അമ്മയുടെ പാലിനെ അനുകൂലിക്കുന്ന തെളിവുകൾ
നൈജീരിയയിലെ ഉണരുക! ലേഖകൻ
സ്വാദേറിയതും എളുപ്പത്തിൽ ദഹിക്കുന്നതും വളരുന്ന ശിശുക്കളുടെ എല്ലാ പോഷകാവശ്യങ്ങളും നിറവേററുന്നതുമായ ഒരു ശിശു ആഹാരത്തെക്കുറിച്ചു സങ്കല്പിക്കുക. രോഗം വരാതെ സൂക്ഷിക്കുന്നതും രോഗം ചികിത്സിക്കുന്നതുമായ ഒരു “അത്ഭുത മരുന്നി”നെക്കുറിച്ച് ഒന്നു വിഭാവനചെയ്യുക. പണച്ചെലവില്ലാത്തതും ഭൂമുഖത്ത് എല്ലായിടത്തും ഉള്ള കുടുംബങ്ങൾക്കു നിഷ്പ്രയാസം ലഭ്യമാകുന്നതുമായ ഒരു ആഹാരത്തെക്കുറിച്ചുതന്നെ.
അസാധ്യം എന്നു നിങ്ങൾ പറയുമോ? കൊള്ളാം, വ്യവസായ ശാസ്ത്രജ്ഞൻമാർ വികസിപ്പിച്ചെടുത്തതല്ലെങ്കിലും അങ്ങനെയൊരു ഉത്പന്നം നിലവിലുണ്ട്. അത് അമ്മയുടെ പാലാണ്.
ഈ അത്ഭുത ഭോജ്യം മനുഷ്യവർഗത്തിന്റെ ചരിത്രത്തിലുടനീളം ശിശുസംരക്ഷണത്തിന് അത്യന്താപേക്ഷിതമായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഉദാഹരണമായിപ്പറഞ്ഞാൽ, ഫറവോന്റെ പുത്രി ശിശുവായിരുന്ന മോശയെ കണ്ടപ്പോൾ അവനെ ‘മുലയൂട്ടി വളർത്തുന്നതിന് ഒരു . . . സ്ത്രീയെ’ വിളിച്ചുകൊണ്ടുവരുന്നതിന് അവന്റെ സഹോദരിയെ പറഞ്ഞയച്ചതായി ബൈബിൾ നമ്മോടു പറയുന്നു. (പുറപ്പാട് 2:5-9, പി.ഒ.സി. ബൈ.) പിൽക്കാലത്ത്, ഗ്രീക്ക്, റോമാ സമുദായങ്ങളിൽ ധനികരായ മാതാപിതാക്കളുടെ കുഞ്ഞുങ്ങൾക്കു പാലു കൊടുക്കാൻ സാധാരണമായി നല്ല ആരോഗ്യമുള്ള ധാത്രിമാരെ നിയോഗിച്ചിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ ദശകങ്ങളിൽ മുലയൂട്ടൽ സമ്പ്രദായം തീരെ കുറഞ്ഞുപോയിരിക്കുന്നു. മുലപ്പാൽ ആധുനിക സാങ്കേതിക വിദ്യയുടെ ശിശു ഫോർമുലകളെക്കാൾ തരംതാഴ്ന്നതാണെന്ന് അനേകം ആളുകളെ ചിന്തിക്കാനിടയാക്കിയ പരസ്യങ്ങളാണ് ഇതിന്റെ ഭാഗികമായ കാരണം. എന്നാൽ “മുലയൂട്ടലാണ് അത്യുത്തമ”മെന്നു കൂടുതൽ കൂടുതൽ അമ്മമാർ തിരിച്ചറിഞ്ഞു വരുന്നതോടെ ആ പ്രവണത ഇന്നു നേരെമറിച്ചായിക്കൊണ്ടിരിക്കുകയാണ്.
അത്യുത്തമ പോഷകാഹാരം
ശിശുക്കളെ പോററാനുള്ള സ്രഷ്ടാവിന്റെ അന്ത:നിർമിത ക്രമീകരണത്തെക്കാൾ മെച്ചമായ എന്തെങ്കിലും ശാസ്ത്രജ്ഞർ കണ്ടുപിടിച്ചിട്ടുണ്ടോ? ഇല്ല. ഐക്യരാഷ്ട്ര ശിശുക്ഷേമനിധി (യുനിസെഫ്) ഇപ്രകാരം പ്രസ്താവിക്കുന്നു: “ജീവിതത്തിലെ ആദ്യത്തെ നാലുമുതൽ ആറുവരെയുള്ള മാസങ്ങളിൽ ശിശുക്കൾക്കു പററിയ ഏററവും നല്ല ഭക്ഷണവും പാനീയവും മുലപ്പാൽ ഒന്നുമാത്രമാണ്.” ജീവിതത്തിലെ ആദ്യത്തെ ഏതാനും മാസങ്ങളിലെ ശിശുവിന്റെ ആരോഗ്യകരമായ വളർച്ചക്കു ജീവൽപ്രധാനമായ എല്ലാ മാംസ്യങ്ങളും വളർച്ചക്കുള്ള ഉത്തേജകങ്ങളും കൊഴുപ്പുകളും കാർബോഹൈഡ്രേററുകളും എൻസൈമുകളും ജീവകങ്ങളും കേവല മൂലകങ്ങളും മുലപ്പാലിൽ അടങ്ങിയിരിക്കുന്നു.
മുലപ്പാൽ നവജാത ശിശുക്കൾക്ക് അത്യുത്തമാഹാരം ആണെന്നു മാത്രമല്ല, അവർക്കാവശ്യമായിരിക്കുന്ന ഏക ആഹാരവും അതുതന്നെയാണ്. “ഒരു സാധാരണ ശിശുവിന്റെ പോഷകാവശ്യങ്ങൾ നിറവേററുന്നതിന് ജീവിതത്തിലെ ആദ്യത്തെ നാലുമുതൽ ആറുവരെയുള്ള മാസങ്ങളിൽ മുലപ്പാലല്ലാതെ മറേറതെങ്കിലും ആഹാരമോ ദ്രാവകമോ ജലം പോലുമോ ആവശ്യമില്ല” എന്ന് 1992 മേയിൽ ലോകാരോഗ്യ സമ്മേളനം ആവർത്തിച്ചു സ്ഥിരീകരിച്ചു. ഉഷ്ണമുള്ള, വരണ്ട കാലാവസ്ഥകളിൽ പോലും ശിശുവിന്റെ ദാഹം ശമിപ്പിക്കുന്നതിനു മതിയായ ജലം മുലപ്പാലിൽ അടങ്ങിയിട്ടുണ്ട്. കൂടുതലായ വെള്ളമോ പഞ്ചസാര ചേർത്ത പാനീയങ്ങളോ കുപ്പിയിൽ കുടിപ്പിക്കുന്നത് അനാവശ്യമാണെന്നു മാത്രമല്ല, കുഞ്ഞ് മുലകുടി പൂർണമായി നിർത്തുന്നതിന് അത് ഇടയാക്കുകയും ചെയ്തേക്കാം. കാരണം കുപ്പിയിൽ കുടിക്കുന്നതു താരതമ്യേന എളുപ്പമായതുകൊണ്ടു കുഞ്ഞുങ്ങൾ അതു സാധാരണമായി കൂടുതൽ ഇഷ്ടപ്പെടുന്നു. തീർച്ചയായും, ജീവിതത്തിലെ ആദ്യത്തെ ഏതാനും മാസങ്ങൾക്കുശേഷം മററു ഭക്ഷണപാനീയങ്ങൾ ശിശുവിന്റെ ആഹാരക്രമത്തോടു ക്രമേണ ചേർക്കേണ്ടതാണ്.
ശിശുക്കളുടെ ആരോഗ്യകരമായ വളർച്ചയും വികാസവും മെച്ചപ്പെടുത്തുന്നതിനു ഘടകപദാർഥങ്ങൾ ഇത്രയ്ക്കും സമീകൃതമായുള്ള മറെറാരു വസ്തുവുമില്ല. പുനരുത്പാദക ആരോഗ്യം—ആഗോള പ്രശ്നങ്ങൾ [ഇംഗ്ലീഷ്] എന്ന പുസ്തകം ഇപ്രകാരം പ്രസ്താവിക്കുന്നു: “മുലപ്പാലിനു പകരമായി ഒരു വസ്തു കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചിട്ടില്ല. ശിശുപോഷണം സംബന്ധിച്ച ചരിത്രഗ്രന്ഥങ്ങളിലാകമാനം മുലകുടിക്കുന്ന ശിശുക്കളെക്കാൾ കുടിക്കാത്തവർക്ക് രോഗബാധയുടെയും വികലപോഷണത്തിന്റെയും വമ്പിച്ച അപകടസാധ്യതയുണ്ടെന്നതിന്റെ തെളിവുകളുണ്ട്.”
മുലയൂട്ടൽ ജീവൻ രക്ഷിക്കുന്നു
ലോകാരോഗ്യ സംഘടന (ഡബ്ലിയുഎച്ച്ഒ) പറയുന്നതനുസരിച്ച്, എല്ലാ അമ്മമാരും തങ്ങളുടെ കുഞ്ഞുങ്ങളെ ആദ്യത്തെ നാലുമുതൽ ആറുവരെയുള്ള മാസങ്ങളിൽ മറെറാന്നും കൊടുക്കാതെ മുലയൂട്ടിയിരുന്നെങ്കിൽ ലോകവ്യാപകമായുള്ള പത്തു ലക്ഷം ശിശു മരണങ്ങൾ ഓരോ വർഷവും തടയാമായിരുന്നു. “ഒരു ദരിദ്ര സമൂഹത്തിലെ കുപ്പിപ്പാൽ കുടിക്കുന്ന ഒരു കുഞ്ഞിന് മുലപ്പാൽ മാത്രം കുടിക്കുന്ന ഒരു കുഞ്ഞിനെക്കാൾ അതിസാരം നിമിത്തം മരണമടയാൻ ഏകദേശം 15 മടങ്ങും ന്യൂമോണിയ നിമിത്തം മരിക്കാൻ 4 മടങ്ങും കൂടുതൽ സാധ്യതയുണ്ട്” എന്ന് 1992-ലെ ലോകത്തിലെ കുട്ടികളുടെ അവസ്ഥ [ഇംഗ്ലീഷ്] എന്ന യുനിസെഫ് റിപ്പോർട്ടു പ്രസ്താവിക്കുന്നു.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഒരു കാരണം പൊടിപ്പാൽ അമ്മയുടെ പാലിനെക്കാൾ പോഷകപരമായി രണ്ടാംതരമാണെന്നു മാത്രമല്ല, അതു പലപ്പോഴും അശുദ്ധ ജലം ഉപയോഗിച്ച് അമിതമായി നേർപ്പിക്കുകയും അണുനിർമാർജനം ചെയ്യാത്ത കുപ്പികളിലാക്കി കൊടുക്കുകയും ചെയ്യുന്നു എന്നതാണ്. അങ്ങനെ ബാക്ടീരിയയും വൈറസുകളും കുപ്പിപ്പാലിനെ എളുപ്പത്തിൽ മലിനമാക്കുന്നു. ഈ ബാക്ടീരിയയും വൈറസുകളുമാണ് വികസ്വര രാജ്യങ്ങളിലെ കുട്ടികളുടെ മുഖ്യ കൊലയാളികളായ അതിസാരത്തിനും ശ്വാസകോശ സംബന്ധമായ രോഗബാധകൾക്കും ഇടയാക്കുന്നത്. നേരെമറിച്ച്, മുലയിൽനിന്നു നേരിട്ടു വരുന്ന പാൽ പെട്ടെന്നു മലിനീകരിക്കപ്പെടുന്നില്ല, കൂട്ടിക്കലർത്തേണ്ട ആവശ്യമില്ല, അഴുക്കാകുന്നില്ല, കൂടുതൽ നേർത്തുപോകുന്നുമില്ല.
മുലയൂട്ടൽ ജീവനെ രക്ഷിക്കുന്നതിന്റെ രണ്ടാമത്തെ കാരണം രോഗത്തിനെതിരെ ശിശുവിനെ സംരക്ഷിക്കുന്ന ആൻറിബോഡികൾ അമ്മയുടെ പാലിൽ അടങ്ങിയിരിക്കുന്നു എന്നതാണ്. അതിസാരമോ മററു രോഗബാധകളോ ഉണ്ടായാൽ പോലും മുലകുടിക്കുന്ന ശിശുക്കളിൽ അവ സാധാരണമായി കഠിനപ്പെടാറില്ല, ചികിത്സ എളുപ്പവുമാണ്. മുലകുടിക്കുന്ന കുഞ്ഞുങ്ങൾക്കു ദന്ത രോഗവും ക്യാൻസറും പ്രമേഹവും അലർജികളും വരാൻ പ്രവണത കുറവുള്ളതായി കാണപ്പെടുന്നു എന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. കൂടാതെ ശക്തിയായി വലിക്കേണ്ടി വരുന്നതുകൊണ്ട് മുലയൂട്ടൽ ശിശുക്കളുടെ മുഖത്തുള്ള അസ്ഥികളുടെയും പേശികളുടെയും ശരിയായ വളർച്ചയെ ത്വരിതപ്പെടുത്തിയേക്കാം.
അമ്മമാർക്കുള്ള പ്രയോജനങ്ങൾ
മുലയൂട്ടൽ കുഞ്ഞിനു മാത്രമല്ല, അമ്മയ്ക്കും പ്രയോജനം ചെയ്യുന്നു. ഒരു സംഗതി, കുഞ്ഞിന്റെ മുലനുകരൽ പാലിന്റെ ഉത്പാദനത്തിനും ഒഴുക്കിനും മാത്രമല്ല ഗർഭാശയത്തിന്റെ സങ്കോചനത്തിനും ഇടയാക്കുന്ന ഓക്സിറേറാസിൻ എന്ന ഹോർമോണിന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. പ്രസവത്തിനുശേഷം ഗർഭാശയം വേഗത്തിൽ സങ്കോചിക്കുമ്പോൾ നീണ്ടകാലത്തേക്കുള്ള രക്തസ്രാവത്തിനു സാധ്യത കുറവാണ്. കൂടാതെ മുലയൂട്ടൽ അണ്ഡരൂപവൽക്കരണത്തിന്റെ പുനരാരംഭത്തിനും ആർത്തവത്തിനും കാലതാമസം വരുത്തുന്നു. ഇത് അടുത്ത ഗർഭധാരണത്തെ താമസിപ്പിക്കുന്നു. ഗർഭധാരണങ്ങൾക്കിടയിലെ നീണ്ട ഇടവേളകൾ കൂടുതൽ ആരോഗ്യമുള്ള അമ്മമാരെയും കുഞ്ഞുങ്ങളെയും അർഥമാക്കുന്നു.
മുലയൂട്ടൽ അണ്ഡാശയത്തിലെയും സ്തനത്തിലെയും അർബുദത്തിന്റെ അപകടസാധ്യത കുറയ്ക്കുന്നു എന്നുള്ളതാണു സ്ത്രീകൾക്കുള്ള മറെറാരു പ്രയോജനം. കുഞ്ഞിനെ മുലയൂട്ടുന്ന ഒരു സ്ത്രീക്കു സ്തനാർബുദത്തിനുള്ള അപകടസാധ്യത അവൾ മുലയൂട്ടിയില്ലെങ്കിൽ ഉണ്ടാകുമായിരുന്നതിന്റെ പകുതിയാണെന്നു ചില വിദഗ്ധർ പറയുന്നു.
മുലയൂട്ടലിന്റെ പ്രയോജനങ്ങൾ പട്ടികപ്പെടുത്തുമ്പോൾ അമ്മയും കുഞ്ഞും തമ്മിലുള്ള ഉററബന്ധം നമുക്ക് അവഗണിക്കാവുന്നതല്ല. മുലയൂട്ടലിൽ ആഹാരം കൊടുക്കൽ മാത്രമല്ല അധര സമ്പർക്കവും ചർമ സ്പർശവും ശാരീരികമായ ചൂടും ഉൾപ്പെട്ടിരിക്കുന്നതിനാൽ അമ്മയ്ക്കും കുഞ്ഞിനും ഇടയിൽ ഒരു സുപ്രധാന ബന്ധം കരുപ്പിടിച്ചുവരുന്നതിനും ഒരുപക്ഷേ കുട്ടി വൈകാരികവും സാമൂഹികവുമായി വികാസം പ്രാപിക്കുന്നതിനും അതു കാരണമാകുന്നു.
മുലയൂട്ടാൻ തീരുമാനമെടുക്കൽ
ചില പ്രത്യേക ആവശ്യങ്ങൾ നിറവേററുന്നപക്ഷം മിക്ക അമ്മമാരും തങ്ങളുടെ കുഞ്ഞുങ്ങൾക്കു മതിയായ പാൽ നൽകാൻ ശാരീരികമായി പ്രാപ്തരാണ്. ജനനത്തിനുശേഷം എത്രയും പെട്ടെന്ന് അതായത്, കുഞ്ഞിനെ പ്രസവിച്ച ശേഷമുള്ള ആദ്യത്തെ മണിക്കൂറിനുള്ളിൽ മുലയൂട്ടൽ ആരംഭിച്ചിരിക്കണം. (ആദ്യത്തെ മുലപ്പാലായ കൊളസ്ട്രം എന്നു വിളിക്കുന്ന കട്ടിയുള്ള മഞ്ഞ പദാർഥം ശിശുക്കൾക്കു ഗുണകരമാണ്. അത് അവരെ രോഗബാധയിൽനിന്നു സംരക്ഷിക്കുകയും ചെയ്യുന്നു.) അതിനുശേഷം, ഒരു നിശ്ചിത ക്രമം അനുസരിച്ചായിരിക്കാതെ, രാത്രിയിലുൾപ്പെടെ കുഞ്ഞുങ്ങളുടെ ആവശ്യം അനുസരിച്ച് അവരെ കുടിപ്പിക്കേണ്ടതാണ്. മുലയൂട്ടുമ്പോൾ കുഞ്ഞിനെ ശരിയായ രീതിയിൽ പിടിക്കുന്നതും പ്രധാനമാണ്. അനുഭവപരിചയവും അനുകമ്പയും ഉള്ള ഒരു ഉപദേശകക്ക് ഈ കാര്യങ്ങളിൽ സഹായം നൽകാൻ കഴിയും.
തന്റെ കുഞ്ഞിനെ മുലയൂട്ടണമോ വേണ്ടയോ എന്നുള്ള ഒരു അമ്മയുടെ തീരുമാനം തീർച്ചയായും അതു ചെയ്യുന്നതിനുള്ള അവളുടെ ശാരീരിക പ്രാപ്തിയെ മാത്രമല്ല ആശ്രയിച്ചിരിക്കുന്നത്. 1992-ലെ ലോകത്തിലെ കുട്ടികളുടെ അവസ്ഥ ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “തങ്ങളുടെ കുഞ്ഞുങ്ങൾക്കു സാധ്യമായ ഏററവും നല്ല തുടക്കമിട്ടുകൊടുക്കാൻ അമ്മമാർക്കു കഴിയേണ്ടതിന് അവർക്ക് ആശുപത്രികളുടെ പിന്തുണ ആവശ്യമാണ്; എന്നാൽ അവർക്കു മുലയൂട്ടൽ തുടർന്നുകൊണ്ടുപോകണമെങ്കിൽ തൊഴിലുടമകളുടെയും തൊഴിലാളി സംഘടനകളുടെയും സമൂഹങ്ങളുടെയും—മനുഷ്യരുടെയും പിന്തുണ കൂടെ ആവശ്യമായിരിക്കും.” (g93 9/22)
[13-ാം പേജിലെ ചതുരം]
വികസ്വര ലോകത്തിലെ മുലയൂട്ടൽ
1. ഒരു കുഞ്ഞിന്റെ ജീവിതത്തിലെ ആദ്യത്തെ നാലുമുതൽ ആറുവരെയുള്ള മാസങ്ങളിൽ സാധ്യമായ ഏററവും നല്ല ഭക്ഷണപാനീയം മുലപ്പാൽ ഒന്നുമാത്രമാണ്.
2. ജനനത്തിനു ശേഷം എത്രയും പെട്ടെന്നു ശിശുക്കൾ മുലകുടി ആരംഭിക്കേണ്ടതാണ്. സത്യത്തിൽ എല്ലാ അമ്മമാർക്കും തങ്ങളുടെ കുഞ്ഞുങ്ങളെ മുലയൂട്ടാൻ കഴിയും.
3. കുഞ്ഞിന്റെ ആവശ്യത്തിനു മതിയായ മുലപ്പാൽ ഉത്പാദിപ്പിക്കുന്നതിനു കൂടെക്കൂടെ കുടിപ്പിക്കേണ്ടതുണ്ട്.
4. കുപ്പിപ്പാൽ കൊടുക്കുന്നത് ഗുരുതരമായ രോഗത്തിലേക്കും മരണത്തിലേക്കും നയിച്ചേക്കാം.
5. മുലയൂട്ടൽ കുഞ്ഞിന്റെ രണ്ടാമത്തെ വയസ്സിലേക്കും സാധ്യമെങ്കിൽ അതിൽ കൂടുതൽ നാളത്തേക്കും തുടരേണ്ടതുണ്ട്.
ഉറവിടം: യുനിസെഫ്, ഡബ്ലിയുഎച്ച്ഒ, യുനെസ്കോ എന്നീ സംഘടനകൾ ചേർന്നു പ്രസിദ്ധീകരിച്ച ജീവിതത്തിനുവേണ്ടിയുള്ള യാഥാർഥ്യങ്ങൾ [ഇംഗ്ലീഷ്].
[14-ാം പേജിലെ ചതുരം]
മുലയൂട്ടലും എയ്ഡ്സും
ലോകാരോഗ്യ സംഘടനയും യുനിസെഫും, 1992 ഏപ്രിൽ അവസാനം എയ്ഡ്സും മുലയൂട്ടലും തമ്മിലുള്ള ബന്ധം പരിഗണിക്കുന്നതിനായി വിദഗ്ധരുടെ ഒരു അന്താരാഷ്ട്ര സംഘത്തെ വിളിച്ചുകൂട്ടി. എയ്ഡ്സു സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ ആഗോള പരിപാടിയുടെ ഡയറക്ടറായ ഡോ. മൈക്കിൾ മേഴ്സൺ യോഗത്തിന്റെ ആവശ്യം വിശദീകരിച്ചു. അദ്ദേഹം ഇപ്രകാരം പറഞ്ഞു: “മുലയൂട്ടൽ കുട്ടിയുടെ അതിജീവനത്തിന് അത്യന്താപേക്ഷിതമായ ഒരു ഘടകം ആണ്. മുലയൂട്ടിയാൽ കുഞ്ഞ് എയ്ഡ്സ് ബാധിച്ചു മരിക്കാനുള്ള അപകടസാധ്യത ഉണ്ടെന്നുവരികിലും മുലയൂട്ടിയില്ലെങ്കിൽ കുഞ്ഞ് മററു കാരണങ്ങളാൽ മരിക്കാനുള്ള സാധ്യതയുണ്ടെന്നു വിവേചിച്ചറിയേണ്ടതുണ്ട്.”
ലോകാരോഗ്യ സംഘടന പ്രസ്താവിക്കുന്നതനുസരിച്ച് എച്ച്ഐവി ബാധിതരായ അമ്മമാർക്കു ജനിക്കുന്ന കുഞ്ഞുങ്ങളിൽ ഏതാണ്ടു മൂന്നിലൊന്ന് രോഗബാധിതരായിത്തീരുന്നു. മാതാവിൽനിന്നു ശിശുവിലേക്കുള്ള രോഗസംക്രമണം നടക്കുന്നത് അധികവും ഗർഭധാരണ സമയത്തും പ്രസവസമയത്തും ആണെങ്കിലും മുലയൂട്ടുമ്പോഴും അതു സംഭവിക്കാം എന്നതിനു തെളിവുണ്ട്. എന്നിരുന്നാലും, ലോകാരോഗ്യ സംഘടന ഇപ്രകാരം പ്രസ്താവിക്കുന്നു, “എച്ച്ഐവി ബാധിതരായ അമ്മമാർ മുലയൂട്ടുന്ന കുഞ്ഞുങ്ങളിൽ ബഹുഭൂരിപക്ഷവും മുലയൂട്ടലിലൂടെ രോഗബാധിതരാകുന്നില്ല.”
വിദഗ്ധരുടെ സമിതി ഇപ്രകാരം നിഗമനം ചെയ്തു: “ശിശുമരണത്തിന്റെ മുഖ്യകാരണങ്ങൾ സാംക്രമിക രോഗങ്ങളും വികലപോഷണവും ആയിരിക്കുകയും ശിശുമരണനിരക്ക് ഉയർന്നിരിക്കുകയും ചെയ്യുന്നിടത്തെ എച്ച്ഐവി ബാധിതരുൾപ്പെടെയുള്ള ഗർഭിണികളെ മുഖ്യമായി ബുദ്ധ്യുപദേശിക്കേണ്ടത് കുഞ്ഞുങ്ങളെ മുലയൂട്ടാനായിരിക്കണം. ഇതിന്റെ കാരണം മുലപ്പാലിലൂടെ എച്ച്ഐവി ബാധക്കുള്ള അവരുടെ കുഞ്ഞിന്റെ സാധ്യത മുലയൂട്ടുന്നില്ലെങ്കിൽ മററു കാരണങ്ങളാൽ മരണമടയുന്നതിനുള്ള സാധ്യതയെക്കാൾ കുറവായിരുന്നേക്കാമെന്നതാണ്.
“നേരെമറിച്ച്, ശിശുമരണത്തിന്റെ മുഖ്യകാരണം സാംക്രമിക രോഗങ്ങളല്ലാതിരിക്കയും ശിശുമരണനിരക്കു താഴ്ന്നിരിക്കുകയും ചെയ്യുന്ന ചുററുപാടുകളിൽ, എച്ച്ഐവി ബാധിച്ചിട്ടുള്ളതായി അറിയപ്പെടുന്ന ഗർഭിണികളെ സാധാരണമായി ബുദ്ധ്യുപദേശിക്കേണ്ടത് തങ്ങളുടെ കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനു പകരം സുരക്ഷിതമായ മറേറതെങ്കിലും രീതിയിൽ പോററാനായിരിക്കണം.”