ഒരു ശുദ്ധമായ ഭൂമി—നമുക്ക് അത് ആവശ്യം
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
ലണ്ടനിലെ ടാക്സി ഡ്രൈവർമാർ തങ്ങളുടെ കാറുകൾ ശുദ്ധിയായി സൂക്ഷിക്കാൻ നിയമപരമായി ബാദ്ധ്യസ്ഥരാണെന്ന് നിങ്ങൾ അറിഞ്ഞിട്ടുണ്ടോ? ഇതിൽ വീഴ്ച വരുത്തിയാൽ അവർ നഗരത്തിലെ തെരുവുകളിൽ നിന്ന് ഒരു കാലഘട്ടത്തേക്കു നിരോധിക്കപ്പെട്ടേക്കാം. റോഡുകൾ മോശമായിരിക്കുമ്പോഴും മിക്ക സ്വകാര്യ കാറുകളും ദിവസങ്ങളോളം അഴുക്കായിരിക്കുമ്പോഴും ലണ്ടൻ ടാക്സി കാർ പൊടിപോലുമില്ലാതെ ശുചിയായിരിക്കും. തിളങ്ങുന്ന വാഹനം അതിന്റെ ഡ്രൈവറിലും അയാളുടെ യാത്രക്കാരിലും അഭിമാനവും ആഹ്ലാദവും ഉളവാക്കുന്നു.
അപ്രകാരം നമ്മുടെ ഭവനവും വസ്ത്രങ്ങളും നമ്മുടെ വസ്തുവകകളും ശുചിയായിരിക്കുമ്പോൾ അത് നമ്മിൽ ഐശ്വര്യത്തിന്റെ ഒരു അനുഭൂതി ഉളവാക്കുന്നു. സ്കൂളിൽ നിന്നു മടങ്ങിവന്ന് അഴുക്കു പുരണ്ട ചെരിപ്പുമായി വീട്ടിൽ കയറി കാർപ്പററിൽ ചെളിയാക്കുന്ന ബാലന് അമ്മയിൽ നിന്നു ശിക്ഷ കിട്ടിയതു തന്നെ!
യഥാർത്ഥത്തിൽ നല്ല ആരോഗ്യം വ്യക്തിപരമായ ശുചിത്വത്തിൽ വളരെയേറെ ആശ്രയിച്ചിരിക്കുന്നു. രോഗത്തിനു നിദാനമാകാവുന്ന അഴുക്ക് നീക്കം ചെയ്യാൻ നമ്മുടെ ശരീരത്തിനു ക്രമമായ ശ്രദ്ധയും ശുചിയാക്കലും അനിവാര്യമാണ്. നമ്മെത്തന്നെയും നമ്മുടെ അടുത്ത ചുററുപാടുകളും ശുചിയാക്കി സൂക്ഷിക്കാൻ നാം ഉപയോഗിക്കുന്ന ശുചീകരണ വസ്തുക്കളും ഡിററർജൻറുകളും പോളീഷ്, സോപ്പ്, ഷാമ്പു, അണുനാശിനികൾ എന്നിവയും വിൽക്കുന്ന വാണിജ്യ സ്ഥാപനങ്ങൾ വമ്പിച്ച ലാഭം ഉണ്ടാക്കുന്നു. തീർച്ചയായും മിക്കവാറും എല്ലാവരും ശുചിത്വത്തിന്റെ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവരാണ്. എന്നാൽ നിങ്ങൾ ഒരു നഗരത്തിൽ വസിക്കുന്നുവെങ്കിൽ കഥ മുഴുവൻ ഇങ്ങനെയല്ല എന്ന് നിങ്ങൾക്കറിയാം.
അപകടം—മലിനീകരണം
മലിനീകരണത്തെയും അഴുക്കായ പരിസരത്തെയുംകുറിച്ച് നഗരവാസികൾ ബോധവാൻമാരാണ്. നീക്കം ചെയ്യപ്പെടാത്ത ചവറുകൂനകൾ, തെരുവുകളിലെറിഞ്ഞിരിക്കുന്ന അവശിഷ്ടങ്ങൾ, പൊതുമന്ദിരങ്ങളിൻമേലുള്ള വൃത്തിഹീനമായ എഴുത്തുകൾ ഇവയെല്ലാം അവർ കാണുന്നു. അസംഖ്യം വാഹനങ്ങളിൽ നിന്നുള്ള ശ്വാസം മുട്ടിക്കുന്ന പുകയും ചില നഗരങ്ങൾക്ക് ഒരു ബാധയായിതീർന്നിരിക്കുന്ന തീക്ഷ്ണമായ പുകമഞ്ഞും നഗരവാസികളുടെ നാസാരന്ധ്രങ്ങൾ തുളച്ചു കയറുന്നു.
ഇക്കാരണത്താലാണ് നഗരങ്ങളിൽ വസിക്കുന്ന അനേകരും ചിലപ്പോഴൊക്കെ നാട്ടിൻപുറങ്ങളിൽ തങ്ങാൻ ശ്രമിക്കുന്നത്. ശ്വാസകോശങ്ങൾ ശുദ്ധമായ വായുകൊണ്ടു നിറക്കുന്നതും ഒരു കാട്ടരുവിയിൽ നിന്നു സ്ഫടികസമാനമായ ജലം കുടിക്കുന്നതും അവർക്കാസ്വാദ്യകരമാണ്. മററുള്ളവർ ബീച്ചിൽ പോയി മണലിൽ വിശ്രമിക്കുന്നതിനും കടലിൽ തണുത്ത ഒരു കുളി ആസ്വദിക്കുന്നതിനും ഇഷ്ടപ്പെടുന്നു.
എന്നാൽ ഒരു നിമിഷം നിൽക്കൂ! ചെളിയും മാലിന്യങ്ങളും അവിടെയും എത്തി. ‘അതെങ്ങനെ’ എന്ന് നിങ്ങൾ ചോദിക്കും. ‘അത് വളരെ തെളിഞ്ഞതല്ലേ?’ കൊള്ളാം, നമുക്ക് ആ “ശുദ്ധ” വായുവിനെയും “തെളിഞ്ഞ” വെള്ളത്തെയും അടുത്തൊന്നു വീക്ഷിക്കാം. (g90 5/8)