നക്ഷത്രം നോട്ടം ഇന്ന്
“വൈററ്ഹൗസ് മുതൽ വാൾസ്ത്രീററ്വരെ ജ്യോതിഷത്തിന് മുമ്പൊരിക്കലും ഇതിലും ജനപ്രീതി ഉണ്ടായിരുന്നിട്ടില്ല.” ജ്യോതിഷത്തിലുള്ള ഐക്യനാടുകളിലെ പൊതുജനതാല്പര്യത്തെ സംബന്ധിച്ച ഒരു പത്രറിപ്പോർട്ടിന്റെ തുടക്കമിങ്ങനെയായിരുന്നു.
വൈററ്ഹൗസിനെക്കുറിച്ചുള്ള പരാമർശനം പ്രസിഡണ്ടിന്റെ ഒരു മുൻ സഹായകന്റെ വളരെ പ്രസിദ്ധികൊടുക്കപ്പെട്ട വിവരണത്തെ വായനക്കാരന്റെ മനസ്സിലേക്കു വരുത്തിയിരിക്കുമെന്നുള്ളതിനു സംശയമില്ല. ഫോർ ദ റെക്കോഡ എന്ന തന്റെ പുസ്തകത്തിൽ ഡോണാൾഡ് ററി. റേഗൻ ഇങ്ങനെ എഴുതി:
“വൈററ്ഹൗസ് സ്ററാഫിന്റെ ചീഫ് ആയിട്ടുള്ള എന്റെ സേവനകാലത്ത് റീഗൻദമ്പതികൾ എടുത്ത ഏതു മുഖ്യനീക്കവും അഥവാ തീരുമാനവും ആ ഉദ്യമത്തിന് ഗൃഹനില അനുകൂലമാണോയെന്ന് നിശ്ചയപ്പെടുത്താൻ നക്ഷത്രഫലം നോക്കിയ സാൻഫ്രാൻസിസ്ക്കോയിലെ ഒരു സ്ത്രീയോട് മുന്നമേ ചോദിച്ച ശേഷമാണ് സ്വീകരിച്ചിട്ടുള്ളത്.”
ആ വിവരണത്തിൽനിന്ന് എന്തൊക്കെ മനസ്സിലാക്കിയാലും അതു ജ്യോതിഷത്തിന്റെ അവസാന കണികയെയും ആധുനികസയൻസ് നീക്കം ചെയ്തതായി സങ്കൽപ്പിക്കപ്പെടുന്ന പാശ്ചാത്യലോകത്തിൽ ആളുകളുടെ ഇടയിൽ ജ്യോതിഷത്തിലുള്ള താത്പര്യത്തെ തീർച്ചയായും പരസ്യമാക്കാൻ വളരെയധികം സഹായിച്ചു. ഈ വസ്തുതകൾ പരിചിന്തിക്കുക:
◼ എ.എഫ്.എ. (ജ്യോതിഷക്കാരുടെ അമേരിക്കൻ ഫെഡറേഷൻ) പറയുന്നതനുസരിച്ച് ഐക്യനാടുകളിൽ ഏതാണ്ട് 5,000 മുഴുസമയ ജ്യോതിഷവിദഗ്ദ്ധൻമാരും കുറഞ്ഞപക്ഷം 50,000 അംശകാല തൊഴിൽക്കാരുമുണ്ട്. നക്ഷത്രഫലങ്ങൾക്ക് വാർഷികമായി കൊടുക്കപ്പെടുന്ന ഫീസ് മൊത്തം ഏതാണ്ട് 3 കോടി 50 ലക്ഷം ഡോളർ വരും.
◼ “ഓരോ വർഷവും ഫ്രാൻസിൽ . . . 1 കോടിയോളം ആളുകൾ ഔദ്യോഗികമായ അംഗീകാരമുള്ള ജ്യോതിഷവിദഗ്ദ്ധരിൽ അഥവാ മദ്ധ്യവർത്തികളിൽ ഒരാളോട് ആലോചനകഴിക്കുന്നു”വെന്ന് ഒരു പേർഷ്യൻവാരികയായ ററ്യൂട്ടെസ ലെസ് നോവലസ പറയുന്നു.
◼ ഐക്യനാടുകളിലെ പത്രങ്ങളുടെ 92 ശതമാനത്തിൽ അഥവാ 1,500-ൽപരമെണ്ണത്തിൽ നക്ഷത്രഫലം ഒരു നിരന്തര സവിശേഷതയാണ്. ജർമ്മനിയിൽ ഒരു ദിനപ്പത്രമായ വെസർ കൂര്യർ ഒരു ദിവസം നക്ഷത്രഫലപംക്തി അച്ചടിക്കുന്നതിൽ ഉദാസീനത കാട്ടിയപ്പോൾ “അന്ന് വീട്ടിൽ കഴിയണമോ വെളിയിൽ പോകണമോയെന്നും തങ്ങളുടെ പണം മുടക്കണമോയെന്നും മുടക്കണമെങ്കിൽ എവിടെയെന്നും അറിയാൻപാടില്ലാഞ്ഞ” വായനക്കാരിൽനിന്ന് അവർക്ക് ഫോൺസന്ദേശങ്ങൾ ലഭിച്ചു.
◼ കൂടുതൽ കൂടുതൽ ജ്യോതിഷക്കാർ കമ്പ്യൂട്ടറുകളെ ആശ്രയിക്കുകയാണ്. ദൃഷ്ടാന്തത്തിന്, ആസ്ത്രോ ഇൻറലിജൻസ് ഓഫ് സ്വിററ്സർലണ്ടിന് 55 സ്വിസ് ഫ്രാങ്ക് (576 രൂപാ) മുടക്കിയാൽ 20 പേജുള്ള ഒരു നക്ഷത്രഫലവിശകലനം പ്രദാനംചെയ്യാൻ കഴിയും. ഒരു സുപ്രസിദ്ധ ബ്രിട്ടീഷ് ജൗതിഷികൻ വർഷംതോറും ഓരോന്നിനും 10 പവൻവെച്ച് (288 രൂപാ) 20,000ത്തിൽപരം കമ്പ്യൂട്ടർനിർമ്മിത വ്യക്തിഗത നക്ഷത്രഫലങ്ങൾ അയച്ചുകൊടുക്കുന്നു. ഇപ്പോൾ ന്യൂയോർക്കുപോലെയുള്ള നഗരങ്ങളിൽ ഡയൽചെയ്താൽ കിട്ടുന്ന റെറലഫോൺ നക്ഷത്രഫല സേവനങ്ങൾ ലഭ്യമായിക്കൊണ്ടിരിക്കുകയാണ്. ന്യൂയോർക്ക് റെറലഫോൺകമ്പനി ഓരോ മാസവും പത്തുലക്ഷം കോളുകൾ കിട്ടുന്നതായി റിപ്പോർട്ടുചെയ്യുന്നു.
ഈ ഹരം എന്തുകൊണ്ട?
സ്വന്തം പ്രവർത്തനത്തിൽ കൃതാർത്ഥതയുള്ള ഈ യുഗത്തിൽ ജീവിതത്തിന്റെ അർത്ഥം സംബന്ധിച്ച് മെച്ചമായ ഉൾക്കാഴ്ച നൽകുമെന്ന് അഥവാ തന്നേക്കുറിച്ചുതന്നെ മെച്ചമായ ഗ്രാഹ്യംനൽകുമെന്ന് വാഗ്ദാനംചെയ്യുന്ന എന്തും സ്വാഗതംചെയ്യപ്പെടുകതന്നെ ചെയ്യും. അങ്ങനെ ഒരു നിരീക്ഷകന്റെ വാക്കുകളിൽ, ആളുകൾ ജ്യോതിഷത്തിലേക്കു ആകർഷിക്കപ്പെടുന്നതിന്റെ കാരണങ്ങളിലൊന്ന് “അത് എല്ലാവരിലുംവെച്ച് അതിപ്രധാനവ്യക്തിയെക്കുറിച്ച്, നിങ്ങളെക്കുറിച്ചുതന്നെ, നിങ്ങളോടു പറയുന്നു”വെന്നതാണ്.
എന്നാൽ യഥാർത്ഥത്തിൽ ജ്യോതിഷം അതു ചെയ്യുന്നുണ്ടോ? ഏററവും പ്രധാനമായി, നക്ഷത്രങ്ങൾ നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്നുവോ? നമുക്ക് ഈ പ്രതിഭാസം സംബന്ധിച്ച് കുറേക്കൂടെ അടുത്തു വീക്ഷിക്കാം. (g89 11⁄22)