നിങ്ങളുടെ ആരോഗ്യത്തെ രൂപപ്പെടുത്തുന്നത്—നിങ്ങൾക്കു ചെയ്യാൻ കഴിയുന്നത്
അരിയോ മാവുപൊടിയോ പോലെ ഒരു ദുരിതാശ്വാസ പ്രവർത്തകനു സൗജന്യമായി കൊടുക്കാൻ കഴിയുന്ന ഒന്നല്ല ആരോഗ്യം. അതു ചാക്കിൽ വരുന്നതല്ല, കാരണം അതൊരു ഉപഭോഗവസ്തുവല്ല, പിന്നെയോ ഒരു അവസ്ഥയാണ്. “ശാരീരികവും മാനസികവും സാമൂഹികവുമായ സമ്പൂർണ സുസ്ഥിതിയുടെ ഒരവസ്ഥയാണ് ആരോഗ്യം” എന്ന് ഡബ്ലിയുഎച്ച്ഒ (ലോകാരോഗ്യസംഘടന) നിർവചിക്കുന്നു. എന്നാൽ, ആ സുസ്ഥിതിയുടെ അളവു നിർണയിക്കുന്നത് എന്താണ്?
പലകകളും ആണികളും ഇരുമ്പുകമ്പികളും ഉപയോഗിച്ച് ഒരു സാധാരണ വീടു പണിയാം, എന്നാൽ അതിന്റെ പല ഭാഗങ്ങളെയും താങ്ങിനിർത്തുന്നതു നാലു മൂലത്തൂണുകളാണ്. സമാനമായി, നമ്മുടെ ആരോഗ്യത്തെ രൂപപ്പെടുത്തുന്നത് അനേകം സ്വാധീനങ്ങളാണ്, എന്നാൽ സകലവും നാലു “മൂല” സ്വാധീനങ്ങളോടു ബന്ധപ്പെട്ടിരിക്കുന്നു. (1) പെരുമാററം, (2) പരിസ്ഥിതി, (3) വൈദ്യശുശ്രൂഷ, (4) ജീവശാസ്ത്രപരമായ ഘടന തുടങ്ങിയവയാണ് അവ. തൂണുകളുടെ ഗുണം മെച്ചപ്പെടുത്തിക്കൊണ്ട് വീടിന്റെ ബലം വർധിപ്പിക്കാൻ നിങ്ങൾക്കു കഴിയുന്നതുപോലെതന്നെ ഈ സ്വാധീനഘടകങ്ങളുടെ ഗുണം മെച്ചപ്പെടുത്തിക്കൊണ്ട് നിങ്ങളുടെ ആരോഗ്യത്തിന്റെ ഗുണവും മെച്ചപ്പെടുത്താൻ കഴിയും. എന്നാൽ ചോദ്യമിതാണ്: വിഭവശേഷി കുറഞ്ഞവർക്ക് അത് എങ്ങനെ ചെയ്യാൻ കഴിയും?
നിങ്ങളുടെ പെരുമാററവും നിങ്ങളുടെ ആരോഗ്യവും
ഈ നാലു ഘടകങ്ങളിൽ, പെരുമാററമാണു നിങ്ങൾക്ക് ഏററവും നിയന്ത്രണവിധേയമായിരിക്കുന്നത്. അതു മെച്ചപ്പെടുത്തുന്നതു പ്രയോജനം ചെയ്യും. ദാരിദ്ര്യം കാരണം നിങ്ങളുടെ ഭക്ഷണക്രമത്തിലും ശീലങ്ങളിലും കാര്യമായ മാററം വരുത്താൻ കഴിയില്ലായിരിക്കാം. എന്നാൽ ഉള്ളതുകൊണ്ട് നിങ്ങൾക്കു ഗണ്യമായ ഒരു മാററം വരുത്താൻ കഴിയും. പിൻവരുന്ന ദൃഷ്ടാന്തം ശ്രദ്ധിക്കുക.
ഒരു മാതാവു തന്റെ കുട്ടിക്ക് മുലപ്പാൽ കൊടുക്കണോ കുപ്പിപ്പാൽ കൊടുക്കണോ എന്ന തീരുമാനത്തെ അഭിമുഖീകരിക്കുന്നു. മുലയൂട്ടലാണ് “ശാരീരികമായും സാമ്പത്തികമായും ഏറെ ശ്രേഷ്ഠമായ തിരഞ്ഞെടു”പ്പെന്ന് ഐക്യരാഷ്ട്ര ശിശുക്ഷേമനിധി പറയുന്നു. “ഏററവും അടിസ്ഥാന ആരോഗ്യഭക്ഷണം” മാതാവിന്റെ പാലാണെന്നു വിദഗ്ധർ പറയുന്നു. അതു കുട്ടിക്ക് “സന്തുലിത വളർച്ചയ്ക്ക് ആവശ്യമായ മാംസ്യവും കൊഴുപ്പും ക്ഷീരഗുണവും ജീവകങ്ങളും ധാതുക്കളും ചെറിയ അളവിലുള്ള രാസഘടകങ്ങളും ശരിയായ അളവിൽത്തന്നെ കൃത്യമായി” കൊടുക്കുന്നു. രോഗത്തെ ചെറുത്തുനിൽക്കുന്ന മാംസ്യങ്ങൾ അഥവാ ആൻറിബോഡികൾ കൂടി മുലപ്പാൽ അമ്മയിൽനിന്ന് കുട്ടിയിലേക്കു പകരുന്നു. രോഗങ്ങളെ ചെറുത്തുനിൽക്കുന്നതിൽ അതു കുട്ടിക്ക് ഒരു നല്ല തുടക്കം കൊടുക്കുന്നു.
പ്രത്യേകിച്ചും നല്ല ആരോഗ്യസംരക്ഷണ അവസ്ഥകളില്ലാത്ത ഉഷ്ണമേഖലാ നാടുകളിൽ ഏററവും ഉത്തമം മുലയൂട്ടലാണ്. കുപ്പിപ്പാലിൽനിന്നു വ്യത്യസ്തമായി, പണം ലാഭിക്കാൻ വേണ്ടി മുലപ്പാലിൽ വെള്ളം ചേർക്കാൻ സാധ്യമല്ല, തയ്യാറാക്കുമ്പോൾ പിശകുകൾ സംഭവിക്കില്ല, മാത്രമല്ല അത് എല്ലായ്പോഴും ലഭിക്കുന്നതു ശുദ്ധമായ ഒരു പാത്രത്തിൽനിന്നാണ്. അതിൽനിന്നും വ്യത്യസ്തമായി, “പൂർണമായും മുലപ്പാൽ കുടിച്ചുവളരുന്ന ഒരു ശിശുവിനെക്കാൾ ദരിദ്ര ജനസമൂഹത്തിൽ കുപ്പിപ്പാൽ കുടിച്ചു വളരുന്ന കുട്ടിക്കു വയറിളക്കസംബന്ധമായ രോഗം വന്നു മരിക്കാൻ ഏതാണ്ട് 15 ഇരട്ടി സാധ്യതയും ന്യൂമോണിയ വന്നു മരിക്കാൻ നാലിരട്ടി സാധ്യതയും കൂടുതലാണ്” എന്ന് അന്താരാഷ്ട്ര ആരോഗ്യത്തിനായുള്ള കനേഡിയൻ സൊസൈററിയുടെ വാർത്താക്കുറിപ്പായ സിനെർജി അഭിപ്രായപ്പെടുന്നു.
അതിനു സാമ്പത്തിക നേട്ടം കൂടിയുണ്ട്. വികസ്വര ലോകത്തു പാൽപ്പൊടിക്കു വില കൂടുതലാണ്. ഉദാഹരണത്തിന്, ബ്രസീലിൽ ഒരു കുട്ടിക്കു കുപ്പിപ്പാൽ കൊടുക്കുന്നതിനു കുടുംബത്തിന്റെ മാസവരുമാനത്തിന്റെ അഞ്ചിലൊന്നു വേണ്ടിവന്നേക്കാം. മുലയൂട്ടലിലൂടെ ലാഭിക്കുന്ന പണംകൊണ്ട് മാതാവ് ഉൾപ്പെടെ കുടുംബത്തിലെ എല്ലാവർക്കും ഏറെ ആരോഗ്യാവഹമായ ഭക്ഷണം പ്രദാനം ചെയ്യാൻ കഴിയും.
ഈ നേട്ടങ്ങളെല്ലാമുള്ളതുകൊണ്ടു മുലയൂട്ടൽ വർധിച്ചുവരികയാണെന്നു നിങ്ങൾ പ്രതീക്ഷിച്ചേക്കാം. എന്നിരുന്നാലും, ഫിലിപ്പീൻസിൽ മുലയൂട്ടൽ “ഉൻമൂലനത്താൽ ഭയങ്കരമായി ഭീഷണിപ്പെടുത്ത”പ്പെടുകയാണെന്ന് അവിടത്തെ ആരോഗ്യപ്രവർത്തകർ റിപ്പോർട്ടു ചെയ്യുന്നു. ശ്വാസകോശത്തിലെ അണുബാധയെത്തുടർന്നു ശിശുക്കൾ മരിക്കുന്നതിനോടു ബന്ധപ്പെട്ട പ്രമുഖ കാരണങ്ങളിലൊന്ന് “മുലയൂട്ടലിന്റെ അഭാവ”മാണെന്ന് ബ്രസീലിൽ നടത്തിയ ഒരു പഠനം പ്രകടമാക്കുകയുണ്ടായി. എന്നിരുന്നാലും, നിങ്ങളുടെ കുട്ടി ആ വിധിയിൽനിന്നു രക്ഷപെട്ടേക്കാം. നിങ്ങൾക്ക് ഒരു തിരഞ്ഞെടുപ്പുണ്ട്.
എന്നിരുന്നാലും, കുടുംബത്തിലെ മററംഗങ്ങളുടെ അനാരോഗ്യകരമായ പെരുമാററം ശിശുവിന്റെ ആരോഗ്യത്തെ രക്ഷിക്കാനുള്ള മാതാവിന്റെ ഉദ്യമങ്ങൾക്കു പലപ്പോഴും തുരങ്കം വയ്ക്കുന്നു. നേപ്പാളിലുള്ള ഒരു മാതാവിന്റെ കാര്യം ഉദാഹരണമായെടുക്കുക. അവൾക്കും ഭർത്താവിനും അവരുടെ മൂന്നു വയസ്സുള്ള മകൾക്കും ആകെയുള്ളത് ഈർപ്പമുള്ള ഒരു മുറി മാത്രമാണ്. ആ കൊച്ചുമുറി അടുക്കളയും പുകയിലധൂമവുംകൊണ്ടു നിറഞ്ഞിരിക്കുന്നതായി പനൊസ്കോപ് എന്ന മാഗസിൻ എഴുതുന്നു. ശ്വാസകോശ രോഗബാധയെത്തുടർന്ന് ആ കുട്ടി കഷ്ടപ്പെടുകയാണ്. “പുകവലിക്കുന്നതിൽനിന്നു ഭർത്താവിനെ തടയാൻ എനിക്കാവില്ല, ഇപ്പോൾ ഞാൻ ഭർത്താവിനു വേണ്ടി സിഗരററും കുട്ടിക്കു വേണ്ടി മരുന്നും വാങ്ങുന്നു,” ആ മാതാവ് നെടുവീർപ്പിടുന്നു.
ദുഃഖകരമെന്നു പറയട്ടെ, വികസ്വരരാജ്യങ്ങളിൽ എന്നത്തേതിലുമധികം ആളുകൾ പുകവലി തുടങ്ങിക്കൊണ്ട് വളരെയധികമാവശ്യമുള്ള വരുമാനം പാഴാക്കവേ അവളുടേതുപോലുള്ള വിഷമസന്ധി കൂടുതൽ കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. വാസ്തവത്തിൽ, യൂറോപ്പിലോ ഐക്യനാടുകളിലോ ഒരാൾ പുകവലി നിർത്തുമ്പോൾ ലാററിനമേരിക്കയിലോ ആഫ്രിക്കയിലോ രണ്ടു പേർ പുകവലി തുടങ്ങിക്കഴിഞ്ഞിരിക്കും. തെററിദ്ധരിപ്പിക്കുന്ന പരസ്യങ്ങളാണ് ഏറെയും കുററംവഹിക്കേണ്ടവയെന്ന് റോക്കൺ വെൽബെസ്കോഡ് എന്ന ഡച്ച് പുസ്തകം അഭിപ്രായപ്പെടുന്നു. “വാഴ്സിററി: ആ നല്ല സുഖാനുഭൂതിക്ക്,” “ഗോൾഡ് ലീഫ്: വളരെ പ്രധാനപ്പെട്ട ആളുകൾക്ക് വളരെ പ്രധാനപ്പെട്ട സിഗരററുകൾ” തുടങ്ങിയ പരസ്യവാചകങ്ങൾ സിഗരററുവലി പുരോഗതിയോടും സമൃദ്ധിയോടും ബന്ധപ്പെട്ടതാണെന്നു ദരിദ്രരെ ബോധ്യപ്പെടുത്തുന്നു. എന്നാൽ നേരേ മറിച്ചാണു വാസ്തവം. അതു നിങ്ങളുടെ പണത്തെ തിന്നുതീർക്കുകയും നിങ്ങളുടെ ആരോഗ്യത്തെ ക്ഷയിപ്പിക്കുകയും ചെയ്യുന്നു.
ഇതു പരിചിന്തിക്കുക. ഒരാൾ സിഗരററു വലിക്കുന്ന ഓരോ സമയത്തും തന്റെ ആയുഷ്പ്രതീക്ഷ പത്തു മിനിററുകണ്ട് കുറയ്ക്കുകയും ഹൃദയസ്തംഭനവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല, ശ്വാസകോശത്തിലും തൊണ്ടയിലും വായിലും കാൻസറും മററു രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യതയും അതു വർധിപ്പിക്കുന്നു. യുഎൻ ക്രോണിക്കിൾ മാഗസിൻ ഇങ്ങനെ പറയുന്നു: “ലോകത്തിലെ അകാലമരണത്തിന്റെയും വൈകല്യത്തിന്റെയും തടയാൻ കഴിയുന്ന ഏററവും വലിയ ഒരൊററ ഹേതു പുകയില ഉപയോഗമാണ്.” “തടയാൻ കഴിയുന്ന . . . ഹേതു” എന്ന് അതു പറയുന്നതായി ദയവായി ശ്രദ്ധിക്കുക. നിങ്ങളുടെ അവസാനത്തെ സിഗരററും നിങ്ങൾക്കു കെടുത്തിക്കളയാൻ കഴിയും.
തീർച്ചയായും, നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പെരുമാററസംബന്ധമായ ഒട്ടനവധി തിരഞ്ഞെടുപ്പുകളുണ്ട്. യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിലെ ലൈബ്രറിയിൽ നിങ്ങൾക്കു വായിക്കാൻ കഴിയുന്ന ചില വിവരങ്ങൾ ഈ ലേഖനത്തിന്റെ 11-ാം പേജിലെ ചതുരത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്നു. അറിവു നേടാൻ പരിശ്രമം ആവശ്യമാണെന്നതു സത്യമാണ്. എന്നിരുന്നാലും, ഒരു ഡബ്ലിയുഎച്ച്ഒ ഉദ്യോഗസ്ഥൻ ഇങ്ങനെ പറയുന്നു: “തങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിവും വിദ്യാഭ്യാസവും നേടിയിട്ടുള്ള ഉദ്ബുദ്ധരായ ആളുകളുടെ ഉൾപ്പെടൽ കൂടാതെ നിങ്ങൾക്ക് ആരോഗ്യമുണ്ടായിരിക്കാൻ സാധ്യമല്ല.” അതുകൊണ്ട് ആരോഗ്യത്തെ ഉന്നമിപ്പിക്കുന്ന സ്വയം അറിവു നേടൽ എന്ന സൗജന്യപടി കൈക്കൊള്ളുക.
ആരോഗ്യവും ഭവന ചുററുപാടും
നിങ്ങളുടെ ആരോഗ്യത്തെ ഏററവുമധികം സ്വാധീനിക്കുന്ന ചുററുപാട് നിങ്ങളുടെ വീടും അയൽവക്കവുമാണ് എന്ന് ദരിദ്രർ ചെറുപ്പത്തിലേ മരിക്കുന്നു (ഇംഗ്ലീഷ്) എന്ന പുസ്തകം പ്രസ്താവിക്കുന്നു. വെള്ളം നിങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയുയർത്തിയേക്കാവുന്ന ചുററുപാടു സൃഷ്ടിക്കുന്നു. അണുബാധകൾ, ത്വഗ്രോഗങ്ങൾ, വയറിളക്കം, കോളറ, വയറുകടി, ടൈഫോയ്ഡ്, മററുതരം രോഗങ്ങൾ തുടങ്ങിയവയെല്ലാം ഉണ്ടാകുന്നതു വേണ്ടത്ര ശുദ്ധജലം ഇല്ലാത്തതിനാലാണ്.
കൈ കഴുകണോ, എങ്കിൽ നിങ്ങളെ സംബന്ധിച്ചിടത്തോളം കേവലം ടാപ്പ് ഒന്നു തുറന്നാൽ മതിയായിരിക്കാം. എന്നാൽ തങ്ങളുടെ വീടുകളിൽ പൈപ്പുവെള്ളമില്ലാത്ത ആളുകൾ വെള്ളം കൊണ്ടുവരാനായി ഓരോ ദിവസവും എത്രത്തോളം സമയം ചെലവഴിക്കുന്നു എന്നു സങ്കൽപ്പിക്കുക നിങ്ങൾക്കു ദുഷ്കരമായിരിക്കാം. മിക്കപ്പോഴും 500-ലധികം ആളുകളാണ് ഒരു ടാപ്പ് ഉപയോഗിക്കുന്നത്. അതിനു കാത്തിരിപ്പ് ആവശ്യമാണ്. എന്നാൽ താഴ്ന്ന വരുമാനമുള്ളവർക്കു വളരെയധികം സമയം ജോലി ചെയ്യേണ്ടതായിവരുന്നു. കാത്തിരിപ്പ് “വരുമാനമുണ്ടാക്കുന്നതിന് ഉപയോഗിക്കാൻ കഴിയുന്ന സമയം കുറച്ചുകളയുന്നു” എന്ന് മൂന്നാം ലോക നഗരങ്ങളിലെ പരിസ്ഥിതി പ്രശ്നങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. ആറ് അംഗങ്ങളുള്ള ഒരു കുടുംബത്തിന്റെ കാര്യമെടുക്കുക, അത്രയും വലിപ്പമുള്ള ഒരു കുടുംബത്തിനു ദിവസവും 30 ബക്കററ് വെള്ളം ആവശ്യമാണ്, എന്നാൽ സമയം ലാഭിക്കാൻ വേണ്ടി കൊണ്ടുവരുന്ന വെള്ളം അതിലും കുറവായിരിക്കാം. അങ്ങനെവരുമ്പോൾ, ആഹാരസാധനങ്ങളും പാത്രങ്ങളും തുണിയും മററും കഴുകുന്നതിനും വ്യക്തിപരമായ ശുചിത്വത്തിനും വളരെ കുറച്ചു വെള്ളമേ ഉണ്ടായിരിക്കുകയുള്ളൂ. പേനുകളെയും ഈച്ചകളെയും ആകർഷിക്കുന്ന അവസ്ഥകളിലേക്ക് ഇതു നയിക്കുന്നു, അത് കുടുംബത്തിന്റെ ആരോഗ്യത്തെ അപകടപ്പെടുത്തുകയും ചെയ്യുന്നു.
ഈ സാഹചര്യം ഒന്നു പരിചിന്തിക്കുക. ദൂരസ്ഥലത്തു ജോലി ചെയ്യാൻ നിങ്ങൾ സൈക്കിളിലാണോ പോകുന്നത്, എങ്കിൽ ചെയിനിൽ എണ്ണയിടുന്നതിനോ ബ്രേയ്ക്കുകൾ ക്രമപ്പെടുത്തുന്നതിനോ ചക്രത്തിന്റെ ആരക്കാലുകൾ മാററിവെക്കുന്നതിനോ ഓരോ വാരത്തിലും അൽപ്പസമയം ചെലവിടുന്നത് ഒരു നഷ്ടമായി നിങ്ങൾ കരുതുമോ? ഇല്ല, കാരണം അത്തരം നന്നാക്കു പണികൾ അവഗണിച്ചുകൊണ്ട് ഏതാനും മണിക്കൂറുകൾ ലാഭിച്ചാൽ പോലും പിന്നീട് നിങ്ങളുടെ സൈക്കിളിനു കേടുപററുമ്പോൾ ഒരു മുഴു ദിവസത്തെയും ജോലി നഷ്ടപ്പെട്ടേക്കാമെന്നു നിങ്ങൾ തിരിച്ചറിയുന്നു. സമാനമായി, നിങ്ങളുടെ ആരോഗ്യത്തെ നിലനിർത്താൻ വേണ്ടത്ര വെള്ളം കൊണ്ടുവരുന്നത് നിങ്ങൾ നിർത്തുകയാണെങ്കിൽ ഏതാനും മണിക്കൂറുകളും അൽപ്പം പണവും നിങ്ങൾ ലാഭിച്ചേക്കാം, പക്ഷേ മോശമായ പരിചരണം നിമിത്തം ആരോഗ്യം തകരാറിലാകുമ്പോൾ നിങ്ങൾക്കു വളരെയധികം ദിവസങ്ങളും പണവും നഷ്ടമായേക്കാം.
വേണ്ടത്ര വെള്ളം കൊണ്ടുവരുന്നത് ഒരു കുടുംബപദ്ധതിയാക്കാൻ കഴിയും. വെള്ളം ചുമക്കുന്നവർ അമ്മയും കുട്ടികളുമായിരിക്കണമെന്ന് പ്രാദേശിക സംസ്കാരം ആവശ്യപ്പെട്ടാൽപോലും വെള്ളം കൊണ്ടുവരാൻ തന്റെ ശക്തി ഉപയോഗിക്കുന്നതിൽനിന്ന് കരുതലുള്ള ഒരു പിതാവ് ഒഴിഞ്ഞുനിൽക്കുകയില്ല.
എന്നിരുന്നാലും, വെള്ളം വീട്ടിൽ എത്തിക്കഴിയുമ്പോൾ രണ്ടാമത്തെ പ്രശ്നം ഉദിക്കുന്നു—അത് എങ്ങനെ ശുദ്ധമായി സൂക്ഷിച്ചുവെക്കണം എന്നത്. ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു: കുടിവെള്ളവും മററാവശ്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്ന വെള്ളവും ഒരു സ്ഥലത്തു സൂക്ഷിക്കാതിരിക്കുക. വെള്ളമിരിക്കുന്ന പാത്രം ശരിക്കും ചേർത്തുമൂടാവുന്ന ഒരടപ്പുകൊണ്ടു മൂടുക. കുറെ സമയത്തേക്കു വെള്ളം അനങ്ങാതെ ഇരിക്കട്ടെ. അപ്പോൾ മാലിന്യങ്ങളെല്ലാം അടിത്തട്ടിൽ അടിഞ്ഞുകൊള്ളും. വെള്ളം കോരിയെടുക്കുമ്പോൾ വിരലുകൾ വെള്ളത്തിൽ മുട്ടരുത്, മറിച്ച് നീണ്ട പിടിയുള്ള ഒരു കപ്പ് ഉപയോഗിക്കുക. വെള്ളം സൂക്ഷിക്കുന്ന പാത്രങ്ങൾ ബ്ലീച്ച് ലായനികൊണ്ടു പതിവായി കഴുകുക. എന്നിട്ട് നല്ല വെള്ളമൊഴിച്ച് അഴുക്കു കഴുകിക്കളയുക. മഴവെള്ളത്തിന്റെ കാര്യമോ? (മഴ പെയ്താൽ!) അതു വളരെ ലാഭമുള്ള ഒരു കാര്യമാണ്, മഴവെള്ളത്തോടൊപ്പം സംഭരണിയിൽ അഴുക്കൊന്നും വന്നുചേരാതിരിക്കുകയും പ്രാണികളിൽനിന്നും എലികളിൽനിന്നും മററു മൃഗങ്ങളിൽനിന്നും വെള്ളം സംരക്ഷിക്കപ്പെടുകയും ചെയ്യുന്നുവെങ്കിൽ അതു സുരക്ഷിതമായിരിക്കും.
വെള്ളം സുരക്ഷിതമാണോ അല്ലയോ എന്നു നിങ്ങൾക്കു സംശയമുള്ളപ്പോൾ സോഡിയം ഹൈപ്പോക്ലോറൈറേറാ കാൽസിയം ഹൈപ്പോക്ലോറൈറേറാ പോലുള്ള ക്ലോറിൻ പുറത്തുവിടുന്ന പദാർഥങ്ങൾ അതിൽ ചേർക്കാൻ ഡബ്ലിയുഎച്ച്ഒ നിർദേശിക്കുന്നു. അതു ഫലപ്രദവും ചെലവുകുറഞ്ഞതുമാണ്. ഉദാഹരണത്തിന്, പെറുവിൽ ഈ രീതിക്ക് ഒരു വർഷം ഒരു കുടുംബത്തിനു രണ്ടു ഡോളറിൽ താഴയേ ചെലവാകുകയുള്ളൂ.
ആരോഗ്യവും ആരോഗ്യപരിപാലനവും
മിക്കപ്പോഴും രണ്ടുതരം ആരോഗ്യപരിപാലനമേ പാവപ്പെട്ടവർ കാണാറുള്ളൂ: (1) ലഭ്യം എന്നാൽ താങ്ങാനാവാത്തത്. (2) താങ്ങാനാവുന്നത് എന്നാൽ ലഭ്യമല്ലാത്തത്. ഡോണാ മാരിയ സാവൊ പൗലോയിലെ ഏതാണ്ട് 6,50,000 ചേരിനിവാസികളിൽ ഒരാളാണ്. അവൾ ഒന്നാമത്തെ സംഗതിയെക്കുറിച്ച് ഇങ്ങനെ പറയുന്നു: “ഞങ്ങളെ സംബന്ധിച്ചിടത്തോളം, നല്ല ആരോഗ്യപരിപാലനം വളരെ വിലയേറിയ സാധനങ്ങളുള്ള ഒരു കടയിൽ പ്രദർശനത്തിനു വെച്ചിരിക്കുന്ന ഒരിനം പോലെയാണ്. ഞങ്ങൾക്ക് അതു നോക്കാൻ കഴിയും, എന്നാൽ അതു ഞങ്ങൾക്കു വാങ്ങാനാവില്ല.” (വാൻഡാർ മാഗസിൻ) തീർച്ചയായും, ഡോണാ മാരിയ വസിക്കുന്നത് ഹൃദയത്തിന്റെ ബൈപാസ് ശസ്ത്രക്രിയകളും അവയവമാററ ശസ്ത്രക്രിയകളും സിഎററി സ്കാനുകളും മററ് ഉയർന്ന സാങ്കേതിക ചികിത്സകളും ലഭ്യമായ ആശുപത്രികളുള്ള ഒരു നഗരത്തിലാണ്. എന്നിരുന്നാലും, അവളെ സംബന്ധിച്ചിടത്തോളം ഈ കാര്യങ്ങൾ വഹിക്കാവുന്നവയല്ല.
വഹിക്കാൻ കഴിയാതെവരുന്ന ആരോഗ്യപരിപാലനം ഒരു കടയിലെ വിലയേറിയ സാധനം പോലെയാണ്, അപ്പോൾ വഹിക്കാവുന്ന ആരോഗ്യപരിപാലനം വാങ്ങാനായി ഒരേസമയം നൂറുകണക്കിന് ഉപഭോക്താക്കൾ തിക്കിത്തിരക്കിവരുന്ന വിലകുറഞ്ഞ ഒരു സാധനം പോലെയും. ഒരു തെക്കേ അമേരിക്കൻ രാജ്യത്തെ അടുത്തകാലത്തെ ഒരു വാർത്താറിപ്പോർട്ട് ഇങ്ങനെ അഭിപ്രായപ്പെട്ടു: ‘ഡോക്ടറെ കാണാൻ രോഗികൾ രണ്ടു ദിവസമായി നിരയിൽ നിൽക്കുകയാണ്. കിടക്കകളില്ല. പൊതു ആശുപത്രികൾക്കു പണവും മരുന്നും ഭക്ഷണവുമില്ല. ആരോഗ്യപരിപാലന വ്യവസ്ഥയ്ക്കു രോഗം ബാധിച്ചിരിക്കുന്നു.’
ജനതതികളുടെ അത്തരം രോഗഗ്രസ്തമായ ആരോഗ്യ പരിപാലനം മെച്ചപ്പെടുത്താൻ ഡബ്ലിയുഎച്ച്ഒ അതിന്റെ പ്രവർത്തനം രോഗനിയന്ത്രണത്തിൽനിന്നും ആരോഗ്യ ഉന്നമനത്തിലേക്കു മാററിയിരിക്കുകയാണ്, രോഗങ്ങളെ നിയന്ത്രിക്കുന്നതിലും അവയെ തടയുന്നതിലും ആളുകളെ പഠിപ്പിച്ചുകൊണ്ടുതന്നെ. ശരിയായ പോഷണം, ശുദ്ധജലം, അടിസ്ഥാന ശുചിത്വം എന്നിവ പോലുള്ള അടിസ്ഥാന ആരോഗ്യ പരിപാലനത്തെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾ “ആഗോളപരമായ ആരോഗ്യത്തിൽ ഗണ്യമായ ഒരു പുരോഗതി”യിൽ കലാശിച്ചിട്ടുണ്ടെന്ന് യുഎൻ ക്രോണിക്കിൾ എഴുതുന്നു. ഈ പരിപാടികൾ നിങ്ങൾക്കു പ്രയോജനം ചെയ്യുന്നുവോ? അവയിലൊന്ന് നിങ്ങൾക്കു പ്രയോജനം ചെയ്തേക്കാം. ഏത്? ഇപിഐ (Expanded Program on Immunization—പ്രതിരോധ കുത്തിവയ്പ് സംബന്ധിച്ച വികസിത പരിപാടി).
“ഭവനത്തിലേക്കും കൊച്ചുഗ്രാമത്തിലേക്കും കൂടെക്കൂടെ സന്ദർശിക്കുന്ന വ്യക്തിയെന്ന നിലയിൽ പോസ്ററുമാന്റെ സ്ഥാനം പ്രതിരോധമരുന്ന് കുത്തിവയ്പുകാരൻ കയ്യടക്കിയിരിക്കുന്നു” എന്ന് ഇപിഐ-യെ സംബന്ധിച്ച ഒരു റിപ്പോർട്ടു പറയുന്നു. കഴിഞ്ഞ ദശകത്തിൽ, ആമസോൺമുതൽ ഹിമാലയംവരെ പ്രതിരോധ കുത്തിവയ്പുകൾ എടുക്കുകയുണ്ടായി. കൂടാതെ, 1990-ഓടു കൂടി ലോകത്തിലെ ശിശുക്കളിൽ 80 ശതമാനം പേരിലും ആറ് മാരക രോഗങ്ങൾക്കെതിരെ പ്രതിരോധ കുത്തിവയ്പു നടത്തുകയുണ്ടായെന്നു ഡബ്ലിയുഎച്ച്ഒ റിപ്പോർട്ടു ചെയ്തു.a ഇപിഐ വർഷന്തോറും 30 ലക്ഷത്തിലധികം കുട്ടികളുടെ ജീവനാണു രക്ഷിക്കുന്നത്. വൈകല്യം ബാധിച്ചേക്കുമായിരുന്ന മറെറാരു 4,50,000 പേർക്കു നടക്കാനും ഓടാനും കളിക്കാനും കഴിയുന്നു. അങ്ങനെ, രോഗങ്ങൾ തടയുന്നതിന് അനേകം മാതാപിതാക്കളും തങ്ങളുടെ കുട്ടികളിൽ പ്രതിരോധ കുത്തിവയ്പെടുക്കാൻ വ്യക്തിപരമായി തീരുമാനിക്കുകയാണ്.
ചില അവസരങ്ങളിൽ നിങ്ങൾക്കു രോഗത്തെ തടയാനാവില്ല, എന്നാൽ അപ്പോഴും അതിനെ നിയന്ത്രിക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കും. “എല്ലാത്തരം ആരോഗ്യ പരിപാലനത്തിന്റെയും പകുതിയിലധികവും സ്വയംപരിപാലനമോ കുടുംബം പ്രദാനം ചെയ്യുന്ന പരിപാലനമോ ആണെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു” എന്ന് ലോകാരോഗ്യം (ഇംഗ്ലീഷ്) എന്ന മാഗസിൻ പറയുന്നു. അത്തരമൊരു സ്വയംപരിപാലനം വളരെ ലളിതവും ചെലവുകുറഞ്ഞതുമാണ്. അത് ഉപ്പിന്റെയും പഞ്ചസാരയുടെയും ശുദ്ധജലത്തിന്റെയും ഒരു മിശ്രിതമായ, അധര പുനർജലീകരണ ലായനിയാണ് (ORS).
വയറിളക്കം നിമിത്തമുണ്ടാകുന്ന നിർജലീകരണത്തിന് ഏററവും ഫലപ്രദമായ ചികിത്സ ഒആർഎസ്-ന്റെ ഉപയോഗം ഉൾപ്പെടെയുള്ള അധര പുനർജലീകരണ ചികിത്സയാണെന്ന് ആരോഗ്യരംഗത്തെ പല വിദഗ്ധരും കരുതുന്നു. വികസ്വരരാജ്യങ്ങളിൽ പ്രതിവർഷമുണ്ടാകുന്ന 150 കോടി വയറിളക്ക കേസുകളെ നിയന്ത്രിക്കാൻ ലോകവ്യാപകമായി അത് ഉപയോഗിച്ചാൽ, മൂന്നു രൂപ മാത്രം വിലവരുന്ന ഒആർഎസ് ഉപ്പിന്റെ ഒരു കൊച്ചുപാക്കററിന് ഓരോ വർഷവും വയറിളക്ക രോഗങ്ങൾ മുഖാന്തരം മരണമടയുന്ന 32 ലക്ഷം കുട്ടികളിൽ അനേകരുടെയും ജീവനെ രക്ഷിക്കാൻ കഴിയും.
അതിന് അതുതന്നെ ചെയ്യാൻ കഴിയും, എന്നാൽ ഇപ്പോഴും ചില രാജ്യങ്ങളിൽ വയറിളക്കവിരുദ്ധ മരുന്നുകളുടെ ഉപയോഗം “ഒആർഎസ്-ന്റെ ഉപയോഗത്തെക്കാൾ വളരെ സാധാരണമാണ്” എന്ന് ഡബ്ലിയുഎച്ച്ഒ വാർത്താപത്രികയായ എസെൻഷ്യൽ ഡ്രഗ്സ് മോണിട്ടർ പ്രസ്താവിക്കുന്നു. ഉദാഹരണത്തിന്, ചില വികസ്വരരാജ്യങ്ങളിൽ വയറിളക്ക ചികിത്സയ്ക്ക് ഒആർഎസ്-നെക്കാൾ മൂന്നു മടങ്ങ് കൂടുതൽ ഉപയോഗിക്കുന്നതു മരുന്നുകളാണ്. “മരുന്നുകളുടെ ഈ അനാവശ്യ ഉപയോഗം വളരെ ചെലവുള്ളതാണ്” എന്ന് ആ വാർത്താപത്രിക അഭിപ്രായപ്പെടുന്നു. അതിനു വേണ്ടി ദരിദ്ര കുടുംബങ്ങൾ ഭക്ഷണം വിൽക്കുകപോലും ചെയ്യേണ്ടിവന്നേക്കാം. മാത്രമല്ല, വയറിളക്കവിരുദ്ധ മരുന്നുകൾക്കു യാതൊരു പ്രായോഗിക മൂല്യവുമില്ല, ചില മരുന്നുകൾ അപകടകരവുമാണ് എന്ന് അതു മുന്നറിയിപ്പു നൽകുന്നു. “ഡോക്ടർമാർ അത്തരം മരുന്നുകൾ കുറിച്ചുകൊടുക്കരുത്, . . . കുടുംബങ്ങൾ അവ വാങ്ങുകയുമരുത്.”
മരുന്നുകൾ ശുപാർശ ചെയ്യുന്നതിനുപകരം വയറിളക്കത്തെ ചികിത്സിക്കുന്നതിനായി ഡബ്ലിയുഎച്ച്ഒ പിൻവരുന്ന കാര്യങ്ങൾ നിർദേശിക്കുന്നു. (1) കഞ്ഞിവെള്ളമോ ചായയോ പോലുള്ള ലായനികൾ കുട്ടിക്കു കൂടുതൽ കൊടുത്തുകൊണ്ട് നിർജലീകരണത്തെ തടയുക. (2) പിന്നെയും കുട്ടിയിൽനിന്നു ജലാംശം നഷ്ടപ്പെടുകയാണെങ്കിൽ, സ്ഥിതിവിശേഷം വിലയിരുത്തുന്നതിന് ഒരു ആരോഗ്യപ്രവർത്തകനെ കാണുക, എന്നിട്ട് ഒആർഎസ്-കൊണ്ട് കുട്ടിയെ ചികിത്സിക്കുക. (3) വയറിളക്കമുള്ള സമയത്തും അതിനുശേഷവും കുട്ടിക്കു സാധാരണപോലെതന്നെ ആഹാരം കൊടുക്കുക. (4) കുട്ടിയിൽനിന്നു വളരെയധികം ജലാംശം നഷ്ടപ്പെടുന്നുവെങ്കിൽ ലായനികൾ ഞരമ്പിലൂടെ കുത്തിവെക്കേണ്ടതുണ്ട്.b
മുന്നമേ തയ്യാറാക്കിയ ഒആർഎസ് നിങ്ങൾക്കു ലഭ്യമല്ലെങ്കിൽ ഈ ലളിതമായ നിർദേശം ശ്രദ്ധാപൂർവം പിൻപററുക: ഒരു ടീസ്പൂൺ വടിച്ചെടുത്ത് ഉപ്പും എട്ട് ടീസ്പൂൺ വടിച്ചെടുത്ത് പഞ്ചസാരയും ഒരു ലിററർ (200 മില്ലിലിററർ അളവുള്ള കപ്പിന് അഞ്ച് കപ്പ്) ശുദ്ധജലത്തിൽ കലക്കുക. ഓരോ പ്രാവശ്യം വയറിളകുമ്പോഴും ഈ ലായനി ഒരു കപ്പു കൊടുക്കുക. കൊച്ചുകുട്ടികൾക്ക് അരക്കപ്പ്. ഈ വിഷയം സംബന്ധിച്ച കൂടുതലായ നിർദേശങ്ങൾക്കു വേണ്ടി 10-ാം പേജിലെ ചതുരം കാണുക.
എന്നാൽ, നാലാമത്തെ ഘടകം, നമ്മുടെ ജീവശാസ്ത്രപരമായ ഘടന, സംബന്ധിച്ചെന്ത്? അതിനെ എങ്ങനെ സ്വാധീനിക്കാൻ കഴിയും? പിൻവരുന്ന ലേഖനം ആ ചോദ്യം ചർച്ചചെയ്യുന്നു.
[അടിക്കുറിപ്പുകൾ]
a ഈ ആറ് മാരക രോഗങ്ങൾ ഡിഫ്തീരിയ, മണ്ണൻ, പോളിയോ, ടെററനസ്, ക്ഷയം, വില്ലൻചുമ എന്നിവയാണ്. ഹെപ്പറൈറററിസ് ബി-യും പ്രതിരോധവത്കരണ പരിപാടികളിൽ ഉൾപ്പെടുത്തണമെന്നാണു ഡബ്ലിയുഎച്ച്ഒ ശുപാർശ ചെയ്യുന്നത്, ആ രോഗം നിമിത്തം മരിക്കുന്നവർ എയ്ഡ്സ് മൂലം മരിക്കുന്നവരെക്കാൾ കൂടുതലാണ്.
b കുട്ടിയുടെ അടിവയററിലെ തൊലിയിൽ നുള്ളുക. തൊലി സാധാരണ അവസ്ഥയിലേക്കു മടങ്ങാൻ രണ്ടു സെക്കൻറിലധികം എടുക്കുന്നുവെങ്കിൽ കുട്ടിക്കു വളരെയധികം ജലാംശം നഷ്ടപ്പെട്ടിട്ടുണ്ടായിരിക്കാം.
[8, 9 പേജുകളിലെ ചതുരം]
അടിസ്ഥാന ആരോഗ്യപരിപാലനം—അതെങ്ങനെ പ്രയോജനം ചെയ്യുന്നു?
ഈ ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കുന്നതിന്, തെക്കേ അമേരിക്കയിലെ ഡബ്ലിയുഎച്ച്ഒ പ്രതിനിധിയായ ഡോ. മൈക്കിൾ ഒ’കരോളിനോട് ഉണരുക! സംസാരിക്കുകയുണ്ടായി. അതിൽനിന്നുള്ള പ്രസക്ത ഭാഗങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
‘ചികിത്സാർഥം ആരോഗ്യം നേടുക എന്ന ആരോഗ്യ പരിപാലന സമ്പ്രദായമാണു നമുക്കുള്ളത്. നിങ്ങൾക്കു രോഗം വന്നാൽ നിങ്ങൾ ഡോക്ടറുടെ അടുത്തു പോകുന്നു. നിങ്ങൾ രണ്ടു കുപ്പി വിസ്കി കുടിച്ചു എന്ന വസ്തുത മറന്നുകളയുന്നു. നിങ്ങൾ ഒരിക്കലും വ്യായാമം ചെയ്യുന്നില്ലെന്ന കാര്യവും മറന്നുകളയുന്നു. ഡോക്ടറെ കണ്ട് നിങ്ങൾ ഇങ്ങനെ പറയുന്നു: “ഡോക്ടർ, എന്നെ ഭേദമാക്കണം.” അപ്പോൾ ഡോക്ടർ എന്തോ കഴിക്കാൻ തരുന്നു, എന്തോ കയ്യിൽ കുത്തിവെക്കുന്നു, എന്തോ മുറിച്ചുകളയുന്നു, അല്ലെങ്കിൽ ശരീരത്തിൽ എന്തെങ്കിലും പിടിപ്പിക്കുന്നു. അൽപ്പം കട്ടിയായിട്ടാണു ഞാൻ സംസാരിക്കുന്നതെന്നു നിങ്ങൾ മനസ്സിലാക്കുമല്ലോ, എന്നാൽ നിലനിന്നുപോന്നിട്ടുള്ള വൈദ്യശാസ്ത്ര സമീപനം ഇതാണ്. സമൂഹത്തിന്റെ പ്രശ്നങ്ങൾ വൈദ്യശാസ്ത്ര പ്രശ്നങ്ങളായി നാം തെററിദ്ധരിച്ചിരിക്കുന്നു. ആത്മഹത്യയും വികലപോഷണവും മയക്കുമരുന്നു ദുരുപയോഗവുമൊക്കെ വൈദ്യശാസ്ത്ര പ്രശ്നങ്ങളായി മാറിയിരിക്കുന്നു. എന്നാൽ അവ വാസ്തവത്തിൽ അത്തരത്തിൽപ്പെട്ടവയല്ല. അവ ആരോഗ്യ പ്രശ്നങ്ങൾ പോലുമല്ല. ആരോഗ്യസംബന്ധവും വൈദ്യശാസ്ത്ര സംബന്ധവുമായ പരിണതഫലങ്ങളുള്ള സാമൂഹിക പ്രശ്നങ്ങളാണ് അവ.
‘ഇനിയും, കഴിഞ്ഞ 20 വർഷങ്ങളായി ആളുകൾ ഇങ്ങനെ പറഞ്ഞിരിക്കുന്നു, “ഏയ്, നിന്നു ചിന്തിക്കൂ. നാം കാര്യങ്ങൾ ചെയ്യുന്നതു ശരിയായ വിധമല്ല. ആരോഗ്യം എന്നത് എന്തെന്നു നാം പുനർനിർവചിക്കേണ്ടതുണ്ട്.” അടിസ്ഥാന ആരോഗ്യപരിപാലന സമീപനത്തിൽ അന്തർലീനമായിരിക്കുന്ന ചില തത്ത്വങ്ങൾ ഉരുത്തിരിഞ്ഞുവന്നു, അതുപോലുള്ളവയാണു പിൻവരുന്നവ:
‘രോഗത്തെ ചികിത്സിക്കുന്നതിനു പകരം അതിനെ പ്രതിരോധിക്കുന്നതു കൂടുതൽ മനുഷ്യത്വപരവും ലാഭകരവുമാണെന്നു വളരെക്കാലം കഴിയുമ്പോൾ മനസ്സിലാകും. ഉദാഹരണത്തിന്, രോഗകാരണങ്ങൾ സംബന്ധിച്ച് ഒന്നുംതന്നെ ചെയ്യാത്തപ്പോൾ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്താനായി ഒരാശുപത്രി പണിയുന്നത് ഈ തത്ത്വത്തിന് എതിരാണ്. രോഗങ്ങളുണ്ടായാൽ ചികിത്സിക്കണ്ട എന്നല്ല അതിന്റെ അർഥം. തീർച്ചയായും ചികിത്സിക്കണം. വാരത്തിലെ എല്ലാ ദിവസവും അപകടങ്ങൾക്കു കാരണമാകുന്ന ഒരു കുഴി വഴിയിലുണ്ടെങ്കിൽ, അതിൽ വീണു കാലൊടിയുന്ന പാവം മനുഷ്യനെ നിങ്ങൾ ചികിത്സിക്കും. എന്നാൽ ഏറെ മനുഷ്യത്വപരവും ചെലവുകുറഞ്ഞതുമായ സംഗതിയോ: ആ കുഴി മൂടുക എന്നതും.
‘നിങ്ങളുടെ ആരോഗ്യ വിഭവങ്ങളെ ഫലപ്രദമായി ഉപയോഗിക്കുക എന്നതാണു മറെറാരു തത്ത്വം. വീട്ടിൽവെച്ചു കൈകാര്യം ചെയ്യാവുന്ന പ്രശ്നങ്ങൾക്ക് ഒരുവനെ ക്ലിനിക്കിൽ അയയ്ക്കുകയോ ഒരു ക്ലിനിക്കിൽവെച്ചു പരിഹരിക്കാവുന്ന പ്രശ്നത്തിനു വളരെ അത്യന്താധുനികമായ ഒരാശുപത്രിയിലേക്ക് അയയ്ക്കുകയോ ചെയ്യുന്നത് ഈ തത്ത്വത്തിന് എതിരായിരിക്കും. അല്ലെങ്കിൽ, ആറു മാസത്തെ പരിശീലനമുള്ള ഒരാൾക്കു പ്രതിരോധ കുത്തിവയ്പു നൽകാൻ സാധിക്കുമെന്നിരിക്കെ ഒരു യൂണിവേഴ്സിററിയിൽ പത്തു വർഷം പരിശീലനം നേടിയ ഒരു ഡോക്ടറെ അതിനുവേണ്ടി പറഞ്ഞയയ്ക്കുന്നത് ഈ തത്ത്വത്തിന് എതിരായിരിക്കും. പരിശീലനം നേടിയ ജോലി നിർവഹിക്കാൻ ഡോക്ടറുടെ ആവശ്യം വരുമ്പോൾ അദ്ദേഹം ലഭ്യമായിരിക്കണം. പ്രാഥമിക ആരോഗ്യപരിപാലനം നമ്മോടു പറയുന്നത് ഇതാണ്: ആളുകളെ ബോധവാൻമാരാക്കുക, രോഗങ്ങൾ തടയുക, നിങ്ങളുടെ ആരോഗ്യ വിഭവങ്ങൾ ജ്ഞാനപൂർവം ഉപയോഗിക്കുക.’
[10-ാം പേജിലെ ചതുരം]
കോളറക്കുള്ള മറെറാരു ഒആർഎസ്
കോളറാ രോഗികളെ ചികിത്സിക്കുന്നതിനു സാധാരണ ഉപയോഗിക്കുന്ന ഗ്ലൂക്കോസ് അടിസ്ഥാനമാക്കിയുള്ള ഒആർഎസി-നു (അധര പുനർജലീകരണ ലായനി) പകരം അരി അടിസ്ഥാനമാക്കിയുള്ള ഒആർഎസ് ആണ് ഡബ്ലിയുഎച്ച്ഒ ഇപ്പോൾ ശുപാർശ ചെയ്യുന്നത്. സാധാരണ ഒആർഎസ് കൊടുത്ത കോളറ രോഗികളെക്കാൾ അരിയെ അടിസ്ഥാനമാക്കിയുള്ള ഒആർഎസ് ഉപയോഗിച്ചു ചികിത്സിച്ച കോളറ രോഗികളുടെ വയറിളക്കം 33 ശതമാനം കുറഞ്ഞു, മാത്രമല്ല അവരിൽ വയറിളക്കമുണ്ടായ തവണകളിലും കുറവുണ്ടായി. അരിയെ അടിസ്ഥാനമാക്കിയുള്ള ഒരു ലിററർ ഒആർഎസ് കിട്ടാൻ ഒരൗൺസ് പഞ്ചസാരയ്ക്കു പകരം രണ്ടു മുതൽ മൂന്നു വരെ ഔൺസ് വേവിച്ച അരിപ്പൊടി ചേർത്താൽ മതിയാകും.—എസെൻഷ്യൽ ഡ്രഗ്സ് മോണിററർ.
[11-ാം പേജിലെ ചതുരം]
ചില കൂടുതൽ വിവരങ്ങൾ. . .
പെരുമാററം: “നല്ല ആരോഗ്യം—നിങ്ങൾക്ക് അതുസംബന്ധിച്ച് എന്തു ചെയ്യാൻ കഴിയും?” (ഉണരുക!, ഡിസംബർ 8, 1990) “പുകയിലയും നിങ്ങളുടെ ആരോഗ്യവും—യഥാർത്ഥത്തിൽ ഒരു ബന്ധമുണ്ടോ?” (ഉണരുക!, സെപ്ററംബർ 8, 1990) “ജീവിച്ചിരിക്കാൻ കുട്ടികളെ സഹായിക്കൽ!” (ഉണരുക!, നവംബർ 8, 1989) “മദ്യത്തിനു നിങ്ങളുടെ ശരീരത്തിൻമേലുള്ള ഫലം”—ഉണരുക!, മാർച്ച് 8, 1981.
പരിസ്ഥിതി: “ശുചിത്വത്തിന്റെ വെല്ലുവിളിയെ നേരിടൽ” (ഉണരുക!, നവംബർ 8, 1989) “ശുചിത്വമുള്ളവരായിരിക്കുക, ആരോഗ്യമുള്ളവരായിരിക്കുക!”—ഉണരുക!, സെപ്ററംബർ 8, 1978.
ആരോഗ്യപരിപാലനം: “ജീവരക്ഷാകരമായ മററു നടപടികൾ” (ഉണരുക!, നവംബർ 8, 1989) “ജീവൻ രക്ഷിക്കുന്ന ലവണപാനീയം!”—ഉണരുക!, ജൂലൈ 8, 1986.
[7-ാം പേജിലെ ചിത്രം]
വെള്ളം ശേഖരിക്കുന്നതിനു കാത്തിരിപ്പും ശ്രമവും ആവശ്യമാണ്
[കടപ്പാട്]
Mark Peters/Sipa Press
[9-ാം പേജിലെ ചിത്രം]
വേണ്ടുവോളം ശുദ്ധജലം—നല്ല ആരോഗ്യത്തിന് ഒരു അവശ്യഘടകം
[കടപ്പാട്]
Mark Peters/Sipa Press