ചെറുപ്പക്കാർ ചോദിക്കുന്നു. . .
എനിക്ക് എങ്ങനെ വിഷമത്തെ തരണം ചെയ്യാൻ കഴിയും?
ആംഗി പാദം വരെ ഇറക്കമുള്ള ഉടുപ്പു ധരിച്ചുകൊണ്ട് സ്കൂളിൽ പോകേണ്ടിവന്നതു തന്നെ മോശമായിരുന്നു. എന്നാൽ അവൾ ഒരു വിശ്രമസമയത്ത് ചെളി തളംകെട്ടിക്കിടന്നിടത്ത് വീണപ്പോൾ സാഹചര്യം നിർണ്ണായകമായി വഷളായി. ആംഗി അനുസ്മരിക്കുന്നു: “എനിക്കു വളരെ വിഷമം തോന്നി! എനിക്ക് എഴുന്നേൽക്കാൻ കഴിഞ്ഞില്ല, ഞാൻ ചെളിയിൽ പുതഞ്ഞുപോയി.”
നിങ്ങൾ ആ മാനംകെടുത്തുന്ന വിഷമവികാരത്തെ നന്നായി അറിയുന്നു. നാം തന്നെയാണ് മിക്കപ്പോഴും നമ്മുടെ സങ്കടങ്ങളുടെ ഉത്തരവാദികൾ എന്ന് സമ്മതിക്കുന്നു. സെവൻറീൻ മാസിക പറയുന്നതുപോലെ, നാം എളുപ്പത്തിൽ “നമ്മെത്തന്നെ മറക്കുകയും നിമിഷങ്ങൾക്കകം നാം അവിശ്വസനീയവും പറഞ്ഞുബോദ്ധ്യപ്പെടുത്താൻ അസാധ്യവുമായ ചില മടയത്തരങ്ങൾ ചെയ്യുകയും ചെയ്യുന്നു. പിന്നീട് പെട്ടെന്നുതന്നെ നാം ബോധവാൻമാരാകുന്നു . . . ‘അതു ഞാൻതന്നെയാണോ ചെയ്തത്?’”
എന്നിരുന്നാലും, കൗമാരപ്രായത്തിൽ നിങ്ങൾ നിങ്ങളുടെ ജീവിതത്തിലെ മറേറതൊരു കാലത്തേക്കാളും അധികം വിഷമം അനുഭവിക്കാൻ കൂടുതൽ സാദ്ധ്യതയുണ്ട്. ഇത് എന്തുകൊണ്ട്?
ജീവിതത്തിലെ വിഷമിപ്പിക്കുന്ന നിമിഷങ്ങൾ
ഗവേഷകനായ ഡേവിഡ് എൽക്കിൻഡ് ബുദ്ധിപരമായ കഴിവ് വർദ്ധിക്കുന്നതോടെ കൗമാരപ്രായക്കാർ തങ്ങളെക്കുറിച്ച് മററുള്ളവർ എന്തു ചിന്തിക്കുന്നു എന്നതിൽ കൂടുതൽ ഉത്ക്കണ്ഠയുള്ളവരാണ് എന്ന് വിശദീകരിക്കുന്നു. ഈ അങ്ങേയററത്തെ സ്വാത്മബോധം “അവരുടെ പ്രവർത്തനങ്ങളെ സൂക്ഷ്മനിരീക്ഷണം നടത്തുകയും പുനഃപരിശോധിക്കയും ചെയ്യുന്ന” ഒരു “സാങ്കൽപ്പിക സദസ്സ്” ഉള്ളതുപോലെയാണ്. (അഡോളസൻറ് ഡവലപ്പ്മെൻറ്) ഒരു ചെറുപ്പക്കാരി അപ്രകാരം “നിങ്ങളെക്കുറിച്ചുള്ള മററുള്ളവരുടെ ചിന്തക്ക് നിങ്ങളേ സംബന്ധിച്ച് വളരെ അർത്ഥമുള്ള ജീവിതത്തിലെ ഒരു കാലഘട്ടമാണ്” യുവത്വം എന്ന് വിവരിക്കുന്നു.
നിർഭാഗ്യവശാൽ, മററുള്ളവർക്കു മതിപ്പുളവാക്കുന്നതിനുള്ള നിങ്ങളുടെ ശ്രമങ്ങൾ മിക്കപ്പോഴും വിഫലമായിത്തീരുന്നു. നിങ്ങൾ നിങ്ങളുടെ വികാരങ്ങളെ—സാമൂഹ്യ പ്രീതികളെയും—കീഴ്പ്പെടുത്താൻ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നതിനാൽ “തക്ക സമയത്തെ ശരിയായ വാക്ക്” നിങ്ങളെ ഒഴിഞ്ഞുപോയേക്കാം. (സദൃശവാക്യങ്ങൾ 15:23) നയപൂർവകമൊ ഉചിതമൊ ആയതിന് വിപരീതമായി നിങ്ങൾക്കു തോന്നുന്നത് പറയുന്നതിനുള്ള ചായ്വിൽ നിങ്ങൾ ബുദ്ധിമുട്ടിക്കുന്ന മടയത്തരങ്ങൾ ചെയ്തേക്കാം. അതുകൂടാതെ, നിങ്ങൾ മാതാപിതാക്കളുടെ നിയന്ത്രണത്തിൻകീഴിലാകയാൽ നിങ്ങൾ ചെയ്യാനിഷ്ടപ്പെടാത്ത കാര്യങ്ങൾ നിങ്ങൾ ചെയ്യേണ്ടതായി വന്നേക്കാം. “എന്റെ അമ്മ എല്ലായ്പ്പോഴും ഞാൻ സ്കൂളിൽ ആലീസ് ഇൻ വണ്ടർലാൻഡ് എന്ന കുട്ടിയുടുപ്പ് ധരിക്കാൻ ആഗ്രഹിക്കുന്നു” എന്ന് ഒരു ചെറുപ്പക്കാരി വിലപിക്കുന്നു. “എല്ലാവരും ജീൻസ് ധരിക്കുന്നു, എന്നാൽ ഞാൻ കുട്ടിയുടുപ്പ് ധരിക്കാൻ പ്രതീക്ഷിക്കപ്പെടുന്നു.”
മററുള്ളവരുടെ അംഗീകാരത്തിനുവേണ്ടിയുള്ള ആകാംക്ഷയാൽ ചില ചെറുപ്പക്കാർ വിമർശനം, തിരസ്കരണം, തോൽവി എന്നിവസംബന്ധിച്ച് വളരെ വികാരതരളിതരുമാണ്. ദൃഷ്ടാന്തത്തിന്, ക്രിസ്തീയ യുവാക്കൾ അപ്രകാരം സഹപാഠികളോടൊ അദ്ധ്യാപകരോടൊ തങ്ങളുടെ മതവിശ്വാസം സംബന്ധിച്ച് സംസാരിക്കുന്നതിൽ നിന്ന് നാണിച്ചു മാറി നിന്നേക്കാം. മററുള്ളവർക്ക് അദ്ധ്യാപകനിൽനിന്നൊ മാതാപിതാക്കളിൽ നിന്നൊ ഉള്ള ഏതെങ്കിലും ശാസനയാൽ അവമാനം തോന്നിയേക്കാം. ചെറുപ്പക്കാരിയായ ആൻജലാ പറയുന്നു, “ഒരിക്കൽ എന്റെ കൂട്ടുകാരിൽ ഒരാളുടെ മുമ്പിൽവെച്ച് [എന്റെ അമ്മ എന്റെ നേരെ ആക്രോശിച്ചു] ഞാൻ യഥാർത്ഥത്തിൽ വിഷമിച്ചുപോയി.”
ചില ചെറുപ്പക്കാർക്ക് തങ്ങളുടെ ശരീരത്തെക്കുറിച്ചുള്ള ചിന്തകൾ ഉണ്ട്. സാവകാശം വളരുന്ന ചെറുപ്പക്കാർ തങ്ങളുടെ ഇപ്പോഴുമുള്ള ശിശുഭാവത്തിലും വേഗത്തിൽ വളരുന്ന ചെറുപ്പക്കാർ തങ്ങളുടെ പ്രായപൂർത്തിപ്രാപിച്ച ശരീരത്തിലും അത്തരം വളർച്ചയോടൊപ്പമുള്ള വികൃതഭാവത്തിലും മിക്കപ്പോഴും മനഃപീഡ അനുഭവിക്കുന്നു. “ഞാൻ ആറാം തരത്തിലായിരുന്നപ്പോൾ ഞാൻ എല്ലാവരേക്കാളും ഉയരം കൂടിയവളായിരുന്നു” എന്ന് ആനി ഓർമ്മിക്കുന്നു. “അത് എനിക്ക് ആകുലതയുളവാക്കി. എനിക്ക് യഥാർത്ഥത്തിൽ ഒരു പൊക്കം കുറഞ്ഞ സ്നേഹിതയുണ്ടായിരുന്നു, ഞാൻ അവളോട് അസൂയപ്പെടുകയും ചെയ്യുമായിരുന്നു.”
മഞ്ഞുകട്ടിയിലേക്കു മടങ്ങിച്ചെല്ലുക!
അതുകൊണ്ട് വിഷമം തോന്നുകയെന്നത് ജീവിതത്തിന്റെ അനിവാര്യമായ ഒരു ഭാഗമാണ്. നിങ്ങൾക്ക് പിന്നീട് പശ്ചാത്തപിക്കേണ്ടി വന്നിട്ടുള്ള കാര്യങ്ങൾ ചെയ്യുന്നതിനെ ഒഴിവാക്കാൻ നിങ്ങൾ പരമാവധി ശ്രമിക്കണമെന്നത് സത്യമാണ്. ദൃഷ്ടാന്തത്തിന്, “മൂഢൻ അനേകം വാക്കുകൾ സംസാരിക്കുന്നു.” (സഭാപ്രസംഗി 10:14) അതുകൊണ്ട് നിങ്ങൾ സംസാരിക്കുന്നതിനുമുമ്പ് കേവലം ചിന്തിക്കുന്നുവെങ്കിൽ അതിന് നിങ്ങളെ അനേകം വൈഷമ്യങ്ങളിൽ നിന്ന് രക്ഷിക്കാൻ കഴിയും. (സദൃശവാക്യങ്ങൾ 15:28) എന്നാൽ നിങ്ങളുടെ ഏററം സമർത്ഥമായ പരിശ്രമമുണ്ടെങ്കിലും വിഷമിപ്പിക്കുന്ന സാഹചര്യങ്ങൾ പലപ്പോഴും ഉണ്ടാകതന്നെ ചെയ്യും. നിങ്ങൾ എങ്ങനെ പ്രതികരിക്കും? ദൃഷ്ടാന്തീകരിക്കുന്നതിന്: നിങ്ങൾ എന്നെങ്കിലും മഞ്ഞുകട്ടിയിൽ സ്കെയിററിങ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ സാധ്യതയനുസരിച്ച് ആദ്യപ്രാവശ്യം തന്നെ തെന്നിവീണിരിക്കാൻ ഇടയുണ്ട്—സാധ്യതയനുസരിച്ച് ഒന്നിലധികം തവണ. എന്നാൽ അത് വീണ്ടും മഞ്ഞുകട്ടിയിലേക്കു പോകുന്നതിൽനിന്ന് നിങ്ങളെ തടഞ്ഞോ? നിങ്ങൾ ഒരു നല്ല സ്കെയിററർ ആകാൻ ആഗ്രഹിച്ചിരുന്നെങ്കിൽ ഇല്ല!
എന്നാൽ ആളുകളോടുള്ള നിങ്ങളുടെ ഇടപെടൽ സംബന്ധിച്ചെന്ത്? നിങ്ങൾ ഏതെങ്കിലും വിധത്തിൽ നിങ്ങളെത്തന്നെ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ വീണ്ടും ശല്യപ്പെടുത്തപ്പെടുമെന്ന ഭയത്താൽ പിൻമാറിക്കൊണ്ട്, ആളുകളെയും ചില സാഹചര്യങ്ങളെയും ഒഴിവാക്കിക്കൊണ്ട് നിങ്ങൾ ‘മഞ്ഞുകട്ടിയിൽ നിന്നു മാറിനിൽക്കുമോ?’ അങ്ങനെയെങ്കിൽ വിഷമമാണ് നിങ്ങളെ നിയന്ത്രിക്കുന്നത്. നിങ്ങൾ അശുഭാപ്തിവിശ്വാസത്തിൽ കിടന്നുരുളുമ്പോൾ വിലയേറിയ അവസരങ്ങളും ഉല്ലാസകരമായ ബന്ധങ്ങളും കടന്നുപോകുന്നു. സഭാപ്രസംഗി 11:4 പറയുന്നു: “കാററിനെ നോക്കിക്കൊണ്ടിരിക്കുന്നവൻ [ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളെ ഭയത്തോടുകൂടി പരിചിന്തിച്ചുകൊണ്ടിരിക്കുന്നവൻ] വിത്തു വിതക്കയില്ല; മേഘത്തെ നോക്കിക്കൊണ്ടിരിക്കുന്നവൻ കൊയ്യുകയുമില്ല.”
ജീവിതവും മററുള്ളവരോടുള്ള നല്ല ബന്ധവും ആസ്വദിക്കുന്നതിൽ കുറെ അപകട സാദ്ധ്യത ഉൾപ്പെട്ടിരിക്കുന്നു. പുള്ളിങ് യുവർ ഓൺ സ്ട്രിംഗ്സ്-ൽ ഡോ. വെയ്ൻ ഡബ്ലിയൂ ഡയർ ഇപ്രകാരം എഴുതി: “നിങ്ങൾ ഒരു ഭയത്തെ ഒഴിവാക്കുന്നത് എപ്രകാരം അനുഭവപ്പെടുമെന്ന് അതിനെ അഭിമുഖീകരിക്കുന്ന പെരുമാററത്തിന്റെ അപകടത്തിന് മുന്നിട്ടിറങ്ങുന്നതുവരെ നിങ്ങൾ അറിയുകയില്ല.” അതുകൊണ്ട് ഒരു വീഴ്ചക്കുശേഷം മഞ്ഞുകട്ടിയിലേക്കുതന്നെ തിരിച്ചു പോവുക!
ബുദ്ധിമുട്ടിപ്പിക്കുന്ന സാഹചര്യങ്ങൾ കൈകാര്യം ചെയ്യൽ
എന്നിരുന്നാലും നിങ്ങൾ നിങ്ങളെത്തന്നെ ഒളിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന നിമിഷങ്ങളെ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം? ഏതാനും നിർദ്ദേശങ്ങൾ ഇതാ:
നിങ്ങളെത്തന്നെ വളരെ ഗൗരവമായി എടുക്കരുത്. സെവൻറീൻ എന്ന മാസിക ഇപ്രകാരം പറഞ്ഞു: “നാമെല്ലാം നമ്മെത്തന്നെ വളരെ പരുഷമായി വിധിക്കുന്നു.” ഒരു നിസ്സാര തെററിന് വളരെയധികം പ്രാധാന്യം കല്പിക്കുന്നത് കേവലം ‘തന്നെക്കുറിച്ചുതന്നെ ഭാവിക്കേണ്ടതിനുമീതെ ഭാവിക്കുന്നതിന്റെ’ ഒരു വിധമാണ്. (റോമർ 12:3) നിങ്ങൾ കൂട്ടുകാരുടെ മുമ്പിൽ വെച്ച് എന്തെങ്കിലും ബാലിശമായ കാര്യം ചെയ്തുവെന്നു സങ്കൽപ്പിക്കുക. ബിവെർലി എന്നു പേരായ ഒരു യുവാവ് പറയുന്നു: “അവർ നിങ്ങളെ കാണുമ്പോഴൊക്കെയും അവർ ആ സംഭവത്തെക്കുറിച്ചു ചിന്തിക്കുമെന്ന് നിങ്ങൾ വിചാരിച്ചേക്കാം.” എന്നാൽ നിങ്ങളുടെ ചെറിയ പിശക് മററുള്ളവരുടെ മനസ്സുകളിൽ യഥാർത്ഥത്തിൽ അത്ര പ്രധാന സ്ഥാനം കരസ്ഥമാക്കുമോ? സാധ്യതയനുസരിച്ച് ഇല്ല. അതുകൊണ്ട് ചെറിയ അനിഷ്ടസംഭവങ്ങളെക്കുറിച്ച് മറക്കുന്നതല്ലേ ഏററം മെച്ചം?
ശിക്ഷണം സ്വീകരിക്കുക: ഒരു ചെറുപ്പക്കാരൻ എന്ന നിലയിൽ നിങ്ങൾ പരിചയക്കുറവു മൂലം തെററുകൾ വരുത്തുകതന്നെ ചെയ്യും. എന്നിരുന്നാലും നമ്മുടെ തെററുകൾക്ക് ലഭിക്കുന്ന ശിക്ഷണത്തിന് ‘ഉൾക്കാഴ്ച നൽകാൻ’ കഴിയും. (സദൃശവാക്യങ്ങൾ 1:3) അതുകൊണ്ട് നിങ്ങൾക്ക് സമയാസമയങ്ങളിൽ അദ്ധ്യാപകനിൽ നിന്നൊ മാതാപിതാക്കളിലൊരാളിൽ നിന്നൊ ഒരു താക്കീത് ലഭിച്ചേക്കാം. അതിന്റെ ഫലമായുണ്ടാകുന്ന താൽക്കാലികമായ വിഷമത്തിൽ അസ്വസ്ഥനാകാതെ ആവശ്യമായ മാററങ്ങൾ വരുത്തിക്കൊണ്ട് ശിക്ഷണത്തിൽനിന്ന് പ്രയോജനമനുഭവിക്കുക.—സദൃശവാക്യങ്ങൾ 1:7-9.
നിങ്ങളുടെ നർമ്മബോധം കാക്കുക: ഫ്രാങ്ക് എന്നു പേരുള്ള ഒരു 15 വയസ്സുകാരൻ ബുദ്ധിയുപദേശിക്കുന്നതുപോലെ ചെയ്യുന്നത് ചിലപ്പോൾ ഏററം നന്നായിരിക്കും: “അതു ചിരിച്ചു തള്ളുക.” അതുകൊണ്ട് നിങ്ങളുടെ ഭാഗത്തെ ഏതെങ്കിലും വിലക്ഷണത ചിരി ഉണർത്തുന്നുവെങ്കിൽ മുഷിയാൻ തിടുക്കം കൂട്ടരുത്. (സഭാപ്രസംഗി 7:9) 18 വയസ്സുകാരിയായ ടെറി ശുപാർശ ചെയ്യുന്നതുപോലെ: “മററുള്ളവർ എന്തു ചിന്തിക്കുന്നു എന്നതിനെക്കുറിച്ച് വളരെയധികം ബോധം പ്രകടമാക്കരുത്.” നിങ്ങളുടെ ദുരവസ്ഥ മററുള്ളവരുടെ ദൃഷ്ടിയിലൂടെ കാണാൻ ശ്രമിക്കുക. ഈ “ആപത്ത്” നാളെയൊ—അടുത്ത വാരത്തിലൊ—നിങ്ങൾക്കെങ്ങനെ കാണപ്പെടുമെന്ന് സങ്കൽപ്പിക്ക. തന്നെക്കുറിച്ചുതന്നെ നല്ല പ്രകൃതത്തോടെ ചിരിക്കുന്നത് മിക്കപ്പോഴും വിഷമം നീക്കുന്നു.
ആദ്യ നടപടി സ്വീകരിക്കുക: ഫെയിത്ത് എന്നു പേരുള്ള ഒരു യുവാവ് അങ്ങനെയാണ് നിർദ്ദേശിക്കുന്നത്. നിങ്ങൾക്ക് ആരുടെയെങ്കിലും മുമ്പാകെ ബുദ്ധിമുട്ടു തോന്നിയെങ്കിൽ സ്വാഭാവികമായി വീണ്ടും ആ ആളിന്റെ സാന്നിദ്ധ്യത്തിൽ നിങ്ങൾക്കു പ്രയാസമനുഭവപ്പെട്ടേക്കാം. എന്നാൽ നിങ്ങൾതന്നെ ആദ്യ നടപടി സ്വീകരിച്ചുകൊണ്ട് എത്രയും വേഗം അയാളെ സമീപിക്കുക. (മത്തായി 5:23, 24 താരതമ്യം ചെയ്യുക.) “നിങ്ങൾ തുറന്ന് ഇടപെടുന്ന ആളും ഒരു ഫലിതം സഹിക്കാൻ കഴിയുന്ന ആളുമാണെന്ന് അയാൾ കാണുന്നുവെങ്കിൽ അയാൾക്ക് നിങ്ങളുടെ സാന്നിദ്ധ്യത്തിൽ സുഖം തോന്നും” എന്ന് ഫെയിത്ത് കണ്ടെത്തിയിരിക്കുന്നു.
നിങ്ങളെ മററള്ളവരോട് താരതമ്യപ്പെടുത്തരുത്: നിങ്ങളുടെ സമപ്രായക്കാർ പൊക്കമുള്ളവരായിരിക്കുമ്പോൾ പൊക്കക്കുറവുള്ളത്—അല്ലെങ്കിൽ മറിച്ചും—വിഷമം സൃഷ്ടിച്ചേക്കാം. എന്നാൽ “എല്ലാററിനും ഒരു നിയമിത സമയമുണ്ട്” എന്ന് ഓർക്കുക. (സഭാപ്രസംഗി 3:1) ശാരീരിക പക്വതയിൽ എത്തുന്നതിന് നിങ്ങൾക്കാവശ്യമായ സമയം അടുത്ത ആളിന്റേതിൽ നിന്ന് കേവലം വ്യത്യസ്തമായിരുന്നേക്കാം. അതു നിങ്ങളെ മറെറാരാളോട് താരതമ്യപ്പെടുത്തവേ നിങ്ങളുടെ ശാരീരിക വളർച്ചയെ വീക്ഷിക്കുന്നത് വ്യർത്ഥമാണ്, എന്തുകൊണ്ടെന്നാൽ ആ പ്രക്രിയ ത്വരിതപ്പെടുത്താനോ മന്ദീഭവിപ്പിക്കാനോ യാതൊന്നിനും കഴിയുകയില്ല. (ഗലാത്യർ 6:4 താരതമ്യപ്പെടുത്തുക.) കൂടാതെ നിങ്ങൾ ആഗ്രഹിക്കുന്നിടത്തോളം പൊക്കം വെക്കുമെന്നൊ ആദർശയോഗ്യമായ ശരീര പ്രകൃതിയോ രൂപമോ നിങ്ങൾക്കുണ്ടായിരിക്കുമെന്നൊ ഉറപ്പില്ല. അതുകൊണ്ട് നിങ്ങൾക്കു മാററം വരുത്താൻ കഴിയാത്തതു സംബന്ധിച്ച് എന്തിനു ചീറുന്നു? അല്ലെങ്കിൽ യേശു ചോദിച്ചതുപോലെ: “ഉത്ക്കണ്ഠപ്പെടുന്നതിനാൽ നിങ്ങളിൽ ആർക്ക് നിങ്ങളുടെ ആയുസ്സിനോട് ഒരു മുഴം കൂട്ടാൻ കഴിയും?” (മത്തായി 6:27) നിങ്ങളുടെ പ്രകൃതിയെ അംഗീകരിക്കുകയും ഒരു ആകർഷകമായ വ്യക്തിത്വം വളർത്തുകയും ചെയ്യാൻ ശ്രമിക്കുമ്പോൾ വളരെയധികം നേട്ടമുണ്ടാകുന്നു.
നിങ്ങളോടു പെരുമാറാനാഗ്രഹിക്കുന്നതുപോലെ മററള്ളവരോടു പെരുമാറുക: മററുള്ളവർ അവരെത്തന്നെ ബുദ്ധിമുട്ടിക്കുമ്പോൾ നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു? അവരെ പരിഹസിക്കുന്നതിലോ അവരുടെ അനിഷ്ടസംഭവത്തെ കൊട്ടിഘോഷിക്കുന്നതിലോ നിങ്ങൾ സന്തോഷിക്കുന്നുവെങ്കിൽ അതേ നാണയത്തിൽ തിരിച്ചുകിട്ടുമ്പോൾ പരാതിപ്പെടരുത്. “ആത്മാവിൽ വിശ്വസ്തനായവൻ ഒരു സംഗതി മൂടിവെക്കുന്നു” എന്ന് സദൃശവാക്യങ്ങൾ 11:13 പറയുന്നു. നിങ്ങൾ മററുള്ളവർക്കുവേണ്ടി ഇതു ചെയ്യുന്നുവെങ്കിൽ ഒരുപക്ഷേ നിങ്ങൾക്കുവേണ്ടി അതുതന്നെ ചെയ്യാൻ അവർ പ്രേരിതരാകും.—മത്തായി 7:12.
നിങ്ങളുടെ ബോധ്യങ്ങൾക്കുവേണ്ടി നിലകൊള്ളുക: നിങ്ങളുടെ വിശ്വാസം മററുള്ളവർക്കു പങ്കുവെക്കുന്നതിൽ ഒരിക്കലും വൈഷമ്യം തോന്നരുത്. മർക്കോസ് 8:38-ലെ യേശുവിന്റെ വാക്കുകൾ ഗൗരവമർഹിക്കുന്നു: “എന്നെക്കുറിച്ച് ആർ ലജ്ജിക്കുന്നുവോ . . . , അവനെക്കുറിച്ച് മനുഷ്യപുത്രനും ലജ്ജിക്കും.” ‘ക്രിസ്തുമൂലം മൂഢൻ’ ആയിരിക്കുന്നത് ഒരു പദവിയായി എണ്ണുക. (1 കൊരിന്ത്യർ 4:10) ഒരു യുവാവ് ഇങ്ങനെ പ്രസ്താവിച്ചു: “നിങ്ങൾ ബൈബിളിലെ സത്യങ്ങൾ എത്രത്തോളം നിങ്ങളുടെ സ്വന്തമാക്കുന്നുവോ അത്രത്തോളം അതു മററുള്ളവർക്കു പങ്കുവെക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു.
ചില സമയങ്ങളിൽ അവമാനിതരാക്കുന്ന സാഹചര്യങ്ങൾ ഉയർന്നുവരുന്നു. എന്നാൽ ഇതു സംഭവിക്കുമ്പോൾ എല്ലാം ശരിയായിത്തന്നെ നടക്കാൻ പ്രതീക്ഷിക്കാതെ അതിനെക്കുറിച്ച് വാസ്തവികവും സന്തുലിതവുമായ ഒരു വീക്ഷണം കൈക്കൊൾക. നിങ്ങളുടെ ഫലിതബോധം നിലനിർത്തുക. നിങ്ങളെത്തന്നെ വളരെ ഗൗരവപൂർവം വീക്ഷിക്കാതിരിക്കുക. നിങ്ങൾ ഈ ബുദ്ധിയുപദേശം ബാധകമാക്കുന്നെങ്കിൽ നിങ്ങളെ വിഷമിപ്പിക്കുന്ന ഒരു വീഴ്ച സംഭവിക്കുമ്പോൾ ചാടി എഴുന്നേൽക്കുന്നത് ഏറെ എളുപ്പമാണെന്ന് നിങ്ങൾ കണ്ടെത്തും. (g88 9/22)
[15-ാം പേജിലെ ചിത്രം]
വിഷമിച്ചുപോകുന്നത് ജീവിതത്തിന്റെ ഒരു അനിവാര്യ ഭാഗമാണ്
[16-ാം പേജിലെ ചിത്രം]
യുവാക്കൾ വ്യത്യസ്ത നിരക്കുകളിൽ ശാരീരികമായി പക്വത പ്രാപിക്കുന്നു