മലിനീകരണം അവസാനിക്കുമോ?
ഒരു ശുദ്ധമായ ഭൂമിയെക്കുറിച്ചുള്ള പ്രതീക്ഷ തീർച്ചയായും ആഹ്ലാദകരമാണ്. എന്നാൽ അത് യാഥാർത്ഥ്യമാകുമോ? കൊള്ളാം, ചില രാജ്യങ്ങൾ മലിനീകരണം സംബന്ധിച്ചു സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ കഠിനശ്രമം ചെയ്യുന്നു. വാഹനങ്ങളുടെ പുകയിലെ കറുത്തീയത്തിന്റെ അംശം നിയന്ത്രിക്കാൻ സ്വീകരിച്ച കർശന നടപടികളെ തുടർന്ന് വായുമലിനീകരണത്തിൽ കുറവ് അനുഭവപ്പെടുന്നതായി ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ചില പ്രദേശങ്ങളിൽ വ്യാവസായിക മലിനീകരണവും കുറഞ്ഞതായി തോന്നുന്നു. എന്നാൽ ഇതു കർശനനിയന്ത്രണങ്ങൾ കൊണ്ടല്ല. മറിച്ച് ലോകത്തിന്റെ സാമ്പത്തിക അവസ്ഥക്കനുസൃതമായി വ്യവസായം കാലാകാലം പുന:സംഘടിപ്പിക്കുന്നതിന്റെ ഫലമാണത്.
ഭൂമി—സ്വയം ശുദ്ധീകരിക്കുംവിധം സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നുവോ?
സ്വാഭാവിക ശുചീകരണ സംവിധാനങ്ങളും ഉണ്ട്. ഉദാഹരണത്തിന് പ്ലവസസ്യങ്ങൾ കടലിലെ പ്രമുഖ മലിന നിവാരണ ഉപാധിയാണെന്ന് ഫ്രാൻസിലെ നീസിലുള്ള മെഡിക്കൽ ഓഷ്യാനോഗ്രാഫി സെൻററിലെ ഡോ. ഓബെർട്ട് പറയുന്നു. ഈ സൂക്ഷ്മ ജീവികൾ അണുബാധയെ തടയുന്ന സ്വാഭാവിക ആൻറിബയോട്ടിക്കുകൾ നിർഗ്ഗമിപ്പിക്കുന്നു. നിർഭാഗ്യവശാൽ മലിനീകരണത്തിന്റെ വ്യാപ്തി ഈ സംവിധാനത്തെ പരാജയപ്പെടുത്താൻ പോന്നതാണ്. ഇററലിയിൽ വെനീസും സമീപത്തുള്ള അഡ്രിയാററിക്ക് കടലും കടൽപ്പോച്ചകൊണ്ടു നിറഞ്ഞിരിക്കുന്നു. അഡ്രിയാററിക്കിൽ വേനൽക്കാലത്ത് മലിനീകരണത്താൽ കടൽപ്പോച്ച വളർന്നുവരുന്നു. “മഞ്ഞ, തവിട്ട്, ചാര നിറങ്ങളിൽ ദുർഗ്ഗന്ധവും വഴുവഴുപ്പുമുള്ള ഈ കടൽച്ചൊറി നൂറുകണക്കിന് കിലോമീററർ തെക്കോട്ട് വ്യാപിക്കുന്നു.” (ദി ഗ്ലോബ് ആൻഡ് മെയിൽ, ടൊറന്റോ, കാനഡ) ഇതിനിടയാക്കുന്ന മുഖ്യഘടകം പോ നദിയിൽ നിന്നു മലിന വസ്തുക്കൾ ഒലിച്ചിറങ്ങുന്നതാണ്. അതിൽ “ഒന്നരക്കോടിയിലധികം ജനങ്ങളുടെ വിസർജ്ജ്യങ്ങളും ഇററലിയിലെ പ്രമുഖ വ്യവസായങ്ങളുടെ പാഴ്വസ്തുക്കളും . . . അരക്കോടിയിലധികം പന്നികളുടെ കാഷ്ഠവും ഉൾപ്പെടുന്നു.
മണ്ണിന്റെ മലിനീകരണത്തെക്കുറിച്ചെന്ത്? അനേകയിനം ബാക്ടീരിയ, ഫംഗൈ, അമീബ എന്നിവ മണ്ണിലുണ്ടെന്ന് ഒരു വലിയ രാസവ്യവസായശാല യു. എസ്. ഡിപ്പാർട്ടുമെൻറ് ഓഫ് എനർജിയുമായി സഹകരിച്ചു നടത്തിയ ഗവേഷണത്തിൽ വെളിപ്പെട്ടു. ചിലത് ഉപരിതലത്തിൽ നിന്ന് 850 അടി ആഴത്തിലാണ്. ഫ്ളോറിഡാ സ്റേറററ് യൂണിവേഴ്സിററിയിലെ ഡോ. ഡേവിഡ് ബാക്ക്വെൽ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ആഴത്തിലുള്ള ഈ സൂക്ഷ്മജീവികൾ സ്വാഭാവിക ഭൂഗർഭജലത്തെ ശുദ്ധീകരിക്കുന്നുണ്ടായിരിക്കാം.” അതേവിധം ഈ ഭൂഗർഭ സൂക്ഷ്മജീവികൾ “വ്യതിരിക്ത മാലിന്യങ്ങളെ തിന്നുതീർക്കുന്നതിന്” അവയെ പ്രേരിപ്പിക്കാൻ ജനിതക വിദഗ്ദ്ധൻമാർക്കു കഴിയുമെന്ന് ഡോ. ബാക്ക്വെൽ ആശിക്കുന്നു.
എന്നാൽ ഭൂമിയുടെ ഭൗതിക ദുഷിപ്പിനു ഒരു സത്വര അവസാനം ഉണ്ടാകുന്നതിന്റെ സൂചനകൾ ഒന്നും ഇപ്പോഴത്തെ സാഹചര്യം നൽകുന്നില്ലെന്നുള്ള വസ്തുനിഷ്ഠ നിഗമനത്തിൽ നാം എത്തേണ്ടിയിരിക്കുന്നു. എന്നാൽ മലിനീകരണത്തിന്റെ അവസാനം ആസന്നമാണെന്ന് നമുക്കുറപ്പിക്കാം. എന്തുകൊണ്ട്?
ധാർമ്മിക മലിനീകരണം നീക്കപ്പെടുന്നു
ഈ ഗ്രഹം മനുഷ്യകുലത്തിന് ഒരു യഥാർത്ഥ സംശുദ്ധഭവനമായിരിക്കുന്നതിന് അതിൽ അധിവസിക്കുന്നവർ ധാർമ്മികമായും ശാരീരികമായും ഒരു ശുദ്ധിയുള്ള ജനത ആയിരിക്കേണ്ടതുണ്ട്. മനുഷ്യർ തങ്ങളുടെ പ്രാഥമിക അഹംഭാവം ഇല്ലാതാക്കുകയും സഹമനുഷ്യരോടും ജന്തുജാലങ്ങളോടും പരിഗണന കാട്ടിക്കൊണ്ട് നിസ്വാർത്ഥ ഗുണങ്ങൾ വികസിപ്പിക്കുകയും ചെയ്യണം. ഇത് ചെയ്യപ്പെടുമോ?
ഇത് ചെയ്യപ്പെടാവുന്നതാണെന്ന് ദശകങ്ങളായി യഹോവയുടെ സാക്ഷികൾ മനസ്സിലാക്കിയിരിക്കുന്നു. വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കാനുള്ള ബൈബിളിന്റെ ശക്തിയെ അവർ അനുഭവിച്ചറിഞ്ഞിരിക്കുന്നു. ഈ ഗ്രന്ഥത്തിന്, പരിസരത്തിൻമേൽ സൽഫലങ്ങളോടെ ആളുകളിൽ വ്യതിയാനം വരുത്താൻ ശക്തിയുണ്ടെന്ന് അവർ മനസ്സിലാക്കിയിരിക്കുന്നു. ഉദാഹരണത്തിന് യഹോവയുടെ സാക്ഷികളുടെ വലിയ കൺവെൻഷനുകളിൽ പങ്കെടുക്കുന്ന ജനക്കൂട്ടത്തിന്റെ ശുദ്ധിയും ക്രമവും സ്റേറഡിയം അധികൃതരിൽ ആവേശമുളവാക്കുന്നു. ‘സാക്ഷികൾ പ്രവേശിച്ചപ്പോൾ സ്റേറഡിയം ആയിരുന്നതിനേക്കാൾ കൂടുതൽ വൃത്തിയായിരിക്കുന്നു അവർ സ്റേറഡിയം വിട്ടപ്പോൾ’ എന്ന് അധികാരികൾ അഭിപ്രായപ്പെടുന്നു.
പോർട്ടുഗലിലെ ലിസ്ബണിലുള്ള ഒരു സ്പോർട്ട്സ് കോംപ്ലക്സിലെ സ്ററാഫംഗം യഹോവയുടെ സാക്ഷികളിൽ ഒരാളോട് ഇങ്ങനെ പറഞ്ഞു: “നിങ്ങളെക്കുറിച്ച് ആളുകൾ എന്റെ അഭിപ്രായം ചോദിക്കുമ്പോൾ എനിക്കു കള്ളം പറയാൻ കഴിയില്ല. യഹോവയുടെ സാക്ഷികൾക്കു വളരെ നല്ല ശീലങ്ങൾ ഉണ്ടെന്ന് ഞാൻ അവരോട് പറയുന്നു, വൃത്തിയും ക്രമവും. . . . നിങ്ങൾ ഒന്നിൽ ചെളിപുരളാൻ ഇടയാക്കിയാൽ 99 എണ്ണം നിങ്ങൾ വൃത്തിയാക്കുന്നു!”
ശാരീരിക ശുചിത്വത്തിനുള്ള സാക്ഷികളുടെ നിർബന്ധം തങ്ങളുടെ ഉയർന്ന ധാർമ്മിക തത്വങ്ങൾ നിമിത്തമാണ്. എന്തു തത്വങ്ങൾ! ദൈവത്തിന്റെ രേഖപ്പെടുത്തപ്പെട്ട വചനമായ ബൈബിളിൽ കാണുന്ന തത്വങ്ങൾ. സദാചാര നിഷ്ഠയിൽ താൽപ്പര്യമില്ലാത്തവരെക്കുറിച്ച് ബൈബിൾ പറയുന്നത് ദൈവത്തിന്റെ വഴികൾ ‘അവരുടെ വഴികളിലും അവന്റെ വിചാരങ്ങൾ അവരുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു’ എന്നാണ്. (യെശയ്യാവ് 55:7-9) എന്നാൽ നമുക്ക് ദൈവത്തിന്റെ വഴികൾ പഠിക്കാം. എന്തെന്നാൽ ദൈവനിയമങ്ങൾ അനുസരിച്ച് ജീവിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് അവൻ അവ ലഭ്യമാക്കുന്നു. ഈ ദിവ്യവിദ്യാഭ്യാസം നമ്മുടെ ഭാവിക്കു ജീവൽ പ്രധാനമാണ്.
ദശലക്ഷക്കണക്കിനു സാക്ഷികൾ ഇന്ന് ഈ വിശുദ്ധ ധാർമ്മിക നിലവാരങ്ങളനുസരിച്ചു ജീവിക്കാൻ കഠിനശ്രമം ചെയ്യുന്നു. അവർക്ക് വലിയ പ്രയോജനങ്ങൾ ലഭിക്കുന്നു. എന്നാൽ വളരെപ്പേർക്ക് ഇത് സ്വന്തം ശീലങ്ങളിലും ജീവിത ശൈലിയിലും വലിയ മാററങ്ങൾ ആവശ്യമാക്കിത്തീർത്തു.
മയക്കുമരുന്നുകൾ, പ്രഹരങ്ങൾ, വിജയം
പതിമൂന്ന് അംഗങ്ങളുള്ള ഒരു കുടുംബത്തിലെ അംഗമായ മേരിയുടെ കാര്യം എടുക്കുക. ഇംഗ്ലണ്ടിലെ ഒരു നഗരത്തിൽ ധാരാളം കുററകൃത്യങ്ങൾ നടക്കുന്ന സ്ഥാനത്തായിരുന്നു അവളുടെ ഭവനം.
“എന്റെ കുടുംബം മുഠാളൻമാരെന്ന് പേരു കേട്ടിരുന്നു. മററുള്ളവരെപ്പോലെ ഞാനും അറിയപ്പെടുന്ന ഒരു കലഹക്കാരിയായിരുന്നു. 15-ാം വയസ്സിൽ എനിക്ക് ഒരു ഗർഭം അലസൽ സംഭവിച്ചു. രണ്ടു വർഷങ്ങൾക്കുശേഷം എനിക്കൊരു പെൺകുഞ്ഞു ജനിച്ചു. ഞാൻ ഒററക്ക് അവളെ പരിപാലിക്കേണ്ട അവസ്ഥയുണ്ടായി. എന്റെ ബോയ്ഫ്രണ്ട് ഒരു [ദുർഗുണ പരിഹാര] പാഠശാലയിലാക്കപ്പെട്ടു, അവൻ ഒളിച്ചോടി. ഞാൻ വീണ്ടും ഗർഭിണിയായി. ഈ ഗർഭം നശിപ്പിക്കാൻ ഞാൻ സകല വഴികളും നോക്കി. അവസാനം വിജയിച്ചുവെങ്കിലും എന്റെ ജീവൻ മിക്കവാറും നഷ്ടപ്പെടാറായിരുന്നു.
“എന്റെ ബോയ്ഫ്രണ്ട് മാരിഹ്വാന വലിക്കാൻ ആരംഭിച്ചു. ഞാൻ വീണ്ടും ഗർഭിണിയായിരുന്നുവെങ്കിലും അയാൾ എന്നോട് വളരെ ക്രൂരമായി പെരുമാറി. ഞാനും പുകവലിക്കുന്നതിലും പുകയില വിൽക്കുന്നതിലും ഏർപ്പെട്ടു. വേശ്യകൾ നിറഞ്ഞ ഒരു വീട്ടിലായിരുന്നു ഞാൻ അപ്പോൾ താമസം. ഞാൻ അവരുടെ കുട്ടികളെ പരിപാലിച്ചുകൊണ്ടിരുന്നു.
“എനിക്ക് മറെറാരുവനിൽ താത്പ്പര്യം തോന്നിയപ്പോൾ ഈ പുതിയ ബന്ധം അവസാനിപ്പിക്കുന്നതിനായി ആദ്യത്തെ ബോയ്ഫ്രണ്ട് രണ്ടാമത്തെവനെ കുത്തി, എട്ടു പ്രാവശ്യം. അതിന് അയാൾ വീണ്ടും അറസ്ററ് ചെയ്യപ്പെട്ടു. പിന്നീട് ജയിലിൽ നിന്ന് വിമോചിപ്പിക്കപ്പെടുകയും ഞങ്ങൾ വിവാഹിതരാകുകയും വൻതോതിൽ മയക്കുമരുന്നു വ്യാപാരം ഇരുവരും ചേർന്ന് നടത്തുകയും ചെയ്തു.”
യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെട്ട് അവരുമായി ബൈബിൾ പഠിച്ചശേഷം ഈ ചെറുപ്പക്കാരി ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. ക്രമേണ ഒരു മാററം സംഭവിച്ചു. മേരി വിശദമാക്കുന്നു:
“പുകവലിയും മയക്കുമരുന്നുപയോഗവും തെററായിരുന്നുവെന്നു ഞാൻ മനസ്സിലാക്കാൻ തുടങ്ങി. ഞാനിതെല്ലാം നിർത്തുകയാണെന്ന് എന്റെ ഭർത്താവിനോടു പറഞ്ഞപ്പോൾ മയക്കുമരുന്നുപയോഗം ഞാൻ പുനരാരംഭിക്കുന്നതിന് എന്നെ വിലോഭിപ്പിക്കുന്നതിനായി അയാൾ മാരിഹ്വാന സിഗരററിന്റെ പുക എന്റെ മുഖത്തേക്ക് ഊതുമായിരുന്നു. വീണ്ടും ഞാൻ ഗർഭവതിയായി. പെട്ടെന്ന് രാത്രിമുഴുവൻ എന്റെ ഭർത്താവ് വീട്ടിൽ നിന്ന് വിട്ടുനിൽക്കാൻ തുടങ്ങി.
“എട്ടുമാസങ്ങൾക്ക് ശേഷം അയാൾ സ്വന്തം സാധനങ്ങളെല്ലാം വീട്ടിൽ നിന്നെടുത്തു എന്നെ വിട്ടുപോയി. ഈ സാഹചര്യത്തെ നേരിടാൻ സഹായത്തിനായി ഞാൻ യഹോവയോടു പ്രാർത്ഥിച്ചു; അവൻ സഹായിക്കതന്നെ ചെയ്തു. അനന്തരം മൂന്നുമാസങ്ങൾക്കുശേഷം എന്റെ ഭർത്താവ് മടങ്ങി വന്നു. ശരിയായതു ചെയ്യാൻ ബലത്തിനായി ഞാൻ പ്രാർത്ഥിച്ചു. എന്റെ വിവാഹം വിജയിപ്പിക്കാൻ ഞാൻ വീണ്ടും ശ്രമം നടത്തി, എന്നാൽ ആറുമാസങ്ങൾക്കുള്ളിൽ കണ്ണുകൾക്കു ചുററും ഞാൻ 14 കുത്തിക്കെട്ടുകൾ സ്വീകരിച്ചു; എന്റെ ഭർത്താവ് ഉപദ്രവിച്ചതിന്റെ ഫലമായിരുന്നു അത്. മയക്കുമരുന്നുകളായിരുന്നു അയാളുടെ ഒന്നാമത്തെ പ്രേമഭാജനം. ആ പ്രദേശത്തിനു മുഴുവനുമായുള്ള മയക്കുമരുന്നു സംഭരണശാലയായിത്തീർന്നു ഞങ്ങളുടെ വീട്. അവിടെ നിറയെ അയാളുടെ ‘സുഹൃത്തുക്കൾ’ ആയിരുന്നു. അവരിൽ അധികവും അമിതമായി മയക്കുമരുന്നുപയോഗിക്കുന്നവർ ആയിരുന്നു.
“യഹോവയുടെ സഹായത്താൽ ഞാൻ ധൈര്യം സംഭരിച്ച് പുരുഷൻമാരെ നേരിട്ടു. മയക്കുമരുന്നു വലിക്കണമെങ്കിൽ പുറത്തുപോയി ചെയ്യണമെന്ന് ഞാൻ മര്യാദയായി അവരോട് ആവശ്യപ്പെട്ടു. എന്റെ ഭർത്താവ് അത് കേട്ടപ്പോൾ ക്രുദ്ധനായി എന്നെ അടുക്കളയിലേക്ക് വിളിച്ച് എന്റെ തല പിടിച്ച് ഭിത്തിയിൽ ഇടിക്കാൻ തുടങ്ങി. എനിക്ക് കുട്ടികളെക്കുറിച്ചുള്ള ചിന്ത മൂലമാണെന്നും ശുദ്ധവും ആരോഗ്യകരവുമായ ഒരു സാഹചര്യത്തിൽ വളരാൻ അവർക്കൊരവസരം കൊടുക്കാനുള്ള ആഗ്രഹം കൊണ്ടാണെന്നും ബദ്ധപ്പെട്ടുകൊണ്ട് ഞാൻ പറഞ്ഞു. എന്റെ ഭർത്താവ് സ്നേഹിതരുടെ അടുത്തേക്ക് പാഞ്ഞ് ചെന്നു. ഞാൻ പ്രാർത്ഥനാപൂർവ്വം കാത്തിരുന്നു. അയാൾ അടുക്കളയിലേക്കു തിരിച്ചു വന്നു. എന്നെ കൊല്ലാൻ തുടങ്ങുകയാണെന്ന് ഞാൻ കരുതി.
“എന്നാൽ അപ്പോൾ മുതൽ കാര്യങ്ങൾ വളരെ ശാന്തമാകാൻ തുടങ്ങി. ഞങ്ങൾ പിന്നീട് മാറി താമസിച്ചു. മയക്കുമരുന്നിനടിമകളായവർ ഞങ്ങളെ സന്ദർശിക്കാൻ വന്നപ്പോൾ അവർ മുമ്പത്തെപ്പോലെ ആക്രോശിക്കുകയോ അഴിഞ്ഞ ജീവിതത്തെക്കുറിച്ചു സംസാരിക്കുകയോ ചെയ്തില്ല. അവർ ഞങ്ങളെ ബഹുമാനിക്കുന്നതായി തോന്നി.”
ശുദ്ധമായ സദാചാരത്തിനും മലിനമല്ലാത്ത ജീവിതത്തിനുമായുള്ള മേരിയുടെ നിലപാട് അവളുടെ ഭർത്താവിന്റെ ഹൃദയത്തെ സ്പർശിച്ചു. അയാളും ക്രമേണ യഹോവയുടെ സാക്ഷികളുമായി ബൈബിൾ പഠിക്കാൻ തുടങ്ങി. മേരിയും ഭർത്താവും ഇപ്പോൾ സ്നാപനമേററ സാക്ഷികളാണ്. ബൈബിൾ പരിജ്ഞാനത്തിന്റെ സഹായത്താൽ ജീവിതം ശുദ്ധമാക്കാൻ മററുള്ളവരെ സഹായിക്കുന്നതിൽ അവർ തിരക്കോടെ ഏർപ്പെട്ടിരിക്കുന്നു. മേരി പറയുന്നു:
“എന്റെ ഭർത്താവ് പ്രാർത്ഥിക്കുകയും യഹോവയോടുള്ള സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നത് ഞാൻ കേൾക്കുമ്പോൾ എന്റെ ഹൃദയം എത്ര സന്തോഷിക്കുന്നു! അദ്ദേഹത്തിന്റെ ഭാവ വ്യത്യാസം മുൻ സുഹൃത്തുക്കളെ അമ്പരപ്പിക്കുന്നു. ഇപ്പോൾ ഞങ്ങളുടെ കുടുംബം സത്യമായും കെട്ടുറപ്പുള്ളതാണ്. എനിക്ക് മുമ്പൊരിക്കലും ഇത്ര സന്തോഷം തോന്നിയിട്ടില്ല. ഈ മലീമസമായ വ്യവസ്ഥിതിയിൽ നിന്ന് ഞങ്ങളെ പുറത്തുകൊണ്ടുവന്നതിന് യഹോവയോട് നന്ദിപറയുന്നത് ഞാൻ ഒരിക്കലും അവസാനിപ്പിക്കയില്ല.”
ധാർമ്മിക മലിനീകരണത്തെ നേരിടുന്നതിൽ ഇതുപോലുള്ള വിജയങ്ങൾ ദൈവവചനത്തിന്റെ ശക്തി തെളിയിക്കുന്നു. കൂടാതെ എല്ലാവിധ മലിനീകരണത്തിനും പെട്ടെന്ന് ഒരവസാനം വരുത്തുമെന്നുള്ള പ്രത്യാശയിലേക്ക് അത് വിരൽ ചൂണ്ടുന്നു. അതേക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?
ഒരു ശുദ്ധമായ ഭൂമി—സുനിശ്ചിതം
ഇപ്പോഴത്തെ വ്യവസ്ഥിതിയുടെ “അന്ത്യ ദിനങ്ങളി”ലാണ് നാം ജീവിക്കുന്നതെന്ന് ബൈബിളിന്റെ ഒരു സൂക്ഷ്മപഠനം വെളിപ്പെടുത്തും. (2 തിമൊഥെയോസ് 3:1-5) പരിത:സ്ഥിതിയുടെ അവസ്ഥ ഇക്കാര്യം തെളിയിക്കുന്ന ഒരു ഘടകം മാത്രമാണ്. ഒരു ശുദ്ധ ഭൂമിയെക്കുറിച്ചുള്ള നമ്മുടെ പ്രത്യാശയോടുള്ള ബന്ധത്തിൽ ഇത് എന്തർത്ഥമാക്കുന്നു?
അതിന്റെയർത്ഥം മമനുഷ്യന്റെ കാര്യങ്ങളിൽ ദൈവം പെട്ടെന്ന് ഇടപെടാൻ പോകയാണെന്നാണ്. നമ്മുടെ ഗ്രഹത്തിൽ നിന്നും സകല ധാർമ്മിക ഭൗതിക അശുദ്ധികളും നീക്കാൻ അവൻ ശക്തമായി പ്രവർത്തിക്കും. “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കു”മെന്ന് വെളിപ്പാടു പുസ്തകത്തിൽ ദൈവം വാക്കു തരുന്നു.—വെളിപ്പാട് 11:18.
യഥാർത്ഥത്തിൽ ദൈവത്തിനു മാത്രമെ മലിനമല്ലാത്ത ഒരു ശുദ്ധഭൂമി കൈവരുത്താൻ കഴിയുകയുള്ളു. അവൻ അതുതന്നെ ചെയ്യാനുദ്ദേശിക്കുന്നുവെന്നറിയുന്നത് പുളകപ്രദമാണ്. ദൈവം സമീപഭാവിയിൽ പ്രവർത്തിക്കുമ്പോൾ അവൻ തന്നെ പ്രസ്താവിക്കുന്നതുപോലെയായിരിക്കും: “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു.” (വെളിപ്പാട് 21:5) അപ്പോൾ ആത്യന്തികമായി, നമ്മുടെ ഗ്രഹം നിത്യമായി അതിന്റെ സമൃദ്ധി ആസ്വദിക്കുന്ന ശുദ്ധിയും നീതിയുമുള്ള ഒരു ജനസമൂഹത്തിന്റെ സുന്ദരഭവനമായിരിക്കും. (g90 5/8)