യുവജനങ്ങൾ ചോദിക്കുന്നു...
എന്റെ മാതാപിതാക്കൾ എന്നെ നാണംകെടുത്തുന്നതെന്തുകൊണ്ട്?
ജീവശാസ്ത്ര ക്ലാസ്സിന്റെ മദ്ധ്യത്തിൽവെച്ച് നിങ്ങൾക്ക് അസുഖം തോന്നുന്നു. നിങ്ങളെ നിരാശപ്പെടുത്തുമാറ് സ്കൂൾ അധികാരികൾ വീട്ടിലേക്ക് വിളിക്കുന്നു, അധികം വൈകാതെ നിങ്ങളുടെ അമ്മ അവിടെ എത്തുന്നു—സ്ലിപ്പറും ചുവപ്പു നിറത്തിലുള്ള മുടിചുരുട്ടികളും അവൾ വീട്ടിൽ ജോലി സമയത്ത് ധരിക്കുന്ന ചുവന്ന പാൻറും ധരിച്ചുകൊണ്ടുതന്നെ. നിങ്ങൾ ദാരുണാവസ്ഥയിലാണെന്ന് കരുതി അവൾ തന്റെ ചമയം ശ്രദ്ധിക്കാതെ നിങ്ങളുടെ അടുത്തേക്ക് ഓടി വന്നിരിക്കുന്നു. എന്നാൽ അവളുടെ സഹായസംരംഭങ്ങളോട് നിങ്ങൾക്ക് അശേഷം വിലമതിപ്പില്ല. നിങ്ങളുടെ അമ്മ ആ വസ്ത്രധാരണത്തിൽ എത്ര പ്രാകൃതവും അലക്ഷ്യവും ആണ് എന്നു മാത്രമേ നിങ്ങൾ ചിന്തിക്കുന്നുള്ളു. നിങ്ങളുടെ സഹപാഠികളുടെ മുമ്പിൽവെച്ച് അമ്മ തിരക്കു കൂട്ടുമ്പോൾ, നിങ്ങൾക്ക് ഇവിടെനിന്ന് പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് നിങ്ങൾ വിചാരിക്കുന്നു. നിങ്ങൾ അത്ര ലജ്ജിതനാകുന്നു.
ഇതുപോലുള്ള സംഭവങ്ങൾ നിരീക്ഷകർക്ക് തമാശയായി തോന്നാം. എന്നാൽ നിങ്ങൾ ചിരിക്കുകയല്ല. നിങ്ങൾക്ക് ഒരു അവലക്ഷണം തോന്നുന്നു, നിങ്ങൾക്ക് മരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് വിചാരിക്കുന്ന ഒരു വലിയ സമ്മർദ്ദം തന്നെ. ഒരു ചൊല്ലുണ്ട്: ‘നാണക്കേടിനാൽ ചാവുന്നു.’ അങ്ങനെ തോന്നുന്ന ആദ്യത്തെയാൾ നിങ്ങളല്ല. ഉദാഹരണത്തിന്, പുരാതന യഹൂദൻമാർ നാണക്കേടിന്റെ നശീകരണ ശക്തി തിരിച്ചറിഞ്ഞിരുന്നു. എബ്രായ തൽമൂദ് പരസ്യമായി ഒരു വ്യക്തിയെ നാണംകെടുത്തുന്നത് അയാളുടെ രക്തം ചൊരിയുന്നതിനോട് ഉപമിച്ചു!
നാണക്കേടിന്റെ പല ഉറവുകൾ ഉണ്ട്, എന്നാൽ സ്വന്തം മാതാപിതാക്കളേക്കാൾ വലുതായിട്ടൊന്നും ഇല്ലെന്നുള്ളതിനോട് അനേകം ചെറുപ്പക്കാർ യോജിക്കുന്നു. മാതാപിതാക്കൾക്ക് നിങ്ങളെ അപമാനിക്കാൻ കഴിയുന്ന കാര്യങ്ങളുടെ പട്ടിക അനന്തമാണെന്നു തോന്നുന്നു: പരസ്യമായി വാത്സല്യം കാട്ടൽ, നിങ്ങളുടെ നേട്ടങ്ങളെക്കുറിച്ച് വീമ്പിളക്കൽ, നിങ്ങളുടെ സ്നേഹിതരുടെ മുന്നിൽ വെച്ച് കുട്ടികളെപ്പോലെ പെരുമാറൽ, അതിഥികളുടെ മുമ്പാകെ നിങ്ങൾ “അഭിനയിക്കാൻ” ആവശ്യപ്പെടൽ. എന്തിന് നിങ്ങളുടെ മാതാപിതാക്കൾ നോക്കുന്ന വിധംപോലും നിങ്ങളെ ലജ്ജിപ്പിച്ചേക്കാം! അപ്പോൾ തങ്ങളുടെ മാതാപിതാക്കളോടുകൂടെ പ്രത്യക്ഷപ്പെടുന്നതിൽ നിന്ന് ചില യുവാക്കൾ പിൻവലിയുന്നതിൽ ഒട്ടും അതിശയിക്കാനില്ല.
എങ്കിലും നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെ അത്രയധികം നാണംകെടുത്തുന്നതെന്തുകൊണ്ട്? അവർക്ക് നല്ല രീതി അറിയില്ലേ എന്ന് നിങ്ങൾ അതിശയിച്ചേക്കാം.
അവർ നിങ്ങളെ നാണംകെടുത്തുന്നതെന്തുകൊണ്ട്?
ഈ ബന്ധത്തിൽ നിങ്ങളുടെ സ്വന്തം വികാരങ്ങൾ നമുക്ക് വിശകലനം ചെയ്യാം. ചെറുപ്പമായിരിക്കുന്നതിനാൽ നിങ്ങൾ പ്രത്യേകിച്ചും ലജ്ജാപ്രകൃതമുള്ളവരാണ്, നിങ്ങളുടെ അടുത്ത കുടുംബാംഗങ്ങൾക്കു പുറമെ ഈ ലോകത്തിൽ കൂടുതൽ ആളുകളുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കുന്നതിനാൽതന്നെ. മററുള്ളവരാൽ—വിശേഷിച്ചും നിങ്ങളുടെ സമപ്രായക്കാരാൽ—അംഗീകരിക്കപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുന്നു, “ശരിയായി” പ്രവർത്തിക്കാൻ നിങ്ങൾ കഠിനശ്രമം ചെയ്യുന്നു. സ്വാഭാവികമായും, നിങ്ങളുടെ മാതാപിതാക്കളുടെ ഭാഗത്തെ നാണംകെടുത്തുന്ന പെരുമാററത്താൽ ഈ അംഗീകാരം കളഞ്ഞുകുളിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. ലിൻഡാ എന്നു പേരുള്ള ഒരു യുവതി പറഞ്ഞതുപോലെ: നിങ്ങളെ ലജ്ജിപ്പിക്കുന്ന എന്തെങ്കിലും നിങ്ങളുടെ മാതാപിതാക്കൾ ചെയ്യുന്നെങ്കിൽ ‘നിങ്ങൾ ഇപ്രകാരം വ്യാകുലപ്പെടുന്നു: “എന്റെ സ്നേഹിതർ എന്നേക്കുറിച്ച് എന്തു വിചാരിക്കും?”’ അപ്പോൾ നിങ്ങളുടെ വികാരങ്ങളോട് ഏറെ പരിഗണനയുള്ളവരായിരിക്കാൻ നിങ്ങളുടെ മാതാപിതാക്കൾക്ക് കഴിയാത്തതെന്തുകൊണ്ട്?
വിശേഷിച്ചും ലജ്ജാലുവായ തന്റെ കൗമാരപ്രായക്കാരനോട് ഒരമ്മ ഇപ്രകാരം പറഞ്ഞതായി മനഃശാസ്ത്രജ്ഞയായ ബെർനിസ് ബെർക്ക് വിവരിക്കുന്നു: “നിന്നെ നാണംകെടുത്തുക എന്നത് എന്റെ പണിയാണ്. എന്റെ അമ്മ എന്നെ നാണം കെടുത്തി, നീ നിന്റെ മക്കളെ നാണം കെടുത്തിക്കൊള്ളണം.” ഈ പരുക്കൻ പ്രസ്താവനയിൽ കുറെയധികം സത്യമുണ്ട്. അല്ല, നാണക്കേടു വരുത്തൽ പാരമ്പര്യമല്ല, എങ്കിലും മറെറാന്ന് പാരമ്പര്യമാണ്: അപൂർണ്ണത.
മാതാപിതാക്കൾ അപൂർണ്ണരാണ്. (റോമർ 3:23) അവർ ഫാഷൻ മോഡലുകൾ പോലെ ആയിരിക്കാൻ പ്രതീക്ഷിക്കാവുന്നതല്ല, നിങ്ങളുടെ കാര്യത്തിൽ എന്നപോലെ അവർ പറയുന്നതും ചെയ്യുന്നതുമായ സകല കാര്യങ്ങളിലും അവർക്ക് എപ്പോഴും നിയന്ത്രണമില്ല. അവർക്ക് ഇടക്കെല്ലാം വിശ്രമിക്കാനും തമാശ പറയാനും അവകാശമുണ്ട്. പ്രായം കൂടുന്നതിനെ നേരിടാനുള്ള അവരുടെ വിധം വല്ലപ്പോഴും പ്രായക്കുറവ് നടിക്കുകയോ കുട്ടിക്കളി കാണിക്കുകയോപോലും ആയിരിക്കാം. നിങ്ങളുടെമേലുള്ള ഫലം എന്താണെന്നുള്ളത് മറന്നുകൊണ്ട് നിങ്ങളുടെ കൂട്ടുകാരുടെ കൂടെ ഏററവും പുതിയ നൃത്തരീതികൾ പരീക്ഷിച്ച് മമ്മി നിങ്ങളെ അപമാനിച്ചേക്കാം; ബാസ്ക്കററ് ബോൾ കളിയിൽ കൗമാരപ്രായക്കാരുമായി ഏററുമുട്ടാൻ തനിക്കു കഴിയുമെന്ന് തെളിയിക്കാൻ ഡാഡി ശ്രമിച്ചേക്കാം. നാണം കെടുത്തുന്നതോ? ആയിരിക്കാം. എന്നാൽ, നിങ്ങളെ ദ്രോഹിക്കണമെന്ന് അവർക്ക് യാതൊരു ചിന്തയും ഇല്ലായിരുന്നുവെന്നുള്ളത് തീർച്ചതന്നെ.
മാതാപിതാക്കൾക്ക് നിങ്ങളുടെ അത്യുത്തമ താത്പര്യങ്ങളാണ് ഹൃദയത്തിലുള്ളത്, അപൂർണ്ണത നിമിത്തം നിങ്ങളുടെ ക്ഷേമം അപകടത്തിലാണെന്ന് തോന്നുമ്പോൾ അവർ അമിതമായി പ്രതികരിച്ചേക്കാം. ഉദാഹരണത്തിന് 12 വയസ്സുണ്ടായിരുന്ന യേശു തന്റെ കുടുംബത്തോടുകൂടെ യെരുശലേമിൽ പെസഹാക്ക് ഹാജരായ സമയത്തെക്കുറിച്ച് ബൈബിളെഴുത്തുകാരനായ ലൂക്കോസ് പറയുന്നു. അവന്റെ മാതാപിതാക്കൾ വീട്ടിലേക്ക് തിരിച്ചുപോകുമളവിൽ അവൻ കൂട്ടത്തിൽ ഇല്ലെന്ന് അവർ കുറിക്കൊണ്ടു. അവർ അവനെ അന്വേഷിച്ചു. “മൂന്നുനാൾ കഴിഞ്ഞ് അവൻ ദൈവാലയത്തിൽ ഉപദേഷ്ടാക്കൻമാരുടെ നടുവിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കുകയും അവരോട് ചോദിക്കയും ചെയ്യുന്നതും കണ്ടു.” തന്നേക്കാൾ വളരെ പ്രായം ഉണ്ടായിരുന്ന ആ മനുഷ്യരുമായുള്ള സംഭാഷണം യേശു ആസ്വദിക്കുകയായിരുന്നു എന്നതിന് സംശയമില്ല. എന്നുവരികിലും അവന്റെ അമ്മ ഈ രംഗത്ത് അവനെ കണ്ടപ്പോൾ ദേശത്തെ പ്രമുഖകരായ ആ മനുഷ്യരുടെ മുമ്പിൽവെച്ച് അവൾ പറഞ്ഞു: “മകനേ, ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ട് നിന്നെ തിരഞ്ഞു.”—ലൂക്കോസ് 2:41-48.
പരിചിന്തിക്കേണ്ട മറെറാരു ഘടകം നിങ്ങളുടെ മാതാപിതാക്കൾക്ക് അവരുടേതായ പ്രശ്നങ്ങൾ ഉണ്ടെന്നുള്ളതാണ്, ചിലത് നിങ്ങൾ അറിഞ്ഞിട്ടില്ലാത്തതുപോലും. ഒരു പക്ഷേ സാമ്പത്തിക ഉത്ക്കണ്ഠകളോ രോഗമോ മററ് സമ്മർദ്ദങ്ങളോ ആയിരിക്കാം അവരുടെ പെരുമാററത്തിന് കാരണം.
അന്തിമമായി മിക്ക മാതാപിതാക്കളും അവരുടെ സന്താനത്തെ പ്രതി അഭിമാനം കൊള്ളുന്നു. അവരെ പ്രദർശിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നു. എന്നിരുന്നാലും ഇത് അലോസരപ്പെടുത്തുന്ന എല്ലാത്തരം സാഹചര്യങ്ങളിലേക്കും നയിക്കുന്നു, നിങ്ങളുടെ അമ്മയുടെ സുഹൃത്തുക്കളുടെ മുമ്പാകെ പിയാനോ വായിക്കാൻ നിങ്ങളോട് ആവശ്യപ്പെടുന്നതോ നിങ്ങൾ എത്ര “ബുദ്ധിശാലി” ആണെന്ന് ശ്രദ്ധിക്കുന്ന ആരോടെങ്കിലും നിങ്ങളുടെ പിതാവ് പറയുന്നത് കേൾക്കുമ്പോൾ സഹിക്കേണ്ടി വരുന്നതോ ആയ സാഹചര്യങ്ങൾ തന്നെ!
തരണം ചെയ്യാൻ പഠിക്കൽ
തന്റെ മാതാപിതാക്കൾ തന്നെ നാണം കെടുത്തുമ്പോൾ “ഞാൻ വളരെയധികം ലജ്ജിച്ചുപോകുന്നു” എന്ന് ടോണിയാ എന്നു പേരുള്ള ഒരു യുവതി പറയുന്നു. ഇത് ഒരു സ്വാഭാവിക പ്രതികരണമാണെന്നിരിക്കെ തരണം ചെയ്യാൻ ഫലപ്രദമായ അനേകം മാർഗ്ഗങ്ങൾ ഉണ്ട്. ഇതുവരെ പ്രതിപാദിച്ച ചില ആശയങ്ങൾ ഓർക്കുന്നതു തന്നെ നിങ്ങളുടെ പ്രാഥമിക അലോസരത്തെ മയപ്പെടുത്താൻ സഹായിച്ചേക്കാം. (സദൃശവാക്യങ്ങൾ 19:11) പിൻവരുന്ന നിർദ്ദേശങ്ങൾ കൂടെ പരിചിന്തിക്കുക:
ഉത്ക്കണ്ഠ നിർത്തുക: ലോകത്തിലുള്ള ഈ ഉത്ക്കണ്ഠകളൊന്നും സാഹചര്യത്തെ ഒട്ടും മെച്ചപ്പെടുത്തുകയില്ല. (മത്തായി 6:27 താരതമ്യം ചെയ്യുക.) ഏതായാലും നിങ്ങൾ നിങ്ങളുടെ മാതാപിതാക്കൾക്ക് ഉത്തരവാദിയല്ല; നിങ്ങൾ ഒരു വ്യത്യസ്ത വ്യക്തിയാണ്. ‘ഓരോരുത്തൻ സ്വന്തം ചുമട് ചുമക്കുണം,’ എന്ന് ഗലാത്യർ 6:5 പറയുന്നു. കൂടാതെ നിങ്ങളുടെ സ്ഥിതി നിങ്ങൾ വിചാരിക്കുന്നതുപോലെ അത്ര മോശമല്ല. ‘ലജ്ജിക്കുന്ന എല്ലാ കൗമാരപ്രായക്കാരനും തന്നെ ഒരു സദസ്സ് വീക്ഷിക്കുന്നുണ്ടെന്ന് കരുതുന്നു’ എന്ന് ഡോ. ജോയ്സി എൽ. വെഡ്റൽ പ്രസ്താവിക്കുന്നു. എന്നിരുന്നാലും മിക്കയാളുകളും അത്ര താൽപ്പര്യമെടുക്കുന്നില്ല. വെഡ്റൽ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “മിക്കയാളുകളും അവരുടെ മൂക്കിലെ ഒരു മുഖക്കുരു സംബന്ധിച്ച് നിങ്ങളുടെ മുഴു കുടുംബ ചരിത്രത്തേക്കാളുമധികം താത്പര്യം കാട്ടുന്നു.” കൂടാതെ നിങ്ങളുടെ സമപ്രായക്കാർക്കും അവരുടെ മാതാപിതാക്കൾ ഉളവാക്കുന്ന ധാരണ സംബന്ധിച്ച് ഉത്ക്കണ്ഠകൾ ഉണ്ടെന്ന് ഓർമ്മിക്കണം.
മോശമായ ഒരവസ്ഥ കൂടുതൽ വഷളാക്കരുത്: സദൃശ്യവാക്യങ്ങൾ 27:12 ഇപ്രകാരം പറയുന്നു. “വിവേകമുള്ള ഒരു പുരുഷൻ അനർത്ഥം വരുന്നതുകണ്ട് ഒളിക്കുന്നു.” (ന്യൂ ഇംഗ്ലീഷ് ബൈബിൾ) ‘അമ്മേ!’ എന്നു നിലവിളിച്ചുകൊണ്ട് നിങ്ങളിലേക്ക് ശ്രദ്ധയാകർഷിക്കുന്നത് സാഹചര്യത്തെ വഷളാക്കുകയേയുള്ളു. ഒന്നും പറയാതെ ‘ഒളിക്കുന്നത്’ ആയിരിക്കാം ജ്ഞാനം.—സഭാപ്രസംഗി 3:7.
ആവശ്യമായ ശിക്ഷണം സ്വീകരിക്കുക: പരസ്യമായ തിരുത്തൽ നിങ്ങൾക്ക് നാണക്കേടുണ്ടാക്കിയേക്കാം. എന്നാൽ പലപ്പോഴും ശിക്ഷണം അർഹമാണ്. നാണക്കേട് അതിന്റെ ഒരു ഭാഗവും ആണ്. (എബ്രായർ 12:11) ശിക്ഷണം അനാവശ്യമാണെന്ന് തോന്നുന്നെങ്കിൽ എന്ത്? യേശു തന്റെ അമ്മയുടെ ഇടപെടൽ കൈകാര്യം ചെയ്തതെങ്ങനെയെന്ന് ഓർക്കുക. അവൻ ശാന്തനായി തന്റെ അവസ്ഥ വിശദീകരിച്ചു. വാസ്തവത്തിൽ അവൻ തന്റെ മാതാപിതാക്കൾക്ക് “കീഴടങ്ങിയിരുന്നു” എന്ന് ബൈബിൾ പറയുന്നു. (ലൂക്കോസ് 2:49, 51) എന്തുകൊണ്ട് അതുതന്നെ ചെയ്തുകൂടാ?
നിങ്ങളുടെ മാതാപിതാക്കളോട് സംസാരിക്കുക: നിങ്ങളെ ശല്യപ്പെടുത്തുന്നതെന്താണെന്ന് ദയാപൂർവവും ആദരപൂർവവും അവരോട് പറയുക. അത് ഫലിക്കുന്നു! “നിങ്ങൾക്ക് എന്തുതോന്നുന്നു എന്ന് നിങ്ങൾ അവരോട് പറയുകയും അത് ന്യായയുക്തമാണെന്ന് അവർക്ക് തോന്നുകയും ചെയ്യുന്നെങ്കിൽ അപ്പോൾ അവർ സാധാരണയായി തങ്ങളെത്തന്നെ തിരുത്താൻ ശ്രമിക്കും,” എന്ന് റോസാലി തന്റെ സംഗതിയിൽ കണ്ടെത്തുകയുണ്ടായി. പ്രശ്നത്തിൽ നിങ്ങളുടെ ഭാഗം മനസ്സിലാക്കാൻ മാതാപിതാക്കളെ സഹായിക്കുന്നതിനുള്ള ഒരു മാർഗ്ഗം അവർ ചെറുപ്പമായിരുന്നപ്പോൾ നാണക്കേടു വരുത്തുന്നതായി അവർക്കുണ്ടായ അനുഭവങ്ങൾ സംബന്ധിച്ച് അവരോട് ചോദിക്കുകയെന്നതാണ്. ഇത് നിങ്ങളുടെ അവസ്ഥ സംബന്ധിച്ച് അവരെ ചിന്തിപ്പിച്ചേക്കാം.
സഹാനുഭൂതി കാണിക്കുക: നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളെ നാണം കെടുത്തിയ എല്ലാ സന്ദർഭങ്ങളെയും കുറിച്ച് ചിന്തിക്കുക! നിങ്ങൾ അത് ദ്രോഹചിന്തയോടെയാണോ ചെയ്തത്? തീർച്ചയായും അല്ല! അതുകൊണ്ട് നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെ നാണം കെടുത്താൻ മനഃപൂർവം പദ്ധതിയിടുന്നതായി വിചാരിക്കുന്നതെന്തിന്?
നിങ്ങളുടെ നർമ്മബോധം ഒരിക്കലും നഷ്ടപ്പെടുത്തരുത്: ഒരു കൗമാരപ്രായക്കാരൻ ഇപ്രകാരം സമ്മതിച്ചു: “ചില കാര്യങ്ങൾ നിങ്ങൾ ശ്രമിച്ചുനോക്കുകയും ചിരിച്ചു തള്ളുകയും ചെയ്യേണ്ടിയിരിക്കുന്നു; പിന്നീട് അവ തമാശയാണ്.” അതേ, ഒരു അനിഷ്ട കാര്യത്തെ അത്ര ഗൗരവമായി എടുക്കുന്നതെന്തിന്? “ചിരിക്കാൻ ഒരു സമയം” ഉണ്ടെന്ന് ഓർക്കുക, ഒരു നർമ്മബോധം കാണിക്കുന്നത് ചിലപ്പോഴെല്ലാം നാണക്കേടിന്റെ മുള്ള് എടുത്തു കളയുന്നു.—സഭാപ്രസംഗി 3:4.
എന്നിരുന്നാലും നിങ്ങൾ ശ്രമ ചെയ്താലും പൂർണ്ണമായി നിങ്ങൾക്ക് നാണക്കേട് ഒഴിവാക്കാൻ കഴിയില്ല. എന്നാൽ മുൻപറഞ്ഞ കാര്യങ്ങൾ ബാധകമാക്കുന്നതിനാൽ ലജ്ജാകരമായ സാഹചര്യങ്ങളെ നിങ്ങൾ വീക്ഷിക്കുന്ന വിധത്തിന് മാററം വരുത്താൻ നിങ്ങൾക്ക് നന്നായി സാധിച്ചേക്കാം.
ഉദാഹരണത്തിന്, എഴുത്തുകാരനായ ജിമ്മി ബർണാഡ് പറയുന്നു: “റോഡ് കുറുകെ കടക്കുമ്പോൾ എനിക്ക് പ്രായമായതിനുശേഷംപോലും എന്റെ അമ്മ എല്ലായ്പ്പോഴും എന്റെ കൈക്ക് പിടിക്കുമായിരുന്നു. ‘മമ്മി എനിക്ക് മേലാൽ ഇത് ആവശ്യമില്ല’ എന്ന് പറഞ്ഞുകൊണ്ട് ഒരു ദിവസം ഞാൻ അവളുടെ കൈ തട്ടിമാററി. അവൾ എന്നിലേക്ക് തിരിഞ്ഞ് പറഞ്ഞു, ‘എനിക്ക് ആവശ്യമുണ്ട്.’ ആരുടെയെങ്കിലും താങ്ങൽ അവൾക്ക് ആവശ്യമാണെന്നോ, ഞാൻ അവളുടെ ‘ശിശു’ ആയിരുന്ന കാലം അവൾക്ക് നഷ്ടമായിയെന്നോ, എന്നോട് ബന്ധത്തിൽ ആയിരിക്കാൻ അവൾ ആഗ്രഹിച്ചു എന്നാൽ എങ്ങനെയെന്ന് അറിയില്ലെന്നോ എന്താണ് അവൾ അർത്ഥമാക്കിയതെന്ന് എനിക്കറിയില്ല. എന്നാൽ ഇപ്പോൾ റോഡ് കുറുകെ കടക്കുന്നതിന് ഞാൻ അവളുടെ കൈ പിടിക്കുമ്പോൾ എനിക്ക് ഊഷ്മളമായ ഒരു വികാരം തോന്നുന്നു—നാണക്കേടിന്റെയല്ല പിന്നെയൊ സ്നേഹത്തിന്റെ.”—സെവൻറീൻ മാസിക, ഡിസംബർ 1985. (g90 8/8)