ലോകത്തെ വീക്ഷിക്കൽ
നിരാശരായ ബേബി ബൂമേഴ്സ്
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിനും 1960-കളുടെ ആരംഭത്തിനും ഇടയ്ക്കു ജനിച്ച ആളുകളെ വർണിക്കാനായി കണ്ടുപിടിച്ച പദമാണ് “ബേബി ബൂമേഴ്സ്.” ആ കാലഘട്ടത്തിൽ യുദ്ധത്തിൽ ജയിച്ചുകൊണ്ടിരുന്ന പക്ഷത്തുള്ള പല രാജ്യങ്ങളും ശ്രദ്ധേയമായ ജനസംഖ്യാ വർധനവ് റിപ്പോർട്ടു ചെയ്തു. ഒരുകാലത്ത് ഭാവിയെക്കുറിച്ച് യാതൊരു ആകുലതകളുമില്ലാതെ, ശുഭപ്രതീക്ഷയുള്ളവരായി കഴിഞ്ഞിരുന്ന ബേബി ബൂമേഴ്സിന് ഇപ്പോൾ “തങ്ങളെക്കുറിച്ചും തങ്ങളുടെ കുട്ടികളെക്കുറിച്ചും അരക്ഷിതത്വം തോന്നുന്നുവെന്നും വാർധക്യത്തെ അവർ ഉത്കണ്ഠയോടെ വീക്ഷിക്കുന്നുവെന്നും” 16 രാജ്യങ്ങളിൽ നടത്തിയ ഒരു സർവേ കാണിക്കുന്നതായി യൂറോപ്യൻ എന്ന പത്രം പറയുന്നു. നിരാശയ്ക്കു കാരണമെന്താണ്? “വ്യക്തിമാഹാത്മ്യവാദം, ഭൗതികത്വചിന്താഗതി, ആത്മനിയന്ത്രണമില്ലായ്മ, സത്പെരുമാറ്റങ്ങളുടെ അഭാവം എന്നിവ അങ്ങേയറ്റമുള്ളതെന്ന് അവർക്കു തോന്നുന്ന ഒരു ലോകത്തെ ആണ് അവരിപ്പോൾ അഭിമുഖീകരിക്കുന്നത്” എന്ന് ആ റിപ്പോർട്ടു പറയുന്നു.
ഒളിഞ്ഞിരിക്കുന്ന ഹെപ്പറ്റൈറ്റിസ്-സി ബാധകൾ
“ഹെപ്പറ്റൈറ്റിസ്-സി ഫ്രാൻസിലെ ഒരു പ്രമുഖ പൊതുജനാരോഗ്യ പ്രശ്നമായി കാണപ്പെടുന്നു”വെന്ന് ഫ്രഞ്ചു ഡോക്ടർമാരുടെ ഒരു സംഘം തയ്യാറാക്കിയ റിപ്പോർട്ടു പറയുന്നു. 10 മുതൽ 30 വരെ വർഷം പഴക്കമുള്ള സ്ഥായിയായ കരൾ രോഗം കണ്ടുപിടിക്കപ്പെട്ടതിനു ശേഷമേ മിക്ക ഹെപ്പറ്റൈറ്റിസ്-സി ബാധകളും കണ്ടുപിടിക്കപ്പെടുന്നുള്ളു എന്ന് ആ ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. ഹെപ്പറ്റൈറ്റിസ്-സി വൈറസ് ബാധ മാരകമായിരിക്കാൻ കഴിയും. ഒട്ടുമിക്കപ്പോഴും അത് പകരുന്നത് രക്തപ്പകർച്ചകളിലൂടെയും സിറിഞ്ചിലൂടെയുമാണ്. രോഗബാധിതരായി കണ്ടെത്തപ്പെട്ടവരുടെ കാൽഭാഗത്തിൽ താഴെ ആളുകൾ മാത്രമേ അതിനെക്കുറിച്ചു നേരത്തെതന്നെ ബോധവാൻമാരായിരുന്നുള്ളൂ. അതുകൊണ്ട് കൂടുതൽ സമഗ്രമായ പരിശോധനാ രീതികൾ അടിയന്തിരമായി ആവശ്യമാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു. 5,00,000 മുതൽ 6,50,000 വരെ ഫ്രഞ്ചുകാരെ ഇപ്പോൾ ഈ വൈറസ് ബാധിച്ചിരിക്കുന്നതായി ഹെപ്പറ്റോളജി എന്ന ജേർണൽ പറയുന്നു.
മുലയൂട്ടൽ രോഗങ്ങൾ കുറയ്ക്കുന്നു
“മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾക്ക് കർണ രോഗങ്ങളും അതിസാരവും ഉണ്ടാകാൻ സാധ്യത കുറവാണെന്ന് 2 മുതൽ 7 വരെ മാസം പ്രായമുള്ള 1,700-ൽപ്പരം കുഞ്ഞുങ്ങളിൽ നടത്തിയ ഒരു പഠനം കാണിക്കുന്ന”തായി പേരൻറ്സ് മാസിക പറയുന്നു. “പൊടിപ്പാൽ മാത്രം കുടിക്കുന്ന കുഞ്ഞിന് പ്രസ്തുത രോഗങ്ങളിൽ ഏതെങ്കിലും പിടിപെടുന്നതിന് മുലപ്പാൽ മാത്രം കുടിക്കുന്ന കുഞ്ഞിനെക്കാൾ ഏതാണ്ട് ഇരട്ടി സാധ്യതയുണ്ടെന്ന് രോഗനിയന്ത്രണ-പ്രതിരോധ കേന്ദ്രങ്ങളിലെ ഗവേഷകർ കണ്ടെത്തി.” അമ്മയിലുള്ള സംരക്ഷണാത്മക ആൻറിബോഡികൾ മുലപ്പാലിലൂടെ കുട്ടിക്കു ലഭിക്കുന്നതിനാൽ മുലപ്പാൽ രോഗബാധയിൽനിന്നു കുട്ടിയെ സംരക്ഷിക്കുന്നുവെന്ന് ഡോക്ടർമാർ ദീർഘനാളായി വിശ്വസിച്ചിരുന്നെങ്കിലും മുലപ്പാൽ അതിലുമധികം ചെയ്യുന്നുവെന്ന് പഠനം കാണിക്കുന്നു. പഠനറിപ്പോർട്ട് തയ്യാറാക്കിയവരിലൊരാളായ ലോറൻസ് ഗ്രമ്മെർ-സ്ട്രാൻ പറയുന്നു: “ഒരു ശിശുവിന് ആദ്യത്തെ ആറു മാസങ്ങളിൽ എത്രയധികം മുലപ്പാൽ കിട്ടുന്നുവോ അത്രയധികം നല്ലതായിരിക്കും എന്നു പറഞ്ഞാൽ എതിരഭിപ്രായം ഉണ്ടാകാനിടയില്ല.”
കുത്തിത്തുളയ്ക്കൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു
ശരീരം കുത്തിത്തുളയ്ക്കുന്നത് ചില രാജ്യങ്ങളിൽ വലിയ ഭ്രമമാണ്. എന്നാൽ “ചുണ്ട്, കവിൾ, നാക്ക് എന്നീ ഭാഗങ്ങൾ കുത്തിത്തുളയ്ക്കുന്നത് അണുബാധയ്ക്കു പുറമേ മറ്റു പല അപകടങ്ങൾക്കും ഇടയാക്കുന്നു”വെന്ന് ദ ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ റിപ്പോർട്ടു ചെയ്യുന്നു. മോർഗൻടൗണിലുള്ള വെസ്റ്റ് വെർജീനിയ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഡെൻറിസ്ട്രിയിലെ ദന്തഡോക്ടർമാർ പറയുന്നതനുസരിച്ച് “വേദന, നീര്, അണുബാധ, വർധിച്ച ഉമിനീർ പ്രവാഹം, മോണയ്ക്കേൽക്കുന്ന പരിക്ക് എന്നിവ വായ് കുത്തിത്തുളയ്ക്കുന്നവരുടെയിടയിൽ സാധാരണമാണ്. . . . വായ് കുത്തിത്തുളച്ച ശേഷം ഇടുന്ന ആഭരണങ്ങൾ കൂടുതലായ അപകടങ്ങൾ വരുത്തിവെക്കുന്നു.” ഈ ആഭരണങ്ങൾ പല്ലുകൾ ഒടിയുന്നതിനോ പൊട്ടുന്നതിനോ ഇടയാക്കിയേക്കാം. കൂടാതെ അവ സംസാര തടസ്സത്തിനും തഴമ്പു രൂപംകൊള്ളുന്നതിനും ഇടയാക്കിയേക്കാം. വിഴുങ്ങിപ്പോകുന്ന പക്ഷം അവ ശ്വാസതടസ്സവും ഉളവാക്കിയേക്കാം.
ദയവായി മത്സരിക്കാതിരിക്കൂ
“മറ്റു സഭകളിൽനിന്നു സ്വന്തം സഭയിലേക്ക് അംഗങ്ങളെ ചേർക്കുന്നതിന് ചില സഭകൾ നടത്തുന്ന ‘മത്സരാത്മക’ ശ്രമങ്ങൾ അവസാനിപ്പിക്കാൻ” 330 അംഗസഭകളുള്ള ലോക സഭാ കൗൺസിൽ (ഡബ്ലിയുസിസി) “ആഹ്വാനം ചെയ്ത”തായി ഇഎൻഐ ബുള്ളറ്റിൻ റിപ്പോർട്ടു ചെയ്യുന്നു. “വികസ്വര രാജ്യങ്ങളിൽ, ‘മനുഷ്യകാരുണ്യ പ്രവർത്തനങ്ങളിലൂടെ സഹായം’ നൽകി . . . പാവപ്പെട്ടവരെയും തനിച്ചായിരിക്കുന്നവരെയും സ്വന്തം രാജ്യത്തുനിന്ന് പിഴുതെറിയപ്പെട്ടവരെയും സ്വാധീനിച്ച് മതം മാറ്റുന്ന രീതിയെ” ഡബ്ലിയുസിസി “പ്രത്യേകം വിമർശിക്കുന്നു.” ‘സ്വീകാര്യമായ രീതിയിൽ സുവിശേഷം സാക്ഷീകരിക്കുന്നതിനെയും അസ്വീകാര്യമായ മതപരിവർത്തനത്തെയും’ വേർതിരിച്ചറിയിക്കുന്ന മാർഗരേഖകൾ നൽകുകയുണ്ടായി. അസ്വീകാര്യമായ മതപരിവർത്തനത്തിൽ പിൻവരുന്ന സംഗതികൾ ഉൾപ്പെടുന്നു: മറ്റൊരു സഭയെ “അന്യായമായി വിമർശിക്കുന്നത്,” ഒരുവന്റെ സഭയെയും വിശ്വാസങ്ങളെയും സത്യമാണെന്ന രീതിയിൽ അവതരിപ്പിക്കുന്നത്, വിദ്യാഭ്യാസ അവസരങ്ങളോ മനുഷ്യകാരുണ്യ പ്രവർത്തനങ്ങളിലൂടെ സഹായമോ നൽകിക്കൊണ്ട് മറ്റൊരു സഭയിൽ ചേരാൻ ആളുകളെ നിർബന്ധിക്കുന്നത്, ബലപ്രയോഗത്താലോ മാനസിക സമ്മർദം ചെലുത്തിയോ മതംമാറാൻ ആളുകളെ പ്രേരിപ്പിക്കുന്നത്, “തങ്ങളുടെ സഭയുടെ കാര്യത്തിൽ” ആളുകൾക്കുള്ള ദുഃഖത്തെയോ “നിരാശയെയോ” മുതലെടുത്ത് “അവരെ ‘മതംമാറ്റുന്നത്.’”
ഇറ്റലിയിൽ മരുഭൂവത്കരണം
സാധാരണഗതിയിൽ മരുഭൂമികളുമായി ബന്ധപ്പെട്ട ഒരു രാജ്യമല്ലെങ്കിലും ഇറ്റലി, മരുഭൂവത്കരണത്തിനെതിരെ പോരാടുന്നതിനായി ഒരു ദേശീയ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നു. കാരണം? ഇറ്റലിയുടെ വടക്കുഭാഗത്തുള്ള പ്രദേശങ്ങളിൽ മണ്ണിന്റെ ഫലപുഷ്ടി അതിവേഗം കുറഞ്ഞുവരികയാണ്. “ഹരിതഗൃഹ പ്രഭാവത്തിനു കാരണമായ വാതകങ്ങളുടെ അളവു കുറയ്ക്കാനും ഹാനികരമായ ചില കാർഷിക രീതികളിൽ മാറ്റംവരുത്താനും സഹായിക്കുന്ന സുചിന്തിതമായ ഒരു പരിസ്ഥിതി നയം നടപ്പിലാക്കാത്തപക്ഷം . . . ഏതാനും ദശകങ്ങൾക്കുള്ളിൽ [ഇറ്റലിയുടെ] പ്രദേശത്തിന്റെ 27 ശതമാനം ചുട്ടുപൊള്ളുന്ന മരുഭൂമിയായിത്തീർന്നേക്കാമെന്ന്” ലാ സ്റ്റാമ്പാ എന്ന പത്രം പറയുന്നു. ഐക്യരാഷ്ട്ര ഭക്ഷ്യ-കാർഷിക സംഘടന, മരുഭൂവത്കരണത്തെക്കുറിച്ച് റോമിൽവെച്ചു നടത്തിയ സമ്മേളനത്തിലാണ് ആപത്ധ്വനി മുഴങ്ങിയത്. സിസിലി, സാർഡിനിയ, കലേബ്രിയ, അപ്യൂല്യ, ബസിലിക്കാറ്റ എന്നിങ്ങനെ ഇറ്റലിയുടെ തെക്കുഭാഗത്തുള്ള മേഖലകൾ മാത്രമല്ല അപകടത്തിലായിരിക്കുന്നതെന്നും വടക്കുഭാഗത്തെ കാലങ്ങളായി ഫലഭൂയിഷ്ഠമായ പ്രദേശങ്ങളും ബാധിക്കപ്പെട്ടിരിക്കുകയാണെന്നും അവിടങ്ങളിലെ മണ്ണിന്റെ ഫലപുഷ്ടി കുറഞ്ഞുവരികയാണെന്നും വിശദീകരിക്കുകയുണ്ടായി.
കുട്ടികൾക്കുണ്ടാകുന്ന അതിസാരത്തിനു ചികിത്സ
“കുട്ടികൾക്കിടയിലെ കടുത്ത അതിസാരം ഏതാണ്ടു പൂർണമായും നിർമാർജനം ചെയ്യുന്ന ഒരു വാക്സിൻ വെനെസ്വേലയിലെ ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുന്ന”തായി കരാക്കസിലെ ദ ഡെയ്ലി ജേർണൽ പറയുന്നു. “വികസ്വര രാജ്യങ്ങളിലെ അഞ്ചു വയസ്സിനു താഴെയുള്ള 8,73,000-ത്തോളം കുട്ടികളെ ഓരോ വർഷവും കൊന്നൊടുക്കുന്ന റോട്ടവൈറസിൽനിന്നു സംരക്ഷണം നൽകാനാണ് . . . ആ വാക്സിൻ നിർമിച്ചിരിക്കുന്നത്.” ഐക്യനാടുകളിൽപോലും, ഈ രോഗം ശിശുക്കളും സ്കൂൾപ്രായമെത്താത്തവരുമായ 1,00,000-ത്തിലധികം പേരെ ഓരോ വർഷവും ആശുപത്രിയിലെത്തിക്കുന്നു. വാക്സിന്റെ ഉപയോഗംമൂലം വൈറസിനെതിരെ 88 ശതമാനം സംരക്ഷണം ലഭിച്ചതായും കടുത്ത അതിസാരംമൂലം ആശുപത്രിയിലാക്കപ്പെടുന്നവരുടെ എണ്ണം 70 ശതമാനം കുറഞ്ഞതായും ദ ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിക്കപ്പെട്ട പഠനം റിപ്പോർട്ടു ചെയ്യുന്നു. എങ്കിലും ഒരു കുഴപ്പമുണ്ട്. “പ്രസ്തുത ചികിത്സ ഏറ്റവും കൂടുതൽ ആവശ്യമായിരിക്കുന്ന വികസ്വര രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം അതു വളരെ ചെലവേറിയതായിരുന്നേക്കാം” എന്ന് ദ ഡെയ്ലി ജേർണൽ പറയുന്നു. ആ രാജ്യങ്ങൾ “ആരോഗ്യപരിപാലനത്തിനായി ഓരോ വ്യക്തിക്കും പ്രതിവർഷം 20 ഡോളറിൽ കുറവേ ചെലവാക്കുന്നുള്ളൂ.” വാക്സിൻ ചെലവു കുറഞ്ഞ രീതിയിൽ ഉത്പാദിപ്പിക്കാൻ കഴിയുന്നതുവരെ, അതിസാരം നിമിത്തമുള്ള നിർജലീകരണത്തിനുള്ള ചികിത്സ ശരീരത്തിൽനിന്നു നഷ്ടപ്പെട്ട ദ്രാവകം പുനഃസ്ഥാപിക്കലായിരിക്കണം. 20 വർഷമായി ഫലപ്രദമായി ഉപയോഗിച്ചുവരുന്ന ഒരു ചികിത്സാമാർഗമാണിത്.
ആലയ രസീത് കണ്ടെത്തപ്പെട്ടു
“യാഹ്വേയുടെ ആലയത്തിലേക്ക് മൂന്ന് വെള്ളി ശെക്കേൽ സംഭാവന കൊടുത്തതിനുള്ള രസീത് ആണെന്നു കരുതുന്ന” ഒന്ന് “അടുത്തയിടെ പുരാതനവസ്തുക്കൾ വിൽക്കുന്ന വിപണിയിൽ പ്രത്യക്ഷപ്പെട്ട”തായി ബിബ്ലിക്കൽ ആർക്കിയോളജി റിവ്യൂ പറയുന്നു. “ശലോമോൻ രാജാവിന്റെ ആലയത്തെക്കുറിച്ചു കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതിലേക്കും പഴക്കംചെന്ന ബൈബിളിതര പരാമർശമാണ് അത്. . . . BYT YHWH അതായത് ‘കർത്താവിന്റെ ഭവനം [യാഹ്വേ]’ [എന്നീ വാക്കുകൾ] . . . ഒരു ബൈബിളിതര ആലേഖനത്തിൽ മാത്രമേ പൂർണമായ രൂപത്തിൽ കണ്ടെത്തപ്പെട്ടിരുന്നുള്ളു.” സന്ദർഭം വ്യക്തമല്ലാഞ്ഞതിനാൽ അതിന്റെ അർഥം വിവാദപരമായിരുന്നു. 10.9 സെൻറിമീറ്റർ നീളവും 8.6 സെൻറിമീറ്റർ വീതിയും അഞ്ചു വരികളും 13 വാക്കുകളും ഉള്ള, പുതുതായി കണ്ടെത്തപ്പെട്ട കളിമൺപാത്രക്കഷണത്തിലെ ആലേഖനം വ്യക്തവും അനായാസം വായിക്കാവുന്നതുമാണ്. പൊ.യു.മു. ഒമ്പതാം നൂറ്റാണ്ടിലേതെന്ന് കാലനിർണയം ചെയ്യപ്പെട്ട അതിന് മറ്റേ ആലേഖനത്തെക്കാളും ഒരു നൂറ്റാണ്ടെങ്കിലും അധികം പഴക്കമുണ്ട്. വിദഗ്ധർ അതിനെ പ്രാമാണികമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.
ശെബാ രാജ്ഞി വിവാദം
എത്യോപ്യയിൽ അവരെ വിളിക്കുന്നത് മാക്കെഡാ എന്നാണ്. യെമനിൽ അവരുടെ പേര് ബിൽക്കിസ് എന്നാണ്. അവർ കൂടുതലും അറിയപ്പെടുന്നത് ശെബാ രാജ്ഞി എന്ന പേരിലാണ്. ബൈബിളിലും ഖുർആനിലും അവരെ അങ്ങനെയാണു പരാമർശിക്കുന്നത്. ഇരു രാജ്യക്കാരും അവർ തങ്ങളുടെ നാട്ടുകാരിയാണെന്ന് അവകാശപ്പെടുകയും അവരുടെ ശവകുടീരം പെട്ടെന്നുതന്നെ അവിടെ കണ്ടെത്തപ്പെടുമെന്നു പ്രത്യാശിക്കയും ചെയ്യുന്നു. അതുകൊണ്ട് തെളിവിനുവേണ്ടി കുഴിച്ചുകൊണ്ടേയിരിക്കാൻ പുരാവസ്തു ഗവേഷകരെ പ്രോത്സാഹിപ്പിക്കുന്നു. ശെബാ രാജ്ഞിയെക്കുറിച്ചുള്ള തെളിവു കണ്ടെത്താൻ കഴിയുന്നപക്ഷം പ്രസ്തുത സ്ഥലം ഒരു വലിയ വിനോദസഞ്ചാര കേന്ദ്രമായിത്തീരും. പുരാതന കാലത്തുതന്നെ ആ രാജ്യം സംസ്കാരസമ്പന്നമായിരുന്നു എന്ന അതിന്റെ അവകാശവാദങ്ങളെ അതു സാധൂകരിക്കുകയും ചെയ്യും. “പുരാവസ്തുഗവേഷകർ പുരാതന ശെബാ രാജ്യത്തുനിന്നുള്ള ധാരാളം ആലേഖനങ്ങൾ എത്യോപ്യയിലും യെമനിലുമുള്ള പുരാതന ശിലകളിൽ കണ്ടെത്തി”യതായി ദ വാൾ സ്ട്രീറ്റ് ജേർണൽ പറയുന്നു. “വിചിത്രമെന്നു പറയട്ടെ, ഒന്നിലും മാക്കെഡായെക്കുറിച്ചോ ബിൽക്കിസിനെക്കുറിച്ചോ ഉള്ള പരാമർശമില്ല.” അതിങ്ങനെ കൂട്ടിച്ചേർക്കുന്നു: “ബൈബിൾ വലിയ സഹായമല്ല. അത് ശലോമോനു ശെബാ കൊണ്ടുവന്നുകൊടുത്ത സ്വർണത്തെക്കുറിച്ചും സുഗന്ധവ്യഞ്ജനത്തെക്കുറിച്ചുമുള്ള സകല വിശദാംശങ്ങളും നൽകുന്നു. എന്നാൽ അവർ എവിടെനിന്നാണു വന്നതെന്ന് അതു പറയുന്നില്ല.”
ജാമ്യ ചുരുളുകൾ
ശമര്യാക്കാർക്ക്—ഇപ്പോൾ അവരുടെ അംഗസംഖ്യ കേവലം 600 മാത്രമാണ്—അവരുടെ വിശുദ്ധ ഗ്രന്ഥങ്ങൾ തിരികെ ലഭിക്കണമെങ്കിൽ മോചനദ്രവ്യമായി 10 ലക്ഷം ഡോളർ നൽകേണ്ടിവന്നിരിക്കുകയാണ്. യഥാക്രമം 700-ഉം 400-ഉം വർഷം പഴക്കമുള്ളതായി പറയപ്പെടുന്ന രണ്ടു ചുരുളുകൾ വെസ്റ്റ് ബാങ്കിലുള്ള നാബ്ലസ് നഗരത്തിലെ ഒരു ശമര്യാ സിനഗോഗിൽനിന്ന് മൂന്നു വർഷം മുമ്പാണ് മോഷണം പോയത്. മോഷ്ടാക്കൾ ആ ചുരുളുകൾ രാജ്യത്തുനിന്ന് ഒളിച്ചുകടത്തി. അതിനുശേഷം അവ പ്രത്യക്ഷപ്പെടുന്നത് അടുത്തയിടെ ജോർദാനിലെ അമ്മാനിലാണ്. ശമര്യാക്കാരായ മൂപ്പൻമാർ അവിടെച്ചെന്ന് അവ കാണുകയുണ്ടായി. അവ വെക്കാറുള്ള സ്ഥലം അറിയാമായിരുന്ന ഒരു വ്യക്തിയാണ് അവ മോഷ്ടിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. ശമര്യാക്കാരിൽ മിക്കവരും നാബ്ലസിൽ തലയുയർത്തിനിൽക്കുന്ന മലയുടെ മുകളിലാണു പാർക്കുന്നത്. അത് അവരുടെ അതിവിശുദ്ധ സ്ഥലമാണ്. പുത്രനായ യിസ്ഹാക്കിനെ ബലിയർപ്പിക്കാൻ ദൈവം അബ്രാഹാമിനോട് കൽപ്പിച്ചത് അവിടെവെച്ചാണെന്നാണ് അവരുടെ വിശ്വാസം.
[29-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Courtesy: Shlomo Moussaieff