യുവജനങ്ങൾ ചോദിക്കുന്നു. . .
മോഡലിംഗ് ജീവിതവൃത്തികളും സൗന്ദര്യമത്സരങ്ങളും സംബന്ധിച്ചെന്ത്?
“കഴിഞ്ഞ വർഷം ന്യൂയോർക്കിലേക്കു യാത്രചെയ്തപ്പോൾ ഹോട്ടൽ നടത്തുന്ന ഒരു വ്യക്തി ‘നിങ്ങൾ നിങ്ങളുടെ മകളെ ഒരു മോഡലിംഗ് സ്കൂളിൽ ചേർക്കണം. . . . അവൾ സുന്ദരിയാണ്’ എന്ന് എന്റെ മമ്മിയോടു പറഞ്ഞു,” 12 വയസ്സുകാരിയായ ആമി അനുസ്മരിച്ചു.
സുമുഖരായ നിരവധി ചെറുപ്പക്കാർക്ക് സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 15 വയസുകാരിയായ റെസീന് അവളെയും അവളുടെ ഇളയ സഹോദരിയെയും ഒരു മോഡലിംഗ് ജീവിതവൃത്തിയിൽ തത്പരരാക്കുന്നതിന് ശ്രമിച്ച ഒരു മനുഷ്യനിൽനിന്ന് ഒരു ഫോൺകോൾ ലഭിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്നുള്ള ഒരു യുവതിക്ക് ഒരു സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ ക്ഷണം കിട്ടി. ആദായകരമായ ഈ വാഗ്ദാനങ്ങൾ പെൺകുട്ടികൾക്കുമാത്രം പരിമിതപ്പെട്ടിരിക്കുന്നില്ല. ചെറുപ്പമായിരുന്ന യോനാഥാന് ഒരു പുരുഷ മോഡലെന്ന നിലയിൽ തൊഴിൽ വാഗ്ദാനംചെയ്യപ്പെട്ടു.
അതെ, ലോകത്തിലുടനീളം ചെറുപ്പക്കാരായ സ്ത്രീപുരുഷൻമാരും എല്ലാ പ്രായത്തിലുമുള്ള കുട്ടികളും മോഡലിംഗ് ജീവിതവൃത്തികൾക്കും സൗന്ദര്യപ്രദർശനങ്ങൾക്കും മററും റിക്രൂട്ട്ചെയ്യപ്പെടുകയാണ്. ഐക്യനാടുകളിൽത്തന്നെ ഓരോ വർഷവും ശതസഹസ്രക്കണക്കിന് സൗന്ദര്യമത്സരങ്ങൾ നടത്തപ്പെടുന്നതായി റിപ്പോർട്ടുചെയ്യപ്പെടുന്നു. ജേതാക്കൾക്ക് രൊക്കം ആയിരക്കണക്കിന് ഡോളറും സമ്മാനങ്ങളും സ്കോളർഷിപ്പുകളും കിട്ടുന്നു. ഒരു സൗന്ദര്യപ്രദർശനത്തിൽ ജയിക്കുന്ന ചുരുക്കംചിലർക്ക് ആദായകരമായ വിനോദ, മോഡലിംഗ് ജീവിതവൃത്തികൾ കിട്ടാനിടയായിട്ടുണ്ട്.
ഒരു ചെറുപ്പക്കാരി ഇങ്ങനെ പ്രസ്താവിക്കുന്നു: “എന്റെ ജീവിതത്തിലെല്ലാം ഒരു ഫാഷ്യൻമോഡലായിരിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്—സ്ഥലത്തെ മാസികകൾക്കും ഫാഷൻപ്രദർശനങ്ങൾക്കും വസ്ത്ര മോഡലിംഗ് നടത്തിക്കൊണ്ടുതന്നെ. കൂലി മണിക്കൂറിൽ 25 ഡോളർ മുതൽ 100 ഡോളർ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു.” എന്നാൽ റിപ്പോർട്ടനുസരിച്ച്, ചില ഉയർന്ന മോഡലുകൾക്ക് ദിവസം 2,500 ഡോളർ വരെ ശമ്പളം ലഭിക്കുന്നു. ആ സ്ഥിതിക്ക് ചില ക്രിസ്തീയ യുവാക്കൾ തങ്ങളുടെ ആകാരസൗഷ്ഠവം കാശാക്കിമാററാൻ പ്രേരിപ്പിക്കപ്പെട്ടിരിക്കുന്നത് ഒട്ടും അതിശയമല്ല. അത്തരം മുഖസ്തുതിപരമായ അവസരം നിങ്ങൾക്ക് വാഗ്ദാനംചെയ്യപ്പെട്ടാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും?
സൗന്ദര്യം പ്രയോജനകരമായിരിക്കാൻ കഴിയും
യഹൂദകന്യകയായിരുന്ന എസ്ഥേറിനെക്കുറിച്ച് അവൾ “രൂപലാവണ്യവും കാഴ്ചക്ക് സൗന്ദര്യവുമുള്ളവൾ” ആയിരുന്നുവെന്ന് പറയപ്പെട്ടിരിക്കുന്നു. (എസ്ഥേർ 2:7) യഥാർത്ഥത്തിൽ, അവൾ മനസ്സോടെയല്ലാതെ ഒരു സൗന്ദര്യമത്സരത്തിൽ പങ്കെടുത്തുവെന്നുപോലും നിങ്ങൾക്ക് പറയാൻകഴിയും. സാഹചര്യങ്ങളെന്തായിരുന്നു? വസ്ഥിരാജ്ഞി കീഴവഴക്കമില്ലായ്മ നിമിത്തം പദവിയിൽ നിന്ന് നീക്കംചെയ്യപ്പെട്ടിരുന്നു. യോഗ്യതയുള്ള ഒരു പകരക്കാരിയെ കണ്ടെത്താൻ അഹശ്വരേശ് രാജാവ് സകല പ്രദേശങ്ങളിൽനിന്നും ഏററം സൗന്ദര്യമുള്ള കന്യകമാരെ ഒരുമിച്ചുകൂട്ടി. 12 മാസത്തെ ഒരു കാലഘട്ടത്തിൽ ചെറുപ്പക്കാരികൾക്ക് പ്രത്യേക ആഹാരക്രമം അനുവദിക്കാനും ബാൾസം തൈലവും മൂറുംകൊണ്ടുള്ള ക്രമമായ തിരുമ്മുനടത്താനും ഏർപ്പാടുചെയ്തു. അനന്തരം ഓരോ പെൺകുട്ടിയും ക്രമപ്രകാരം വിലയിരുത്തപ്പെട്ടു. എസ്ഥേറിന്റെ ഊഴം വന്നപ്പോൾ അവൾ പുതിയ രാജ്ഞിയായിരിക്കാൻ തെരഞ്ഞെടുക്കപ്പെട്ടു!—എസ്ഥേർ 1:12–2:17.
എന്നാൽ എസ്ഥേർ പങ്കെടുത്തതെന്തുകൊണ്ടായിരുന്നു? അവൾ വ്യർത്ഥ മഹത്വം തേടുന്നവളായിരുന്നോ? അല്ലായിരുന്നു. എസ്ഥേർ യഹോവയുടെ മാർഗ്ഗനിർദ്ദേശം അനുസരിക്കുകയായിരുന്നു, അത് അവൾ ദൈവഭക്തനായിരുന്ന മച്ചുനനും രക്ഷാകർത്താവുമായിരുന്ന മോർദ്ദെഖായിയിലൂടെ ആവർത്തിച്ചു തേടുന്നുണ്ടായിരുന്നു. (എസ്ഥേർ 4:5-17) ഹാമാൻ എന്നു പേരുണ്ടായിരുന്ന ഒരു ദുഷ്ട മനുഷ്യൻ ദൈവജനമായിരുന്ന ഇസ്രായേൽജനതയുടെ നാശത്തിന് ഗൂഢാലോചന നടത്തുകയായിരുന്നു. സൗന്ദര്യമത്സരം എസ്ഥേറിനെ ഈ ഗൂഢാലോചനയെ വിഫലമാക്കാൻ കഴിയുന്ന ഒരു പ്രമുഖ സ്ഥാനത്ത് എത്തിക്കാൻ യഹോവയെ അനുവദിച്ചു. അങ്ങനെ എസ്ഥേറിന്റെ സൗന്ദര്യം സകല ദൈവജനത്തിനും ഒരു അനുഗ്രഹമെന്ന് തെളിഞ്ഞു!
ഇന്ന് എന്ത്? തീർച്ചയായും ഒരാളുടെ സൗന്ദര്യമല്ല ജീവിതത്തിലെ അതിപ്രധാനമായ സംഗതി.a എന്നിരുന്നാലും, വിനയവും താഴ്മയും ഉള്ളപ്പോൾ ആകർഷകമായ ആകാരസൗഷ്ഠവത്തിന് ഒരു ആസ്തിയായിരിക്കാൻ കഴിയും. എന്നിരുന്നാലും, മോഡലിംഗോ സൗന്ദര്യപ്രദർശനങ്ങളിലെ പങ്കെടുക്കലോ ആണോ ഈ ആസ്തി ഉപയോഗിക്കുന്നതിനുള്ള വിവേകപൂർവമായ മാർഗ്ഗം? അതോ, കീർത്തിയുടെയും മഹത്വത്തിന്റെയും അല്ലെങ്കിൽ ധനത്തിന്റെയും ആകർഷണത്തെക്കാളുപരിയായി പരിഗണിക്കേണ്ട വസ്തുതകളുണ്ടോ?
തിളക്കത്തിനു പിന്നിൽ
തീർച്ചയായും ഫാഷ്യൻ മോഡലിംഗിന് അതിന്റെ പകിട്ടുണ്ട്. നല്ല വേഷം, വിലപിടിച്ച ആഭരണങ്ങൾ, നല്ല ശമ്പളം, സഞ്ചാരത്തിനും റെറലിവിഷൻ പ്രദർശനത്തിനുമുള്ള പ്രതീക്ഷകൾ—എല്ലാം തികച്ചും വശ്യംതന്നെ. മാത്രവുമല്ല, മോഡലിംഗ് പരിശീലനം അനേകം യുവതീയുവാക്കൻമാരെ ചാരുതയോടെ നടക്കാനും ആത്മധൈര്യത്തോടെയും സമചിത്തതയോടെയും സംസാരിക്കാനും സഹായിച്ചിട്ടുണ്ട്. എന്നാൽ ക്രിസ്ത്യാനിയെ സംബന്ധിച്ചടത്തോളം പകിട്ടിനും തിളക്കത്തിനും പ്രൗഡിക്കുമതീതമായി യഥാർത്ഥ അപകടങ്ങൾ പതിയിരിപ്പുണ്ടായിരിക്കാം.
മോഡലിംഗ് അതിൽത്തന്നെ ചീത്തയാണെന്നല്ല. ചില മോഡലിംഗ് നേരുള്ള ഒരു ഉദ്ദേശ്യത്തിന് ഉതകുന്നുണ്ട്: ഒരു ഉല്പന്നത്തെ ഹിതകരമാക്കാൻ. അതാണ് മാസികകളിലും ററിവി പരസ്യങ്ങളിലും നെയ്ൽപോളീഷ് പ്രദർശിപ്പിക്കുന്നതിന് അഴകുള്ള കൈകൾ ഉപയോഗിക്കപ്പെടുന്നതിന്റെ കാരണം. സമാനമായി, നല്ല രൂപഭംഗിയുള്ള സ്ത്രീപുരുഷൻമാർ വസ്ത്രങ്ങൾ പ്രദർശിപ്പിക്കാൻ ഉപയോഗിക്കപ്പെടുന്നു. അങ്ങനെയുള്ള വേഷങ്ങൾ വിനീതമായിരിക്കുന്നുവെങ്കിൽ, അതിന്റെ മോഡലാകുന്നതിന് ഒരു ക്രിസ്ത്യാനിക്ക് പ്രതിഫലം കിട്ടുന്നതിൽ പ്രതിഷേധമില്ലായിരിക്കാം.
എന്നിരുന്നാലും, ഒഴിവാക്കുക എപ്പോഴും എളുപ്പമല്ലാത്ത അനേകം പ്രശ്നങ്ങൾ മോഡലിംഗിന് സഹജമായുണ്ട്. ദുഷ്ടാന്തത്തിന്, ക്രിസ്ത്യാനികൾക്ക് അനുചിതമോ അവിനീതമോ ആയ എന്തെങ്കിലും ധരിക്കാൻ നിങ്ങളോട് ആവശ്യപ്പെട്ടാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും? അല്ലെങ്കിൽ ഒരു ഫോട്ടൊഗ്രാഫർ ഒരു ദുഃസൂചകമായ, വശീകരണാത്മകമായ, വിധത്തിൽ നിന്നുകൊടുക്കാൻ കൗശലപൂർവകമായി നിങ്ങളുടെമേൽ സമ്മർദ്ദംചെലുത്തിയാലോ? മാത്രവുമല്ല, ഫോട്ടോകൾ എങ്ങനെ ഉപയോഗിക്കപ്പെടുമെന്ന് ഒരുവന് എല്ലായ്പ്പോഴും ഉറപ്പുണ്ടായിരിക്കാൻ കഴിയില്ല. ഉദാഹരണത്തിന്, ഫോട്ടോകൾ വ്യാജ മത വിശേഷദിവസങ്ങളെ പ്രോൽസാഹിപ്പിക്കുന്നതോ അസാൻമാർഗ്ഗികമോ ആയ ഒരു സെററിംഗിൽ പ്രത്യക്ഷപ്പെട്ടേക്കാം.
ഇനി അങ്ങനെയുള്ള ഒരു ജീവിതവൃത്തിക്ക് ഒരാളുടെ വ്യക്തിത്വത്തിൻമേൽ ഉണ്ടായിരിക്കാൻ കഴിയുന്ന ഫലമുണ്ട്, നിഷേധാത്മക സ്വഭാവലക്ഷണങ്ങൾ വികസിപ്പിക്കുന്നതിനാൽതന്നെ. “ഹൃദയത്തിന്റെ രഹസ്യവ്യക്തി”ക്കു പകരം ഒരാളുടെ ബാഹ്യാകാരത്തിന് കൊടുക്കുന്ന തുടർച്ചയായ ഊന്നൽ ചില ഫാഷ്യൻമോഡലുകൾ അത്യധികം വ്യർത്ഥരായിത്തീരാനിടയാക്കിയിട്ടുണ്ട്. (1 പത്രോസ് 3:4) കൂടാതെ, വിലപിടിപ്പുള്ള വസ്ത്രവും ആഭരണവും മററും സഹിതമുള്ള പ്രവർത്തനത്തിന് ഭൗതികചിന്ത വേരുപിടിക്കാനിടയാക്കാൻ കഴിയും.—1 തിമൊഥെയോസ് 6:10.
ഫാഷ്യൻ-മോഡലിംഗ്തൊഴിലിന് ജീവിതവൃത്തിയിലെ പുരോഗമനത്തിനു പ്രതിഫലമായി ലൈംഗികാനുകൂല്യങ്ങൾക്ക് നിർബന്ധം പിടിക്കുന്ന പുരുഷൻമാരും സ്ത്രീകളുമായ വ്യക്തികൾക്ക് തന്നേത്തന്നെ വിധേയമാക്കുന്നതിന്റെ കുപ്രസിദ്ധിയുമുണ്ട്. ഒരു മുൻ ഫാഷ്യൻമോഡൽ പ്രസ്താവിച്ച പ്രകാരം: “തുറന്നുപറഞ്ഞാൽ നിങ്ങൾ എവിടെയെങ്കിലും എത്തുപെടണമെങ്കിൽ നിങ്ങൾ [ലൈംഗികമായി] വഴങ്ങേണ്ടതുണ്ട്.” പുരുഷ മോഡലുകളുടെ ഇടയിൽ സ്വവർഗ്ഗസംഭോഗം പ്രാബല്യത്തിലുണ്ട്. ഇത് എല്ലായ്പ്പോഴും സത്യമല്ലായിരിക്കാമെങ്കിലും അത് മററു തൊഴിലുകളെക്കാൾ മോഡലിംഗിൽ കൂടുതലായുള്ള ഒരു പ്രശ്നമാണ്.
സൗന്ദര്യപ്രദർശനങ്ങൾ
മേൽപ്രസ്താവിച്ചതിലധികവും സൗന്ദര്യപ്രദർശനങ്ങളെക്കുറിച്ചും പറയാൻകഴിയും. എന്നിരുന്നാലും, ശക്തമായ മത്സരത്തിന്റെ സമ്മർദ്ദവും കൂടുതലായുണ്ട്. ഇത് ചില മത്സരക്കാർ കൂട്ടുമത്സരക്കാരെ കരുതിക്കൂട്ടി അട്ടിമറിക്കുന്ന ഘട്ടംവരെ എത്തിച്ചിട്ടുണ്ട്. ഒരു റിപ്പോർട്ടനുസരിച്ച്, “ചില മത്സരക്കാർ വിജയത്തിനായി വളരെ സാഹസികരാകയാൽ എതിരാളിയുടെ നീന്തൽവസ്ത്രത്തിൽ ലിപ്സ്ററിക്ക് പുരട്ടുകയോ ‘അബദ്ധവശാൽ’ അവരുടെ സന്ധ്യാഗൗണിൽ കോക്കുകൊണ്ട് കറപിടിപ്പിക്കുകയോ ചെയ്യാതിരിക്കുന്നില്ല.”
കൂടാതെ, സൗന്ദര്യപ്രദർശനം സംഘടിപ്പിക്കുന്നവർ തങ്ങളുടെ സെയിൽസ് പ്രതിനിധികളോ പൊതുജനസമ്പർക്ക പ്രതിനിധികളോ എന്ന നിലയിൽ പെൺകുട്ടികളിൽനിന്ന് സമഗ്രമായ പ്രതിജ്ഞാബദ്ധത പ്രതീക്ഷിക്കുന്നു. മിക്കപ്പോഴും ഇത് പ്രഭാതംവരെ സാമൂഹ്യസഹവാസം ചെയ്യേണ്ടതാവശ്യമാക്കിത്തീർക്കുന്നു. ഒരു ചെറുപ്പക്കാരിയോട് ഇങ്ങനെ പറയപ്പെട്ടു: “പ്രിയേ, നിങ്ങൾ ക്ഷീണിതയല്ല. അത് ഓർത്തിരിക്കുകമാത്രം ചെയ്യുക. നിങ്ങളാണ് ഒരു പാർട്ടിക്ക് ആദ്യം വരേണ്ടതും ഒടുക്കം പോകേണ്ടതും.” ഏററവും കുറച്ചുപറഞ്ഞാൽ, അതിന് ക്രിസ്തീയ ചെറുപ്പക്കാരെ അനാശാസ്യമായ സഹവാസത്തിന് വിധേയരാക്കാൻ കഴിയും, ഒരാൾ ഒരു അവിശ്വാസിയുമായി പ്രേമാത്മകമായി ഉൾപ്പെടുന്നതിലേക്കു നയിക്കാൻപോലും കഴിയും.—2 കൊരിന്ത്യർ 6:14.
ഒടുവിൽ, സൗന്ദര്യമത്സരങ്ങൾ റോമർ 1:25ലെ ബൈബിൾതത്വത്തെ അവഗണിക്കുന്നുവെന്ന വസ്തുതയുമുണ്ട്, അത് ‘സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ആദരിക്കുകയും വിശുദ്ധസേവനമർപ്പിക്കുകയും ചെയ്യുന്നവരെ’ കുററംവിധിക്കുന്നു. (പ്രവൃത്തികൾ 12:21-23 താരതമ്യംചെയ്യുക.) ആ അടിസ്ഥാനത്തിൽമാത്രം ക്രിസ്തീയ ചെറുപ്പക്കാർ സ്കൂളിൽ ചെറിയ തോതിൽ ആണെങ്കിൽപോലും ഒരു സൗന്ദര്യമത്സരത്തിൽ പങ്കെടുക്കുന്നതിന് വിസമ്മതിക്കുന്നത് നല്ലതാണ്.
യഥാർത്ഥസൗന്ദര്യം
നേരത്തെ പ്രസ്താവിച്ച ചെറുപ്പക്കാർ തങ്ങളുടെ സ്വന്തം തീരുമാനങ്ങൾ ചെയ്യുന്നതിൽ ഈ വസ്തുതകൾ തൂക്കിനോക്കേണ്ടിവന്നു. ഒരു മോഡലെന്ന നിലയിൽ തൊഴിൽചെയ്യുന്നത് അതിൽത്തന്നെ തെററല്ലായിരിക്കാമെങ്കിലും ആമിയും റെസീനും അങ്ങനെ ചെയ്യാതിരിക്കാൻ തീരുമാനിച്ചു. അതുപോലെ യോനാഥാൻ ഒരു പുരുഷ മോഡലായുള്ള തൊഴിൽ വേണ്ടെന്നുവെച്ചു, ഇപ്പോൾ മുഴുസമയശുശ്രൂഷയാകുന്ന ജീവിതവൃത്തി പിന്തുടർന്നുകൊണ്ട് യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനത്ത് സേവിക്കുകയുമാണ്. എന്നാൽ സുമുഖിയായ മറെറാരു പെൺകുട്ടി സൗന്ദര്യമത്സരങ്ങളിൽ ചേർന്ന് രണ്ട് സമ്മാനങ്ങൾ നേടി. ഇപ്പോൾ അവൾ മേലാൽ ക്രിസ്തീയ യോഗങ്ങൾക്ക് ഹാജരാകുന്നില്ല. “ആകർഷകവും സുന്ദരവുമായതെല്ലാം എല്ലായ്പ്പോഴും നല്ലതല്ല; എന്നാൽ നല്ലത് എല്ലായ്പ്പോഴും സുന്ദരമാണ്” എന്ന മൊഴി എത്ര സത്യം.
നാം എസ്ഥേറിനെക്കുറിച്ച് വീണ്ടും അനുസ്മരിപ്പിക്കപ്പെടുന്നു. അവളുടെ ശാരീരിക സൗന്ദര്യം നിമിത്തം അവൾ ഒരു പത്നിക്കുവേണ്ടി രാജാവ് സംഘടിപ്പിച്ചവരിൽ ഉൾപ്പെട്ടു. എന്നിരുന്നാലും അവളുടെ എളിമയും കീഴ്വഴക്കവും അനുസരണവും അത്യാഗ്രഹമില്ലായ്മയുമായിരുന്നു അവളെ യഥാർത്ഥത്തിൽ സുന്ദരിയാക്കിയത്. (എസ്ഥേർ 2:13, 15-17) അവൾ പത്രോസിന്റെ വാക്കുകളെ ഉദാഹരിച്ചു: “നിങ്ങളുടെ അലങ്കാരം തലമുടിയുടെ ബാഹ്യപിന്നലും സ്വർണ്ണാഭരണങ്ങളണിയുന്നതും അല്ലെങ്കിൽ ബാഹ്യവസ്ത്രങ്ങളണിയുന്നതുമായിരിക്കാൻ അനുവദിക്കരുത്, എന്നാൽ ശാന്തവും സൗമ്യവുമായ ആത്മാവാകുന്ന അക്ഷയവേഷത്തിലുള്ള ഹൃദയത്തിന്റെ രഹസ്യ വ്യക്തിയായിരിക്കട്ടെ, അതിന് ദൈവത്തിന്റെ ദൃഷ്ടിയിൽ വലിയ വിലയുണ്ട്.” (1 പത്രോസ് 3:3, 4) ഒടുവിൽ, ഈ ക്രിസ്തീയ ഗുണങ്ങളുടെ നട്ടുവളർത്തലിനാണ് ശാരീരികസൗന്ദര്യത്തിന്റെ അല്പായുസ്സായ പ്രതിഫലങ്ങളെക്കാൾ വളരെ കൂടുതൽ നേട്ടമുണ്ടാകുന്നത്. (g90 1⁄8)
[അടിക്കുറിപ്പുകൾ]
a എവേക്കിന്റെ 1986 ജനുവരി 8-ലെ ലക്കത്തിൽ പ്രത്യക്ഷപ്പെടുന്ന “സൗന്ദര്യം എത്ര പ്രധാനമാണ്?” എന്ന ലേഖനം കാണുക.
[12-ാം പേജിലെ ചിത്രങ്ങൾ]
ക്രിസ്തീയ ഗുണങ്ങൾക്കാണ് ശാരീരിക സൗന്ദര്യത്തിന്റെ അല്പായുസ്സായ പ്രതിഫല ങ്ങളെക്കാൾ വലിയ നേട്ടമുണ്ടാകുന്നത്