ കൂടെക്കൂടെ രക്തം ചൊരിഞ്ഞിരിക്കുന്നു. തെളിവിന്റെ ഒരംശം മാത്രം പരിചിന്തിക്കുക.
ഒരു വ്യാജദൈവത്തിന് നരബലികൾ
രണ്ട് ലോകയുദ്ധങ്ങളിലും നൂറിലധികം ചെറിയ സംഘട്ടനങ്ങളിലുമായി 1914നുശേഷം ഒരു രക്തസമുദ്രം തന്നെ ഒഴുക്കിയിരിക്കുന്നു. “യുദ്ധങ്ങൾ വിരിഞ്ഞുവരുന്ന മുട്ട” ദേശഭക്തിയാണ് എന്ന് ഒരു നൂററാണ്ടുമുമ്പ് ഫ്രഞ്ച് എഴുത്തുകാരനായ ഗയ് ഡി മോപസാംഗ് പറഞ്ഞു, അതിനെ അയാൾ “ഒരുതരം മതം” എന്നു വിളിച്ചു. ദേശഭക്തിയുടെ മച്ചുനനായ ദേശീയത്വം “ആധുനിക ലോകത്തിൽ മതത്തിന്റെ ഒരു മുന്തിയ രൂപം ആയിത്തീർന്നിരിക്കുന്നു, പരമ്പരാഗത മതമൂല്യങ്ങളുടെ അധഃപതനം അവശേഷിപ്പിച്ച ഒരു ശൂന്യത കൈവശപ്പെടുത്തിക്കൊണ്ടുതന്നെ” എന്ന് മതത്തിന്റെ സർവവിജ്ഞാനകോശം പറയുന്നു. (ഇററാലിക്സ് ഞങ്ങളുടേത്) സത്യാരാധന ഉന്നമിപ്പിക്കാൻ പരാജയപ്പെട്ടതിനാൽ വ്യാജമതം ഒരു ആത്മീയശൂന്യത സൃഷ്ടിച്ചു, അതിലേക്ക് ദേശീയത്വത്തിന് ഒഴുകാൻ കഴിഞ്ഞു.
മറെറാരിടത്തും നാസി ജർമ്മനിയിലേതിനെക്കാൾ മെച്ചമായി ഇത് തെളിയിക്കപ്പെട്ടിട്ടില്ല, രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽ അതിലെ പൗരൻമാർ 94.4 ശതമാനവും ക്രിസ്തീയമെന്ന് അവകാശപ്പെട്ടിരുന്നു. സകല സ്ഥലങ്ങളിലുംവെച്ച്, പ്രോട്ടസ്ററൻറ് മതത്തിന്റെ ജൻമസ്ഥലവും 1914ൽ പയസ് 10-ാമൻ പാപ്പാ “ലോകത്തിലെ ഏററവും നല്ല കത്തോലിക്കരുടെ” ഭവനം എന്ന നിലയിൽ വാഴ്ത്തിയ സ്ഥലവുമായ ജർമ്മനി ക്രൈസ്തവലോകത്തിന് കാഴ്ചവെക്കാൻ കഴിയുന്നതിൽ ഏററവും മെച്ചമായതിനെ പ്രതിനിധാനം ചെയ്യേണ്ടതായിരുന്നു.
കത്തോലിക്കനായ അഡോൾഫ് ഹിററ്ലർ കത്തോലിക്കരെക്കാൾ പ്രോട്ടസ്ററൻറുകാരുടെ ഇടയിൽ അനായാസം പിന്തുണ കണ്ടെത്തിയത് സുപ്രധാനംതന്നെ. പ്രോട്ടസ്ററൻറുകാർ അധികമുള്ള പ്രവിശ്യകൾ 1930-ലെ തെരഞ്ഞെടുപ്പിൽ അവരുടെ വോട്ടിന്റെ 20 ശതമാനം അയാൾക്കു നൽകി, കത്തോലിക്കാ പ്രവിശ്യകൾ 14 ശതമാനം മാത്രവും. സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ നാസി പാർട്ടിക്ക് ആദ്യമായി കേവല ഭൂരിപക്ഷം കിട്ടിയത് 1932-ൽ ഓൾഡൻബർഗ്ഗിലായിരുന്നു, 75 ശതമാനവും പ്രോട്ടസ്ററൻറായ ഒരു പ്രവിശ്യതന്നെ.
പ്രത്യക്ഷത്തിൽ, “പരമ്പരാഗത മതമൂല്യങ്ങളുടെ അധഃപതനം അവശേഷിപ്പിച്ച ശൂന്യത” കത്തോലിക്കാമതത്തെക്കാൾ പ്രോട്ടസ്ററൻറ് മതത്തിൽ അധികമായിരുന്നു. അതു മനസ്സിലാക്കാൻ കഴിയും. ഉദാരമാക്കിയ വേദശാസ്ത്രവും ബൈബിളിന്റെ അമിതകൃത്തിപ്പും ജർമ്മൻഭാഷ സംസാരിക്കുന്ന പ്രോട്ടസ്ററൻറ് വേദപണ്ഡിതരുടെ ഉല്പന്നമായിരുന്നു.
ഒടുവിൽ ഹിററ്ലറുടെ പിന്നിൽ കത്തോലിക്കാ പിന്തുണ സാവധാനം സാന്ദ്രീകരിച്ചത് തുല്യപ്രാധാന്യമുള്ളതാണ്. “പരമ്പരാഗതമായി ജർമ്മൻ കത്തോലിക്കാമതത്തിന് വിശേഷിച്ചും റോമിനോട് ഉററ ബന്ധങ്ങൾ ഉണ്ടായിരുന്നു” എന്ന് ജർമ്മൻ ചരിത്രകാരനായ ക്ലൗസ് ഷോൾഡർ വിശദീകരിക്കുന്നു. നാസിപ്രസ്ഥാനത്തിൽ കമ്മ്യൂണിസത്തിനെതിരായ ഒരു ചുററുമതിൽ കണ്ടുകൊണ്ട് വത്തിക്കാൻ ഹിററ്ലറുടെ കരങ്ങളെ ശക്തിപ്പെടുത്തുന്നതിന് അതിന്റെ സ്വാധീനം ഉപയോഗിക്കുന്നതിൽനിന്ന് വിട്ടുനിന്നില്ല. “അടിസ്ഥാന തീരുമാനങ്ങൾ അധികമധികം ക്യൂറിയായിലേക്കു മാററപ്പെട്ടു. വാസ്തവത്തിൽ ജർമ്മനിയിൽ കത്തോലിക്കാസഭയുടെ നിലയും ഭാവിയും ഒടുവിൽ പൂർണ്ണമായും റോമിൽ തീരുമാനിക്കപ്പെട്ടു” എന്ന് ഷോൾഡർ പറയുന്നു.
രണ്ട് ലോകമഹായുദ്ധങ്ങളിൽ ക്രൈസ്തവലോകം വഹിച്ച പങ്ക് അന്തസ്സ് കളഞ്ഞുകുളിക്കുന്നതിലേക്കു നയിച്ചു. ക്രിസ്തീയ ലോകദൗത്യത്തിന്റെ സംക്ഷിപ്തനിഘണ്ടു വിശദീകരിക്കുന്നതുപോലെ: “ക്രിസ്തീയ ഉപദേശത്തിന്റെ ഒരായിരം വർഷങ്ങൾ പിന്നിട്ട ജനതകൾ അവയുടെ വികാരം നിയന്ത്രിക്കാൻ പരാജയപ്പെട്ടതും ശ്ലാഘനീയമല്ലാത്ത അധികാരതൃഷ്ണയുടെ തൃപ്തിക്കുവേണ്ടി മുഴു ലോകത്തെയും എരിപൊരികൊള്ളിച്ചതും അക്രൈസ്തവർ അവരുടെ കൺമുമ്പിൽ കണ്ടു.”
മതപ്രചോദിത യുദ്ധങ്ങൾ പുതുമയൊന്നുമല്ലെന്നുള്ളത് സത്യംതന്നെ. എന്നാൽ കഴിഞ്ഞകാലത്ത് ഭിന്ന മതങ്ങളിലെ രാഷ്ട്രങ്ങൾ അന്യോന്യം യുദ്ധംചെയ്തുവെന്നിരിക്കെ, 20-ാം നൂററാണ്ട് ഒരേ മതമുള്ള രാഷ്ട്രങ്ങൾ കഠിനപോരാട്ടത്തിൽ കുടുങ്ങിയത് കണ്ടു. ദേശീയത്വത്തിന്റെ ദൈവത്തിന് മതത്തിന്റെ ദൈവങ്ങളെ വ്യക്തമായും തനിക്കനുകൂലമായി ശരിപ്പെടുത്തിയെടുക്കാൻ കഴിഞ്ഞിരിക്കുന്നു. അങ്ങനെ രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനിലെയും ഐക്യനാടുകളിലെയും കത്തോലിക്കരും പ്രോട്ടസ്ററൻറുകാരും ഇററലിയിലെയും ജർമ്മനിയിലെയും കത്തോലിക്കരെയും പ്രോട്ടസ്ററൻറുകാരെയും കൊന്നുകൊണ്ടിരുന്നപ്പോൾ ജപ്പാനിലെ ബുദ്ധമതക്കാർ തെക്കുകിഴക്കൻ ഏഷ്യയിലെ തങ്ങളുടെ ബുദ്ധമതസഹോദരൻമാരോട് അതുതന്നെ ചെയ്യുകയായിരുന്നു.
എന്നുവരികിലും, ക്രൈസ്തവലോകത്തിന്റെ സ്വന്തം രക്തപങ്കില വസ്ത്രത്തിന്റെ വീക്ഷണത്തിൽ അതിന് സ്വയനീതീകരണത്തോടെ മററുള്ളവരോട് അരുത് എന്നു പറയാൻ കഴിയുന്നില്ല. അപൂർണ്ണ മനുഷ്യഗവൺമെൻറുകളെ ശുപാർശചെയ്തുകൊണ്ടും പിന്താങ്ങിക്കൊണ്ടും ചിലപ്പോൾ തെരഞ്ഞെടുത്തുകൊണ്ടുപോലും നാമധേയക്രിസ്ത്യാനികളും അക്രൈസ്തവരും ഒരുപോലെ ഈ ഗവൺമെൻറുകൾ ചൊരിഞ്ഞ രക്തത്തിന്റെ ഉത്തരവാദിത്വം പങ്കിട്ടേതീരൂ.
എന്നാൽ ഗവൺമെൻറിനെ ദൈവത്തിനുപരി വെക്കുകയും സ്വന്തം അംഗങ്ങളെ യുദ്ധദേവന്റെ ബലിപീഠത്തിൽ രാഷ്ട്രീയയാഗങ്ങളായി അർപ്പിക്കുകയും ചെയ്യുന്നത് ഏതു തരം മതമാണ്?
“അവർ നിർദ്ദോഷരക്തം ചൊരിഞ്ഞുകൊണ്ടിരുന്നു”
വിശ്വാസത്യാഗിയായ ഇസ്രായേലിനെ സംബന്ധിച്ച് നൂററാണ്ടുകൾക്കു മുമ്പു പറഞ്ഞ ആ വാക്കുകൾ സകല വ്യാജമതങ്ങൾക്കും വിശേഷാൽ ക്രൈസ്തവലോകത്തിലുള്ളവക്കും ബാധകമാകുന്നു. (സങ്കീർത്തനം 106:38) കൂട്ടക്കൊലയിൽ എരിഞ്ഞടങ്ങിയ ദശലക്ഷക്കണക്കിനു ജീവിതം മറന്നുകളയരുത്, ക്രൈസ്തവലോകത്തിലെ സഭകൾ കുററരഹിതരല്ലാത്ത ഒരു ദുരന്തംതന്നെ.—1990 മേയ് 8ലെ ഉണരുക! കാണുക.
കാര്യമായി അറിയപ്പെടാത്തതും എന്നാൽ അത്രതന്നെ ദാരുണവുമായ മറെറാരു പ്രശ്നത്തിലും ജർമ്മൻപുരോഹിതൻമാർ നിശ്ശബ്ദത പാലിച്ചു. ഹിററ്ലർ വംശം സംബന്ധിച്ച തന്റെ ചിന്തകൾ മീൻകാംഫിൽ വിവരിച്ചശേഷം രണ്ടു വർഷം കഴിഞ്ഞ് 1927-ൽ കത്തോലിക്കാ പത്രാധിപരും വേദശാസ്ത്രജ്ഞനുമായ ജോസഫ് മേയർ ബിഷപ്പിന്റെ സമ്മതിമുദ്രയോടെ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. അതിപ്രകാരം പറഞ്ഞു: “മാനസികരോഗികൾക്കും ധാർമ്മികചിത്തഭ്രമമുള്ളവർക്കും മററു താണതരം വ്യക്തികൾക്കും തീവെക്കാനവകാശമില്ലാത്തതുപോലെതന്നെ പ്രജനനം നടത്താൻ മേലാൽ അവകാശമില്ല.” വികലാംഗരുടെ വന്ധ്യംകരണം യേശുവിന്റെ ഇഷ്ടത്തോടു ചേർച്ചയിലാണെന്ന് ലൂഥറൻ പാസ്റററായിരുന്ന ഫ്രെഡറിക് വോൾ ബോഡർഷ്വിഗ് കണ്ടെത്തി.
മതപരമായി പിന്തുണക്കപ്പെട്ട ഈ മനോഭാവം ഹിററ്ലർ 1939-ൽ “യൂതനേസിയ വിജ്ഞാപനം” പുറപ്പെടുവിക്കാൻ വഴിയൊരുക്കി, അത് ബുദ്ധിഭ്രമം വന്ന 1,00,000 പൗരൻമാരുടെ മരണത്തിലേക്കും ഏതാണ്ട് 4,00,000 പേരുടെ നിർബന്ധിത വന്ധ്യംകരണത്തിലേക്കും നയിച്ചു.a
യുദ്ധാനന്തരം 40 വർഷം കഴിഞ്ഞ് 1985-ൽ ആയിരുന്നു റീൻലാൻഡിലെ ലൂഥറൻ സഭാ അധികാരികൾ ഇത് പരസ്യമായി സമ്മതിച്ചത്: “നമ്മുടെ സഭ നിർബന്ധിത വന്ധ്യംകരണത്തെയും രോഗികളുടെയും വികലാംഗരുടെയും കൊലയേയും മനുഷ്യരിൽ നടത്തുന്ന ക്രൂരമായ വൈദ്യപരീക്ഷണങ്ങളെയും വേണ്ടത്ര ശക്തമായി എതിർത്തില്ല. അതിനിരയായി ഇപ്പോഴും ജീവിക്കുന്നവരോടും അവരുടെ അതിജീവിക്കുന്ന ബന്ധുക്കളോടും ഞങ്ങൾ ക്ഷമ ചോദിക്കുന്നു.”
മ്യൂൺസ്റററിലെ കത്തോലിക്കാ ബിഷപ്പ് ആ നയത്തെ കൊലപാതകം എന്നു വിളിച്ചുകൊണ്ട് 1941 ഓഗസ്ററ് 3ന് നിശിതവാക്കുകളിൽ ആക്രമണം നടത്തിയശേഷം ഗവൺമെൻറിന്റെ യൂതനേസിയാ പ്രസ്ഥാനം ഗണ്യമായി മന്ദീഭവിച്ചുവെന്നത് സത്യംതന്നെ. എന്നാൽ പരസ്യമായ ഒരു അപലപനം കേൾക്കുന്നതിനുമുമ്പ് 19 മാസങ്ങളും 60,000 മരണങ്ങളും കടന്നുപോയതെന്തുകൊണ്ട്?
മതത്തിന്റെ രക്തപാതകം
ജീവനെ ആദരിക്കുന്നതായും ആളുകളെ ദ്രോഹത്തിൽനിന്ന് സംരക്ഷിക്കാൻ തത്പരരായിരിക്കുന്നതായും മിക്ക മതങ്ങളും അവകാശപ്പെടുന്നു. എന്നാൽ പുകവലി, മദ്യം ഉൾപ്പെടെ മയക്കുമരുന്നുകളുടെ ദുരുപയോഗം, ശരീരത്തിലേക്കു രക്തം സ്വീകരിക്കൽ, ലൈംഗികദുഷ്കൃത്യം എന്നിവയിൽ അടങ്ങിയിരിക്കുന്ന ശാരീരികാപകടങ്ങൾസംബന്ധിച്ച് പുരോഹിതൻമാർ തങ്ങളുടെ ആട്ടിൻകൂട്ടത്തിന് ചേർച്ചയിൽ മുന്നറിയിപ്പു നൽകുന്നുവോ? അതിലും പ്രധാനമായി, അവയ്ക്ക് നമ്മുടെ ദൈവാംഗീകാരം നഷ്ടപ്പെടുത്താൻ കഴിയുമെന്ന് വിശദീകരിച്ചുകൊണ്ട് ബൈബിൾ ചെയ്യുന്നതുപോലെ അവർ ജഡത്തിന്റെ ഈ പ്രവൃത്തികളെ കുററം വിധിക്കുന്നുവോ?—പ്രവൃത്തികൾ 15:28, 29; ഗലാത്യർ 5:19-21.
ചിലർ ചെയ്യുന്നുവെന്നുള്ളത് ശരിതന്നെ. കത്തോലിക്കാ സഭയും പല മൗലികസഭകളും നിർദ്ദോഷരക്തംചൊരിയലായി ഗർഭച്ഛിദ്രത്തെ അപലപിക്കുന്ന അളവോളം ജീവനെ ആദരിക്കുന്നു. എങ്കിലും കത്തോലിക്കാ ഇററലിയുടെ ഗർഭച്ഛിദ്ര നിയമം യൂറോപ്പിലെ ഏററവും ഉദാരമായവയിൽ ഒന്നാണ്.
ബുദ്ധമതവും ഗർഭച്ഛിദ്രങ്ങളെ കുററം വിധിക്കുന്നു. എന്നാൽ ജനസംഖ്യയുടെ 70 ശതമാനവും ബുദ്ധമതാനുയായികളാണെങ്കിലും ജപ്പാനിൽ ഒരു വർഷം 6,18,000 ഗർഭച്ഛിദ്രങ്ങൾ റിപ്പോർട്ടുചെയ്യപ്പെടുന്നു. ഇത് ഈ ചോദ്യം ഉന്നയിക്കുന്നു: നാം എന്തിന്റെ അടിസ്ഥാനത്തിൽ ഒരു മതത്തെ വിധിക്കണം, അതിന്റെ അധികാരസ്ഥാനത്തുള്ളവരും ചില പുരോഹിതൻമാരും പറയുന്നതിന്റെ അടിസ്ഥാനത്തിലോ അതോ നല്ല നിലയിലുള്ള അതിന്റെ അംഗങ്ങളിലനേകരും ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലോ?
ദുഷ്ടനു മുന്നറിയിപ്പുനൽകാൻ പരാജയപ്പെടുന്നതിന്റെ മറെറാരു ദൃഷ്ടാന്തം ബൈബിൾകാലഗണനയോടും ബൈബിൾപ്രവചനത്തിന്റെ നിവൃത്തിയോടും ബന്ധപ്പെട്ടതാണ്. ദൈവത്തിന്റെ സ്വർഗ്ഗീയരാജ്യം 1914-ൽ യേശുക്രിസ്തുവിന്റെ കരങ്ങളിൽ സ്ഥാപിക്കപ്പെട്ടുവെന്ന് രണ്ടും സൂചന നൽകുന്നു.b ക്രൈസ്തവലോകം ഓരോ ഡിസംബറിലും ക്രിസ്തുവിന്റെ ജൻമദിനം എന്നു കരുതുന്നത് ആഘോഷിക്കുന്നെങ്കിലും പുരോഹിതൻമാർ അവനെ വാഴുന്ന രാജാവായി ഒരിക്കലും ഘോഷിക്കുന്നില്ല, 19 നൂററാണ്ടുകൾക്കുമുമ്പ് നിയുക്തരാജാവായി അവനെ യഹൂദനായകൻമാർ സ്വീകരിക്കാഞ്ഞതുപോലെതന്നെ.
ധാർമ്മികതസംബന്ധിച്ച ദൈവനിയമങ്ങൾ ലംഘിക്കുന്നതിന്റെയും വാഴ്ച നടത്തുന്ന ദൈവരാജ്യത്തിന് കീഴ്പ്പെടാൻ വിസമ്മതിക്കുന്നതിന്റെയും പരിണതഫലങ്ങൾസംബന്ധിച്ചു മുന്നറിയിപ്പുനൽകാൻ പരാജയപ്പെടുന്ന പുരോഹിതൻമാർ ഏതു വിഭാഗത്തിലുള്ളവരായാലും യെഹെസ്ക്കേൽ 33:8 പറയുന്നതനുസരിച്ച് തങ്ങളുടെമേൽ രക്തപാതകം കൂട്ടുകയാണ്. അവരുടെ നിശബ്ദത ദശലക്ഷങ്ങൾ വരുന്ന അവരുടെ ആട്ടിൻകൂട്ടം രക്തപാതകക്കുററമുള്ളതായിത്തീരവേ അലസമായി അവരോടൊപ്പം നിൽക്കുന്നതല്ലാതെ മറെറാന്നല്ല.
അങ്ങനെ നിർദ്ദോഷരക്തംകൊണ്ട് വസ്ത്രങ്ങൾ കറപിടിപ്പിക്കുന്നതിനാൽ വ്യാജമതം യേശുക്രിസ്തുവിന്റെ ചൊരിയപ്പെട്ട ജീവദായകരക്തത്തെ തിരസ്ക്കരിച്ചിരിക്കുന്നു. (മത്തായി 20:28ഉം എഫേസ്യർ 1:7ഉം കാണുക.) ആ കാരണത്താൽ വ്യാജമതത്തിന്റെ വസ്ത്രങ്ങളിൽ തെറിച്ച രക്തം പെട്ടെന്ന്—വളരെ പെട്ടെന്ന്—അതിന്റെ സ്വന്തം രക്തമായിത്തീരും!—വെളിപ്പാട് 18:8.
“വ്യാജമതം അതിന്റെ ഭൂതകാലത്താൽ പിടികൂടപ്പെടുമ്പോൾ” രക്ഷപ്പെടുകയില്ല. ഞങ്ങളുടെ അടുത്ത ലക്കം വിശദീകരിക്കട്ടെ. (g89 11/8)
[അടിക്കുറിപ്പുകൾ]
a പോപ്പിന്റെ അനുഗ്രഹാശിസ്സുകളോടെ 15-ാം നൂററാണ്ടുമുതൽ ഏതാണ്ട് 3,00,000ത്തിനും 30,00,000ത്തിനുമിടക്ക് മന്ത്രവാദികൾ കൊല്ലപ്പെട്ടതിനെ ഏറെക്കുറെ അനുസ്മരിപ്പിക്കുന്നതാണിത്.
b വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി 1982-ൽ പ്രസിദ്ധീകരിച്ച നിങ്ങൾക്ക് ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിന്റെ 16-18 വരെ അദ്ധ്യായങ്ങൾ കാണുക.
[24-ാം പേജിലെ ചതുരം]
“മതം ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും വിപ്ലവത്തിന്റെ പരിചാരികയായിത്തീർന്നിരിക്കുന്നു . . . അത് ഉത്തര അയർലണ്ടിലും ഇൻഡ്യൻ ഉപഭൂഖണ്ഡത്തിലും ഫിലിപ്പീൻസിലും കൊലക്ക് പ്രചോദനം നൽകുന്നതിൽ തുടരുന്നു.”—മതത്തിന്റെ സർവവിജ്ഞാനകോശം
[23-ാം പേജിലെ ചിത്രം]
പാഷണ്ഡികളുടെ കൂട്ടത്തോടെയുള്ള ദഹിപ്പിക്കലിന്റെ മരത്തിലുള്ള 15-ാം നൂററാണ്ടിലെ ഈ കൊത്തുപണി ചിത്രീകരിക്കുന്നപ്രകാരം കഴിഞ്ഞകാലത്തെ വ്യാജമതത്തിന്റെ രക്തപാതകം 20-ാം നൂററാണ്ടിലെ അതിന്റെ രേഖയാൽ വളരെയധികം മറച്ചുകളയപ്പെടുന്നു
[24-ാം പേജിലെ ചിത്രങ്ങൾ]
ഒന്നാം ലോകമഹാ യുദ്ധകാലത്ത് ജർമ്മൻ പള്ളിമണികൾ യുദ്ധോദ്ദേശ്യ ങ്ങൾക്കായി ഉരുക്കിമാററപ്പെട്ടു
[കടപ്പാട്]
Bundesarchiv Koblenz