ജീവൻ രക്ഷിക്കുന്ന ഒരു ലവണ പാനീയം!
സീരാലിയോണിലെ “ഉണരുക!” ലേഖകൻ
സന്ധ്യയോടുത്താണ് രണ്ടു വയസ്സുകാരിയായ ജെനേബാ തനിക്കു വയറുവേദനയാണെന്ന് പറഞ്ഞത്. എന്നാൽ അവളുടെ അമ്മയായ മരിയാമയ്ക്ക് അത്ര വലിയ ഉൽക്കണ്ഠയെന്നും തോന്നിയില്ല. ജെനേബാക്ക് ഇതിനുമുൻപും ഇതുപോലുള്ള “വയറ്റിളക്കം” ഉണ്ടായിട്ടുണ്ട്. ഇത്തവണയും അതുതന്നെയായിരിക്കും സംഭവിക്കുക.
എന്നാൽ അവളുടെ വയറ്റിളക്കം അടുത്തടുത്ത് വളരെ അയഞ്ഞരീതിയിലും അനിയന്ത്രിതമായും തുടർന്നു. പിന്നീട് ഛർദ്ദിൽ ആരംഭിച്ചു. വളരെ വേഗം ജെനേബായുടെ ശക്തി ക്ഷയിച്ചു. മരിയാമ കുട്ടിയെ മടിയിൽ കിടത്തി അവളുടെ പുറം തടവി. എന്നാൽ അതുകൊണ്ട് ഫലമെന്നും ഉണ്ടായില്ല.
പുലർച്ചയായപ്പോഴേക്കും ജെനേബ തറയിൽ വല്ലാതെ തളർന്നുകിടക്കുകയായിരുന്നു.—അവൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു, ശക്തി ക്ഷയിച്ച അവളുടെ ഹൃദയസ്പന്ദനം താളം തെറ്റിയ നിലയിലായിരുന്നു, അവൾ അസ്വസ്ഥയായി തല അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടിക്കൊണ്ടിരുന്നു, അവളുടെ സുന്ദരമായ തവിട്ടു മിഴികൾ കുഴിഞ്ഞ് പാതി അടഞ്ഞിരുന്നു, അവളുടെ കവിളുകൾ ഒട്ടിയും ചുണ്ടുകൾ വരണ്ടുമിരുന്നു. മരിയാമയ്ക്ക് തികഞ്ഞ നിസ്സഹായത തോന്നി.
ഉദിച്ചുയർന്ന സൂര്യനെ അഭിവാദ്യം ചെയ്തത് ഒരു നിലവിളിയായിരുന്നു. ജെനേബാ മരിച്ചു.
കുട്ടികളുടെയും ശിശുക്കളുടെയും ഏറ്റം വലിയ കൊലയാളി എന്താണ്? നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും അത് നിർജ്ജലീകരണം (dehydration) ആണ്—സാധാരണ വയറ്റിളക്കം മൂലമുണ്ടാകുന്ന നിർജ്ജലീകരണം.a ഓരോ വർഷവും അഞ്ചു വയസ്സിൽ താഴെയുള്ള അൻപത് ലക്ഷം കുട്ടികൾ അതുമൂലം മരിക്കുന്നു—ഏതാണ്ട് ഓരോ ആറു സെക്കൻറിലും ഒരാൾ വീതം. വികസ്വര രാജ്യങ്ങളിൽ അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിൽ 20 പേരിൽ ഒരാളുടെ വീതം ജീവനെ അത് അണച്ചുകളയുന്നു. വികസിതരാജ്യങ്ങളിലാകട്ടെ ഓപ്പറേഷനുകളെ ഒഴിച്ചുനിറുത്തിയാൽ കുട്ടികൾ ആശുപത്രിലാക്കപ്പെടുന്നതിന്റെ കാരണങ്ങളിൽ വയറ്റിളക്കത്തിന് ശ്വസനേന്ദ്രിയ സംബന്ധമായ രോഗങ്ങൾ കഴിഞ്ഞാൽ അടുത്ത സ്ഥാനമാണുള്ളത്.
എന്നാൽ ഈ വേദനയിലും മരണത്തിലും ഏറിയ പങ്ക് ലളിതമായ ഒരു ലവണപാനീയത്താൽ ഒഴിവാക്കാമായിരുന്നു എന്നതാണ് വിരോധാഭാസമായിരിക്കുന്നത്.
എങ്ങനെ? ഒന്നാമത്, വയറ്റിളക്കമല്ല മരണത്തിന് ഇടയാക്കുന്നത്. അത് സാധാരണയായി ചികിത്സയൊന്നും കൂടതെ തന്നെ ഭേദമാകുന്നു. വയറ്റിളക്കം ബാധിക്കുന്ന ആളിന് തന്റെ ശരീരത്തിൽ നിന്നും ദ്രാവകങ്ങളും ലവണങ്ങളും നഷ്ടമാകുന്നു.—നിർജ്ജലീകരണം സംഭവിക്കുന്നു എന്നതാണ് പ്രശ്നം. വളരെയധികം ദ്രാവകം ശരീരത്തിൽനിന്ന് നഷ്ടമാവുകയും പകരം ദ്രാവകം ശരീരത്തിന് ലഭിക്കാതിരിക്കുകയും ചെയ്താൽ മരണം സംഭവിക്കുന്നു.
കണക്കനുസരിച്ച് ഓരോ വർഷവും വികസ്വരരാജ്യങ്ങളിലെ 50 കോടി കുട്ടികൾക്കെങ്കിലും വയറ്റിളക്കം പിടിപെടുന്നു. ദരിദ്രമേഖലകളിൽ ഒരു സാധാരണ കുട്ടിക്ക് ഒരു വർഷം മൂന്നും നാലും പ്രാവശ്യം ഈ രോഗം പിടിപെടുന്നു. മിക്കപ്പോഴും ഒരു ലഘുവായ അസൗകര്യം മാത്രമേ ഇതുമൂലം അനുഭവപ്പെടുന്നുള്ളു. എന്നാൽ ചിലപ്പോൾ കോളറാ ബാധിക്കുമ്പോഴത്തേപ്പോലെ ഏതാനും മണിക്കൂർ നേരത്തെ വയറ്റിളക്കം നിർജ്ജലീകരണത്തിനും മരണത്തിനും ഇടയാക്കുന്നു. ദു:ഖകരമെന്നു പറയട്ടെ, രോഗത്തിന്റെ ആരംഭദശയിൽ അത് ജീവന് ഭീഷണിയാകുമോ ഇല്ലയോ എന്ന് തീരുമാനിക്കുക എളുപ്പമല്ല. അതുകൊണ്ട് മാതാപിതാക്കൾക്ക് നിർജ്ജലീകരണം തിരിച്ചറിയാൻ മാത്രമല്ല പെട്ടെന്നുതന്നെ അതു തടയാനും തിരുത്താനും കഴിയുക എന്നതും അത്യാവശ്യമാണ്.—24,25 പേജുകളിലെ MY page check ബോക്സുകൾ കാണുക.
ദ്രാവകനഷ്ടം—എങ്ങനെ വീണ്ടെടുക്കാനാവും?
ചോർച്ചയുള്ള ഒരു തൊട്ടിയിലെ ജലവിതാനം താഴാതെയിരിക്കണമെങ്കിൽ നിങ്ങൾ കൂടുതൽ ജലം ഒഴിച്ചുകൊണ്ടിരിക്കണം. വയറ്റിളക്കം ബാധിച്ച ഒരു കുട്ടിയുടെ കാര്യത്തിലും ഇത് സത്യമാണ്—നഷ്ടപ്പെടുന്നത്ര ദ്രാവകം ശരീരത്തിന് ലഭിച്ചുകൊണ്ടിരിക്കണം. ഇതിന് പുനർജ്ജലീകരണം (rehydration) എന്ന് പറയുന്നു.
അടുത്തകാലം വരെ ഇത് ചെയ്തുകൊണ്ടിരുന്നത് നേരിട്ട് സിരകളിലേക്ക് ഒരു ലവണലായനി കുത്തിവെച്ചുകൊണ്ടായിരുന്നു. (ഇൻട്രാവെനസ് ചികിത്സ) ഇത് ഫലകരമായിരുന്നെങ്കിലും, അപകടകരമാംവണ്ണം നീർജ്ജലീകരണം ബാധിച്ചിരിക്കുന്ന കുട്ടികളുടെ കാര്യത്തിൽ അത് ഇപ്പോഴും ഏറ്റവും നല്ല ചികിത്സാരീതിയാണെങ്കിലും, അതിന് അതിന്റെതായ ചില പ്രശ്നങ്ങളുണ്ട്. അത് ചെലവേറിയതാണ്; ആരോഗ്യ സംരക്ഷണകേന്ദ്രങ്ങളിലോ ആശുപത്രികളിലോ മാത്രം ലഭിക്കുന്ന തരം പരിശീലനം ലഭിച്ച ആളുകളും ആധുനിക യന്ത്രോപകരണങ്ങളും അതിന് ആവശ്യമാണ്. അത്തരം കാര്യങ്ങൾ രോഗം ബാധിച്ച കുട്ടിയിൽനിന്ന് വളരെ അകലെ മാത്രമായിരിക്കാം ലഭിക്കുന്നത്. അതുകൊണ്ട് ഇൻട്രാവെനസ് ചികിത്സാരീതി അത് അത്യാവശ്യമായിരിക്കുന്ന ബഹുഭൂരിപക്ഷം ആളുകളുടെയും എത്തുപാടിലല്ല.
എന്നിരുന്നാലും, 1960-കൾ മുതൽ വിശേഷിച്ചും ഇൻട്രാവെനസ് ചികിത്സാരീതിയെക്കാളും സുരക്ഷിതവും ലളിതവും ചെലവുകുറഞ്ഞതുമായ ഒരു ചികിത്സാരീതി ലഭ്യമാണ്. ഓറൽ റീഹൈഡ്രേഷൻ തെറപ്പി അല്ലെങ്കിൽ ORT എന്നാണ് അതിന് പറയാറ്. ഇൻട്രാവെനസ് ചികിത്സയിലെന്നപോലെ ഈ രീതിയിലും (ORT) ശരീരത്തിന് നഷ്ടമായ ദ്രാവകവും ലവണങ്ങളും തിരിച്ച് നിക്ഷേപിക്കുന്നു. എന്നാൽ സിരകളിലേക്ക് അത് കുത്തി വെക്കുന്നതിനുപകരം കുട്ടിക്ക് അതു കുടിക്കാൻ കഴിയുന്നു.
എന്തുകൊണ്ടാണ് ആരും നേരത്തെ ഇതേപ്പറ്റി ചിന്തിക്കാതിരുന്നത്? ചിന്തിച്ചിരുന്നു. വയറ്റിളക്കം ശരീരത്തിലുള്ള ദ്രാവകം ചോർത്തിക്കളയുക മാത്രമല്ല കുടൽ ഭിത്തികളിലൂടെ ദ്രവകം ആഗിരണം ചെയ്യുന്നത് തടസ്സപ്പെടുത്തുകയും കൂടി ചെയ്യുന്നു എന്നതാണ് പ്രശ്നം. അതുകൊണ്ട് വെറുതെ ദ്രാവകങ്ങൾ കുടിക്കുന്നത് ഫലകരമായിരുന്നില്ല—അതിൽ ഭൂരിഭാഗവും ശരീരത്തിലൂടെ കടന്നു പോക മാത്രമേ ചെയ്യുന്നുള്ളു.
എന്നാൽ പിന്നീട് വളരെ യാദൃച്ഛികമായി അതിപ്രധാനമായ ഒരു കണ്ടുപിടിത്തം നടത്തപ്പെട്ടു. വായിലൂടെയുള്ള പുനർജ്ജലീകരണത്തിന് ശ്രമിച്ച വൈദ്യശാസ്ത്രജ്ഞൻമാർ ലവണലായനികൾ കൂടുതൽ രുചികരമാക്കാൻ വേണ്ടി അതിൽ പഞ്ചസാര ചേർത്തു. അങ്ങനെ ചെയ്യുന്നതിനാൽ പഞ്ചസാര മാത്രമല്ല ജീവൻ സംരക്ഷിക്കുന്ന ലവണങ്ങളും ജലവുംകൂടി ശരീരം ആഗിരണം ചെയ്യുന്നു എന്ന് അവർ കണ്ടുപിടിച്ച! പഞ്ചസാര ഈ പ്രശ്നപരിഹാരത്തിന്റെ വാതിൽ തുറന്ന ഒരു താക്കോൽ പോലെയായിരുന്നു. ശരിയായ മിശ്രിതം ഉപയോഗിച്ചപ്പോൾ ആഗിരണം 25 മടങ്ങ് വർദ്ധിപ്പിക്കാൻ കഴിയും എന്ന് അവർ കണ്ടുപിടിച്ചു!
ഇത് പ്രധാനമായിരുന്നോ? ബ്രിട്ടണിലെ പ്രമുഖ വൈദ്യശാസ്ത്രമാസികയായ ലാൻസെറ്റ് ഈ കണ്ടുപിടിത്തത്തെ “സാദ്ധ്യതയനുസരിച്ച് ഈ നൂറ്റാണ്ടിലെ ഏറ്റം പ്രധാനപ്പെട്ട വൈദ്യശാസ്ത്ര പുരോഗതി” എന്നു വിളിച്ചു. “ശാസ്ത്രചരിത്രത്തിലെ തന്നെ അത്യന്തം ലളിതവും എന്നാൽ എറ്റം പ്രധാനപ്പെട്ടതുമായ കണ്ടുപിടിത്തം!” എന്നാണ് യുനിസെഫ് (ഐക്യരാഷ്ട്രങ്ങളുടെ കുട്ടികൾക്കുവേണ്ടിയുള്ള ക്ഷേമസംഘടന) ഇതിനെ വിളിച്ചത്.
എന്തുകൊണ്ട്? കാരണം ഇപ്പോൾ മാതാപിതാക്കൾക്ക് വീട്ടിൽവച്ചുതന്നെ കുട്ടികളെ ചികിത്സിക്കാനുവും! വിപുലമായ പരിശീലനമോ പ്രത്യേക ഉപകരണങ്ങളോ ഇതിന് ആവശ്യമില്ല. നിസ്സാരവിലമാത്രമുള്ള പുനർജ്ജലീകരണ ലവണ പായ്ക്കറ്റുകൾ വിവിധ ആരോഗ്യപരിപാടികളിലൂടെയും സംഘടനകളിലൂടെയും ഇന്ന് ലഭ്യമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ ലവണങ്ങൾ വെള്ളത്തിൽ കലർത്തി കുട്ടികൾക്ക് കുടിക്കാൻ കൊടുക്കുക മാത്രമാണ് മാതാപിതാക്കൾ ചെയ്യേണ്ടത്.
എന്നാൽ ഇങ്ങനെ തയ്യാർ ചെയ്ത ലവണപായ്ക്കറ്റുകൾ ലഭ്യമല്ലെങ്കിലെന്ത്? വീട്ടിൽ തന്നെ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് മാതാപിതാക്കൾക്ക് പുനർജ്ജലീകരണപാനീയങ്ങൾ നിർമ്മിക്കാൻ കഴിയും. ഇത് മുന്നമേ തയ്യാറാക്കി ലഭ്യമാക്കിയിരിക്കുന്ന പാനീയങ്ങളോളം ഫലകരമല്ലായിരിക്കാമെങ്കിലും അത് ലഭിക്കാത്തപ്പോൾ പകരം ഉപയോഗിക്കാൻ പറ്റിയതാണ്. നിർജ്ജലീകരണംകൊണ്ട് അവശനിലയിലായ ഒരു രോഗിയുടെ സംഗതിയിൽ ഇതിന്റെ മൂല്യത്തെ ഡോക്ടർമാർ ചോദ്യം ചെയ്തേക്കാമെങ്കിലും വയറ്റിളക്കത്തിന്റെ പ്രാരംഭദശയിൽ ഇത്തരം ഭവനനിർമ്മിത പാനീയങ്ങൾക്ക് ജീവൻപ്രധാനമായ ഒരു പങ്കു വഹിക്കാനുണ്ട് എന്നതിനോട് ഡോക്ടർമാർ യോജിക്കുന്നു.
എന്നാൽ ഇപ്പോഴും കുട്ടികൾ മരിച്ചുകൊണ്ടിരിക്കാൻ കാരണം
വായിലൂടെയുള്ള പുനർജ്ജലീകരണ സമ്പ്രദായം (ORT) നല്ല ഫലം കൈവരുത്തുന്നുവെങ്കിലും അത് ലോകജനസമുദായങ്ങളുടെ കൈകളിൽ എത്തിക്കുന്നത് ഒരു വെല്ലുവിളിയായി ഇപ്പോഴും അവശേഷിക്കുന്നു. ഈ രംഗത്ത് എന്തു പുരോഗതി ഉണ്ടായിട്ടുണ്ട്? ആശുപത്രികളിൽ ഇന്ന് മിക്ക നിർജ്ജലീകരണരോഗികൾക്കും സിരകളിലൂടെ പുനർജ്ജലീകരണം നടത്തുന്നതിന് പകരം ഈ സമ്പ്രദായം ഉപയോഗിച്ചു വരുന്നു. 1983 അവസാനമായപ്പോഴേക്കും 30 വികസ്വര രാജ്യങ്ങളിൽ ഈ സമ്പ്രദായം ഉപയോഗിച്ചു തുടങ്ങിയിരുന്നു. അവയിൽ 20 രാജ്യങ്ങൾ സ്വന്തമായി ലവണപായ്ക്കറ്റുകൾ നിർമ്മിക്കാനും നടപടികൾ സ്വീകരിച്ചു. പല അന്താരാഷ്ട്ര ആരോഗ്യസംഘടനകളും ഈ സമ്പ്രദായത്തിന് പ്രചരണം കൊടുത്തുകൊണ്ടിരിക്കുന്നു. ഇതിന് നല്ല ഫലം ഉണ്ടായിട്ടുണ്ട്. ഈ ചികിത്സാ സമ്പ്രദായത്തിന് പ്രചാരം ലഭിച്ച രാജ്യങ്ങളിൽ നിർജ്ജലീകരണം മൂലമുള്ള മരണങ്ങൾ 50 മുതൽ 60 ശതമാനം വരെ കുറഞ്ഞിട്ടുണ്ട് എന്നാണ് ലോകവ്യപകമായ പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്! എന്നിരുന്നാലും ഓരോ വർഷവും ഏതാണ്ട് 50 കോടി കുട്ടികൾക്ക് വയറ്റിളക്കം ബാധിക്കുന്ന സ്ഥിതിക്ക് എല്ലാവർക്കും മുൻകൂട്ടി തയ്യാറാക്കിയ ലവണപായ്ക്കറ്റുകൾ ലഭ്യമാക്കുക എന്നത് അതിബൃഹത്തായ ഒരു വേലതന്നെയാണ്.b
എന്നാൽ മാതാപിതാക്കൾക്ക് തന്നെ വീട്ടിൽ ഇത്തരം ലായനികൾ തയ്യാറാക്കികൂടെ? ദു:ഖകരമെന്ന് പറയട്ടെ, ഉപ്പും പഞ്ചസാരയും അളക്കാനുള്ള ഉപകരണങ്ങളുമൊന്നും എല്ലായിടത്തും ലഭ്യമല്ല. അവ ലഭ്യമായിരിക്കുമ്പോൾപോലും പുനർജ്ജലീകരണ പാനീയങ്ങൾ തയ്യാറാക്കുന്നതിന് ശരിയായ പരിശീലനം ആവശ്യമാണ്. ഉദാഹരണത്തിന് ലായനിയിൽ ആവശ്യത്തിലധികം പഞ്ചസാര ചേർക്കുന്നുവെങ്കിൽ ആഗിരണം കുറയുകയും വയറ്റിളക്കം കൂടുതൽ വഷളാവുകയും ചെയ്തേക്കാം. അതുപോലെ ആവശ്യത്തിലധികം ഉപ്പ് ചേർക്കുന്നതും അപകടകരമാണ്. അതുപോലെ രോഗിക്ക് നല്കപ്പെടുന്ന അളവും പരിഗണിക്കേണ്ടതുണ്ട്. അധികമായാൽ വയറ്റിളക്കം ദീർഘിച്ചുപോകും. വളരെ കുറഞ്ഞാൽ നിർജ്ജലീകരണം നിലനിൽക്കും.
കൂടാതെ ആളുകളുടെ മനോഭാവത്തിന് മാറ്റം വരുത്തുക എന്ന യഥാർത്ഥ പ്രശ്നവുണ്ട്. പലരും ഈ ചികിത്സാ സമ്പ്രദായം പരീക്ഷിച്ചു നോക്കാനേ തയ്യാറല്ല. വയറ്റിളക്കത്തിനുള്ള ഏറ്റം നല്ല ചികിത്സ തങ്ങളുടെ കുട്ടികൾക്ക് ഭക്ഷണപാനീയങ്ങൾ കൊടുക്കാതിരിക്കുന്നതാണെന്ന് ചില അമ്മമാർ ഇപ്പോഴും വിചാരിക്കുന്നു. മറ്റുള്ളവർ—ദുരന്തഫലങ്ങൾ കൈവരുത്തിക്കൊണ്ട്—ഇപ്പോഴും നാട്ടുവൈദ്യൻമാരുടെ ഉപദേശം അനുസരിക്കുന്നു.
വായിലൂടെ പുനർജ്ജലീകരണം നടത്തുന്നത് ഒരു ചികിത്സാ സമ്പ്രദായം മാത്രമാണെന്ന് ഓർമ്മിക്കേണ്ടതുണ്ട്. അതിന് വയറ്റിളക്കത്തെ ഇല്ലായ്മ ചെയ്യുന്നതിനോ തടയാനോ കഴിയുകയില്ല. വയറ്റിളക്കം പോലുള്ള രോഗങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുന്നതിന് മോശമായ കുടിവെള്ളത്തിന്റെയും അനാരോഗ്യകരമായ ചുറ്റുപാടുകളുടെയും ആരോഗ്യപരിപാലനത്തിന്റെയും ആഗോള പ്രശ്നങ്ങൾ പരിഹരിക്കുക തന്നെ വേണം.c വികല പോഷണവും നിർമ്മാർജ്ജനം ചെയ്യേണ്ടതുണ്ട്, കാരണം വികലപോഷണം വയറ്റിളക്കത്തിനും വയറ്റിളക്കം ക്രമത്തിൽ മാരകമായ വികലപോഷണത്തിനും ഇടയാക്കുന്നു.
എന്നാൽ പൂർണ്ണമായും വികലപോഷണത്തെയും രോഗത്തെയും മരണത്തെപ്പോലും ഇല്ലാതാക്കുന്ന അന്തിമ പ്രശ്നപരിഹാരം ദൈവരാജ്യമാണെന്ന് ക്രിസ്ത്യാനികൾക്കറിയാം. (വെളിപ്പാട് 21:4; സങ്കീർത്തനം 72:16) എന്നാൽ അന്നോളം ദശലക്ഷക്കണക്കിന് കുട്ടികളെ കൊന്നൊടുക്കുന്ന ഈ മാരക രോഗത്തിനെതിരെയുള്ള പോരാട്ടത്തിൽ വായിലൂടെയുള്ള പുനർജ്ജലീകരണം വളരെ ഫലവത്തായ ഒരു ആയുധമായിരിക്കും. (g85 9/22)
[അടിക്കുറിപ്പുകൾ]
a ഇന്നോളം 25 വ്യത്യസ്ത പരാന്നജീവികളും വൈറസ്സുകളും ബാക്റ്റീരിയകളും വയറ്റിളക്കത്തിന് ഇടയാക്കുന്നതായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഇതും മറ്റു ഘടകങ്ങളും വയറ്റിളക്കത്തിന് കൃത്യമായ ഒരു നിർവ്വചനം നല്കുന്നത് പ്രയാസമാക്കിത്തീർക്കുന്നു. എന്നാൽ, പൊതുവെ പറഞ്ഞാൽ, ദിവസത്തിൽ മൂന്നു പ്രാവശ്യത്തിലധികം വയറ്റിൽനിന്നു മലം ദ്രാവകരൂപത്തിൽ പോകുന്നുവെങ്കിൽ അതിനെ വയറ്റിളക്കം എന്നു പറയാം.
b വാർഷിക നിർമ്മാണം ഇപ്പോൾ ഏതാണ്ട് 8 കോടി പായ്ക്കറ്റുകളാണ്.
c കക്കൂസിൽ പോയതിനുശേഷം ഭക്ഷണം കൈകൊണ്ട് തൊടുന്നതിനുമുമ്പായി കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നതായാൽ വയറ്റിളക്കം 50 ശതമാനം കുറയ്ക്കാം എന്ന് പഠനങ്ങൾ തെളിയിച്ചിരിക്കുന്നു.
[13-ാം പേജിലെ ചതുരം]
“സാദ്ധ്യതയനുസരിച്ച് ഈ നൂറ്റാണ്ടിലെ ഏറ്റം പ്രധാനപ്പെട്ട വൈദ്യശാസ്ത്ര പുരോഗതി.”—ലാൻസെറ്റ്
“ശാസ്ത്രചരിത്രത്തിലെ ഏറ്റം ലളിതവും എന്നാൽ ഏറ്റം പ്രധാനപ്പെട്ടതുമായ കണ്ടുപിടിത്തങ്ങളിലൊന്ന്.”—യുനിസെഫ്
[13-ാം പേജിലെ ചതുരം]
വയറ്റിളക്കം ബാധിക്കുമ്പോൾ: കുട്ടികളെ ചികിത്സിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
ഭക്ഷണം നൽകുന്നത് നിർത്തരുത്: ദ്രാവകരൂപത്തിലുള്ള ഭക്ഷണം നല്കുക. ചായ, കഞ്ഞിവെള്ളം, ബാർലിവെള്ളം, സൂപ്പ് ഇവ സഹായകമാണ്. കുടിവെള്ളം ലഭ്യമാക്കുക. മുലകുടിക്കുന്ന ശിശുക്കളാണെങ്കിൽ അവരെ മുലയൂട്ടുന്നത് തുടരുക. കുട്ടിക്ക് കഴിയ്ക്കാമെങ്കിൽ ഭക്ഷണം കൊടുക്കുക. എന്നാൽ കുറേശ്ശേ ഭക്ഷണം കുടെക്കൂടെ കൊടുക്കുന്നതാണ് നല്ലത്. എളുപ്പം ദഹിക്കുന്നതും പോഷകഗണവുമുള്ളതുമായ ഭക്ഷണം വേവിച്ച ധാന്യങ്ങൾ ഏത്തയ്ക്ക എന്നിവ നല്ലതാണ്.
തുടക്കം മുതൽതന്നെ വായിലൂടെ പുനർജ്ജലീകരണപാനീയങ്ങൾ നല്കുക: ഇത് നഷ്ടമാകുന്ന ജലാംശം തിരിച്ചു നൽകുകയും നിർജ്ജലീകരണം തടയുകയും ചെയ്യുന്നു. സാദ്ധ്യമാകുമ്പോഴെല്ലാം മുന്നമേ തയ്യാറാക്കിയ പുനർജ്ജലീകരണലവണങ്ങൾ ഉപയോഗിക്കുക. അവ ലഭ്യമെല്ലെങ്കിൽ താഴെപ്പറയുന്ന ലായനി തയ്യാറാക്കുക (അളവിലെ കൃത്യത പ്രധാനമാണ്!):
കറിയുപ്പ്: ഒരു ചായ കരണ്ടി വടിവിന്
പഞ്ചസാര: എട്ടു ചായ കരണ്ടി വടിവിന്
വെള്ളം: ഒരു ലിറ്റർ (200 മി. ലിറ്റർ വീതം 5 കപ്പ്)
കൊടുക്കേണ്ട അളവ്: ദ്രാവകനഷ്ടത്തിന് ഏകദേശം ഒപ്പം കൊടുക്കുക. ഓരോ തവണ അയഞ്ഞരീതിയിൽ വയറ്റിൽനിന്ന് പോകുമ്പോഴും ഒരു കപ്പ് പുനർജ്ജലീകരണപാനീയം കൊടുക്കുക; കൊച്ചുകുട്ടികൾക്ക് അതിന്റെ പകുതി കൊടുക്കാം. (ശിശുക്കൾക്ക് കരണ്ടി കൊണ്ട് കോരിക്കൊടുക്കാം.) കുഞ്ഞിന് കുടിക്കാവുന്നിടത്തോളം കൊടുക്കുക!
പുനർജ്ജലീകരണ പനീയം കൊടുക്കുന്നത് നിർത്തേണ്ടതെപ്പോൾ: വയറ്റിളക്കം നിലയ്ക്കുമ്പോൾ അല്ലെങ്കിൽ പുനർജ്ജലീകരണ പാനീയത്തിനുള്ള ദാഹം ശമിക്കുമ്പോൾ.
വൈദ്യസഹായം തേടേണ്ടതെപ്പോൾ:
നിർജ്ജലീകരണ ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ.
രോഗിക്ക് കുടിക്കാൻ കഴിയാത്തപ്പോൾ
വയറ്റിളക്കം നാലുദിവസമായിട്ടും കുറയാത്തപ്പോൾ (അല്ലെങ്കിൽ കുഞ്ഞുങ്ങളുടെ കാര്യത്തിൽ രോഗം കലശലാണെങ്കിൽ ആദ്യദിവസം കഴിയുമ്പോൾതന്നെ)
കലശലായ ഛർദ്ദി ഉള്ളപ്പോൾ
[14-ാം പേജിലെ ചതുരം]
കഠിനമായ നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ
മൂത്രം ഒട്ടുംതന്നെ പോകുന്നില്ല
പെട്ടെന്നുള്ള തൂക്കക്കുറവ്
വായ് ഉണങ്ങി
വരണ്ടിരിക്കുന്നു
ശിശുക്കളുടെ ശരീരത്തിൽ മൃദുലമായ കുഴിഞ്ഞ ഭാഗങ്ങൾ കാണപ്പെടുന്നു
കണ്ണുകൾ കുഴിഞ്ഞിരിക്കുന്നു
വേഗത്തിലും ശക്തി കുറഞ്ഞുമുള്ള നാടിമിടിപ്പ്
ത്വക്ക് വരണ്ടിരിക്കുന്നു
രണ്ട് വിരലുകൾകൊണ്ട് ത്വക്ക് പിടിച്ച് ഉയർത്തുക പിടിവിടുമ്പോൾ ത്വക്ക് പൂർവ്വസ്ഥിതിയിലാകുന്നില്ലെങ്കിൽ നിർജ്ജലീകരണം സംഭവിച്ചിരിക്കുന്നു
ഉറവ്: ഡോക്ടർ ഇല്ലാത്തിടത്ത് എന്ന ഡോക്ടർ ഡി. വേർണറുടെ പുസ്തകം, ലണ്ടൻ, 1981 പേ. 159.