ആ തുമ്മലിനെ തടയുകയോ?
ചില സമയങ്ങളിൽ നമ്മളെല്ലാം ഒരു തുമ്മലിനെ തടയാൻ അത്യന്തം ആഗ്രഹിക്കുന്നു. ഒരുപക്ഷേ അത് നമ്മുടെ വിവാഹവേളയിലായിരിക്കും, നമ്മൾ പ്രതിജ്ഞചെയ്യാൻ ഒരുങ്ങി നിൽക്കുമ്പോൾ. അല്ലെങ്കിൽ അത് ഒരു മീററിംഗ്സമയത്തോ മറെറാരു ഗൗരവമുള്ള സന്ദർഭത്തിലൊ ആയിരിക്കാം, ഒരു ശവസംസ്കാരവേളിയിൽപോലും.
തീർച്ചയായും, ഒരു ഹൃദ്യമായ തുമ്മൽ അത്യന്തം ആസ്വാദ്യമായി തോന്നുന്ന അനേകം സമയങ്ങളുണ്ട്, അപ്പോൾ വിശ്രമത്തോടുകൂടിയ ഒരു ക്ഷേമബോധം അനുഭവപ്പെടുന്നു. എന്നാൽ മിക്കപ്പോഴും പ്രശ്നം, ആവശ്യമില്ലാത്ത ഒരു തുമ്മലിനെ എങ്ങനെ കൈകാര്യംചെയ്യണമെന്നതാണ്.
എല്ലാ തുമ്മലുകളും ഒരുപോലെയല്ല. ഒരു സന്തോഷകരമായ ശബ്ദം എന്നു വിളിക്കാവുന്നതും വിദൂരത്തിൽ കേൾക്കാൻകഴിയുന്നതുമായ വളരെ ഉച്ചത്തിലുള്ളതുമായ തുമ്മലാണ് ചിലർക്കുള്ളത്. മററുചിലർക്ക് കൂടുതൽ മൃദുലമായ തുമ്മലാണുള്ളത്. ഇനി ആവർത്തിച്ചുള്ള തുമ്മലുണ്ട്: മൂന്നോ നാലോ അഞ്ചോ കൂടുതൽപോലുമോ തുമ്മലുകൾ ഒരേ നിരയിൽ. വളരെ അപൂർവം കേസുകളിൽ വ്യക്തികൾ ഉണർന്നിരിക്കുമ്പോൾ ചുരുക്കംചില സെക്കണ്ടുകൾക്കോ മിററിററുകൾക്കോ ഉള്ളിൽ മണിക്കൂറുകളോ ദിവസങ്ങളോ വാരങ്ങളോ മാസങ്ങൾപോലുമോ നീണ്ടുനിൽക്കുന്ന നിരന്തരതുമ്മൽ വളർത്തിയെടുത്തിട്ടുണ്ട്.
തുമ്മലിന്റെ കാരണങ്ങൾ
എല്ലാവരും ചിലപ്പോൾ തുമ്മുന്നുവെന്ന് തോന്നുന്നു—പ്രായമുള്ളവരും ചെറുപ്പക്കാരും മുതിർന്നവരും ശിശുക്കളും. മൃഗങ്ങൾപോലും തുമ്മുന്നതായി അറിയപ്പെടുന്നു. മിക്കപ്പോഴും നാസികഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന (പൊടിയോ പരാഗമോ പോലെയുള്ള) ഒരു അന്യവസ്തുവാണ് കാരണം. എന്നാൽ നമ്മുടെ വികാരങ്ങൾക്കും തുമ്മലിന്റെ ഒരു മൂർച്ഛ വരുത്തിക്കൂട്ടാൻ കഴിയും. ഉജ്ജ്വലമായ സൂര്യപ്രകാശംപോലും തുമ്മലിനിടയാക്കാൻ മതിയായതാണെന്ന് നമ്മിൽ ചിലർ കണ്ടെത്തിയേക്കാം. ഇതിനു കാരണം നേത്രനാഡികൾ മൂക്കിലെ നാഡിത്തലപ്പുകളോട് അടുത്തു ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നതാണ്.
സംവേദനമുള്ള നാഡിത്തലപ്പുകൾ തലച്ചോറിലേക്ക് ഒരു സന്ദേശമയച്ചുകൊണ്ട് പ്രകോപനമുളവാക്കുന്ന ഒരു വസ്തുവിന്റെ സാന്നിദ്ധ്യത്തോട് പ്രതികരിക്കുന്നു. അപ്പോൾ അത് ആവശ്യമില്ലാത്ത വസ്തുവിനെ നീക്കംചെയ്യാൻ സഹായിക്കുന്നതിന് ഒരു ജലീയ ദ്രാവകം പ്രദാനംചെയ്യാൻ മൂക്കിനെ ഉദ്ബോധിപ്പിക്കുന്നു. തലച്ചോർ ശ്വാസകോശം നിറയെ വായു അകത്തേക്കു വലിക്കുന്നതിന് ശ്വാസകോശത്തിനും പിന്നീട് വായൂനാളിയെ അടക്കുന്നതിനും വായു പുറത്തുപോകാതെ തടയുന്നതിനും സ്വനതന്തുക്കൾക്കും കൂടെ സന്ദേശങ്ങൾ കൊടുക്കുന്നു. നെഞ്ചിന്റെ ഭിത്തിയുടെയും ഉദരത്തിന്റെയും മാംസപേശികൾ മുറുകാനും അങ്ങനെ ശ്വാസകോശങ്ങളിലെ വായുവിനെ ഒതുക്കാനും അവയോടു പറയപ്പെടുന്നു. ഒടുവിൽ സ്വനതന്തുക്കളോട് അയയാൻ ആജ്ഞാപിക്കപ്പെടുന്നു, ഒതുങ്ങിയ വായു സത്വരം ബഹിഷ്ക്കരിക്കപ്പെടുന്നു, സാധാരണയായി ആവശ്യമില്ലാത്ത പ്രകോപനവസ്തുവിനെ ജലീയദ്രാവകത്തോടുകൂടെ പുറത്തുതള്ളിക്കൊണ്ടുതന്നെ. ഇതെല്ലാം ബോധപൂർവകമായ ശ്രമം കൂടാതെയും അതിനെക്കുറിച്ച് വായിക്കാൻ എടുക്കുന്ന സമയത്തെക്കാൾ വളരെ പെട്ടെന്നും നടക്കുന്നു.
മിക്കകേസുകളിലും, നിരന്തരമായ തുമ്മൽ വൈക്കോൽപനി എന്നു വിളിക്കപ്പെടുന്ന ഒരു സാധാരണ അലർജിയുടെ ഒരു ലക്ഷണമാണ്. സസ്യപരാഗം പ്രകോപനം സൃഷ്ടിക്കുന്നു. വൈക്കോൽപനി എന്ന പേർ വൈക്കോലോ പുതുതായി വെട്ടിയ പുല്ലോ ആണ് കുററപ്പുള്ളിയെന്ന് സൂചിപ്പിച്ചാലും എല്ലായ്പ്പോഴും വാസ്തവമിതായിരിക്കയില്ല. തുമ്മലുള്ളവർ നിരവധി വ്യത്യസ്ത പരാഗങ്ങളോടോ അല്ലെങ്കിൽ ഒററ ഒന്നിനോടോ അലർജി ഉള്ളവരായിരുന്നേക്കാം. അതുകൊണ്ട് വൈക്കോൽപനിക്കാർ ശക്തമായ ഉഷ്ണക്കാററടിക്കുന്ന ഋതുക്കളെ ഭയപ്പെടുന്നതെന്തുകൊണ്ടെന്ന് മനസ്സിലാക്കുക എളുപ്പമാണ്. നാസാരന്ധ്രങ്ങൾ പ്രകോപിതമാകുകയും തുടർച്ചയായ തുമ്മൽ തുടങ്ങുകയുംചെയ്യുമ്പോൾ സാധാരണയായി പ്രകോപനത്തിനിടയാക്കാത്ത ഏററംചെറിയ പൊടികണംപോലും തുമ്മലിന്റെ മറെറാരു ബാധക്ക് തുടക്കമിടുന്നതായി തോന്നുന്നു.
മററുള്ളവരോടുള്ള പരിഗണന
ശക്തമായ ജലദോഷം നിമിത്തം മൂക്കടപ്പുണ്ടാകുമ്പോൾ തുമ്മലിന് രോഗിക്ക് കുറെ ആശ്വാസം കൈവരുത്താൻ കഴിയും. ഈ വിധത്തിൽ മൂക്കിട്ട മൂക്കിൽനിന്ന് നീക്കംചെയ്യപ്പെടുമ്പോൾ ശാസോച്ഛ്വാസം ഏറെ എളുപ്പമായിത്തീരുന്നു. എന്നാൽ ഒരു തുമ്മൽ മറയ്ക്കപ്പെടാത്തപ്പോൾ സമീപസ്ഥർ എങ്ങനെ ബാധിക്കപ്പെടുന്നു?
ഒരു ജലദോഷം പരക്കുന്ന എല്ലാ വഴികളെയും കുറിച്ച് ഡോക്ടർമാർക്ക് പൂർണ്ണമായി അറിയാമെന്ന് ഇപ്പോഴും അവർ അവകാശപ്പെടുന്നില്ല. എന്നാൽ തുമ്മലിലൂടെ വായുവിൽ വിതറപ്പെട്ട അണുക്കൾ ശ്വസിക്കുന്നതിനാൽ ഒരുവന് ജലദോഷം പിടിപെടാമെന്നുള്ളതാണ് ഒരു ശക്തമായ നിർദ്ദേശം. ചൂടുള്ള ഒരു ഇടുങ്ങിയ മുറിയിലോ പുതുവായു കുറവുള്ള തിരക്കുള്ള ഒരു തീവണ്ടിയിലോ ബസ്സിലോ ഇത് വിശേഷാൽ സാദ്ധ്യമാണ്. ഇൻഫ്ളുവൻസാ, അഞ്ചാംപനി, മുണ്ടിനീര്, ന്യുമോണിയാ, ക്ഷയം, വില്ലൻചുമ എന്നിവ ഉൾപ്പെടെയുള്ള മററു രോഗങ്ങൾ തുമ്മലിനാൽ പരക്കുന്നതായി വിശ്വസിക്കപ്പെടുന്നു.
തുമ്മലിന്റെ ബഹിഷ്ക്കരണ നിരക്കുസംബന്ധിച്ച കുറെ ഗവേഷണം അണുക്കളടങ്ങിയ ദ്രാവകത്തുള്ളികൾ മണിക്കൂറിൽ 100 മൈൽ വേഗത്തിൽ മൂക്കിൽനിന്നും വായിൽനിന്നും പുറന്തള്ളപ്പെടുന്നുവെന്നും അവക്ക് 12 അടിയോളം അകലെയുള്ള പ്രതലങ്ങളിൽ പററിപ്പിടിക്കാൻകഴിയുമെന്നും വെളിപ്പെടുത്തുന്നു. മററു തുള്ളികൾ കുറേ സമയത്തേക്ക് വായുവിൽ തങ്ങിനിൽക്കുന്നു, അവ നിർദ്ദോഷികളായി കടന്നുപോകുന്നവർ അകത്തേക്ക് വലിച്ചുകയററുകയും ചെയ്യുന്നു.
ഒരു തുമ്മലിനെ നിരോധിക്കാൻ കഴിയുമോ?
പരീക്ഷിക്കപ്പെട്ട അനേകം രീതികൾക്ക് വ്യത്യസ്ത തോതിൽ വിജയംലഭിച്ചിട്ടുണ്ട്. മൂക്കിന്റെ തൊട്ടുകീഴിൽ മേൽചുണ്ടിൽ ഒരു വിരൽ ദൃഢമായി അമർത്തിക്കൊണ്ട് ഒരു തുമ്മലിന്റെ “ചീററലിനെ” നിർത്തിയതായോ ചുരുക്കിയതായോ ചിലർ അവകാശപ്പെടുന്നു. അവിടത്തെ കഠിനസമ്മർദ്ദം തുമ്മൽ പരിവൃത്തിയിൽ അഥവാ സംവിധാനത്തിൽ ഉൾപ്പെട്ടിരിക്കുന്ന നാഡികളിൽ ചിലതിനെ ഉപരോധിക്കുന്നതായി പറയപ്പെടുന്നു. മറെറാരു രീതി ഒരു തുമ്മൽ വരുന്നതായി തോന്നുന്ന ഉടനെ ഒരു തൂവാലയിലേക്ക് മൂക്കു ചീററുന്നതായിരിക്കാം.
നീണ്ടുനിൽക്കുന്ന തുമ്മലിന് അല്ലെങ്കിൽ സ്ഥായിയായ ആക്രമണത്തിന് അന്തഃശ്വസന ഔഷധം ചിലപ്പോൾ ആശ്വാസംനൽകുന്നു, ഔഷധം ചൂടുനീരാവിയാണെങ്കിൽപോലും. അനേകം വൈക്കോൽപനിക്കാർക്ക് ആവി നിറഞ്ഞ ഒരു മുറിയിൽ ചൂടുവെള്ളത്തിൽ കുളിക്കുന്നതുകൊണ്ട് താത്ക്കാലികമായ ആശ്വാസം കിട്ടുന്നതെന്തുകൊണ്ടെന്ന് ഇതു വിശദമാക്കിയേക്കാം.
വിവിധ സങ്കേതങ്ങളും രീതികളും പല വർഷങ്ങളിലായി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്, ചിലത് ന്യായയുക്തവും മററുചിലതു വിമൂഢവും. മൂക്കിന്റെ അകവശത്ത് അനസ്തററിക്ക് ക്രീമുകൾ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്, കുറച്ചു വിജയം കിട്ടിയിട്ടുമുണ്ട്. മററു ചിലതിൽ ശമനൗഷധങ്ങളും ഇൻജെക്ഷനുകളും തുള്ളിമരുന്നുകളും ഗുളികകളും കഷായങ്ങളും സൈക്കോത്തെറപ്പിയും നാസിക ശ്ലേഷ്മാവരണങ്ങളുടെ പൊള്ളിക്കലും ഉള്ളിയോ മുള്ളങ്കിയോ മണപ്പിക്കലും ഉൾപ്പെടുന്നു. കൂടുതൽ വിമൂഢമായ നിർദ്ദേശങ്ങളിൽ മൂക്കിൽ ഒരു തുണിപ്പിൻ ഇടുന്നതുമുതൽ തലകുത്തിനിൽക്കുന്നതും അക്ഷരമാല പിറകോട്ട് ചൊല്ലുന്നതും അല്ലെങ്കിൽ മുഖത്ത് കൊഴുപ്പ് പുരട്ടുന്നതുംവരെ ഉൾപ്പെടുന്നു.
ജാഗ്രതയുടെ ഒരു കുറിപ്പ്: ഒരു തുമ്മലിനെ നിരോധിക്കുന്നത് അല്ലെങ്കിൽ പിന്തിരിപ്പിക്കുന്നത് എല്ലായ്പ്പോഴും നല്ല സംഗതിയല്ല. ഹൃദ്യമായ ഒരു തുമ്മലിനെ ബലമായി തടയുന്നത് മൂക്കിൽ രക്തമൊഴുകുന്നതിനിടയാക്കുന്നതായി അറിയപ്പെടുന്നു, അത് ഹാനികരമായ ബാക്ററീറിയാകളെ സൈനസിലേക്ക് എത്തിക്കുകയും ചെയ്തേക്കാം, അതിന് രോഗാണുബാധ പരക്കാനിടയാക്കാൻ കഴിയും. അപൂർവം സന്ദർഭങ്ങളിൽ മൂക്കിനകത്തെയും പരിസരങ്ങളിലെയും അസ്ഥികൾ പൊട്ടിയിട്ടുണ്ട്. മദ്ധ്യകർണ്ണത്തിലെ ഒരു അസ്ഥിയുടെ സ്ഥാനംതെററുകയും ചെയ്തിട്ടുണ്ട്.
“നിങ്ങളെ അനുഗ്രഹിക്കട്ടെ!”
തുമ്മുന്നയാളിനോട് അടുത്തുനിൽക്കുന്നവർ “നിങ്ങളെ അനുഗ്രഹിക്കട്ടെ” എന്നു പറയുന്നത് ഒരു ആചാരമാണ്. അങ്ങനെയുള്ള ഒരു ആചാരം ഉത്ഭവിച്ചത് എവിടെയാണ്?
ആർ ബാഷ് രചിച്ച അത് എങ്ങനെ തുടങ്ങി? എന്ന പുസ്തകം പറയുന്നതനുസരിച്ച് ഒരു മനുഷ്യൻ തുമ്മുമ്പോൾ അയാൾ മരണത്തോട് ഏററവും അടുത്തിരിക്കുന്നുവെന്ന് ചില പുരാതന മനുഷ്യർ വിശ്വസിച്ചിരുന്നു. ബ്രാഷ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഈ ഭയം തെറെറങ്കിലും പരക്കെ പുലർത്തപ്പെട്ടിരുന്ന ഒരു ആശയത്തിലധിഷ്ഠിതമായിരുന്നു. മമനുഷ്യന്റെ ദേഹി ജീവന്റെ സത്താണെന്ന് പരിഗണിക്കപ്പെട്ടിരുന്നു. മരിച്ച മനുഷ്യർ ഒരിക്കലും ശ്വസിച്ചിരുന്നില്ലെന്നുള്ള വസ്തുത ദേഹി ശ്വാസമാണെന്നുള്ള തെററായ നിഗമനത്തിലേക്കു നയിച്ചു. . . . അതുകൊണ്ട് അതിപുരാതന നാളുകൾ മുതൽ ആളുകൾ ഒരു തുമ്മലിനോട് ഭയത്തോടെയും ദൈവം അയാളെ സഹായിക്കുകയും അനുഗ്രഹിക്കുകയും അയാളുടെ ജീവനെ സംരക്ഷിക്കുകയും ചെയ്യാനുള്ള ആത്മാർത്ഥമായ ആഗ്രഹത്തോടെയും പ്രതികരിക്കാൻ പഠിച്ചത് അതിശയകരമല്ല. എങ്ങനെയോ മദ്ധ്യയുഗങ്ങളിൽ ഈ ആചാരത്തിന്റെ മുൻകാല ഉത്ഭവം വിസ്മരിക്കപ്പെട്ടിരിക്കണം, എന്തുകൊണ്ടെന്നാൽ മഹാനായ ഗ്രിഗറി പാപ്പായിക്കാണ് തുമ്മുന്ന ഏതൊരളോടും ‘ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’എന്നുള്ള മൊഴി അവതരിപ്പിച്ചതിന്റെ ബഹുമതി കൊടുക്കപ്പെട്ടത്.”
ദയവായി നിങ്ങളുടെ തൂവാലയെക്കുറിച്ച് ഓർക്കുക
തുമ്മൽ കുററകരമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നുള്ള അറിവ് നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കാം. അതെ, നിയമലംഘികൾ ദുഷ്ടലക്ഷ്യങ്ങൾക്ക് തുമ്മലിനെ ഉപയോഗിക്കാൻ അല്ലെങ്കിൽ ദുർവിനിയോഗംചെയ്യാനുള്ള മാർഗ്ഗങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട്. ഏതാണ്ട് നൂറുവർഷം മുമ്പ് ഇംഗ്ലണ്ടിലെ ചില മോഷ്ടാക്കൾ തുമ്മൽ പതിയിരിപ്പുകാർ എന്ന് വിളിക്കപ്പെടാനിടയായി. അവർ ഒരു അപരിചിതന്റെ മുഖത്തേക്ക് മൂക്കിപ്പൊടി വിതറും. പിന്നീട് അയാളുടെ ശ്രദ്ധ തെററുകയും ഉഗ്രമായ തുമ്മലിനാൽ പീഡിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ മോഷ്ടാക്കൾ അയാളുടെ വിലപിടിച്ച വസ്തുക്കൾ അപഹരിക്കും.
മൂക്കിപ്പൊടി നിറഞ്ഞ ഒരു മുഖത്താൽ നമ്മിൽ മിക്കവരും ഒരിക്കലും തുമ്മാൻ പ്രേരിപ്പിക്കപ്പെടുകയില്ല. എന്നാൽ പെട്ടെന്നുള്ള ഒരു തുമ്മലിനാലോ ദീർഘിച്ച തുമ്മലിന്റെ ആക്രമണത്താലോ പിടികൂടപ്പെട്ടാലും ചിന്തയുള്ള ഒരു വ്യക്തി തന്റെ മൂക്കും വായും മൂടുന്നതിന് ഒരു തൂവാലയോ ബലമുള്ള ററിഷ്യൂപേപ്പറോ എപ്പോഴും ഉപയോഗിക്കും. ഇത് നല്ല ശീലങ്ങളുടെ ഒരു പ്രകടനമാണെന്നുമാത്രമല്ല, അത് അർത്ഥവത്തായ ഒരു മുൻകരുതൽകൂടെയാണ്. അത്അണുബാധിതമായ തുള്ളികൾ വായുവിൽ വിതറുന്നതിനും ശങ്കയില്ലാത്ത അടുത്തയാൾ വന്ന് ശ്വസിക്കാനിടയാക്കുന്നതിനുമെതിരെ ജാഗ്രത പുലർത്താൻ സഹായിക്കുന്നു. അണുക്കൾ പരക്കുന്നതിനെ പരിമിതപ്പെടുത്താൻ നമ്മാലാവത് ചെയ്തുകൊണ്ട് രോഗത്തിൽനിന്ന് മററുള്ളവരെ സംരക്ഷിക്കാൻ നാം ശ്രമിക്കണമെന്നും അയൽസ്നേഹം ആജ്ഞാപിക്കും.
ഒരു തുമ്മലിനെ നിരോധിക്കുന്നത് ബുദ്ധിയല്ലായിരിക്കാം അല്ലെങ്കിൽ സാദ്ധ്യമല്ലായിരിക്കാം. എന്നാൽ ആ തുമ്മലിനെ തടയുന്നതിലുള്ള നിങ്ങളുടെ പരിഗണനയെ—നിങ്ങൾ ഒരു തൂവാല ഉപയോഗിക്കുന്നതും—മററുള്ളവർ എത്രയധികം വിലമതിക്കും! (g90 6⁄8)