കുട്ടികൾ വിഷമസന്ധിയിൽ
പന്ത്രണ്ടു വയസ്സുള്ള ഒരാൺകുട്ടി പാറകൾ പൊട്ടിച്ചുകൊണ്ട് ഇൻഡ്യയിലെ ഒരു കല്ലുമടയിൽ 11 മണിക്കൂർ കഠിനാദ്ധ്വാനം ചെയ്യുന്നു. അവനു ദിവസം 25.50 രൂപാ കിട്ടുന്നു.
പത്തു വയസ്സുള്ള ഒരു പെൺകുട്ടി ബാങ്കോക്കിലെ ഒരു വേശ്യാലയത്തിൽ തന്റെ ശരീരം വില്ക്കുന്നു. അവൾ അവിടെയായിരിക്കുന്നത് ആഗ്രഹിച്ചിട്ടല്ല. അവളുടെ അച്ഛൻ അവളെ 400 ഡോളറിനു വിററു.
പത്തു വയസ്സുള്ള ഒരു കൊച്ചു യോദ്ധാവ് ഒരാഫ്രിക്കൻ ദേശത്തുള്ള റോഡിലെ ചെക്ക്പോസ്ററിൽ വേല ചെയ്യുന്നു. അവന്റെ തോളിൽ ഒരു മെഷീൻഗൺ തൂങ്ങിക്കിടപ്പുണ്ട്; മരിജ്വാന പുകച്ചുകൊണ്ട് അവൻ സമയം കൊല്ലുന്നു.
ഇത്തരം സാഹചര്യങ്ങൾ വികസ്വര രാജ്യങ്ങളിൽ സാധാരണമാണ്. വിഷമസന്ധിയിലായിരിക്കുന്ന കുട്ടികൾ ലക്ഷങ്ങളാണ്. എഴുപതു ലക്ഷം പേർ അഭയാർത്ഥിക്യാമ്പുകളിൽ വാടിത്തളരുന്നു; മൂന്നു കോടി പേർ ഭവനരഹിതരായി തെരുവിലൂടെ അലയുന്നു; 10 വയസ്സിനും 14 വയസ്സിനും ഇടക്കു പ്രായമുള്ള 8 കോടി പേർ തങ്ങളുടെ സാധാരണ വ്യക്തിത്വവികാസത്തെ മുരടിപ്പിക്കുന്നതരം ജോലികളിൽ കഠിനാദ്ധ്വാനം ചെയ്യുകയാണ്. ഭക്ഷണം, ശുദ്ധജലം, ആരോഗ്യപരിപാലനം എന്നിവയുടെ കുറവുമൂലം ഈ പതിററാണ്ടിൽ പത്തുകോടിയിലധികം പേർ മരണത്തെ അഭിമുഖീകരിക്കുകയാണ്.
ഗോളത്തിനു ചുററുമുള്ള കുട്ടികൾ അഭിമുഖീകരിക്കുന്ന ഏതാനും ചില പ്രശ്നങ്ങൾ പരിചിന്തിക്കൂ.
രോഗം
അഞ്ചാംപനി, വില്ലൻചുമ തുടങ്ങിയ രോഗങ്ങൾക്കെതിരേ കുത്തിവയ്പെടുക്കാത്തതിനാൽ ദിവസവും 8,000 കുട്ടികൾ മരിക്കുന്നു. വയറിളക്കത്തിന്റെ ഫലമായുണ്ടാകുന്ന ജലാംശക്കുറവു കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്നു മാതാപിതാക്കൾക്കറിയാത്തതിനാൽ ദിവസവും മറെറാരു 7,000-വും കൂടെ മരിക്കുന്നു. ശ്വസനേന്ദ്രിയ രോഗസംക്രമണത്തെ ചെറുക്കുന്നതിന് ഒരു ഡോളർ വിലയ്ക്കുള്ള ആൻറിബയോട്ടിക്ക് പോലും നൽകാത്തതിനാൽ ദിവസവും മറെറാരു 7,000 കുട്ടികൾകൂടെ മരിക്കുന്നു.
മനുഷ്യകുടുംബത്തെ വളരെക്കാലമായി പ്രഹരിച്ചിട്ടുള്ള അനേകം രോഗങ്ങൾ തടയുന്നതിനു വർഷങ്ങളായി മരുന്നുകളും ചികിത്സകളും ലഭ്യമായിരുന്നിട്ടുണ്ട്. എന്നാൽ അവയുടെ ആവശ്യമുള്ള ലക്ഷങ്ങളുടെ പക്കൽ അവ എത്തിച്ചേർന്നിട്ടില്ല. ഇതിന്റെ ഫലമായി, കഴിഞ്ഞ രണ്ടു പതിററാണ്ടുകളിൽ വയറിളക്കസംബന്ധവും ശ്വസനേന്ദ്രിയസംബന്ധവുമായ രോഗങ്ങളാൽ മാത്രം പത്തു കോടിയോളം കുട്ടികൾ മരണമടഞ്ഞു. “അവസാനമായി, ക്യാൻസറിന് ഒരു പ്രതിവിധി കണ്ടുപിടിച്ചുകഴിഞ്ഞതുപോലുണ്ട്, എന്നാൽ 20 വർഷത്തോളം അതുപയോഗിച്ചിട്ടേയില്ല” എന്നു ലോകത്തിലെ കുട്ടികളുടെ അവസ്ഥ എന്ന 1990-ലെ യുണിസെഫിന്റെ റിപ്പോർട്ടിൽ വിലപിച്ചിരുന്നു.
ഈ രൂക്ഷമായ പരിതഃസ്ഥിതിയിലും പുരോഗതി നേടിയിട്ടുണ്ട്. ഉദാഹരണത്തിന്, യുണിസെഫും ഡബ്ലിയുഎച്ച്ഒ (ലോകാരോഗ്യ സംഘടന)യും പ്രതിരോധകുത്തിവയ്പിന്റെ ഊർജ്ജസ്വലമായ പ്രചാരണയത്നം നടത്തി. വാക്സിൻ മൂലം തടയാവുന്ന ആറു രോഗങ്ങൾക്കെതിരേ—അഞ്ചാംപനി, ടെററനസ്സ്, തൊണ്ടമുള്ള്, പിള്ളവാതം, ക്ഷയം, വില്ലൻചുമ—ലോകത്തിലെ 80 ശതമാനം കുട്ടികൾക്കു പ്രതിരോധശേഷി നൽകിയെന്നു 1991-ൽ പ്രഖ്യാപിക്കപ്പെട്ടു. വയറിളക്കസംബന്ധമായ രോഗനിയന്ത്രണത്തിനുള്ള സമാന്തരമായ ശ്രമങ്ങളുംകൂടെയായപ്പോൾ ഇതു വർഷംതോറും ലക്ഷക്കണക്കിനു കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിൽ കലാശിച്ചു.
എന്നാൽ ഈ സമീപവർഷങ്ങളിൽ മറെറാരു വ്യാധി—എയിഡ്സ്—പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. ഇതു, കഴിഞ്ഞ പതിററാണ്ടിൽ ആഫ്രിക്കയിൽ ശിശുക്കളുടെ അതിജീവനത്തിന്റെ കാര്യത്തിൽ നേടിയ സകല പുരോഗതിയെയും ഭീഷണിപ്പെടുത്തുകയും ഒരുപക്ഷേ പിറകോട്ടടിക്കുകപോലും ചെയ്തേക്കാം. തൊണ്ണൂറുകളിൽ എയിഡ്സ് മൂലം ആഫ്രിക്കയിൽമാത്രം 27 ലക്ഷം യുവാക്കൾ മരിച്ചേക്കാം. രണ്ടായിരാമാണ്ടോടെ മദ്ധ്യാഫ്രിക്കയിലും പൂർവ്വാഫ്രിക്കയിലും 30മുതൽ 50വരെ ലക്ഷം കുട്ടികൾ തങ്ങളുടെ മാതാപിതാക്കൾ എയിഡ്സുമൂലം മരിച്ചുപോകുമെന്നതിനാൽ അനാഥരായേക്കാം.
വികലപോഷണം
അസ്ഥികൂടംപോലുള്ള ശരീരവും ഉന്തിയ വയറും ലക്ഷ്യമില്ലാതെ തുറിച്ചുനോക്കുന്ന മങ്ങിയ കണ്ണുകളുമുള്ള പട്ടിണി കിടക്കുന്ന കുട്ടികളുടെ ദാരുണമായ ചിത്രങ്ങൾ നമുക്കെല്ലാം വേദനാപൂർവം പരിചിതമാണ്. മനസ്സലിയിക്കുന്ന ആ ചെറുപ്പക്കാർ വികലപോഷണമെന്ന മഞ്ഞുമലയുടെ അഗ്രത്തെ മാത്രമാണ് പ്രതിനിധാനം ചെയ്യുന്നത്. വികസ്വരലോകത്തുടനീളം ഏതാണ്ടു 17.7 കോടിയോളം കുട്ടികൾ—മൂന്നിൽ ഒന്നു—വിശന്ന് ഉറങ്ങാൻ പോകുന്നു. അവരുടെ സംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
തുടർച്ചയായുള്ള വികലപോഷണം മാനസികവും ശാരീരികവുമായ പൂർണ്ണ വളർച്ചയിൽ എത്തിച്ചേരുന്നതിൽനിന്നു കുട്ടികളെ തടയുന്നു. വികലപോഷിതരായ മിക്ക കുട്ടികളും ദുർബലരും ഉദാസീനരും തേജോഹീനമായ കണ്ണുകളുള്ളവരും നിരുത്സാഹിതരും ആണ്. പോഷിതരായ കുട്ടികളെക്കാൾ അവർ കുറച്ചുമാത്രം കളിക്കുന്നവരും പഠനത്തിൽ കൂടുതൽ മാന്ദ്യമുള്ളവരുമാണ്. വർഷംതോറും വികസ്വരരാജ്യങ്ങളിൽ നടക്കുന്ന 1.4 കോടി ശിശുമരണത്തിന്റെ മൂന്നിലൊന്നിന് ഇടയാക്കുന്ന ഒരു മുഖ്യ ഘടകമായ രോഗസംക്രമണത്തോട് അവർ കൂടുതൽ സംവേദകത്വമുള്ളവരാണ്.
രോഗത്തെ ചെറുക്കാൻ ആധുനികശാസ്ത്രം മരുന്നുകൾ കണ്ടുപിടിച്ചിരിക്കുന്നതുപോലെതന്നെ ഭൂമിയിലുള്ള സകലരേയും തീററിപ്പോററുന്നതിന് ആവശ്യമായതിലുമധികം ആഹാരം ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനും അതു സാദ്ധ്യമാക്കിയിട്ടുണ്ട്. എന്നാൽ വികലപോഷണത്തിനു പെട്ടെന്നൊരു പരിഹാരമില്ല. ഭക്ഷണം കയററി അയയ്ക്കുന്നതുകൊണ്ടോ വിററാമിൻ ഗുളികകൾകൊണ്ടോ അതു നിർമ്മാർജ്ജനം ചെയ്യാൻ കഴിയില്ല. കടുത്ത പട്ടിണിയിലും വ്യാപകമായ അവഗണനയിലും അശുദ്ധമായ ജലത്തിലും ആരോഗ്യാവഹമല്ലാത്ത അവസ്ഥകളിലും ദരിദ്രബാധിതപ്രദേശങ്ങളിലെ കൃഷിസ്ഥലങ്ങളുടെ അഭാവത്തിലുമാണ് അതിന്റെ വേരുകൾ കിടക്കുന്നത്.
പരിസ്ഥിതി പ്രശ്നങ്ങൾ
ആഗോള പരിസ്ഥിതി വിഷമസന്ധി തീവ്രമായിക്കൊണ്ടിരിക്കുമ്പോൾ ഏറെ ദ്രോഹിക്കപ്പെടുന്നത് കുട്ടികളാണ്. വായൂ മലിനീകരണം പരിഗണിക്കുക. വിശ്രമിക്കുന്ന ഒരു മുതിർന്നയാൾ ശ്വസിക്കുന്നതിനോടള്ള അനുപാതത്തിൽ മൂന്നു വയസ്സിനു താഴെയുള്ള ഒരു കുട്ടി അതേ അവസ്ഥയിൽ ഇരട്ടി വായു ശ്വസിക്കുന്നു, അതോടൊപ്പം ഇരട്ടി മാലിന്യവും. കുട്ടികൾക്കപ്പോഴും വൃക്കകളോ കരളോ എൻസൈം ശൃംഖലകളോ പൂർണ്ണമായും വികാസം പ്രാപിച്ചിട്ടില്ലാത്തതിനാൽ മുതിർന്നവർക്കു കഴിയുന്നതുപോലെ മലിനവസ്തുക്കളെ കൈകാര്യം ചെയ്യാൻ അവർക്കു കഴിയുന്നില്ല.
ശുദ്ധീകരിച്ച പെട്രോളിയത്തിലെ ഈയത്തിന്റെ സങ്കലിതങ്ങളിൽനിന്നും അതുപോലെതന്നെ കാർബൺ മോണോക്സൈഡ്, നൈട്രിക് ഓക്സൈഡുകൾ, സൾഫർ ഡയോക്സൈഡ് എന്നിങ്ങനെയുള്ള വാതകങ്ങളിൽനിന്നും മുതിർന്നവരെക്കാൾ കുട്ടികളാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. ശ്വസനേന്ദ്രീയ രോഗസംക്രമണങ്ങളാൽ വികസ്വരരാജ്യങ്ങളിൽ പ്രതിവർഷം അഞ്ചു വയസ്സിനു താഴെയുള്ള 42 ലക്ഷം കുട്ടികളുടെ മരണത്തിന് ഈ ദുരിതാവസ്ഥയാണു നേരിട്ടു കാരണമായിരിക്കുന്നത്. അതിജീവകരിൽ അനേകരും ശ്വസനേന്ദ്രിയ രോഗങ്ങളോടെ വളർന്നുവരുന്നു, അത് അവരുടെ ശിഷ്ടകാലം മുഴുവൻ ദുരിതപൂർണ്ണമാക്കുന്നു.
കുട്ടികൾ പിന്നെയും ശാരീരികമായി വളർന്നുകൊണ്ടിരിക്കുന്നതിനാൽ അവരാണു തക്കതല്ലാത്ത ആഹാരക്രമത്തിന്റെ അനന്തരഫലങ്ങളാൽ മുതിർന്നവരെക്കാൾ കൂടുതൽ ദ്രോഹിക്കപ്പെടുന്നത്. ഒന്നിനുപിറകെ മറെറാന്നായി സകല ദേശങ്ങളിലും വനങ്ങൾ ശുഷ്ക്കിച്ചുപോകുമ്പോഴും മരുഭൂമികൾ വളർന്നുവരുമ്പോഴും അമിതമായി വേല ചെയ്യപ്പെടുന്ന കൃഷിയിടങ്ങളിൽ മണ്ണൊലിച്ചുപോകുമ്പോഴും ഫലഭൂയിഷ്ടി കുറയുമ്പോഴും കുറേശ്ശെകുറേശ്ശെ ആഹാരം മാത്രം ഉത്പാദിപ്പിക്കുമ്പോഴുമെല്ലാം കുട്ടികളാണ് ഏറെ നഷ്ടമനുഭവിക്കുന്നവർ. ആഫ്രിക്കയിൽ മാത്രം 3.9 കോടിയോളം കുട്ടികളുടെ വളർച്ച മോശമായ പോഷണം മൂലം മുരടിച്ചുപോയിട്ടുണ്ട്.
രൂക്ഷമായ ശുദ്ധജലക്ഷാമം പ്രശ്നം വർദ്ധിപ്പിക്കുന്നു. വികസ്വരരാജ്യത്തുടനീളം പകുതിക്കുട്ടികൾക്കുമാത്രമേ ശുദ്ധമായ കുടിവെള്ളം ലഭ്യമാകുന്നുള്ളൂ, അതിലും കുറച്ചു പേർക്കേ ചപ്പുചവറുകൾ നീക്കംചെയ്യുന്നതിന് ആരോഗ്യപരിപാലനപരമായ സൗകര്യങ്ങളുള്ളൂ.
യുദ്ധം
കഴിഞ്ഞകാലങ്ങളിൽ, യുദ്ധത്തിന്റെ ഇരകളിൽ ഏറിയപങ്കും സൈനീകരായിരുന്നു. മേലാൽ അങ്ങനെയല്ല. രണ്ടാം ലോകമഹായുദ്ധം മുതൽ, വിവിധ യുദ്ധങ്ങളിൽ മരിച്ചുപോയ രണ്ടുകോടിയുടെയും പരിക്കേററ ആറുകോടിയുടെയും 80 ശതമാനം സാധാരണ ജനങ്ങളായിരുന്നു—ഏറിയ പങ്കും സ്ത്രീകളും കുട്ടികളും. ആയിരത്തിത്തൊള്ളായിരത്തിഎൺപതുകളിൽ, ഒരിക്കൽ ഇത്തരം യുദ്ധങ്ങളാൽ ആഫ്രിക്കയിൽ ഓരോ മണിക്കൂറിലും 25 കുട്ടികൾ വീതം മരിക്കുന്നുണ്ടായിരുന്നു! അസംഖ്യം കുട്ടികൾ കൊല്ലപ്പെടുകയോ, പരിക്കേല്പിക്കപ്പെടുകയോ, ഉപേക്ഷിക്കപ്പെടുകയോ, അനാഥരാക്കപ്പെടുകയോ, ബന്ദികളായി പിടിക്കപ്പെടുയോ ചെയ്തിട്ടുണ്ട്.
ഇപ്പോൾ അഭയാർത്ഥിക്യാമ്പുകളിൽ വളർന്നുവരുന്ന ലക്ഷക്കണക്കിനു കുട്ടികൾക്കു മിക്കപ്പോഴും വ്യക്തിത്വവും പൗരത്വവും അതുപോലെതന്നെ ആവശ്യത്തിനുള്ള ഭക്ഷണവും ആരോഗ്യപരിരക്ഷയും വിദ്യാഭ്യാസവും നിഷേധിക്കപ്പെടുകയാണ്. തങ്ങൾക്കു സമൂഹത്തിൽ ഒരു സ്ഥാനം നേടിക്കൊടുക്കുന്ന കഴിവുകൾ ആർജ്ജിക്കുക ദുഷ്ക്കരമെന്ന് അനേകർ കണ്ടെത്തുന്നു.
എന്നാൽ കുട്ടികൾ യുദ്ധത്തിന്റെ വെറും ഇരകൾ മാത്രമല്ല; അവർ യുദ്ധത്തിൽ പോരാടുന്നവരുമാണ്. അടുത്ത വർഷങ്ങളിൽ 15 വയസ്സിൽ താഴെ പ്രായമുള്ള 2,00,000 ചെറുപ്പക്കാരെ സൈന്യത്തിൽ ചേർക്കുകയും ആയുധം ധരിപ്പിക്കുകയും കൊല്ലുന്നതിനു പരിശീലിപ്പിക്കുകയും ചെയ്തു. അതിൽ, മൈനുകൾ പാകിയ പ്രദേശത്തു വഴികൾ തുറക്കാനുള്ള ആജ്ഞകൾ അനുസരിക്കവെ ജീവനോ കൈകാലുകളോ നഷ്ടപ്പെട്ടവർ ഉൾപ്പെടുന്നു.
ശിശുക്കളെ ചൂഷണംചെയ്യൽ
വിശപ്പകററുന്നതിനോ കടം വീട്ടുന്നതിനോ വേണ്ടി വികസ്വരരാജ്യങ്ങളിലുടനീളം മാതാപിതാക്കൾ ചെറിയ തുകക്കു തങ്ങളുടെ മക്കളെ വില്ക്കാൻ ദാരിദ്ര്യം ഇടയാക്കുന്നു. ഈ ചെറുപ്പക്കാർക്ക് എന്തു സംഭവിക്കുന്നു? ചിലർ വേശ്യാവൃത്തിയിലേർപ്പെടുന്നതിനോ ദീർഘനേരം കഠിനവേല ചെയ്യിക്കുന്ന അഴുക്കുനിറഞ്ഞ സ്ഥാപനങ്ങളിൽ ദാസ്യവേല ചെയ്യുന്നതിനോ നിർബന്ധിതരാകുന്നു. മററു ചിലരെ ഇടനിലക്കാരോ പാശ്ചാത്യാധിഷ്ഠിത ദത്തെടുക്കൽ ഏജൻസികളോ 10,000 ഡോളർ വരെ വിലയ്ക്കു മറിച്ചുവില്ക്കുന്നു.
ശിശുവേശ്യാത്വം വർദ്ധിക്കുകയാണെന്നും അതിൽ തീരെ ചെറുപ്രായക്കാരായ ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടുന്നുവെന്നുമാണു സൂചനകൾ പ്രകടമാക്കുന്നത്. ബ്രസ്സീലിൽ മാത്രം കൗമാരപ്രായക്കാരായ 5,00,000-ത്തോളം വേശ്യകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ശിശുക്കളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള അശ്ലീലചിത്രങ്ങൾ തഴയ്ക്കുകയും അനായാസം ലഭ്യമാകുന്ന വീഡിയോ ഉപകരണങ്ങൾകൊണ്ട് അവയ്ക്കു പ്രചാരണം നൽകുകയും ചെയ്തിരിക്കുന്നു.
മുൻഗണനകൾ
ഈ സ്ഥിതിവിവരക്കണക്കുകളുടെ പിന്നിലുള്ള വേദനയും വ്യാകുലതയും മനസ്സിലാക്കാൻ പ്രയാസമാണ്. കരുണാപൂർവം, ലക്ഷങ്ങളുടെയോ ആയിരങ്ങളുടെയോ കഷ്ടപ്പാടുകൾ മനസ്സിലാക്കാൻ നമുക്കു കഴിയില്ല. എന്നുവരികിലും, വെറും ഒരു കുട്ടിയുടെമാത്രം—ജീവിക്കുന്നതിനും അഭിവൃദ്ധിപ്പെടുന്നതിനും മററാരേയും പോലെ അവകാശമുള്ള, ദൈവത്തിന് അമൂല്യമായ ഒരു ദേഹിയായ, തനതായ വ്യക്തിത്വമുള്ള ഒരു വ്യക്തിയുടെതന്നെ—കഷ്ടപ്പാടോ മരണമോ നിരീക്ഷിക്കുന്നത് എത്രയോ ഭയങ്കരമാണെന്നു നമ്മിലനേകർക്കും അറിയാം.
കുട്ടികളുടെ അവസ്ഥ ഇപ്പൊഴത്തെ സ്ഥിതിയിലായിലിക്കുന്നത് എന്തുകൊണ്ട് എന്ന സുഖകരമല്ലാത്ത ചോദ്യം പരിചിന്തിച്ചുകൊണ്ട് അധികം സമയം ചെലവഴിക്കാതെ കുട്ടികൾക്കുവേണ്ടിയുള്ള ലോക ഉച്ചകോടിയിലെ പ്രതിനിധികൾ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷയോടെ സംസാരിക്കുകയും മേലാൽ ഈ സ്ഥിതി സഹിക്കുകയില്ലെന്നു പ്രതിജ്ഞയെടുക്കുകയും ചെയ്തു. അവരുടെ “കർമ്മപരിപാടി”യിൽ 2000-ാമാണ്ടോടെ നിറവേററുമെന്നു തീരുമാനിച്ചവയിൽ മററുള്ളവയോടൊപ്പം പിൻവരുന്നവയും ഉൾപ്പെടുന്നു:
◻ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ 1990-ലെ മരണനിരക്കു മൂന്നിലൊന്നായി കുറയ്ക്കുക.
◻ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെയിടയിലെ രൂക്ഷമായതും സാമാന്യമായതുമായ വികലപോഷണത്തെ 1990-ലെ നിരക്കിന്റെ പകുതിയായി കുറയ്ക്കുക.
◻ ലോകത്തിനു മുഴുവൻ കുടിവെള്ളവും വിസർജ്ജ്യവസ്തുക്കൾ നീക്കം ചെയ്യാനുള്ള ആരോഗ്യപരിപാലനപരമായ മാർഗ്ഗങ്ങളും ലഭ്യമാക്കുക.
◻ അങ്ങേയററം കുഴപ്പം പിടിച്ച സാഹചര്യങ്ങളിൽ, പ്രത്യേകിച്ചും യുദ്ധത്തിൽ അകപ്പെട്ടുപോയിരിക്കുന്ന കുട്ടികളെ സംരക്ഷിക്കുക.
ആയിരത്തിതൊള്ളായിരത്തിത്തൊണ്ണൂറുകളിൽ 5 കോടി കുട്ടികളുടെ മരണം ഒഴിവാക്കാൻ സഹായിക്കുന്ന ലക്ഷ്യങ്ങൾ നടപ്പാക്കാനുള്ള പദ്ധതികളുടെ ചെലവു പ്രതിവർഷം 250 കോടി ഡോളറാണെന്നു കണക്കാക്കിയിരിക്കുന്നു.
ആഗോള നിരക്കുകളിൽ അതൊരു വലിയ സംഖ്യയല്ല. ഒരു വർഷം അമേരിക്കൻ കമ്പനികൾ സിഗരററിന്റെ പരസ്യത്തിനായി 250 കോടി ഡോളർ ചെലവഴിക്കുന്നുണ്ട്. ഒരു ദിവസം സൈന്യത്തിനുവേണ്ടി ലോകം 250 കോടി ഡോളർ ചെലവാക്കുന്നുണ്ട്.
ഇപ്പോഴത്തെ സൈനികച്ചെലവുകൾ—വർഷംതോറും 10 ലക്ഷം കോടിയെന്നു ഐക്യരാഷ്ട്രങ്ങൾ ശ്രദ്ധാപൂവ്വം കണക്കാക്കിയിരിക്കുന്നു—മനുഷ്യവർഗ്ഗത്തിലെ ദരിദ്രപകുതിയുടെ മൊത്തമുള്ള വരുമാനത്തെയും കവിയുന്നു. ഉച്ചകോടിയുടെ ലക്ഷ്യങ്ങളിലേക്കുള്ള പുരോഗതി ത്വരിതപ്പെടുത്താൻ ഈ വലിയ തുകയുടെ അഞ്ചുശതമാനംപോലും തിരിച്ചുവിട്ടാൽ മതിയാകുമായിരുന്നു. ഉദാഹരണത്തിന്, ഒരൊററ F/A-18 യുദ്ധവിമാനത്തിന്റെ വില (മൂന്നു കോടി ഡോളറിനു മേൽ) മാരകമായ വ്യാധികൾക്കെതിരെ 40 കോടി കുട്ടികളെ സംരക്ഷിക്കുന്നതിനാവശ്യമായ വാക്സിനിന്റെ വിലയ്ക്കു തുല്യമാണ്.
ഉച്ചകോടിയിലെ പ്രൗഢമായ ലക്ഷ്യങ്ങൾ പ്രാപിക്കാൻ രാഷ്ട്രങ്ങൾക്കു കഴിവുണ്ട്. അവർക്ക് അറിവുണ്ട്, സാങ്കേതികവിദ്യയുണ്ട്, പണവുമുണ്ട്. എന്നാൽ അവർ നേടുമോ? എന്ന ചോദ്യം അവശേഷിക്കുന്നു. (g92 12⁄8)
[6-ാം പേജിലെ ചതുരം/ചിത്രം]
വികലപോഷണത്തോടു പോരുതൽ
മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ആറു സംഗതികൾ
1. ഒരു ശിശുവിന്റെ ജീവിതത്തിലെ ആദ്യത്തെ നാലുമാസംമുതൽ ആറു മാസംവരെ സാദ്ധ്യമാകുന്നതിൽ വച്ചേററവും നല്ല ആഹാരം മുലപ്പാൽ മാത്രമാണ്. അതു പരിപൂർണ്ണ പോഷണം പ്രദാനം ചെയ്യുകയും സാധാരണമായ രോഗസംക്രമണത്തിനെതിരെ ശിശുവിനെ പ്രതിരോധശേഷിയുള്ളതാക്കുകയും ചെയ്യുന്നു.
2. നാലുമാസംമുതൽ ആറുമാസംവരെ പ്രായമാകുമ്പോൾ ശിശുവിനു മററ് ആഹാരങ്ങളും ആവശ്യമാണ്. ഇതിലും നേരത്തെ കട്ടിയുള്ള ആഹാരം കൊടുത്തു തുടങ്ങുന്നത് രോഗസംക്രമണത്തിനുള്ള അപകടം വർദ്ധിപ്പിക്കും; അവ വൈകി നൽകിത്തുടങ്ങിയാൽ അതു വികലപോഷണത്തിലേക്കു നയിക്കും.
3. മൂന്നു വയസ്സിനു താഴെയുള്ള കുട്ടിക്കു ഒരു മുതിർന്നയാൾ കഴിക്കുന്നതിന്റെ ഇരട്ടി തവണകളിലായി ആഹാരം നൽകണം, ഊർജ്ജം കൂടുതലടങ്ങിയത് കുറഞ്ഞ അളവുകളിലായിത്തന്നെ.
4. കുട്ടിക്ക് അസുഖമോ വയറിളക്കമോ ആയിരിക്കുമ്പോൾ ഭക്ഷണവും പാനീയവും കൊടുക്കുന്നതു നിർത്തരുത്.
5. ഒരസുഖത്തിനുശേഷം, നഷ്ടപ്പെട്ട വളർച്ച വീണ്ടെടുക്കുന്നതിന് ഒരാഴ്ചത്തേയ്ക്കു ദിവസവും ഒരു നേരത്തെ ഭക്ഷണം അധികം ആവശ്യമാണ്.
6. ജനനങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞതു രണ്ടു വർഷമെങ്കിലും ഉണ്ടായിരിക്കുന്നത് അമ്മയുടെയും ശിശുവിന്റെയും പോഷകപരമായ ആരോഗ്യത്തിന് അത്യാവശ്യമാണ്.
[കടപ്പാട്]
ഉറവിടം: കുട്ടികൾക്കായുള്ള ഐക്യരാഷ്ട്രങ്ങളുടെ ഫണ്ട്
UNICEF/C/91/ Roger Lemoyne
[5-ാം പേജിലെ ചിത്രം]
വികസ്വരലോകത്തെ പകുതി കുട്ടികൾക്കുമാത്രമേ ശുദ്ധമായ കുടിവെള്ളം ലഭ്യമായിരിക്കുന്നുള്ളൂ
[കടപ്പാട്]
UNICEF/3893/89/ Maggie Murray-Lee
[7-ാം പേജിലെ ചിത്രം]
തനതായ വ്യക്തിത്വമുള്ള, ഓരോ ശിശുവും ദൈവത്തിന് അമൂല്യമാണ്; മററാരേയുംപോലെ അവർക്കും പുഷ്ടിപ്പെടാനുള്ള അവകാശമുണ്ട്
[കടപ്പാട്]
Photo: Cristina Solé/Godo-Foto
7