സൗന്ദര്യത്തിന തൊലിയുടെ ആഴം മാത്രമായിരിക്കാം ഉള്ളത്
ദൈവത്താൽ സൃഷ്ടിക്കപ്പെട്ട ആദ്യത്തേതും ഏകയുമായ ഹവ്വാ എന്ന സ്ത്രീ ജീവിച്ചിട്ടുള്ളതിലേക്കും ഏററവും സൗന്ദര്യവതിയായ സ്ത്രീയായിരിക്കാനിടയുണ്ട്. എന്നാൽ അവളും അവളുടെ ഭർത്താവായ ആദാമും യഹോവക്കെതിരെ മത്സരിച്ചു. അങ്ങനെ ഹവ്വായിക്ക് ദൈവത്തോടുള്ള അടുത്ത ബന്ധം നഷ്ടപ്പെടുകയും മനുഷ്യവർഗ്ഗത്തിൻമേൽ ഒരു ഭയങ്കരദുരന്തം വരുത്തിക്കൂട്ടുന്നതിൽ അവൾ പങ്കുപററുകയും ചെയ്തു. അതിനുശേഷവും അവൾ സുന്ദരിയായിരുന്നുവെന്നതിനു സംശയമില്ല, എന്നാൽ അവളുടെ സൗന്ദര്യത്തിന് തൊലിയുടെ ആഴമേ ഉണ്ടായിരുന്നുള്ളു.
സൗന്ദര്യം ആത്യന്തികമായി ഒരു ദൈവദാനമാണ്, ചിലർ മററുള്ളവരെ അപേക്ഷിച്ച് അത് കൂടുതൽ അവകാശപ്പെടുത്തിയിട്ടുണ്ട്. ചിലർ തങ്ങൾക്കിപ്പോഴുള്ളതിൽ കൂടുതൽ സൗന്ദര്യം—അഥവാ അഴക്—ഉണ്ടായിരുന്നെങ്കിലെന്ന് ആശിക്കുന്നു. അനേകർ തങ്ങളുടെ സൗന്ദര്യത്തെ പരമാവധി പ്രയോജനപ്പെടുത്താൻ ധാരാളം പണവും സമയവും ചെലവഴിക്കുന്നു. എന്നാൽ ഹവ്വായുടെ ദൃഷ്ടാന്തം പ്രകടമാക്കുന്നതുപോലെ, മററു ഗുണങ്ങളുംകൂടെയില്ലെങ്കിൽ സൗന്ദര്യത്തിനു മാത്രം വിലയില്ല. മററ് ഏതു ഗുണങ്ങൾ? പണ്ട് ശലോമോൻരാജാവിന്റെ നാളിലെ ഒരു അനുഭവം അതിന് ഉത്തരം പറയാൻ നമ്മെ സഹായിക്കുന്നു.
സൗന്ദര്യത്തെക്കാൾ കവിഞ്ഞ ഒന്ന്
ശലോമോന്റെ ഗീതം എന്ന ബൈബിൾപുസ്തകം ശൂനേംകാരിയായ സുന്ദരിയായിരുന്ന ഒരു ഗ്രാമീണബാലികയെക്കുറിച്ചു പറയുന്നു. അവൾ സ്ഥലത്തെ ഒരു ഇടയച്ചെറുക്കനിൽ അനുരക്തയായിരുന്നു. അവളുടെ സൗന്ദര്യം രാജാവിന്റെ ശ്രദ്ധയെ ആകർഷിച്ചു. അവളെ തന്റെ ഭാര്യയാക്കാനുള്ള പ്രത്യാശയോടെ അദ്ദേഹം അവളെ യരൂശലേമിലേക്കു വരുത്തിച്ചു. ഒരു യുവതിക്കു ലഭിക്കാവുന്ന എന്തോരു അവസരം! അവിടെ അവൾക്ക് തന്റെ സൗന്ദര്യത്തെ പ്രയോജനപ്പെടുത്താനും രാജ്യത്തിൽ ധനത്തിന്റെയും ശക്തിയുടെയും സ്വാധീനത്തിന്റെയും ഒരു പദവി നേടിയെടുക്കാനും കഴിയുമായിരുന്നു. എന്നാൽ ആ ചെറുപ്പക്കാരി ദൃഢതയോടെ രാജാവിന്റെ മുഖസ്തുതിയോടുകൂടിയ മുന്നേററങ്ങളെ നിരസിച്ചു. അവൾ യരൂശലേമിലെ തിളക്കവും ധനവും വേണ്ടെന്നുവെക്കുകയും തന്റെ ഇടയബാലനോടു വിശ്വസ്തയായി നിലകൊള്ളുകയും ചെയ്തു. അവളുടെ സംഗതിയിൽ, സൗന്ദര്യം തൊലിയുടെ ആഴത്തിലും വളരെ കവിഞ്ഞതായിരുന്നു. അവൾ അല്പബുദ്ധിയോ അവസരവാദിയോ അത്യാഗ്രഹിയോ അല്ലായിരുന്നു. എന്നാൽ, അവളുടെ പൂർവ്വികമാതാവായിരുന്ന ഹവ്വായിക്കില്ലാഞ്ഞ ഒരു ആന്തരികസൗന്ദര്യം അവൾക്കുണ്ടായിരുന്നു.—ശലോമോന്റെ ഗീതം 1:15; 4:1: 8:4, 6, 10.
ശാരീരികസൗന്ദര്യത്തിന്റെ കെണികൾ
ശാരീരികസൗന്ദര്യം അഭികാമ്യമാണെങ്കിലും, ആന്തരികസൗന്ദര്യം ഒരിക്കലും വരുത്തിക്കൂട്ടാത്ത പ്രശ്നങ്ങളിലേക്ക് അതിനു നയിക്കാൻകഴിയും. ദൃഷ്ടാന്തമായി, ഏതാണ്ട് 4,000 വർഷംമുമ്പ്, ഗോത്രപിതാവായിരുന്ന യാക്കോബിന് നിസ്സംശയമായി വളരെ സുമുഖിയായിരുന്ന ഒരു പുത്രി ഉണ്ടായിരുന്നു. അവൾ ബുദ്ധിശൂന്യമായി “ദേശത്തെ പുത്രിമാരു”മായി സഹവസിച്ചുകൊണ്ട് സമയം ചെലവഴിച്ചപ്പോൾ ശേഖേം എന്ന ഒരു ചെറുപ്പക്കാരൻ അവളിൽ വളരെ ആകൃഷ്ടനായതിനാൽ അവളെ ബലാൽസംഗംചെയ്തു.—ഉല്പത്തി 34:1, 2.
കൂടാതെ, ശാരീരികസൗന്ദര്യത്തിന് അതോടൊപ്പം ഒരു ആന്തരികസൗന്ദര്യവുമില്ലെങ്കിൽ, അതുള്ളയാളിന്റെ സ്വമതിപ്പിനെ അത് പെരുപ്പിച്ചേക്കാം. ദാവീദ്രാജാവിന് അബ്ശാലോം എന്നു പേരായ ഒരു പുത്രനുണ്ടായിരുന്നു. അവനെ സംബന്ധിച്ചു നാം ഇങ്ങനെ വായിക്കുന്നു, “അബ്ശാലോമിനോടുള്ള താരതമ്യത്തിൽ അത്ര ശ്ലാഘിക്കത്തക്കവണ്ണം സുന്ദരനായി ഇസ്രായേലിലെങ്ങും ഒരു മനുഷ്യനുമില്ലായിരുന്നു.” (2 ശമുവേൽ 14:25) എന്നാൽ അബ്ശാലോമിന്റെ ശാരീരിക സൗന്ദര്യം ഒരു ആന്തരികവൈരൂപ്യത്തെ മറച്ചുവെച്ചു: അവൻ വ്യർത്ഥനും അതിമോഹിയും നിർദ്ദയനുമായിരുന്നു. ഈ ചെറുപ്പക്കാരൻ ഇസ്രായേലിൽ അനുയായികളെ ഉളവാക്കാൻ വിദഗ്ദ്ധമായി തന്റെ വ്യക്തിപരമായ സൗന്ദര്യത്തെ ഉപയോഗിക്കുകയും അനന്തരം തന്റെ രാജകീയപിതാവിനെതിരായി ഗൂഢാലോചന നടത്തുകയുംചെയ്തു. ഒടുവിൽ, അവൻ കൊല്ലപ്പെട്ടു, എന്നാൽ ഈ സുമുഖനായ പുരുഷൻ രാജ്യത്തെ ആഭ്യന്തരയുദ്ധത്തിൽ ആഴ്ത്തുന്നതിനു മുമ്പായിരുന്നില്ല.
പുരുഷസൗന്ദര്യം
അബ്ശാലോമിന്റെ സംഗതി പ്രകടമാക്കുന്നതുപോലെ, ബൈബിൾ പുരുഷൻമാരും സ്ത്രീകളും സൗന്ദര്യമുള്ളവരായിരിക്കുന്നതായി പറയുന്നുണ്ട്. തന്റെ പുരുഷസൗന്ദര്യത്താൽ കെണിയിലാകാഞ്ഞ ഒരു പുരുഷന്റെ മാതൃകയായിരുന്നു ദീനായുടെ ഇളയ അർദ്ധസഹോദരനായിരുന്ന യോസേഫ്. (ഉല്പത്തി 30:20-24) യോസേപ്പ് ഒരു ചെറുപ്പക്കാരനായിരുന്നപ്പോൾ, അവന്റെ സഹോദരൻമാർ അസൂയയിൽനിന്ന് അവനെ ഒരു അടിമയായി വിൽക്കുകയും അവൻ ഈജിപ്ററിലേക്കു കൊണ്ടുപോകപ്പെടുകയുംചെയ്തു. അവിടെ, അവനെ ഒരു സൈനിക ഉദ്യോഗസ്ഥനായ പോത്തീഫർ വിലക്കുവാങ്ങി, അവൻ സത്യസന്ധനും ഉത്സാഹിയുമായിരുന്നതിനാൽ അവൻ പോത്തീഫറിന്റെ ഭവനത്തിന്റെ മേൽവിചാരകനായിത്തീരാനിടയാകുകയും ചെയ്തു. ഇതിനിടയിൽ, “യോസേഫ് സുന്ദരനും മനോഹരനുമായി വളർന്നു.”—ഉൽപത്തി 39:6.
പോത്തീഫറിന്റെ ഭാര്യക്ക് യോസേഫിനോട് വികാരം ജനിക്കുകയും നിർല്ലജ്ജം അവനെ വശീകരിക്കാൻ ശ്രമിക്കുകയുംചെയ്തു. എന്നാൽ ഈ ചെറുപ്പക്കാരൻ തനിക്ക് ആന്തരികസൗന്ദര്യവും ശാരീരികമായ ആകർഷണീയതയും ഉണ്ടെന്ന് തെളിയിച്ചു. അവൻ തന്റെ യജമാനനായ പോത്തീഫറിനെതിരെ പാപംചെയ്യാൻ വിസമ്മതിക്കുകയും ആ സ്ത്രീയെ വിട്ട് ഓടിപ്പോകുകയുംചെയ്തു. തൽഫലമായി അവൻ ജയിലിലിടപ്പെട്ടു. എന്തിന്? പോത്തീഫറിന്റെ നിരാശിതയായ ഭാര്യ യോസേഫ് തന്നെ ബലാൽസംഗംചെയ്യാൻ ശ്രമിച്ചുവെന്ന് വ്യാജമായി കുററമാരോപിച്ചു! ഈ കയ്പേറിയ അനുഭവംപോലും യോസേഫിന്റെ സ്വഭാവത്തെ കഠിനപ്പെടുത്തിയില്ല. അങ്ങേയററത്തെ പ്രയാസത്തിൻകീഴിലെ അവന്റെ വിശിഷ്ടമായ മാതൃക അന്നുമുതലുള്ള നീതിഹൃദയരെ പ്രോൽസാഹിപ്പിച്ചിരിക്കുന്നു.
ഈ ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നതുപോലെ, ആന്തരികസൗന്ദര്യം—വിശേഷിച്ച് ദൈവവിശ്വാസത്തിലധിഷ്ഠിതമായിരിക്കുമ്പോഴത്തെ ഒരു വ്യക്തിത്വസൗന്ദര്യം—ശാരീരികമായ അഴകിനെക്കാൾ വളരെയേറെ പ്രധാനമാണ്. വിവാഹത്തെക്കുറിച്ച് ആലോചിക്കുന്ന ചെറുപ്പക്കാർ ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. ജോലിക്കാരെ അന്വേഷിക്കുന്ന തൊഴിലുടമകൾ അത് ഓർത്തിരിക്കണം. നാം ശാരീരികസൗന്ദര്യത്താൽ അനുഗ്രഹിക്കപ്പെട്ടിരുന്നാലും ഇല്ലെങ്കിലും നമുക്ക് ഈ വളരെ പ്രധാനമായ ആന്തരികസൗന്ദര്യം വളർത്തിയെടുക്കാൻ കഴിയുമെന്ന് നമ്മളെല്ലാം മനസ്സിൽ പിടിക്കേണ്ടതുണ്ട്. എന്നാൽ ഇതിൽ എന്താണടങ്ങിയിരിക്കുന്നത്? നമുക്കത് എങ്ങനെ വളർത്തിയെടുക്കാൻ കഴിയും? നാം ഇത് അടുത്ത ലേഖനത്തിൽ ചർച്ചചെയ്യും. (w89 2⁄1)