നമ്മൾ എത്ര ആരോഗ്യമുള്ളവരാണ്?
ദിവസം നൂറുകോടി ഡോളർ! അമേരിക്കൻ ഐക്യനാടുകളിലെ ആളുകൾ ആരോഗ്യപരിപാലനത്തിന് ചെലവിടുന്നത് അത്രയുമാണ്. ജർമ്മൻ ഫെഡറൽ റിപ്പബ്ലിക്കിലെ ജനങ്ങൾ തങ്ങളുടെ ആരോഗ്യാവശ്യങ്ങൾ സാധിക്കുന്നതിന് ഒരു വർഷം തങ്ങളുടെ മൊത്തം ദേശീയോല്പാദനത്തിന്റെ അഞ്ചിലൊന്നിൽ കൂടുതൽ അഥവാ 34,000 കോടി ജർമ്മൻ മാർക്ക് ചെലവിടുന്നു. മററ് മിക്ക വ്യവസായവൽകൃത രാഷ്ട്രങ്ങളിലും സാഹചര്യം സമാനമാണ്.
ഈ രാജ്യങ്ങളിലെ ശരാശരി പൗരൻ കൂടുതൽ ആരോഗ്യബോധമുള്ളവനായിത്തീരുകയാണെന്നുള്ളതിനു സംശയമില്ല. ആഹാരപത്ഥ്യവും വ്യായാമവും സംബന്ധിച്ച പുസ്തകങ്ങളും വീഡിയോകളും ഏററവുമധികം വിൽപ്പനയുള്ളവയുടെ ലിസ്ററിൽ നിരന്തരം മുകളിൽത്തന്നെയാണ്. ആരോഗ്യപ്രദമായ ആഹാരവും വൈററമിനും കായികപരിശീലന വസ്ത്രങ്ങളും വ്യായാമസാമഗ്രികളും കോടിക്കണക്കിനു ഡോളറുകളുടെ ബിസിനസ്സായിത്തീർന്നിരിക്കുന്നു. ഈയിടെ ഒരു വിജയശാലിയുടെ പ്രതിച്ഛായ മേലാൽ ചുരുട്ടുവലിക്കുന്ന വ്യാപാരിശ്രേഷ്ഠന്റേതല്ല, പിന്നെയോ ആരോഗ്യമുള്ള, ശുചിത്വമുള്ള യോഗ്യന്റേതാണ്.
ആരോഗ്യത്തിനും കായികക്ഷമതക്കും ഇത്രയധികം ശ്രദ്ധയും താത്പര്യവും പ്രകടമാക്കിയിട്ട് നാം യഥാർത്ഥത്തിൽ മുൻതലമുറക്കാരെക്കാൾ ആരോഗ്യമുള്ളവരാണോ? ചികിൽസക്കും ആരോഗ്യപരിപാലനത്തിനും ചെലവിടുന്ന വൻതുകകൾ നമുക്കെല്ലാം ശാരീരികക്ഷേമം നേടിത്തന്നിട്ടുണ്ടോ? യഥാർത്ഥത്തിൽ നമ്മൾ എത്ര ആരോഗ്യമുള്ളവരാണ്?
ഇന്നത്തെ ചിത്രം
സമ്പന്നരാജ്യങ്ങളിൽനിന്നും ദരിദ്രരാജ്യങ്ങളിൽനിന്നുമുള്ള റിപ്പോർട്ടുകൾ ആളുകൾ ആരോഗ്യവാൻമാരല്ലെന്നുള്ള ചിത്രമാണ് കാണിക്കുന്നത്, അതു നാം പ്രതീക്ഷിച്ചേക്കാവുന്നതിനു വിരുദ്ധമാണ്. ലോകമെമ്പാടുമുള്ള വിഭിന്ന ആരോഗ്യാവസ്ഥകളെക്കുറിച്ചു സംസാരിച്ചുകൊണ്ട് വേൾഡ്വാച്ച് ഇൻസ്ററിററ്യൂട്ട് തയ്യാറാക്കിയ ഒരു റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “അവരുടെ ആരോഗ്യരക്ഷയുടെ ആവശ്യങ്ങൾ ഗണ്യമായി വ്യത്യസ്തമാണെങ്കിലും സമ്പന്നർക്കും ദരിദ്രർക്കും പൊതുവിൽ ഒരു സംഗതിയുണ്ട്: ഇരുകൂട്ടരും അനാവശ്യമായി മരിക്കുന്നു. സമ്പന്നർ ഹൃദ്രോഗത്താലും കാൻസറിനാലും മരിക്കുമ്പോൾ ദരിദ്രർ അതിസാരത്താലും ന്യുമോണിയായാലും അഞ്ചാംപനിയാലും മരിക്കുന്നു.”
വൈദ്യശാസ്ത്രഗവേഷണത്തിലെ പുരോഗതിയൊക്കെയുണ്ടായിരുന്നിട്ടും ഹൃദ്രോഗവും കാൻസറും സമ്പൽസമൃദ്ധരാജ്യങ്ങളിലെ ബാധയായി തുടരുകയാണ്. യഥാർത്ഥത്തിൽ, “സമീപവർഷങ്ങളിൽ ആകമാനമായ പുരോഗതിസംബന്ധിച്ച് ശുഭാപ്തിവിശ്വാസത്തിനു നാം കാരണം കാണുന്നില്ല. മൊത്തത്തിൽ കാൻസർ അല്പമെങ്കിലും കുറയുകയാണെന്നു ചിന്തിക്കുന്നതിന് കാരണമില്ല” എന്ന് ദി ന്യൂ ഇംഗ്ലണ്ട ജേണൽ ഓഫ മെഡിസിനിലെ ഒരു റിപ്പോർട്ടു പറയുന്നു. കായികക്ഷമതയുടെ അഭിവൃദ്ധിയെസംബന്ധിച്ചാണെങ്കിൽ, യു. എസ്. ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സേർവീസസിലെ ഡോ. മൈക്കൾ മക്ക്ഗിന്നിസ് സാഹചര്യത്തെ നന്നായി സംക്ഷേപിച്ചുപറഞ്ഞു: “കായികക്ഷമതയുടെ പ്രാധാന്യം ബഹുഭൂരിപക്ഷത്തിനുമറിയാം. എന്നാൽ അവർ സ്വന്തമായി നടപടി സ്വീകരിച്ചിട്ടില്ല. അമേരിക്കക്കാർ അവർ വിചാരിക്കുന്നതുപോലെ കായികക്ഷമതയുള്ളവരല്ല.”
സാഹചര്യത്തിന്റെ മറെറ അററത്ത്, “ലോകജനസംഖ്യയുടെ നാലിലൊന്നിന് ശുദ്ധമായ കുടിവെള്ളവും ശുചിത്വമുള്ള മലമൂത്രവിസർജ്ജനസൗകര്യങ്ങളുമില്ല” എന്ന് വേൾഡ്വാച്ച് റിപ്പോർട്ട് പറയുന്നു. “തദ്ഫലമായി, അതിസാരരോഗങ്ങൾ മൂന്നാം ലോകത്തിലുടനീളം വ്യാപകമായിരിക്കുകയാണ്, ലോകത്തിലെ ശിശുമരണങ്ങളുടെ മുഖ്യകാരണവുമതാണ്.” അതിസാരവും ന്യുമോണിയായും അഞ്ചാംപനിയും ഡിഫ്ത്തീരിയായും ക്ഷയവും മററു രോഗങ്ങളും ഓരോ വർഷവും അഞ്ചുവയസ്സിനുതാഴെയുള്ള 1 കോടി 50 ലക്ഷം കുട്ടികൾക്കു ജീവഹാനിവരുത്തുകയും വേറെ ദശലക്ഷങ്ങളുടെ സാധാരണവളർച്ചയെ മുരടിപ്പിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഇതിലധികത്തെയും അനായാസം തടയാൻ കഴിയുമെന്ന് വിദഗ്ദ്ധൻമാർ വിചാരിക്കുന്നുവെന്നതാണ് യഥാർത്ഥത്തിൽ വിരോധാഭാസം.
വികസിതരാഷ്ട്രങ്ങളിലെ കുട്ടികൾ അങ്ങനെയുള്ള ദുരന്തങ്ങളിൽനിന്ന് ഒഴിവാക്കപ്പെട്ടേക്കാമെങ്കിലും ഇന്നത്തെ യുവജനങ്ങളുടെ പൊതു ആരോഗ്യം മെച്ചപ്പെടുന്നതിനു പകരം അധഃപതിക്കുന്നതിന്റെ പരിഭ്രമജനകമായ ലക്ഷണങ്ങളാണുള്ളത്. ദൃഷ്ടാന്തമായി, “കുട്ടികൾ ‘35 വർഷംമുമ്പ് കൂടുതൽ ആരോഗ്യമുള്ളവർ’” എന്ന ശീർഷകത്തിൽ ലണ്ടനിലെ ദി ഗാർഡിയൻ മെഡിക്കൽ റിസേർച്ച് കൗൺസിലിന്റെ ഒരു അവലോകനം “പുതിയ തലമുറയുടെ ഇടയിലെ നാലു വയസ്സു വരെയുള്ള കുട്ടികളുടെ ആശുപത്രിപ്രവേശനത്തിൽ ഗണ്യമായ വർദ്ധനവുണ്ടായതായും ആസ്ത്മാ മൂന്നിരട്ടി വർദ്ധിച്ചതായും രക്തവാതത്തിൽ ആറു മടങ്ങു വർദ്ധനവുണ്ടായതായും” കണ്ടെത്തിയെന്ന് റിപ്പോർട്ടുചെയ്യുന്നു. ബാലജനപ്രമേഹത്തിലും പൂർണ്ണിപ്പിലും പിരിമുറുക്കത്തിലും വൈകാരികവ്യാധികളിലും കുത്തനെയുള്ള വർദ്ധനവുകളും കണ്ടെത്തപ്പെട്ടു.
ഐക്യനാടുകളിലെ ദേശവ്യാപകമായ പഠനങ്ങളും ഇന്നത്തെ സ്കൂൾ കുട്ടികളുടെ ശാരീരികാവസ്ഥ അത് ആയിരിക്കേണ്ടതുപോലെയല്ലെന്ന് വെളിപ്പെടുത്തിയിരിക്കുന്നു. “യുവജനങ്ങളുടെ കായികക്ഷമതാരാഹിത്യം ഇന്ന് അമേരിക്കയിൽ ഏററം നന്നായി സൂക്ഷിക്കുന്ന രഹസ്യമാണെ”ന്ന് ഫിസിക്കൽ ഫിററ്നസ് ആൻഡ് സ്പോർട്ട്സ് സംബന്ധിച്ച പ്രസിഡണ്ടിന്റെ കൗൺസിലിന്റെ ചെയർമാനായ ജോർജ് അലൻ പറയുന്നു. 6 മുതൽ 17 വരെ വയസ്സുള്ള ആൺകുട്ടികളുടെ 40 ശതമാനവും പെൺകുട്ടികളുടെ 70 ശതമാനവും ശരീരം തിരിശ്ചീനമായി ഉയർത്തുന്ന ഒരു വ്യായാമമുറ ഒരൊററ പ്രാവശ്യത്തിൽ കൂടുതൽ ചെയ്യാൻ അപ്രാപ്തരാണെന്ന് കൗൺസിൽ പുറത്തുവിട്ട ഏററവുമൊടുവിലത്തെ അക്കങ്ങൾ പ്രകടമാക്കുന്നു. ഇന്നത്തെ ചെറുപ്പക്കാർക്ക് ഉയർന്ന രക്തസമ്മർദ്ദവും രക്തത്തിലെ കൊളസ്റററോളിന്റെയും ശരീരകൊഴുപ്പിന്റെയും അനാരോഗ്യകരമായ ലെവലുകളുമുള്ളതായി മററു പഠനങ്ങൾ കണ്ടെത്തി. ഗുരുതരമായ വൈകാരികപ്രശ്നങ്ങളുടെയും മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ദുരുപയോഗത്തിന്റെ പ്രശ്നങ്ങളും പറയേണ്ടതുമില്ല.
മുന്നോട്ടു നോക്കുന്നു
ജീവിതത്തിലുടനീളമുള്ള നമ്മുടെ ആരോഗ്യത്തിന്റെ അവസ്ഥ ഒരു നിശ്ചിത പരിധിവരെ നമ്മുടെ കുട്ടിക്കാലത്തെ ആരോഗ്യത്തിന്റെ അവസ്ഥയാൽ നിർണ്ണയിക്കപ്പെടുന്നുവെന്ന് നമ്മിൽ മിക്കവർക്കുമറിയാം. അതുകൊണ്ട് ജോർജ്ജ് അലൻ ഇങ്ങനെ പറഞ്ഞത് അതിശയമല്ല: “നിങ്ങൾ ഇപ്പോൾ കുട്ടികളെ കായികക്ഷമത പഠിപ്പിക്കുന്നില്ലെങ്കിൽ മുതിർന്നവരാകുമ്പോൾ അവർ ഒരിക്കലും അതു പഠിക്കുകയില്ലെന്നുള്ളതിലാണ് എനിക്കുൽക്കണ്ഠയുള്ളത്.” വികസ്വരരാജ്യങ്ങളിലും ഇതു സത്യമാണ്, എന്നാൽ ആരോഗ്യമുള്ള മുതിർന്നവരായി വികാസംപ്രാപിക്കാനുള്ള അവസരം അവിടെ അനേകം കുട്ടികൾക്കു കൊടുക്കപ്പെടുന്നില്ലെന്നുള്ള വ്യത്യാസമുണ്ട്.
പ്രശ്നങ്ങൾ ആകുലീകരിക്കുന്നവയാണെങ്കിലും തരണംചെയ്യാൻ പാടില്ലാത്തവയല്ല. വ്യക്തിപരമായി നിങ്ങൾ എവിടെ ജീവിച്ചാലും നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും ആരോഗ്യംസംബന്ധിച്ച് നിങ്ങൾക്കു ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. എന്നിരുന്നാലും, അതിലധികവും നിങ്ങളുടെ ആരോഗ്യത്തെയും നിങ്ങളെത്തന്നെയുംകുറിച്ചുള്ള നിങ്ങളുടെ വീക്ഷണത്തെയാണ് ആശ്രയിച്ചിരിക്കുന്നത്. തീർച്ചയായും, ഈ ചോദ്യങ്ങൾ ചോദിക്കപ്പെട്ടേക്കാം: എന്താണാരോഗ്യം? നല്ല ആരോഗ്യം നിലനിർത്താൻ നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും? അടുത്ത ലേഖനങ്ങളിൽ ഈ ചോദ്യങ്ങൾ പരിചിന്തിക്കപ്പെടും (g89 12⁄8)