യുവജനങ്ങൾ ചോദിക്കുന്നു...
പുകവലി യഥാർത്ഥത്തിൽ അത്ര ചീത്തയാണോ?
പുകവലി കുട്ടിയായിരിക്കുമ്പോൾ മുതൽ ഓറനെ മോഹിപ്പിച്ചിരുന്നു. അവന്റെ അമ്മായി സിഗറററു വലിക്കുമ്പോഴൊക്കെ തീപ്പെട്ടിക്കൊള്ളി കെടുത്തിക്കളയാൻ അവനോട് ആവശ്യപ്പെടുമായിരുന്നു. 16-ാമത്തെ വയസ്സിൽ പുകവലി പരീക്ഷിച്ചുനോക്കാൻ അവൻ തീരുമാനിച്ചു. അവൻ ഒരു പാർട്ടിക്കു പോയപ്പോൾ ഒരു പെൺകുട്ടിയോട് ഒരു സിഗറററ് ആവശ്യപ്പെട്ടു—എന്നാൽ അത് വലിച്ചുതീർക്കുന്നതിനുമുമ്പ് അവന് അസ്വാസ്ഥ്യമുണ്ടായി.
അവന്റെ പുരുഷത്വത്തിന് ക്ഷതമേററു, സ്വകാര്യമായി പുകവലി ശീലിക്കാൻ അവൻ തീരുമാനിക്കുകയും ചെയ്തു. ഒരു വൈകുന്നേരം കട്ടിയായ ഒരു ഭക്ഷണം കഴിഞ്ഞ് സങ്കോചത്തോടെ അവൻ ഒരു സിഗറററ് കത്തിച്ചു വലിച്ചു. എന്തൊരു അത്ഭുതം! ഇപ്രാവശ്യം തലകറക്കമോ ഓക്കാനമോ ഇല്ല. സ്വയം മതിപ്പുതോന്നി അവൻ വീണ്ടും വീണ്ടും വലിച്ചു. ഒരു സിഗറററ് തീരുമ്പോൾ അവന് മറെറാരു സിഗറററ് വേണമെന്നായി. അതിനുശേഷം വീണ്ടും മറെറാന്ന്. അടുത്ത ആറു വർഷത്തേക്ക് ഓറൻ ഇടവിടാതെ പുകവലിക്കുന്ന ഒരു ആളായിരിക്കും.
പുകവലി—കാററ് മാറി വീശിയിരിക്കുന്നുവോ?
ഇന്നുള്ള അനേകം ചെറുപ്പക്കാർ ഓറന്റെ നടപടികളെ പുച്ഛിച്ചേക്കാം. ഐക്യനാടുകളിൽ നടത്തിയ ഒരു സർവ്വെയനുസരിച്ച്, ഒരു ദിവസം ഒന്നോ അധികമോ പാക്കററ് സിഗറററ് വലിക്കുന്നത് ഒരുവന് “വലിയ അപകടം” വരുത്തുന്നുവെന്ന് വോട്ടുചെയ്ത 66 ശതമാനം ചെറുപ്പക്കാർ വിശ്വസിക്കുന്നു. വലിയ വെറുപ്പു പ്രകടമാക്കിയ ചിലർ പുകവലിക്കാർ തന്നെയായിരുന്നു എന്നത് വിരോധാഭാസമാണ്. “അത് മ്ലേച്ഛമായ ഒരു ശീലമാണ്” എന്ന് 16 വയസ്സുള്ള ഒരു പുകവലിക്കാരൻ പറയുന്നു. ഒരു പഠനത്തിൽ, പുകവലിക്കാരായ 85 ശതമാനത്തോളം ചെറുപ്പക്കാർ അത് അപകടകരമാണെന്നു കരുതുന്നതായി സമ്മതിച്ചു. പകുതിയോളം പേർ തങ്ങൾ നിർത്താൻ ഉദ്ദേശിക്കുന്നതായി പറഞ്ഞു—അതായത് “അഞ്ചു വർഷത്തിനകം.”
അപ്പോൾ പ്രത്യക്ഷത്തിൽ, നിരാകരണത്തിന്റെ ഒരു തരംഗം ദീർഘകാലം നിലനിന്നിരുന്ന പുകവലിയുടെ പ്രചാരത്തെ തുടച്ചുനീക്കുമെന്ന് ഇപ്പോൾ ഭീഷണിമുഴക്കുന്നു. റെഡ്യൂസിങ് ദ ഹെൽത്ത് കൊൺസെക്വെൻസസ് ഓഫ് സ്മോക്കിങ്—റെറ്വൻറിഫൈവ് ഇയേഴ്സ് ഓഫ് പ്രോഗ്രസ് എന്ന തലക്കെട്ടിൽ യു. എസ്. സർജൻ ജനറലിന്റെ 1989-ലെ റിപ്പോർട്ട് ഇപ്രകാരം പറയുന്നു: “പുകവലി 1940-കളിലും 1950-കളിലും ഒരു മോടിയായിരുന്നു. ഇപ്പോൾ വർദ്ധിച്ചതോതിൽ അത് ഉപേക്ഷിക്കപ്പെടുന്നു. സിനിമാതാരങ്ങളും സ്പോർട്സ് താരങ്ങളും മററു പ്രശസ്തരും സിഗറററ് പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ന് നടൻമാരും കായികതാരങ്ങളും പൗരപ്രമുഖരും രാഷ്ട്രീയ സ്ഥാനാർത്ഥികളും വിരളമായേ പുകവലിക്കുന്നതായി കാണപ്പെടുന്നുള്ളു. ബഹുജനങ്ങളിൽ വളരെപ്പേർ പുകവലി വിട്ടുകളയുന്നു.”
ഐക്യനാടുകളിലെ പ്രായപൂർത്തിയായവരിൽ 40 ശതമാനം 1965-ൽ പുകവലിച്ചിരുന്നു. ഇരുപതു വർഷങ്ങൾക്കുശേഷം 29 ശതമാനം മാത്രമേ പുകവലിച്ചിരുന്നുള്ളു. സർജൻ ജനറലിന്റെ റിപ്പോർട്ട് തുടരുന്നു: “എന്നെങ്കിലും പുകവലിച്ചിരുന്നവരായ ജീവിച്ചിരിക്കുന്ന എല്ലാ മുതിർന്നവരിലും പകുതിയോളം പേർ അതുപേക്ഷിച്ചിരിക്കുന്നു.” 1976-ൽ മുതിർന്ന ഹൈസ്ക്കൂൾ വിദ്യാർത്ഥികളിൽ ഏകദേശം 29 ശതമാനം ദിവസേന പുകവലിച്ചിരുന്നു. ഒരു ദശാബ്ദത്തിനു ശേഷം 19 ശതമാനമേ പുകവലിച്ചിരുന്നുള്ളു.
അതുകൊണ്ട് പുകവലി എന്ന വിഷയത്തെപ്പററി കൂടുതലായി ഒന്നും പറയേണ്ടതില്ല എന്നു തോന്നിയേക്കാം. എന്നാൽ ഊർജ്ജസ്വലമായ പുകവലിവിരുദ്ധ പ്രചരണവും ഭിഷഗ്വരൻമാരിൽനിന്നുള്ള കർശനമുന്നറിയിപ്പുകളും ഉണ്ടായിരുന്നിട്ടും പുകയിലയുടെ മൊത്തമായ ആഗോള ഉപയോഗം ഗണ്യമായി വർദ്ധിച്ചിരിക്കുന്നു! ഐക്യനാടുകളിൽ ഏകദേശം 5 കോടി മുതിർന്നവർ തുടർന്ന് പുകവലിച്ചുകൊണ്ടിരിക്കുന്നു. ഓറനു സംഭവിച്ചത് മററനേകം ചെറുപ്പക്കാർക്കും സംഭവിച്ചുകൊണ്ടിരിക്കുന്നു. ഐക്യനാടുകളിൽമാത്രം ഓരോ ദിവസവും ഏകദേശം 3,000 കൗമാരപ്രായക്കാർ ആദ്യമായി സിഗറററിനു തീ കൊളുത്തുന്നു. അത് ഒരു വർഷംകൊണ്ട് പുതിയ പുകവലിക്കാരുടെ സംഖ്യ പത്തു ലക്ഷത്തിലെത്തിക്കുന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്. പുതിയ നിക്കോട്ടിൻ ആസക്തരിൽ ഭൂരിപക്ഷവും കൗമാരപ്രായത്തിലുള്ള പെൺകുട്ടികളാണെന്നുള്ളത് അമ്പരപ്പുളവാക്കുന്നു.
പുകവലിവിരുദ്ധ പ്രചാരണങ്ങൾ—പുതിയ സംഗതിയല്ല!
ജനം അപകടങ്ങളേക്കുറിച്ച് അറിവില്ലാത്തവരായതുകൊണ്ടല്ല. എന്തിന്, പുകവലി ഒഴിവാക്കേണ്ടതിന്റെ ശാസ്ത്രീയകാരണങ്ങൾ ഗവേഷകർ കണ്ടെത്തുന്നതിന് ദീർഘനാൾമുമ്പേ അതു നിന്ദ്യവും അനഭിലഷണീയവുമായ ശീലമാണെന്ന് സാമാന്യബോധം ജനത്തെ ഉപദേശിച്ചിരിക്കുന്നു. 90-ൽ താഴെ വർഷങ്ങൾക്കു മുമ്പ് സിഗറററ് ഐക്യനാടുകളുടെ അനേകഭാഗങ്ങളിൽ നിയമവിരുദ്ധമായിരുന്നു. ചില പ്രദേശങ്ങളിൽ അതു കൈവശം വെക്കുന്നതുപോലും അറസ്ററിനു കാരണമാകുമായിരുന്നു. അതിനും മുമ്പ് പുകവലിക്കെതിരെ കൂടുതൽ കർശന നടപടികൾ കൈക്കൊണ്ടിരുന്നു.
സ്മിത്സോണിയൻ മാസിക 17-ാം നൂററാണ്ടിൽ എടുത്തിരുന്ന ചില പുകവലി വിരുദ്ധനടപടികളെ വിശദീകരിക്കുന്നു: “ചൈനയിൽ 1638-ൽ പുറപ്പെടുവിച്ച ഒരു രാജശാസന പുകയിലയുടെ . . . ഉപയോഗം ശിരച്ഛേദശിക്ഷ കൈവരുത്താവുന്ന ഒരു കുററമാക്കിത്തീർത്തു. റഷ്യയിൽ പുകവലിക്കാരെ ചമ്മട്ടികൊണ്ട് അടിച്ചിരുന്നു; കുററകൃത്യം ആവർത്തിച്ചവരുടെ നാസാരന്ധ്രങ്ങൾ നെടുകെ പിളർന്നിരുന്നു. നിരന്തരം നിയമം ലംഘിച്ചവരെ സൈബീരിയായിലേക്ക് നാടുകടത്തിയിരുന്നു. പേർഷ്യയിൽ ഇങ്ങനെയുള്ളവരെ പീഡിപ്പിക്കുകയോ മരത്തിൽ തറക്കുകയോ ശിരച്ഛേദംചെയ്യുകയോ ചെയ്തിരുന്നു.”
ഇത്തരം അനുശാസനങ്ങൾ അമിതവും ക്രൂരവും ആയിരുന്നുവെന്ന് സമ്മതിക്കുന്നു. എന്നാൽ തങ്ങളുടേതായ വിധത്തിൽ പുകവലിക്കാർ സ്വന്തശരീരങ്ങളോട് ക്രൂരതകാട്ടുന്നു.
പുകവലി—അതു നിങ്ങളുടെ ശരീരത്തിന് എന്തുചെയ്യുന്നു
പുകയിലക്ക് ദ്രോഹപ്രതീതി നൽകുന്ന ഘടകം നിക്കോട്ടിനാണ്. എന്നിരുന്നാലും, ദ വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയ പറയുന്നു: “ഒരു അൽപം നിക്കോട്ടിൻ—ഏകദേശം 60 മില്ലീഗ്രാം—ഒന്നിച്ചുകഴിച്ചാൽ പ്രായപൂർത്തിയായ ഒരാൾ ഉടൻ മരിക്കും. ഒരു സാധാരണ സിഗറററിൽ ഏകദേശം ഒരു മില്ലീഗ്രാം നിക്കോട്ടിൻ ഉൾക്കൊള്ളുന്നു.”
നിക്കോട്ടിൻ ശക്തമായ ആസക്തിയുളവാക്കുന്നതുമാണ്. യു. എസ്. സർജൻ ജനറലിന്റെ ഒരു റിപ്പോർട്ട് ഇങ്ങനെ ഉപസംഹരിക്കുന്നു: “മിക്ക പുകവലിക്കാരും കൗമാരപ്രായത്തിൽ പുകവലി തുടങ്ങുകയും അനന്തരം ആസക്തരായിത്തീരുകയും ചെയ്യുന്നു. ഇന്ന് പുകവലിക്കാരിൽ 80 ശതമാനവും പറയുന്നത് അവർ അത് ഉപേക്ഷിക്കാനാഗ്രഹിക്കുന്നുവെന്നാണ്. പുകവലിക്കാരിൽ മൂന്നിൽ രണ്ടു പേർ ഉപേക്ഷിക്കാൻ ഗൗരവമായ ഒരു ശ്രമമെങ്കിലും നടത്തിയിട്ടുണ്ട്.” പുകയിലക്കുവേണ്ടിയുള്ള നിരന്തരമായ അത്യാർത്തി, അസ്വസ്ഥത, വിക്ഷോഭം, ഉൽക്കണ്ഠ, തലവേദന, മന്ദത, ആമാശയത്തകരാറ്, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അപ്രാപ്തി എന്നിങ്ങനെയുള്ള വേദനാജനകമായ പിൻമാററലക്ഷണങ്ങൾ പലപ്പോഴും ഇത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തുന്നു.
സിഗറററുകൾ ഒരുവനെ നിക്കോട്ടിൻകൊണ്ട് മലിനീകരിക്കുന്നതിലധികം ചെയ്യുന്നു; കത്തിച്ച ഒരു സിഗറററ് 4,000-ത്തോളം വ്യത്യസ്ത രാസസംയുക്തങ്ങൾ വിസർജ്ജിക്കുന്ന ഒരു യാഥാർത്ഥ വിഷനിർമ്മാണശാലയാണ്. ഇവയിൽ 43 എണ്ണം കാൻസറിനിടയാക്കുന്നുവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അവയിൽ ചിലത് പശയുള്ള ടാർ പോലെ ശ്വാസകോശങ്ങളിലും ശ്വാസക്കുഴലുകളിലും പററിപ്പിടിക്കുന്നു. ഇത് പിന്നീട് ശ്വാസകോശാർബുദത്തിനു കാരണമാകാം. കൂടാതെ പുകവലി “മൂത്രാശയത്തിലെയും പാൻക്രിയാസിലെയും വൃക്കയിലെയും കാൻസറിന് സഹായഘടകവും ആമാശയകാൻസറിനോട് ബന്ധപ്പെട്ടിരിക്കുന്നതും ആണെന്ന്” കരുതപ്പെടുന്നു.—റെഡ്യൂസിങ് ദ ഹെൽത്ത് കൊൺസെക്വെൻസസ് ഓഫ് സ്മോക്കിങ്.
ഒരു പുകവലിക്കാരന് കാൻസർ വികസിതമാകാൻ അനേകം വർഷങ്ങൾ എടുത്തേക്കാം. എന്നാൽ ഒററ സിഗറററുപോലും ഗുരുതരമായ ഹാനി വരുത്തും. നിക്കോട്ടിൻ നിങ്ങളുടെ ഹൃദയമിടിപ്പ് ത്വരിതപ്പെടുത്തുന്നതിനാൽ പ്രാണവായുവിനായുള്ള ശരീരത്തിന്റെ ആവശ്യം വർദ്ധിക്കുന്നു. സിഗറററ് പുകയിൽ കാർബൺ മോണോക്സൈഡും—വാഹനങ്ങൾ പുറത്തുവിടുന്ന അതേ വിഷവാതകം— ഉൾക്കൊള്ളുന്നുവെന്നത് അശുഭകരം തന്നെ. ഈ വിഷവസ്തു രക്തക്കുഴലുകളിലെത്തുകയും ഹൃദയത്തിലേക്കും മററു മർമ്മപ്രധാന അവയവങ്ങളിലേക്കുമുള്ള ഓക്സിജൻ പ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അതിലും ദോഷകരമായി, നിക്കോട്ടിൻ രക്തധമനികളെ സങ്കോചിപ്പിക്കുകയും അങ്ങനെ ഓക്സിജന്റെ പ്രവാഹം വീണ്ടും മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ പുകവലിക്കാർക്ക് അപകടകരമാംവിധം ഉയർന്ന ഒരു ഹൃദ്രോഗ നിരക്കുണ്ട്.
ആമാശയ വ്രണങ്ങൾ, ഗർഭമലസൽ, വൈകല്ല്യമുള്ള കുഞ്ഞുങ്ങൾ, ആഘാതം—ഇവ പുകവലിക്കാർ അഭിമുഖീകരിക്കുന്ന മററനേകം അപകടങ്ങളിൽ ചിലതുമാത്രമാണ്. ലോകവ്യാപകമായി ഓരോ വർഷവും പുകവലിയോടു ബന്ധപ്പെട്ട 25 ലക്ഷം മരണങ്ങൾ സംഭവിക്കുന്നു. ഇവയിൽ 4,00,000-ത്തിലധികം മരണങ്ങൾ ഐക്യനാടുകളിൽ മാത്രം ഉണ്ടാകുന്നു. യു. എസ്. സർജൻ ജനറൽ ഇപ്രകാരം പ്രസ്താവിക്കുന്നു: “ഐക്യനാടുകളിലെ ഓരോ ആറുമരണങ്ങളിലും ഒന്നിലധികത്തിന്റെ ഉത്തരവാദിത്വം പുകവലിക്കാണ്. നമ്മുടെ സമൂഹത്തിലെ തടഞ്ഞുനിർത്താവുന്ന ഏററവും പ്രധാനപ്പെട്ട ഒററ മരണഹേതു പുകവലിയാണ്.” ഇപ്പോൾ 20 വയസ്സിൽ താഴെയുള്ള 20 കോടി ആളുകളെ ഒടുവിൽ പുകവലി കൊലചെയ്യുമെന്ന് ചില ആരോഗ്യ അധികാരികൾ ഭയപ്പെടുന്നു.
എന്നാൽ പുകവലിക്കാർ തങ്ങളെത്തന്നെ മാത്രമല്ല ദ്രോഹിക്കുന്നത്. തങ്ങളുടെ വിഷപ്പുക ശ്വസിക്കാൻ മററുള്ളവരെയും നിർബ്ബന്ധിതരാക്കുന്നതിനാൽ അവർ പുകവലിക്കാത്തവരെക്കൂടി ശ്വാസകോശ കാൻസറിനും മററ് ശ്വസനസംബന്ധമായ രോഗങ്ങൾക്കും വിധേയരാക്കുന്നു.
നിങ്ങളുടെ സ്വന്തം തീരുമാനം ചെയ്യൽ
അപ്പോൾ പുകയിലയുടെ അപകടങ്ങളെക്കുറിച്ച് ജനങ്ങൾക്കു മുന്നറിയിപ്പു കൊടുക്കുന്നതിനോ അതിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനോ അനേകം രാജ്യങ്ങൾ നടപടിയെടുക്കുന്നതിൽ ഒട്ടും അതിശയിക്കാനില്ല. എന്നുവരികിലും, അപകടങ്ങൾ എടുത്തുകാണിക്കുന്നത് അനേകം ചെറുപ്പക്കാരിലും ഫലം ചെയ്യുന്നില്ലെന്നു തോന്നുന്നു. “ഞാൻ ഒരു സിഗറററു കത്തിക്കുമ്പോൾ എനിക്ക് മുക്തിതോന്നുന്നു,” എന്ന് 15 വയസ്സുകാരിയായ ഹോളി പറയുന്നു. “കാൻസർ വരുന്നതിനെക്കുറിച്ചൊന്നും ഞാൻ ഒരിക്കലും ചിന്തിക്കുന്നില്ല.”
ജ്ഞാനപൂർവ്വമായ ഒരു പഴമൊഴി മുന്നറിയിപ്പു നൽകുന്നു: “വിവേകമുള്ളവൻ അനർത്ഥം കണ്ട് ഒളിച്ചുകൊള്ളുന്നു; അൽപബുദ്ധികളോ നേരെ ചെന്ന് ചേതപ്പെടുന്നു.” (സദൃശവാക്യങ്ങൾ 27:12) പുകയിലയാസക്തിയുടെ ശിക്ഷ അനുഭവിക്കാൻ നിങ്ങൾ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നുവോ, അതായത്, കാൻസറും ഹൃദ്രോഗവും ശ്വസനേന്ദ്രിയത്തകരാറുകളും തന്നെ? നിക്കോട്ടിൻ അനുഭൂതി വായ്നാററവും കടുത്ത ചുമയും മഞ്ഞപ്പല്ലും സഹിക്കാൻ തക്ക മൂല്ല്യമുള്ളതാണോ?
നേരേമറിച്ച്, പുകവലി ഒഴിവാക്കാൻ അതിലും പ്രധാനമായ ഒരു കാരണമുണ്ട്: ദൈവത്തോടുള്ള സൗഹൃദം നിലനിർത്താനുള്ള നിങ്ങളുടെ ആഗ്രഹം തന്നെ. നിങ്ങൾ ആർക്കെങ്കിലും നൽകിയ വിലയേറിയ ഒരു സമ്മാനം അയാൾ വലിച്ചെറിയുന്നതു കണ്ടാൽ നിങ്ങൾക്ക് മനഃപ്രയാസം തോന്നുകയില്ലേ? കൊള്ളാം, ദൈവം നമുക്ക് “ജീവനും ശ്വാസവും” തരുന്നു. (പ്രവൃത്തികൾ 17:25) നിങ്ങൾ ആ സമ്മാനം ദുരുപയോഗപ്പെടുത്തുമ്പോൾ അവന് എന്തു തോന്നുന്നുവെന്ന് ഭാവനയിൽ കാണുക! അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “അതുകൊണ്ട് പ്രിയമുള്ളവരേ, (ദൈവവുമായുള്ള ഒരു അംഗീകാരബന്ധത്തിന്റെ) ഈ വാഗ്ദത്തങ്ങൾ നമുക്കുള്ളതുകൊണ്ട് നാം ജഡത്തിലെയും ആത്മാവിലെയും സകല കൻമഷവും നീക്കി നമ്മെത്തന്നെ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികച്ചുകൊൾക.” (2 കൊരിന്ത്യർ 7:1) പുകവലി ജഡത്തെ മലിനമാക്കുന്നതിനേക്കാൾ, മാരകമായ രാസവസ്തുക്കൾകൊണ്ട് ഒരുവന്റെ ശരീരത്തെ മലിനമാക്കുന്നതിനേക്കാൾ അധികം ചെയ്യുന്നു; അത് ഒരുവന്റെ ആത്മാവിനെ അഥവാ മുന്തിയ മാനസികശക്തിയെയും മലിനമാക്കുന്നു. പുകവലി ദുഷിച്ചതും സ്വാർത്ഥവും ഭക്തിവിരുദ്ധവും ആണ്.
ഇങ്ങനെയൊക്കെയായാലും, അനേകം ചെറുപ്പക്കാർ ഇപ്പോഴും പുകവലിക്കാൻ വശീകരിക്കപ്പെടുന്നു. അത് എന്തുകൊണ്ടാണ്, ഒരു യുവാവിന് അത്തരം സമ്മർദ്ദങ്ങളെ എങ്ങനെ ചെറുത്തുനിൽക്കാൻ കഴിയും എന്നുള്ളത് ഒരു ഭാവി ലേഖനത്തിന്റെ വിഷയമായിരിക്കും. (g91 8/8)
[16-ാം പേജിലെ ചിത്രം]
കുരുക്കിലകപ്പെടാൻ നിങ്ങളെത്തന്നെ അനുവദിക്കുന്നതിനുമുമ്പ് പരിണതഫലങ്ങൾ ആലോചിക്കുക