‘അത്യന്തം വ്യാപകമായ ശിശുദ്രോഹം’
സ്ത്രീയുടെ കൈകൾ അവളുടെ ശിശുവിന്റെ കഴുത്തിനു ചുററും പിടിക്കുന്നു. പിന്നെ അവൾ സാവധാനത്തിൽ ശിശുവിനെ ശ്വാസംമുട്ടിച്ചുകൊണ്ട് ഇറുക്കുന്നു. നിസ്സഹായനായ ശിശു ഞെളിപിരികൊള്ളുന്നു. കൃത്യസമയത്ത് സ്ത്രീ പിടി അയക്കുന്നു. ശിശു വായുവിനുവേണ്ടി കിതക്കുന്നു, എന്നാൽ ആക്രമണത്തെ അതിജീവിക്കുന്നു. അധികം താമസിയാതെ സ്ത്രീ വീണ്ടും കൊച്ചു കഴുത്തിനുചുററും പിടിക്കുന്നു, വീണ്ടും ദണ്ഡനം തുടങ്ങിക്കൊണ്ടുതന്നെ. വീണ്ടും അവൾ പിടി അയക്കുന്നു, ശിശു കിതച്ചുകൊണ്ട് . . .
നിങ്ങൾ ഇപ്പോൾ വായിച്ചത് പുകവലിക്കുന്ന തള്ളയാൽ ദ്രോഹിക്കപ്പെടുമ്പോൾ ഒരു അജാതശിശു അനുഭവിക്കുന്നതുപോലെയുള്ള യാതനയുടെ വർണ്ണനയാണ്.
ആജീവനാന്ത തകരാറ്
അതിർകടന്ന ഒരു പ്രസ്താവനയോ? അശേഷമല്ല. ക്രമമായി പുകവലിക്കുന്ന ഒരു മാതാവ് തന്റെ ശിശുവിന് ശാരീരികവും മാനസികവുമായ വൈകല്യങ്ങൾ വരുത്തിക്കൂട്ടിയേക്കാമെന്ന് നിരവധി ശാസ്ത്രീയപഠനങ്ങൾ പ്രകടമാക്കുന്നതായി ഒരു ന്യൂയോർക്ക് റൈറംസ് ലേഖനം റിപ്പോർട്ടുചെയ്യുന്നു. ഈ വൈകല്യങ്ങളിൽ ചിലത് സത്വരം പ്രത്യക്ഷമാണെങ്കിലും മററു ചിലത് കൂടുതൽ സാവധാനത്തിൽ വികാസം പ്രാപിക്കുന്നതായി ലേഖനം പറയുന്നു.
ഏതുവിധത്തിലാണ് ഒരു മാതാവിന്റെ പുകവലി അജാതശിശുവിനെ ബാധിക്കുന്നത്? ഐക്യനാടുകളിലെ മെമ്മോറിയൽ സ്ലോവൻകെറററിംഗ് കാൻസർ കേന്ദ്രത്തിൽ അററൻഡ്ചെയ്യുന്ന സർജനും റൈറംസ് ലേഖന കർത്താവുമായ ഡോ. വില്യം ജി. കാഹൻ ഇങ്ങനെ വിശദീകരിക്കുന്നു: “ഓരോ സിഗരററ് പുകയും മിനിററുകൾക്കകം മാതാവിന്റെ രക്തത്തിലേക്ക് കാർബൺമോണോക്സൈഡും നിക്കോട്ടിനും കടത്തിവിടുന്നു.” കാർബൺമോണോക്സൈഡ് ഓക്സിജൻ വഹിക്കുന്നതിനുള്ള രക്തത്തിന്റെ പ്രാപ്തി കുറക്കുന്നതിനാലും നിക്കോട്ടിൻ മറുപിള്ളയിലെ രക്തക്കുഴലുകളെ സങ്കോചിപ്പിക്കുന്നതിനാലും “അജാതശിശുവിന് താത്ക്കാലികമായി സാധാരണ അളവിൽ ഓക്സിജൻ കിട്ടാതെവരുന്നു. ഈ അപഹരണം മിക്കപ്പോഴും ആവർത്തിക്കപ്പെട്ടാൽ അതിന് ഓക്സിജന്റെ കുറവിനോട് അസാധാരണ സംവേദകത്വമുള്ള ഒരു അവയവമായ ഗർഭസ്ഥമസ്തിഷ്കത്തിന് അപരിഹാര്യമായ തകരാറുവരുത്താൻ കഴിയു”മെന്ന് സർജൻ കാഹൻ പറയുന്നു.
ഉദാഹരണത്തിന്, ഗർഭിണികളായ സ്ത്രീകൾ രണ്ടു സിഗരററുമാത്രം വലിച്ച ശേഷം അഞ്ച് മിനിററ് കഴിഞ്ഞ് അവരുടെ ഗർഭസ്ഥശിശുക്കൾ അരിഷ്ടതയുടെ ലക്ഷണങ്ങൾ—വർദ്ധിച്ച ഹൃദയമിടിപ്പും അതോടുകൂടെയുള്ള അസാധാരണ ശ്വാസോച്ഛ്വാസസമാനമായ ചലനങ്ങളും—കാണിക്കുന്നുവെന്ന് ഒരു പഠനം വെളിപ്പെടുത്തി.
ദിവസം ഒരു പായ്ക്കററ് വലിക്കുന്നവർ
അപ്പോൾ മാതാവ് ദിവസം 20 സിഗരററ് അല്ലെങ്കിൽ ഒരു പായ്ക്കററ് വലിക്കുന്നുവെങ്കിൽ ഒരു അജാതശിശുവിനെസംബന്ധിച്ച് അത് എന്തർത്ഥമാക്കും? ഒരു ശരാശരി വലികാരൻ ഓരോ സിഗരററിനും അഞ്ച് പുകവീതം അകത്തേക്ക് വലിച്ചുകയററുന്നുവെന്ന് ഡോ. കാഹൻ കണക്കുകൂട്ടുന്നു. അങ്ങനെ ദിവസം ഒരു പായ്ക്കററിന്റെ ശീലം ദിവസം നൂറു പുക അകത്താക്കുന്നു. ഗർഭകാലം ഏതാണ്ട് 270 ദിവസം നീണ്ടുനിൽക്കുന്നതിനാൽ മാതാവ് ഗർഭസ്ഥശിശുവിനെ “കുറഞ്ഞപക്ഷം 27,000 ശാരീരിക-രാസ ദ്രോഹങ്ങൾക്ക് വിധേയമാക്കുന്നു.”
ദ്രോഹിക്കപ്പെട്ട അങ്ങനെയുള്ള ശിശുക്കൾ അവരുടെ മാതാക്കളുടെ പുകയിലശീലത്തിന് ഒരു ആജീവനാന്ത വില ഒടുക്കിയേക്കാം. ശാരീരികപ്രശ്നങ്ങൾക്കുപുറമേ, കുട്ടികൾക്ക് “പെരുമാററസംബന്ധമായ പ്രശ്നങ്ങളും വികലമായ വായനാപ്രാപ്തികളും അമിതചുറുചുറുക്കും ബുദ്ധിമാന്ദ്യവും ഉണ്ടായേക്കാം” എന്ന് ഡോ. കാഹൻ പറയുന്നു. “ഉത്തരവാദിത്വബോധമുള്ള ഏതു സ്ത്രീക്ക് തന്റെ ശിശുവിന് ഭീഷകമായ ഒരു ശീലത്തിൽ തുടരാൻ കഴിയും?” എന്ന് അദ്ദേഹം ചോദിക്കുന്നത് അതിശയമല്ല.
അതിനുംപുറമേ, പുകവലിക്കുന്ന മാതാപിതാക്കൻമാർ വളരുന്ന കുട്ടികൾക്കും ഒരു ഭീഷണിയാണ്. എന്തുകൊണ്ട്? അമേരിക്കൻ കാൻസർ സൊസൈററി പ്രസിദ്ധപ്പെടുത്തിയ പുകവലി സംബന്ധിച്ച വസ്തുതകളും കണക്കുകളും എന്ന ചെറുപുസ്തകം ഉത്തരം നൽകുന്നു: “പുകവലിക്കുന്നവരുടെ കുട്ടികൾക്ക് പുകവലിക്കാത്തവരുടെ കുട്ടികളെക്കാൾ ശ്വസനസംബന്ധമായ രോഗങ്ങളുണ്ട്, കുട്ടിക്കാലത്തെ കൂടെക്കൂടെയുള്ള ശ്വാസംമുട്ടലിലും ന്യൂമോണിയായിലുമുള്ള വർദ്ധനവ് അതിൽ ഉൾപ്പെടുന്നു.”
തന്നിമിത്തം “ഇത്തരം ശിശുദ്രോഹമായിരിക്കാം എല്ലാററിലുംവെച്ച് ഏററവും വ്യാപകമായത്” എന്ന് ഡോ. കാഹൻ നിഗമനംചെയ്യുന്നു. നിങ്ങൾ അത് ഒഴിവാക്കുന്നുണ്ടോ എന്നതാണ് ചോദ്യം. (g90 1⁄8)