കുട്ടികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ
“ഓരോ കുട്ടിക്കും ഒരു മെച്ചപ്പെട്ട ഭാവി നൽകാൻ കൂട്ടായ ഒരു യജ്ഞം ഏറെറടുക്കുന്നതിനും ലോകമെമ്പാടും അടിയന്തിരമായ ഒരു ആഹ്വാനം നടത്തുന്നതിനും കുട്ടികൾക്കായുള്ള ഈ ലോക ഉച്ചകോടിയിൽ നാം കൂടിവന്നിരിക്കുന്നു.”—ഐക്യരാഷ്ട്ര കോൺഫറൻസ്, 1990.
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ് സെപ്ററംബർ 29-നും 30-നും ന്യൂയോർക്ക് നഗരത്തിൽ, ലോകത്തിലെ കുട്ടികളുടെ ശോച്യാവസ്ഥയെക്കുറിച്ചു ചർച്ച ചെയ്യാൻ 70-ലധികം രാജ്യങ്ങളിൽനിന്നുള്ള പ്രസിഡൻറുമാരും പ്രധാനമന്ത്രിമാരും ഒന്നിച്ചുകൂടി.
രഹസ്യമായി വയ്ക്കപ്പെട്ട ഒരു ആഗോള ദുരന്തത്തിലേക്ക്, കുട്ടികളുടെ ശോചനീയമായ കഷ്ടപ്പാടിലേക്ക് ഈ ചർച്ചാസമ്മേളനം അന്തർദേശീയ ശ്രദ്ധ കേന്ദ്രീകരിച്ചു. ഐക്യനാടുകളുടെ പ്രതിനിധിയായ പീററർ ററീലീ ഇപ്രകാരം ചൂണ്ടിക്കാട്ടി: “പുള്ളിക്കുത്തുകളുള്ള 40,000 മൂങ്ങകൾ ദിവസേന ചത്തിരുന്നെങ്കിൽ, പ്രക്ഷോപമുണ്ടായേനെ. എന്നാൽ 40,000 കുട്ടികളാണു മരിക്കുന്നത്, അതു ഗൗനിക്കപ്പെടുന്നുമില്ല.”
അടിയന്തിരമായി എന്തെങ്കിലും ചെയ്തേതീരൂ എന്നതിനോടു സമ്മേളിച്ച എല്ലാ ഗവൺമെൻറ് തലവൻമാരും യോജിച്ചു. അവർ “കുട്ടികളുടെ അവകാശങ്ങൾ, അവരുടെ അതിജീവനം, സംരക്ഷണം, അഭിവൃദ്ധി എന്നിവയ്ക്കു മുന്തിയ പരിഗണന നൽകാൻ ദൃഢ പ്രതിജ്ഞ” ചെയ്തു. വ്യക്തമായ ഏതെല്ലാം നിർദേശങ്ങളാണ് അവർ മുന്നോട്ടു വച്ചത്?
തുലാസ്സിൽ തൂങ്ങുന്ന അഞ്ചുകോടിയിലധികം കുരുന്നുജീവിതങ്ങൾ
1990-കളിൽ മരിക്കാനിടയുള്ള അഞ്ചു കോടിയിലധികം കുട്ടികളെ രക്ഷിക്കുക എന്നതായിരുന്നു പ്രാഥമിക ഉദ്ദേശ്യം. പിൻവരുന്ന ആരോഗ്യനടപടികൾ നടപ്പാക്കുകവഴി ഈ ഇളംജീവിതങ്ങളിലനേകവും രക്ഷപെടുത്താൻ കഴിയും.
● വികസ്വര രാജ്യങ്ങളിലുള്ള എല്ലാ അമ്മമാരെക്കൊണ്ടും ചുരുങ്ങിയത് ആറു മാസത്തേക്കെങ്കിലും തങ്ങളുടെ കുട്ടികൾക്കു മുല കൊടുപ്പിക്കാൻ കഴിഞ്ഞാൽ, വർഷംതോറും 10 ലക്ഷം കുട്ടികൾ രക്ഷപെടും.
● വായിലൂടെയുള്ള റീഹൈഡ്രേഷൻ ചികിത്സ (ഓആർററി) വ്യാപകമായി ഉപയോഗിക്കുന്നപക്ഷം പ്രതിവർഷം 40 ലക്ഷം കുട്ടികളുടെ ജീവനൊടുക്കുന്ന വയറിളക്കം നിമിത്തമുള്ള മരണം പകുതികണ്ട് കുറയ്ക്കാനാകും.a
● അഞ്ചാംപനി, ടെററനസ്, ന്യൂമോണിയ തുടങ്ങിയ രോഗങ്ങൾ മുഖാന്തരമുണ്ടാകുന്ന ലക്ഷക്കണക്കിനു മരണങ്ങൾ, പ്രതിരോധമരുന്നുകൾ വ്യാപകമായി കുത്തിവെച്ചും ചെലവുകുറഞ്ഞ ആൻറിബയോട്ടിക് മരുന്നുകൾ ഉപയോഗിച്ചും തടയാവുന്നതാണ്.
അത്തരം ആരോഗ്യപരിപാടി പ്രായോഗികമാണോ? ഈ പതിററാണ്ടിന്റെ ഒടുവിൽ എത്തുമ്പോഴേക്കും ഒരു വർഷം ചെലവ് ഏതാണ്ട് ഇരുന്നൂററമ്പതു കോടി ഡോളറിലെത്തും. ആഗോളമായ അളവുകളിൽ നോക്കിയാൽ ഈ പണവ്യയം ചെറുതായിരിക്കും. അമേരിക്കൻ പുകയില കമ്പനികൾ ഓരോ വർഷവും സിഗരററ് പരസ്യത്തിനു വേണ്ടി മാത്രം അത്രയും പണം ചെലവാക്കുന്നു. ലോകരാഷ്ട്രങ്ങൾ അത്രയും തുക ഓരോ ദിവസവും സൈനിക ചെലവുകൾക്കായി ധൂർത്തടിക്കുന്നു. അപകടത്തിലായ കുട്ടികളുടെ ആരോഗ്യത്തിനു വേണ്ടി അത്തരം ഫണ്ടുകൾ ഏറെ മെച്ചമായി ഉപയോഗിക്കാൻ കഴിയുമോ? കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ഐക്യരാഷ്ട്ര പ്രഖ്യാപനം, “നൽകേണ്ട ഉത്തമമായ സംഗതി നൽകാൻ മനുഷ്യവർഗം ഒരു കുട്ടിയോടു കടപ്പെട്ടിരിക്കുന്നു” എന്നു പ്രസ്താവിക്കുന്നു.
തീർച്ചയായും, “ഓരോ കുട്ടിക്കും ഒരു മെച്ചപ്പെട്ട ഭാവി” കൊടുക്കുന്നതിൽ അകാലമരണത്തിൽനിന്ന് അവരെ രക്ഷിക്കുന്നതിനെക്കാളധികം ഉൾപ്പെടുന്നു. കുട്ടിക്കാല വികലപോഷണം തടയാനുള്ള കേന്ദ്രത്തിന്റെ പ്രസിഡൻറായ സാൻഡ്ര ഹഫ്മൻ ടൈം മാഗസിനിൽ, “ഓആർററി വയറിളക്കത്തെ തടയുന്നില്ല, മരിക്കാതിരിക്കാൻ അതു കുട്ടികളെ സഹായിക്കുക മാത്രമേ ചെയ്യുന്നുള്ളൂ” എന്നു വിശദീകരിക്കുന്നു. “നാം ഇപ്പോൾ ചെയ്യേണ്ടിയിരിക്കുന്നത് ഈ രോഗത്തെ തടയാൻ നമുക്കു കഴിയുന്ന വിധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്, അല്ലാതെ കേവലം മരണത്തിലല്ല” എന്ന് അവർ കൂട്ടിച്ചേർക്കുന്നു.
ലക്ഷോപലക്ഷം കുട്ടികളുടെ ജീവനെ രക്ഷിക്കുന്നതു കൂടാതെ അതിനെ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന് വെല്ലുവിളിപരമായ ലക്ഷ്യങ്ങളുള്ള അനവധി പരിപാടികൾ തുടങ്ങിയിട്ടുണ്ട്. (6-ാം പേജിലെ ചതുരം കാണുക.) ഇവയിൽ ഒരു പരിപാടിയും നടപ്പാക്കുക അത്ര എളുപ്പമല്ല.
നടന്നെത്താവുന്ന അകലത്തിൽ ശുദ്ധജലം
തന്റെ കുടുംബത്തിലേക്കു വെള്ളം കൊണ്ടുവരാൻ ഫെലിഷീയ ഓണൂ ദിവസവും അഞ്ചു മണിക്കൂർ ചെലവഴിച്ചിരുന്നു. അവൾ വീട്ടിൽ കൊണ്ടുവന്ന വെള്ളം മിക്കപ്പോഴും മലിനമായിരുന്നു. (അത്തരം വെള്ളത്തിലൂടെയാണ് ഗിനി വിര വരുത്തുന്ന രോഗബാധ ഉണ്ടാകുന്നത്. വ്യാപകമായി വയറിളക്കം ഉണ്ടാകാൻ ഇത് ഇടയാക്കുകയും ചെയ്യുന്നു.) എന്നാൽ 1984-ൽ കിഴക്കൻ നൈജീരിയയിലെ ഊഗ്വുളങ്വൂ എന്ന അവളുടെ ഗ്രാമത്തിൽ ഒരു കിണർ കുഴിച്ചു, കൈകൊണ്ടു പ്രവർത്തിപ്പിക്കാവുന്ന ഒരു പമ്പും സ്ഥാപിക്കപ്പെട്ടു.
ഇപ്പോൾ ശുദ്ധജലം കിട്ടാൻ അവൾക്ക് നൂറിലധികം മീററർ ദൂരം മാത്രം നടന്നാൽ മതി. ആരോഗ്യവാൻമാരായ കുട്ടികളുള്ള അവളുടെ ജീവിതം ആയാസരഹിതമായിത്തീർന്നിരിക്കുന്നു. 1980-കളിൽ ഫെലിഷീയയെപ്പോലുള്ള 100 കോടിയിലധികം പേർക്ക് ശുദ്ധജലം കിട്ടുന്നതിനുള്ള സൗകര്യം ലഭിച്ചു. എന്നാൽ ഇപ്പോഴും ലക്ഷക്കണക്കിനു സ്ത്രീകളും കുട്ടികളും ബക്കററുകളുമേന്തി ദിവസവും നീണ്ട മണിക്കൂറുകൾ ചെലവഴിക്കുന്നു. പാശ്ചാത്യ നാട്ടിലെ ഒരു സാധാരണ കക്കൂസിൽ സാധാരണ ഒഴിച്ചുകളയുന്ന വെള്ളത്തിലും കുറച്ചളവു മാത്രമേ അവയിലുള്ളൂ.
വിദ്യാഭ്യാസത്തിലെ ഉയർച്ചയും താഴ്ചയും
മാക്സിമീനോ, കൊളംബിയയിൽനിന്ന് അകലെയുള്ള ഒരു ഒററപ്പെട്ട സ്ഥലത്തു താമസിക്കുന്ന മിടുക്കനായ ഒരു 11 വയസ്സുകാരനാണ്. വിളകൾ പരിപാലിക്കാൻ അവൻ ദിവസവും അനേകം മണിക്കൂറുകൾ തന്റെ പിതാവിനെ സഹായിക്കുന്നുണ്ട്, എന്നിട്ടും അവൻ സ്കൂളിൽ നല്ലവണ്ണം പഠിക്കുന്നു. അവൻ ഒരു എസ്ക്വേലാ ന്യൂഏവയിൽ അഥവാ പുതിയ സ്കൂളിൽ പോകുന്നു. ആ സ്കൂളിന്, കുട്ടികൾ ഏതാനും ദിവസം സ്കൂളിൽ വരാതിരുന്നാൽ—പ്രത്യേകിച്ചും വിളവെടുപ്പുകാലത്തു കുട്ടികൾ സ്കൂളിൽ വരാതിരിക്കുന്നത് ഒരു സാധാരണ സംഭവമാണ്—വിട്ടുപോയ ഭാഗങ്ങൾ പഠിക്കാൻ അവരെ സഹായിക്കുന്നതിന് ആസൂത്രണം ചെയ്തിട്ടുള്ള ഒരു പരിപാടിയുണ്ട്. മാക്സിമീനോയിലെ സ്കൂളിൽ അധ്യാപകർ വളരെ കുറവാണ്. പാഠപുസ്തകങ്ങൾ വേണ്ടത്രയില്ല. തങ്ങൾക്കു മനസ്സിലാകാത്ത കാര്യങ്ങളിൽ അന്യോന്യം സഹായിക്കാൻ കുട്ടികൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു. സ്കൂൾ നടത്തിക്കൊണ്ടുപോകുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന വേലയിലധികവും നിർവഹിക്കുന്നത് അവരാണ്. ദരിദ്ര ഗ്രാമീണ സമുദായങ്ങളിലെ ആളുകളുടെ ആവശ്യങ്ങളെ നേരിടാൻ പ്രത്യേകം തയ്യാറാക്കിയ ഈ നൂതന സമ്പ്രദായം മററനേകം രാജ്യങ്ങളിലും പരീക്ഷിച്ചുനോക്കി വരുന്നു.
കൊളംബിയയിൽനിന്ന് ആയിരക്കണക്കിനു കിലോമീററർ അകലെയുള്ള ഒരു വലിയ ഏഷ്യൻ നഗരത്തിലാണു മെലിൻഡാ എന്നു പേരുള്ള സമർഥയായ ഒരു 11 വയസ്സുകാരി താമസിക്കുന്നത്. നഗരത്തിലെ ഒരു വൻ ചപ്പുചവറു കൂമ്പാരത്തിൽനിന്നു ലോഹക്കഷണങ്ങളും പ്ലാസ്ററിക്കും പെറുക്കിയെടുക്കാൻ ദിവസവും 12 മണിക്കൂർ ചെലവഴിക്കാൻ വേണ്ടി അവൾ അടുത്തകാലത്തു പഠനം നിർത്തി. “ദിവസവും ഒരു നേരത്തെ ആഹാരമെങ്കിലും കഴിക്കാൻ ഞങ്ങൾക്കു കഴിയേണ്ടതിന് എന്റെ പിതാവിനെ സഹായിക്കാൻ ഞാനാഗ്രഹിക്കുന്നു. ഞാൻ അദ്ദേഹത്തെ തുണച്ചില്ലെങ്കിൽ, ഞങ്ങളുടെ ഭക്ഷണകാര്യം അവതാളത്തിലായതു തന്നെ” എന്നു മെലിൻഡാ പറയുന്നു. നന്നായി പണിയുള്ള ഒരു ദിവസംപോലും അവൾ വീട്ടിൽ കൊണ്ടുവരുന്നത് ഏതാണ്ട് 10 രൂപ മാത്രമാണ്.
ആരോഗ്യപ്രവർത്തകരായ കുട്ടികൾ
ഇന്ത്യയിലെ ബോംബെ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ചേരിപ്പട്ടണത്തിന്റെ പേരാണ് മാൽവണി. അവിടെ രോഗം ദീർഘകാലം പടർന്നുപിടിച്ചിരുന്നു. ഒടുവിൽ, നീത്തുവിനെയും ആസിസിനെയും പോലുള്ള ഊർജസ്വലരായ ആരോഗ്യപ്രവർത്തകരുടെ പ്രയത്നത്താൽ ഇപ്പോൾ കാര്യങ്ങൾ മെച്ചപ്പെട്ടുവരുന്നു. കൊച്ചുകുട്ടികൾക്ക് പ്രതിരോധകുത്തിവയ്പ് എടുത്തിട്ടുണ്ടോയെന്ന് അല്ലെങ്കിൽ അവർക്ക് വയറിളക്കമോ ചൊറിയോ വിളർച്ചയോ ഉണ്ടോയെന്നറിയാൻ അവർ കുടുംബങ്ങൾ സന്ദർശിക്കുന്നു. നീത്തുവിനും ആസിസിനും 11 വയസ്സേ ഉള്ളൂ. അഞ്ചു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുടെ ആരോഗ്യസ്ഥിതി തിട്ടപ്പെടുത്താൻ മുതിർന്ന കുട്ടികൾ നിയമിക്കപ്പെടുന്ന ഒരു പരിപാടിയിൽ പ്രവർത്തിക്കാൻ സ്വമേധയാ ഇറങ്ങിത്തിരിച്ചവരാണ് അവർ. നീത്തുവിന്റെയും ആസിസിന്റെയും ശ്രമങ്ങൾ നിമിത്തം—അവരെപ്പോലെതന്നെ ഡസ്സൻ കണക്കിനു മററു കുട്ടികളുടെ ശ്രമങ്ങളും നിമിത്തം—മാൽവണിയിലെ മിക്കവാറും എല്ലാ കുട്ടികൾക്കും പ്രതിരോധ കുത്തിവയ്പെടുത്തിട്ടുണ്ട്. വായിലൂടെയുള്ള റീഹൈഡ്രേഷൻ ചികിത്സ നടത്താൻ മിക്ക മാതാപിതാക്കൾക്കുമറിയാം, പൊതുവേയുള്ള ശുചിത്വവും മെച്ചപ്പെട്ടിട്ടുണ്ട്.
സർവസാധാരണമായ രോഗങ്ങൾക്കെതിരെ കൊച്ചുകുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പെടുക്കാൻ ലോകമെമ്പാടും വമ്പിച്ച ശ്രമങ്ങൾ നടത്തിവരുന്നു. (8-ാം പേജിലെ ചാർട്ട് കാണുക.) ബംഗ്ലാദേശ് അവിടത്തെ ശിശുക്കളിൽ 70 ശതമാനത്തിനും പ്രതിരോധ കുത്തിവയ്പ് എടുത്തുകഴിഞ്ഞു. 95 ശതമാനത്തിലധികം കുട്ടികൾക്കു ചൈന പ്രതിരോധ കുത്തിവയ്പ് നൽകിയിരിക്കുന്നു. 90 ശതമാനം എന്ന ലക്ഷ്യം ആർജിക്കാൻ ഓരോ വികസ്വര രാജ്യത്തിനും കഴിഞ്ഞാൽ, അതിന്റെ ഫലമായി കൂട്ടമായുള്ള പ്രതിരോധശേഷി ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധർ വിശ്വസിക്കുന്നു. വൻഭൂരിപക്ഷത്തിനും പ്രതിരോധ കുത്തിവയ്പു നടത്തിക്കഴിയുമ്പോൾ രോഗം പകരാൻ കൂടുതൽ വിഷമമാണ്.
ദാരിദ്ര്യം, യുദ്ധം, എയ്ഡ്സ്
എന്നിരുന്നാലും, ആരോഗ്യ പരിപാലനത്തിലും വിദ്യാഭ്യാസത്തിലും പുരോഗതിയുള്ളപ്പോൾത്തന്നെ മററു പ്രശ്നങ്ങൾ എന്നത്തേയും പോലെ ആഴത്തിൽ വേരുറച്ചതായിത്തന്നെ നിലകൊള്ളുന്നു എന്നതാണ് ദുഃഖകരമായ യാഥാർഥ്യം. നിയന്ത്രിക്കാൻ അങ്ങേയററം പ്രയാസമേറിയ സംഗതികളിൽ മൂന്നെണ്ണം ദാരിദ്ര്യവും യുദ്ധവും എയ്ഡ്സുമാണ്.
സമീപ വർഷങ്ങളിൽ ലോകത്തിലെ ദരിദ്രരായ ആളുകൾ കൂടുതൽ ദരിദ്രരായിത്തീർന്നുകൊണ്ടാണിരുന്നിട്ടുള്ളത്. കഴിഞ്ഞ ദശകത്തിൽ ആഫ്രിക്കയുടെയും ലാററിനമേരിക്കയുടെയും ദരിദ്ര ഭാഗങ്ങളിലെ യഥാർഥ വരുമാനം 10 ശതമാനമോ അതിൽക്കൂടുതലോ കണ്ട് താഴ്ന്നിരിക്കുന്നു. തങ്ങളുടെ കുട്ടികൾക്കു സമീകൃത ആഹാരം നൽകാൻ പോലും ഈ രാജ്യങ്ങളിലുള്ള മാതാപിതാക്കൾക്കു കഴിയുന്നില്ല. അവിടങ്ങളിൽ കുടുംബവരുമാനത്തിന്റെ 75 ശതമാനവും ആഹാരത്തിനു വേണ്ടിയാണു ചെലവഴിക്കപ്പെടുന്നത്.
പ്രാദേശിക ആരോഗ്യ ക്ലിനിക്കിൽവച്ചു ഗ്രേയ്സിനോട് ഇപ്രകാരം പറയപ്പെട്ടു, ‘കുട്ടികൾക്ക് പച്ചക്കറികളും വാഴപ്പഴങ്ങളും കൊടുക്കുക.’ എന്നാൽ പൂർവാഫ്രിക്കയിൽ വസിക്കുന്ന, പത്തു മക്കളുടെ അമ്മയായ ഗ്രേയ്സിന് ഭക്ഷണത്തിനുള്ള പണമില്ല. കുടുംബത്തിന്റെ കാൽ ഏക്കർ [0.1 ഹെക്ടർ] വരുന്ന സ്ഥലത്ത് ആ വിളകൾ വളർത്തുന്നതിന് മതിയായ വെള്ളംപോലും അവൾക്കില്ല. ധാന്യവും ബീൻസും കഴിക്കുകയല്ലാതെ യാതൊരു നിർവാഹവുമില്ലാത്ത അവർക്കു ചിലപ്പോൾ വിശപ്പനുഭവിക്കേണ്ടി വരുന്നു. ഇപ്പോഴത്തെ പ്രവണതകൾ തുടരുകയാണെങ്കിൽ, ഗ്രേയ്സിന്റെയും അവളെപ്പോലെതന്നെയുള്ള ലക്ഷക്കണക്കിനു മററുള്ളവരുടെയും അവസ്ഥ മെച്ചപ്പെടാൻ സാധ്യതയില്ല.
ഗ്രേയ്സിന്റെ മക്കൾ ദരിദ്രരാണെങ്കിലും തെക്കുകിഴക്കേ ഏഷ്യയിലെ എട്ടു വയസ്സുകാരനായ കിം സിങ്ങിനെക്കാളും മെച്ചപ്പെട്ട ജീവിതമാണ് അവർക്കുള്ളത്. സഹോദരങ്ങൾ തമ്മിലുള്ള ഒരു ആഭ്യന്തര കലഹത്തിൽ കിമിന്റെ പിതാവ് കൊല്ലപ്പെട്ടു, തത്ഫലമായി അവന്റെ മാതാവ് പട്ടിണിമൂലം മരിച്ചു. വികലപോഷണം കൊണ്ട് മരണത്തിന്റെ വക്കിലെത്തിയ കിം സിങ് ഒരു അഭയാർഥി ക്യാമ്പിൽ ശരണം പ്രാപിച്ചു. ലോകത്തിനു ചുററുമുള്ള അഭയാർഥി ക്യാമ്പുകളിൽ വലയുന്ന 50 ലക്ഷം കുട്ടികളിൽ അനേകരും സമാനമായ യാതനകൾ അനുഭവിച്ചിട്ടുണ്ട്.
ഈ നൂററാണ്ടിന്റെ ആരംഭത്തിൽ, യുദ്ധത്തിൽ കൊല്ലപ്പെടുന്നവരിൽ വെറും 5 ശതമാനം മാത്രമേ സാധാരണ ജനങ്ങളുണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ആ സംഖ്യ 80 ശതമാനമായി കുതിച്ചുയർന്നിരിക്കുന്നു. യുദ്ധത്തിന്റെ ഈ ഇരകളിലധികവും സ്ത്രീകളോ കുട്ടികളോ ആണ്. ശാരീരികമായ അപകടത്തിൽനിന്നു രക്ഷപെടുന്നവർ അപ്പോഴും വൈകാരികമായി കഷ്ടമനുഭവിച്ചേക്കാം. തെക്കേ മധ്യാഫ്രിക്കയിലുള്ള ഒരു ബാല അഭയാർഥി ഇപ്രകാരമാണു പറയുന്നത്: “എന്റെ അമ്മ കൊല്ലപ്പെട്ട വിധം എനിക്കു മറക്കാനാകുന്നില്ല. അവർ എന്റെ അമ്മയെ കടന്നുപിടിച്ച് ഹീനമായ കാര്യങ്ങൾ ചെയ്തു. പിന്നീട് അവർ അമ്മയെ കെട്ടിയിട്ട് കത്തിക്കു കുത്തി. . . . ചിലപ്പോൾ ആ രംഗം ഞാൻ സ്വപ്നം കാണാറുണ്ട്.”
ഓരോ രാജ്യങ്ങളിലായി അക്രമാസക്തമായ പോരാട്ടങ്ങൾ തുടർന്നും ഉണ്ടായിക്കൊണ്ടിരിക്കെ, കുട്ടികൾ യുദ്ധക്കെടുതികൾ തുടർന്നും അനുഭവിക്കേണ്ടിവരുമെന്നത് ഒഴിച്ചുകൂടാനാവാത്ത ഒരു സംഗതിയായി തോന്നുന്നു. മാത്രമല്ല, അന്തർദേശീയ സംഘർഷവും പോരാട്ടങ്ങളിൽ നേരിട്ട് ഉൾപ്പെടാത്ത കുട്ടികൾക്ക് ഹാനി വരുത്തുന്നു. നല്ല വിദ്യാഭ്യാസം, ആരോഗ്യരക്ഷാപരിപാടികൾ, ആരോഗ്യപരിപാലനം തുടങ്ങിയവയ്ക്കായി ഉപയോഗിക്കാൻ കഴിയുന്ന ഭീമമായ തുകകൾ സൈന്യം വിഴുങ്ങുന്നു. വ്യാവസായിക രാഷ്ട്രങ്ങളുടെ ലോക സൈനിക ചെലവ് മനുഷ്യവർഗത്തിലെ ഏററവും ദരിദ്രരായ ആളുകളിൽ പകുതി പേരുടെ മൊത്തം വാർഷിക വരുമാനത്തെ കവിയുന്നു. ലോകത്തിലെ ഏററവും ദരിദ്രരായ 46 രാജ്യങ്ങൾ പോലും, അവ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ഉപയോഗിക്കുന്ന അത്രയുംതന്നെ പണം യുദ്ധയന്ത്രങ്ങൾക്കായി ചെലവാക്കുന്നു.
ദാരിദ്ര്യവും യുദ്ധവും കൂടാതെ, ലോകത്തിലെ കുട്ടികളെ വേട്ടയാടുന്ന മറെറാരു കൊലയാളിയുണ്ട്. 1980-കളിൽ അഞ്ചാംപനി, ടെററനസ്, വയറിളക്കം എന്നിവക്കെതിരെയുള്ള പോരാട്ടത്തിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞു, എന്നാലതാ, ആരോഗ്യസംബന്ധമായ മറെറാരു പേടിസ്വപ്നം ഉദയം ചെയ്തു: എയ്ഡ്സ്. 2000 എന്ന വർഷമാകുമ്പോഴേക്കും ഒരു കോടി കുട്ടികൾക്ക് ഈ രോഗം പിടിപെടുമെന്ന് ലോകാരോഗ്യസംഘടന കണക്കാക്കുന്നു. അവരിൽ മിക്കവരും തങ്ങളുടെ രണ്ടാം പിറന്നാൾ കാണുകയില്ല, അവരിലാരുംതന്നെ അഞ്ചു വർഷത്തിലധികം ജീവിക്കുകയുമില്ല. “പെട്ടെന്നുതന്നെ എന്തെങ്കിലും ചെയ്തില്ലെങ്കിൽ, കഴിഞ്ഞ 10 വർഷമായി കുട്ടികളുടെ അതിജീവനത്തിൽ നാം കൈവരിച്ചിട്ടുള്ള സകല പുരോഗതിയും തുടച്ചുനീക്കുമെന്ന് എയ്ഡ്സ് ഭീഷണിപ്പെടുത്തുന്നു” എന്ന് ഹെയ്ററിയിലെ ഒരു ശിശുരോഗവിദഗ്ധനായ റജിനാൾഡ് ബൂലോസ് വിലപിക്കുന്നു.
ഹ്രസ്വമായ ഈ അവലോകനത്തിൽനിന്നും ശ്ലാഘനീയമായ ചില നേട്ടങ്ങൾ ഉണ്ടെങ്കിൽപ്പോലും ‘ഓരോ കുട്ടിക്കും ഒരു മെച്ചപ്പെട്ട ഭാവി കൊടുക്കുക’യെന്ന ലക്ഷ്യം ബൃഹത്തായ ഒരു ജോലിയായി നിലകൊള്ളുന്നു എന്ന കാര്യം വ്യക്തമാണ്. ആ സ്വപ്നം ഒരു നാൾ സഫലമാകുമെന്നു വിശ്വസിക്കാൻ എന്തെങ്കിലും പ്രത്യാശയുണ്ടോ?
[അടിക്കുറിപ്പുകൾ]
a വയറിളക്കത്തിന്റെ മാരകമായ നിർജലീകരണ ഫലങ്ങളെ നേരിടാനാവശ്യമായ ലായനി, ഉപ്പ്, ഗ്ലൂക്കോസ് എന്നിവ ഓആർററി കുട്ടികൾക്കു പ്രദാനം ചെയ്യുന്നു. ഈ വിദ്യയിലൂടെ ഇപ്പോൾത്തന്നെ 10 ലക്ഷത്തിലധികം ജീവനെ രക്ഷിക്കുന്നുണ്ടെന്നു ലോകാരോഗ്യസംഘടന 1990-ൽ റിപ്പോർട്ടു ചെയ്തു. കൂടുതൽ വിശദാംശങ്ങൾക്ക്, 1985 സെപ്ററംബർ 22-ലെ [ഇംഗ്ലീഷ്] ഉണരുക!യുടെ 23-5 പേജുകൾ കാണുക.
[6-ാം പേജിലെ ചതുരം]
’90-കളിലേക്കുള്ള ലക്ഷ്യങ്ങൾകുട്ടികളെ രക്ഷിക്കാനുള്ള വെല്ലുവിളി
കുട്ടികൾക്കു വേണ്ടിയുള്ള ലോക ഉച്ചകോടിയിൽ പങ്കെടുത്ത രാഷ്ട്രങ്ങൾ വ്യക്തമായ ഒട്ടനവധി പ്രതിബദ്ധതകൾ ഏറെറടുത്തു. 2000 എന്ന വർഷമാകുമ്പോഴേക്കും നേടിയെടുക്കാൻ അവർ ആഗ്രഹിക്കുന്നത് ഇതാണ്.
പ്രതിരോധ കുത്തിവയ്പ്. ഇപ്പോഴത്തെ പ്രതിരോധ കുത്തിവയ്പു പരിപാടികൾ വർഷംതോറും 30 ലക്ഷം കുട്ടികളെ രക്ഷപെടുത്തുന്നു. എന്നാൽ വേറെ 20 ലക്ഷം പേർ ഇപ്പോഴും മരിച്ചുകൊണ്ടിരിക്കുകയാണ്. സർവസാധാരണമായ രോഗങ്ങൾക്കെതിരെ ലോകത്തിലെ കുട്ടികളിൽ 90 ശതമാനത്തിനോ അതിലധികം പേർക്കോ പ്രതിരോധ കുത്തിവയ്പെടുക്കുന്നതുവഴി ഈ മരണങ്ങളിൽ ഭൂരിഭാഗവും ഒഴിവാക്കാവുന്നതാണ്.
വിദ്യാഭ്യാസം. 1980-കളിൽ ലോകത്തിലെ ഏററവും ദരിദ്രമായ അനവധി രാജ്യങ്ങളിൽ സ്കൂൾ പ്രവേശനം കുറഞ്ഞുവന്നു. ആ പ്രവണതക്കു മാററം വരുത്തുകയും ഈ പതിററാണ്ടിന്റെ അവസാനമാകുമ്പോഴേക്കും ഓരോ കുട്ടിക്കും സ്കൂളിൽ പോകാനുള്ള അവസരം ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണു ലക്ഷ്യം.
വികലപോഷണം. “ശരിയായ നയങ്ങളുള്ളപക്ഷം, . . . ലോകത്തിലെ എല്ലാ കുട്ടികളെയും പോഷിപ്പിക്കാനും ഏററവും മോശമായതരം വികലപോഷണത്തെപ്പോലും അതിജീവിക്കാനുമുള്ള ഒരു സ്ഥാനത്താണ് ലോകം ഇപ്പോൾ.” ഇങ്ങനെ വിശ്വസിക്കുന്നത് യുനിസെഫ് ഉദ്യോഗസ്ഥൻമാരാണ്. ഈ ശതകത്തിൽ വികലപോഷിതരായ കുട്ടികളുടെ എണ്ണം പകുതിയായി കുറയ്ക്കാനുള്ള നിർദേശങ്ങൾ മുന്നോട്ടുവെക്കുകയുണ്ടായി. അത്തരമൊരു നേട്ടം പത്തു കോടി കുട്ടികളെ കടുത്ത ദാരിദ്ര്യത്തിൽനിന്നു രക്ഷിക്കും.
ശുദ്ധജലവും ആരോഗ്യരക്ഷാപരിപാടികളും. 1987-ൽ ബ്രൂണ്ട്ലാൽ റിപ്പോർട്ട് ഇപ്രകാരം വിശദീകരിച്ചു: “വികസ്വരരാജ്യങ്ങളിൽ, സമീപത്തുള്ള ടാപ്പുകളുടെ എണ്ണം മിക്കവാറും ആശുപത്രി കിടക്കകളുടെ എണ്ണത്തെക്കാൾ ഒരു ജനസമുദായത്തിന്റെ ആരോഗ്യം സംബന്ധിച്ച ഒരു നല്ല സൂചനയാണ്.” ഇപ്പോൾ 100 കോടിയിലധികമാളുകൾക്ക് ശുദ്ധജലം ലഭ്യമല്ല. ഏതാണ്ട് അതിന്റെ രണ്ടിരട്ടിയോളമാളുകൾക്ക് വിസർജ്യങ്ങൾ മറവു ചെയ്യാനുള്ള സൗകര്യങ്ങളില്ല. സുരക്ഷിതമായ കുടിവെള്ളവും മനുഷ്യവിസർജ്യം കളയാനുള്ള സൗകര്യങ്ങളും എല്ലാവർക്കും നൽകുക എന്നതാണ് ലക്ഷ്യം.
സംരക്ഷണം. കഴിഞ്ഞ ദശകത്തിൽ, 50 ലക്ഷം കുട്ടികൾക്കു പരിക്കേൽക്കാനും അവർ മരിക്കാനും യുദ്ധങ്ങൾ കാരണമായിരിക്കുന്നു. വേറെ ഒരു 50 ലക്ഷം കുട്ടികൾ ഭവനരഹിതരായിത്തീർന്നു. ഈ അഭയാർഥികൾക്കും അതുപോലെതന്നെ തെരുവു കുട്ടികൾക്കും ബാലതൊഴിലാളികൾക്കും അടിയന്തിരമായി സംരക്ഷണം ആവശ്യമാണ്. ഇപ്പോൾ നൂറിലധികം രാജ്യങ്ങൾ അംഗീകരിച്ച് അനുവദിച്ചിരിക്കുന്ന കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച കൺവെൻഷൻ അക്രമത്തിൽനിന്നും ചൂഷണത്തിൽനിന്നും ഈ കുട്ടികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നു.
[7-ാം പേജിലെ ചാർട്ട്]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ശിശുമരണങ്ങളുടെ മുഖ്യ കാരണങ്ങൾ
(അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾ)
ഓരോ വർഷവും ലക്ഷക്കണക്കിന് മരണങ്ങൾ (1990-ലെ കണക്കുകൾ):
5.1 ലക്ഷം വില്ലൻചുമ
7.9 ലക്ഷം നവജാത ശിശുക്കൾക്കുണ്ടാകുന്ന ടെററനസ്
10.0 ലക്ഷം മലമ്പനി
15.2 ലക്ഷം അഞ്ചാംപനി
22.0 ലക്ഷം മററു ശ്വസനേന്ദ്രിയ രോഗങ്ങൾ
40.0 ലക്ഷം വയറിളക്കരോഗം
42.0 ലക്ഷം മററു കാരണങ്ങൾ
ഉറവിടം: ഡബ്ലിയുഎച്ച്ഒയും യുനിസെഫും
[8-ാം പേജിലെ ചാർട്ട്]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
വികസ്വര രാജ്യങ്ങളിലെ കുട്ടികൾക്കു നടത്തുന്ന പ്രതിരോധ കുത്തിവയ്പിലെ പുരോഗതി 1980 -1988
പ്രതിരോധമരുന്ന് നൽകിയ ഒരു വയസ്സിനു താഴെയുള്ള കുട്ടികളുടെ ശതമാനം
വർഷങ്ങൾ
1980 1988
ഡിപിററി3* 24% 66%
പോളിയോ 20% 66%
ക്ഷയം 29% 72%
അഞ്ചാംപനി 15% 59%
* ഡിപിററി3: തൊണ്ടമുള്ള്, വില്ലൻചുമ (നിലങ്കാരച്ചുമ), ടെററനസ് ഇവ മൂന്നിനും കൂടിയുള്ള പ്രതിരോധമരുന്നു നൽകൽ
ഉറവിടം: ഡബ്ലിയുഎച്ച്ഒയും യുനിസെഫും (1980-ലെ കണക്കുകളിൽ ചൈന ഉൾപ്പെടുന്നില്ല)
[4-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Photo: Godo-Foto